ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യത്തിന്‍റെ നാള്‍വഴിയിലൂടെയുള്ള പ്രയാണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ കണ്ടുമുട്ടുന്ന സുപ്രധാനമായൊരു മാതൃകാവ്യക്തിത്വമാണ് അബ്രാഹം. യഹൂദ - ക്രൈസ്തവ - ഇസ്ലാം മതസ്ഥര്‍ 'വിശ്വാസികളുടെ പിതാവായി' അബ്രാഹത്തെ പരിഗണിക്കുന്നു. അബ്രാഹം പുരോഹിതാഭിഷേകം സ്വീകരിച്ചതായി ബൈബിളില്‍ പറയുന്നില്ല; ഒരിക്കല്‍പ്പോലും 'പുരോഹിതന്‍' എന്നു വിശേഷിപ്പിക്കുന്നില്ല. ആദ്യത്തെ ഔദ്യോഗിക പുരോഹിത ഗോത്രത്തലവനായ ലേവിയുടെയും ആദ്യത്തെ ഔദ്യോഗിക പുരോഹിതനായ അഹറോന്‍റെയും പൂര്‍വ്വികന്‍ എന്ന നിലയില്‍ മാത്രമല്ല, തന്‍റേതായ അനേകം പ്രവൃത്തികളിലൂടെയും ഒരു യഥാര്‍ത്ഥ പുരോഹിതനായി അബ്രാഹം ബൈബിളില്‍ പ്രത്യക്ഷപ്പെടുന്നു. ആ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമായ ചിലത് അപഗ്രഥിച്ചാല്‍ അബ്രാഹത്തിലൂടെ ബൈബിള്‍ അവതരിപ്പിക്കുന്ന പൗരോഹിത്യചിത്രം കണ്ടെത്താന്‍ കഴിയും.
1. വിളി - മറുപടി
"കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്തു: നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്‍റെ പേര് മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവനെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവനെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു." (ഉല്‍പ 12, 1-4)
യാതൊരുവിധ മുന്നറിയിപ്പും കൂടാതെ അബ്രാഹത്തിന്‍റെ ജീവിതത്തിലേക്കു കടന്നുവരുന്ന ദൈവം വലിയൊരു ലക്ഷ്യത്തോടെയാണ് അയാളെ വിളിക്കുന്നത് - ലോകജനതകള്‍ക്കു മുഴുവന്‍ അനുഗ്രഹത്തിന്‍റെ നീര്‍ച്ചാലാകണം. "നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും." ഇതാണ് അബ്രാഹത്തിനു ലഭിക്കുന്ന വിളിയും ദൗത്യവും. അതിന് ആദ്യമേ ചെയ്യേണ്ടതു വിട്ടുപോകലാണ്.
തനിക്ക് അസ്തിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന സകല ബന്ധങ്ങളും അറുത്തുമാറ്റണം. ദേശം, ഗോത്രം, കുടുംബം - ഈ ബന്ധങ്ങളാണ് ഒരാള്‍ക്ക് എന്നും തനതായ വ്യക്തിത്വവും വ്യതിരിക്തതയും, ജീവിതത്തിന് സുരക്ഷിതത്വവും നല്‍കിയിരുന്നത്. ഒറ്റയടിക്ക് ഇതെല്ലാം നഷ്ടപ്പെടുത്തുക; തീര്‍ച്ചയായും വലിയൊരു സാഹസികതയാണ് ദൈവം അബ്രാഹത്തില്‍ നിന്ന് ആവശ്യപ്പെടുന്നത്. ഇനി സുരക്ഷിതത്വം തന്നെ വിളിക്കുന്ന ദൈവത്തില്‍മാത്രം കണ്ടെത്തണം. അതിന് വിശ്വാസം ആവശ്യമാണ്.
വിട്ടുപേക്ഷിക്കുന്നത് ഒരു തുടക്കം മാത്രമാണ് - ഒരു യാത്രയുടെ തുടക്കം. "ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോകുക." ഏതാണ് ആ നാട് എന്നു തുടക്കത്തില്‍ വ്യക്തമല്ല. "കാണിച്ചുതരും" എന്നത് ഒരു വാഗ്ദാനമാണ്. അത് എവിടെ എന്നറിയാതെ, അങ്ങോട്ടുള്ള വഴി ഏതെന്നറിയാതെ, പുറപ്പെടണം. ആശ്രയിക്കാന്‍ ഒന്നു മാത്രം. ആര്‍ജ്ജിച്ചതെല്ലാം വിട്ടുപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെടാന്‍ ആഹ്വാനം ചെയ്യുന്ന ദൈവവും അവിടുത്തെ വാഗ്ദാനവും. തന്നെ വിളിക്കുന്ന ദൈവം ആരെന്ന് അബ്രാഹത്തിനറിയില്ല. ഊറിലും ഹാരാനിലും പൂര്‍വ്വികര്‍ ആരാധിച്ചിരുന്ന ബാലും കെമോഷും അഷേരായും പോലുള്ള ഒന്നല്ല ആ ദൈവം. പേരില്ല, രൂപവുമില്ല. ഇതുവരെ പരിചയപ്പെട്ടിട്ടുമില്ല. എന്നാല്‍ നേരിട്ടു വിളിക്കുന്ന, താന്‍ കാത്തുപാലിക്കും, സംരക്ഷിക്കും, അനുഗ്രഹിക്കും എന്നു വാഗ്ദാനം ചെയ്യുന്ന ഒരു വ്യക്തിയാണ് ഹാരാനില്‍വച്ച് തന്നെ വിളിക്കുന്ന ദൈവം എന്ന് അബ്രാഹം വിശ്വസിച്ചു.
അബ്രാഹത്തിന്‍റെ മറുപടി വി. ഗ്രന്ഥകാരന്‍ നാലുവാക്കുകളില്‍ ഒതുക്കി. "കര്‍ത്താവ് കല്പിച്ചതനുസരിച്ച് അബ്രാഹം പുറപ്പെട്ടു." അനുസരിച്ചു. പ്രവൃത്തിയിലൂടെ പ്രകടമാക്കുന്ന വിശ്വാസമാണ് അനുസരണം. ദൈവമാണ് തന്നെ വിളിക്കുന്നതെന്നും നല്കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും അബ്രാഹം വിശ്വസിച്ചു. "അന്ധകാരത്തിലേക്കുള്ള ഒരു കുതിച്ചുചാട്ടം" A leap into the dark) എന്നു വിശേഷിപ്പിക്കുന്ന വിശ്വാസത്തിന്‍റെ ഉത്തമ മാതൃകയാണ് അബ്രാഹത്തിന്‍റെ മറുപടി. ചോദ്യം ചെയ്യാതെ, വിശദീകരണം തേടാതെ, തടസ്സം പറയാതെ, നിബന്ധനകള്‍ കൂടാതെ അബ്രാഹം പുറപ്പെട്ടു. തുടര്‍ന്നുള്ള യാത്രയില്‍ ഉടനീളം ഇതുതന്നെ ആയിരിക്കും അബ്രാഹത്തിന്‍റെ മനോഭാവവും പ്രതികരണവും - വിശ്വസിച്ചു, അനുസരിച്ചു.
പൗരോഹിത്യത്തെക്കുറിച്ച് നിര്‍ണായകമായ ചില അറിവുകള്‍ ഈ വിവരണത്തില്‍നിന്ന് ലഭിക്കുന്നു.
1. ദൈവം വിളിക്കുന്നവനാണ് പുരോഹിതന്‍, അതു സ്വന്തമായി, സ്വന്ത ഇഷ്ടപ്രകാരം എടുക്കുന്ന തിരഞ്ഞെടുപ്പും തീരുമാനവുമല്ല; ദൈവം ഏല്പിക്കുന്ന ദൗത്യമാണ്.
2. ജീവിതത്തില്‍ ഒരു സമൂലപരിവര്‍ത്തനം ആവശ്യപ്പെടുന്നു. ഇതുവരെ പരിചയിച്ച, തനിക്കു സ്വന്തമായ വ്യക്തിത്വവും സുരക്ഷിതത്വവും നല്കുന്ന, സാഹചര്യങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ദൈവം കാണിച്ചുതരുന്ന പുതിയ വഴിയിലൂടെ യാത്രചെയ്യുക.
3. ദൈവസ്വരത്തിനു നിരന്തരം കാതോര്‍ക്കുക. ജീവിതയാത്രയില്‍ കൂടെ നടക്കുന്ന ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക. ഓരോ ദിവസവും ഓരോ നിമിഷവും ദൈവസ്വരം കേള്‍ക്കണം.
4. വിശ്വസിക്കുക. തന്നെ വിളിക്കുന്നവതു ദൈവമാണെന്നും വിളിക്കുന്നവന്‍ വിശ്വസ്തനാണെന്നും ഏല്പിക്കുന്ന ദൗത്യം നിറവേറ്റാന്‍ ആവശ്യമായ സഹായം നല്കിക്കൊണ്ട് എപ്പോഴും കൂടെ ഉണ്ടായിരിക്കും എന്നു വിശ്വസിക്കുക.
5. പുറപ്പെടുക. വഴികള്‍ അജ്ഞാതമെങ്കിലും ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് യാത്ര തുടരുക, അബ്രാഹം ഹാരാനില്‍ നിന്ന് എല്ലാം വിട്ടിറങ്ങിയതുപോലെ. യാത്ര ദുഷ്കരമായിരിക്കും, പ്രതിസന്ധികളും പ്രലോഭനങ്ങളും ഏറെ ഉണ്ടാകും. ലക്ഷ്യം മറക്കാതെ, അടിപതറാതെ മുന്നേറുക. ഇതാണ് തുടക്കം.
2. അനുരഞ്ജനം
"നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്" (ഉല്‍പ 13, 6).
അബ്രാഹത്തിലൂടെ പ്രകടമാകുന്ന പൗരോഹിത്യത്തിന്‍റെ ഒരു സവിശേഷത ഇവിടെ കാണാം. 'സഹോദരന്മാര്‍' എന്നു പറയുന്നെങ്കിലും ലോത്ത് അബ്രാഹത്തിന്‍റെ സഹോദരപുത്രനായിരുന്നു (ഉല്‍പ 11, 31). ദൈവത്തിന്‍റെ വിളി കേട്ട,് നാടും വീടും വിട്ടിറങ്ങിയ അബ്രാഹത്തിന്‍റെ കൂടെ ലോത്തും പുറപ്പെട്ടു(ഉല്‍പ 12, 4). അയാളെ ദൈവം വിളിച്ചു എന്ന് ബൈബിള്‍ പറയുന്നില്ല; പിതൃസഹോദരനായ അബ്രാഹത്തെ അനുഗമിച്ചതാണ്.
കാലക്രമത്തില്‍ ഇരുവരും വലിയ ധനികരായി. വളര്‍ത്തുമൃഗങ്ങള്‍ പെരുകി. അവയ്ക്കുവേണ്ടിയുള്ള വേലക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. സമ്പത്ത് കലഹത്തിനു വഴിതെളിക്കാം എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ് പിന്നീട് സംഭവിച്ചത്. അബ്രാഹത്തിന്‍റെയും ലോത്തിന്‍റെയും വേലക്കാര്‍ തമ്മില്‍ കലഹമുണ്ടായി. ആ കലഹം തങ്ങളെയും ബാധിച്ചേക്കാം എന്ന് അബ്രാഹം ഭയന്നു. അപ്പോഴാണ് നിര്‍ണ്ണായകമായൊരു നിര്‍ദ്ദേശം അബ്രാഹം മുന്നോട്ടുവച്ചത്.
മൃഗങ്ങളെ മേയ്ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടതായിരുന്നു തര്‍ക്കം എന്ന് അബ്രാഹത്തിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. ഇനി ഒരുമിച്ചു വസിക്കുക പ്രയാസമാണ്. വഴിപിരിയാം. നിനക്ക് ഇഷ്ടമുള്ള ഭാഗം തിരഞ്ഞെടുക്കാം. നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം. നേരെ മറിച്ചായാലും സന്തോഷം. വളരെ ഉദാരമായൊരു നിര്‍ദ്ദേശം. ഇവിടെ അബ്രാഹത്തിന്‍റെ മനോഭാവമാണ് പ്രധാനം. നാം സഹോദരങ്ങളാണ്. സമ്പത്തിനെക്കാള്‍ പ്രധാനമാണ് സാഹോദര്യം. സാഹോദര്യം സംരക്ഷിക്കാന്‍വേണ്ടി സമ്പത്ത് ത്യജിക്കാന്‍ അബ്രാഹം ഒരുക്കമാണ്. ഇവിടെ സ്പര്‍ദ്ധയില്ല, നഷ്ടബോധവുമില്ല. സഹോദരപുത്രന് ഒരു നഷ്ടവും ദുഃഖവും ഉണ്ടാകരുത്. ഹൃദയ ഐക്യവും സമാധാനവുമാണ് പ്രധാനം.
പൗരോഹിത്യത്തെ സംബന്ധിച്ചു സുപ്രധാനമായൊരു ഉള്‍ക്കാഴ്ച ഇവിടെ ലഭിക്കുന്നു. കലഹങ്ങള്‍ ഒഴിവാക്കുക, കലഹമുള്ളിടത്ത് ഐക്യം പുനഃസ്ഥാപിക്കുക, എല്ലാവരുമായി രമ്യതപ്പെടുക, രമ്യതയില്‍ ജീവിക്കാന്‍ സഹായിക്കുക, പ്രേരിപ്പിക്കുക. ഇതാണ് നഷ്ടം സഹിച്ചും ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന അബ്രാഹം നല്‍കുന്ന പാഠം.
ഇതിനു കടകവിരുദ്ധമായി നില്‍ക്കുന്നു ലോത്തിന്‍റെ പ്രതികരണം. മൃഗങ്ങളും വേലക്കാരും എല്ലാം നമ്മുടേതാണ്. നമ്മള്‍ പറയുന്നത് അവര്‍ അനുസരിക്കും, ഇല്ലെങ്കില്‍ അനുസരിപ്പിക്കും എന്നു പറയാമായിരുന്നു. എന്നാല്‍ ലോത്ത് അതു പറഞ്ഞില്ല. കിട്ടിയത് സുവര്‍ണ്ണാവസരമായി കരുതി. ജലപുഷ്ടിയുള്ള, കര്‍ത്താവിന്‍റെ തോട്ടംപോലെ മനോഹരമായ ജോര്‍ദ്ദാന്‍ സമതലം തിരഞ്ഞെടുത്തു. മറുഭാഗം മരുഭൂമിയായിരുന്നു എന്നതു പരിഗണിച്ചില്ല. ഇതുവരെ തന്നെ സംരക്ഷിച്ചു നയിച്ച പിതൃസഹോദരന് എന്തു സംഭവിക്കും എന്ന പരിഗണന അയാള്‍ക്കുണ്ടായില്ല. ഫലം എന്തെന്ന് തുടര്‍ന്നുള്ള വിവരണങ്ങളില്‍ കാണാം. മൃഗങ്ങള്‍ക്കു മേച്ചില്‍സ്ഥലം തേടി ജോര്‍ദ്ദാന്‍ സമതലം തിരഞ്ഞെടുത്തവന്‍ സോദോം നഗരത്തില്‍ താമസമാക്കി. ആകാശത്തുനിന്ന് അഗ്നിയിറക്കി നശിപ്പിക്കുമ്പോള്‍ വിട്ടുപോകാന്‍ പറഞ്ഞിട്ടും മടിച്ചുനിന്ന ലോത്തിനെയും കുടുംബത്തെയും ദൈവം നിര്‍ബന്ധിച്ചാണ് അവിടെനിന്നും മാറ്റിയത്. അവസാനം മലമുകളിലെ ഒരു ഗുഹയില്‍, മദ്യപിച്ച് ലക്കുകെട്ട് സ്വന്തം പുത്രിമാരില്‍ നിന്നു സന്താനങ്ങളെ ജനിപ്പിക്കുന്ന ലോത്ത് എന്നും പ്രസക്തമായൊരു പ്രതീകമായി നില്‍ക്കുന്നു, പുരോഹിതനായ അബ്രാഹത്തിനു വിരുദ്ധമായൊരു ദുര്‍മാതൃകാചിത്രം!~(ഉല്‍പ 13, 12-13;19,1-33).
തനിക്ക് മരുഭൂമി സമ്മാനിച്ച് ജോര്‍ദ്ദാന്‍ താഴ്വരയിലേക്കു പോയ ലോത്തിനെ അബ്രാഹം വെറുത്തില്ല, ഉപേക്ഷിച്ചതുമില്ല. തുടര്‍ന്നും സ്നേഹിച്ചു, സംരക്ഷിച്ചു. കിഴക്കുനിന്നു വന്ന് സോദോം കീഴടക്കി, പട്ടണവാസികളെ തടവുകാരാക്കി കൊണ്ടുപോയ രാജാക്കന്മാര്‍ക്കെതിരേ തന്‍റെ വേലക്കാരെയും കൂട്ടി യുദ്ധം ചെയ്യാന്‍ അബ്രാഹം തയ്യാറായി. "സഹോദരന്‍ തടവുകാരനാക്കപ്പെട്ടെന്നു കേട്ടപ്പോള്‍ തന്‍റെ വീട്ടില്‍ ജനിച്ചു വളര്‍ന്നവരും പയറ്റിത്തെളിഞ്ഞവരുമായ മുന്നൂറ്റിപ്പതിനെട്ടു പേരോടൊപ്പം അബ്രാഹം അവരെ പിന്‍തുടര്‍ന്നു" (ഉല്‍പ 14, 14-16). സഹോദരനുവേണ്ടി ജീവന്‍പോലും അപകടപ്പെടുത്താന്‍ തയ്യാറാകുന്ന അബ്രാഹം അനുരഞ്ജനത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും ഉത്തമ മാതൃകയാണ് - പൗരോഹിത്യത്തിന്‍റെ പ്രധാനമായ മറ്റൊരു ഘടകം.
നിസ്സാരമായ ആശയങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പേരില്‍ കലഹിക്കുകയും അണികളെ തമ്മിലടിപ്പിക്കുകയും, സഭയിലും സമൂഹത്തിലും പിളര്‍പ്പുണ്ടാക്കുകയും ചെയ്യുന്നവര്‍, പ്രത്യേകിച്ചും പുരോഹിതര്‍, ശ്രദ്ധിക്കേണ്ട പുരോഹിതധര്‍മ്മമാണിത്. അനുരഞ്ജനത്തിന്‍റെ ഉപകരണങ്ങളാകുക. കലഹപ്രിയര്‍ക്ക് ദൈവം ആഗ്രഹിക്കുന്നതും ദൈവത്തിനു സ്വീകാര്യവുമായ പുരോഹിതധര്‍മ്മം നിര്‍വ്വഹിക്കാനാവില്ല എന്ന് സഹോദരനുവേണ്ടി നല്ല ഭാഗം വിട്ടുകൊടുത്ത് രമ്യത കാത്തുസൂക്ഷിച്ച അബ്രാഹത്തിന്‍റെ മാതൃക പഠിപ്പിക്കുന്നു.