news-details
ഫ്രാൻസിസ്കൻ വിചാര ധാര

ഫ്രാന്‍സിസിന്റെ കയ്യൊപ്പായും ഫ്രാന്‍സിസ്‌കന്‍സിന്റെ ഔദ്യോഗിക ചിഹ്നമായും നാം പരക്കെ ആദരിക്കുകയും അണിയുകയും ചെയ്തു വരുന്ന TAU എന്ന കുരിശ്, അഞ്ചാം കുരിശുയുദ്ധ ത്തിന്റെ അടയാളവും പ്രതീകവും ആയിരുന്നു എന്നത് വിചിത്രമായി തോന്നാം.  കുരിശുയുദ്ധക്കാരും അവരുടെ സൈന്യത്തിന്റെ കൊടികളും ഈ കുരിശടയാളത്താല്‍ മുദ്രിതമായിരുന്നു. അഞ്ചാം കുരിശുയുദ്ധത്തിന്റെ പ്രതീകമായി രുന്ന ഈ താവു കുരിശിനെയാണ് ഫ്രാന്‍സിസ് ഇന്ന് സമാധാനത്തിന്റെ ചിഹ്നമാക്കി മാറ്റിയത്.

എന്തായിരുന്നു കുരിശുയുദ്ധത്തിന്റെ ലക്ഷ്യ ങ്ങള്‍ എന്നതിനെപ്പറ്റി പല  അഭിപ്രായങ്ങള്‍ ഉണ്ട്. (ഈ പരമ്പരയില്‍ ക്രൈസ്തവ പക്ഷത്തു നിന്ന് ചരിത്രപരമായും സ്വയം വിമര്‍ശനാത്മക മായും ആണ് ഇതിനെ നിരീക്ഷിക്കുന്നത്). വിശുദ്ധനാട് തിരിച്ചു പിടിക്കുക എന്നത് തന്നെയായിരുന്നു കുരിശ് യുദ്ധത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. എങ്കില്‍ത്തന്നെയും വിശാല അര്‍ത്ഥത്തില്‍ ഇത്  രണ്ടു മതങ്ങളും, രണ്ടു ഭൂഖണ്ഡങ്ങളും, രണ്ടു സംസ്‌കാരങ്ങളും തമ്മിലുള്ള ഒരു വലിയ സംഘര്‍ഷം ആയിരുന്നു. മുസ്ലിംകള്‍ 'Saracen' എന്നാണ് വിളിക്കപ്പെട്ടിരുന്നത്. Saracen എന്നത് 'അറബ് മുസ്ലിം' എന്നാണ് അര്‍ത്ഥമെങ്കിലും അതൊരു അവഹേളനപരമായൊരു പ്രയോഗമാണ്. ഈ വാക്കിന്റെ ഉത്ഭവത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ല. എങ്കിലും ഏകദേശം ആറാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക് എഴുത്തുകാര്‍, അറേബ്യന്‍ Peninsula യില്‍ വസിക്കുന്ന ക്രിസ്ത്യാനികളെയും വിജാതീയരെയും ഗോത്രവര്‍ഗക്കാരെയും സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു സാധാരണ വാക്കായിരുന്നു ഇത്. പിന്നീടാണ് ലാറ്റിന്‍ ലോകത്തില്‍ ഇതിനു തീരെ നെഗറ്റീവ് ആയ ഒരു വ്യംഗ്യാര്‍ത്ഥം കൈവന്നത്. ഒന്‍പതാം നൂറ്റാണ്ടോടു കൂടി ഇറ്റലി കൂടെക്കൂടെ 'Saracen' ന്റെ   ആക്രമണത്തിന് ഇരയായപ്പോള്‍ ഈ വാക്കിന്  'Barbarian' (അപരിഷ്‌കൃതന്‍) എന്ന അപരവത്കരിക്കപ്പെട്ട ഒരു അര്‍ഥം കൂടി വന്നു ചേര്‍ന്നു. Tim Rayburn എന്ന ചരിത്രകാരന്‍ ക്രിസ്ത്യാനികള്‍ എങ്ങനെയാണു കുരിശുയുദ്ധകാലത്തു മുസ്ലിംകളെ നോക്കിക്കണ്ടിരുന്നതെന്നു നിരീക്ഷിക്കുന്നുണ്ട്. തങ്ങളുടെ ഒന്നാം തരം ശത്രുക്കള്‍ എന്ന നിലയ്ക്ക് തന്നെയാണ് ഇവരെ കണ്ടിരുന്നത്. ഒന്നാം കുരിശുയുദ്ധ കാലം (1095, പോപ്പ് അര്‍ബന്‍ II) മുതല്‍ക്കു തന്നെ ഏറ്റവും വലിയ ഒരു ഭീഷണിയായാണ് ഇവര്‍ അവതരിക്കപ്പെട്ടിരുന്നത്. ചുരുക്കത്തില്‍ ഇസ്ലാം എന്നത് ക്രൈസ്തവമല്ലാ ത്തതെന്തല്ലാമാണോ  അതെ ല്ലാമാണ്.

ഇസ്ലാം മതവും ക്രൈസ്തവ മതവും മിഷനറി മതങ്ങളാണ് എന്നത്  കുരിശു യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍പ്പോലും സ്മരിക്കേണ്ടതുണ്ട്. ശാരീരിക മരണ ഭയത്തെ പ്രതിയും, നിത്യ മരണത്തെ കുറിച്ചുള്ള ഭയത്തെ പ്രതിയും  ആളുകളെ ഈ രണ്ടു കൂട്ടരും തങ്ങളുടെ  മതങ്ങളിലേക്ക്  (ബലമായും)  ചേര്‍ത്തിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. കുരിശ് യുദ്ധത്തില്‍ മതപരിവര്‍ത്തനം ഒരു ലക്ഷ്യമായിരുന്നോ എന്നത് കൂടി പരിശോധിക്കേ ണ്ടതുണ്ട്. James  M. Powell എന്ന ചരിത്രകാരന്റെ നിരീക്ഷണത്തില്‍,  പോപ്പ് ഇന്നൊസെന്റ് മൂന്നാമന്‍  തന്റെ ശത്രുവായ സുല്‍ത്താന്റെ മതപരിവര്‍ ത്തനത്തിനുള്ള ഒരു ആഹ്വനവും നല്‍കുന്നില്ല എന്ന് കണ്ടെത്തുന്നുണ്ട്. ബെഞ്ചമിന്‍ എം. കേദാര്‍ എന്ന ചരിത്രകാരന്‍ ഈ അഭിപ്രായം ശരി വയ്ക്കുന്നുണ്ടെങ്കില്‍ തന്നെയും, കുരിശ് യുദ്ധത്തി നിടയിലും മത പരിവര്‍ത്തനങ്ങള്‍ ഇരു കൂട്ടരുടെ ഇടയിലും നടക്കുന്നുണ്ടായിരുന്നു എന്ന് വാദിക്കു ന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ശത്രുത അത്രത്തോളമായിരുന്നതിനാല്‍ ഒരു പക്ഷെ മതം മാറാന്‍ ആഗ്രഹിച്ചു ശത്രുനിര കടന്നു വരുന്നവരെ ചാരന്മാര്‍ എന്ന് കരുതി വധിച്ചിട്ടുണ്ട് എന്നതും സത്യമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി മത പരിവര്‍ത്തനവും യുദ്ധതന്ത്രത്തിന്റെ ഭാഗമായി എന്ന് വേണം കരുതാന്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് ശത്രു നിര കടന്നു സുല്‍ത്താന്റെ മുന്നിലെത്തിയ ഫ്രാന്‍സിസ് ഒരു മുസ്ലിം ആകാനായിരിക്കണം ചെന്നത് എന്ന നിഗമനത്തിനും വ്യാഖ്യാനത്തിനും ഇട നല്‍കിയത്. കേദാര്‍, chronique d’ernoulet de bernard le trésorier' എന്ന ദിനവൃത്താന്തത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഫ്രാന്‌സിസിനെക്കുറിച്ചു ഒരു ധാരണ ഉണ്ടായിരു ന്നെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്തിനു വേണ്ടിയാണു ഫ്രാന്‍സിസ് സുല്‍ ത്താനെ സന്ദര്‍ശിച്ചത്. ഫ്രാന്‍സിസ് ശത്രുനിര കടന്നു ചെന്നത് ഒരു മുസ്ലിം ആകാനാണോ? അതോ ക്രിസ്തുവിനു വേണ്ടി ഒരു രക്തസാക്ഷി ആകാനോ? ഇനി ഫ്രാന്‍സിസ് ഒരു രക്തസാക്ഷി ആകാനാണ് കടന്നു ചെന്നത് എന്ന് വ്യാഖ്യാനിക്കുക ആണെങ്കില്‍ കൂടി, ഉത്തരം ലളിതമാണ്. ഫ്രാന്‍സിസ് ഒരിക്കലും ഹിംസയ്ക്കു ഒരു ഹേതു ആയിരുന്നില്ല.  മറിച്ചു, സമാധാന ത്തിനും അഹിംസയ്ക്കും വേണ്ടി സ്വജീവിതം പോലും ഉഴിഞ്ഞു വയ്ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായി എന്ന് വേണം മനസിലാക്കാന്‍. അതുകൊണ്ടു ഒരു രക്തസാക്ഷി ആകാനാണ് ഫ്രാന്‍സിസ് കടന്നു ചെന്നത് എന്ന് വ്യഖ്യാനിച്ചാല്‍ തന്നെയും കുഴപ്പമില്ല. കാരണം, ഫ്രാന്‍സിസ് ഹിംസയ്ക്കു ഇരയായാലും കുഴപ്പമില്ല മറിച്ചു ഒരിക്കലും ഹിംസയ്ക്കു കാരണമാകില്ല എന്നതാണ് സത്യം. നിരവധി വ്യത്യസ്ത ചരിത്ര രേഖകള്‍, വ്യത്യസ്ത വീക്ഷണം വച്ച് പുലര്‍ത്തുന്നത് കൊണ്ട് ഫ്രാന്‍സിസ്-സുല്‍ത്താന്‍ സന്ദര്‍ശനം എന്നത് നമ്മെ ഒരു ആശയക്കുഴപ്പത്തിലേക്കു നയിക്കുന്നുണ്ട്. ഇതില്‍ ജോണ്‍ ടോളന്റെ നിരീക്ഷണം കൃത്യമാണ്. 'നമ്മള്‍ ഫ്രാന്‍സിസിനെ നോക്കിക്കാണുമ്പോഴെല്ലാം, നാമെപ്പോഴും അദ്ദേഹത്തെ കാണുന്നത് സ്രോതസുകളുടെ (Source) വികലമായ ലെന്‍സുകളിലൂ ടെയാണ്.' ഈ ചരിത്രപരമായ സന്ദര്‍ശനത്തെക്കു റിച്ചുള്ള വിവിധ രേഖകളും വീക്ഷണങ്ങളുമാണ് നാം തുടര്‍ന്നു  പരിശോധി ക്കുന്നത്.


(തുടരും...)

You can share this post!

ഫ്രാന്‍സിസിന്‍റെ ക്രൈസ്തവ ജീവിത സാക്ഷ്യം

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts