news-details
സഞ്ചാരിയുടെ നാൾ വഴി

വിലാപത്തിന്‍റെ പുസ്തകം

തിയോ പെങ്ങള്‍ക്ക് എഴുതിയ കത്ത്

പാരീസ്, 5 ആഗസ്റ്റ് 1890
 

അവന്‍റെ അന്ത്യവിശ്രമത്തെ അനുഭാവത്തോടെ ഓര്‍ക്കണമെന്നു പറയാന്‍ ഞാനിപ്പോഴും ഒരുക്കമല്ല. ഈ ഭൂമിക്ക് മീതെ ജീവിതം കാട്ടിയ ഏറ്റവും കഠിനമായ ക്രൂരതയെന്നു തന്നെ അതിനെ വിളിക്കണം.

മരണനേരത്തും ഒരു പുഞ്ചിരി നിലനിര്‍ത്തിയ നിണസാക്ഷികളുടെ ഗണത്തില്‍ അയാളെയും ഇനി മുതല്‍ നാം കൂട്ടണം. ജീവനോടായിരി ക്കാനവന്‍ താത്പര്യപ്പെട്ടില്ല. ഒരു പ്രശാന്തി അവന്‍റെ ഉള്ളിലുണ്ട്. ഉത്തമവും കുലീനവുമായ ചില ബോദ്ധ്യങ്ങള്‍ക്ക് വേണ്ടി സദാ പോരാടിയതു കൊണ്ടാണത്.

തന്‍റെ അച്ഛനോട്, സുവിശേഷത്തോട്, ദുഃഖിതരോട്, ദരിദ്രരോട് എഴുത്തിലും വരയിലുമുള്ള വലിയ മനുഷ്യരോടൊക്കെ കാത്തുവെച്ച അയാളുടെ സ്നേഹമതിന്‍റെ മതിയായ തെളിവാണ്.

ഒടുവിലത്തെ കത്തില്‍, മരിക്കുന്നതിന് നാലു ദിവസം മുമ്പ് അയാള്‍ ഇങ്ങനെ എനിക്ക് എഴുതി: എന്നില്‍ വലിയ മതിപ്പും സ്നേഹവും ഉണര്‍ത്തിയ ചില ചിത്രകാരന്‍മാര്‍ക്ക് നിരക്കുന്ന രീതിയില്‍ ചിത്ര മെഴുതാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അയാള്‍ ഒരു വലിയ കലാകാരനാണെന്നും ഒപ്പം  വലിയ ഒരു മനുഷ്യനായിരുന്നുവെന്നും ലോകം മനസ്സിലാക്കും. വൈകാതെ അത് വിളംബരം ചെയ്യപ്പെടും. ചെറുപ്രായത്തിലുള്ള അയാളുടെ വിയോഗം അതീവ ഖേദത്തോടെ ഓര്‍മ്മിക്കപ്പെടും മരിക്കണമെന്ന് അയാള്‍ ഉറപ്പിച്ചതാണ്. അയാളുടെ കിടക്കയുടെ അരികിലിരുന്ന് അയാളെ ജീവിതത്തി ലേക്കെത്തിക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇത്തരം നിരാശയില്‍ നിന്ന് വൈകാതെ മുക്തി നേടാനാവുമെന്നും പറഞ്ഞു. ഇതായിരുന്നു മറുപടി:"La tristesse durera toujours' [The sadness will last forever].

ദുഃഖം അവസാനിക്കില്ല. എന്താണ് അതിലൂടെ പറയാന്‍ അയാള്‍ ശ്രദ്ധിച്ചതെന്ന് എനിക്ക് മന സ്സിലായി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അയാ ള്‍ക്ക് ശ്വാസതടസ്സം ഉണ്ടായി. ഒരു മിനിറ്റിനകം മിഴി കളടഞ്ഞു. ഒരു മഹാ വിശ്രാന്തിയയാളെ പൊതിഞ്ഞു. (Theo Van Gogh. Letter to Elisabeth Van Gogh. Written 5 August 1890)

2

അഷ്ടഭാഗ്യങ്ങളുടെ പട്ടികയില്‍ രണ്ടാമത്തേത് അതാണ്: വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍/അവര്‍ക്ക് ആശ്വാസം ലഭിക്കും.

ലോകം എത്രയും ദയയുള്ള മാതാവിലെന്നപോലെ ദുഃഖിതരുടെ താഴ്വരയാണെന്ന് തോന്നുന്നു. അതില്‍ പാര്‍ക്കുന്നവര്‍ പരസ്പരം പുലര്‍ത്തേണ്ട അടിസ്ഥാന സെന്‍സിറ്റിവിറ്റിക്കുള്ള വാഴ്ത്താവണമത്.

കൂടെ പാര്‍ക്കുന്നവരുടെ ക്ഷതങ്ങളിലേക്ക് സദാ തുറന്നു പിടിച്ചൊരു കണ്ണുണ്ടാവുകയാണ് പ്രധാനം. ഒന്നോര്‍ത്താല്‍ ഒരാളുടെ ക്ഷതങ്ങളാണ് അയാള്‍.

Talk to her എന്നര്‍ത്ഥം വരുന്ന ഒരു സ്പാനിഷ് ചലച്ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മ്മയുണ്ട്.

ഓപ്പറ വേദിയിലാണ് അതാരംഭിക്കുന്നത്. കഠിന ദുഃഖത്തില്‍ നടനമാടുന്ന രണ്ടു സ്ത്രീകള്‍. മുന്‍ നിരയില്‍ തന്നെ അവരെയുറ്റുനോക്കി കണ്ണീരൊഴുക്കുന്ന ഒരാള്‍. അയാളാണ് ചിത്രത്തിലെ നായകന്‍.

കാളപ്പോരില്‍ ഏര്‍പ്പെടുന്ന ഒരു സ്ത്രീയോട് അയാള്‍ക്ക് ഒരു പ്രിയമുണ്ട്. ഒരു രാത്രിയില്‍ അവളെ സ്വന്തം വീട്ടിലാക്കി അയാള്‍ മുന്നോട്ടു നീങ്ങിത്തുടങ്ങുമ്പോള്‍ അകത്തേക്ക് പോയ ആ സ്ത്രീ നിലവിളിച്ചു കൊണ്ട് പുറത്തേയ്ക്ക് വന്നു. മല്ലയുദ്ധത്തില്‍ കൂറ്റന്‍ കാളകളെ തോല്‍പ്പിക്കുന്ന അവള്‍ ഒരു ചെറിയ പാമ്പിനെ കണ്ട് ഭയന്നിരിക്കുന്നു!

അയാള്‍ അവളെ പരിഹസിക്കുന്നില്ല. അകത്ത് പ്രവേശിച്ച് അതിനെ കൊന്ന് പുറത്തേക്ക് വരുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

അയാള്‍ പറഞ്ഞു: എനിക്ക് നിന്നെ മനസ്സിലാകും. എന്‍റെ ജീവിതത്തില്‍ പ്രവേശിച്ച ഏക സ്ത്രീ അവള്‍ക്കും പാമ്പുകളെ ഭയമായിരുന്നു. എനിക്ക് സ്ത്രീകളുടെ ഫോബിയകളെക്കുറിച്ച് വൃക്തമായ ധാരണയുണ്ട്!

എത്ര പെട്ടെന്നാണ് അവരുടെ ബന്ധം ആഴപ്പെടുന്നത്. ഒരാളുടെ ഭീതികള്‍, കയ്പ്പോര്‍മ്മകള്‍, വൃണിത മേഖല- വള്‍നറബിലിറ്റി തുടങ്ങിയവ ആരാഞ്ഞും പരിഹാരം തിരഞ്ഞുമാണ് ഭൂമിയിലുള്ള എല്ലാ മൈത്രികളും അതിന്‍റെ നിലനില്‍പ്പ് കണ്ടെത്തേണ്ടതെന്ന് തോന്നുന്നു.

ഇപ്പോഴും മനുഷ്യനായിരിക്കുന്നു എന്ന ഉറപ്പ് തന്നെ എന്തൊരു സാന്ത്വനമാണ്

3

വ്യസന കൂടാരങ്ങള്‍ ജീവിതത്തിന്‍റെ ഏറ്റവും നല്ല പാഠശാലയാകുന്നു. അതുകൊണ്ടായിരിക്കണം ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് ഇങ്ങനെ ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്: "സദ്യ നടക്കുന്ന വീട്ടിൽ പോകുന്നതിനെക്കാൾ നല്ലത് വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ്. സർവരുടെയും അന്ത്യം ഇതാണെന്ന് ജീവിച്ചിരിക്കുന്നവർ ഗ്രഹിച്ചുകൊള്ളും. ചിരിക്കുന്നതിനെക്കാൾ മേൻമ കരയുന്നതിനാണ്; അതു മുഖം മ്ലാനമാക്കുമെങ്കിലും ഹൃദയത്തിന് ആശ്വാസം നൽകും. ജ്ഞാനിയുടെ ഹൃദയം കണ്ണീരിൻെറ ഭവനത്തിലാണ്; മൂഢൻെറ ഹൃദയം ആഹ്ലാദത്തിൻെറ ഭവനത്തിലും." (സഭാപ്രസം​ഗകൻ 7:2-4).  Better to go to the house of mourning than to go to the house of feasting, for that is the end of all men; and the living will take it to heart. Sorrow is better than laughter, for by a sad countenance the heart is made better. The heart of the wise is in the house of mourning, but the heart of fools is in the house of mirth" (Ecclesiastes 7:2-4). 

ഓഷ്വിറ്റ്സ് തടവറയില്‍ വെച്ച് ഒരു ദിവസം പ്രീമോലെവി മതിലുപണിയുന്ന പണിക്കാരുടെ ഇടയില്‍നിന്ന് തന്‍റെ ഭാഷ പറയുന്ന ഒരാളെ കേട്ടു.

ഇറ്റലിക്കാരനായ ലോറെന്‍സോ പെറോണയായിരുന്നു അത്.

പിന്നീടുള്ള ഏതാണ്ട് ആറു മാസവും ലോറന്‍സോ അയാള്‍ക്കുവേണ്ടി എല്ലാ ദിവസവും ഒരു പാത്രം സൂപ്പ് ഒളിച്ചു കടത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ ഒരപ്പകഷ്ണത്തിന്‍റെ ആഡംബരവുമുണ്ടായി!

അത് അപകടം പിടിച്ച ഒരു കളിയായിരുന്നു. മറ്റൊരിക്കല്‍ പിഞ്ചി തുടങ്ങിയ ഒരു ഉടുപ്പും.
ഒക്കെ വലിയ കാര്യങ്ങളായിരുന്നു.

പലര്‍ക്കുവേണ്ടിയും അയാളതു ചെയ്യുന്നുണ്ടെന്ന് വൈകാതെ ലെവി മനസ്സിലാക്കും.

ഒരു നന്ദി പറയാന്‍ അയാളെ ആ മനുഷ്യന്‍ സമ്മതിക്കുന്നില്ല. വെറുതെ വെറും മനുഷ്യനായിരിക്കുന്നതിന്‍റെ തുടര്‍ച്ച മാത്രമാണിതെന്ന് കൂട്ടി ച്ചേര്‍ത്തു.

തടവറയെ അതിജീവിച്ച ലെവി തന്‍റെ മക്കള്‍ക്ക് അയാളെ ഓര്‍മ്മിപ്പിക്കുന്ന പേരുകളാണിട്ടത്. താന്‍ ഒരു മനുഷ്യനാണെന്ന് മറന്നുപോകാതിരിക്കാന്‍ സഹായിച്ച ഒരാള്‍ എന്ന നിലയിലാണ് കൃതജ്ഞതയോടെ അയാളെ ഓര്‍മ്മിച്ചെടുക്കുന്നത്. ഒരു പാത്രം സൂപ്പിന്‍റെ കഥ മാത്രമല്ലയത്. പുറത്ത് നീതിയുള്ള ഒരു ലോകമുണ്ടെന്നും അതില്‍ നിഷ്ക ളങ്കരായ മനുഷ്യരുണ്ടെന്നും അകലെയാണെങ്കിലും സകല ക്ലേശങ്ങളെയും അതിജീവിച്ച് താന്‍ അവിടെയെത്തണമെന്നും അയാള്‍ സദാ ഉള്ളിലിരുന്ന് കിന്നാരം പറഞ്ഞു. I believe that it was really due to Lorenzo that I am alive today, തന്‍റെ അതിജീവനത്തിന്‍റെ ഹേതുവെന്ന നിലയിലാണ് ലെവി തന്‍റെ സ്നേഹിതനെ ചുരുക്കിയെഴുതുന്നത്.

ഭംഗിയുള്ളതായിരുന്നില്ല ഇരുവരുടെയും അന്ത്യം. താന്‍ സാക്ഷ്യം വഹിച്ച ഹീനതകളില്‍ തകര്‍ന്നുപോയ ലോറന്‍സോ കള്ളില്‍ മുങ്ങിപോയി. 52- ല്‍ ഒരു ടി ബി സാനിട്ടോറിയത്തില്‍ വെച്ച് മരിച്ചു. തടങ്കല്‍പാളയത്തില്‍ നിന്ന് പുറത്തു വന്നു നാല്പത് വര്‍ഷങ്ങള്‍ക്കുശേഷം 1987 - ല്‍ ലെവി ടൂറിനില്‍ വെച്ച് അത്മഹത്യ ചെയ്തു. ഓഷ്വി റ്റ്സില്‍വെച്ച് മരിച്ചു പോയ ഒരാള്‍ എന്നാണ് ഏലി വിസല്‍ അതിനെ പരിഗണിച്ചത്!

4

സങ്കടങ്ങളെ തുന്നിക്കെട്ടിയ ഒരു പുസ്തകമുണ്ട്  ബൈബിളില്‍ - വിലാപങ്ങൾ  - The Book of Lamentation. തകര്‍ക്കപ്പെട്ട പള്ളിയുടെയും  അടിമ ജീവിതത്തിന്‍റെയും backdrop ലാണത്. ജറമിയ എന്ന പ്രവാചകന്‍റെ  പേരിലാണത്.

പുരാതനമായ സുമേരിയന്‍ വിലാപങ്ങളുടെ ചുവടുപിടിച്ചാണ് ഇവ. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി ശുഭാന്ത്യം ഇല്ല എന്നുള്ളതാണ് പ്രത്യേകത. നിലവിളിയില്‍ തന്നെ പുസ്തകം അടഞ്ഞുപോകും. കയ്പ്പിന്‍റെ ആ പുസ്തകത്തില്‍ നിന്നും മധുരമായ ഒരു വാക്ക് കാലത്തിനു കുറുകെ പറക്കുന്നു: ഓരോ പുലരിയിലും നിന്‍റെ സ്നേഹം പുതിയതാണ്. പുലരിയില്‍ ഞാന്‍ നിന്‍റെ സ്നേഹം ഓര്‍ക്കുന്നു. കണ്ണ് നിറയുന്നു. വായന മുറിയുന്നു.

You can share this post!

നെരിപ്പോട്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts