പള്ളിപ്പെരുന്നാളുകളുടെ കാലമായതുകൊണ്ട് കുമ്പസാരത്തിനും പ്രദിക്ഷണത്തിനുമൊക്കെ സഹായിക്കാനായി പലപള്ളികളിലും പോകാനിടയായി. എല്ലായിടത്തും സഹായിക്കാനെത്തിയ വേറെയും അച്ചന്മാരുണ്ടായിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനുമായി അച്ചന്മാര്‍ ഒരുമിച്ചുവന്നപ്പോഴൊക്കെ എല്ലാവരുടെയും സംസാരവിഷയം അടുത്തദിവസങ്ങളില്‍ നടക്കാനിരുന്ന സിനഡും പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ തിരഞ്ഞെടുപ്പുമായിരുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് ചെന്നിടത്തൊക്കെ ആരാവാനാണ് സാധ്യത എന്നതായിരുന്നു ചര്‍ച്ചാവിഷയമെങ്കില്‍ ഇലക്ക്ഷന്‍കഴിഞ്ഞ് പോയിടത്തൊക്കെ കേട്ടത്, എല്ലാവരുടെയും കണക്കുകൂട്ടലുള്‍ തെറ്റിച്ചുകൊണ്ട് റാഫേല്‍ തട്ടില്‍പിതാവ് തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ കാരണങ്ങളെപ്പറ്റിയുള്ള ഊഹങ്ങളും, സീറോമലബാര്‍ സഭയില്‍ ഇന്നുള്ള 'സങ്കീര്‍ണ്ണമായ' അവസ്ഥയെ കൈകാര്യംചെയ്യാന്‍ തട്ടില്‍പിതാവിന്‍റെ വൈഭവത്തെപ്പറ്റിയുള്ള ശുഭപ്രതീക്ഷയും എന്നാല്‍ അതു സാധിക്കുമോ എന്ന് ചിലര്‍ക്കെങ്കിലുമുള്ള ആശങ്കകളുമൊക്കെയായിരുന്നു.
ഒരു വലിയ പള്ളിയില്‍ സഹായത്തിനെത്തിയ ഞങ്ങളു മൂന്നാലച്ചന്മാര് ഒരേ റൂട്ടില്‍തന്നെ ഉള്ളവരായിരുന്നതുകൊണ്ട് പരിപാടികളൊക്കെക്കഴിഞ്ഞ്, അതില്‍ ഒരച്ചന്‍റെ വാഹനത്തില്‍ ഒരുമിച്ചായിരുന്നു തിരികെപ്പോന്നത്. സന്ധ്യകഴിഞ്ഞ സമയമായിരുന്നതുകൊണ്ട് സന്ധ്യാജപവും ജപമാലയും ചൊല്ലി പ്രാര്‍ത്ഥിച്ചു. അതുകഴിഞ്ഞു പിന്നെയും സമയമുണ്ടായിരുന്നതുകൊണ്ട് വര്‍ത്തമാനത്തിനിടയില്‍ പലകാര്യങ്ങളെപ്പറ്റിയും കൂടെയുള്ള അച്ചന്മാരു പറയുന്നതുകേട്ടെങ്കിലും ഞാന്‍ മിണ്ടാതിരുന്നതെയുള്ളു.
"ഈ അച്ചന്‍ മിണ്ടുന്ന സൂത്രം ആശ്രമത്തില്‍ വച്ചിട്ടാണു പോന്നതെന്നു തോന്നുന്നു. ഇതുവരെ ഒന്നും മിണ്ടികേട്ടില്ല." എന്‍റെ അടുത്തിരുന്ന അച്ചന്‍ എന്നെപ്പറ്റി പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു.
"അച്ചന്‍ പറഞ്ഞതു കറക്റ്റ്, ഞാനാ സൂത്രം മടക്കി പോക്കറ്റിലിട്ടിരുക്കുവാ. അത്യാവശ്യം വന്നാല്‍ മാത്രമേ എടുക്കാറുള്ളു." ഉരുളയ്ക്ക് ഉപ്പേരി ഞാനും കൊടുത്തു.
"പോക്കറ്റിലാണെങ്കില്‍ വല്ലപ്പോഴുമെങ്കിലും എടുക്കാമായിരുന്നല്ലോ." അച്ചനും വിടാന്‍ ഭാവമില്ല.
"നിവൃത്തിയുണ്ടെങ്കില്‍ ഞാനെടുക്കാറില്ല, അതു കഴുകി തേച്ചു മടക്കി വച്ചിരിക്കുവാ." ഞാന്‍ തിരിച്ചടിച്ചു.
"അതെന്നാ വല്ലാതെ ചെളിപറ്റിയാരുന്നോ കഴുകി തേച്ചുമടക്കാന്‍."
"യൂ ആര്‍ കറക്റ്റ്. എന്‍റെ നാക്ക്, അച്ചന്‍റെ ഭാഷേല്‍ എന്‍റെ മിണ്ടുന്നസൂത്രം ഒത്തിരി ചെളിതെറിപ്പിച്ചു എന്നു തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ ഞാനത് കഴുകിത്തേച്ചുമടക്കി."
"ഇങ്ങേര് ഈ പറഞ്ഞതു സത്യമെങ്കില്‍ യൂ ആര്‍ വണ്ടര്‍ഫുള്‍."
"താങ്ക്യൂ ഫോര്‍ ദ കോംപ്ലിമെന്‍റ്." അതോടെ അച്ചന്‍റെ മിണ്ടുന്ന സൂത്രം ഓഫായെന്നു തോന്നുന്നു. ഞാനും ഓഫാക്കി.
"രണ്ടുപേരും നല്ല ഫോമിലായിരുന്നല്ലോ, നിര്‍ത്തണ്ടാരുന്നു. കേട്ടിരിക്കാന്‍ രസമുണ്ടാരുന്നു." ഡ്രൈവു ചെയ്തിരുന്ന അച്ചന്‍.
"കുറെമുമ്പ് നിങ്ങളുപറഞ്ഞതുപോലെ കണ്ടതും കേട്ടതുമെല്ലാംവച്ച് വാതോരാതെ വര്‍ത്തമാനം പറയുന്ന ആളായിരുന്നച്ചാ ഞാനും. പക്ഷേ, ഞാന്‍ മനസ്സറിയാത്ത കാര്യങ്ങള്‍ എന്നെപ്പറ്റി പലരും പറയുന്നതറിഞ്ഞപ്പോള്‍ എന്‍റെ ഫ്യൂസുപോയി. അപ്പോഴാണ് കണ്ടതും കേട്ടതുംവച്ച് ഞാന്‍ പറയുന്നതിലും പാതിപോലും സത്യമില്ലെന്നു മനസ്സിലായിത്തുടങ്ങിയത്. കുറ്റബോധത്തോടെ കുമ്പസാരിച്ചപ്പോള്‍ കിട്ടിയ നിര്‍ദ്ദേശം: 'വാ വിട്ട വാക്കും, വില്ലു വിട്ട അമ്പും തിരിച്ചെടുക്കാന്‍ പറ്റില്ലെന്നു മറക്കരുത്' എന്ന്. അന്നുമുതല്‍ മിണ്ടുന്ന സൂത്രത്തിനു ഞാന്‍ റെസ്റ്റു കൊടുത്തുതുടങ്ങി."
"എന്നാലും അച്ചന്‍റെ എഴുതുന്ന സൂത്രത്തിന് റെസ്റ്റു കൊടുത്തിട്ടില്ലെന്നു തോന്നുന്നു." ആ അച്ചന്‍ പറഞ്ഞതെന്താണെന്നു മറ്റുള്ളവര്‍ക്കു മനസ്സിലായില്ല. അവരാരും എന്നെ അറിയുന്നവരും ഞാനെഴുതിയതൊന്നും വായിച്ചിട്ടുള്ളവരായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം എന്‍റെ എഴുത്തിനെപ്പറ്റിയൊക്കെ അവരോടു പറഞ്ഞു.
"മിക്കവാറും നമ്മളീ പറഞ്ഞതൊക്കെ ഈ പുള്ളിക്കാരന്‍ ഇന്നുതന്നെ എഴുതിപ്പിടിപ്പിച്ചെന്നിരിക്കും."
"ഇല്ലെന്നു ഞാന്‍ പറയുന്നില്ല, തീര്‍ച്ചയായും സാധ്യതയുണ്ട്. കാരണം നിങ്ങളു പറഞ്ഞതുകേട്ടതുവച്ച് ഒന്നെഴുതിയാലോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനിപ്പോള്‍. പ്രത്യേകിച്ചും മേജര്‍ ആര്‍ച്ചുബിഷപ്പിനെപ്പറ്റി നിങ്ങള്‍ പറഞ്ഞ ചില കാര്യങ്ങള്‍, നേരിട്ടുകണ്ടാല്‍ അദ്ദേഹത്തോടു പറയണമെന്ന് എനിക്കും തോന്നിയ കാര്യങ്ങളാണ്. അങ്ങനെ നേരെപറയാനുള്ള ധൈര്യമൊന്നുമില്ലാത്തതുകൊണ്ട്, എഴുതുകയാണെങ്കില്‍ അതു വായിക്കുന്നവരാരെങ്കിലുമൊക്കെ പറഞ്ഞുപറഞ്ഞ് അതദ്ദേഹത്തിന്‍റെ ചെവീലുമെത്തിയേക്കുമന്നൊരു മോഹംതോന്നി."
"കുരുത്തക്കേടുവല്ലോം ഇങ്ങേര് എഴുതിപ്പിടിപ്പിക്കുമോ പടച്ചോനെ, ഇങ്ങനെയൊരു മാരണം കൂടെയിരിപ്പുണ്ടെന്നിപ്പോഴല്ലെ അറിഞ്ഞത്."
"ഇപ്പോള്‍ ശരിക്കും മനസ്സിലായല്ലോ ഞാനെന്തുകൊണ്ടാണ് മിണ്ടുന്ന സൂത്രം അലക്കിത്തേച്ച് പോക്കറ്റിലിട്ടിരിക്കുന്നതെന്ന്."
"ഏതായാലും പോക്കറ്റീന്നെടുത്ത സ്ഥിതിക്ക്, ഇത്ര എഴുതാനുംമാത്രം എന്താണു കിട്ടിയതെന്നുകൂടെ പറഞ്ഞിട്ടു സൂത്രം മടക്കിവച്ചാല്‍ പോരേ?"
"മേജര്‍ ആര്‍ച്ച്ബിഷപ്പ് ആയശേഷം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷമുള്ള മറുപടി പ്രസംഗത്തില്‍ ചിലടത്തെങ്കിലും അദ്ദേഹത്തിനു നാക്കു പിഴച്ചോ എന്നുള്ള സംശയം നിങ്ങള്‍ പ്രകടിപ്പിച്ചില്ലേ, അതുതന്നെ എനിക്കുംതോന്നി. മൈക്കു കാണുമ്പോള്‍ ഹരംകയറുന്നവരുണ്ട്, നല്ല വാചാലതയുംകൂടെയുണ്ടെങ്കില്‍ പറഞ്ഞുപോകുമ്പോള്‍ സ്വന്തം നാക്കിന്‍റെ ബെല്ലും ബ്രേക്കും നഷ്ടപ്പെടുന്നത് അവരുപോലും അറിയില്ല. കൗതുകത്തോടെ ജനം കേട്ടിരിക്കുമ്പോള്‍ ആവേശംകൊണ്ട് പറയേണ്ടതും അരുതാത്തതുമായി വേര്‍തിരിക്കാനുള്ള വിവേകവും സാവകാശവും ഇടയ്ക്കിടെ ചോര്‍ന്നുപോകും. അങ്ങനെ വായില്‍വരുന്നതു പറഞ്ഞുപോകും. 'വാ വിട്ട വാക്കും, വില്ലു വിട്ട അമ്പും തിരിച്ചെടുക്കാന്‍ പറ്റില്ല' എന്നുള്ളത് വൈകിമാത്രം ഓര്‍മ്മയിലെത്തുമ്പോഴേക്കും ഡാമേജ് ഇസ് ഓള്‍റഡിഡണ്‍.
റാഫേല്‍ തട്ടില്‍ പിതാവിന്‍റെ പ്രഭാഷണങ്ങള്‍ ഒന്നുംവിടാതെ കേള്‍ക്കുന്ന ആളാണു ഞാനും. വ്യക്തമായ നിലപാടും അത് വ്യക്തതയോടെ വിളിച്ചുപറയാനുള്ള ആര്‍ജ്ജവവും അദ്ദേഹം കാണിച്ചിട്ടുമുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനലബ്ധിയോടെ വിളിച്ചുപറയാനുള്ള വേദികളുടെ എണ്ണം ഏറുമെന്നും ശ്രോതാക്കളുടെ സംഖ്യ അതിവിപുലമായിരിക്കുമെന്നുമുള്ളതിന്, സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ടുള്ള ചുരുങ്ങിയ നാളത്തെ അദ്ദേഹത്തിന്‍റെ യാത്രകള്‍തന്നെ തെളിവാണല്ലോ. പക്ഷേ വിഷയങ്ങളിലും അവതരണങ്ങളിലും ഏറെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്നെനിക്കുതോന്നുന്നു. അദ്ദേഹംതന്നെ അവകാശപ്പെടുന്നതുപോലെ പറയാനുള്ള ആവേശത്തേക്കാള്‍ കേള്‍ക്കാനുള്ള ക്ഷമയും, കേട്ടാല്‍പോരാ, കേള്‍ക്കുന്നതില്‍നിന്നും വായിച്ചെടുക്കാനുള്ള കൂര്‍മ്മതയ്ക്കും മുന്‍ഗണന ലഭിക്കേണ്ടിയിരിക്കുന്നു. ഓരോവാക്കും ചെന്നുപതിക്കുന്നത് മിശ്ര വികാരങ്ങളോടെ, അതായത് സംശയത്തോടെയും ആശങ്കയോടെയും പ്രതീക്ഷയോടെയും ഒക്കെ കാതോര്‍ത്തിരിക്കുന്നവരുടെ മദ്ധ്യത്തിലേക്കാണെന്ന് ഒരു നിമിഷംപോലും മറന്നുപോകരുത് എന്നര്‍ത്ഥം. ശ്രോതാക്കളില്‍ ആരുടെയും ബിപി കൂട്ടുന്നതല്ല, ശുഭാപ്തി ജനിപ്പിക്കുന്നതാകണം അവതരണങ്ങളും പ്രതികരണങ്ങളുമെല്ലാം എന്നെനിക്കുതോന്നുന്നു.
സാമാന്യദൃഷ്ടിയില്‍ പ്രതിവിധികളില്ലാത്ത അളമുട്ടിയ അവസ്ഥയില്‍ തമ്പുരാന്‍ ഏല്‍പിക്കുന്ന ദൗത്യം നിര്‍വ്വഹിക്കുവാനുള്ള വഴി കര്‍ത്താവിലേക്കുമാത്രം നോക്കിയാല്‍ കാണാം എന്ന് എനിക്കുതോന്നുന്നു. ഇന്ന് പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ തിരുനാളായിരുന്നു. ഇന്നത്തെ കുര്‍ബ്ബാനയിലെ വായന ഓര്‍മ്മയിലുണ്ടാകുമല്ലോ. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ അവസാനഭാഗം. പത്രോസിനെ അജപാലകദൗത്യം ഏല്‍പിക്കുന്ന സംഭവം.
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നു പറഞ്ഞതുപോലെ, ആ ഗലീലിത്തീരത്തെ സംഭവത്തിന്‍റെയൊരു തനിയാവര്‍ത്തനമല്ലേ റാഫേല്‍ പിതാവിന്‍റെ സ്ഥാനാരോഹണവും എന്നു ഞാന്‍ ചിന്തിച്ചുപോയി. കാറ്റിനെയും കടലിനെയും ചൊല്‍പടിയില്‍ നിര്‍ത്തുകയും, കുഷ്ഠരോഗിയ്ക്കും കൂനനും കുരുടനും വിരല്‍തുമ്പിലൂടെ ക്ഷിപ്രസൗഖ്യം നല്‍കുകയും, മഞ്ചത്തില്‍നിന്നും കല്ലറയില്‍നിന്നുംപോലും മരിച്ചവരെ വിളിച്ചുണര്‍ത്തുകയുമൊക്കെച്ചെയ്ത ഗുരുവിന്‍റെ കൂടെനടന്നപ്പോള്‍ മുക്കുവന്‍ പത്രോസിന് എന്തൊരു ഗമയായിരുന്നു. തന്‍റെ ഗുരുവിനെ തൊടാന്‍ തന്‍റെ നെഞ്ചത്തുചവിട്ടിയല്ലാതെ ആര്‍ക്കും സാധിക്കില്ല എന്നൊക്കെ എന്തൊരു 'തള്ള്' ആയിരുന്നു അന്ത്യത്താഴസമയത്ത്. എന്നിട്ടോ! മണിക്കൂറുകള്‍ക്കകം വെറും വേലക്കാരത്തിപ്പെണ്ണിന്‍റെ മുമ്പില്‍പോലും മുട്ടിടിച്ച് തള്ളിപ്പറഞ്ഞില്ലേ, ഗുരുവിനെ, ഒന്നല്ല മൂന്നുതവണ!
രണ്ടു രാവുകള്‍ പിന്നിട്ട സുപ്രഭാതത്തില്‍ മുമ്പില്‍ വന്നുനിന്ന് 'നിങ്ങള്‍ക്കു സമാധാനം' എന്നുപറഞ്ഞ ഗുരുവിനെക്കണ്ടപ്പോള്‍ മുഖത്തുനോക്കാനാവാതെ കുറ്റബോധംകൊണ്ടു കുനിഞ്ഞുപോയ പത്രോസിന്‍റെ കണ്ണ് സ്വന്തംകാലിന്‍റെ പെരുവിരലായിരുന്നു എന്നുറപ്പാണ്. പിന്നീടും കണ്ടുമുട്ടിയപ്പോഴൊക്കെ കുറ്റബോധംകൊണ്ട് നീറിപ്പുകയുന്ന പത്രോസിന്‍റെ തലകുനിയുന്നതും കണ്ണുനിറയുന്നതും കണ്ടപ്പോഴേ ഗുരു തീരുമാനമെടുത്തിരുന്നു പത്രോസിനു പണികൊടുക്കണമെന്ന്!
ഗലീലിയുടെ തീരം, നേരം പുലര്‍ച്ച. ആരോ തീരത്തെ പാറയില്‍ അസമയത്ത് പ്രാതലൊരുക്കുന്നു. രാവെളുക്കോളമലഞ്ഞിട്ടും കാലിവള്ളവുമായി കരയെത്താറായ മുക്കുവത്തലവനെ പണി പഠിപ്പിച്ചു ഗുരു. വലയുംവലിച്ചു കരയ്ക്കുകയറിയപ്പോള്‍ കണ്ട കാഴ്ച! പൊരിച്ചമീനും ചുട്ടഅപ്പവും. ഗുരു അതിലൊരപ്പമെടുത്ത് പത്രോസിന്‍റെ നേരെ നീട്ടിയപ്പോള്‍ നെഞ്ചിലെ നീറ്റലോടെ പത്രോസ് ഇരുകൈകളും തുറന്നു. അല്‍ഷിമേഴ്സ് രോഗിയെപ്പോലെ ആ കൈകള്‍ വല്ലാതെ വിറയ്ക്കുന്നതു ഗുരുകണ്ടു. നിറഞ്ഞൊഴുകുന്ന പത്രോസിന്‍റെ കണ്ണിലേക്കുനോക്കി നെഞ്ചുപൊട്ടുന്നചോദ്യം:
'യോനായുടെ പുത്രനായ ശിമയോനെ, ഇവരെക്കാള്‍ അധികമായി നീയെന്നെ സ്നേഹിക്കുന്നുവോ?'
'ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നല്ലോ.' അതൊരു തേങ്ങലായിരുന്നു.
രണ്ടാം പ്രാവശ്യവും അതേ ചോദ്യം: 'യോനായുടെ പുത്രനായ ശിമയോനെ, നീയെന്നെ സ്നേഹിക്കുന്നുവോ?'
നിലവിളിയോടെ ആയിരുന്നിരിക്കണം പത്രോസിന്‍റെ മറുപടി,
'ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു നീ അറിയുന്നല്ലോ.'
അവന്‍ മൂന്നാം പ്രാവശ്യവും പത്രോസിനോടു ചോദിച്ചു:
'യോനായുടെ പുത്രനായ ശിമയോനെ, നീയെന്നെ സ്നേഹിക്കുന്നുവോ?'
മൂന്നാം പ്രാവശ്യവും ഗുരുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കേട്ട അതേകോഴിയുടെ കൂവല്‍ പത്രോസിന്‍റെ കാതില്‍ പെരുമ്പറപോലെ മുഴങ്ങി. നെഞ്ചുപിളര്‍ന്ന് ഗുരുവിനെ കാണിച്ചുകൊണ്ടു പത്രോസ് പറഞ്ഞു:
'കര്‍ത്താവേ, നീഎല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നും നീ അറിയുന്നു.'
ഏറ്റവും കിരാതമായി മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞവന്, അതിനെക്കാള്‍ തീവ്രമായി മൂന്നുപ്രാവശ്യം ഏറ്റുപറഞ്ഞു തിരിച്ചുവരുന്നതിന് അവസരമൊരുക്കിയ ഗുരു. ഒരു പേര്‍ഫെക്റ്റ് കൗണ്‍സലിംങ്! പത്രോസിന് സമ്പൂര്‍ണ്ണ ആന്തരിക സൗഖ്യം!!
റാഫേല്‍ തട്ടില്‍പിതാവിനെ തമ്പുരാന്‍ ഏല്‍പിക്കുന്ന, കാലവും ചരിത്രവും സഭയും വിശ്വാസസമൂഹവും പ്രതീക്ഷയോടെ ഏല്‍പിക്കുന്ന ദൗത്യം ഇതുതന്നെയല്ലേ??
മാറോടണച്ചു മൂന്നുവര്‍ഷം കൂടെ കൊണ്ടുനടന്നവന്‍ നിഷ്ക്കരുണം തള്ളിപ്പറഞ്ഞിട്ടും അവനെ തിരിച്ചുകൊണ്ടുവന്നു താക്കോലേല്‍പിച്ച പൊറുക്കലിന്‍റെ, കരുതലിന്‍റെ, ഏഴ് എഴുപതുവട്ടം ക്ഷമിക്കലിന്‍റെ, ബലിയല്ല കരുണയാണ് ദൈവഹിതമെന്ന കര്‍ത്തൃപാഠത്തിന്‍റെ ദൗത്യം. വികൃതമാക്കപ്പെട്ട സഭയുടെ കറുത്തചുവരില്‍ തമ്പുരാന്‍ വെളുത്തചോക്കില്‍ എഴുതിക്കാണിക്കുന്നത് വായിച്ചറിയാനും പ്രവൃത്തിയിലൂടെ അതു ഭാഷാന്തരം ചെയ്യാനും റാഫേല്‍ തട്ടില്‍പിതാവിനു കൃപ ലഭിക്കട്ടെ. കോഴികൂവുന്നതു കേള്‍ക്കാന്‍ വിശ്വാസിസമൂഹത്തിന്‍റെ ചെവികളും തമ്പുരാന്‍ തുറക്കട്ടെ.
ഞാനൊന്നു നിര്‍ത്തിയപ്പോഴാണ് എന്‍റെ ആശ്രമത്തിന്‍റെമുറ്റത്ത് എത്തിയിട്ടും ഞാനിറങ്ങാതിരുന്നതുകൊണ്ട് അവരു കേട്ടിരുന്നു തന്നതാണെന്ന്!! ഒരു ഗുഡ് നൈറ്റും പറഞ്ഞ് വന്നിരുന്നപാടെ എഴുതിത്തീര്‍ത്തു.