news-details
ഇടിയും മിന്നലും

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനടുത്തുകൂടെ എല്ലാ ദിവസവും പോകേണ്ടിയിരുന്നതുകൊണ്ട് അവിടെ നടക്കുന്ന പണികളും പണിക്കാരെയും ശ്രദ്ധിക്കാറുണ്ടായിരുന്നു. അതിലൊരാള്‍ ഏതാണ്ട് അമ്പതു വയസ്സു തോന്നിക്കുന്ന കഴുത്തില്‍ കൊന്തയിട്ട ഒരു മേസ്തിരി. കട്ടകെട്ടുന്നതും പാസ്റ്ററു ചെയ്യുന്നതും ആരും നോക്കിനിന്നുപോകും. യന്ത്രംപോലെ സ്പീഡും ഒന്നാന്തരം ഫിനിഷിങ്ങും. മിക്ക ദിവസങ്ങളിലും അയാളുടെ കരവിരുതു കാണാന്‍ കുറെനേരം നോക്കിനില്‍ക്കാറുമുണ്ടായിരുന്നു. എന്നാലും ഒരിക്കല്‍പ്പോലും യാതൊരു ലോഹ്യവും അയാള്‍ കാണിച്ചില്ല. ഇയാളു തന്നെയാണ് ആ കെട്ടിടത്തിന്റെ കട്ടകെട്ടും തേപ്പും സബ്‌കോണ്‍ട്രാക്ട് എടുത്തിരിക്കുന്നതെന്ന് വര്‍ക്കുസൂപ്പര്‍വൈസറില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. വീടു ദൂരെയായതുകൊണ്ട് പണിസെറ്റില്‍ താമസിച്ചുകൊണ്ട് ശനിയാഴ്ചകളില്‍ വീട്ടില്‍പോയി തിങ്കളാഴ്ച വരികയായിരുന്നു ആളിന്റെ പതിവ്. രണ്ടുമൂന്നുദിവസങ്ങള്‍ അയാളെ പണിക്കു കാണാത്തതുകൊണ്ട് ആരോട് അന്വേഷിച്ചപ്പോള്‍ ആളുടെ വീട്ടില്‍ എന്തോ അത്യാഹിതം ഭവിച്ചു. പെട്ടെന്നയാള്‍ക്കു പോകേണ്ടി വന്നു എന്നറിഞ്ഞു. വര്‍ക്കുസൂപ്പര്‍വൈസറാണു പറഞ്ഞത്. അയാളുടെ ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. മരിച്ചില്ല. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന്. കുറെനാളായി അയാള്‍ രാത്രിയില്‍ ഉറങ്ങാറില്ലായിരുന്നെന്നും ഉറങ്ങിയാല്‍ത്തന്നെ ഉറക്കത്തില്‍നിന്നും പെട്ടെന്നെഴുന്നേറ്റിരുന്നു കരയാറുണ്ടായിരുന്നെന്നും ആരോടും കാര്യമൊന്നും പറയാറില്ലായിരുന്നെന്നും കൂടെയുണ്ടായിരുന്ന പണിക്കാരും പറഞ്ഞെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ആളു തിരിച്ചുവരികയാണെങ്കില്‍ കണ്ടു സംസാരിച്ചാലോ എന്നു ചിന്തിച്ചു. രണ്ടു മൂന്നു ദിവസങ്ങള്‍ കാത്തിട്ടും കാണാത്തതുകൊണ്ട് എപ്പോളെങ്കിലും വരികയാണെങ്കില്‍ എനിക്കൊന്നു കാണാന്‍ താല്പര്യമുണ്ടെന്നു പറയാന്‍ സൂപ്പര്‍വൈസറിനെ ഏല്പിച്ചു. ഒരാഴ്ച കഴിഞ്ഞൊരു ദിവസം ഞാനതിലെ കടന്നുപോകുമ്പോള്‍ സൂപ്പര്‍വൈസര്‍ വിളിച്ചു.

''ഇന്നലെ ഉച്ചകഴിഞ്ഞ് മേസ്തിരി വന്നിരുന്നു. അച്ചനു കാണാന്‍ താല്പര്യമുണ്ടെന്നു ഞാന്‍ പറഞ്ഞു. ഒരിക്കലും ആരോടും അരിശപ്പെട്ടു കണ്ടിട്ടില്ലാത്ത അയാള്‍ വല്ലാതെ പ്രതികരിച്ചു. അച്ചനെയെന്നല്ല ഒരച്ചനെയും അയാള്‍ക്കു കാണണ്ടായെന്നും അച്ചന്മാരും പള്ളിയുമാണ് അയാളെയും കുടുംബത്തെയും മുഴുവന്‍ തകര്‍ത്തതെന്നും ഇനീം പള്ളീലെക്കില്ലെന്നും പറഞ്ഞു. ഭാര്യയെ ഈയാഴ്ച ഡിസ്ചാര്‍ജ്ജ് ചെയ്യും. അടുത്തയാഴ്ച മുതല്‍ പണിക്കെത്തുമെന്നും പറഞ്ഞിട്ടുണ്ട്''.

''ആരോടെങ്കിലുമൊക്കെ സംസാരിച്ചാല്‍ മനസ്സിന്റെ ഭാരം കുറയുമല്ലോന്നോര്‍ത്തു പറഞ്ഞതായിരുന്നു. ഞാനയാളോടൊന്നു സംസാരിക്കാമോന്നു നോക്കാം. എനിക്കാളെ മൂന്നുനാലു വര്‍ഷങ്ങളായിട്ടറിയാം. കുറെ നാള്‍ മുമ്പുവരെ പണിയാനും പണി എടുപ്പിക്കാനുമൊക്കെ നല്ല ഉത്സാഹിയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായിട്ടാണ് ഈ മാറ്റം. എന്തോ കുടുംബപ്രശ്‌നമാണ്. ഒന്നുരണ്ടുപ്രാവശ്യം ഞാന്‍ ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറിയതുകൊണ്ടു ഞാന്‍ പിന്നെയതങ്ങു വിട്ടു. എന്നോടയാള്‍ക്കു ലോഹ്യക്കുറവൊന്നുമില്ല. എതായാലും ഞാനൊന്നു ശ്രമിച്ചു നോക്കാം''.

പിന്നത്തെ ആഴ്ചമുതല്‍ മേസ്തിരി വരാറുണ്ടായിരുന്നെങ്കിലും ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസം മാത്രമേ പണിയാറുണ്ടായിരുന്നുള്ളു. മറ്റുപണിക്കാരെ പണിയെല്ലാം പറഞ്ഞേല്പിച്ചിട്ടു പോവുകയായിരുന്നു എന്നു സൂപ്പര്‍വൈസര്‍ പറഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കുശേഷം പണിക്കാരെല്ലാം പിരിഞ്ഞുകഴിഞ്ഞു വൈകുന്നേരം സൂപ്പര്‍വൈസര്‍ എന്റെയടുത്തു വന്നു.

''ഇന്ന് മേസ്തിരി വന്നിരുന്നു. രണ്ടുദിവസമുണ്ടാകുമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ ഉച്ചക്കൊരു ഫോണ്‍വന്നു. അതോടെ അയാളാകെ അസ്വസ്ഥനായി. ഞാനടുത്തുണ്ടായിരുന്നു.  ഉടനെപോകണമെന്നു പറഞ്ഞു തിടുക്കം കൂട്ടിയെങ്കിലും ഞാനയാളെ വിളിച്ചുകൊണ്ടുപോയി സംസാരിക്കാന്‍ നോക്കി. അയാളതിനു മടിച്ചപ്പോള്‍ അയാളോളംതന്നെ പ്രായമുള്ള എനിക്കും ഭാര്യയും മക്കളുമൊക്കെയുണ്ടെന്നും പ്രാരാബ്ദങ്ങളും പ്രശ്‌നങ്ങളുമൊക്കയുണ്ടെന്നും പറഞ്ഞപ്പോള്‍ അയാളു ചോദിച്ചു. എനിക്ക് പെണ്‍മക്കളുണ്ടോയെന്ന്. രണ്ട് ആണ്‍മക്കളും ഡിഗ്രി പഠിക്കുന്ന ഒരു മകളുമുണ്ടെന്നു പറഞ്ഞപ്പോള്‍ അല്പം ആലോചിച്ച് അയാള്‍ പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും അവളെ പള്ളീല്‍ വിടരുതെന്ന്. കാര്യം ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ ചരിത്രം പറയാനാണു ഞാന്‍ വന്നത്''.

ഡിഗ്രിയുള്ള ആളാണ് മേസ്തിരി. കുറേനാളു നടന്നിട്ടും ജോലി കിട്ടാതെവന്നപ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തിയതാണ് മേസ്തിരിപ്പണി. ഒരു സഹപാഠിയുടെ അപ്പന്‍ വീടുപണിതുകൊടുക്കുന്ന കോണ്‍ട്രാക്ടറായിരുന്നു. അക്കൂട്ടത്തില്‍ പണി പഠിച്ചു. പിന്നീടു പണി ഏറ്റെടുത്തു ചെയ്തുതുടങ്ങി. നല്ല വരുമാനമായി. കല്യാണം കഴിച്ചു. വളരെ ഭക്തയായിരുന്നു ഭാര്യ. രണ്ടുപെണ്‍മക്കളുണ്ടായി. കോണ്‍ട്രാക്ട് പണിക്കുപോയിരുന്നതുകൊണ്ട് മക്കളുടെ വളര്‍ത്തല്‍ ഭാര്യയുടെ മേല്‍നോട്ടത്തിലായിരുന്നു. ഭര്‍ത്താവിന്റെ പ്രോത്സാഹനത്തോടെതന്നെ ഭക്തസംഘടനകളും വേദപാഠം പഠിപ്പീരുമൊക്കെയായി ഭക്തയായ ഭാര്യ പള്ളിയിലെ പ്രമുഖയായി. അവിടെവന്ന അച്ചന്മാര്‍ക്കെല്ലാം അവരെ വലിയ കാര്യം. മക്കളെയും അതുപോലെ വളര്‍ത്തി. പഠിക്കാന്‍ സ്മാര്‍ട്ടായിരുന്ന മക്കള്‍ വേദപാഠത്തിനു എല്ലാ ക്ലാസ്സിലും ടോപ് ആയിരുന്നു. ഇടവക തലത്തിലും ഫൊറോന രൂപതാതലങ്ങളിലും ബൈബിള്‍ ക്വിസിനും ലോഗോസ് ക്വിസിനുമൊക്കെ മുടങ്ങാതെ സമ്മാനം വാങ്ങി. പഠിക്കാന്‍ പോയിടത്തൊക്കെ ജീസസ് യൂത്തിലും, യുവദീപ്തിയിലുമൊക്കെ സജീവമായിരുന്നു. മൂത്തവള്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസ്സായത് സിസ്റ്റേഴ്‌സിന്റെ നേഴ്‌സിംഗ് കോളേജിലായിരുന്നു. ഡല്‍ഹിയില്‍ ജോലിയും കിട്ടി. അവിടെയും പള്ളിയും പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍ വിദേശത്തു ജോലി സാധ്യതയുണ്ട് അതു കിട്ടിയാല്‍ക്കെട്ടാമെന്നു പറഞ്ഞപ്പോള്‍ അപ്പനുമമ്മയും സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ വരുന്നതിനു രണ്ടുമാസം മുമ്പ് അവള്‍ വിദേശത്തുമെത്തി. അവിടെനിന്നും വീട്ടിലെക്കൊരു മെസ്സേജും ഫോട്ടോയുമവള്‍ അയച്ചു. നാട്ടില്‍ നിന്നു പോരുന്നതിനു മുമ്പുതന്നെ മതം മാറിയിരുന്നു എന്നും വീട്ടില്‍ നിന്നും സമ്മതിക്കില്ലെന്നറിയാവുന്നതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും ഇത്രയും നാള്‍ വിശ്വസിച്ച ക്രിസ്തുവും ക്രിസ്തുമതവുമെല്ലാം വെറും കബളിപ്പിക്കലാണെന്നും അവരോടുംകൂടെ മതംമാറാനും ക്ഷണിച്ചുകൊണ്ട് അവളും ഭര്‍ത്താവും ചേര്‍ന്നുള്ള ഫോട്ടോയും! മറ്റാരോടും അറിയിക്കാതെ വികാരിയച്ചന്റെയടുത്തുചെന്നു സങ്കടം പറഞ്ഞപ്പോള്‍ അപ്പനുമമ്മയും വളര്‍ത്തിയതിന്റെ ദോഷമാണെന്ന് വിധി! മകളെപ്പറ്റി ചോദിക്കുന്നവരോടെല്ലാം വിദേശത്തു ജോലിയായതുകൊണ്ടും കോവിഡു കാരണം നാട്ടില്‍ വരാന്‍ പറ്റുന്നില്ലെന്നു പറഞ്ഞ് ആരെയും സത്യമറിയിക്കാതെ നീറി നീറി അവരു കഴിഞ്ഞു. ഇനി അവരുടെ പ്രതീക്ഷ ഇളയവളിലായിരുന്നു. അവളും ചേച്ചിയെ വെല്ലുന്ന ഭക്തിയും വേദപാഠം പഠിപ്പിക്കലുമെല്ലാംകൊണ്ട് ചെന്നിടത്തൊക്കെ പള്ളീലെ അകത്തെ ആളായിരുന്നു. നല്ല ജോലികിട്ടി ബാംഗ്ലൂരായിരുന്നു. രണ്ടുവര്‍ഷങ്ങളായി. ലോക്ഡൗണ്‍ കാലത്തു രണ്ടു പ്രാവശ്യം നാട്ടില്‍ വന്നുപോവുകയും ചെയ്തു. ഒരു മാസംമുമ്പ് അവളും അയച്ചു അപ്പനും അമ്മയ്ക്കും മെസ്സേജും ഫോട്ടോയും. ഒരു വര്‍ഷമായി ചേച്ചിയുമായി നല്ല ബന്ധത്തിലായിരുന്നെന്നും മതം മാറിയിരുന്നെന്നും ആ മതത്തിലെ ഒരാളുമായി ഒന്നിച്ചാണു ജീവിക്കുന്നതെന്നും! ആ മെസ്സേജ് കിട്ടിയ അന്നാണ് ഭാര്യ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. അപ്പോഴും വികാരിയച്ചനുണ്ടായിരുന്ന മറുപടി വീട്ടിലെ വളര്‍ത്തലിന്റെ ദോഷമാണെന്നായിരുന്നു പോലും!

കുട്ടിക്കാലം മുതല്‍ പള്ളിയും വേദപാഠവുമൊക്കെയായി നല്ലവിശ്വാസത്തില്‍ വളരാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടും അതിലെല്ലാം ഈ മക്കള്‍ അഗ്രഗണ്യരായിരുന്നിട്ടും അതിനെയെല്ലാം പുല്ലുപോലെ തള്ളി പുച്ഛിച്ചിട്ടു പോകാനിടയായെങ്കില്‍ മാതാപിതാക്കളല്ലല്ലോ ഉത്തരവാദികള്‍. പഠിപ്പിച്ച വേദപാഠത്തിലും പകര്‍ന്നുകൊടുത്ത വിശ്വാസത്തിലും കഴമ്പില്ലാത്തതുകൊണ്ടല്ലേ? അതുകൊണ്ട് അയാളിനി പള്ളീലേക്കുമില്ല. അച്ചനെ കാണാനുമില്ലെന്ന്.

''മേസ്തിരി അതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ എനിക്ക് പറയാന്‍ മറുപടി ഇല്ലായിരുന്നച്ചാ. പുള്ളിക്കാരന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നെനിക്കും തോന്നി. നമ്മുടെ മതബോധനത്തില്‍ എന്തോ അപാകതയില്ലേ അച്ചാ''.

സൂപ്പര്‍വൈസറുടെ ചോദ്യത്തിന് മറുപടിയൊന്നും ഉറക്കെ പറഞ്ഞില്ലെങ്കിലും മനസ്സില്‍ പറഞ്ഞു. നമ്മുടെ മതബോധനത്തില്‍ വിശ്വാസപരിശീലനമല്ല. സ്വകാര്യ അജണ്ടകളാണ് കുത്തിനിറച്ചിരിക്കുന്നത്.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts