news-details
ധ്യാനം

പുതിയ വര്‍ഷത്തിലേക്ക് നാം വീണ്ടും പ്രവേശിക്കുന്നു. കഴിഞ്ഞകാല ദുഃഖങ്ങളെ മറന്ന് പ്രതീക്ഷയോടെ പുതുവത്സരത്തിലേക്ക് പ്രവേശിക്കുവാന്‍ നമുക്കു കഴിയട്ടെ. പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു വിനെ കണ്ട് ആരാധിച്ച ജ്ഞാനികള്‍ മറ്റൊരു വഴിയെ തിരികെപ്പോയി. പഴയ തിന്മ നിറഞ്ഞ വഴികളില്‍ നിന്നുമാറി പുതിയ പ്രതീക്ഷയുടെ വര്‍ഷത്തിലേക്കു പ്രവേശിക്കുവാന്‍ നമുക്കു കഴിയട്ടെ. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവം കടന്നുവരുമ്പോള്‍ പുതിയ വഴികള്‍ തുറക്കപ്പെടും. ദൈവം ഒരു വ്യക്തിയില്‍ പ്രവേശിക്കുമ്പോള്‍ പ്രശ്നങ്ങള്‍ മാറില്ല. പക്ഷേ മനോഭാവം മാറും. ദൈവം വന്നപ്പോള്‍  മോശയുടെ വിക്ക് മാറിയില്ല. ആ വിക്കിന്‍റെ നടുവില്‍ നിന്നുതന്നെ അവന്‍ ശക്തനായി. സക്കേവൂസിന്‍റെ ജീവിതത്തില്‍ യേശു വന്നപ്പോള്‍ ഉയരം കൂടിയില്ല. പക്ഷേ മനോഭാവം മാറി. കര്‍ത്താവു കടന്നുവന്ന ഒരു പിടി ജീവിതങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്.

ലൂക്കാ സുവിശേഷം ഏഴാം അധ്യായത്തില്‍ പാപിനിയായ സ്ത്രീയുടെ ജീവിതത്തില്‍ ക്രിസ്തു പ്രവേശിക്കുന്നു. അതുവരെ തിന്മക്കായി വിട്ടുകൊടുത്ത ശരീരത്തെ നന്മയ്ക്കായി അവള്‍ മാറ്റി. തിന്മ ചെയ്ത ചുണ്ടുകള്‍കൊണ്ട് രക്ഷകന്‍റെ പാദങ്ങള്‍ ചുംബിച്ചു. അനേകരെ വശീകരിച്ച മുടികൊണ്ട് കര്‍ത്താവിന്‍റെ പാദങ്ങളെ തുടച്ചു. വന്ന വഴികളിലെ തെറ്റുകള്‍ കര്‍ത്താവിന്‍റെ സ്നേഹപ്രകാശത്തില്‍ അവള്‍ തിരിച്ചറിഞ്ഞു. യോഹന്നാന്‍ 4ല്‍ സമരിയാക്കാരി സ്ത്രീയെക്കുറിച്ചു പറയുന്നുണ്ട്. ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും ആരും അറിയില്ലെന്നു കരുതിയവള്‍. അവളുടെ കഴിഞ്ഞകാല ജീവിതം മുഴുവന്‍ ഒരു സിനിമയില്‍ എന്നപോലെ നേരിട്ട് ക്രിസ്തു അവള്‍ക്കു കാണിച്ചുകൊടുത്തു. ദൈവം കാണുന്നവനും അറിയുന്നവനുമാണെന്ന തിരിച്ചറിവ് ഒരു വ്യക്തിയെ തിരിച്ചു നടത്തും. പുതുവത്സരം തിരിച്ചു നടപ്പിനുള്ള അവസരമാണ്.

ലൂക്കാ സുവിശേഷം 19ല്‍ നാം സക്കേവൂസ് എന്ന ഉയരം കുറഞ്ഞ മനുഷ്യനെ കാണുന്നുണ്ട്. ക്രിസ്തുവിനെ കാണുവാനുള്ള ആഗ്രഹത്തില്‍ ഒരു മരത്തില്‍ കയറി ഇരുന്നവന്‍. അകവും പുറവും കാണുന്ന യേശുവിന്‍റെ നോട്ടത്തില്‍ അവന്‍റെ ജീവിതം തകിടം മറിഞ്ഞു. ചെയ്തുപോയ തെറ്റുകള്‍ക്ക് നാലിരട്ടി പരിഹാരം ചെയ്യുവാനുള്ള സന്നദ്ധത അവനുണ്ടായി. കര്‍ത്താവിന്‍റെ മുമ്പില്‍ ഒരു നിമിഷം നിന്നപ്പോഴുണ്ടായ തിരിച്ചറിവ്. ദൈവത്തിന്‍റെ മുമ്പില്‍ നിന്നപ്പോള്‍  തങ്ങള്‍ നഗ്നനാണെന്ന് ആദിമാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. എന്‍റെ ചെറിയ ലോകത്തില്‍ നിന്നും ദൈവത്തിന്‍റെ വലിയ ലോകത്തിലേക്കു വരുമ്പോള്‍ ഞാന്‍ പുതിയ വഴികള്‍ തേടും.

ക്രിസ്തുസന്ദേശം നിശ്ശബ്ദമാക്കുവാന്‍ ഓടിനടന്ന സാവൂള്‍ ഡമാസ്കസില്‍ വച്ച് കര്‍ത്താവിന്‍റെ ഇടപെടലിനു വിധേയനായി. പിന്നീടുള്ള ജീവിതം അത്ഭുതകരമായിരുന്നു. ബൈബിളില്‍ ഓരോ വ്യക്തിയും രണ്ടാമതു ജനിച്ചവരാണ്. ഭൂമിയില്‍ പിറന്നുവീണപ്പോഴുണ്ടായ അവസ്ഥയില്‍ പുതിയ അവസ്ഥയിലേക്ക് അവര്‍ മാറുന്നു. പിന്നീട് അവര്‍ തിരിഞ്ഞുനോക്കിയില്ല. അവരുടെ നവമായ ജീവിതം കണ്ടവരാരും അവരുടെ പഴയ ജീവിതത്തെക്കുറിച്ചു വിമര്‍ശിക്കുന്നുമില്ല. പൂര്‍ണ്ണമായ മനംമാറ്റം അവരില്‍ കാണുന്നു.

പുതിയ വര്‍ഷത്തിലേക്കു നാം കടന്നുവരുമ്പോള്‍ ഇന്നലകളിലെ വീഴ്ചകളെ തിരുത്താം. 'ഇന്നലെ' എന്നു പറയുന്നത് കഴിഞ്ഞകാലമാണ്. 'ഇന്നി'ല്‍ ജീവിക്കുക. നല്ല 'ഇന്നു'കള്‍ നല്ല നാളെകളെ രൂപാന്തരപ്പെടുത്തും. ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടാതെ ജീവിക്കുന്ന ഒരു വര്‍ഷമാകട്ടെ ഈ പുതുവര്‍ഷം. ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് യേശുക്രിസ്തുവില്‍ പുതിയ മനുഷ്യനെ ധരിക്കുക. ദൈവത്തിലുള്ള സമ്പൂര്‍ണ്ണ ആശ്രയം വഴി മനസ്സിനെ ബലപ്പെടുത്തണം. സ്വന്തം ശക്തിയിലാശ്രയിക്കാതെ ദൈവത്തില്‍ ശരണം വയ്ക്കാം. അപ്പോള്‍ നാമറിയാതെ നമ്മില്‍ മാറ്റം വരും.

നാം ജീവിതത്തെ നോക്കിക്കാണുന്നതുപോലെ നമ്മുടെ ജീവിതം രൂപാന്തരപ്പെടും. സ്വഭാവത്തില്‍ മാറ്റം വരുന്നതാണ് യഥാര്‍ത്ഥരൂപാന്തരീകരണം. ദൈവം മനുഷ്യനെ സന്ദര്‍ശിച്ചതാണല്ലോ ക്രിസ്തുമസ്. നമ്മളും അനുദിനം ദൈവത്തെ സന്ദര്‍ശിക്കണം. പ്രാര്‍ത്ഥന. വചനധ്യാനം. ആത്മശോധന എന്നിവ വഴി ദൈവത്തെ സന്ദര്‍ശിക്കുവാന്‍ നമുക്കുകഴിയും. അപ്പോള്‍ ക്രിസ്തുമസിന്‍റെ അനുഭവം ഓരോ നിമിഷവും നമ്മില്‍ കടന്നുവരും. ദൈവത്തിന്‍റെ കരം പിടിച്ചു നടക്കുന്ന വ്യക്തിയെ ലോകത്തിലാര്‍ക്കും തോല്‍പ്പിക്കാനാവില്ല. അബ്രാഹം നടന്നതുപോലെ ദൈവത്തിന്‍റെ മുമ്പില്‍ നടക്കുക. ശക്തനായ ദൈവത്തെ എന്‍റെ പിന്നില്‍ കാണുമ്പോള്‍ എല്ലാ അന്ധകാരശക്തികളും എന്‍റെ മുമ്പില്‍ നിന്ന് ഓടി മാറും. പുതിയ വര്‍ഷത്തില്‍ പുതിയ മനുഷ്യനായി മുന്നോട്ടു നീങ്ങാം. 

You can share this post!

മോശയെന്ന അത്ഭുതമനുഷ്യന്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts