news-details
എഡിറ്റോറിയൽ

"ഇന്നൊരു Surprise Exam ആണ് നിങ്ങള്‍ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നത്. Answer എഴുതാന്‍ എല്ലാവരും തയ്യാറായിക്കൊള്ളുക" പ്രൊഫസര്‍ വിദ്യാര്‍ത്ഥികളോടു പറഞ്ഞു.

പെട്ടെന്നുതന്നെ വിദ്യാര്‍ത്ഥികള്‍ പേപ്പറും പേനയുമൊക്കെയെടുത്ത്, പരീക്ഷയെഴുതാന്‍ തയ്യാറായി.

പ്രൊഫസര്‍ ഓരോരുത്തര്‍ക്കും ചോദ്യപേപ്പര്‍ കൊടുത്തു. അവര്‍ ആ പേപ്പര്‍ തിരിച്ചും മറിച്ചുമൊക്കെ നോക്കി. അതില്‍ ഒറ്റ ചോദ്യംപോലും പ്രിന്‍റു ചെയ്തിട്ടില്ല. പേപ്പറിന്‍റെ നടുഭാഗത്തായി ഒരു കറുത്ത കുത്ത് (Black fullstop) മാത്രം! അവര്‍ തെല്ലൊരു ആകാംക്ഷയോടും ആശ്ചര്യത്തോടും പ്രൊഫസറെ നോക്കി.

"ആ പേപ്പറില്‍ നിങ്ങള്‍ എന്താണോ കാണുന്നത്, അത് എഴുതുക" പ്രൊഫസര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഉത്തരമെഴുതി; ആ കറുത്ത കുത്ത് അവരുടെ മനസ്സിലുണര്‍ത്തിയ ചിന്തകളെക്കുറിച്ചും കുത്തിന്‍റെ ഭംഗിയെക്കുറിച്ചും അഭംഗിയെക്കുറിച്ചും. അതുമായി ബന്ധപ്പെടുത്തി നിരവധി കാര്യങ്ങള്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് വിവരിച്ചു.

പ്രൊഫസര്‍ ഓരോരുത്തരുടെയും ഉത്തരക്കടലാസുകള്‍ വായിച്ചു. എല്ലാ ഉത്തരവും കറുത്ത കുത്തുമായി ബന്ധപ്പെട്ടവ മാത്രം. പ്രതീക്ഷിച്ച ഉത്തരം ആരും എഴുതിയിട്ടില്ല.

അദ്ദേഹം അവരോടു പറഞ്ഞു:

"ഒരു ചെറിയ ചിന്ത നിങ്ങളുടെ മനസ്സില്‍ ഉണര്‍ത്താന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങനെയൊരു പ്രത്യേക പരീക്ഷ നടത്തിയത്. പക്ഷേ, ആരുടെയും ചിന്ത ആ വഴിക്ക് നീങ്ങിയില്ല. ആ പേപ്പറില്‍ പൊള്ളയായി(Blank)ക്കിടന്ന ഭാഗത്തേയ്ക്ക് നിങ്ങളുടെ ശ്രദ്ധ തിരിഞ്ഞില്ല. അതിനെക്കുറിച്ച് ആരും ഒന്നും എഴുതിയതുമില്ല. എല്ലാവരും കറുത്ത കുത്തിനു പിന്നാലെ പോയി. പലരുടെയും ദൈനംദിന ജീവിതത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. സന്തോഷിക്കാനും ചിരിക്കാനും സ്നേഹിക്കാനുമൊക്കെയുള്ള നിരവധി അവസരങ്ങള്‍ ജീവിതത്തിലുള്ളപ്പോഴും അവയൊന്നും കാണാതെ, ഈ കറുത്ത കുത്തിനു സമമായ ചില പ്രതിസന്ധികളുടെയും പ്രശ്നങ്ങളുടെയുമൊക്കെ പിന്നാലെ പോയി ജീവിതം കലുഷിതമാക്കുന്നവരുണ്ട്.  അവര്‍ക്ക് ജീവിതത്തിന്‍റെ ആസ്വാദ്യതയും അര്‍ത്ഥവും യാഥാര്‍ത്ഥ്യവുമൊക്കെ തിരിച്ചറിയാന്‍ സാധിക്കുന്നില്ല അല്ലെങ്കില്‍  അവരതിന് ശ്രമിക്കുന്നില്ല. നിസ്സാരപ്രശ്നങ്ങള്‍ക്ക് അനാവശ്യ ശ്രദ്ധ കൊടുക്കുന്നതുവഴി സ്വന്തം ജീവിതം തന്നെയാണ് അവര്‍ക്ക് കൈമോശം വരുന്നത്.

ഇത്തരത്തില്‍, ശ്രദ്ധ മാറിപ്പോയ അനേകം ജീവിതങ്ങളെ ചില ഓര്‍മ്മപ്പെടുത്തലുകളിലൂടെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കു കൊണ്ടുവരാന്‍ കൗണ്‍സലിംഗ് സഹായകമാകാറുണ്ട്. ഈ ചെറിയ കറുത്ത കുത്തുകള്‍ സ്വാഭാവികമാണെന്നും അതിലുമെത്രയോ അധികമായ അവസരങ്ങള്‍ കരുത്തേകാനും കരുതലേകാനുമായി അവയ്ക്കു ചുറ്റും മറഞ്ഞുകിടപ്പുണ്ടെന്നുമുള്ള തിരിച്ചറിവ് നല്‍കി ഇത്തരക്കാരുടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍  കൗണ്‍സലിംഗ് വേദിയാകാറുണ്ട്. ജീവിതയാത്രയില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പകച്ചുനില്‍ക്കുന്നവരെ ആവശ്യമായ അവബോധം കൊടുത്ത് ബലപ്പെടുത്തുകയെന്നത് ഏറെ സഹജീവി വാത്സല്യം (Helping others be help themselves)  പ്രകടിപ്പിക്കപ്പെടുന്ന അവസരമാണ്.

നമ്മള്‍ ഒരു യാത്ര പോകുകയാണെന്നു വിചാരിക്കുക. പല കാരണങ്ങള്‍കൊണ്ടും നമുക്ക് വഴി തെറ്റിയെന്നു വരാം. വഴിയില്‍ കണ്ടുമുട്ടുന്ന ആളോട് തീര്‍ച്ചയായും നമ്മള്‍, പോകേണ്ട വഴിയെക്കുറിച്ചു ചോദിക്കും. അപ്പോള്‍ അയാള്‍ പറയും, "വഴിയറിയാം. പക്ഷേ അങ്ങനെ പറഞ്ഞാല്‍ മാത്രം ശരിയാകില്ല. ഇത്തിരി വളവും തിരിവുമൊക്കെ കൂടുതലുണ്ട്. കുറച്ചുദൂരം ഞാനുംകൂടി ഒപ്പം വരാം. വിരോധമില്ലല്ലോ..." നമ്മള്‍ സന്തോഷത്തോടെ ആ വ്യക്തിയെ കൂട്ടത്തില്‍ കൂട്ടും. കുറെ ദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ അയാള്‍ പറയും, "ഇനി വഴി ഓക്കെയാണ്. എന്‍റെ സഹായം ആവശ്യമില്ല. ഈ വഴിയങ്ങുപോയാല്‍ ലക്ഷ്യത്തിലെത്തും." നമ്മള്‍ നന്ദി പറഞ്ഞ് യാത്ര തുടരുന്നു. ഈ ഒപ്പമായിരിക്കലാണ് കൗണ്‍സിലറും ചെയ്യുന്നത്. ജീവിതപ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെ മുന്നേറുമെന്ന് ആശങ്കപ്പെടുമ്പോള്‍, പ്രശ്നങ്ങളെ തരണംചെയ്ത് മുന്നേറുവാന്‍ കരുത്തുനേടുംവരെ നമ്മുടെ കൂടെയായിരുന്ന് (follow up) വഴിയൊരുക്കി, ഒടുവില്‍ ഓരത്തേയ്ക്കു മാറിനിന്ന് യാത്രയ്ക്കൊരുക്കുന്നവന്‍.

ചില ആളുകളെക്കുറിച്ച് കേട്ടറിവിന്‍റെ വെളിച്ചത്തില്‍ വളരെ മോശമായ ധാരണയായിരിക്കാം നമുക്കുള്ളത്. പക്ഷേ ഒരവസരത്തില്‍ ആ വ്യക്തിയെ അടുത്തറിയാനും മനസ്സിലാക്കാനും അവസരമുണ്ടായാല്‍ അയാളെ ഉള്‍ക്കൊള്ളാനും തെറ്റായ ധാരണ തിരുത്താനും സാധിക്കും. ഒരു വ്യക്തി തന്നെക്കുറിച്ചു തന്നെ തെറ്റിദ്ധാരണകളുമായി കഴിയുമ്പോള്‍  സ്വയം തിരിച്ചറിയാതെ ഈ അവസ്ഥ തന്നെ സൃഷ്ടിക്കപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിവുനേടാന്‍ (Self exploration) ഒരു കൗണ്‍സിലറുടെ ഇടപെടല്‍ ആവശ്യമാണ്. അദ്ദേഹത്തിന്‍റെ സഹായത്തോടെ പ്രശ്നപരിഹാരത്തിലേക്കും പുതിയൊരു സ്വഭാവരീതിയിലേക്കും (Behaviour modification) എത്താനുള്ള സാധ്യതയുണ്ട്.

ടെയ്ലര്‍ കോര്‍സ്വെലിന്‍റെ 'ദ ലിസണര്‍' എന്ന നോവലിലെ കഥാപാത്രമായ വാസ്തുശില്പി, ജോലിയില്‍നിന്ന് വിരമിച്ചശേഷം ഒരു ചെറുപട്ടണത്തില്‍ താമസമാക്കി. അദ്ദേഹം ആ പട്ടണത്തിന് ഒരു ഉപഹാരമെന്ന നിലയില്‍ ഒരു കെട്ടിടം പണിത്, അതില്‍ ഒരു കേള്‍വിക്കാരനെയും നിയോഗിച്ചു. പ്രവേശനകവാടത്തില്‍ The Man Who Listens എന്ന ബോര്‍ഡും വച്ചു. ജീവിതത്തിന്‍റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ തങ്ങളുടെ പ്രശ്നങ്ങളും ആവലാതികളുമൊക്കെ ഈ കേള്‍വിക്കാരനുമായി പങ്കുവയ്ക്കാനെത്തി. കര്‍ട്ടന് പിന്നിലിരിക്കുന്ന ആ കേള്‍വിക്കാരനോട് ഒറ്റയ്ക്ക് തങ്ങളുടെ ഏറ്റം സ്വകാര്യമായ കാര്യങ്ങളും മനസ്സിന്‍റെ ഭാരങ്ങളുമൊക്കെ പങ്കുവച്ചു. എല്ലാം കേള്‍ക്കാനൊരാളുണ്ടായല്ലോ എന്ന സമാധാനത്തോടെ തിരിച്ചുംപോയി.

സത്യത്തില്‍ കര്‍ട്ടനു പിന്നിലുണ്ടായിരുന്ന ദയാനിധിയായ ആ കേള്‍വിക്കാരന്‍ ഒരു വ്യക്തിയായിരുന്നില്ല, ഒരു ചിത്രം മാത്രമായിരുന്നു; ക്രിസ്തുവിന്‍റെ ചിത്രം. മുന്‍വിധികളില്ലാതെ സ്നേഹാര്‍ദ്രമായി കേള്‍ക്കാന്‍ തയ്യാറാകുന്നവര്‍ അപൂര്‍വ്വമാണ്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നുതന്നെയാണ് 'തന്നെ കേള്‍ക്കുന്ന' ഒരു ശ്രോതാവ്.

കൗണ്‍സിലര്‍ നല്ലയൊരു കേള്‍വിക്കാരനാകണം; പങ്കുവയ്ക്കാനെത്തുന്നവരുടെ പങ്കുവയ്ക്കലുകളെ അതേ തീവ്രതയോടെ, കരുണയോടെ, ശ്രദ്ധയോടെ, ഉള്‍ക്കൊണ്ട് കേള്‍ക്കുന്ന ഒരാള്‍.

മാനസികാരോഗ്യം പലരിലും കുറഞ്ഞുവരുന്നുവെന്ന് തെളിവാകുന്ന ഈ കാലത്ത് മാനസികരോഗപ്രശ്നങ്ങളെക്കുറിച്ചും അവയ്ക്ക് പരിഹാരം തേടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഫാ. സുബിന്‍, ഡോ. സ്വപ്ന, സാജന്‍ എന്നിവര്‍ ഈ ലക്കത്തില്‍ എഴുതിയ ലേഖനങ്ങള്‍ വായനക്കാര്‍ക്ക് ഏറെ പ്രചോദനമാകും. ജൂലൈ 28 ന് തിരുനാള്‍ ആഘോഷിക്കുന്ന അല്‍ഫോന്‍സാമ്മയെ, സുഗന്ധം ചൊരിയുന്ന നിശാഗന്ധിയായും കരുത്തുപകരുന്ന ജീവിതപാഠമായും ഫാ. ഷാജി സി എം ഐയും സി. മരിയ തെരേസ് എഫ് സി സി യും അവതരിപ്പിക്കുന്നു.

എല്ലാവര്‍ക്കും വി. അല്‍ഫോന്‍സയുടെ
തിരുനാള്‍ മംഗളങ്ങള്‍.  

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts