news-details
സഞ്ചാരിയുടെ നാൾ വഴി

നമ്മുടെ വി. ടിയെയും മാന്‍മാര്‍ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള്‍ തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തി യൊന്നാം വയസ്സില്‍ ആണ് അവള്‍ ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്‍റെ പേരിന്‍റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അവള്‍ കേള്‍ക്കുന്ന ചമിലിയല്ലെന്നുമുള്ള അറിവ് അവളെ ഒരു മാന്ത്രികലോകത്ത് എത്തിച്ചു. ഒരു ചെറിയ മാറ്റം പോലും എന്തൊരു വ്യത്യാസമാണ് സത്തയില്‍ ഉണ്ടാക്കുന്നത്. അതില്‍ നിന്നാണ് അക്ഷരങ്ങളുടെ നിത്യോപാസകയായി അവള്‍ പരിണമിക്കുന്നത്. അഴകോ ധനമോ അക്ഷരത്തിന് സമശീര്‍ഷമല്ലെന്ന ബോധത്തില്‍ ആ നിമിഷം മുതല്‍ അവള്‍ പ്രകാശിച്ചു. അക്ഷരം പഠിക്കുന്നതിനു മുന്‍പ് തന്‍റെ ജീവിതം അടുത്തുള്ള ഇന്ദ്രസരോവര്‍ തടാകം പോലെ നിശ്ചലമായിരുന്നു എന്നും ഈ നിമിഷം മുതല്‍ ജീവിതം അതിന്‍റെ സമസ്ത നീരൊഴുക്കുകളെയും വീണ്ടെടുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തസാര്‍ നദിക്കു മീതേ ഒരു പാലം പണിയുകയായിരുന്നു അവളുടെ മനുഷ്യോന്മുഖമായ ജീവിത ത്തിന്‍റെ ആദ്യത്തെ ചുവട്. മണ്‍സൂണ്‍ കാലങ്ങളില്‍ കവിഞ്ഞൊഴുകുന്ന ആ പുഴയ്ക്ക് അപ്പുറമായിരുന്നു ഗ്രാമത്തിന്‍റെ പ്രാഥമിക വിദ്യാലയം. അങ്ങനെ അക്ഷരസപര്യയിലൂടെയാണ് ഒരു സ്ത്രീ തന്‍റെ കര്‍ മ്മപഥത്തിന്‍റെ ഓരോരോ ഇടത്താവളങ്ങളില്‍ എത്തുന്നത്.

അക്ഷരമാണ് താക്കോല്‍. സര്‍വ്വ നിഗൂഢതകളും തുറക്കാന്‍ കെല്‍പ്പുള്ള ആ മാന്ത്രിക താക്കോല്‍. അതിനെയാണ് തളികയിലെ ഒരുപിടി അരിയില്‍ ഇളംകൈകള്‍ തിരയുന്നത്. ക്ഷരമില്ലാത്ത ഒന്നാണ് ആ പേരില്‍ മുഴങ്ങുന്നത് എന്ന് ഇനിയും ആര്‍ക്കാണ് അറിയാത്തത്! ഒരേയൊരു പ്രാര്‍ത്ഥനയ്ക്കു വേണ്ടി ദൈവം അനുവാദം കൊടുക്കുമ്പോള്‍ അത് ജ്ഞാനത്തിനുവേണ്ടി ആവണമെന്ന് തിരഞ്ഞെടുപ്പ് നടത്തിയ ഒരാളുണ്ട്. ശലമോന്‍ പിന്നീട് അഗാധ ജ്ഞാനത്തിന്‍റെ മറുപദങ്ങളിലൊന്നായി. ബാക്കിയുള്ളതൊക്കെ വേദപുസ്തകഭാഷയില്‍ കൂട്ടിച്ചേര്‍ക്ക പ്പെടുകയാണ്. പ്രാര്‍ത്ഥനകളൊക്കെ ജ്ഞാനത്തിനു വേണ്ടിയുള്ള നിലവിളികളാണ്.

വെളിപാടിന്‍റെ പുസ്തകത്തില്‍ മനുഷ്യജീവി തത്തെ വിചാരണ ചെയ്യുന്ന അദ്ധ്യായത്തില്‍ 'പുസ്തകങ്ങള്‍ തുറക്കപ്പെട്ടു, കൂടെ ജീവന്‍റെ പുസ്തകവും' എന്നൊരു വരിയുണ്ട്. പല രീതിയില്‍ ആ പാഠഭാഗം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അതിനെ ഇങ്ങനെ വായിച്ചുകാണുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. നമ്മള്‍ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്ത ഗ്രന്ഥങ്ങള്‍ എതിര്‍ വാദത്തിനായി മുരടനക്കുന്നുണ്ട്. വായിക്കാത്തവ വീട്ടുവളപ്പില്‍ നിധിയുണ്ടായിരുന്നിട്ടും ആത്മാവിനെ പട്ടിണിമരണത്തിന് വിട്ടുകൊടുത്തതിന്, വായിച്ചവ അവയുയര്‍ത്തിയ ആകാശത്തിലേക്ക് പറന്നുപോകു ന്നതിനു പകരമായി പരല്‍മീനുകളില്‍ കുരുങ്ങി ജീവിതത്തെ കനമോ കാമ്പോ ഇല്ലാതാക്കിയതിന്. അതുകൊണ്ടാണ് 'നീ ഈ പുസ്തകമൊക്കെ വായി ക്കുന്നതല്ലേ നിനക്കിതെന്തുപറ്റി', എന്ന ചോദ്യ ത്തില്‍ കടല്‍ത്തിരയില്‍ കട്ടമരം പോലെ ചിലര്‍ നെടുകെ പിളര്‍ന്നുപോകുന്നത്.

You can share this post!

ഉടല്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

നെരിപ്പോട്

ബോബി ജോസ് കട്ടികാട്
Related Posts