നമ്മുടെ കിണറുകള്‍ക്കെന്തു പറ്റുന്നുവെന്ന്, കുഞ്ഞേ നീ ചോദിക്കുമ്പോള്‍ അതിനു പിന്നില്‍ ഹൃദയപൂര്‍വ്വമായൊരു വിഹ്വലത ഞാനറിയുന്നു. കിണറുകളെക്കുറിച്ച് വ്യാകുലപ്പെടാന്‍ നമുക്കിനിയും കഴിയുന്നുവല്ലോ... അതിന്‍റെയര്‍ത്ഥം നമുക്കൊരിക്കലും വയസ്സാവുന്നില്ലെന്ന്... കിണറു കുത്താനുള്ള ഇടം തിരയാന്‍ വന്ന വൃദ്ധനായ ഒരാളുടെ പിന്നാലെ (കില്ലാഡി....?) നടന്നയൊരോര്‍മ്മ. ഒരനുഷ്ഠാനം പോലെയായിരുന്നത്. ഈറന്‍ കച്ചയുടുത്ത്, നഗ്നപാദനായി, മിഴിപൂട്ടി, വിരലുകള്‍ക്കിടയില്‍ പാലമരത്തിന്‍റെ ഒരു ചെറിയ കപ്പടചില്ലയും പിടിച്ചയാള്‍ നടന്നുപോകുകയാണ്. പെട്ടെന്നയാള്‍ നിന്നു. വിരലുകള്‍ക്കിടയിലെ ചില്ല പമ്പരംപോലെ കറങ്ങുകയാണ്. അയാളപ്പോള്‍ കരയുകയാണ്. അയാളുടെ കാല്‍ച്ചുവട്ടില്‍ സമൃദ്ധമായ നീര്‍പ്രവാഹങ്ങളുമായ്... ഭൂമിയിലെ ഉറവുകളെക്കുറിച്ചുള്ള അറിവുകള്‍ മനസ്സിലെ ജലസാന്നിദ്ധ്യങ്ങളെ ഉണര്‍ത്തുമോ... അതോ മനസ്സിലെ ഉറവുകളുടെ സാന്നിദ്ധ്യമറിഞ്ഞ് മനസ്സിലെ പ്രവാഹങ്ങള്‍ കനിവോടെ സ്വയം വെളിപ്പെടുത്തുന്നതോ... രണ്ടുമാവണം. കാരണം മനുഷ്യനും മണ്ണുമൊന്നുതന്നെ. അതു മറന്നുപോകുമ്പോള്‍ താളപ്പിഴകള്‍ ആരംഭിക്കുന്നു. മണ്ണിലും മനസ്സിലും. പ്രപഞ്ചം പ്രാണികള്‍ നെയ്യുന്ന വലപോലെയാണ്. എവിടെ തൊട്ടാലും അനുരണനങ്ങള്‍ ഉണ്ടാവും.
ഭൂമിയിലെ ഏറ്റവും മനോഹരമായൊരു കണികാഴ്ചയിലാണ് നമ്മള്‍. മഴത്തുള്ളികള്‍ കടലിലേക്ക് പെയ്തിറങ്ങുകയാണ്. ഒത്തിരി അലച്ചിലുകള്‍ക്കുശേഷം മഴയതിന്‍റെ തറവാട്ടിലേക്കു മടങ്ങുകയാണ്. ഈ കടലോരത്തിരിക്കുമ്പോള്‍ നമ്മുടെ മനസ്സ് ശാന്തമാവുന്നതങ്ങനെയാണ്. കടലിന്‍റെയും മനസ്സിന്‍റെയും കെമിസ്ട്രി ഒന്നുതന്നെയായതുകൊണ്ട്, വേലിയേറ്റത്തിന്‍റെയും വേലിയിറക്കത്തിന്‍റെയും ഗ്രാഫ് വ്യതിയാനങ്ങള്‍, ജലസാന്നിദ്ധ്യത്തിന്‍റെ അനുപാതങ്ങള്‍, ആഴങ്ങളിലെ നിഗൂഢതകള്‍, നിലയ്ക്കാത്ത തിരമാലകള്‍ ഒന്ന് മറ്റൊന്നിലേക്ക് ജീവന്‍ കൊളുത്തി കൊളുത്തി... ഒപ്പം കടല്‍ മനുഷ്യന്‍റെ ഈറ്റില്ലം കൂടിയാണ്. ഉല്‍പ്പത്തിയായാലും പരിണാമമായാലും ജീവന്‍റെ ആദ്യത്തെ വിത്ത് വീണത് ആഴിയുടെ മടിത്തട്ടിലായിരുന്നുവല്ലോ. അമ്മയുടെ വിരല്‍ത്തുമ്പുകള്‍ കളഞ്ഞുപോയ ഉണ്ണികള്‍ ആ ഈറ്റില്ലത്തിലേക്കു മടങ്ങി ഹൃദയശാന്തികളറിയുകയാണ്. ജീവന്‍റെ വഴികളില്‍ ഇത്തരമദൃശ്യപ്രവാഹങ്ങളുടെ പാരസ്പര്യമറിയുകയെന്നൊരു കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
കിളക്കാനും വിത്തെറിയാനും കായ്കനികള്‍ ഭക്ഷിക്കാനും സൂക്ഷിക്കാനുമൊക്കെയേല്പിച്ച തോട്ടത്തിന്‍റെ ഇടയനല്ല, ഉടമയാണെന്നു മനുഷ്യന്‍ തെറ്റിദ്ധരിച്ചു തുടങ്ങിയപ്പോള്‍ വീണതാണ് ഭൂമിക്കും മനുഷ്യനുമിടയിലെ വിളളലിന്‍റെ വിത്ത്. സ്വന്തം ചെറുതുകളെക്കുറിച്ചുള്ള അവബോധമാണവനിനിയാവശ്യം. പാശ്ചാത്യ പൗരസ്ത്യ ചിത്രകലാപാരമ്പര്യങ്ങള്‍ക്കിടയിലെ അകലങ്ങള്‍ നല്ലൊരുപമയാണ്. പടിഞ്ഞാറിന്‍റെ ക്യാന്‍വാസില്‍ മനുഷ്യരൂപങ്ങളെ എംപോസ് ചെയ്തുയര്‍ത്തി പ്രകൃതിയിലെ ഒരു പിന്‍കര്‍ട്ടനായി ചുരുക്കുന്നു. എന്നാല്‍ ജാപ്പനീസ്, ചൈനീസ് ഒരളവുവരെ ഭാരതീയ രീതികളിലും മനുഷ്യന് ഒരു ചെറുവിരലോളം വലുപ്പമേയുള്ളൂ. നിറഞ്ഞു നില്ക്കുന്നത് വൃക്ഷച്ചില്ലകളും പര്‍വ്വതനിരകളും പരന്നൊഴുകുന്ന പുഴകളുമൊക്കെയാണ്. സ്വന്തം ചെറുതുകളെ മറന്നുപോയ മനുഷ്യന്‍റെ നാട്യങ്ങളോടും അഹന്തകളോടുമുള്ള ഭൂമിയുടെ സ്നേഹപൂര്‍വ്വമുള്ള കലഹങ്ങളായിരിക്കുമോ നമുക്കു ചുറ്റുമുള്ള ഈ ഭയപ്പെടുത്തുന്ന പ്രതിഭാസങ്ങള്‍. ദൈവമെല്ലാം പൊറുക്കും, മനുഷ്യന്‍ വല്ലപ്പോഴും, എന്നാല്‍ കാലവും പ്രകൃതിയും ഒന്നുമൊരിക്കലും പൊറുക്കുന്നില്ലയെന്നു കേട്ടിട്ടില്ലേ. ക്ഷമയുടെ നെല്ലിപ്പലക തെളിഞ്ഞു കണ്ടാല്‍ പിന്നെ കിണറിന് മറയാതെന്തു വഴി...? പാഠങ്ങളില്‍ നിന്നു പഠിക്കാത്തവനെ മനുഷ്യനെന്നു വിളിക്കുക.
ക്രിസ്തുവിനെപ്പോലെ ചുറ്റിനുമുള്ള ഭൂമിയുടെ സൗന്ദര്യം കാണാനും കരങ്ങള്‍ കൂപ്പി നില്ക്കാനും നമുക്കു കഴിയാതെ പോവുന്നതെന്തുകൊണ്ട്... ഒരിത്തിരിപ്പൂവിനെ നോക്കിയവിടുന്ന് പറയുന്നു, സോളമന്‍പോലും തന്‍റെ സര്‍വ്വമഹത്വത്തിലും ഇത്രമേല്‍ അലങ്കരിക്കപ്പെട്ടിട്ടില്ല. ആഡംബരങ്ങളില്‍ സോളമനെപ്പോലെ അഭിരമിച്ച ഒരു മനസ്സു വേറെയുണ്ടാവില്ല... എന്നിട്ടാണ്... ചെറുകിളികളെ നോക്കി വാഴ്വിന്‍റെ പാഠം പഠിക്കാനും ഗുരു പറയുന്നു. സ്വന്തം ചെറുതുകളറിയുക മാത്രമല്ല, ചെറുതുകളിലെ സൗന്ദര്യം കാണാനാകുന്നതുമാണ് ഭൂമിക്കിണങ്ങിയ ജീവിതരീതി. ആനുപാതികമല്ലാത്ത വലുപ്പങ്ങളില്‍ വൈരൂപ്യമുണ്ടെന്നുമറിയണം. വലിയ തലയും മന്തന്‍കാലുപോലെയൊക്കയൊന്ന്. ഒരു വീടു പണിയുമ്പോള്‍ നമുക്കൊരു കിളിക്കൂടു പോലത്തെ വീടു മതി. കടല്‍ക്കാറ്റിനും നിലാവെളിച്ചത്തിനും അപരിചിതര്‍ക്കും മടിച്ചു നില്ക്കാതെ കടന്നുവരാന്‍ വേണ്ടി, തുറന്നിട്ട വാതിലുകളുള്ള ഒരു ചെറിയ വീട്...
ശൈശവങ്ങളിലേക്ക് മടങ്ങാന്‍ ഗുരുവോര്‍മ്മിപ്പിക്കുന്നുണ്ട്. അതിന്‍റെയൊരു സൂചന കളഞ്ഞുപോയ മിഴികളിലെ വിസ്മയവെട്ടങ്ങള്‍ തിരികെ കണ്ടെത്തുകയെന്നു കൂടിയാവണം. കുഞ്ഞുങ്ങളെപ്പോലെ പ്രകാശം സ്ഫുരിക്കുന്ന മിഴികളോടെ എല്ലാം കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കുഞ്ഞുമകള്‍ വാവിട്ടു കരയുമ്പോള്‍ ഒരു പൂച്ചക്കുട്ടിയെയോ, ഒരു കാക്കയെയോ കാട്ടി നമ്മള്‍ അവളുടെ കണ്ണീരില്‍ പുഞ്ചിരി പടര്‍ത്തുന്നതുപോലെ. ചിരപരിചയം കൊണ്ട് പലതിനെയും വളരെ സാധാരണമായി നാം കരുതുന്നു. ഒന്നും അത്ഭുതപ്പെടുത്തുന്നില്ല. തന്‍റെ സുഹൃത്തിന്‍റെ പട്ടി അയാളോടൊപ്പം ചീട്ടുകളിക്കുന്നതുകണ്ട് എന്തൊരു ബുദ്ധിയാണീ നായ്ക്കെന്ന് അത്ഭുതപ്പെട്ടവനോട്, അത്ര ബുദ്ധിയൊന്നുമല്ല നല്ല കൈ കിട്ടിയാല്‍ ഇവന്‍ വാലാട്ടി കളി നശിപ്പിക്കുമെന്നു പറയുന്നയാളെപ്പോലെയായി നമ്മള്‍...
ക്രിസ്തുവിന്‍റെ പ്രലോഭനകഥയെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി നല്ലൊരു വായന കിട്ടി അടുത്തകാലത്ത്. കല്ലുകളെ അപ്പമാക്കാമോ എന്നതായിരുന്നല്ലോ ആദ്യത്തെ പ്രലോഭനം. താല്‍ക്കാലികാഹ്ലാദങ്ങള്‍ക്കു വേണ്ടി ദൂരക്കാഴ്ചകളില്ലാതെയൊന്നിനെയും കരുവാക്കി മാറ്റരുതെന്നാണ് അതിനെ ചെറുക്കുമ്പോള്‍ ക്രിസ്തു പഠിപ്പിക്കുക. പ്രപഞ്ചത്തില്‍ അതിന്‍റേതായ സ്വാഭാവിക പരിണാമങ്ങളും കാലദൈര്‍ഘ്യങ്ങളുമുണ്ട്. ഒരു ഞൊടിയിടയില്‍ കല്ലിനെ അപ്പമാക്കാനുള്ള ശ്രമം പ്രപഞ്ചത്തിനു മുകളില്‍ മനുഷ്യന്‍ നടത്തുന്ന വയലന്‍സാണ്. ഒരു കല്ല് അപ്പമാകണമെങ്കില്‍ എത്രയായിരം വര്‍ഷങ്ങള്‍ വേണം. കല്ല് മണ്ണായി, മണ്ണില്‍ വിത്തായി, വിത്ത് കതിരായി, കതിര് മാവായി, മാവ് അപ്പമായി... ഇത്തരമൊരു സ്വാഭാവിക താളത്തെ ആരും അവഗണിച്ചുകൂടാ. രണ്ടാമത്തെ പ്രലോഭനം സൃഷ്ടവസ്തുക്കളെ ആരാധിക്കാനുള്ള ഒന്നാണ്. ഇതും അനാരോഗ്യകരമായ ഒരു ഹരിതതീവ്രചിന്തയാണ്. പ്രപഞ്ചം തന്നെ ദൈവമായി വെളിപ്പെട്ടുകിട്ടുന്ന ഒരു മതിഭ്രമം, 'പാന്തേയിസം.' പ്രപഞ്ചത്തിനു പിന്നിലൊളിച്ചു നില്ക്കുന്ന ആ പരംപൊരുളിനെ കണ്ടെത്തുകയാണ് പ്രധാനം. ഭൂമിയൊരു ദര്‍പ്പണമാണ്. ദൈവത്തെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടി. അവസാനത്തെ പ്രലോഭനം ഉന്നതങ്ങളില്‍നിന്ന് താഴ്വരകളിലേക്ക് ചാടാന്‍. ദൈവത്തിന്‍റെ പുത്രന്മാരെ താങ്ങാന്‍ ദൈവത്തിന്‍റെ ദൂതന്മാരുണ്ടാവുമല്ലോ. പ്രപഞ്ചത്തിന് ചില നിയമങ്ങളുണ്ട്. അലംഘനീയമാണവ. താഴേക്കു ചാടിയാല്‍ വീഴുമെന്നും വീണാല്‍ കാലൊടിയുമെന്നുമുള്ളത് സാധാരണ ബുദ്ധിക്കും പ്രകൃതിക്കും നിരക്കുന്ന ഏറ്റവും ലളിതമായ കാര്യങ്ങള്‍. അവയെ അവഗണിച്ചിട്ട് ദൈവപരിപാലനയെക്കുറിച്ച് പ്രഘോഷിക്കുന്ന പ്രപഞ്ചനിയമവും ദൈവനിയമവും തമ്മില്‍ ഒരു ഭേദവുമില്ല. പരിസ്ഥിതിയുടെ ചട്ടങ്ങളെ ലംഘിക്കുന്നവര്‍ ദൈവകല്പനകളെ തന്നെയാണ് ലംഘിക്കുക. പൂര്‍ണ അവബോധങ്ങളില്‍ നില്‍ക്കുന്ന ഗുരു ഈ പ്രലോഭനങ്ങളെയൊക്കെ അതിജീവിക്കുന്നു. എന്നിട്ടും പ്രലോഭനകഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. സാത്താനവനെ തല്‍ക്കാലത്തേക്ക് വിട്ടിട്ടുപോയി. അവനിനിയും വരും പല രൂപങ്ങളില്‍ -ആസക്തിയായും ആഡംബരമായും മാത്സര്യമായും. അവനെതിരെ ജാഗ്രത പുലര്‍ത്തുകയാണ് ആത്മാവിലും സത്യത്തിലുമുള്ള ആരാധന.
ദൈവംപോലും കൈവിട്ടുവെന്നു തോന്നിച്ച, സ്നേഹിതര്‍ നിദ്രയിലേക്കു വഴുതിപ്പോയ പാനപാത്രങ്ങളുടെ രാവില്‍ ക്രിസ്തു ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിച്ചത് ഗെത്സെമനിലെ തോട്ടത്തിലാണെന്നുള്ളത് നല്ലൊരു ധ്യാനചിന്തയാണ്. കെദ്രോണ്‍ തോടിനപ്പുറമാണീ തോട്ടം. കെദ്രോണാകട്ടെ ദേവാലയ ബലിപീഠത്തില്‍ നിന്നൊഴുകുന്ന ബലിമൃഗങ്ങളുടെ രക്തമൊലിച്ചിറങ്ങുന്ന ചാലാണ്. ഒരു ചുവട് കടന്നാല്‍ ക്രിസ്തുവിന് ദേവാലയത്തിലെത്താം. എന്നിട്ടും ഈ രാവില്‍ ഈ വൃക്ഷച്ചില്ലകള്‍ക്ക് താഴേയിരിക്കണമെന്ന് ക്രിസ്തു കരുതുന്നതിന്‍റെ പൊരുളെന്താണ്? അടച്ചിട്ട ദേവാലയത്തെക്കാള്‍, മേല്‍ക്കൂരകളും അതിരുകളുമില്ലാത്ത ഈ ദേവാലയത്തില്‍ ദൈവം കുറെക്കൂടി സന്നിഹിതമാണെന്നറിയാമോ... മാലാഖമാര്‍ വന്നവനെ ആശ്വസിപ്പിച്ചു. ഇലച്ചാര്‍ത്തുകളുടെ മര്‍മ്മരങ്ങളായിരിക്കുമോ ക്രിസ്തുവറിഞ്ഞ ദേവന്മാരുടെ ചിറകടികള്‍... വൃക്ഷത്തിന് നീളുന്ന വിരലുകളുണ്ട്.
കിണറുകളെക്കുറിച്ച് വിഷമിക്കരുത്. മനസ്സിലെ ഉറവുകള്‍ മറയാത്തിടത്തോളം കാലം അവയ്ക്കൊന്നും സംഭവിക്കില്ല. നമുക്കൊരുമിച്ച് ഈ ഭൂമി സൂക്തം മന്ത്രിക്കാം.
ഹേ, ഭൂമി, നിന്നില്‍നിന്ന് ഞാനെടുക്കുന്നതെന്തോ അതു വീണ്ടും മുളച്ചു വരട്ടെ. പാവനയായവളെ ഞാനൊരിക്കലും നിന്‍റെ മര്‍മ്മങ്ങളെ, നിന്‍റെ ഹൃദയത്തെ പിളര്‍ക്കാതിരിക്കട്ടെ.