ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് വാഗ്ദത്തഭൂമിയിലേക്ക് നയിച്ച നേതാവാണ് മോശ. വിക്കനും വൃദ്ധനും കൊലപാതകിയും അനാഥനുമായ മോശയുടെ ജീവിതവഴികള്‍ അത്ഭുതങ്ങള്‍ നിറഞ്ഞതുമായിരുന്നു. മോശ എപ്രകാരമാണ് ശക്തനായിത്തീര്‍ന്നതെന്ന് ധ്യാനപൂര്‍വ്വം നാം ചിന്തിക്കണം. ദൈവം നടത്തിയ അത്ഭുതവഴികള്‍ മോശയുടെ ജീവിതത്തില്‍ നാം കണ്ടെത്തും. മോശയെ കൊന്നുകളയാന്‍ കല്പിച്ച ഫറവോന്‍റെ ഭണ്ഡാരത്തില്‍നിന്നുതന്നെ അവനെ മൂലയൂട്ടാനുള്ള വേതനം ദൈവം നേടിക്കൊടുത്തു. ബലഹീനനായ മോശ ദൈവത്തോട് ബന്ധപ്പെട്ടുവന്നപ്പോള്‍ ബലവാനായി മാറുന്നു.
ഒന്നാമതായി ദൈവത്തില്‍നിന്നും പ്രമാണങ്ങള്‍ ഏറ്റുമേടിച്ചവനാണ് മോശ. ദൈവം നല്‍കിയ പത്തുകല്പനകള്‍ അദ്ദേഹം പാലിച്ചു. ദൈവപ്രമാണങ്ങളുടെ വഴിയില്‍ നടക്കുവാന്‍ ജനത്തെ ഉപദേശിച്ചു. പ്രമാണലംഘനം പാപമാണെന്ന് ജനത്തെ പഠിപ്പിച്ചു. പ്രമാണങ്ങള്‍ അഭംഗുരം പാലിക്കുന്നവന്‍ ദൈവതിരുമുമ്പില്‍ വിശുദ്ധിയുള്ളവനായിരിക്കും എന്ന തിരിച്ചറിവു ജനത്തിനുനല്കി. ധ്യാനപൂര്‍വ്വം ദൈവതിരുസന്നിധിയിലിരുന്ന് ദൈവത്തിന്‍റെ മനസ്സു പഠിക്കണം. ആ നിശ്ശബ്ദമായ ഇരിപ്പില്‍ ദൈവം തന്‍റെ കല്പനകള്‍ നമുക്കു നല്‍കും. ദൈവകല്പനകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നവന് ഉള്‍ക്കരുത്തു ലഭിച്ചു. ആ ശക്തിയില്‍ അവനിലൂടെ അത്ഭുതങ്ങള്‍ അരങ്ങേറും.
രണ്ടാമതായി ആരാധനയുടെ വഴികള്‍ മോശ ദൈവത്തില്‍നിന്നു പഠിച്ചു. ഒരു സമൂഹമായി ഒന്നിച്ചു നില്‍ക്കുവാനും ഒരേ മനസ്സുള്ള ദൈവരാധന അനിവാര്യമാണെന്നു മോശ തിരിച്ചറിഞ്ഞു. ആരാധനക്രമങ്ങള്‍ ഒരു ജനത്തെ ഒന്നിച്ചുനിര്‍ത്തും. ആരാധനരീതികളാണ് വിശ്വാസിസമൂഹത്തെ ഒന്നിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും. ജീവിതവിശുദ്ധീകരണത്തിന് ദൈവാരാധനയും അതിനുള്ള ക്രമങ്ങളും അത്യാവശ്യമാണെന്ന് തിരിച്ചറിയുന്ന പാപരഹിതരായി ജീവിച്ചു. വിശുദ്ധിയുടെ പടവുകള്‍ കയറാന്‍ ആരാധനക്രമങ്ങള്‍ ഒരാളെ ശക്തനാക്കുന്നു. ആരാധനവഴി സര്‍വ്വശക്തനില്‍ നിന്നും ശക്തിപ്രാപിക്കാതെ മനുഷ്യന് വിശുദ്ധിയില്‍ മുന്നേറാന്‍ കഴിയുകയില്ല. ഈ തിരിച്ചറിവ് മോശയെ ശക്തിപ്പെടുത്തി. ദൈവത്തിന്‍റെ മുഖവും സ്വരവുമായി മോശ മാറി. മോശയില്‍ കണ്ട രൂപാന്തരീകരണം മോശ നയിച്ച ജനത്തിലുമുണ്ടായി.
മൂന്നമതായി മുമ്പോട്ടുള്ള വഴിയെക്കുറിച്ചു മോശ ദൈവത്തോട് ചോദിച്ചറിയുന്നു. എങ്ങോട്ടു പോകണമെന്ന് മോശക്കറിയില്ല. ഒന്നും വ്യക്തമല്ലാത്ത മരുഭൂമിയിലൂടെ യാത്രചെയ്യണം. മണലാരണ്യത്തില്‍ വഴി കണ്ടുപിടിക്കുക ദുഷ്ക്കരമാണ്. പര്‍വ്വതമുകളില്‍ വച്ച് ദൈവത്തോട് വഴി ചോദിച്ചറിയുന്നു. ദൈവം തന്നെയാണ് തന്‍റെ വഴിയെന്ന് തിരിച്ചറിയുന്നു. ചെങ്കടലിന്‍റെ തീരത്തുചെന്നപ്പോള്‍ വഴിയറിയാതെ മോശ സ്തബ്ധനായി നിന്നു. അപ്പോള്‍ പിന്നില്‍നിന്നൊരു സ്വരം: "ഇതാണു വഴി, ഇതിലേ പോകുക." ആര്‍ത്തിരമ്പുന്ന തിരമാലകളുടെ മുകളിലേക്ക് മോശ ഉണങ്ങിയ വടി നീട്ടിപിടിച്ചു. ആ നിമിഷം കടല്‍ വറ്റി, കര തെളിഞ്ഞു. തെളിഞ്ഞുവന്ന വഴികളിലൂടെ കടലിന്‍റെ മറുകരയിലേക്ക് മോശ ഇസ്രായേല്‍ ജനത്തെ നയിച്ചു. വഴി തടയുന്നവനില്‍ വഴി കണ്ടെത്തിയവനായി മോശ മാറുന്നു. ഓരോ നിമിഷവും ദൈവത്തോട് ആലോചന നടത്തുന്ന മനുഷ്യനു ദൈവം അവനു നടക്കേണ്ട വഴികള്‍ പറഞ്ഞുകൊടുക്കും. ഉല്‍പ്പത്തി 3/9ല്‍ 'ആദം നീയെവിടെയാണ്?" എന്നു ചോദിച്ച ദൈവം ഓരോ നിമിഷവും ഈ ചോദ്യം നമ്മോടു ചോദിക്കുന്നു. "നീ എവിടെ നിന്നു വരുന്നു? എവിടേക്ക് പോകുന്നു?" എന്ന ചോദ്യമാണ് ദൈവം ഉയര്‍ത്തുന്നത്. എന്‍റെ മുമ്പിലുള്ള വഴികളിലെ വളവുകളെയോര്‍ത്ത് ആകുലപ്പെടാതെ വഴി നടത്തുന്നവന്‍റെ കരങ്ങളില്‍ മുറുകെ പിടിക്കുക. മണല്‍ക്കാറ്റും പൊടികളുമെല്ലാം ഉയര്‍ന്നുവരാം. അവയുടെ നടുവില്‍ അക്ഷോഭ്യനായി നടക്കുവാന്‍ അവിടുത്തെ വഴികള്‍ നിരന്തരം ചോദിച്ചറിയുക."
നാലാമതായി ദൈവം തന്‍റെ കൂടെ നടക്കുന്നുണ്ടെന്ന ഉറപ്പു മോശയെ ബലപ്പെടുത്തി. പുറപ്പാട് 14?14. "മോശെ നീ ശാന്തമായിരിക്കുക, നിനക്കുവേണ്ടി യുദ്ധം ചെയ്യുന്ന കര്‍ത്താവ് നിന്‍റെ കൂടെയുണ്ട്" എന്ന വാഗ്ദാനം മോശക്കു ബലമേകി. "നിന്‍റെ കൂടെയുണ്ട്" എന്നു പറയുന്ന ദൈവം എന്നും മോശക്കും ഇസ്രായേല്‍ ജനത്തിനുമൊപ്പം നടന്നു. ചൂടേറിയപ്പോള്‍ മേഘസ്തംഭമായും ഇരുള്‍ പരന്നപ്പോള്‍ ദീപസ്തംഭമായും കൂടെ നടന്ന് മരുഭൂമിയിലെ വിശപ്പില്‍ മന്നയും കാടപ്പക്ഷിയുമായി കൂടെ നടന്നു. വെള്ളത്തിനുവേണ്ടി ദാഹിച്ചപ്പോള്‍ കരിമ്പാറകള്‍ പിളര്‍ന്നു തണുത്ത ജലമായി ഒഴുകിയെത്തി. തിരുത്തുവാന്‍ പ്രവാചകന്മാരെയും ഭരിക്കുവാന്‍ രാജാക്കന്മാരെയും വിശുദ്ധീകരിക്കുവാന്‍ പുരോഹിതരെയും ദൈവം നല്കി. മോശയുടെ കൂടെ നടന്ന ദൈവം മോശ നയിച്ച ജനത്തിനൊപ്പം മോശക്കു ശേഷവും നടന്നു. ജീവിതത്തിന്‍റെ നാല്‍ക്കവലകളില്‍ പകച്ചുനില്‍ക്കുമ്പോഴോര്‍ക്കണം, എന്‍റെ കൂടെ നടക്കുന്ന ഒരു ദൈവമുണ്ടെന്ന്. അദൃശ്യനായി, അതിഥിയായി എന്‍റെ ഊട്ടുമേശയിലുണ്ട് നേരില്‍ കാണാന്‍ കഴിയാത്ത സഹയാത്രക്കാരനായി ദൈവം കൂടെയുണ്ട്.
അഞ്ചാമതായി ദൈവത്തിന്‍റെ തേജസ്സു കണ്ടെത്തുവനാണ് മോശ. ദൈവത്തിന്‍റെ സ്വഭാവത്തിന്‍റെ വെളിപ്പെടുത്തലുകള്‍ കണ്ടവനാണ് മോശ. ദൈവം കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനും ആവശ്യങ്ങളില്‍ ഇറങ്ങിവരുന്നവനുമാണെന്ന് മോശക്കു ബോധ്യമായി. ദൈവത്തിന്‍റെ തേജസ് അനുഭവിച്ച മോശയും തേജസ്സു നിറഞ്ഞവനായി. ദൈവം പ്രകാശമാണെന്നും ആ പ്രകാശം അനുഭവിച്ചവരെല്ലാം പ്രകാശിതരാകുമെന്നും 34-ാം സങ്കീര്‍ത്തനം 4-5 വാക്യങ്ങളില്‍ നാം വായിക്കുന്നു. ദൈവത്തിന്‍റെ മനസ്സ് വായിച്ചറിയുന്ന മനുഷ്യന് ഒന്നിനെയും ഭയമില്ല. അതായിരുന്നു മോശയുടെ ജീവിതം. ഈ ജീവിതമാതൃക നമുക്കു ശക്തി നല്‍കട്ടെ.