news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ദൈവത്തിന്‍റെ ചിരി

കുപ്രസിദ്ധനായ നീറോ ചക്രവര്‍ത്തി ആദിമ ക്രൈസ്തവര്‍ക്കെതിരെ അഴിച്ചുവിട്ട കൊടിയ പീഡനത്തിനുശേഷമാണു ലൂക്കാ തന്‍റെ സുവിശേഷം എഴുതുന്നത്. ഈ പീഡനത്തിന്‍റെ ഓര്‍മ്മകള്‍ മുറിവുണങ്ങാതെ നിന്നതുകൊണ്ടാവണം വെളിപാടുപുസ്തകം റോമാസാമ്രാജ്യത്തെ വിളിക്കുന്നത് കടലില്‍നിന്നു പൊങ്ങിവന്ന ഭീകരസത്വ(13:1-3)മെന്നും മഹാവേശ്യ(17:1)യെന്നും രക്തദാഹി (17:6)യെന്നുമൊക്കെയാണ്. ലൂക്കായുടെ കാലം റോമാസാമ്രാജ്യത്തെ എങ്ങനെ കണ്ടിരിക്കാം എന്നതിന്‍റെ സൂചന ഇവ നമുക്കു നല്കുന്നുണ്ട്. ഈ ചരിത്രപശ്ചാത്തലം ഉള്ളില്‍വെച്ചുകൊണ്ട് ലൂക്കാ എഴുതിയ യേശുവിന്‍റെ ജനനവിവരണം വായിക്കുമ്പോള്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത കിട്ടുന്നുണ്ട്.

നസ്രത്തും റോമാസാമ്രാജ്യവും - രണ്ടു വിരുദ്ധ ധ്രുവങ്ങളായിരുന്നു അവ. ആദ്യത്തേത് പഴയനിയമത്തില്‍ പോലും ഒട്ടുമേ പരാമര്‍ശിക്കപ്പെടാതെ പോയ ഒരിടം. യേശുവിന്‍റെ കാലത്ത് അങ്ങേയറ്റം ഇരുനൂറ് ആളുകള്‍ മാത്രമായിരുന്നത്രേ അവിടെ വസിച്ചിരുന്നത്. രണ്ടാമത്തേത് വടക്കു റൈന്‍നദിയും തെക്കു നൈല്‍നദിയും പടിഞ്ഞാറ് സ്പെയിനും കിഴക്ക് യൂഫ്രട്ടീസ്നദിയും ചേര്‍ന്ന് അതിരുകള്‍ തീര്‍ത്ത വന്‍സാമ്രാജ്യം. അതിന്‍റെ അധിപന്‍ അഗസ്റ്റസ് സീസര്‍ ഒരു സെന്‍സസിന് ഉത്തരവിടുന്നു. തലയെണ്ണി നികുതി പിരിക്കണം; യുദ്ധങ്ങളും സാമ്രാജ്യത്വ സ്വപ്നങ്ങളും അങ്ങനെ തടം നനച്ചു വളര്‍ത്തണം -ഇവയൊക്കെയായിരുന്നു സെന്‍സസിനു പിന്നിലെ ഉദ്ദേശ്യങ്ങള്‍.

ഒരുവശത്ത് ചെറിയ വീടുകള്‍ മാത്രമുള്ള നസ്രത്ത് ഗ്രാമം; മറുവശത്ത് കൊളനേഡുകളും ആംഫിതിയേറ്ററുകളും നിറഞ്ഞ റോമാനഗരം. ഒരുവശത്ത് മറിയം, ജോസഫ് എന്നീ രണ്ടു ഗ്രാമീണര്‍; മറുവശത്ത് ദൈവപുത്രനായി ആരാധിക്കപ്പെട്ട സീസര്‍ മഹാരാജാവ്. പ്രത്യക്ഷത്തില്‍ ചരിത്രം തിരിക്കുന്നത് സീസറാണ്. പക്ഷേ പ്രത്യക്ഷമായതല്ല സത്യമെന്നു ലൂക്കാ സുന്ദരമായി സ്ഥാപിക്കുകയാണ്. റോമാ സാമ്രാജ്യവും അതിന്‍റെ ചക്രവര്‍ത്തിയും അയാളുടെ അനുചാരകവൃന്ദവും ഉദ്യോഗസ്ഥവൃന്ദവും എല്ലാം ചേര്‍ന്നു നടപ്പിലാക്കിയ ഒരു മഹാസംഭവമായിരുന്നല്ലോ സെന്‍സസ്. എന്നാല്‍, സത്യത്തില്‍ എന്തിനുവേണ്ടിയായിരുന്നു അതെല്ലാം സംഭവിച്ചത്? രക്ഷകന്‍റെ വരവിന് അരങ്ങൊരുക്കുക - അതിനുവേണ്ടി മാത്രമായിരുന്നു അതെല്ലാം. ലൂക്കാ പറയാതെ പറയുന്നത് അതാണ്: സീസറല്ല, ദൈവമാണു ചരിത്രത്തെ നിയന്ത്രിക്കുന്നത്. സീസര്‍ വിചാരിച്ചത് അയാളാണു ലോകം ഭരിക്കുന്നതെന്നാണ്. പക്ഷേ ആ പാവത്താന്‍ അറിയുന്നില്ല, രണ്ടു ഗ്രാമീണരെ ബെത്ലഹെമില്‍ എത്തിക്കാന്‍ സഹായിച്ച വെറുമൊരു സേവകന്‍ മാത്രമാണു താനെന്ന്. ദൈവത്തിന്‍റെ പൊട്ടിച്ചിരി കേട്ടിട്ടോ എന്തോ, ഇത്രയുമൊക്കെ കുറിച്ചുവച്ചിട്ട് ലൂക്കാ ഒരു ഗൂഢസ്മിതം തൂകിയിട്ടുണ്ടാകണം. സ്വര്‍ഗത്തിലിരിക്കുന്നവന്‍ രാജാക്കന്മാരെ നോക്കി പരിഹാസച്ചിരി മുഴക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ (2:4).

ദൈവത്തിന്‍റെ അട്ടിമറി

കണ്ണുകള്‍ക്കുള്ള സദ്യയൊരുക്കുന്നു മിക്ക പുല്‍ക്കൂടുകളും. തൂങ്ങിക്കിടക്കുന്ന മാലാഖ, ഉയര്‍ന്നുനില്ക്കുന്ന നക്ഷത്രം, തിളങ്ങുന്ന വര്‍ണ്ണനൂലുകള്‍... യേശുവിന്‍റെ പിറവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍തന്നെ മനസ്സില്‍ തെളിയുന്നത് പുല്‍ക്കൂടാണ്. എന്നാല്‍ ലൂക്കാ യേശുവിന്‍റെ ജനനത്തെക്കുറിച്ചു രണ്ടുവാക്യങ്ങളേ പറയുന്നുള്ളൂ (2: 6-7). ഉടനെ അദ്ദേഹം സ്പോട്ലൈറ്റ് ആട്ടിടയര്‍ ഉറങ്ങുന്നിടത്തേക്കു മാറ്റുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു പറയാന്‍ ഏഴു വാക്യങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. പുല്‍ക്കൂട്ടിലല്ല ലൂക്കായുടെ ശ്രദ്ധയെന്നു വ്യക്തം. അതിനോട് അനുബന്ധിച്ചുള്ള സന്ദേശമാണു പ്രധാനം.

രക്ഷകന്‍റെ ജനനത്തെക്കുറിച്ച് ആദ്യം കേട്ടത് ആട്ടിടയരായിരുന്നല്ലോ. യേശു പറഞ്ഞ നല്ലയിടയന്‍റെ ഉപമ ഉള്ളില്‍ തറഞ്ഞുപോയതുകൊണ്ട് നമ്മുടെ ധാരണ എല്ലാ ഇടയന്മാരും അങ്ങനെയായിരിക്കുമെന്നാണ്. യാഥാര്‍ത്ഥ്യം പക്ഷേ നേര്‍വിപരീതമാണ്. ജെറമിയയും (10:21; 22:22) എസെക്കിയലും (34:1-10) ഒക്കെ വളരെ മോശക്കാരായ ഇടയന്മാരെക്കുറിച്ചു പറയുന്നുണ്ട്. ഏറ്റവും വെറുക്കപ്പെട്ട തൊഴിലാളികളായ ചുങ്കക്കാര്‍, ക്ഷുരകന്മാര്‍, തുകല്‍പണിക്കാര്‍ എന്നിവരുടെ കൂട്ടത്തിലാണ് ഇടയന്മാരെ യഹൂദഗ്രന്ഥമായ മിഷ്നാ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃത്തിയില്ലായ്മയും കള്ളത്തരവും അവരുടെ പ്രധാന സവിശേഷതകളാണ്. തങ്ങളുടെ കൂട്ടത്തില്‍നിന്ന് ഒരാടു നഷ്ടപ്പെട്ടാല്‍, അപരന്‍റെ കൂട്ടത്തില്‍നിന്ന് ഒന്നിനെ അവര്‍ മോഷ്ടിച്ചിരുന്നത്രേ. അതുകൊണ്ട് അവരുടെ സാക്ഷ്യം കോടതിയില്‍ റബ്ബിമാര്‍ അംഗീകരിച്ചിരുന്നില്ലെന്ന് റയ്മണ്ട് ബ്രൗണ്‍ പറയുന്നു. വന്യമൃഗങ്ങളോടും മരുഭൂമിയോടും നിരന്തരപോരാട്ടത്തിലായിരുന്ന അവര്‍ വളരെ പരുക്കന്മാരായിരുന്നത്രേ. നാറുന്ന, സംസ്കാരമില്ലാത്ത, ഭക്തിയോ ജീവിതവിശുദ്ധിയോ ഇല്ലാത്ത ഈ ഇടയന്മാരുടെ അടുത്തേക്കാണു മാലാഖ സദ്വാര്‍ത്തയുമായി പോകുന്നത്. അവരുടെ മുകളിലാണ് കര്‍ത്താവിന്‍റെ മഹത്വം പ്രകാശിക്കുന്നത് (ലൂക്ക. 2:8).

അത്രനാളും ഊന്നല്‍ കൊടുത്തിരുന്നത് മാനസാന്തരത്തിനായിരുന്നു. "നിങ്ങള്‍ അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍" എന്ന് എസെക്കിയേല്‍ 18:31. "നിങ്ങള്‍ എന്‍റെ അടുക്കലേക്കു വരുവിന്‍; അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം" എന്ന് മലാക്കി 3:7. എന്നാല്‍ അതിക്രമങ്ങള്‍ ഉപേക്ഷിക്കാത്ത, ദൈവത്തിന്‍റെ സമീപത്തേക്കു ചെല്ലാത്ത ഇടയന്മാരുടെ അടുത്തേക്കു മാലാഖ അയയ്ക്കപ്പെടുകയാണ്. മാനസാന്തരമല്ല, സന്തോഷത്തിന്‍റെ സദ്വാര്‍ത്തയാണു മാലാഖ അവരെ അറിയിക്കുന്നത്. ഇതേ കാര്യം പിന്നീട് ക്രിസ്തുതന്നെ പറയുന്നുണ്ട്: "ദരിദ്രരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍, കാരണം നിങ്ങളുടേതാണു ദൈവരാജ്യം." അങ്ങനെ ക്രിസ്മസ് വിളംബരം ചെയ്യുന്നത് ദൈവത്തിന്‍റെ അട്ടിമറിയാണ്.  മുമ്പന്മാരെ പിമ്പന്മാരാക്കുകയും പിമ്പന്മാരെ മുമ്പന്മാരാക്കുകയും ചെയ്യുന്ന തലകീഴ്മേല്‍ മറിച്ചിലാണു ദൈവരാജ്യം.

ദൈവത്തിന്‍റെ വിലാപം

ക്രിസ്മസ് രാത്രിയില്‍തന്നെ യുദ്ധമുഖം തുറക്കപ്പെട്ടുവെന്നു മത്തായിയുടെ സുവിശേഷം. ഒരുവശത്ത് ഒരു കുഞ്ഞും അവന്‍റെ മാതാപിതാക്കളും കുറെ ജ്ഞാനികളും. മറുവശത്ത് ഹേറോദേസും പട്ടാളക്കാരും. ക്രിസ്മസിനെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിന്‍റെ സിംഹഭാഗവും പറയുന്നത് ഹേറോദേസിനെക്കുറിച്ചും അയാളുടെ പ്രതികരണത്തെക്കുറിച്ചുമാണ്. ആ പ്രതികരണത്തിന്‍റെ പ്രചണ്ഡതയില്‍ ദൈവവും ദൈവത്തിന്‍റെ കൂടെയുള്ള മനുഷ്യരും വല്ലാതെ ആടിയുലയുന്നുണ്ട്. കുറെ കുഞ്ഞുങ്ങളാണല്ലോ കൊല്ലപ്പെട്ടത്, രക്ഷകന്‍ രക്ഷപെട്ടല്ലോ എന്നായിരിക്കാം നമ്മുടെ ധാരണ. സത്യത്തില്‍ അതു രക്ഷപെടലായിരുന്നോ? ഈജിപ്തിലേക്ക് തിരുക്കുടുംബം പോയിയെന്നാണു മത്തായി പറയുന്നത്. ഈജിപ്ത് അറിയപ്പെട്ടത് 'ഇരുമ്പുചൂള'(നിയമാവര്‍ത്തനം 4:20)യെന്നാണ്. അത് അടിമത്തത്തിന്‍റെ, അലഞ്ഞുതിരിയലിന്‍റെ നാടാണ്. അപകടകരമായ ജീവിതത്തിലേക്ക് രക്ഷകനും കൂട്ടരും വലിച്ചെറിയപ്പെടുകയാണ്.

ക്രിസ്മസിനോട് അനുബന്ധിച്ചു നടന്ന കൂട്ടക്കുരുതിയില്‍ കേട്ടത് റാമായില്‍നിന്നുള്ള വിലാപമെന്ന് മത്തായി 2:18. അസ്സീറിയക്കാര്‍ ഇസ്രായേല്‍ തകര്‍ത്തുതരിപ്പണമാക്കിയപ്പോള്‍ റാമായില്‍ ഉയര്‍ന്ന വിലാപത്തെക്കുറിച്ച് ജറമിയ (31:15) പറയുന്നുണ്ട്. ക്രിസ്മസ് രാവിലുയര്‍ന്നത് ആ വിലാപത്തിന്‍റെ തനിയാവര്‍ത്തനമാണ്. ഭീഷണമായ തിന്മയുടെ മുമ്പില്‍നിന്ന് വ്യാഖ്യാനങ്ങളോ, ഉത്തരങ്ങളോ അല്ല രക്ഷകന്‍ നല്കുന്നത്. അതില്‍പ്പെട്ട് ആടിയുലയുമ്പോഴും അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണ് അവന്‍. ഈജിപ്തിലേക്കു പലായനം ചെയ്തവന്‍ ജീവിതത്തിലെ പരാജിതര്‍ക്ക് ഉത്തരങ്ങളല്ല നല്കുന്നത്, താന്‍ അവരുടെ കൂടെയുണ്ടെന്നുള്ള ആശ്വാസമാണ്.

മെറി ക്രിസ്മസ്

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. പക്ഷേ അതവിടെ നില്‍ക്കട്ടെ. നമുക്ക് അല്പം ആഘോഷിക്കേണ്ടതുണ്ട്. ഇപ്പോള്‍ കടകളില്‍ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അറവുശാലകളില്‍ പോത്തുകളും ആടുകളും എത്തിതുടങ്ങിയിട്ടുണ്ട്. ബോര്‍മകളില്‍ കേക്കുകള്‍ക്കുള്ള ഒരുക്കൂട്ടുകള്‍ നടക്കുന്നുണ്ടാകണം. വെറുതെ കിടന്ന് ഒരു ദിവസം മുഴുവന്‍ സിനിമ കാണാന്‍ ക്രിസ്മസിനോളം പറ്റിയ അവസരമുണ്ടോ? അതുകൊണ്ട് എല്ലാവര്‍ക്കും മെറി ക്രിസ്മസ്. 

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
Related Posts