'ഇടിയും മിന്നലും' സ്ഥിരം വായിക്കുന്ന ചിലരുണ്ട്. അസ്സീസിമാസികയില്‍ അതുകണ്ടില്ലെങ്കില്‍ അവരു വിളിച്ചു പരിഭവം അറിയിക്കാറുണ്ട്. ഞാന്‍ എഴുതുന്നതിനെപ്പറ്റി അവരുടെ കമന്‍റുകളും അവരറിയിക്കാറുണ്ട്. "അച്ചന്‍റെ ഈ മാസത്തെ ഇടിയും മിന്നലും വായിച്ചപ്പോള്‍ അച്ചന്‍ പറയാന്‍വന്നതു പറയാതെ ആരോ നിര്‍ബ്ബന്ധിച്ചു പറയിക്കുന്നതുപോലെ ഉരുണ്ടുകളിക്കുകയാണെന്നുതോന്നി." ഒരാളുടെ കമന്‍റ് മുഖത്തടിച്ചതുപോലെയായിരുന്നു.
"പേടിച്ചിട്ടല്ല, മനസ്സുമടുത്തിട്ടാണ്. സഭയിലെ പാവപ്പെട്ട സാധാരണവിശ്വാസികളുടെ മഹാഭൂരിപക്ഷവും എന്നെപ്പോലെ മനസ്സുമടുത്തവരാണ് എന്നറിയാവുന്നതുകൊണ്ടുള്ള അതിലുള്ള അമര്‍ഷം കാരണം അവര്‍ക്കൊരാശ്വാസത്തിനുവേണ്ടി എഴുതിയതാണ്."
ഇതുപോലെ പലരും കഴിഞ്ഞദിവസങ്ങളില്‍ വിളിച്ച്, ആഗസ്റ്റ് മാസത്തിലെ എന്‍റെ ലേഖനത്തെപ്പറ്റി പറഞ്ഞതിനോടു സത്യസന്ധമായി പ്രതികരിക്കണമെന്നു തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.
'വിനാശത്തിന്‍റെ അശുദ്ധലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവര്‍ ഗ്രഹിച്ചുകൊള്ളട്ടെ - യൂദയായിലുള്ളവര്‍ പര്‍വ്വതങ്ങളിലേക്കു പലായനം ചെയ്യട്ടെ ...' (മര്‍ക്കോസ്. 13:14). പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ ഉദ്ധരണിയോടെ, ഇതേ പംക്തിയില്‍ ഞാനെഴുതിയതാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഐക്യപ്പെടുത്തുന്നതു മാത്രമേ തമ്പുരാനില്‍ നിന്നുവരൂ, വിഘടിപ്പിക്കുന്നതും പരസ്പരം അകറ്റുന്നതും എന്തുതന്നെ ആയാലും ആരില്‍നിന്നു വന്നാലും അത് എത്ര ഉന്നതനില്‍നിന്നായാലും അതിന്‍റെ അന്ത്യം വിനാശമായിരിക്കുമെന്ന്, അന്നു സഭയില്‍ അരങ്ങേറിയ കുര്‍ബ്ബാന പ്രശ്നത്തിന്‍റെയും മാര്‍ത്തോമ്മാകുരിശുവിവാദത്തിന്‍റെയും പശ്ചാത്തലത്തില്‍ ഞാന്‍ എഴുതിയപ്പോള്‍ എനിക്കു തലയ്ക്കു സുഖമില്ല എന്നുവരെ ആക്ഷേപമുയര്‍ന്നു.
സഭാനേതൃത്വം 'ഉത്തരം താങ്ങുന്ന പല്ലികള്‍' ആകരുത് എന്ന് അന്നു ഞാന്‍ തുറന്നെഴുതിയത് എടുത്ത് ഉദ്ധരിച്ച് ഒരു സഭാവിരുദ്ധ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ അതിന്‍റെ പേരില്‍ ഒത്തിരിപ്പേര് എന്‍റെ മുതുകത്ത് അന്നു പൊങ്കാലയിട്ടു. പരുക്കന്‍ഭാഷയിലാണെങ്കിലും വെറും'നഗ്നസത്യ'മാണ് അന്നു ഞാന്‍ പറഞ്ഞത് എന്ന് ഇന്നു പകലുപോലെ തെളിഞ്ഞില്ലേ? മനസ്സിലാകുന്നില്ലെങ്കില്‍ ഓര്‍മ്മിക്കുക, കൊല്ലന്‍റെ ആലയിലെ പട്ടിക്ക് എത്ര തട്ടുംമുട്ടും കേട്ടാലും, കൂടത്തിന്‍റെ അടി ചെവിക്കടുത്തുകേട്ടാലും ഒരുകൂസലുമില്ലാതെ ചുരുണ്ടുകൂടിക്കിടന്ന് 'ഉറങ്ങാന്‍' പറ്റും. കാരണം ഉറങ്ങുന്നവനെ മാത്രമെ ഉണര്‍ത്താന്‍പറ്റൂ, ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ലല്ലോ!!
സഭയിലെ തൊണ്ണൂറ്റിയൊന്‍പതു ശതമാനവും സാധാരണ വിശ്വാസികളാണ്. നേതൃത്വത്തിലിരിക്കുന്നവര്‍ ഒരുശതമാനത്തില്‍ താഴെമാത്രം. വിശ്വാസികളുടെ നെഞ്ചിടിപ്പു തിരിച്ചറിയാത്ത നേതൃത്വം ഉറക്കം നടിക്കുകയല്ലേ? തങ്ങളില്ലെങ്കില്‍, തങ്ങളു പറയുന്നതുപോലെതന്നെയല്ലെങ്കില്‍ സര്‍വ്വനാശം എന്നു ചിന്തിക്കുന്നതാണല്ലോ, ഉത്തരംതാങ്ങുന്ന പല്ലിശാസ്ത്രം!
നയിക്കാനുള്ളു നിയോഗം ഏല്‍പിക്കപ്പെട്ടവരാണല്ലോ നേതാക്കള്‍. 'ഉപ്പ് നല്ലതുതന്നെ, എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും? മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകള്‍ അതു പുറത്ത് എറിഞ്ഞുകളയുന്നു' (ലൂക്കാ. 14:34-35). ഇന്ന് സഭയും അധികാരികളും അവമതിക്കപ്പെടുന്നെങ്കില്‍, ആളുകള്‍, വിശ്വാസികള്‍തന്നെ അവഗണിക്കുന്നെങ്കില്‍ പഴിക്കുന്ന നാവുകളെയും, തൊഴിക്കുന്ന കാലുകളെയും പഴിച്ചിട്ടെന്തുകാര്യം! ഉറകെട്ടുപോയതിന്‍റെ പെരുമ്പറകൊട്ടലല്ലേ അത്!
പൂര്‍വ്വസ്ഥിതിയിലേക്ക് ഒരു തിരിച്ചുവരവ് അസാദ്ധ്യമാക്കപ്പെട്ട അവസ്ഥയിലേക്ക്, അത്രമാത്രം തകര്‍ക്കപ്പെട്ട അവസ്ഥയിലേക്ക് സഭയെ എത്തിച്ചിരിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ഒരു തിരിച്ചറിവുണ്ടാകുമോ, പ്രതിവിധി ഇനി ഒന്നുമാത്രമേയുള്ളുവെന്ന്? അതു ലൂക്കാ. 14:33-ല്‍ ഉണ്ട്; 'ഇതുപോലെ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനാവുക സാദ്ധ്യമല്ല.' മലപോലെ വളര്‍ന്ന 'ഈഗോ' മാറ്റിവച്ച്, ഇന്ന് അവിടിവിടെയായി ഉയര്‍ന്നുകേള്‍ക്കുന്ന വിവേകത്തിന്‍റെ മന്ത്രണങ്ങള്‍ക്ക്, അത് എത്ര പല്ലുകൊഴിഞ്ഞവരുടേതാണെങ്കിലും, കാതുകൊടുക്കുമോ സഭാനേതൃത്വം? 'ചെറിയോന്‍ പറഞ്ഞാല്‍ ചെവീല്‍ പോകത്തില്ല' എന്ന നാടന്‍ചൊല്ല് അറിയാമെങ്കിലും വേദനകൊണ്ടൊരു നിലവിളിയാണിത്.
മാര്‍പ്പാപ്പാ പറഞ്ഞിട്ടും അനുസരിക്കാത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം എന്നാണല്ലോ ഉറക്കെപ്പറഞ്ഞുകൊണ്ടിരിക്കുന്നത്. അതില്‍ ഒളിപ്പിച്ചിരിക്കുന്ന കാപട്യം ആര്‍ക്കാണു മനസ്സിലാകാത്തത്? ആരും തുറന്നടിക്കുന്നില്ലെന്നല്ലേയുള്ളു?
ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നകാലത്ത് ഫിലിപ്പൈന്‍സുകാരും, കൊങ്കണി സംസാരിക്കുന്ന മംഗലാപുരംകാരും ഗോവക്കാരും, തമിഴരുമെല്ലാം ഒരുമിച്ചുണ്ടായിരുന്നു. പുതുതായി ചേരുന്ന ഓരോ ആദ്യവര്‍ഷക്കാരന്‍ ബ്രദറിനും, സീനിയര്‍ ബാച്ചിലെ ഒരു സഹോദരനെ 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍' (കാവല്‍ മാലാഖ) എന്നപേരില്‍ ഒരു ഗൈഡായിട്ടു കൊടുക്കുക അന്നത്തെ പതിവായിരുന്നു. സെമിനാരിയിലെ ചിട്ടകളും രീതികളുമെല്ലാം തുടക്കക്കാര്‍ക്കു പറഞ്ഞുകൊടുക്കുന്നതും, പരിശീലിപ്പിക്കുന്നതും ഈ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍സ് ആയിരുന്നു. പലഭാഷ സംസാരിക്കുന്നവരായതുകൊണ്ട് ഇവരുരണ്ടും ഒരേ ഭാഷക്കാരാകാതിരിക്കാന്‍ റെക്ടറച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം എല്ലാവര്‍ക്കും മനസ്സിലാകുന്ന ഇംഗ്ലീഷ്മാത്രമെ എല്ലാവരും സംസാരിക്കാവൂ എന്നു കര്‍ശനനിയമവുമുണ്ടായിരുന്നു. എന്നിരുന്നാലും ഒരു കൗതുകത്തിനുവേണ്ടി എല്ലാവരുംതന്നെ മറ്റു ഭാഷകളിലെ ചില പ്രയോഗങ്ങളെങ്കിലും ആ ഭാഷക്കാരോടു ചോദിച്ചു പഠിച്ചെടുക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ചില 'കാവല്‍ മാലാഖമാര്‍' ചോദിക്കാതെതന്നെ അവരുടെ അനിയന്മാരെ അവരുടെ ഭാഷയിലെ പലതും പഠിപ്പിക്കാറുമുണ്ടായിരുന്നു. അതില്‍ വിരുതര്‍ മലയാളികളുതന്നെ ആയിരുന്നു എന്നൂഹിക്കാമല്ലോ. അങ്ങനെ വിരുതനായ ഒരു 'മലയാളി കാവല്‍മാലാഖ', അയാളെ ഏല്‍പിച്ചിരുന്ന കൊങ്കണിക്കാരന്‍ ഫസ്റ്റ് ഇയര്‍കാരനെ മലയാളം പഠിപ്പിച്ചു. 'ഗുഡ് മോര്‍ണിങ്' എന്നതിന്‍റെ മലയാളമാണെന്നു പറഞ്ഞ് അയാള്‍ ആ പാവത്തിനെ പഠിപ്പിച്ചത് 'നിന്‍റെ തന്ത കൊരങ്ങ്' എന്നായിരുന്നു. കൊങ്കണിക്കാരന്‍ അതു മനപ്പാഠമാക്കി പിറ്റെദിവസം രാവിലെ കുര്‍ബ്ബാന കഴിഞ്ഞ് ആദ്യംകണ്ട മലയാളി സഹോദരനോടു പറഞ്ഞു 'നിന്‍റെ തന്ത കൊരങ്ങ്'. അങ്ങേര് അതുകേട്ട് അമ്പരന്നു നില്‍ക്കുമ്പോള്‍ കുര്‍ബ്ബാനകഴിഞ്ഞു റെക്ടറച്ചന്‍ ഇറങ്ങിവരുന്നു, അച്ചനോടും കൊങ്കണിക്കാരന്‍ മലയാളം പറയാന്‍ പഠിച്ചതിന്‍റെ വലിയ ആവേശത്തോടെ തട്ടിവിട്ടു 'ഫാദര്‍, നിന്‍റെ തന്ത കൊരങ്ങ്'. റെക്ടറച്ചന്‍ സരസനായിരുന്നതുകൊണ്ട് അപ്പോള്‍തന്നെ കാര്യം ഊഹിച്ചെടുത്തു. കാവല്‍ മാലാഖയെ പൊക്കി, അന്നുതന്നെ പെട്ടിയെടുപ്പിച്ചു. പറഞ്ഞവനല്ല, പറയിപ്പിച്ചവനാണ് പാതകി എന്നു തിരിച്ചറിയാനുള്ള വിവേകം റെക്ടറച്ചനുണ്ടായിരുന്നു.
നമ്മുടെ സീറോ മലബാറോ, സീറോ മലങ്കരയോ പോലെ ഓരോ 'സൂയി യൂറിസ്' സഭയ്ക്കും (സ്വതന്ത്ര സ്വയംഭരണസഭ) അതിന്‍റേതായ തനതായ പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതിനോരോന്നിനും അതതിന്‍റേതായ ഭരണക്രമവും തലവനുമുണ്ട്, പാത്രിയാര്‍ക്കീസ് എന്നോ, ബാവായെന്നോ, മേജര്‍ ആര്‍ച് ബിഷപ് എന്നോ ഒക്കെ അവര്‍ വിളിക്കപ്പെടുന്നു. ലത്തീന്‍ സഭയുടെ തലവനായ റോമിലെ മാര്‍പ്പാപ്പായെ എല്ലാ സൂയി യൂറിസ് സഭകളും ഏകതലവനായി അംഗീകരിക്കുന്നു. അതാണല്ലോ കത്തോലിക്കാസഭ. കത്തോലിക്കാതിരുസഭയെ പാപ്പാ ഭരിക്കുന്നത് ഓരോ സൂയി യൂറിസ് സഭയെയും തുല്യമായി അംഗീകരിച്ചുകൊണ്ടാണ്; അതായത് അവരുടെ തലവന്മാരെയും നേതൃത്വത്തിലുള്ളവരെയും സത്യംപറഞ്ഞാല്‍ കണ്ണുമടച്ചു വിശ്വസിച്ചുകൊണ്ടാണ് എന്നര്‍ത്ഥം; അങ്ങനെയല്ലെ സാധിക്കൂ! അല്ലാതെ പാപ്പായ്ക്കു നേരിട്ട് ഓരോ സൂയി യൂറിസ് സഭയിലും ഇടപെടാന്‍ ആകുമോ? അങ്ങനെയെങ്കില്‍ കൃത്യമായും സത്യസന്ധമായും മാര്‍പ്പാപ്പായെ കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മാത്രമല്ലെ മാര്‍പ്പാപ്പായ്ക്കു നിഷ്പക്ഷമായി തീരുമാനിക്കാനും പഠിപ്പിക്കാനും പറ്റൂ. ഓരോ സഭയുടെയും നേതൃത്വത്തിലുള്ളവര്‍ അപ്രകാരം ചെയ്യുമെന്നുതന്നെവേണമല്ലോ പാപ്പാ വിശ്വസിക്കാന്‍. അതാണു പാപ്പാ ചെയ്തതും ചെയ്യുന്നതും.
ഇവിടെയാണ് മുമ്പു ഞാന്‍ സൂചിപ്പിച്ച, കൊങ്കണിക്കാരനെക്കൊണ്ടു റെക്ടറച്ചന്‍റെ തന്തയ്ക്കു വിളിപ്പിച്ച സംഭവത്തിന്‍റെ പ്രസക്തി. പാപ്പായ്ക്കല്ല തെറ്റുപറ്റിയത്, പാപ്പാ ഒന്നേ പറയുന്നുള്ളു, നിങ്ങളെ നയിക്കുന്നവരെ അനുസരിക്കൂ എന്ന്. പറഞ്ഞു ധരിപ്പിക്കുമ്പോള്‍ തങ്ങള്‍ അവതരിപ്പിക്കുന്നത് എത്ര ശരിയാണെങ്കിലും അതിന് എന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും, അതിനെതിരെ ശക്തമായ ഒരു പ്രതിപക്ഷവും ഉണ്ടെന്നംഗീകരിക്കാനും അതും വസ്തുനിഷ്ഠമായും സത്യസന്ധമായും അറിയിക്കാനുമുള്ള മനസ്സാക്ഷിബന്ധിയായ കര്‍ത്തവ്യം നീതിബോധമുള്ള ഏതു ഭരണകര്‍ത്താക്കള്‍ക്കും ഉണ്ടാകേണ്ടതല്ലേ? അതിന്‍റെ പരാജയമല്ലേ ഇന്നത്തെ ദുരവസ്ഥയുടെ കാരണം. വിശ്വാസസംബന്ധമായതോ, സഭയുടെ നിലനില്‍പിനു ഭീഷണിയാകുന്നതോ ഒന്നുമല്ല, അനുഷ്ഠാനസംബന്ധമായ അഭിപ്രായ വ്യത്യാസം മാത്രമാണ് ഇവിടെ വിഷയം എന്നത് മനസ്സിലാക്കിയിരുന്നെങ്കില്‍ എത്രവ്യത്യസ്ഥമായിരുന്നേനേം പരിശുദ്ധപിതാവിന്‍റെ നിലപാട് എന്നുള്ളത് തലയ്ക്കുള്ളില്‍ ആള്‍താമസമുള്ള ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടകാര്യമില്ല.
അപരിഹാര്യമായ നിലയില്‍ സഭ തകര്‍ച്ചയെ നേരിടുന്ന ഈ ഘട്ടത്തിലെങ്കിലും ഒരു ഉയര്‍ത്തെഴുന്നേല്‍പിന് സഭാനേതൃത്വം സന്നദ്ധമായിരുന്നെങ്കില്‍ എന്ന്, സംഭവിക്കില്ലെന്നറിയാമെങ്കിലും കൊതിച്ചുപോവുകയാണ്. അതിനുള്ള ഒറ്റമൂലി ഒന്നേ ഒന്നുമാത്രം: തെറ്റുപറ്റി എന്നു സമ്മതിക്കുക. ഒരാളോ ഒരു ഭാഗമോ മാത്രമല്ല, എല്ലാവരും. അത് അപരന്‍റെനേരെ വിരല്‍ചൂണ്ടിക്കൊണ്ടല്ല, സ്വന്തം മാറിനുനേരെ വിരലഞ്ചുംചേര്‍ത്ത് 'എന്‍റെപിഴയിടിച്ചു'കൊണ്ടായിരിക്കണമെന്നുമാത്രം.