news-details
ഇടിയും മിന്നലും

ഇസ്രയേലിനെ ഒരു രാഷ്ട്രമായോ യാഥാര്‍ത്ഥ്യമായോ അംഗീകരിക്കാന്‍ കൂട്ടാക്കാതെ, അവരെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റി ആ പ്രദേശങ്ങള്‍മുഴുവന്‍ സ്വന്തമാക്കുമെന്നുമുള്ള മോഹവലയത്തില്‍ പാലസ്തീന്‍ അരബ് അഭയാര്‍ത്ഥികളെ തളച്ചിട്ടതും ഇന്നും തളച്ചിട്ടിരിക്കുന്നതും, അവരുടെയിടയില്‍ മുളച്ചുപൊന്തിയ അനേകം തീവ്രവാദ ഗ്രൂപ്പുകളും അവരുടെ നേതാക്കന്മാരുമാണ്. ഈ ലക്ഷ്യസാധ്യത്തിനായി, മറ്റ് അരബ് രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ അവര്‍ക്കു ലഭിച്ച ആയുധങ്ങളും യുദ്ധോപകരണങ്ങളുമുപയോഗിച്ച് ഈ ഗ്രൂപ്പുകള്‍ ഒറ്റയ്ക്ക് ഒളിപ്പോരുകളും, സംഘടിതമായി സായുധസംഘട്ടനങ്ങളും ഇസ്രായേലിനെതിരെ നടത്തിക്കൊണ്ടിരുന്നു.

ഇസ്രായേലാകട്ടെ ഭൂവിസ്തൃതിയില്‍ അത്ര ചെറുതും ജനസംഖ്യയില്‍ തീരെ ശുഷ്ക്കവുമായിരുന്നതിനാല്‍ നിലനില്‍പിനുവേണ്ടിയുള്ള അവരുടെ പോരാട്ടം അതീവജാഗ്രതയോടെ തുടരുന്നതിനിടയിലും ആഭ്യന്തരമായി കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ, സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലൊക്കെ ഏറെ ശ്രദ്ധപതിപ്പിക്കുകയും, ഈ തലങ്ങളിലെല്ലാംതന്നെ ലോകോത്തര നിലവാരത്തിലേക്കുയരുന്ന പുരോഗതി  കൈവരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്രിയമെങ്കിലും ഈ അനിഷേധ്യയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയതോടെ ഇന്നുനമ്മള്‍ കാണുന്നത്, അരബ് രാജ്യങ്ങള്‍ ഒന്നൊന്നായി ഇസ്രായേലിനെ അംഗീകരിക്കുന്നതും അവരോടു സഹകരിക്കുവാന്‍ തയ്യാറാകുന്നതും അവരുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുന്നതുമാണ്.

ഇസ്രായേല്‍രാജ്യം സ്ഥാപിതമാകുന്ന കാലത്ത് പാലസ്തീന്‍ ഒരു രാഷ്ട്രമോ, അതിര്‍ത്തി നിര്‍ണ്ണയിച്ച ഒരു രാജ്യമോ ഒന്നുമല്ലായിരുന്നു. ഏകീകൃതമായ ഭരണഘടനയോ നേതൃത്വമോ പൊതുഭരണസംവിധാനമോ ഒന്നുമതിനില്ലായിരുന്നു. അതിനോടു ചേര്‍ന്നുകിടന്നിരുന്ന പല അരബ് രാജ്യങ്ങളുടെയും അധീനതയിലായിരുന്നു പാലസ്തീന്‍റെ ഓരോ ഭാഗങ്ങളും എന്നുപറയാം. അതുകൊണ്ടുതന്നെ യൂദകുടിയേറ്റത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ തദ്ദേശവാസികള്‍ക്ക് സാധിക്കുമായിരുന്നില്ല. അതേകാരണംകൊണ്ടുതന്നെ ഇസ്രായേല്‍രാജ്യം നിലവില്‍ വന്നതിനുശേഷം അവിടെനിന്ന് പുറത്താക്കപ്പെട്ട് പലരാജ്യങ്ങളിലും, അഭയാര്‍ത്ഥിക്യാമ്പുകളിലുമായികഴയേണ്ടിവന്ന പാലസ്തീനികളുടെയിടയില്‍ സംഘടിതമായ ചെറുത്തുനില്പിനുപകരം കൂണുപോലെ തീവ്രവാദഗ്രൂപ്പുകള്‍ മുളച്ചുപൊന്തുകയും, പൊതുശത്രുവായ ഇസ്രായേലിനെതിരെ സംഘടിക്കുക എന്നതിനേക്കാള്‍ ഈ ഗ്രൂപ്പുകള്‍തമ്മില്‍ മേധാവിത്വത്തിനുവേണ്ടി പൊരുതുന്ന അവസ്ഥയുണ്ടാവുകയുംചെയ്തു.

ഈ അവസ്ഥയ്ക്ക് ഒരുമാറ്റംവന്നത് തമ്മിലടിച്ചിരുന്ന ഈ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് യാസര്‍ അരഫാത്ത് എന്ന പാലസ്തീനിയന്‍ അഭയാര്‍ത്ഥി, 1959-ല്‍ അദ്ദേഹംതന്നെ സ്ഥാപിച്ച 'അല്‍ഫാത്താ' എന്ന രാഷ്ട്രീയ പാര്‍ട്ടിയെയും ഉള്‍പ്പെടുത്തി, 1964-ല്‍ പിഎല്‍ഒ (പാലസ്റ്റീനിയന്‍ ലിബറേഷന്‍ ഓര്‍ഗ്ഗനൈസേഷന്‍) എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപംകൊടുത്തതോടെയാണ്. ഈ പാര്‍ട്ടിയുടെ പ്രഖ്യാപിതലക്ഷ്യം, സായുധപോരാട്ടത്തിലൂടെ ഇസ്രായേലിനെ പാടെ തുരത്തി പാലസ്തീന്‍പ്രദേശം മുഴുവനും അറബികള്‍ക്കുമാത്രമായി തിരികെപിടിച്ചെടുക്കുക എന്നതായിരുന്നു. പിഎല്‍ഒ-യെയും അതിന്‍റെ നേതാവായിരുന്ന യാസര്‍ അരാഫാത്തിനെയും പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ ഔദ്യോഗികവക്താവും പ്രതിനിധിയുമായി ഐക്യരാഷ്ട്രസഭയും മിക്കലോകരാഷ്ട്രങ്ങളും അംഗീകരിക്കുകയുംചെയ്തു. ഇസ്രയേലുമായി ഒളിഞ്ഞുംതെളിഞ്ഞും എത്രപയറ്റിയിട്ടുമുണ്ടായ പരാജയങ്ങളും അടിക്കടി അധോഗതിയിലായിക്കൊണ്ടിരുന്ന പാലസ്തീന്‍ജനതയുടെ ജീവിതവും കണ്ടപ്പോള്‍ അരഫാത്തിനു വിവേകമുദിച്ചു. അഭയാര്‍ത്ഥിയായി വിദേശത്തു കഴിയേണ്ടിവന്ന, അവരിലൊരാളുതന്നെ ആയിരുന്ന അരാഫാത്തിന്, യാഥാര്‍ത്ഥ്യബോധത്തോടെ പിഎല്‍ഒയെ നയിക്കാന്‍ തുടര്‍ന്നു സാധിച്ചു എന്നുപറയാം.

ഉന്മൂലനലക്ഷ്യത്തോടെയുള്ള സായുധപോരാട്ടത്തിലൂടെയല്ല, കൂട്ടായ ചര്‍ച്ചകളിലൂടെയും നയതന്ത്രബന്ധത്തിലൂടെയും മാത്രമെ പാലസ്തീന്‍ പ്രശ്നത്തിനു ശാശ്വതപരിഹാരമുണ്ടാക്കാനാവൂ എന്നു തിരിച്ചറിഞ്ഞ അരാഫാത്ത് അതിനു തയ്യാറാവുകയും, അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ 1993-ലെ ഓസ്ലോ ഉടമ്പടിപ്രകാരം ഇസ്രായേലും പാലസ്തീനും എന്ന രണ്ടു സ്വതന്ത്രരാഷ്ട്ര സംവിധാനത്തിന് ധാരണയിലെത്തുകയുംചെയ്തു. അങ്ങനെ ഇസ്രായേലിനെ അംഗീകരിക്കാന്‍ പിഎല്‍ഒ തയ്യാറായതോടെ, 1967-ലെ 'ആറുദിന' യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരുന്ന, പാലസ്തീനിയന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കും ഗാസാസ്ട്രിപ്പും സ്വതന്ത്രഭരണത്തിനായി അവര്‍ പിഎല്‍ഒ-യെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു. പിഎല്‍ഒ-യിലെ വിവിധഗ്രൂപ്പുകളില്‍നിന്നും തിരഞ്ഞടുക്കപ്പെടുന്ന 740 പിഎന്‍സി (പാലസ്റ്റീനിയന്‍ നാഷനല്‍ കൗണ്‍സില്‍) അംഗങ്ങളുടെ പിന്തുണയോടെ വെസ്റ്റ്ബാങ്കിലും ലാസാസ്ട്രിപ്പിലും അവര്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു. വെസ്റ്റ്ബാങ്കില്‍നിന്നും ഗാസ്സയില്‍നിന്നുമുള്ള ആളുകളായിരുന്നു ഇസ്രായേലിലെ തൊഴിലാളികള്‍. അവര്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും ലഭ്യമാക്കിയിരുന്നതും ഇസ്രായേലാണ്. 2004-ല്‍ അരാഫാത്തിന്‍റെ മരണശേഷം മുഹമ്മദ് അബ്ബാസ് ഫാത്തായുടെയും പിഎല്‍ഒയുടെയും തലവനായി തെരഞ്ഞടുക്കപ്പെട്ടു. ഇന്നുമദ്ദേഹം ആ പദവിയില്‍ തുടരുന്നു.

ഇസ്രായേല്‍രാജ്യാതിര്‍ത്തിക്കു പുറത്ത് വേറിട്ടുകിടക്കുന്ന രണ്ടുഭൂവിഭാഗങ്ങളാണ് പാലസ്തീനിയന്‍ ഭരണത്തിലുള്ള ഗാസാ സ്ട്രിപ്പും, വെസ്റ്റ്ബാങ്കും. 1948-ലെ യുദ്ധത്തില്‍ ഈജിപിറ്റ് കൈവശപ്പെടുത്തിയ മെഡിറ്ററേനിയന്‍തീരത്തെ ഗാസാമുനമ്പും തുറമുഖവും ഗാസാനഗരവും എല്ലാമുള്‍പ്പെടുന്ന, നമ്മുടെയൊരു പഞ്ചായത്തിനോളംമാത്രം വിസ്തൃതിയുള്ള പ്രദേശമാണ് 'ഗാസ സ്ട്രിപ്'. എന്നാല്‍ ഏതാണ്ട് ഇസ്രായേല്‍രാജ്യത്തിന്‍റെ മൂന്നിലൊന്നോളം വരുന്ന 'വെസ്റ്റ്ബാങ്ക്' എന്നറിയപ്പെടുന്ന വിസ്തൃതമായ പ്രദേശം യോര്‍ദ്ദാന്‍നദിയുടെ പടിഞ്ഞാറേതീരം മുതല്‍ ജറുസലേം നഗരംവരെ വ്യാപിച്ചുകിടക്കുന്നു.

പിഎല്‍ഒ രൂപംകൊണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1987-ല്‍ അഹമ്മദ് യാസ്സിന്‍ എന്ന പാലസ്റ്റീനിയന്‍ ഇമാം സ്ഥാപിച്ച തീവ്രവാദസ്വഭാവമുള്ള പോരാട്ടഗ്രൂപ്പാണ് 'ഹമാസ്'. തികച്ചും ഇസ്ലാമികമതാധിഷ്ടിതവും ഇസ്രായേല്‍ വിരുദ്ധവുമായ നിലപാടിലുറച്ചതാണ് അവരുടെ ഭരണഘടന. അതുകൊണ്ടുതന്നെ 1993-ലെ ഓസ്ലോ ഉടമ്പടിയെ അവര്‍ നഖശിഖാന്തം എതിര്‍ത്തു എന്നു പറയേണ്ടതില്ലല്ലോ. പിഎല്‍ഒയ്ക്കുള്ളില്‍ എന്നും അവര്‍ വിമതരായിരുന്നു എന്നുപറയാം. അവരുടെ ശക്തികേന്ദ്രം ഗാസയായിരുന്നു. പാലസ്റ്റീനിയന്‍ പ്രദേശങ്ങള്‍ക്ക് സ്വതന്ത്രഭരണം ലഭിച്ചതോടെ സംഘര്‍ഷങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും എണ്ണംകുറഞ്ഞെങ്കിലും പാലസ്തീനികളുടെയുള്ളില്‍ എന്നും കനലായിക്കിടന്നിരുന്ന ജന്മനാടിന്‍റെ നഷ്ടദുഖം നിസ്സാര കാരണങ്ങളാല്‍പോലും പൊട്ടിത്തെറികളായിത്തീരാറുണ്ടായിരുന്നു. ഇത് ഏറെ കത്തിനിന്നത് ഗാസയിലായിരുന്നു. 2007-ലെ പിഎന്‍സി തിരഞ്ഞെടുപ്പില്‍ മുമ്പിലെത്തിയ ഹമാസ്, ഗാസയുടെ ഭരണം കൈയ്യടക്കിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഇസ്രായേലിനെ ഉന്മൂലനം ചെയ്യുകയും പാലസ്തീന്‍ വീണ്ടെടുത്ത് ഇസ്ലാമികരാഷ്ട്രവും ഭരണവും സ്ഥാപിക്കുക എന്നതുമാത്രം ലക്ഷ്യമിട്ടുകൊണ്ട് അതിനുള്ള തട്ടകമാക്കി ഗാസയെ പരുവപ്പെടുത്തുകയായിരുന്നു ഹമാസിന്‍റെ ലക്ഷ്യം.

പിഎല്‍ഒ-യുടെ കീഴില്‍ വെസ്റ്റ്ബാങ്കില്‍ സ്ഥതിഗതികള്‍ താരതമ്യേന ശാന്തമായി തുടര്‍ന്നുകൊണ്ടിരുന്നപ്പോഴും ഗാസ സംഘര്‍ഷനിര്‍ഭരമായിരുന്നു. അവിടെയുള്ള ജനത്തിന്‍റെ സുസ്ഥിതിയെക്കാള്‍ തങ്ങളുടെ ഇസ്രായേല്‍ വിരുദ്ധ പദ്ധതികളുടെ നടത്തിപ്പിനായിരുന്നു ഹമാസ് നേതൃത്വത്തിന്‍റെ മുന്‍ഗണന. പാലസ്തീന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി ലോകമെമ്പാടുമുള്ള മുസ്ലീം രാജ്യങ്ങളില്‍നിന്നും, പാശ്ചാത്യരാജ്യങ്ങളിലെ സന്നദ്ധസംഘടനകളില്‍നിന്നും അമേരിക്കന്‍ ഐക്യനാടുകളില്‍നിന്നുമെല്ലാം കണക്കില്ലാതെ ഗാസയിലേക്കൊഴുകിയ പണം മുഴുവന്‍ ഹമാസ് നേതൃത്വം ചെലവഴിച്ചത് എന്തിനുവേണ്ടിയായിരുന്നു എന്ന് സമീപകാല യുദ്ധവാര്‍ത്തകളില്‍നിന്നും നമുക്കു ലഭിക്കുന്നുണ്ടല്ലോ.

ഗാസയുടെ ഉപരിതലത്തില്‍നിന്നും നൂറുകണക്കിന് മീറ്റര്‍ ആഴത്തിലൂടെ ഇസ്രയേല്‍ രാജ്യത്തിന്‍റെ എല്ലാ ശക്തികേന്ദ്രങ്ങളുടെയും അടിയിലെത്തി വന്‍സ്ഫോടനങ്ങളിലൂടെ ഇസ്രയേലിനെ മുച്ചൂടും പൊടിച്ചുകുഴിച്ചുമൂടാന്‍ വിഭാവനംചെയ്ത് നടന്നുകൊണ്ടിരുന്ന തുരങ്കനിര്‍മ്മാണം അപ്രതീക്ഷിതമായി തടസ്സപ്പെട്ടത്  ഇസ്രായേല്‍ സേനയുടെ വഴിതടയാന്‍ ഹമാസ് കരുതിവച്ച  എല്ലാ തടസ്സങ്ങളും ഐഡിഎഫ് മറികടന്നതുകൊണ്ടാണ്. ഹമാസിന്‍റെ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചതുകൊണ്ടുമാത്രമാണ്.

ദുര്‍ബ്ബുദ്ധി തലയ്ക്കുപിടിച്ച നരാധമന്മാരായ ഒരുപറ്റം തീവ്രവാദികളുടെ മൃഗീയതയും, തങ്ങളെ തീര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരെ തീര്‍ത്തിട്ടേഅടങ്ങൂ എന്ന എതിര്‍ഭാഗത്തിന്‍റെ അടങ്ങാത്തവാശിയും ഒന്നിച്ചപ്പോള്‍, അതിനെല്ലാം ചരടുവലിക്കുന്നവര്‍ സുരക്ഷിതസങ്കേതങ്ങളില്‍ സ്വൈര്യമായി വിഹരിക്കുമ്പോള്‍, നിരാലംബരായ പതിനായിരങ്ങള്‍ക്കു ജീവഹാനിയും, നിസ്സഹായരായ ലക്ഷോപലക്ഷം നിരപരാധികളുടെ ജീവിതം നരകതുല്യവുമായിക്കൊണ്ടിരിക്കുന്നു. അതില്‍നിന്നെല്ലാം മുതലെടുക്കാനും, അവസരം മുതലാക്കി കണക്കുതീര്‍ക്കാനും മത്സരിക്കുന്ന ലോകരാഷ്ട്രങ്ങളുടെ തനിനിറം വെളിച്ചത്തുവരുന്നത് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്.

You can share this post!

ഇസ്രായേല്‍ - ഹമാസ്

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts