എല്ലാ മനുഷ്യരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. അതാണ് ദൈവവിളി. ഈ വിളിക്കുള്ള പ്രത്യുത്തരമായിട്ടാണ് മനുഷ്യന്‍ സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തേണ്ടത്. വിശുദ്ധിയുടെ നിര്‍വ്വചനങ്ങള്‍ ക്രൈസ്തവദര്‍ശനത്തില്‍ യേശുവാണ്. യേശുവിലൂടെ ആവിഷ്കരിക്കപ്പെട്ട സ്നേഹമാണ്. സ്നേഹത്തിന്‍റെ പൂര്‍ണത നേടുന്നതാണ് ജീവിതത്തികവ്. അതിലേയ്ക്കുള്ള യാത്രയാണ് ജീവിതം. അതൊരു തീര്‍ത്ഥാടനം കൂടിയാണ്. മുമ്പോട്ടുള്ള ചുവടുവയ്പുകളില്‍ എത്രത്തോളം സ്നേഹത്തില്‍ വളരാന്‍ കഴിയുന്നു എന്നതിലാണ് ദൈവവിളിയിലുള്ള വളര്‍ച്ച നിര്‍ണയിക്കപ്പെടുന്നത്.
പൊതുമാനദണ്ഡങ്ങളും മാതൃകയും ഉണ്ടെങ്കിലും വ്യക്തിയുടെ വളര്‍ച്ച നിര്‍ണ്ണയിക്കാനുള്ള അടിസ്ഥാനഘടകം ഓരോ വ്യക്തിയിലും നിക്ഷിപ്തവും നിഗൂഢവുമായിരിക്കുന്നു എന്ന ദര്‍ശനത്തില്‍ നിന്നാണ് വ്യക്തിയുടെ മഹത്ത്വവും തനിമയും ഉത്തരവാദിത്വങ്ങളും സ്വാതന്ത്ര്യബോധവും ധാര്‍മ്മികതയും എല്ലാം ഉരുത്തിരിയുന്നത്. ഓരോ ജീവാംശങ്ങളിലും വ്യക്തികള്‍ വ്യത്യസ്തരായി മാത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് സ്രഷ്ടാവിന്‍റെ വൈഭവവും ദൈവത്തിന്‍റെ ഛായയുടെ പ്രതിഫലനവുമായി ബൈബിള്‍ പറയുന്നു. വ്യക്തികളുടെ സമാനതകളാണ് പൊതുമാനദണ്ഡങ്ങളുടെയും മുഖ്യധാരകളുടെയും അടിത്തറ.
പൊതുവഴികളും ആള്‍ക്കൂട്ടവും ജീവിതത്തികവിലേയ്ക്കുള്ള യാത്രയില്‍ വ്യക്തികള്‍ക്ക് ബാലപാഠങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. പൊതുവഴികളും ആള്‍ക്കൂട്ടവും മറികടന്നുള്ള കുതിച്ചുകയറ്റത്തില്‍ ഓരോ മനുഷ്യനും ഏകനാണ്. അപകടങ്ങളും വെല്ലുവിളികളും പാപവും പതിയിരിക്കുന്നതിവിടെയാണ്. സ്വാതന്ത്ര്യവും സ്നേഹവും വിശുദ്ധിയും കിരീടവും അവിടെയാണ്. ചുങ്കക്കാരെന്നും വ്യഭിചാരികളെന്നും ആള്‍ക്കൂട്ടത്തില്‍ മുദ്രകുത്തപ്പെട്ടിരുന്നവര്‍ കിരീടമണിഞ്ഞിരിക്കുന്ന വിസ്മയങ്ങള്‍ അവിടെ കാണാം എന്ന് ഗുരുവചനങ്ങളുമുണ്ടല്ലോ. നിയമജ്ഞരുടെയും പ്രീശരുടെയും നീതിയെ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല എന്ന യേശുവിന്‍റെ വാക്കുകള്‍ മുഖ്യധാരകള്‍ വിട്ടും ആള്‍ക്കൂട്ടം മറികടന്നും ഒറ്റയാനായി മുന്നേറേണ്ടതിന്‍റെ ആവശ്യവും പ്രസക്തിയും പ്രകടമാകുന്നു.
സത്യാന്വേഷിയും തീര്‍ത്ഥാടകനുമായ ഒരു മനുഷ്യന് മാര്‍ഗ്ഗദര്‍ശിയാകാന്‍ മാത്രം തെളിമകള്‍ അസ്സീസിയിലെ ഫ്രാന്‍സിസിനുണ്ട്. യജമാനനെ തന്നെ സേവിക്കണം അതായിരുന്നു ഫ്രാന്‍സിസ് തിരഞ്ഞെടുത്ത വഴി. എന്‍റെ ദൈവാലയം പുതിക്കിപ്പണിയുക അതായിരുന്നു ഫ്രാന്‍സിസിനു കിട്ടിയ വെളിപാടുകള്‍. ക്രൂശിതന്‍ വിരല്‍ചൂണ്ടിയ വഴിയില്‍ മുഖ്യധാരകളും ആള്‍ക്കൂട്ടവും മറികടന്നു ഫ്രാന്‍സിസ് മുന്നേറി. അന്നത്തെ കുഷ്ഠരോഗിയില്‍ -ഇന്നത്തെ എയ്ഡ്സ് രോഗിയില്‍- ഫ്രാന്‍സിസ് യജമാനനെ തിരിച്ചറിഞ്ഞു. ഫ്രാന്‍സിസിന്‍റെ ദേവാലയപുനരുദ്ധാരണവും ഏറെ രൂപാന്തരങ്ങള്‍ക്കു വിധേയമായി വളര്‍ന്നു. വ്യക്തിയുടെ തിരഞ്ഞെടുപ്പുകളും ദൈവത്തിന്‍റെ കൃപയും ആരോഗ്യകരമായി ബന്ധിക്കുന്നതിന്‍റെ വ്യക്തമായ ചിത്രം ഫ്രാന്‍സീസിലുണ്ട്. അതുകൊണ്ട് ഫ്രാന്‍സിസ് വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും -ജീവിതത്തിന്‍റെ എല്ലാ തുറകളില്‍പ്പെട്ടവര്‍ക്കും- മാര്‍ഗ്ഗദര്‍ശിയായി മാറുന്നു. ഭൂമിയുടെ വിഭവശേഷികളും വിസ്മയങ്ങളും മറ്റാര്‍ക്കുമെന്നതുപോലെ ആവശ്യവും അവകാശവുമായി ഫ്രാന്‍സിസിനും.
ശൂന്യവത്ക്കരണം നേടിക്കൊടുക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ ഉന്മാദലഹരിയില്‍ മുന്നോട്ടു കുതിച്ച മനുഷ്യനെ ഭ്രാന്തനെന്നു വിളിച്ച തസ്ക്കരലോകം പത്തുകൊല്ലംകൊണ്ട് മാറിവിളിച്ചു ജീവിക്കുന്ന വിശുദ്ധന്‍. ജൈവമണ്ഡലത്തിന്‍റെ മുഴുവന്‍ സ്നേഹിതനും സഹോദരനുമായ ഫ്രാന്‍സിസിനെ നോക്കിക്കൊണ്ട് ലോകമിന്നും പറയുന്നു, ഒരു ദൈവമുണ്ടെങ്കില്‍, ആ ദൈവത്തെക്കൊണ്ടു നിറഞ്ഞവനാണീ മനുഷ്യനെങ്കില്‍, ഞങ്ങള്‍ക്കീ മനുഷ്യന്‍ മതി എന്ന്. മതങ്ങളും മാര്‍ഗ്ഗദര്‍ശികളും ദര്‍ശനങ്ങളും ഏറെ ഉണ്ടെങ്കിലും ഭൂമിയില്‍ മനുഷ്യന് വഴിതെറ്റുന്നു എന്നത് സത്യമാണ്.
ദേശാടനക്കിളികളെപ്പോലെ കറങ്ങിത്തിരിയുന്ന ആള്‍ക്കൂട്ടത്തിനു മുമ്പേ പറക്കാനുള്ള പക്ഷികളാണ് സന്ന്യാസികള്‍, സമര്‍പ്പിതര്‍. പക്ഷേ അതില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഏതാനും വേടന്മാരുടെ വലകളിലോ, സ്വന്തം കൂടുകളുടെയും സ്ഥാപനങ്ങളുടെയും ഇടുങ്ങിയ ഇടനാഴികളിലോ, മാമോന്‍റെ ഗോഡൗണുകളിലോ കുടുങ്ങിക്കിടക്കുകയാണ്. ഒരാദ്ധ്യാത്മിക നവോത്ഥാനത്തിന് നേതൃത്വം കൊടുക്കാന്‍ കഴിവുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ ഇന്നേതെങ്കിലും മതങ്ങളുടെ മജ്ജകളില്‍ അവശേഷിക്കുന്നുണ്ടോ? ചെളിക്കുണ്ടില്‍ പൂണ്ടുകിടക്കുന്ന ഒരു കൊച്ചു ജൈവകാണ്ഡത്തെ കണ്ടെത്തി പിടിച്ചുയര്‍ത്താനും ജലപ്പരപ്പില്‍ പത്മദളങ്ങള്‍ വിരിയിക്കാനും അകലെ ഒരു സൂര്യന്‍ ഇന്നും താല്പര്യം കാണിക്കുന്നു. സമൂഹത്തിന്‍റെ 'ക്രീംലെയറുകളില്‍' കണ്ണുനട്ട് അവരില്‍നിന്നു മാത്രം വിമോചകരെ പ്രതീക്ഷിക്കുന്ന ഭൂമിയുടെ, 'വിശുദ്ധവിജ്ഞാന' വൃന്ദങ്ങളെ കണ്ണുവെട്ടിച്ച്, എത്രയെത്ര അവതാരങ്ങള്‍, ചേരികളിലും പാളങ്ങളിലും പുല്‍ക്കൂടുകളിലും ഇന്നും ജന്മമെടുക്കുന്നു. മനുഷ്യവ്യക്തികളുടെ മഹത്ത്വം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നിടത്താണ് ക്രൈസ്തവദര്‍ശനത്തിന്‍റെ അനന്യതയും ഔന്നത്യവും. സവര്‍ണ ബ്യുറോക്രാറ്റിക് നേതൃത്വവും പുരാതനപൂജാരി പുരോഹിതനിരയും ആഢ്യത്വമില്ലാത്ത ആശാരിച്ചെറുക്കന്‍റെ ഉള്‍ക്കട്ടിയും ഇടിച്ചുകയറ്റവും ഉണര്‍ത്തുവാക്കുകളും കേട്ടു തരിച്ചുനിന്നിട്ടില്ലേ. പ്രവാചകന്‍റെയും പുരോഹിതന്‍റെയും ആജ്ഞാശക്തികള്‍ക്ക് ആത്മീയമായ അടിത്തറ പാകാന്‍ കാലം കട്ട നിരത്തിക്കഴിഞ്ഞു.
ഒരു കാലത്ത് അറിവിലും അധികാരത്തിലും അഹങ്കാരത്തിലും രമിച്ച പൗരോഹിത്യശ്രേണികള്‍ക്ക് ഇന്ന് അവസാനത്തേതു മാത്രമേ കാര്യമായി അവശേഷിക്കുന്നുള്ളൂ. ഒരു കാലത്ത് സമര്‍പ്പിതജീവിതത്തിലേക്ക് സമൂഹത്തിന്‍റെ ക്രീംലെയറില്‍ നിന്നുമാത്രം അതീവശ്രദ്ധയില്‍ നടത്തപ്പെട്ടിരുന്ന തിരഞ്ഞെടുപ്പുകള്‍ ഇന്നു തിരഞ്ഞെടുപ്പുതന്നെ അല്ലാതായി മാറിയിരിക്കുന്നു. പ്രായപരിധികള്‍, വിദ്യാഭ്യാസയോഗ്യതകള്‍, കുലീനത്വം, കുടുംബപാരമ്പര്യം എന്നിങ്ങനെയുള്ള പരിഗണനകള്‍ കാലഹരണപ്പെട്ടിട്ടില്ല എങ്കിലും അവഗണിക്കാതെ വഴിയില്ല എന്ന അവസ്ഥ ഏറെക്കുറെ സംജാതമായിക്കഴിഞ്ഞു. സ്ത്രീപുരുഷന്‍ എന്നീ അടിസ്ഥാന യോഗ്യതകളിലേയ്ക്ക് എല്ലാം ഒതുങ്ങിക്കൊണ്ടിരിക്കുന്നു. സ്ത്രീത്വത്തിന്‍റെയും പുരുഷത്വത്തിന്‍റെയും തികവിലും സാകല്യത്തിലും ആരെയും കണ്ടെത്താനാവില്ലാത്തതുകൊണ്ട് കണ്ടാല്‍ മനസ്സിലാകുന്ന മാനങ്ങളില്‍ അതും തൃപ്തികരമാകുന്നു.
സന്ന്യാസപൗരോഹിത്യ ശുശ്രൂഷകളിലേക്ക് പരിശീലനം നേടുന്നവരില്‍ 40% പുരുഷന്മാരും 60% സ്ത്രീകളും പത്താംക്ലാസില്‍ തേര്‍ഡ് ക്ലാസില്‍ മാത്രം പാസാകുന്നവരാണ് എന്ന് അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു. സമര്‍പ്പണജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ, വിളിക്കപ്പെടുന്നവരുടെ, പൊതുമാനദണ്ഡപ്രകാരമുള്ള നിലവാരത്തിന്‍റെ താഴോട്ടുള്ള യാത്രയില്‍, ലേഖകന്‍ അറിയാതെ കണ്ടുപോകുന്നത് ചരിത്രത്തിന്‍റെ നായകന്‍റെ സാന്നിദ്ധ്യവും നിയന്ത്രണവുമാണ്. പാവങ്ങളുടെ പക്ഷം ചേരാന്‍ അറിയാത്ത, കഴിയാത്ത സഭയ്ക്ക് ഇനിയുള്ള കാലം അതുകൂടുതല്‍ എളുപ്പമാക്കാന്‍ സാദ്ധ്യതകള്‍ തെളിയുന്നു. 'അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുട പിടിക്കും' എന്ന അവസ്ഥയുണ്ടാകാമെങ്കിലും അല്പ്പന്‍ ആത്മാവിനെ കണ്ടെത്തിയാല്‍ അന്ധകാരത്തില്‍ ആദിത്യനാകാനും കഴിയും എന്നു കാണിച്ചുതന്ന യേശു കൂടുതല്‍ അതിശയകരമായ അനന്യതകളില്‍ ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഊര്‍ജ്ജസ്രോതസുകളെ അര്‍പ്പണബോധത്തോടെ അന്വേഷിക്കുന്ന ശാസ്ത്രവും അനുസ്യൂതവുമായ അനാവരണ-ശൂന്യവത്ക്കരണ പ്രക്രിയയിലൂടെ സംപൂജ്യമാക്കപ്പെടുന്ന ഉണ്മയോടുള്ള ആദരവ് ആരാധനയോളമുയര്‍ത്തുന്ന മതവും പരസ്പരം ശത്രുക്കളാകാതിരിക്കട്ടെ എന്നതാണ് ഭൂമിയിലിനിയും നടക്കേണ്ടതായ അനുരഞ്ജനം.
അറിവിലും ആസ്തികളിലും ആടയാഭരണങ്ങളിലും മാത്രം അസ്തിത്വം കാണുന്ന ഒരക്രൈസ്തവസംസ്കാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍, തന്‍റെ സ്വന്തം ജനത്തെ ഒരു നല്ല ദൈവത്തിന് എത്രനാള്‍ അനുവദിക്കാനാവും. ചെളിക്കുണ്ടിന്‍റെ നിഗൂഢതയിലും നിസ്സാരതയിലും എത്ര ആണ്ടുകിടന്നാലും സൂര്യന്‍റെ വിളി കേട്ടുണരാനും വിടരാനുമേ താമരയ്ക്കാകൂ. കുടുംബത്തകര്‍ച്ചകള്‍, ദ്രവ്യാസക്തി, സുഖലോലുപത, അധികാരമോഹം, വ്യക്തിത്വവൈകല്യങ്ങള്‍, ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹ്യതിന്മകള്‍ എന്നിങ്ങനെയുള്ള അനേകം ഘടകങ്ങള്‍ അടിഞ്ഞുകൂടുന്ന ചെളിക്കുണ്ടും വളക്കൂറും കേരളസഭയുടെ ഉപരിതലത്തില്‍ പത്മദളം വിരിച്ചുനില്‍ക്കുന്ന ഓരോ സമര്‍പ്പിതരുടെയും പിന്നിലുണ്ടായിരുന്നു. അതവിടെ ഒട്ടും കുറയുന്നതല്ല ഇനിയുള്ള കാലവും, സ്നേഹത്തില്‍ വളരാനും വിരിയാനുമുള്ള മനുഷ്യന്‍റെ വിളിയും ദൗത്യവും ഒരിക്കലും കുറയുന്നില്ല, അവസാനിക്കുന്നില്ല. ദൈവവിളിയുടെ അര്‍ത്ഥവും ആഴവും കൂടുതല്‍ സുതാര്യമാക്കാന്‍ ദൈവവിളി പ്രോത്സാഹനവും പ്രാര്‍ത്ഥനയും ലക്ഷ്യംവയ്ക്കേ ണ്ടിയിരിക്കുന്നു.