ദൈവം മനുഷ്യനെ നോക്കിയെന്നു തിരുവചനം പറയുന്നു. ദൈവത്തിന്‍റെ നോട്ടത്തില്‍ നിന്നാണ് ലോകത്തിന്‍റെ ഉത്ഭവം. ദൈവം നോക്കിയപ്പോള്‍ എല്ലാം കണ്ടു. സൃഷ്ടികര്‍മ്മത്തിനുശേഷം സൃഷ്ടപ്രപഞ്ചത്തിന്‍റെമേല്‍ കണ്ണുപതിച്ചിട്ട് ദൈവം പറഞ്ഞു: എല്ലാം നന്നായിരിക്കുന്നു. ദൈവികചൈതന്യമുള്ള മനുഷ്യനോടും സ്വയം നോക്കുവാന്‍ ദൈവം ആവശ്യപ്പെടുന്നു. ദൈവം ആദത്തെ നോക്കിയപ്പോള്‍ അവന്‍റെ നഗ്നത കണ്ടു. ആദം ദൈവത്തെ നോക്കിയപ്പോള്‍ സ്വന്തം നഗ്നത മനസ്സിലാക്കി. യേശുവിനെ നോക്കിയ സക്കേവൂസ് സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞു. ദൈവം ദാവീദിനെ നോക്കിയപ്പോള്‍ അവനില്‍ മറഞ്ഞുകിടന്ന കഴിവുകള്‍ കണ്ടു. ലൂക്കാ സുവിശേഷം ഏഴാം അദ്ധ്യായത്തില്‍ യേശു പാപിനിയായ സ്ത്രീയെ നോക്കിയപ്പോള്‍ അവളുടെ കുറവുകള്‍ കണ്ടു. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റുപാടുകളിലേക്കു നോക്കി യാത്ര ചെയ്യണം.

മൂന്നുതരം നോട്ടങ്ങള്‍ നമുക്കുണ്ട്. തന്‍റെ തന്നെ ഹൃദയത്തിന്‍റെ ആഴത്തിലേക്കാണ് ഒന്നാമത്തെ നോട്ടം. ദൈവാലയത്തില്‍ ശാന്തമായി ഇരിക്കുമ്പോഴും ഉറങ്ങുവാന്‍ പോകുന്നതിനുമുമ്പ് കിടക്കയില്‍ ഇരിക്കുമ്പോഴും ഈ നോട്ടമാണ് സംഭവിക്കുന്നത്. സ്വന്തം സത്തയിലേക്ക് നോക്കാത്തവന്‍ വളരില്ല. ശരീരത്തില്‍ വളര്‍ച്ചയെത്തുമ്പോഴും മനസ്സില്‍ കുട്ടികളെപ്പോലെ ആയിരിക്കും. ഹൃദയത്തിന്‍റെ ആഴങ്ങളിലേക്കു നോക്കുന്നവര്‍ സ്വയം തിരുത്തും. പുതിയ തിരിച്ചറിവുകള്‍ ലഭിക്കുമ്പോള്‍ അവര്‍ പുതിയ വഴികള്‍ തേടും. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അവര്‍ സ്വന്തമാക്കും.

രണ്ടാമത്തെ നോട്ടം മുകളിലേക്കാണ്. ദൈവത്തിലേക്കുള്ള ആ നോട്ടം നല്ല ദര്‍ശനങ്ങള്‍ സമ്മാനിക്കും. ദൈവം പിതാവാണെന്നും അവിടുന്നറിയാതെ ഒന്നും സംഭവിക്കില്ലെന്നുമുള്ള ധൈര്യം ലഭിക്കുന്നു. ചലിക്കുന്നതും ചരിക്കുന്നതും ദൈവത്തിലാണെന്നും എന്‍റെ ലക്ഷ്യം ആ ദൈവമാണെന്നുമുള്ള അവബോധം ഉയര്‍ന്നുവരും. ദൈവം എന്‍റെ പക്ഷത്തുണ്ടെങ്കില്‍ ഒന്നിനെയും ഞാന്‍ ഭയപ്പെടുകയില്ല. റോമാ 8/32 മുതലുള്ള വാക്യങ്ങളില്‍ വിശുദ്ധ പൗലോസ് ഈ ബോദ്ധ്യമാണ്  പരസ്യമായി പ്രഘോഷിക്കുന്നത്. മുകളില്‍നിന്നു ലഭിക്കുന്ന ധൈര്യം താഴെയുള്ള സര്‍വ്വതിനെയും നിര്‍ഭയം നേരിടുവാന്‍ കഴിവു നല്‍കുന്നു. വിട്ടവന്‍ വിളിക്കുമ്പോള്‍ തിരിച്ചു പോകേണ്ടവരാണെന്ന ബോധ്യത്തോടെ തീര്‍ത്ഥയാത്ര നടത്തും. ദൈവത്തിലേക്കുള്ള നോട്ടം കണ്ണുകളില്‍ തിളക്കവും മുഖത്തു പ്രകാശവും സമ്മാനിക്കും. ദൈവത്തെ നോക്കി തിരിച്ചുവന്ന മോശയുടെ മുഖം സൂര്യനെപ്പോലെ ജ്വലിച്ചിരുന്നതായി നാം വായിക്കുന്നു.

സ്വന്തം ഉള്ളിലേക്കും ദൈവത്തിലേക്കും നോക്കുന്നവന്‍റെ കണ്ണുകള്‍ ചുറ്റുപാടുകളിലേക്ക് തിരിയും. ദൈവം കാണുന്നതുപോലെ കാണുവാനും ദൈവം  കേള്‍ക്കുന്നതുപോലെ കേള്‍ക്കുവാനും ദൈവം വിലയിരുത്തുന്നതുപോലെ വിലയിരുത്തുവാനും ആ വ്യക്തിക്കു കഴിയും. ഫാദര്‍ ഡാമിയനും മദര്‍ തെരേസയുമെല്ലാം ചുറ്റുപാടുകളിലേക്ക് നോക്കിയവരാണ്. ദൈവത്തിന്‍റെ മക്കളുടെ കണ്ണുനീരൊപ്പുവാന്‍ അവരുടെ കരങ്ങള്‍ തയ്യാറായി. സ്നേഹമായ ദൈവത്തെ അനുഭവിച്ചവര്‍ക്ക് സഹജീവികളെ അവഗണിക്കാനാവില്ല. വ്യക്തിത്വത്തിന് തിളക്കം നല്‍കുന്നത് ഈ നോട്ടങ്ങളാണ്.

ദൈവത്തിന്‍റെ പുത്രനായി ലോകത്തിലവതരിച്ച യേശുക്രിസ്തുവിനെ നോക്കുന്നവര്‍ക്കും ഈ മാറ്റങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ആദ്യമായി ഒരു വ്യക്തി ക്രിസ്തുവിനെ കാണാനായി കാത്തിരിക്കണം. ക്രിസ്തുവിനു വേണ്ടിയുള്ള ആ നോട്ടത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. സക്കേവൂസ് ക്രിസ്തുവിനെ കാണാന്‍ കാത്തിരുന്നു. അവന്‍റെ ആഗ്രഹം മനസ്സിലാക്കിയ യേശു അവന്‍ ഇരുന്ന വൃക്ഷത്തിന്‍റെ അരികില്‍ വന്നുനിന്നു. ആദ്യത്തെ ചുവടുവെയ്പിന് സക്കേവൂസ് തയ്യാറായപ്പോള്‍ ബാക്കിയെല്ലാം കര്‍ത്താവു ചെയ്തു. യേശുവിനെ കാണാനുള്ള ദാഹം ഒരാള്‍ ഉള്ളില്‍ സൂക്ഷിച്ചാല്‍ പടിപടിയായി അത്ഭുതങ്ങള്‍ അരങ്ങേറും. ക്ഷമയോടെ കര്‍ത്താവിന്‍റെ ഇടപെടലിനായി കാത്തിരിക്കുവാന്‍ നമുക്കു കഴിയണം. തീക്ഷ്ണമായ ആഗ്രഹത്തോടെ കാത്തിരുന്നാല്‍ അവന്‍ എന്‍റെ മുമ്പില്‍ സന്നിഹിതനാകും.

കര്‍ത്താവ് എന്നെയും ഞാന്‍ അവനെയും നോക്കുന്നതാണ് അടുത്ത പടി. ക്രിസ്തുവിനെ നോക്കുമ്പോള്‍ എന്‍റെയുള്ളില്‍ മാറ്റങ്ങള്‍ സംഭവിക്കും. സക്കേവൂസ് ഒരു തെറ്റിന് നാലിരട്ടി പരിഹാരം ചെയ്യുവാന്‍ സന്നദ്ധനായി. ദൈവത്തിന്‍റെ നോട്ടത്തില്‍ ആദിമാതാപിതാക്കള്‍ തങ്ങളുടെ നഗ്നത തിരിച്ചറിഞ്ഞു. ക്രിസ്തുവിനെ ഒരാള്‍ നോക്കുമ്പോള്‍  അവന്‍ പുതിയ മനുഷ്യനായി മാറും. പാപിനിയായ സ്ത്രീയും സമരിയാക്കാരിയുമെല്ലാം അവന്‍റെ നോട്ടത്തില്‍ മാനസാന്തരപ്പെട്ടവരാണ്. കര്‍ത്താവിന്‍റെയും പത്രോസിന്‍റെയും കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ പത്രോസ് പുതിയ മനുഷ്യനായി.

കര്‍ത്താവിന്‍റെ കൂടെ നിന്നുള്ള നോട്ടമാണ് പിന്നീട് സംഭവിക്കുന്നത്. കരുണയുടെയും സഹാനുഭൂതിയുടെയും നോട്ടമാണത്. ദരിദ്രരില്‍ ക്രിസ്തുവിന്‍റെ മുഖം കാണുന്ന നോട്ടം. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ക്രിസ്തുവിന്‍റെ കൂടെ നിന്നു നോക്കിയപ്പോള്‍ കരുണയുടെ മുഖമായി മാറി. മുന്‍കോപികളായ സെബദീപുത്രന്മാര്‍ സ്നേഹത്തിന്‍റെ മുഖമായി മാറി. ജീവിതയാത്രയില്‍ ക്രിസ്തുവിനെ നോക്കിയിട്ട് അവന്‍റെ മുഖമായി മാറുവാന്‍ കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നു.   

You can share this post!

നവീകരിക്കുന്ന ദൈവം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

എന്താണ് പ്രാര്‍ത്ഥന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts