ഏശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ 28-ാമദ്ധ്യായത്തിലെ 23 മുതല്‍ 29 വരെയുള്ള വാക്യങ്ങളില്‍ മനുഷ്യജീവിതത്തില്‍ ദൈവം ഇടപെടുന്ന രീതികളെക്കുറിച്ച് പറയുന്നുണ്ട്. ഓരോ സ്ഥലത്തെ മണ്ണിനും അതിന്‍റേതായ പ്രത്യേകതയുണ്ട്. ഉപരിതലത്തിന്‍റെ കടുപ്പത്തിലും ആഴത്തിലേക്കിറങ്ങുമ്പോഴുള്ള ഘടനയിലും വ്യത്യാസമുണ്ട്. നല്ല കര്‍ഷകന്‍ അതറിഞ്ഞു കൃഷിചെയ്യുന്നു. നല്ല കൃഷിക്കാരന്‍ കരിംജീരകത്തെ വടികൊണ്ട് തല്ലും. ജീരകത്തെ കോല്‍കൊണ്ടു തട്ടിവീഴ്ത്തും. ധാന്യത്തിന് ചതവേല്‍ക്കാതെ അതിനെ ചവിട്ടിമെതിച്ച് എടുക്കും. അവയുടെമേല്‍ വണ്ടിചക്രത്തെയും കുതിരകളെയും കയിറ്റിയിറക്കില്ല. ഇതുപോലെ ഓരോ മനുഷ്യനെയും വീണ്ടെടുക്കാന്‍ ഓരോ വഴികള്‍ ദൈവം ഉപയോഗിക്കും.
ദൈവത്തിന്‍റെ കരുതലുകള്‍ പ്രകൃതിയിലും കാണാം. വലിയ വനത്തിനൊന്നും വേലികെട്ടിയിട്ടില്ല. എങ്കിലും വന്യമൃഗങ്ങള്‍ ഒരു പരിധിക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നു. മനുഷ്യന്‍ അടുത്തയിടയില്‍ മൃഗസ്വഭാവങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍ കാട്ടുമൃഗങ്ങള്‍ സ്വന്തം സ്വഭാവം കാണിച്ചുകൊണ്ടു നാട്ടിലിറങ്ങി. പേപ്പട്ടിയെപ്പോലെ മനുഷ്യന്‍ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ പേപ്പട്ടികള്‍ സ്വതന്ത്രമായി വിഹരിക്കാന്‍ തുടങ്ങി. ആനയുടെ അക്രമണവാസന കാണിച്ചപ്പോള്‍ കാട്ടാനകള്‍ കാടിറങ്ങി. കുറുക്കന്‍റെ തന്ത്രങ്ങള്‍ കാണിക്കുന്നതില്‍ മനുഷ്യന്‍ മത്സരിച്ചപ്പോള്‍ കുറുക്കന്മാര്‍ നമ്മുടെയിടയിലെത്തി. നിഗളവും തലക്കനവും നമുക്കിടയില്‍ വര്‍ദ്ധിച്ചപ്പോള്‍ മയിലുകള്‍ പീലിവിടര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രങ്ങളിലെത്തി. മനുഷ്യരുടെ പെരുമാറ്റശൈലികളില്‍ മാറ്റം വരുമ്പോള്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ പ്രകൃതിയിലൂടെ കടന്നുവരും. ചെറിയ ചെറിയ തെറ്റുകള്‍ വരുത്തുമ്പോള്‍ ദൈവം നമ്മുടെ ചെവിക്കു പിടിച്ചു നുള്ളും. ആ തല്ലും തലോടലും നമ്മുടെ വിശുദ്ധീകരണത്തിനുള്ള വഴികളാണ്. നമുക്കേറ്റം ആവശ്യമായ തിരുത്തലുകള്‍ നമ്മുടെ മനശ്ശക്തിക്കനുസൃതമായി ദൈവം ക്രമീകരിക്കും.
ഓരോ പ്രശ്നത്തിനും ദൈവം പരിഹാരം തരും. ഒരേ പ്രശ്നത്തിന് വ്യത്യസ്തമായ വിധത്തിലാണ് പരിഹാരം ലഭിക്കുക. പ്രവാചകന് ഒരിക്കല്‍ വിശന്നപ്പോള്‍ കാക്കയുടെ ചുണ്ടില്‍ അപ്പം കൊടുത്തയച്ചതും പിന്നീടൊരിക്കല്‍ വിശന്നപ്പോള്‍ ഒരു വിധവയുടെ പാത്രത്തില്‍ തീരാത്ത അളവില്‍ ഗോതമ്പുമാവ് നിറച്ചുകൊടുത്തു. വീണ്ടും വിശന്നപ്പോള്‍ ദൈവദൂതന്‍റെ ഇടപെടലുണ്ടായി. എല്ലാ ഇടപെടലുകളിലും ദൈവത്തിന്‍റെ അദൃശ്യമായ കരങ്ങളുണ്ടായിരുന്നു. ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ സഹനങ്ങള്‍ അനുവദിച്ചുകൊണ്ട് ദൈവം ഇടപെടും. ഓരോ സഹനത്തിന്‍റെയും പിന്നില്‍ ദൈവത്തിന് വ്യക്തമായ ലക്ഷ്യമുണ്ട്. ദൈവം നമ്മുടെ വീണ്ടെടുപ്പിനായി അനുവദിക്കുന്ന ശിക്ഷണങ്ങളുടെ ചില പ്രത്യേകതകള്‍ നമുക്കൊന്ന് ധ്യാനിക്കാം.
ഒന്നാമതായി, ദൈവമക്കളുടെ ജീവിതത്തില്‍ അനുവദിക്കുന്ന സഹനവഴികള്‍ക്ക് ഒരു കാലഘട്ടമുണ്ട്. ദൈവം പ്രതീക്ഷിക്കുന്ന കാലഘട്ടം പൂര്‍ത്തിയാകുമ്പോള്‍ നൊമ്പരങ്ങള്‍ അവസാനിക്കും. ചിലര്‍ക്കത് നീണ്ട കാലമാവാം. ചിലര്‍ക്ക് ചുരുങ്ങിയ കാലമാകാം. പാടങ്ങള്‍ ഉഴുതു മറിക്കുന്നവര്‍ നിത്യകാലം അതു തുടര്‍ന്നുകൊണ്ടിരിക്കില്ല. പനിയും തലവേദനയും നിത്യകാലത്തേക്കല്ല. ഒരു നിശ്ചിതസമയം കഴിയുമ്പോള്‍ അതവസാനിക്കും. ദൈവം നല്‍കുന്ന സഹനപരിശീലനങ്ങളും ഇപ്രകാരമാണ്. ഈജിപ്തിലെ 430 വര്‍ഷങ്ങളിലെ സഹനകാലഘട്ടത്തിനുശേഷം ഇസ്രായേല്‍ ജനത പുറത്തുവന്നു. പിന്നീടുള്ള 40 വര്‍ഷക്കാലത്തെ മരുഭൂമിയാത്രയിലൂടെ അവരുടെ മനസ്സിനെ രൂപപ്പെടുത്തി. അതിനുശേഷം തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തേക്കവരെ കരംപിടിച്ചു നടത്തി. കൂട്ടിലടയ്ക്കപ്പെട്ട പക്ഷിയെപ്പോലെ ചില അവസരങ്ങളില്‍ നാം പെട്ടുപോകും. അവിടെ കിടന്ന് പ്രതീക്ഷയോടെ നാം പാടണം. ജോബിന്‍റെ പരീക്ഷണം ഒരു നിശ്ചിതകാലഘട്ടത്തിലേക്കായിരുന്നു. അതിനുശേഷം നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ അദ്ദേഹത്തിനു തിരിച്ചു ലഭിച്ചു.
ഓരോ സ്ഥലത്തും എപ്പോള്‍, എങ്ങനെ വളമിട്ട് വിത്ത് വിതയ്ക്കണമെന്ന് ഒരു നല്ല കര്‍ഷകനറിയാം. ദൈവം വളരെ നല്ല ഒരു കൃഷിക്കാരനാണ്. ഏതു വിധത്തില്‍ സഹനത്തിന്‍റെ വളമിട്ട് നമ്മെ വിശുദ്ധീകരിക്കണമെന്ന് ദൈവത്തിനറിയാം. 1 കൊറിന്ത്യര്‍ 10ല്‍ 13-ാം വാക്യത്തില്‍ പറയുന്നു: സഹിക്കുവാന്‍ സാധിക്കുന്നതില്‍ പറ്റുന്നതിലധികമായ സഹനം ദൈവം തരില്ല." നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാനായി ദൈവം നമ്മെ വെട്ടിയൊരുക്കും. യോഹന്നാന്‍ 15: 1-10. ദൈവമഹത്വത്തിനായി അധികം ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്നാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷണങ്ങളെ സന്തോഷത്തോടെ സ്വീകരിക്കും. ദൈവപുത്രന്‍റെ ജീവിതത്തോട് അനുരൂപപ്പെടുത്തുവാന്‍ അവന്‍റെ സഹനം നമുക്കും തരും. ഗുരുവിനെക്കാള്‍ വലിയ ശിഷ്യനില്ലെന്നോര്‍ത്തുകൊണ്ട് വിശ്വാസത്തിന്‍റെ നല്ല ഓട്ടം നമുക്കു പൂര്‍ത്തിയാക്കാം.