'അധികാരം' കേന്ദ്രീകൃതമായ ഒരു ലോകക്രമത്തില്‍ ജീവിക്കുന്ന നമുക്ക് ഫ്രെഡറിക് നീച്ചേ പറഞ്ഞത് സത്യമായി സംഭവിച്ചു എന്ന് കാണാവുന്നതാണ്: 'യാഥാര്‍ഥ്യം എന്നത് അധികാരത്തിനു വേണ്ടിയുള്ള ഇച്ഛയുടെ വികാസം ആണ്.' (Reality is a development of the will to power.) മതത്തിന്‍റെയും, രാഷ്ട്രീയത്തിന്‍റെയും, സാമൂഹ്യവ്യവസ്ഥിതികളുടെയും ഇന്ന് കാണുന്ന പതനത്തിനു കാരണമായ ശക്തിയെക്കുറിച്ചുള്ള ഒരു നിരീക്ഷണ മായിരുന്നു ഇത്. സ്നേഹവും ക്ഷമയുമൊക്കെ ബലഹീനരുടെ പുണ്യങ്ങളാണെന്നും, അധികാരത്തിനു വേണ്ടിയുള്ള ഇച്ഛയിലൂടെ ഒരു 'സൂപ്പര്‍മാന്‍' ആകുക എന്നതാണ് ശക്തന്‍റെ ലക്ഷണമായി അദ്ദേഹം, Thus Spake Zarathustra എന്ന കൃതിയില്‍ ഒരു പുതിയ ലോകക്രമത്തിനു വേണ്ടിയുള്ള എത്തിക്സില്‍ അവതരിപ്പിക്കുന്നത്. "Theories are also power factors,' Michal Foucault,' എന്ന് Michal Foucautl കണ്ടെത്തിയതും സാമൂഹ്യ ഘടനകളെക്കുറിച്ചുള്ള ചരിത്രപരമായ ഒരു അന്വേഷണത്തിന് ശേഷമാണ്. അങ്ങനെ അധികാരപ്രയോഗത്തിനുള്ള ഇടമായി ഏതൊരു ബന്ധവും മാറുന്ന ഒരു കാലമാണിത്. ഈ ഒരു വീക്ഷണം എല്ലാകാലഘട്ടത്തിലും, അധികാരപ്രയോഗവുമായി ബന്ധപ്പെട്ടു ശരിയാ യിരുന്നു താനും. ഇങ്ങനെ നോക്കിയാല്‍, ഫ്രാന്‍സിസ് പ്രതിനിധാനം ചെയ്യുന്ന സമാധാനത്തിന്‍റെയും, സംവാദത്തിന്‍റെയും രീതി ഒരു ബലഹീനന്‍റെ പുണ്യം തന്നെയാണ്. എന്നാല്‍ അധികാരം ഉണ്ടായിരുന്നിട്ടും, അധികാരവാഞ്ഛയില്ലാതെ മനുഷ്യര്‍ക്ക് കണ്ടുമുട്ടാം എന്നതിന്‍റെ ഉദാഹരണമാണ് ഫ്രാന്‍സിസും സുല്‍ത്താനും. ഫ്രാന്‍സിസ് സഭാ ധികാരികളുടെ അധികാരത്തിന്‍റെ പിന്‍ബലത്തിലല്ല സുല്‍ത്താന്‍റെ കൊട്ടാരത്തിലേക്കു പോകുന്നത്. സുല്‍ത്താനാകട്ടെ, തന്‍റെ അധികാരം ഫ്രാന്‍സിസിനോട് പ്രകടിപ്പിച്ചതുമില്ല. അധികാരപ്രയോഗമല്ല ഒരുവനെ സൂപ്പര്‍മാന്‍ ആക്കുന്നത് എന്ന് ഇവര്‍ തെളിയിച്ചു.
ഫ്രാന്‍സിസിസും സുല്‍ത്താനും തമ്മിലുള്ള സമാധാനപരമായ കണ്ടുമുട്ടലിന്‍റെ പശ്ചാത്തല ത്തില്‍, ഈ സംഗമത്തെ 'സാഹോദര്യത്തിന്‍റെ സംവാദം' എന്ന് വിളിക്കുന്നതു ഉചിതമായ ഒരു വിശേഷണമാണോ എന്നുള്ളതാണ് നമ്മുടെ അന്വേഷണം. ഇങ്ങനെ ഒരു വിശേഷണത്തില്‍ ഒരു അതിശയോക്തിയും ഇല്ല എന്ന് ഇത് വരെ കണ്ടതിന്‍റെ വെളിച്ചത്തില്‍ പറയാനാകും. അതി നുള്ള ഒന്നാമത്തെ കാരണം ഫ്രാന്‍സിസ് തന്നെ യും, കുരിശു യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍, സഭാധികാരികളുടെ രീതികള്‍ക്ക് വിരുദ്ധമായി, സുല്‍ത്താനെ സന്ദര്‍ശിച്ചു എന്നുള്ളതാണ്. അത് കൂടാതെ തന്‍റെ പ്രബോധനങ്ങളിലൂടെ സ്നേഹ ത്തിനും സമാധാനത്തിനും ഊന്നല്‍ കൊടുക്കു കയും ചെയ്തു. മതത്തിന്‍റെ സ്വജനപക്ഷപരമായ വേര്‍തിരിവുകളും, അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയിലെ അന്യവത്കരണവും ഒന്നും ഫ്രാന്‍സിസിനെ, അപര സ്നേഹത്തില്‍ നിന്നും അകറ്റിയില്ല. താന്‍ ജീവിച്ച ഇറ്റലിയുടെ ചുറ്റുപാടില്‍ മാത്രമല്ല, കാതങ്ങള്‍ക്കിപ്പുറം ഈജിപ്തിലേക്കും ആ സ്നേഹവും, സമാധാനവും പടര്‍ത്താന്‍ ഫ്രാന്‍സിസിനു കഴിഞ്ഞു എന്നത് ഈ സാഹോദ ര്യത്തിന്‍റെ സാര്‍വ്വദേശീയതെയാണ് പ്രകാശിപ്പിക്കുന്നത്.
ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സാരസന്‍സിനിടയിലേക്കു തന്‍റെ സഹോദരന്മാര്‍ പോകണമെന്ന് ഉള്ള ഫ്രാന്സിസിസിന്‍റെ പ്രബോധനം നാം വിശദമായി കണ്ടതാണ്. എന്നിരുന്നാലും, Regula non bullata -യിലെ ഇരുപത്തിരണ്ടാം അധ്യായം ഫ്രാന്‍സിസിന്‍റെ Testament (മരണ പത്രം) ആണെന്നാണ് textual criticism എന്ന സങ്കേതത്തിലൂടെ Flood എന്ന പണ്ഡിതന്‍ അവതരിപ്പിക്കുന്നത്. ഫ്രാന്‍സിസിന്‍റെ 1219 -ലെ ഈജിപ്ത് യാത്ര ഒരു രക്തസാക്ഷ്യത്തിനുള്ള ഒരു പുറപ്പാടാ യിരുന്നെന്നും, അതിനു മുന്‍പ് എഴുതപ്പെട്ടതാണ് ഇരുപത്തിരണ്ടാം അധ്യായം എന്നുമാണ് വാദം. ഫ്രാന്‍സിസിന്‍റെ അവസാന വാക്കുകളായാണ് അദ്ദേഹം ഇതിനെ കാണുന്നത്. Regula non bullata -യിലെ ഇരുപത്തിരണ്ടാം അധ്യായത്തില്‍ നാം ഇങ്ങനെ കാണുന്നു:
'(എന്‍റെ) പ്രിയ സഹോദരന്മാരെ, കര്‍ത്താവു പറയുന്നത് നമുക്ക് പാലിക്കാം, 'ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്മ ചെയ്യുവിന്‍' (മത്തായി 5, 44). നമ്മള്‍ ആരുടെ കാലടികളാണോ പിന്‍ചെല്ലേണ്ടതു (cf. 1 പത്രോസ് 2, 21), ആ കര്‍ത്താവു തന്നെയും, തന്നെ ഒറ്റിക്കൊടുത്തവനെ 'സ്നേഹിതാ' എന്ന് വിളിക്കുകയും, തന്നെ ക്രൂശിച്ചവര്‍ക്കു അവനെ ത്തന്നെ വിട്ടു കൊടുക്കുകയും ചെയ്തു. അതിനാല്‍, നമ്മുടെ മേല്‍ അന്യായമായി, വിചാരണ, വ്യാകുലത, അപമാനം, പീഡ, സഹനം, ദണ്ഡനം, രക്ത സാക്ഷിത്വം, മരണം എന്നിവ നല്‍കുന്നവര്‍ നമ്മുടെ സ്നേഹിതന്മാരാണ്. നാം അവരെ അതിയായി സ്നേഹിക്കണം, കാരണം അവര്‍ നമ്മില്‍ ചുമത്തുന്ന ഈ പീഡനങ്ങളില്‍ നിന്നും നമുക്ക് നിത്യ ജീവനുണ്ട്.'
Regula non bullata -യിലെ ഇരുപത്തിരണ്ടാം അധ്യായത്തിലെ ഈ വാക്യങ്ങളും, നാം മുന്‍പ് കണ്ട ഫ്രാന്‍സിസിന്‍റെ 'ഒന്‍പതാമത്തെ പ്രബോ ധനവും' തമ്മില്‍ സാമ്യങ്ങളുണ്ട്. Warren എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതയുടെ അഭിപ്രായത്തില്‍ ഫ്രാന്‍സിസിന്‍റെ ഹൃദയത്തില്‍ ആഴ്ന്നിറ ങ്ങിയ'വിശ്വസാഹോദര്യത്തിന്‍റെ ദര്‍ശനത്തിലേക്കാണ്' ഈ വാക്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്, അതും ഈജിപ്തിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ. Warren -ന്‍റെ വീക്ഷണത്തില്‍ ഫ്രാന്‍സിസിന്‍റെ ഈ 'അവസാനത്തെ വാക്കുകള്‍' ആവിഷ്കരിക്കുന്നത് ഫ്രാന്‍സിസിന്‍റെ ദര്‍ശനത്തിന്‍റെ കാതലും, തന്‍റെ സഹോദര്യസംഘത്തിന്‍റെ ഹൃദയവുമാണ്. അവരുടെ അഭിപ്രായത്തില്‍, ഒരു യഥാര്‍ത്ഥ എളിയ ഫ്രാന്‍സിസ്കന്‍ സഹോദരന്‍റെ വഴിയാണിത്. സാധാരണ രീതിയില്‍ നാം മനസിലാക്കുന്ന 'സ്നേ ഹിതന്‍' എന്ന വാക്കിന്‍റെ നേര്‍വിപരീതത്തിലാണ് ഫ്രാന്‍സിസ് 'സ്നേഹിതന്‍' ആരാണെന്നു മനസിലാക്കുന്നത്. നമ്മെ വ്രണപ്പെടുത്തുന്നവനും, ദുഃഖവും, എന്തിനേറെ മരണവും നല്‍കുന്നവനും ഫ്രാന്‍സീസിന് സ്നേഹിതനാണ്. Cusato എന്ന പണ്ഡിതനും Regula non bullata -യിലെ ഇരുപത്തി രണ്ടാം അധ്യായത്തിലെ ഈ വാക്യങ്ങളെ ഫ്രാന്‍സിസ് ഈജിപ്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് രചിച്ചു എന്നതിന്‍റെ വെളിച്ചത്തിലാണ് ധ്യാനി ക്കുന്നത്. Cusato ഈ അധ്യായത്തിന്‍റെ സന്ദേശം ഇങ്ങനെയാണ് മനസ്സിലാക്കുന്നത്:
'നാം ശത്രു എന്ന് കരുതുന്നയാള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ സുഹൃത്താണ്. ഫ്രാന്‍സിസിന്‍റെ വാക്കുകളുടെ ശരിയായ അര്‍ത്ഥവും, സ്നേഹിതന്‍ എന്ന വാക്കിന്‍റെ വിവക്ഷയും മനസിലാക്കാനും, അതോടൊപ്പം സ്നേഹിതന്‍, സൗഹൃദം എന്നീ വാക്കുകള്‍ തമ്മില്‍ തുല്യമായി പരിഗണിക്കുന്ന തിന്‍റെ അബദ്ധം മനസിലാക്കാനും, ഇതിന്‍റെ ലാറ്റിന്‍ പരിഭാഷയുമായി ബന്ധിപ്പിക്കുന്നത് ഉചിതമാണ്. amicus എന്ന ലാറ്റിന്‍ വാക്കാണ് സ്നേഹിതന് ഉപയോഗിക്കുന്നത്. എന്നാല്‍ ഫ്രാന്‍സിസ്കന്‍ നിഘണ്ടുവില്‍ മുഖ്യമായും അത് frater എന്നാണ് മനസിലാക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍, നമ്മള്‍ ശത്രുവായി കാണണം എന്ന് സഭയും, സമൂഹവും പഠിപ്പിച്ച അതേ ആളുകള്‍ തന്നെ നമ്മുടെ '"fratres et sorores' അഥവാ സഹോദരി സഹോദരന്മാരാണ്.'
Horan എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതനും ചൂണ്ടിക്കാണിക്കുന്നത് സുവിശേഷ ജീവിതാധി ഷ്ഠിതമായ ഫ്രാന്‍സിസ്കന്‍ സാഹോദര്യ സംഘത്തിന്‍റെ കാതല്‍ എന്നത് സാഹോദര്യം എന്നാണ്. സാഹോദര്യം എന്നത് മനുഷ്യവര്‍ഗത്തോടും, സൃഷ്ടപ്രപഞ്ചത്തോടും ഉള്ള ഫ്രാന്‍സിസിന്‍റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ജീവിതരീതി വഴിയായി സംഗ്രഹിക്കാനായി. ഫ്രാന്‍സിസിന്‍റെ ഏറ്റവും പ്രശസ്തമായ The Canticle of the Creatures എന്ന കൃതി, സാഹോദര്യത്തിന്‍റെ സാരവത്തായ വിശിഷ്ട ലക്ഷണത്തെ വെളിവാക്കുന്നുണ്ട്. ഈ കൃതി ഫ്രാന്‍സിസിന്‍റെ മൗലികമായ ലോക വീക്ഷണത്തെയും, സമസ്ത സൃഷ്ടികളുടെ ഇഴയടുപ്പവും വെളിവാക്കുകയും എന്നാല്‍ അതെല്ലാം, ഒരേ സ്നേഹനിധിയായ ദൈവത്തില്‍ നിന്നും ഉടലെടുത്തതാണെന്ന ബോധ്യവും വെളിവാക്കുന്നുണ്ട്. Horan -ന്‍റെ വീക്ഷണത്തില്‍, എല്ലാവരും പങ്കുകാരാകുന്ന ജീവനും, അതിന്‍റെ അസ്തിത്വത്തെയും കുറിച്ചുള്ള ഗാഢമായ ഒരു വിലമതിക്കല്‍ ഈ കൃതി മുന്‍പോട്ടു വെക്കുന്നുണ്ട്. Horan ഇങ്ങനെ നിരീ ക്ഷിക്കുന്നു:
'സൃഷ്ടികളുടെ കീര്‍ത്തനം എന്ന കൃതിക്കപ്പുറമായി, സാഹോദര്യം എന്ന വീക്ഷണം ദൃശ്യമാകുന്നത്, ഫ്രാന്‍സിസ് സുല്‍ത്താനെക്കാണുന്ന ക്രിസ്തീയ ജീവിത സാക്ഷ്യവുമായി ബന്ധപ്പെട്ടാണ്. പ്രാര്‍ത്ഥനയില്‍ നിന്നും പ്രവൃത്തിയിലേക്കു നീളുന്ന വീക്ഷണം. ഫ്രാന്‍സിസ് തന്നെത്തന്നെ കണ്ടത് ഒരു തരത്തിലും സുല്‍ത്താനും സരസന്മാ രില്‍ നിന്നും വ്യത്യസ്തനല്ലാത്ത, ദൈവത്തിന്‍റെ ധന്യമായ ഒരു സൃഷ്ടി എന്ന നിലക്കാണ്. താന്‍ മറ്റുള്ളവര്‍ക്ക് ഒരു സഹോദരനാണ് എന്ന ബോധ്യ ത്തില്‍, ഫ്രാന്‍സിസ് 'നമ്മള്‍' - 'അവര്‍' എന്നുള്ള വേര്‍തിരിവുകള്‍ക്കു അതീതമായി നിലകൊള്ളുകയും, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവ രെയും, പുറംതള്ളപ്പെട്ടവരെയും ആശ്ലേഷിക്കുകയും ചെയ്തു.'
സുവിശേഷം പ്രസംഗിച്ചുകൊണ്ട് ലോകത്തിലൂടെ ചരിക്കുന്ന ഫ്രാന്‍സിസിന്‍റെ ഈ പുതിയ രീതിയെ Warren വിശേഷിപ്പിക്കുന്നത് ഫ്രാന്‍സിസിന്‍റെ ഒരു പുതിയ ലോകത്തെ കണ്ടെത്തി എന്ന നിലയിലാണ്. അവര്‍ ഇങ്ങനെ എഴുതി: 'സരസന്മാരോട് ഒരു സഹോദരന്‍ എന്ന നിലയിലാണ് അല്ലാതെ ഒരു പോരാളിയോ, സത്യത്തിന്‍റെ കൈവശക്കാരന്‍, എന്നുള്ള അധീന ഭാവത്തിലോ അല്ല ഫ്രാന്‍സിസ് കടന്നു ചെല്ലുന്നത്. ദൈവമുഖ ദരശനത്തിനായി അദ്ദേഹം കടന്നു ചെല്ലുന്നത് അപ്രതീക്ഷിതമായ ഒരു ഇടത്തിലേക്കാണ്; മുന്‍പ് കുഷ്ഠരോഗികളുടെ ഇടയിലേക്ക് കടന്നു ചെന്ന പോലെ. സഭാധികാരികളുടെ വീക്ഷണത്തിലും, ദര്‍ശനത്തിലും നിന്നും വ്യത്യസ്തവും വിരുദ്ധവു മായ ഒരു മനോഭാവത്തിലാണ് ഫ്രാന്‍സിസ് സരസന്മാരെ സമീപിക്കുന്നത്. 'ശത്രുക്കളുടെ' ഇടയിലേക്ക് ഒരു സുഹൃത്തിനെപ്പോലെ, 'ചെന്നായ്ക്കളുടെ ഇടയില്‍ കുഞ്ഞാടിനെപ്പോലെ' ഫ്രാന്‍സിസ് കടന്നു ചെല്ലുന്നത്. യേശുക്രിസ്തുവില്‍ മുഴുവനായും വെളിവാക്കപ്പെട്ടതും താന്‍ ദര്‍ശിച്ചതുമായ പ്രായശ്ചിത്തത്തിന്‍റെയും, രക്ഷയുടെയും ആയ സന്ദേശവുമായി, ദൈവം അവരുടെ ഇടയിലേക്ക് അയച്ച അവരുടെ സഹോദരനായി ഫ്രാന്‍സിസ് അവരെ സമീപിച്ചു. ഫ്രാന്‍സിസിന്‍റെ ആദ്യ സന്ദേശം തന്നെ, അദ്ദേഹത്തിന്‍റെ പെരുമാറ്റം ആയി രുന്നു, അത് ബഹുമാനത്തിന്‍റെയും, ആദരവിന്‍റെയും തുറവിയുടെയും സമീപനമായിരുന്നു.'
Regula non bullata -യിലെ പതിനാറാം അധ്യായം മധ്യകാലഘട്ടത്തില്‍ ഇതര മതസ്ഥരോടുള്ള ബഹുമാനത്തിന്‍റെയും തുറവിയുടെയും അനുപമമായ ഒരു ഉദാഹരണമാണ്. എന്നിരുന്നാലും, തന്‍റെ ബോധ്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയിട്ടല്ല അദ്ദേ ഹം മുസ്ലിം ലോകത്തോട് സംവദിക്കുന്നത്. ഫ്രാന്‍സിസിന്‍റെ ഈ ചരിത്രപരമായ രേഖയും, സുല്‍ത്താനെ സന്ദര്‍ശിച്ച രീതിയും കൊണ്ട് തന്നെ ഫ്രാന്‍സിസിനെ ആധുനിക കാലത്തിലെ മതാന്തര സംവാദത്തിന്‍റെ മുന്‍ഗാമി എന്ന് വിളിക്കാവുന്ന താണ്. ഈ നവീന രീതി ഒരേ സമയം സുവിശേഷ പ്രഘോഷണവും, സംവാദവും നടത്തുന്ന ഫ്രാന്‍ സിസിന്‍റെ 'സാഹോദര്യത്തിന്‍റെ സംവാദമാണ്.' അങ്ങനെ ഇതിനെ കാണുന്നത് തീര്‍ച്ചയായും ഉചിതവും ന്യായവുമാണ്.
(തുടരും...)