വിശുദ്ധ ബൈബിള്‍ ഏകാന്തതയെക്കുറിച്ച് ധാരാളമായി വിവരിക്കുന്നുണ്ട്. 'മരുഭൂമി അനുഭവം' എന്നാണ് അതിനെ വിളിക്കുന്നത്. ഒറ്റക്കിരുന്നു ശക്തി സംഭരിക്കുന്ന അവസ്ഥയാണിത്. ബൈബിളിന്‍റെ ആദ്യകാല വിവരണം മുതല്‍ ഈ ഏകാന്തതയുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. വഴികള്‍ വ്യക്തമായി അറിയാത്തവന് വഴി പറഞ്ഞുകൊടുക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന സ്ഥലമാണിത്. "നീ ശാന്തമാവുക, ഞാന്‍ ദൈവമാണെന്നറിയുക" എന്ന് ദൈവം സംസാരിക്കുന്ന സ്ഥലം. കൃഷി ചെയ്ത് തളര്‍ന്ന സ്ഥലത്തെ നാം കുറച്ചുനാള്‍ വെറുതെവിടാറുണ്ട്. അത് പാഴായ കാലമല്ല. കൂടുതല്‍ ഫലപ്രദമായ വിളവുണ്ടാകുവാന്‍ കൃഷിഭൂമികള്‍ കുറച്ചുനാള്‍ തരിശുഭൂമിയായി ഇടണം. അതുപോലെ ധാരാളം ജോലികള്‍ ചെയ്തുമടുക്കുമ്പോള്‍ കുറച്ചുനാള്‍ വെറുതെയിരിക്കണം. ഇപ്രകാരം വെറുതെയിരിക്കുന്ന കാലങ്ങള്‍ സ്വന്തം ഉള്ളിലേയ്ക്കും, ദൈവത്തിലേയ്ക്കും, ചുറ്റുപാടുകളിലേയ്ക്കും നോക്കുവാനുള്ള സമയമാണത്. പൂര്‍വ്വികരെ വഴിനടത്തിയ ദൈവം നമ്മുടെ കൂടെയുണ്ട് എന്ന ബോധ്യം തരുന്ന സമയമാണിത്.
മരുഭൂമിയില്‍ ഏകനായി കിടക്കുമ്പോഴാണ് ദൈവം യാക്കോബിന് സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോവണി കാണിച്ചു കൊടുത്തത്. മരുഭൂമിയിലെ ഏകാന്തതയില്‍ അബ്രാഹമിന് ദൈവം വഴിപറഞ്ഞു കൊടുത്തു. യജമാനത്തിയുടെ സുഖശീതളായ സുരക്ഷിത്വം വെടിഞ്ഞു ഹാഗാര്‍ മരുഭൂമിയിലലഞ്ഞപ്പോള്‍ ശക്തി ധരിച്ചു. ആന്തരികമായ ശക്തി ധരിക്കുന്നതിനും പ്രതിസന്ധികളെ അതിജീവിക്കുവാനും ഏകാന്തതയില്‍ ചെലവഴിക്കുന്ന കാലങ്ങള്‍ നമ്മെ സഹായിക്കുന്നു. ഉള്‍ക്കരുത്ത് ആര്‍ജ്ജിക്കുവാന്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ സഹായിക്കും. ഉള്ളില്‍ ഒരുറപ്പ് രൂപപ്പെടുമ്പോള്‍ നമ്മള്‍ പുതിയ മനുഷ്യനായി മാറും. ഇന്നലകളിലെ വീഴ്ചകള്‍ തിരുത്തി നാളത്തേക്കു പുത്തന്‍ ശക്തിയുമായി പുറപ്പെടുവാന്‍ മരുഭൂമി അനുഭവം ഒരുവ്യക്തിയെ ഒരുക്കുന്നു.
നാളെ ഏറ്റെടുക്കേണ്ട ദാത്യമെന്താണെന്ന് ബോധ്യപ്പെടുത്തുന്നത് മരുഭൂമി അനുഭവത്തിലാണ്. എത്ര ഭാരമേറിയ ദൗത്യം ഏറ്റെടുക്കേണ്ടിവരുമ്പോഴും അതിനുള്ള വെളിപാടും ശക്തിയും ഈ അവസ്ഥയില്‍ ദൈവം പ്രദാനം ചെയ്യും. തീക്ഷ്ണതയോടെ ജനമദ്ധ്യത്തില്‍ ജ്വലിക്കുവാന്‍ സ്നാപക യോഹന്നാന് ശക്തി ലഭിച്ചത് ഏകാന്തതയില്‍വച്ചാണ്. "സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ലെന്ന് "യേശു പറയുമ്പോള്‍ യോഹന്നാന്‍ ധരിച്ച ആന്തരികശക്തിയെക്കുറിച്ച് സൂചനയുണ്ട്. തന്‍റെ ദൗത്യം ആരംഭിക്കുന്നതിനുമുമ്പ് ശക്തിപ്രാപിക്കുവാന്‍ യേശു മരുഭൂമിയിലേക്കു പോയി. തപസ്സിന്‍റെ ഏകാന്തതയില്‍ നിന്ന് ലഭിക്കുന്ന ശക്തിയാണ് ജീവിതവിജയത്തിന്‍റെ അടിത്തറ. നല്ല സംഗീതം ഉയരുന്നത് നിശബ്ദതയില്‍ നിന്നാണ്. എല്ലാ ശബ്ദങ്ങളും ലയിച്ചുചേരുന്നതും നിശബ്ദതയില്‍ തന്നെ. ലക്ഷ്യവും ബോധ്യവും ഏകാന്തതയില്‍നിന്നും ഹൃദയത്തിലുയരുന്നു.
ഒരു വ്യക്തിയെ നേതൃത്വത്തിന് അഭ്യസിപ്പിക്കുന്നത് ഏകാന്തതയിലാണ്. ഈജിപ്തില്‍ നിന്ന് പലായനം ചെയ്ത ഇസ്രായേല്‍ ജനതയെ കരുത്തുള്ള സമൂഹമാക്കി മാറ്റിയത് മരുഭൂമിയാത്രയാണ്. ഈജിപ്തില്‍ നിന്ന് ഇറങ്ങിയ ഉടനെ കാനാന്‍ ദേശത്തു ചെന്നിരുന്നെങ്കില്‍ കഠിനപരീക്ഷകളെ നേരിടുവാന്‍ അവര്‍ക്കു ശക്തി ലഭിക്കില്ലായിരുന്നു. 40 വര്‍ഷക്കാലത്തെ മരുഭൂമിയാത്ര അവരെ രൂപാന്തരപ്പെടുത്തി. ഈ മരുഭൂമി യാത്രയിലാണ് മോശ ശക്തനായിത്തീര്‍ന്നത്. വിക്കനും, വൃദ്ധനും, അനാഥനുമായ മോശ മറ്റൊരു വ്യക്തിത്വമായി മാറ്റപ്പെട്ടു. ഫറവോന്‍റെ കൊട്ടാരത്തിലെ അപ്പവും മാംസവും നല്‍കിയ ശക്തിയേക്കാള്‍ പതിമ്മടങ്ങു ശക്തി മരുഭൂമി അവനു നല്‍കി. ഏലിയ്യാ പ്രവാചകന്‍ മരുഭൂമിയില്‍ ചൂരച്ചെടിയുടെ തണലില്‍കിടന്നു ശക്തിധരിച്ചു. ദൈവം ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ ഇങ്ങനെയുള്ള ഏകാന്തതയുടെ നിമിഷങ്ങള്‍ കരുതിവെച്ചിരിക്കുന്നു. ഈ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ നിന്ന് കരുത്താര്‍ജ്ജിച്ചു മുന്നേറുമ്പോള്‍ ഒരു വലിയ സമൂഹത്തെ നയിക്കാനുള്ള കഴിവും നമുക്കു ലഭിക്കും.
ശത്രുവിനോടു പോരാടാനുള്ള ബലം ഇവിടെയാണ് ലഭിക്കുന്നതും. മാമ്മോദീസ കഴിഞ്ഞയുടന്‍ യേശു മരുഭൂമിയിലേക്കുപോയി. അവിടെ സാത്താന്‍ അവനെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു. പ്രലോഭനം ഉണ്ടായെങ്കിലും യേശു പ്രലോഭിതനായില്ല. ആദിമാതാപിതാക്കള്‍ക്കു പ്രലോഭനമുണ്ടായപ്പോള്‍ അവര്‍ പ്രലോഭിതരായി. ഏകാന്തതയില്‍ നിന്നു ലഭിച്ച ആന്തരീകശക്തിയില്‍ യേശു സാത്താനെ തോല്‍പ്പിച്ചു. എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തുവാനുള്ള ആന്തരിക ഊര്‍ജ്ജം സ്വായത്തമാക്കുവാന്‍ ഏകാന്തത സഹായിക്കും. ഏതു കഠിന പ്രലോഭനങ്ങളെയും നേരിടാനുള്ള ബലം ഏകാന്തതയില്‍ നമുക്കു ലഭിക്കും. സ്വയം ഒരുങ്ങുവാനും ലോകത്തിന്‍റെ ശക്തികളെ അതിജീവിക്കാനുമുള്ള ഒരുക്കത്തിന്‍റെ സ്ഥലമാണിത്. ആത്മീയ സത്യങ്ങള്‍ വെളിപ്പെടുത്തുന്ന സ്ഥലം. ഈ വഴി നമ്മിലൂടെ ലോകത്തില്‍ അത്ഭുതങ്ങള്‍ അരങ്ങേറും.
വിശുദ്ധ ഫ്രാന്‍സിസ്സ് അസ്സീസി ഇപ്രകാരമുള്ള മരുഭൂമി അനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ്. ഒക്ടോബര്‍ 4ന് വിശുദ്ധന്‍റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഏകാന്ത ജീവിതം ഒരു മാതൃകയായി നമ്മുടെ മുമ്പിലുണ്ട്. അസ്സീസി നഗരത്തിനടുത്തുള്ള മലമുകളില്‍ ഏകാന്തതയില്‍ ഇരുന്നു. പോര്‍സ്യങ്കുല ദൈവാലയത്തിലും അല്‍വേര്‍ണാ മലയിലും, സാന്‍ദാമിയാനോയിലും, ഗ്രേച്ചിയോയിലെ ഗുഹയിലും ഒറ്റക്കിരുന്ന് വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചു. ഏകാന്തതയില്‍ നിന്നു ലഭിച്ച ശക്തിയില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ ആ വാക്കുകള്‍ക്കു തീജ്വാലയുടെ ചൂടുണ്ടായിരുന്നു. കഴിഞ്ഞകാല തിന്മകളെ ജ്വലിപ്പിച്ച തീജ്വാല. മറ്റൊരു ക്രിസ്തുവെന്നു ലോകം അദ്ദേഹത്തെ വിളിച്ചു. ജീവിതത്തിന്‍റെ ഏകാന്ത നിമിഷങ്ങളില്‍ പ്രാര്‍ത്ഥനാനിര്‍ഭരരായിരുന്നു നമുക്കു ശക്തി സംഭരിക്കാം.