news-details
മറ്റുലേഖനങ്ങൾ

ഏതാണ് നിയമാനുസൃതം, സാബത്തില്‍ ജീവന്‍ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ? യേശുവിന്‍റെ ആ ചോദ്യത്തിന്‍റെ അലകള്‍ അന്തരീക്ഷത്തില്‍ ഇന്നും അത്യുജ്ജ്വലമായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. സ്നേഹിക്കുന്നതിലോ, സ്നേഹിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നതിലോ? എവിടെയാണ് മതത്തിന്‍റെ മൗലികത എന്ന അന്വേഷണങ്ങള്‍ മനുഷ്യമനസ്സുകളില്‍ ഏറെ സജീവമാകയാണ്. അനുസരണങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥം ആര്‍ജിക്കുന്നതും അതു നഷ്ടപ്പെടുത്തുന്നതും എവിടെയെല്ലാം എപ്പോഴെല്ലാം എന്നു കൃത്യത തേടുകയാണ്. മഹത്ത്വത്തിലേക്കുള്ള പ്രയാണത്തില്‍ താങ്ങും തണലുമായി ഒരു മതത്തെയോ ഏതെങ്കിലും വ്യവസ്ഥിതികളെയോ, സ്ഥാപനങ്ങളെയോ മനുഷ്യന്‍ ആശ്രയിക്കുന്നതിനുള്ള പ്രസക്തിയും അതിലുള്ള പരിമിതികളും പരാധീനതകളും ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നു. സ്നേഹത്തെ ജ്വലിപ്പിക്കുന്ന കൊടുമുടിയിലേക്ക് യേശു നയിക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ ദിശയും ഗതിയും വ്യതിചലിപ്പിക്കാന്‍ ഘടകങ്ങള്‍ ഏറെയുണ്ടെങ്കിലും സൂര്യന്‍റെ മുഖദര്‍ശനം ഒരു സൂര്യകാന്തിക്കും നഷ്ടമാകാത്തതുപോലെ ഒരു മനുഷ്യനും അവന്‍റെ ദൈവോന്മുഖതയും നഷ്ടപ്പെടുന്നില്ല. മനുഷ്യന്‍റെ സ്വാതന്ത്ര്യദാഹത്തിനും വിമോചനനീക്കങ്ങള്‍ക്കും ആയിത്തീരലുകള്‍ക്കും അവസാനമില്ല. അതിരുകളില്ല, ഉണ്ടെങ്കില്‍ അവ വെറും ആശാനും ആശാന്‍കളരിയും മാത്രം. പുരോഗതിയുടെ പാതയില്‍ ചവിട്ടിക്കയറാനും പിന്‍തള്ളാനുമുള്ള ആദ്യപടവുകള്‍. നിങ്ങളുടെ നീതിബോധം നിയമജ്ഞരുടേതിനെ അതിലംഘിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ദൈവരാജ്യം കാണുകയില്ല - എന്നാണ് യേശുവിന്‍റെ പ്രഖ്യാപനം. നിയമങ്ങളെയും തത്ത്വസംഹിതകളെയും മത-രാഷ്ട്രീയ അധികാരങ്ങളെയുമെല്ലാം പ്രതിപക്ഷത്താക്കി മനുഷ്യനുവേണ്ടി യേശു ഒറ്റതിരിഞ്ഞുനിന്നു. ഭൂമിയില്‍ മനുഷ്യന്‍ തേടുന്ന എല്ലാ സത്യങ്ങളെയും സ്വന്തം കാല്‍ച്ചുവട്ടില്‍ കേന്ദ്രീകരിച്ചു എന്നതാണ് യേശു നേടിയ ചരിത്രവിജയം. അതുകൊണ്ട് മനുഷ്യകുലം എങ്ങോട്ടെല്ലാം തിരിഞ്ഞ് കക്ഷികളും പക്ഷങ്ങളും എത്രമാത്രം വളര്‍ത്തിയാലും ചരിത്രത്തിലെന്നും ഇനി രണ്ടുചേരികളേ ഉണ്ടാവുകയുള്ളൂ, അവനോടൊത്തുള്ളവരും അവനോടുകൂടി അല്ലാത്തവരും.

"എനിക്കെതിരല്ലാത്തവന്‍ എന്നോടുകൂടിയുള്ളവന്‍ തന്നെ" എന്നായിരുന്നു യേശു പറഞ്ഞതും മതഗ്രന്ഥങ്ങളിലും വെളിപാടുകളിലും അവഗാഹം നേടിയവര്‍ എന്നഭിമാനിക്കുന്നവരില്‍പോലും യഥാര്‍ത്ഥ തീര്‍ത്ഥാടനത്തിന്‍റെ വഴിമുടക്കികളെ തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നുണ്ട്. സത്യത്തിന്‍റെ ഘാതകരാകുന്നതില്‍നിന്നും മതനേതൃത്വങ്ങള്‍ ഇന്നം വിട്ടുമാറിയിട്ടില്ല എന്ന് സാമാന്യജനം തിരിച്ചറിയുന്നുണ്ട്. അലക്കിത്തേച്ച ഖദറിലും ആദര്‍ശവേഷങ്ങളിലും വാഗ്ധോരണികളിലും ആദര്‍ശരാഹിത്യത്തിന്‍റെ അല്പത്വം ഉളുപ്പില്ലാതെ ഒളിച്ചുവയ്ക്കുന്ന കവര്‍ച്ച രാഷ്ട്രീയവും വികല-രാഷ്ട്രനിര്‍മ്മിതിയും കണ്ട്, കുത്തിയിരുന്നു കരയുന്ന ജനം. ലാഭം മാത്രം ലക്ഷ്യമിട്ട വ്യവസായ സംരംഭങ്ങള്‍ക്ക് ഒരിക്കലും കാര്യക്ഷമത കൈവിട്ട് കളിക്കാനാവില്ല. ഘനമുള്ള ഒരു തല മതി, കരുത്തുള്ള കുറെ കരങ്ങള്‍വേണം കാര്യക്ഷമത ഉറപ്പാക്കാം. പ്രസ്ഥാനങ്ങളുടെ പ്രജകളകാനല്ലാതെ മനുഷ്യനെ വ്യക്തിയാക്കാന്‍ ഒരു ശാസ്ത്രവും മതവും ഇവിടെ പ്രതിജ്ഞാബദ്ധമല്ല. ആശാന്‍കളരി വിട്ട് സഞ്ചരിക്കാനോ, ആദ്യാക്ഷരങ്ങള്‍ക്കപ്പുറത്തേയ്ക്ക് അക്ഷരജ്ഞാനം  വളര്‍ത്താനോ 'ആചാര്യ'വൃന്ദങ്ങള്‍ കോറിയിട്ട ധര്‍മ്മാധര്‍മ്മങ്ങളുടെ വരകളും വളയങ്ങളും വിട്ട് സ്വയം ആവിഷ്ക്കരിക്കാനോ,മനുഷ്യനെ അനുവദിക്കുന്ന ഒരു മതമുണ്ടോ? ഉണ്ടെങ്കില്‍ അതിന് ഒരു അംഗീകൃതമാനദണ്ഡങ്ങളില്‍ നിലനില്‍ക്കാനാകുമോ? ഒരു കാലത്ത് കുരിശുയുദ്ധക്കളങ്ങളില്‍ ദണ്ഡവിമോചനങ്ങള്‍ വാരി വിതരണം ചെയ്തിരുന്ന സഭയും ഇന്ന് ഉപഭോഗസംസ്കാരം  സൃഷ്ടിക്കുന്ന അഗ്രഹാരങ്ങളിലും ചന്തകളിലുമൊക്കെ വച്ചുവാണിഭം നടത്താനും വ്യവസായശൃംഖലകള്‍ വളര്‍ത്താനും വിശുദ്ധിയും രക്തസാക്ഷിത്വവും ചമച്ച് സമര്‍പ്പിതരെ വിന്യസിപ്പിക്കുന്ന സഭയും ഒന്നുതന്നെ. കടവില്‍ കെട്ടിയിടപ്പെട്ട ഒരേ വഞ്ചി തുഴയുന്നവര്‍ മാത്രമറിയുന്നില്ല, കെട്ടഴിച്ചിട്ടില്ല എന്ന്. രാവും പകലുമറിയാതെ ദിശയും കാലവുമറിയാത്ത തുഴച്ചില്‍ വിസ്മയകരം തന്നെയല്ലെ. കാലമനുവദിച്ചാല്‍, കയ്യടിച്ചുത്തേജിപ്പിച്ചാല്‍, ചിരിക്കാന്‍ വക നല്കുന്ന മെച്ചപ്പെട്ട കോമാളിത്തരങ്ങള്‍ കൂടുതല്‍ അര്‍പ്പണബോധത്തോടെ ഇനിയും അരങ്ങേറിക്കൊണ്ടിരിക്കും. അധികം ഒന്നും പറയേണ്ടതില്ല. ആരെയും ഒന്നിനെയും പഴിക്കേണ്ടതില്ല. സ്വര്‍ഗ്ഗത്തിന്‍റെ നന്മകള്‍ ഉപരിതലത്തില്‍ മാത്രമല്ല അധോലോകങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ട്. അനുസരണയേക്കാള്‍ അതിന്‍റെ കേടുകള്‍ക്ക് മൂല്യശോഭ കൂടിക്കൊണ്ടിരിക്കുന്നു. എല്ലാ ശരികളെയും സ്വന്തം അധികാരമുദ്ര പതിപ്പിച്ച് സ്വന്തം കാല്‍ച്ചുവട്ടില്‍ ഒരുക്കിയ യേശുവിന്‍റെ ചുവടുറപ്പുകള്‍ക്ക് എന്നും പുത്തന്‍പതിപ്പുകള്‍ ഉണ്ടാവണം. വേറിട്ട ചിന്തകരും സ്വപ്നവാഹകരും വിപ്ലവകാരികളും ഇല്ലായിരുന്നെങ്കില്‍ ഭൂമിയില്‍ ഇത്രമാത്രം പൂക്കളും സസ്യങ്ങളും ജീവനും ജീവവൈവിധ്യങ്ങളും ഉണ്ടാകുമായിരുന്നില്ല. നസറായന്‍ വിതച്ച വചനവിത്തുകള്‍ ഭൂമിയില്‍ എവിടെയെല്ലാമാണ് ചെന്നുവീഴാത്തത്. ഭൂമുഖത്തെ മുഖ്യധാരക്കാര്‍ വേര്‍തിരിച്ചിട്ട പുറമ്പോക്കുകളിലും അധോലോകങ്ങളിലുമായിരിക്കുമോ. അധിനിവേശക്കാരുടെ ഉഴുതുമറിക്കലുകളും സന്മാര്‍ഗ്ഗവാദികളുടെ കീടനാശിനി പ്രയോഗങ്ങളും വിളവിന്‍റെ സമൃദ്ധിയെ കാര്യമായി ബാധിക്കാത്തത് പ്രാര്‍ത്ഥിക്കാന്‍ പള്ളികളില്‍ പോകാത്തവര്‍, തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുന്നവര്‍, സദാചാരത്തിന്‍റെ സാധാരണവഴികള്‍ വിട്ട് സഞ്ചരിക്കുന്നവര്‍, നുണപറയുന്നവര്‍, മോഷ്ടിക്കുന്നവര്‍, ഇവരാരും ഭൂമിയില്‍ ഒട്ടും കുറയുന്നില്ല. അവരില്‍ നിന്നും ദൈവരാജ്യത്തിലേക്കുള്ള അകലം അളക്കാന്‍ മുഴക്കോലുകളും മാപിനികളും കൈയിലെടുക്കുന്നവര്‍ക്ക് വിറയല്‍ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ശരികള്‍ക്കും തെറ്റുകള്‍ക്കുമിടയില്‍ മനുഷ്യന്‍ വരച്ചവരകള്‍ ഏറെയും മായുകയാണ്. യേശു ഒന്നേ വരച്ചുള്ളൂ. അതും നേര്‍രേഖയില്‍. അതിന്നു കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. മാനവരാശിയെ വിധിക്കുകയാണ്, രണ്ടായി വേര്‍തിരിക്കുകയാണ്. അവനോടുകൂടിയുള്ളവരും - അല്ലാത്തവരുമായി.

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts