news-details
ഇടിയും മിന്നലും

പണ്ടൊക്കെ ഞായറാഴ്ചയൊഴികെ പോസ്റ്റ്മാൻമാരെ വഴിയിൽ കണ്ടുമുട്ടാത്ത ഒറ്റ ദിവസവുമില്ലായിരുന്നു. കത്തുകൾ കിട്ടാത്ത ദിവസങ്ങളും ചുരുക്കമായിരുന്നു. എന്നാൽ കുറേ വർഷങ്ങളായി ക്രിസ്മസിനു വല്ല ക്രിസ്മസ് കാർഡുകൾ കിട്ടുന്നതല്ലാതെ ആരുടെയെങ്കിലും കത്തുകിട്ടിയ നാളുതന്നെ മറന്നു. അതുകൊണ്ട് കഴിഞ്ഞദിവസം പോസ്റ്റുമാൻ ഒരു കത്തുമായി വന്നപ്പോൾ അതൊരു സർപ്രൈസ് ആയിരുന്നു. അയച്ചതാരാണെന്നു പുറത്ത് എഴുതിയിട്ടില്ലാതിരുന്നതുകൊണ്ടു കിട്ടിയപ്പോഴേ തുറന്നു.

'അച്ചൻ എത്രയുംവേഗം വീട്ടിൽവരെയൊന്നു വരണം, ഞാനും മോനും വല്ലാത്ത ബുദ്ധിമുട്ടിലാണ്. അച്ചനു ഞാനീ കത്തെഴുതിയത് പുള്ളിക്കാരൻ അറിയരുത്. അച്ചനിവിടെ വന്നുകഴിയുമ്പോൾ ഞാൻ വിഷയം അവതരിപ്പിച്ചുകൊള്ളാം. ഫോൺ ചെയ്താൽ അച്ചൻ കാര്യം ചോദിക്കും, കാര്യംപറഞ്ഞാൽ അച്ചൻ വരാൻമടിക്കും എന്നു തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്. അച്ചൻ വരാതിരിക്കരുത്.'

അഞ്ചാറു വരികൾമാത്രം. വളരെ അടുപ്പമുണ്ടായിരുന്നെങ്കിലും ചുരുക്കമായിമാത്രം ബന്ധപ്പെടാറുണ്ടായിരുന്ന ഒരുകുടുംബത്തിലെ കുടുംബനാഥയുടെ കത്താണ്. അവരുടെ ഫോൺനമ്പർ കൈയ്യിലുണ്ടായിരുന്നതുകൊണ്ട് ഒന്നു വിളിച്ചാലോ എന്നാലോചിച്ചെങ്കിലും കത്തിലെ സൂചന കണക്കിലെടുത്ത് പോകാൻതന്നെ തീരുമാനിച്ചു. 'പുള്ളിക്കാരൻ' കോളേജു പ്രൊഫസറും പുള്ളിക്കാരി സർക്കാർ ജോലിക്കാരിയുമായതുകൊണ്ട് ഞായറാഴ്ചതന്നെ പോകാമെന്നുവച്ചു.

കോളിങ്ബെൽ അടിക്കുന്നതിനുമുമ്പുതന്നെ കതകു തുറന്നിറങ്ങിവന്നതു പ്രൊഫസർ. സ്തുതിയുംചൊല്ലി അകത്തേക്കു കയറിയപ്പോഴേക്കും ഭാര്യയുമെത്തി. ഉപചാരസംഭാഷണങ്ങളൊക്കെ കഴിഞ്ഞപ്പോൾ പുള്ളിക്കാരത്തിയുടെ തന്ത്രപരമായ ചോദ്യം:

"അച്ചനെന്താ പതിവില്ലാതെ ഒന്നു വിളിച്ചുപോലും പറയാതെ ഈ സന്ദർശനം?"

അതിനെന്തു മറുപടി പറയണമെന്ന് ആലോചിക്കുമ്പോഴേക്കും പ്രൊഫസറുടെ പൊട്ടിച്ചിരി. കാര്യമെന്തെന്നെനിക്കു പിടികിട്ടിയില്ല.

"അച്ചൻ വന്നതു നീ പറഞ്ഞിട്ട്."

അദ്ദേഹം പറഞ്ഞതുകേട്ട് അന്തംവിട്ട് ഞാനിരിക്കുമ്പോൾ ഞാൻ അവരെ ചതിച്ചെന്നമട്ടിൽ പുള്ളിക്കാരിയുടെ ദയനീയമായ ഒരുനോട്ടവും!

"നീ വെറുതെ ചമ്മണ്ട. അച്ചനെന്നോടു പറഞ്ഞില്ല, നീ വിളിച്ചെന്ന്. ഇന്നല്ലെങ്കിൽ ഈ ദിവസങ്ങളിൽ അച്ചൻ വരുമെന്ന് എനിക്കുറപ്പായിരുന്നു. എനിക്കു ദർശനമൊന്നും കിട്ടിയതല്ലച്ചാ, കഴിഞ്ഞദിവസം ഞങ്ങളുതമ്മിൽ ഉടക്കുമൂത്തപ്പോൾ ഇവളു പറഞ്ഞു 'എന്നാ നമുക്ക് ജോസച്ചനെയൊന്നു വിളിച്ചാലോ'ന്ന്. അന്നേരത്തെ അരിശത്തിനു ഞാൻ പറഞ്ഞു ജോസച്ചനല്ല മെത്രാനച്ചൻ വന്നുപറഞ്ഞാലും എൻറെ തീരുമാനത്തിനു മാറ്റമില്ലെന്ന്, അച്ചൻ വരുമ്പോളൊക്കെ ഞാൻ വണ്ടിക്കൂലി കൊടുക്കുന്നതാ, വെറുതെ എന്തിനാ ആ കാശുകൂടെ കളയുന്നതെന്നും ഞാൻ പറഞ്ഞു. ഞാനപ്പഴേ കണക്കുകൂട്ടി ഇവള് അച്ചനെ വിളിച്ചു പറയുമെന്ന്. സോറി അച്ചാ, അന്നേരമങ്ങനെ പറഞ്ഞെങ്കിലും അച്ചൻ വന്നതിൽ സന്തോഷമേയുള്ളു. തന്നെയല്ല അവൾക്കതുകൊണ്ടൊരു സമാധാനമാവുകയുംചെയ്യുമല്ലോ."

എന്താണു സംഭവമെന്ന് ഒരുപിടിയും കിട്ടാഞ്ഞതുകൊണ്ട് രംഗമൊന്നു നോർമലാക്കാൻവേണ്ടി ഞാൻ ചോദിച്ചു:
"പിള്ളേരിവിടില്ലേ?"

"വേദപാഠമൊക്കെ കഴിഞ്ഞതുകൊണ്ടു ഞായറാഴ്ച ഫ്രീയാണല്ലോ. അതുകൊണ്ടു രണ്ടുപേരുംകൂടെ അമ്മവീട്ടിൽ പോയിരിക്കുവാ. ഒരു കണക്കിന് അവരില്ലാത്തതു നന്നായി. നമ്മുടെ വർത്തമാനം അവരു കേൾക്കില്ലല്ലോ."

"അവർക്കു കേൾക്കാൻ കൊള്ളാത്തതെന്താപോലും നമ്മളു പറയാൻ പോകുന്നത്. നിങ്ങളുതമ്മിൽ ഉടക്കിയെന്നു സാറു പറഞ്ഞതല്ലാതെ എന്താണു കാര്യമെന്ന് ഇതുവരെ എനിക്കു പിടികിട്ടിയില്ല."

"ഓ, അതുശരി, ഇവളു വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം പറഞ്ഞുകാണുമെന്നാ ഞാനോർത്തത്."

"അതിനു ഞാൻ അച്ചനെ വിളിച്ചില്ലല്ലോ. വിളിച്ചു കാര്യംപറഞ്ഞാൽ അച്ചൻ ഒഴിഞ്ഞുമാറുമെന്നെനിക്കു തോന്നി. ഏതായാലും ഇദ്ദേഹത്തിന് ജോസച്ചനെ വല്യമതിപ്പാണെന്നെനിക്കറിയാം, അതുകൊണ്ട് കാര്യമൊന്നും പറയാതെ അച്ചനിവിടെവരെ വരണമെന്നു ഞാൻ കത്തെഴുതുകയാ ചെയ്തത്."

"ഇവളുടെ ഉദ്ദേശശുദ്ധിയെ ഞാൻ ശരിക്കും മാനിക്കുന്നച്ചാ. അച്ചനറിയാമല്ലോ ഞാൻ വലിയ കടുംപിടുത്തക്കാരനൊന്നുമല്ല. ആണെങ്കിൽ അവളുതന്നെ പറയട്ടെ."

"ശരിയാണച്ചാ. പിള്ളേരുടെ കാര്യത്തിൽ ഞാൻ പറയുന്നതെന്തും മനസ്സിലാക്കിചെയ്യുന്ന ആളാണ്. പക്ഷേ ഇപ്പോൾ മകൻറെ കാര്യത്തിൽമാത്രം വല്ലാത്ത കടുംപിടുത്തമാണ്. അവനും ഭയങ്കരവിഷമമാണ്."

"എനിക്കിപ്പോഴും ഒന്നും മനസ്സിലാകുന്നില്ലല്ലോ, നിങ്ങളു കാര്യമെന്താണെന്നു പറ."

"അച്ചാ, കാര്യം ഞാൻതന്നെ പറയാം, അച്ചനിനി എതിർത്താലും, സോറി, എന്റെ തീരുമാനത്തിനു മാറ്റമില്ല. അവൻ പ്ലസ് റ്റു കഴിഞ്ഞു. നല്ല മാർക്കോടെ പാസ്സാകുമെന്നുറപ്പാണ്. അവനിപ്പോൾ അച്ചനാകാൻ പോകണമെന്നു നിർബ്ബന്ധം. പോകണ്ടാ എന്നു ഞാനും കട്ടായം പറഞ്ഞു. ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ സമ്മതത്തോടെ നീ സെമിനാരീൽ പോകേണ്ടാന്നു പറഞ്ഞു, അത്രേയുള്ളു വിഷയം."

"അവൻ പലപ്രാവശ്യം കരഞ്ഞു പറഞ്ഞച്ചാ, മോളും പറഞ്ഞു അവൻറെ ഇഷ്ടത്തിനു സമ്മതിക്കാൻ. ഞാൻ കാലുപിടിച്ചു പറഞ്ഞുനോക്കി. എന്നിട്ടും ഇദ്ദേഹം സമ്മതിക്കുന്നില്ല. എല്ലാം എന്റെ കുറ്റമാണച്ചാ, അന്നങ്ങു സമ്മതിച്ചാൽ മതിയായിരുന്നു." അവരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.

"അന്നു നീ സമ്മതിക്കാതിരുന്നതുകൊണ്ട് അവൻ രക്ഷപെട്ടെന്നു ഞാൻ പറയും." പ്രൊഫസർ കലിപ്പിൽതന്നെയാണ്.

എനിക്കാകെ കൺഫ്യൂഷനായി. രണ്ടുകൊല്ലംമുമ്പ് പത്താംക്ലാസ്സുകഴിഞ്ഞപ്പോൾ അവനു സെമിനാരീൽ പോകാൻ താത്പര്യമാണെന്നും പറഞ്ഞ് എന്റെയടുത്ത് അവനെയുംകൂട്ടിക്കൊണ്ടു വന്നത് ഈ മനുഷ്യനാണ്. ദൈവവിളിക്യാമ്പിൽ പങ്കെടുക്കാൻ അവനെ കൊണ്ടുപോയതും ഇയാളാണ്. സെമിനാരീൽ അഡ്മിഷൻകിട്ടി അവൻ പോകാനൊരുങ്ങിയതുമായിരുന്നു. അന്ന്, പ്ലസ് റ്റു കഴിഞ്ഞിട്ടുപോയാൽ മതിയെന്നുപറഞ്ഞ് നിർബ്ബന്ധിച്ചത് ഈ അമ്മയായിരുന്നു.

"അന്നും അവൻ സെമിനാരീൽ പോകുന്നതിൽ എനിക്കു സന്തോഷമെ ഉണ്ടായിരുന്നുള്ളച്ചാ. പക്ഷേ, പോയിട്ടു തിരിച്ചു പോന്നെങ്കിലോ എന്നായിരുന്നു അന്നെന്റെ പേടി. പ്ലസ് റ്റു കഴിഞ്ഞിട്ടാകുമ്പോൾ ഒന്നുകൂടെ ഉറപ്പാകുമല്ലോ എന്നു ഞാനോർത്തു. സെമിനാരീൽ ചേർന്നാലും പ്ലസ് റ്റു പഠിക്കണം എന്നു പറഞ്ഞപ്പോൾ അവനും അന്നതിനു സമ്മതിച്ചു. ഇപ്പോളിദ്ദേഹം വാക്കുമാറി. ഒട്ടും സമ്മതിക്കുന്നില്ല. അതിന്റെ കാര്യമെന്താണെന്നൊന്നും പറയുന്നുമില്ല."

"എനിക്കെന്റെ മോനോട് അത്ര സ്നേഹമുള്ളതുകൊണ്ടാണച്ചാ ഞാനെതിർക്കുന്നത്. കുറച്ചുകാലംമുമ്പുവരെ അവൻ ഒരച്ചനാകണമെന്ന് ഒരുപാട് ആഗ്രഹിച്ചു പ്രാർത്ഥിച്ചവനാ ഞാൻ. എന്നാൽ ഇന്ന് അങ്ങനെ സംഭവിക്കല്ലെ എന്നു പ്രാർത്ഥിക്കുകയാണ് ഓരോദിവസവും. ഇപ്പോളവനൽപം വിഷമം തോന്നിയാലും കുറച്ചുനാളു കഴിയുമ്പോൾ അതൊക്കെയങ്ങുമാറും. അതോടെ അവൻ മാന്യമായി കല്യാണംകഴിച്ചു കുടുംബമായി ജീവിച്ചോളും."

"സാറി​ന്റെ ഫീലിങ് എനിക്കു മനസ്സിലാകും. ഒരു മകനെ ഉള്ളു എന്നോർത്തിട്ടല്ലേ സാറിന്റെ ബേജാറ്. സാറു കോളേജു പ്രൊഫസറല്ലേ? ഇനിയുള്ള കാലത്ത് ഒന്നല്ല ഒമ്പതു മക്കളുണ്ടെങ്കിലും അവരെന്നും കൂടെയുണ്ടാകുമെന്നും പ്രായമാകുമ്പോൾ അവരു നോക്കിക്കോളുമെന്നുമൊക്കെ ചിന്തിക്കുന്നതു വെറും വിവരക്കേടല്ലേ സാറേ?"

"ക്ഷമിക്കണം അച്ചാ, വിവരക്കേട് എനിക്കല്ല, അച്ചനാണ് വിവരക്കേട്. ഞാൻ പറഞ്ഞതു ധിക്കാരമാണെന്നു തോന്നരുത്. അച്ചൻ ചിന്തിച്ചതുപോലെ മക്കളുനോക്കും പെറുക്കുമെന്നൊക്കെ കൊതിക്കാനും പ്രതീക്ഷിക്കാനുംമാത്രം വിവരംകെട്ട മരവാഴയല്ലച്ചാ ഞാൻ."

അടികിട്ടിയതുപോലെ ആയിപ്പോയി. ഇത്രയൊന്നും കടുത്തഭാഷയിൽ സംസാരിക്കുന്ന ആളല്ലായിരുന്നു. എന്തായാലും ചമ്മൽ ഉള്ളിലൊതുക്കി ഒരു ചിരിയൊക്കെ മുഖത്തു വരുത്താൻനോക്കിയെങ്കിലും വിജയിച്ചില്ല. അത് അദ്ദേഹത്തിനും മനസ്സിലായി. പുള്ളിക്കാരത്തിയാണെങ്കിൽ എന്നെ വിളിച്ചുവരുത്തിയിട്ട് ഭർത്താവ് അപമാനിച്ചല്ലോ എന്നോർത്ത് വൃങ്ങലിച്ചിരിക്കുകയായിരുന്നു.

"വെരി സോറി അച്ചാ, എന്റെ ഫീലിങ്ങിന്റെ കണ്ട്രോളുപോയതാ. ക്ഷമിക്കണം. ഞാനീ എതിർക്കുന്നതിന്റെ കാരണം ആരോടും പറയാൻകൊള്ളുന്നതല്ല, പ്രത്യേകിച്ച് അച്ചനോട്. പക്ഷേ, ഇനിയതു പറയാതിരുന്നിട്ടും കാര്യമില്ല. അച്ചനാകുന്നതാണച്ചാ ഇന്നു നാശം. കഴിഞ്ഞ കുറേനാളുകളായിട്ടു ഞാൻ തിരിച്ചറിഞ്ഞ സത്യമതാണച്ചാ. ഇന്നു സഭ ഇത്രേം കുത്തഴിഞ്ഞു നാറിയതിനു നൂറുശതമാനവും കാരണക്കാര് അച്ചന്മാരും മെത്രാന്മാരുമല്ലേ, ഞങ്ങളല്ലല്ലോ. ഞങ്ങളെപ്പോലെ മര്യാദയ്ക്കു നല്ല മനുഷ്യരായി, നല്ല അല്മായരായി ജീവിക്കുന്നതാണ് ശരി, അതുമതി. അച്ചനായാൽ തന്നെത്താനെ നശിച്ച്, വിശ്വാസികളേം വഴിതെറ്റിച്ച്, സഭേം കൊളമാക്കി ജീവിതം പാഴാക്കുന്നതിനേക്കാൾ എത്രയോ നല്ലതാ മര്യാദയ്ക്കു കുടുംബത്തു ജീവിക്കുന്നത്. ഇതിന് അച്ചൻ പറയാൻപോകുന്ന മറുപടി എനിക്ക് അനുമാനിക്കാം. നല്ല അച്ചന്മാരില്ലേ, നല്ല അച്ചനായിട്ടു ജീവിച്ചാൽ പോരേ എന്നൊക്കെ. ഇല്ലച്ചാ, ഇപ്പോഴവൻ നല്ലവനാ. ദൈവഭയോം വിശ്വാസോം ഒക്കെയുള്ള നല്ലകൊച്ചൻ. അച്ചനായാൽ അതെല്ലാം പോകും. എത്ര നന്നാകണമെന്ന് അവൻ വിചാരിച്ചാലും, നന്നാകുമെന്നു ഞാൻ വിശ്വസിച്ചാലും, ആ കൂട്ടത്തിൽ ചെന്നുപെട്ടുകഴിഞ്ഞാൽ ആ നന്മയെല്ലാം പോകും. എനിക്കെന്റെ മോനെ അത്ര ഇഷ്ടമാണച്ചാ, അവനെ നഷ്ടപ്പെടരുതെന്ന് എനിക്കതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് അവന്റെ ആഗ്രഹത്തെ ഞാനെതിർക്കുന്നത്. ഇക്കാര്യം ഇതുവരെയും ഇവളോടും, മോനോടും, ആരോടും ഞാൻ പറഞ്ഞിട്ടില്ല. പറയാനാഗ്രഹിച്ചതുമല്ല. പക്ഷേ, മകനെ വിടാത്തത് അവനെ കൂടെനിർത്താനുള്ള എൻറെ സ്വാർത്ഥ താത്പര്യത്തിനുവേണ്ടിയാണ് എന്നച്ചൻ സൂചിപ്പിച്ചപ്പോൾ എനിക്കതു വല്ലാതെകൊണ്ടു. ഞാൻ അച്ചനോടു പറയരുതാത്തതു പറയുകയും ചെയ്തു. വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം. എന്തായാലും എന്റെ തീരുമാനത്തിനു മാറ്റമില്ലച്ചാ. എ​ന്റെ സമ്മതമില്ലാതെ സ്വന്തം നിലയിൽ തീരുമാനമെടുത്ത് പോകുന്നെങ്കിൽ അവൻ പൊയ്ക്കൊള്ളട്ടെ."

ആളി​ന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ തരിച്ചിരുന്നുപോയി ഞാൻ. ആരും ഒന്നും മിണ്ടാത്ത നാലഞ്ചുമിനിറ്റുകൾ. ഇടയ്ക്ക് രണ്ടുപേരും കണ്ണു തുടയ്ക്കുന്നതുകണ്ടു. ഒന്നും മിണ്ടാതെ എഴുന്നേറ്റു പോരാൻ തിരിഞ്ഞപ്പോൾ സാറു പറഞ്ഞു:

"അച്ചാ ഒരുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാതെ പോകരുത്."

അതുകേട്ടയുടനെ പുള്ളിക്കാരത്തി അകത്തേക്കോടുന്നതുകണ്ടപ്പോൾ ഞാൻ പിന്നെയുമിരുന്നു.
"അച്ചാ, ഒരുകാര്യം കൂടി. എന്റെ തീരുമാനത്തിന് ഈ ഉറപ്പുതന്നത് അച്ചൻതന്നെയാണെന്നു പറഞ്ഞാൽ ജോസച്ചൻ വിശ്വസിക്കില്ലായിരിക്കും. പക്ഷെ അതു സത്യമാണ്. എന്റെ കൂടെ ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരൻ കഴിഞ്ഞദിവസം ഒരച്ചന്റെ പൗരോഹിത്യത്തിന്റെ ജൂബിലിയാഘോഷത്തിൽ പങ്കെടുത്തു. അതിന്റെ ഒരു വീഡിയോ എന്നെ കാണിച്ചു. അപ്രതീക്ഷിതമായി അതിൽ ജോസച്ചനെയും കണ്ടപ്പോൾ ഞാൻ കൂടുതൽ ശ്രദ്ധിച്ചു. അതിൽ അച്ചന്റെയൊരു പ്രസംഗമുണ്ടായിരുന്നു. ബിഷപ് ഫുൾട്ടൻ ഷീനിനെ ഉദ്ധരിച്ചുകൊണ്ട് ആ പ്രസംഗത്തിൽ അച്ചൻ എടുത്തുപറഞ്ഞ ഒരുകാര്യം പൗരോഹിത്യം മൺപാത്രത്തിലെ നിധിയാണെന്നാണ്. തുടർന്ന് അതിനെപ്പറ്റി അച്ചന്റെതായ ഒരു നിരീക്ഷണം അവതരിപ്പിച്ചതാണ് എന്നെ വല്ലാതെ ടച്ചുചെയ്തത്. അച്ചൻ പറഞ്ഞതിങ്ങനെയാണ്, പണ്ടൊക്കെ ആ മൺപാത്രം പൊട്ടാതെയും നിധി ചോരാതെയുമിരിക്കാൻ കുടുംബത്തിൽനിന്നും, സഭയിൽനിന്നും, സമൂഹത്തിൽനിന്നുമൊക്കെ എല്ലാവരുടെയും സപ്പോർട്ടും സഹകരണവുമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതൊന്നും അശ്ശേഷം ലഭിക്കില്ല എന്നുമാത്രമല്ല, ഏതുവിധേനയും അതിനെ തച്ചുടയ്ക്കാനും തകർക്കാനും സഭയ്ക്കു പുറത്തുനിന്നു മാത്രമല്ല, അതിനേക്കാളുപരി സഭയ്ക്കുള്ളിൽനിന്നുപോലും കല്ലും കൊഴിയുമായി വിലസുന്ന അനേകരെ കാണുമ്പോൾ ഇത്രയും പ്രായമായിട്ടും അച്ചനിന്ന് ആധി തോന്നുന്നുണ്ട് എന്നച്ചൻ പറഞ്ഞത് ഓർമ്മയുണ്ടോ? അച്ചൻ അത് ആത്മാർത്ഥമായി പറഞ്ഞതാണെങ്കിൽ ആ ആധി എനിക്കും വല്ലാതെ തോന്നുന്നുണ്ടച്ചാ എന്റെ മോനെപ്പറ്റി. അതിൽനിന്നു വന്നുപോയതാണ് എന്റെ മയമില്ലാത്ത വാക്കുകൾ."

മനസ്സിലെന്തൊക്കെയോ നീറിപ്പിടിക്കുന്നതുപോലെ തോന്നിയതുകൊണ്ട് അതിനും മറുപടിയൊന്നും പറയാൻ തോന്നിയില്ല. അവരുകൊണ്ടുവന്ന പാഷൻഫ്രൂട്ടിന്റെ ജ്യൂസു കുടിക്കുമ്പോഴും ഉള്ളു പറഞ്ഞുകൊണ്ടിരുന്നു 'ഇവിടെ വരേണ്ടായിരുന്നു'.

കാറിൽ കയറുമ്പോൾ യാത്രയാക്കാൻ കൈ തന്ന കൂട്ടത്തിൽ പതിവുപോലെ ഒരു കവറ് എന്റെ കൈപ്പിടിയിൽ ചേർത്തുവച്ചെങ്കിലും ഞാനതു സ്വീകരിച്ചില്ല. കാർ സ്റ്റാർട്ടു ചെയ്യുന്നതിനുമുമ്പ് ആ കവറുംപിടിച്ച് കാറിനോടു ചേർന്നുനിന്നു സാറുപറഞ്ഞു:

"അച്ചനെന്റെ ചെകിട്ടത്ത് ഒരടിതന്നാലും എനിക്കിത്ര വേദനിക്കില്ലായിരുന്നു. അച്ചനും എന്നെ മനസ്സിലാക്കിയില്ല. അതുകൊണ്ടാണ് ഈ പിണക്കം."

ഞാൻ വണ്ടിയിൽനിന്നും ചാടിയിറങ്ങി അയാളെ കെട്ടിപ്പിടിച്ച് ഒരുമ്മയും കൊടുത്ത് കവറും വാങ്ങി.

"ഞാൻ മനസ്സിലാക്കുന്നു സാറെ, ദൈവം സാറിനെ അനുഗ്രഹിക്കട്ടെ."
സാറിന്റെ മുഖത്തെ സാന്ത്വനഭാവം കണ്ട് ആശ്വാസത്തോടെ തിരികെപ്പോന്നു.

You can share this post!

അച്ചമ്പറഞ്ഞാകേക്കും....

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts