news-details
ഇടിയും മിന്നലും

ഒരാഴ്ച സ്വസ്ഥമായിരുന്നു പ്രാര്‍ത്ഥിക്കാന്‍ സൗകര്യം കൊടുക്കുമോ എന്നുചോദിച്ച് ഒരാള്‍ കുറെനാളുമുമ്പു വിളിച്ചു. അദ്ദേഹം ആവശ്യപ്പെട്ട ദിവസങ്ങളില്‍ തടസ്സമൊന്നുമില്ലാതിരുന്നതുകൊണ്ട് പോരാനും പറഞ്ഞു. ഡയറിയില്‍ കുറിച്ചുവയ്ക്കാനായി പേരു ചോദിച്ചപ്പോള്‍ പറഞ്ഞപേര് ഞാനാദ്യം കേള്‍ക്കുന്നതായിരുന്നു. ആണോപെണ്ണോ, ജാതിയോ മതമോ ഒന്നും തിരിച്ചറിയാന്‍പറ്റാത്ത ഒരുപേര്.

"വരുന്നത് ഒറ്റയ്ക്കാണോ, അതോ ഫാമിലിയുണ്ടോ?"

"ഞാനൊരച്ചനാണ്."

പിന്നെ കൂടുതലു ചോദിച്ചില്ല; മലയാളിയാണെങ്കിലും വടക്കെ ഇന്‍ഡ്യയിലെങ്ങാനും മിഷനറിയായിരിക്കാനാണു സാദ്ധ്യത, അങ്ങനെ പേരുമാറ്റിയതായിരിക്കും എന്നൂഹിച്ചു. പറഞ്ഞിരുന്ന ദിവസംതന്നെ ആളെത്തി. മദ്ധ്യവയസ്ക്കന്‍. ടൈംറ്റേബിളും കാര്യങ്ങളുമൊക്കെ വിശദീകരിച്ചുകൊടുത്തതിനുശേഷം ദിവസവും കുര്‍ബ്ബാന ചൊല്ലാനുദ്ദേശിക്കുന്ന സമയമറിഞ്ഞാല്‍ അള്‍ത്താര ഒരുക്കിവച്ചുതരാം എന്നു പറഞ്ഞപ്പോള്‍ കുര്‍ബ്ബാന ചൊല്ലുന്നില്ല, ഞാന്‍ ചൊല്ലുന്ന കുര്‍ബ്ബാനയില്‍ കൂടിക്കൊള്ളാം എന്നായിരുന്നു മറുപടി. ഏറെസമയവും ചാപ്പലിലും അല്ലെങ്കില്‍ കോമ്പൗണ്ടിലും ഏകാന്തമായി ചെലവഴിച്ച്, ഭക്ഷണസമയത്തുപോലും മൗനമായി പ്രാര്‍ത്ഥനയിലായിരുന്ന അദ്ദേഹത്തോട് ശരിക്കും ആദരവുതോന്നി. ഏഴാം ദിവസം ബ്രേക്ഫാസ്റ്റു കഴിഞ്ഞയുടനെ എന്‍റെ മുറിയിലെത്തി മാന്യമായ ഒരുസംഭാവനയുംതന്ന് യാത്രപറഞ്ഞു.

"ഇവിടെ വരുന്നകാര്യംപറഞ്ഞു ഫോണ്‍ചെയ്തപ്പോള്‍ അച്ചനാണെന്നിദ്ദേഹം പറഞ്ഞതല്ലാതെ ഇവിടെ ഒരാഴ്ച്ച ഉണ്ടായിരുന്നിട്ടും, നമ്മളുതമ്മില്‍ ഒന്നുംസംസാരിക്കാനിടയായില്ല. അങ്ങോട്ടുകയറി ആരോടും ഒന്നും ചോദിച്ചറിയുന്ന സ്വഭാവം എനിക്കില്ലാത്തതുകൊണ്ടാണ് ഞാന്‍ മിണ്ടാന്‍ വരാതിരുന്നത്. എന്തായാലും ...........അച്ചന്‍റെ ശാന്തമായ പ്രകൃതവും, ഏകാന്തമായ പ്രാര്‍ത്ഥനയുമൊക്കെ എനിക്കും ഒരു ഉത്തേജനമായിരുന്നു, നന്ദി."

അല്പമൊന്നു സംശയിച്ചുനിന്നിട്ട് അദ്ദേഹം പറഞ്ഞു:

"എന്‍റെ പേര് ആ പറഞ്ഞതല്ല. ഒന്നും അറിയിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് കള്ളപ്പേരു പറഞ്ഞതാണ്. എന്തായാലും ഞാനാഗ്രഹിച്ചുവന്ന കാര്യം സാധിക്കാതെയാണു തിരിച്ചുപോകുന്നത്."

അതുകേട്ടപ്പോള്‍ ആകെ വിഷമംതോന്നി.

"കള്ളപ്പേരു പറഞ്ഞതുപോലെ അച്ചനാണെന്നു പറഞ്ഞതും കള്ളമായിരുന്നോപോലും?"

"അച്ചനാണെന്നു ഞാന്‍ പറഞ്ഞതു സത്യമാണ്, അതാണെന്‍റെ പ്രശ്നവും. സഭ വിട്ടുപോകണമോ അതോ തുടരണമോ എന്നൊരു തീരുമാനമെടുക്കാനായിരുന്നു ഞാന്‍ വന്നത്. പക്ഷേ, അതിനു സാധിച്ചില്ല എന്നാണു ഞാന്‍ പറഞ്ഞത്."

"ഓ, സന്യാസസഭക്കാരനാണല്ലേ? ഏതാണു കോണ്‍ഗ്രിഗേഷന്‍?"

"അല്ല, സന്യാസിയല്ല, കത്തോലിക്കാസഭ വിട്ടുപോകുന്നതിനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്."

"ഇപ്പോളാണെങ്കിലും സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അച്ചനിരിക്കാം."

"ഇല്ല, ഒട്ടും താല്‍പര്യമില്ല. ആരോടു സംസാരിച്ചാലും കിട്ടാന്‍പോകുന്ന മറുപടിയും ഉപദേശവുമൊക്കെ എന്തായിരിക്കുമെന്നെനിക്കറിയാം. അതുകൊണ്ടാണു സംസാരിക്കാന്‍ മനസ്സില്ലാത്തത്. എന്തായാലും എന്‍റെകാര്യത്തില്‍ ഒരുതരത്തിലും ഇടപെടാതെ ഈയൊരാഴ്ച എന്നെ സഹിച്ചതിന് അച്ചനോടു ഞാനും നന്ദി പറയുന്നു. ബൈ.."

"ശരിയച്ചാ, ഇനിയും ഇവിടെവരണമെന്ന് എപ്പോഴെങ്കിലും തോന്നിയാല്‍, യൂ ആര്‍ ഓള്‍വെയ്സ് വെല്‍ക്കം."

"താങ്ക് യൂ."

"ഓക്കെ അച്ചാ, ശുഭയാത്ര, ഞാന്‍ പ്രാര്‍ത്ഥിക്കാം."

"വേണ്ടച്ചാ, പ്രാര്‍ത്ഥിക്കണ്ട, അതൊക്കെ ചുമ്മാ നമ്മളു ശീലിച്ചുപോയ ഒരു പറച്ചിലല്ലേ."

മുറിയില്‍നിന്നും ഇറങ്ങിപ്പോകുന്നവഴിക്കു തിരിഞ്ഞുനോക്കാതെയാണ് അദ്ദേഹമതു പറഞ്ഞത്. അതുകൊണ്ട് എന്‍റെചമ്മല് അങ്ങേരുകണ്ടില്ല. പിന്നീടു പലപ്പോഴും അദ്ദേഹത്തെപ്പറ്റി ഓര്‍മ്മിക്കാറുണ്ടായിരുന്നെങ്കിലും കണ്ടുമുട്ടുമെന്നു പ്രതീക്ഷിച്ചില്ല.

പുതുഞായറാഴ്ച തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയിലെ രാവിലെ എട്ടുമണിയുടെ കുര്‍ബ്ബാനചൊല്ലിയതും പ്രസംഗിച്ചതും ഞാനായിരുന്നു. അതെല്ലാംകഴിഞ്ഞ് ആശ്രമത്തിലെത്തുമ്പോളതാ, ആ കള്ളപ്പേരുകാരന്‍ കാത്തുനില്‍ക്കുന്നു! പെട്ടെന്നുണ്ടായ അമ്പരപ്പില്‍ എന്തു പറയണമെന്ന് ആലോചിക്കുമ്പോളേക്കും അദ്ദേഹം മുഖവുരകൂടാതെ ഇങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങി.

"ഞാന്‍ സഭവിട്ടുപോയോ അതോ അകത്തുതന്നെയാണോ എന്നായിരിക്കും അച്ചനിപ്പോള്‍ ചിന്തിക്കുന്നതെന്നെനിക്കറിയാം. പോയിട്ടില്ല. ദു:ഖവെള്ളിയാഴ്ച്ച കുരിശുമലയില്‍ വലിയ തിരക്കായിരിക്കും എന്നറിയാമായിരുന്നതുകൊണ്ടാണ് പുതുഞായറാഴ്ച മലകയറാമെന്നുവച്ചത്. കൂടെ കുറെ ഇടവകക്കാരുമായിട്ടാണ് മല കയറിയത്. കുര്‍ബ്ബാനചൊല്ലാന്‍ നേരത്തെ സമയം ബുക്കുചെയ്യാഞ്ഞതുകൊണ്ട് കുരിശിന്‍റെ വഴിയുംനടത്തി മുകളിലെത്തുന്നസമയത്ത് കുര്‍ബ്ബാനചൊല്ലുന്ന അച്ചന്‍റെകൂടെകൂടാം എന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. പതിന്നാലാം സ്ഥലത്തെത്തിയപ്പോഴേക്കും എട്ടുമണിയുടെ കുര്‍ബ്ബാന തുടങ്ങിക്കഴിഞ്ഞിരുന്നതുകൊണ്ട് അല്പം വിശ്രമിച്ചിട്ട് അടുത്തകുര്‍ബ്ബാന ചൊല്ലുന്ന അച്ചന്‍റെകൂടെകൂടാം എന്നു തീരുമാനിച്ചു ഞങ്ങളാ പതിന്നാലാം സ്ഥലത്ത് ഇരിക്കുമ്പോളായിരുന്നു കുര്‍ബ്ബാനയ്ക്കിടയിലെ പ്രസംഗം. പ്രസംഗം കഴിഞ്ഞപ്പോള്‍ എന്‍റെകൂടെ വന്നവര്‍ പ്രസംഗത്തെപ്പറ്റിയായി ചര്‍ച്ച. തോമ്മാശ്ലീഹായുടെ സംശയത്തെപ്പറ്റിയും, അതിന് പ്രസംഗിച്ച അച്ചന്‍കൊടുത്ത വ്യാഖ്യാനവും അവര്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്കും അതെവിടെയോ കൊണ്ടു.

കുര്‍ബ്ബാന കഴിയുമ്പോള്‍ ആ അച്ചനോടൊന്നു മിണ്ടണമെന്നു തോന്നിയതുകൊണ്ട് ആള്‍ക്കാരോടു കുര്‍ബ്ബാന കഴിയുമ്പോഴേക്കും എത്തിയാല്‍മതി എന്നുപറഞ്ഞ്, പ്രസംഗിച്ച അച്ചനാരാണെന്നു കാണാന്‍വേണ്ടി ഞാന്‍ തനിച്ചു പള്ളിയിലേക്കു നടന്നു. അവിടെ ചെന്നപ്പോളാണ് അച്ചനാണെന്നു മനസ്സിലായത്. ഇവിടെവരാനോ അച്ചനെ കാണാനോ സംസാരിക്കാനോ ഒന്നും പ്ലാനിട്ടു വന്നതല്ലായിരുന്നെങ്കിലും ഒന്നു കണ്ടിട്ടു പോകണമെന്നു തോന്നി. പെട്ടെന്നാലോചിച്ചൊരു പ്ലാനുണ്ടാക്കി. ആള്‍ക്കാരുടെയടുത്തു തിരിച്ചുവന്ന്, അത്യാവശ്യമായി അടിവാരത്തില്‍ ഒരാള്‍ എന്നെ കാത്തുനില്‍ക്കുന്നെന്നും, അതുകൊണ്ട് അവരോട് അടുത്ത കുര്‍ബ്ബാനയില്‍ പങ്കെടുത്ത് താഴെയെത്തുമ്പോള്‍ വിളിച്ചാല്‍മതി ഞാനവിടെയുണ്ടാകുമെന്നും പറഞ്ഞുധരിപ്പിച്ച് ഇങ്ങോട്ടു പോന്നു. അച്ചനിന്നാ പ്രസംഗിച്ചത് ജനത്തിന് മനസ്സിലായോ എന്നെനിക്കറിയില്ല, പക്ഷേ എനിക്കതു വല്ലാതെ ക്ലിക്കുചെയ്തു. അതുകൊണ്ട് അച്ചന് അസൗകര്യമില്ലെങ്കില്‍ ഒന്നു സംസാരിക്കാമെന്നു കരുതിയാണു ഞാനിവിടെവന്നു കാത്തിരുന്നത്."

സ്വസ്ഥമായ ഒരു സ്ഥലത്ത് ഞങ്ങളിരുന്നു. അദ്ദേഹം പിന്നീടു പറഞ്ഞതുമുഴുവന്‍ ആരെയും അറിയിക്കാനാകാതെ എന്‍റെയുള്ളിലും ഒരുകാലത്ത് വല്ലാത്തപിരിമുറുക്കമുണ്ടാക്കിയിരുന്ന വിഷയങ്ങള്‍ തന്നെയായിരുന്നു. അന്നു ഞാനെന്നെത്തന്നെ സുഖപ്പെടുത്താന്‍ ആശ്രയിച്ച ചികിത്സാവിധിയായിരുന്നു, അന്നത്തെ എന്‍റെ മലയിലെ പ്രസംഗത്തിന്‍റെ ഉള്ളടക്കം. 'അച്ചന്‍റെ ഉടുപ്പിലും മെത്രാന്‍റെ വടിയിലും ഒട്ടിപ്പിടിച്ചിരിക്കുന്ന നമ്മുടെ ക്രിസ്തീയവിശ്വാസം കാലഹരണപ്പെട്ടിരിക്കുന്നു. തോമ്മാശ്ലീഹായെപ്പോലെ, കണ്ടവരോ കേട്ടവരോ പറഞ്ഞറിഞ്ഞിട്ടല്ല, നേരിട്ടുതൊട്ടറിഞ്ഞ കര്‍ത്താവിലുള്ള വിശ്വാസം നാം വീണ്ടെടുത്തേതീരൂ എന്ന സത്യം, സമീപകാല അശുഭസംഭവങ്ങളിലൂടെ, കാലത്തിന്‍റെ ചുവരുകളില്‍ വലിയക്ഷരത്തില്‍ തമ്പുരാന്‍ എഴുതിപ്പഠിപ്പിക്കുന്നത് ആ ചുവരെഴുത്തുകളില്‍നിന്നും നാം വായിച്ചെടുക്കേണ്ടിയിരിക്കുന്നു. അതായത് നമ്മള്‍ വെറും കത്തോലിക്കാ 'മത' വിശ്വാസികളാകാതെ, കത്തോലിക്കാ 'സഭാ' വിശ്വാസികളാകണം എന്നുതന്നെ അതിനര്‍ത്ഥം.' ഞാനന്നുപറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു, കാരണം അതെന്‍റെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗംതന്നെയാണ്. അച്ചന്‍റെ വാക്കുകളിലേക്കുവരാം.

"അധികാരികളുടെയും ആള്‍ക്കാരുടെയും എല്ലാവരുടെയും മുമ്പില്‍ ഞാനൊരു മാതൃകാപുരോഹിതനാണ്. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടെന്ന് കൂടെയുള്ളവര്‍ക്കോ കൂടപ്പിറപ്പുകള്‍ക്കോ, അധികാരികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആര്‍ക്കും ചിന്തിക്കാന്‍പോലും സാധിക്കുമെന്നു തോന്നുന്നില്ല. അത്ര കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്ന ആളാണു ഞാന്‍. എന്തൊക്കെ ഞാന്‍ ഏറ്റെടുത്തിട്ടുണ്ടോ അതൊക്കെ ഏല്‍പിച്ചവരുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് ഭംഗിയായി ചെയ്തു തീര്‍ത്തതിന്‍റെ അത്ര ക്ലിയറായ ഒരു ട്രായ്ക്ക് റെക്കോര്‍ഡ് എനിക്കുണ്ട്. അതുകൊണ്ടുതന്നെ എന്നെ ഏല്‍പിച്ചിട്ടുള്ള വളരെ ഗൗരവമുള്ള പലതും ഇപ്പോഴും കൈകാര്യം ചെയ്യുന്നുമുണ്ട്. എന്നാല്‍ കുറെനാളുകളായി കത്തോലിക്കാസഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോരോന്നും കാണുമ്പോള്‍ എന്‍റെയുള്ളില്‍ സഭയോടും അധികാരികളോടും, ആചാരങ്ങളോടും എല്ലാത്തിനോടും അടക്കാനാകാത്ത അമര്‍ഷമാണ്. സംഭവങ്ങള്‍ അച്ചന് ഊഹിക്കാമെങ്കിലും പറയുന്നതു ക്ഷമിക്കുക."

തുടര്‍ന്ന്, കത്തോലിക്കാസഭയില്‍ കുറെനാളായിട്ടു നടന്നുകൊണ്ടിരിക്കുന്ന നാറുന്ന കേസുകെട്ടുകളോരോന്നും അദ്ദേഹം നിരത്തിയപ്പോള്‍ അതൊക്കെ എനിക്കു കേട്ടറിവുണ്ടായിരുന്നവയായിരുന്നെങ്കിലും, എനിക്കറിയില്ലാതിരുന്ന അതിന്‍റെ പിന്നാമ്പുറ ചരിത്രങ്ങളുംകൂടി അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ തണുത്തുകിടന്നിരുന്ന എന്‍റെയുള്ളിലെ അമര്‍ഷവും നുരഞ്ഞുപതയാന്‍തുടങ്ങിയതുകൊണ്ട് അദ്ദേഹം എത്ര പിരിമുറുക്കത്തിലായിരുന്നിരിക്കും എന്നെനിക്കൂഹിക്കാന്‍ സാധിച്ചു.
 

"ഇന്നു നമ്മുടെ വിശ്വാസികളുടെമുമ്പില്‍ നിവര്‍ന്നുനിന്ന് തെറ്റുതെറ്റാണെന്നു പറയാനുള്ള ധാര്‍മ്മികശുദ്ധിയും, ക്ഷമിക്കാനും പൊറുക്കാനും അനുരഞ്ജനപ്പെടുവാനും ഉപദേശിക്കാനുള്ള ധാര്‍മ്മികശക്തിയും നമുക്കു നഷ്ടമായി. കത്തോലിക്കാസഭയുടെ ശക്തിയും പുരോഹിതരുടെ യഥാര്‍ഥ ആയുധവുമല്ലേ അതിലൂടെ നമുക്കു നഷ്ടമായത്? മുഖംമൂടിയിട്ടുകൊണ്ടുമാത്രം പള്ളിയില്‍ പ്രസംഗിക്കേണ്ട ഗതികേടിലായി നമ്മളിപ്പോള്‍. 'എല്ലാം ശരിയായി' എന്നു വിശ്വസിക്കാനാണിഷ്ടമെങ്കിലും ഇപ്പോഴും കത്തിനില്‍ക്കുന്ന കുര്‍ബ്ബാനപ്രശ്നവുംകൂടെ ആയപ്പോള്‍, നമ്മളുതന്നെപഠിപ്പിക്കുന്ന വിശ്വാസപ്രമാണങ്ങളുടെ സാധുതയെപ്പറ്റി സാമാന്യവിശ്വാസികളുടെ ന്യായമായ ചോദ്യങ്ങള്‍ക്കുപോലും ഉത്തരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായില്ലേ നമ്മള്‍? എന്‍റെ ഏറ്റവും വലിയ വേദന, ഞാനിന്ന് ഏറെ ബന്ധപ്പെട്ടുനീങ്ങുന്ന യുവജനങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന സഭയോടും വിശ്വാസത്തോടുമുള്ള വിമുഖതയും നിസ്സംഗതയുമാണ്. അതിനുള്ള വഴികളെല്ലാം ഉണ്ടാക്കിവച്ചിട്ട് അവരെ അതിനു കുറ്റപ്പെടുത്താന്‍ പറ്റുമോ? ഇതിനെല്ലാമുപരി കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതറിയാത്ത, അതോ, അറിഞ്ഞിട്ടും അറിവില്ലായ്മ നടിക്കുന്ന, സഭാനേതൃത്വത്തിന്‍റെ വെറുപ്പിക്കുന്ന കടുംപിടുത്തങ്ങളും!

പിരിമുറുക്കമേറിയപ്പോള്‍ പലവഴികളും ആലോചിച്ചു. വളരെ അടുപ്പമുള്ള സുഹൃത്തുക്കളായ അച്ചന്മാരുണ്ട്, അവരോടു പറഞ്ഞാലോ എന്നു ചിന്തിച്ചു. ഒരുപക്ഷേ അവരും എന്നേപ്പോലെതന്നെ ചിന്തിക്കുന്നവരാണെങ്കില്‍ അതു തീര്‍ച്ചയായും കത്തിപ്പിടിക്കും, അങ്ങനെ വിമതഗ്രൂപ്പാകും, അതു പാടില്ലല്ലോ. അപ്പനുമമ്മയും കുടുംബാംഗങ്ങളുമൊക്കെ തികഞ്ഞ ഭക്തരാണ്, അവരെ ഒരുതരത്തിലും വിഷമിപ്പിക്കാനും പാടില്ലല്ലോ. അധികാരികളോടു പറയാമെന്നുവച്ചാല്‍ എന്‍റെ ഇതുവരെയുള്ള പരമയോഗ്യനെന്നുള്ള മുഖംമൂടിയും പൊഴിഞ്ഞുവീഴും. ഇതെല്ലാംകൂടെ എന്‍റെ ഉറക്കംകെടുത്തി. എന്നിട്ടും ഒരു വാക്കുകൊണ്ടുപോലും ഇതൊന്നും പുറത്തറിയിക്കാതെ ഉള്ളിലൊതുക്കി, അവസാനം എല്ലാം ഇട്ടെറിഞ്ഞിട്ടുപോയാലോ എന്നു ചിന്തിച്ച്, പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോഴായിരുന്നു ഞാന്‍ കള്ളപ്പേരുംപറഞ്ഞ് ഇന്നാളിവിടെ വന്ന് ഒരാഴ്ച താമസിച്ചത്. അന്നു തിരിച്ചുപോയതും ഇന്നും തുടരുന്നതും ഇതിനൊന്നിനും ഒരു പ്രതിവിധിയും കണ്ടെത്താതെയായിരുന്നെങ്കിലും, അച്ചന്‍റെ ഇന്നത്തെ മലയിലെ പ്രസംഗത്തിലെ 'മത'ത്തെയും 'സഭ'യെയുംപറ്റിയുള്ള പ്രയോഗം എന്‍റെ തലയില്‍ വല്ലാതെ ക്ലിക്കുചെയ്തു. അതിനല്പംകൂടി ക്ലാരിഫിക്കേഷന്‍ ചോദിക്കാനാണു ഞാന്‍ വന്നത്."

യാത്രകള്‍ക്കിടയില്‍ അനേകം അച്ചന്മാരുമായി ഇടപെടാനിടയായിട്ടുണ്ട്. ഇത്രയും തീവ്രമായിട്ടല്ലെങ്കിലും അവരിലേറെപ്പേരും പങ്കുവച്ചിട്ടുള്ള നൊമ്പരത്തിന്‍റെ ചിത്രംതന്നെയാണ് ഈ കള്ളപ്പേരുകാരനും സത്യസന്ധമായിട്ട് അവതരിപ്പിച്ചത്. എന്‍റെയുള്ളിലും ഒരുകാലത്ത് വല്ലാതെ സംഘര്‍ഷമുണ്ടാക്കിയവയായിരുന്നു അവയെല്ലാം. അദ്ദേഹം പറഞ്ഞതുപോലെ വിട്ടുപോയാലോ എന്ന് പലപ്രാവശ്യം ചിന്തിച്ചിട്ടുമുണ്ട്. പക്ഷേ അപ്പോഴും എന്‍റെ ഉള്ളിലൊരു മറുചോദ്യംപൊന്തിവന്നു: എങ്ങോട്ട്? ഇതിലും മെച്ചപ്പെട്ടതോ ഇതിലും ശരിയായതോ ഉണ്ടെങ്കിലല്ലേ പോയിട്ടു കാര്യമുള്ളു! എങ്കില്‍പിന്നെ പിടിച്ചുനില്‍ക്കാന്‍ വഴി കണ്ടെത്തണം. അതിന് ആദ്യം കണ്ടെത്തിയ വഴി നെഗറ്റീവ് ആയിരുന്നു. വിമര്‍ശനം; അതുകൊണ്ടൊരുഫലവുമില്ലെന്നു പിന്നെ ബോദ്ധ്യപ്പെട്ടു. അതിനെപ്പറ്റിത്തന്നെ ആദ്യം ഇദ്ദേഹത്തോടു പറയാമെന്നുവച്ചു.

"കഴമ്പില്ലെന്നു തോന്നാമെങ്കിലും ഒരു ചെറിയ സംഭവം അച്ചനോടു പറയാം. ഞങ്ങളുടെ ഒരച്ചന്‍ പറഞ്ഞ പഠനകാലത്തെ അനുഭവമാണ്. മലയാളിയാണ്. ശരീരത്തില്‍ മണ്ണുപറ്റുന്നതോ വിയര്‍ക്കുന്നതോ ആയ ഒരു പണിയും ഇഷ്ടമില്ലാത്ത, സാമാന്യം അലസസ്വഭാവക്കാരന്‍. അദ്ദേഹം നൊവിഷ്യറ്റില്‍ പ്രവേശിച്ചു. ഒരുവര്‍ഷം നീളുന്ന നൊവിഷ്യറ്റ് കാലത്ത് ആറുമാസത്തേക്കാണ് നോവീസസിന് ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ചുകൊടുക്കുന്നത്. ഇയാളുടെ സ്വഭാവം നന്നായറിയാമായിരുന്ന നോവിസ്മാസ്റ്റര്‍ ഇദ്ദേഹത്തിനു മനപ്പൂര്‍വ്വം നല്‍കിയത് ആശ്രമപ്പറമ്പിലെ കൃഷിപ്പണിയായിരുന്നു. ആള്‍ക്കു പണികിട്ടിയല്ലോ എന്നെല്ലാവരും ചിന്തിച്ചു, നൊവിഷ്യറ്റു പൂര്‍ത്തിയാക്കാതെ ആളു വിട്ടുപോകുമെന്നും എല്ലാവരും വിധിയെഴുതി. പക്ഷേ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റി. എത്രയും കഠിനമായി ജോലിചെയ്ത് ആറുമാസംകൊണ്ട് ഏറ്റവും നല്ല വിളവെടുപ്പിനു വഴിയൊരുക്കിയ അദ്ദേഹത്തിന് അഭിനന്ദനപ്രവാഹമായിരുന്നു. നൊവിഷ്യറ്റു വിജയകരമായി പൂര്‍ത്തിയാക്കി അടുത്ത പടിയിലെത്തിയപ്പോള്‍ വിജയരഹസ്യമെന്തായിരുന്നു എന്നുള്ള സഹപാഠികളുടെ ചോദ്യത്തിനു സത്യസന്ധമായി അദ്ദേഹം നല്‍കിയ ഉത്തരം വിചിത്രവും ചിന്തനീയവുമായിരുന്നു. ഓരോതവണയും തൂമ്പായോ പിക്കാക്സോ ഉയര്‍ത്തുമ്പോഴും അതുചെന്നു വീഴാന്‍പോകുന്നത്, ഈ പണിതന്ന നോവിസ്മാസ്റ്ററിന്‍റെ മുതുകത്താണെന്നോര്‍ത്തോണ്ടങ്ങു കൊത്തിയപ്പോള്‍ ഓരോ കിളയ്ക്കും നല്ല ആക്കവുംകിട്ടി മടുപ്പും തോന്നിയില്ലെന്ന്!"

അച്ചന്‍ ചിരിനിര്‍ത്താന്‍വേണ്ടി ഞാനല്‍പം വെയ്റ്റുചെയ്തു.

"കഥയോ വളിപ്പോ എന്തായാലും കഥാപുരുഷനിപ്പോള്‍ അച്ചന്‍റെകാര്യം പറഞ്ഞതുപോലെതന്നെ പരമയോഗ്യനായ ഒരു കപ്പൂച്ചിനച്ചനാണ്. ഒരു കാലഘട്ടം തരണംചെയ്യാന്‍ ഇങ്ങനെ ചില വിദ്യകള്‍ ഉപകരിച്ചേക്കാം. ഒരുപക്ഷേ, എല്ലാം പരമയോഗ്യമായി ചെയ്യാനുള്ള അച്ചന്‍റെ ഈ തീക്ഷ്ണതതന്നെ പലതിനോടുമുള്ള പ്രതിഷേധത്തിന്‍റെ പ്രകടനമായിരിക്കുമോ? അതു പ്രശ്നത്തിനു പരിഹാരമല്ലാതിരുന്നതുകൊണ്ടാണല്ലോ പിന്നെയും തിക്കുമുട്ടലനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വെറും മുട്ടുശാന്തികളല്ല, ശാശ്വതപരിഹാരമാണല്ലോ നമ്മളു കണ്ടെത്തേണ്ടത്. അങ്ങനെ ഞാന്‍ കണ്ടെത്തിയ സത്യവും പരിഹാരമാര്‍ഗ്ഗവുമാണ് മലമുകളിലിന്നു ഞാന്‍ പ്രസംഗിച്ചത്. അതിനു ദൈവശാസ്ത്രത്തിന്‍റെയോ ഔദ്യോഗിക സഭയുടെയോ അംഗീകാരം ലഭിക്കുമെന്നു തോന്നുന്നില്ല, ലഭിക്കണമെന്നുമെനിക്കില്ല. മറ്റുള്ളവരത് അംഗീകരിച്ചു തരണമെന്നുമില്ല. ക്ലാരിഫിക്കേഷന്‍ വേണമെന്ന് അച്ചനിങ്ങോട്ടു ആവശ്യപ്പെട്ടതുകൊണ്ടുമാത്രം ഞാന്‍ മനസ്സുതുറക്കുന്നതാണ്. അച്ചാ, കത്തോലിക്കാ മതവും കത്തോലിക്കാ സഭയും രണ്ടാണ്. രണ്ടും തമ്മിലുളള വ്യത്യാസവും വലുതാണ്.

മതമെന്നു പറയുന്നത് ആശയങ്ങളും ആദര്‍ശങ്ങളുമൊക്കെ കോര്‍ത്തിണക്കി, നിയമങ്ങളും ആചാരങ്ങളും കൊണ്ട് മതിലുകെട്ടിത്തിരിച്ച്, നിങ്ങളും ഞങ്ങളുമെന്നു വേര്‍തിരിവുണ്ടാക്കി, തങ്ങളൊഴികെ ബാക്കിയെല്ലാവരും സെക്കന്‍റ് ക്ലാസ്സെന്ന അന്തരവും സൃഷ്ടിച്ച്, തങ്ങളിലേക്കുതന്നെ ഒതുങ്ങിക്കൂടുന്ന ഒരു സങ്കുചിത സംവിധാനമാണ്. അതുകൊണ്ടു സ്വാഭാവികമായും മതത്തിനു ചട്ടക്കൂടും, അധികാരശ്രേണികളും അത്യാവശ്യമായിവരുന്നു. ആ ചട്ടക്കൂടു നിലനിര്‍ത്താന്‍ ബലപ്രയോഗവും അധികാര ശൃംഖലകളില്‍ വടംവലികളും അരങ്ങേറാന്‍ ഇടയാകുന്നു. അംഗബലവും ശക്തിപ്രകടനങ്ങളും മതത്തിന് ഒഴിവാക്കാന്‍ പറ്റാതെവരുന്നു. അടിച്ചിരുത്തലുകളും അടിച്ചേല്‍പിക്കലുകളും അതിന്‍റെ നിലനില്‍പിന് അനിവാര്യമായിത്തീരുന്നു. പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളുമില്ലാതെ മതത്തിന് അസ്തിത്വക്ഷയം സംഭവിക്കുമെന്നതുകൊണ്ട് മൂല്യങ്ങളേക്കാളുപരി പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മതം മുന്‍ഗണന നല്‍കേണ്ടിവരുന്നു. അതേസമയംതന്നെ മതത്തിന്‍റെ വരുതിയില്‍വരുന്നവര്‍ക്ക് അതൊരു ഹരമാണ്, ലഹരിയാണ്. അതുകൊണ്ട് അവരുടെ ഇടുങ്ങിയ കാഴ്ചപ്പുടുകളോട് ആരെങ്കിലും വിയോജിച്ചാല്‍ അവര്‍ നേതാക്കളായാലും അണികളായാലും ആനയുടെകാര്യംപറഞ്ഞതുപോലെ അവര്‍ക്കു മദംപൊട്ടും. പിന്നെയവരു കാട്ടിക്കൂട്ടുന്നതെന്തായിരിക്കുമെന്നു പറയാനാവില്ല. മദംപൊട്ടിയതുപോലെയുള്ള സംഭവങ്ങളാണല്ലോ അച്ചന്‍ പറഞ്ഞവയും. മതം മനുഷ്യനെ മയക്കുന്ന മരുന്നാണ് എന്നു കാള്‍ മാക്സ് പണ്ടു പറഞ്ഞപ്പോള്‍ അതിനെ ഒരു നിരീശ്വരവാദിയുടെ വെറും ജല്പനമായി വിശ്വാസികള്‍ തള്ളി. പക്ഷേ അയാള്‍ പറഞ്ഞത് എത്രയോ സത്യമാണ് എന്ന് ഏതുമതത്തിലേക്കു നോക്കിയാലും പൊട്ടക്കണ്ണനുപോലും കാണാനാകും. കത്തോലിക്കാമതത്തിലെയും കഥയിതുതന്നെ!!

എന്നാല്‍ 'കത്തോലിക്കാസഭ' എന്നുപറയുന്നത് മതമല്ല, അതു കൂട്ടായ്മയാണ്. അതാണു കര്‍ത്താവു സ്ഥാപിച്ചത്. അവിടെ ചട്ടക്കൂടില്ല, സാഹോദര്യമെയുള്ളു. അധികാരമില്ല, ശുശ്രൂഷയെയുള്ളു. അധികാരികളില്ല, ശുശ്രൂഷകരെയുള്ളു. പാദസേവകരില്ല, പാദക്ഷാളനമേയുള്ളു. അടിച്ചേല്‍പിക്കലില്ല, അനുരഞ്ജനമേയുള്ളു. സുവിശേഷമൂല്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള പാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളുമില്ല, ശത്രുക്കളെപ്പോലും ഉള്‍ക്കൊള്ളുന്ന വിശാലതയേ ഉള്ളു.

കത്തോലിക്കാസഭ, വെറും 'കത്തോലിക്കാമത'മായി തരംതാണുപോയതാണ് ഇന്നുനമ്മള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നം. ഭൗതീകതയുടെ അതിപ്രസരം മാത്രമാണ് അതിനു കാരണം. അതുകൊണ്ട് എനിക്ക് അച്ചനോടു പറയാനുള്ളത്, അച്ചന്‍ കത്തോലിക്കാ മതത്തില്‍നിന്നും വിട്ടുപോരണം. എന്നിട്ടു കത്തോലിക്കാസഭയില്‍ ചേരണം. അല്ലാതെ കത്തോലിക്കാസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനെപ്പറ്റിയല്ല ആലോചിക്കേണ്ടത്. ഞാന്‍ കത്തോലിക്കാമതവിശ്വാസംവിട്ട് കത്തോലിക്കാസഭാവിശ്വാസിയായപ്പോള്‍ മുതല്‍ എനിക്കു മനസ്സമാധാനമായി. ഏതു മെത്രാനും, കര്‍ദ്ദിനാളും, അച്ചനുമൊക്കെ എന്തുചെയ്താലും അതെന്നെ ബാധിക്കാതെയായി. അവരു പറയുന്നതുചെയ്യുക, അവരുടെ പ്രവര്‍ത്തികളെ അവഗണിക്കുക എന്നു കര്‍ത്താവു പറഞ്ഞത് എനിക്കുവേണ്ടിയാണെന്നും മനസ്സിലായി. വിശ്വസിക്കേണ്ടതു മതത്തിലല്ല, സഭയിലാണ്. ഇതു സംഭവിക്കേണ്ടത് ഇങ്ങു രൂപതയിലും അങ്ങു റോമിലുമല്ല, റീത്തിലും ആശ്രമത്തിലുമല്ല, നമ്മളോരോരുത്തരുടെയും ഉള്ളിലാണ്. വിവരമുള്ള അച്ചന് ഇതില്‍കൂടുതലൊരു ക്ലാരിഫിക്കേഷന്‍ തരേണ്ട ആവശ്യമില്ലെന്നുതോന്നുന്നു."

യേസും നോയും പറയാതെ അന്നു പിരിഞ്ഞതിനുശേഷം എന്തായി എന്നറിയില്ല.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts