വിഭജനത്തിന്‍റെ കാലം മുതല്‍ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്‍റെ നിഴലിലാണ്. ഇരുരാജ്യങ്ങളും തമ്മില്‍ പലപ്പോഴും ഒളിഞ്ഞും തെളിഞ്ഞും യുദ്ധങ്ങള്‍ നടത്തിയിട്ടുമുണ്ട്. വലിയ യുദ്ധത്തെക്കാളുപരി യുദ്ധസാഹചര്യം നിലനിര്‍ത്തുക എന്നുള്ളതാണ് ഇന്ത്യന്‍ സര്‍ക്കാരിന്‍റെയും പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെയും പ്രത്യേക താല്‍പര്യം എന്നു പറയുന്നതാണ് കൂടുതല്‍ ശരി. യുദ്ധം അല്ലെങ്കില്‍ ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നുള്ളത് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണകൂടങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭരണകൂടങ്ങളുടെ അതാതുകാലത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍, അവര്‍ എന്തൊക്കെ വിഭാവനം ചെയ്യുന്നു, അവരുടെ പ്രത്യക്ഷ താല്‍പര്യങ്ങള്‍ ഇവയെ ആശ്രയിച്ചിരിക്കും യുദ്ധത്തിന്‍റെയോ യുദ്ധസാഹചര്യത്തിന്‍റെയോ സാധ്യതകള്‍.
എന്തുകൊണ്ട് യുദ്ധക്കൊതി കാണിക്കുന്ന ഭരണകൂടങ്ങളായി ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ഭരണകൂടങ്ങള്‍ മാറിയിരിക്കുന്നു? പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ആ രാജ്യം പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യമായിട്ടല്ല വിഭാവനം ചെയ്യപ്പെട്ടത്. ഇസ്ലാമിന്‍റെ പേരിലാണ് വിഭജനം നടന്നതെങ്കിലും മുഹമ്മദലി ജിന്ന ഒരു സെക്കുലര്‍ രാഷ്ട്രമായിട്ടാണ് തന്‍റെ രാജ്യത്തെ കണ്ടത്. ഇസ്ലാം, രാജ്യത്തെ മുന്‍പോട്ട് നയിക്കുന്ന നിയമസംഹിത ആയിരിക്കണം എന്നു മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്. ജിന്നയുടെ മരണശേഷം പട്ടാളഭരണത്തിന്‍റെ വരവോടെ മതത്തെ ഭരണയന്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു രീതി ഭരണപ്രക്രിയയില്‍ നിലവില്‍ വന്നു. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം അങ്ങനെ പാക്കിസ്ഥാനില്‍ സ്ഥിരരൂപം കൊണ്ടു. സായുധമായും യുദ്ധതന്ത്രപരമായും മതതീവ്രവാദശൈലിയില്‍ ഉറച്ച ഒരു രാജ്യമായി പാക്കിസ്ഥാന്‍ വളരാന്‍ തുടങ്ങി.
ഇന്ത്യയില്‍ വിഭജനത്തിനുശേഷം ഒരു ജനാധിപത്യഭരണകൂടമാണ് സംജാതമായതെങ്കിലും കുറെക്കാലങ്ങളായി ഇവിടെയൊരു ഹൈന്ദവ വലതുപക്ഷ തീവ്രവാദം ശക്തമായിട്ടുണ്ട്. സായുധ ആണവനിലപാട്, മതന്യൂനപക്ഷവിരുദ്ധനിലപാട്, സായുധമതനിലപാട് എന്നിവ അവരുടെ പ്രത്യേകതകളാണ്. യുദ്ധക്കൊതി അവരുടെ മനസ്സുകളില്‍ രൂഢമൂലമായിട്ടുണ്ട്. പൊക്രാന്‍ അണുബോബ് സ്ഫോടനത്തിലൂടെയും മിസൈല്‍ പരീക്ഷണങ്ങളിലൂടെയുമൊക്കെ ഇങ്ങനെയൊരു താല്‍പര്യം നിലനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചിട്ടുമുണ്ട്. സൈനികനേതാക്കളല്ല ഇന്ത്യ ഭരിക്കുന്നതെങ്കിലും തീവ്ര സൈനിക വികാരമുള്ള ഒരു ഭരണകൂടമാണ് ഇന്ന് നമ്മെ ഭരിക്കുന്നത്. പ്രത്യയശാസ്ത്രതലത്തില്‍ ഹൈന്ദവദേശീയവാദികളാണവര്‍.
അതേസമയം ഹൈന്ദവനേതൃത്വത്തെക്കാളുപരി മറ്റ് ജനാധിപത്യ ഭരണകൂടങ്ങളും ഭാരതത്തില്‍ ഇതേ താല്‍പര്യമാണ് നിലനിര്‍ത്തിയതും നിലനിര്‍ത്തുന്നതും. പാക്കിസ്ഥാനോടും മതന്യൂനപക്ഷങ്ങളോടുമൊക്കെ ശത്രുതാപരമായ നിലപാടാണ് കാലാകാലങ്ങളില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ നിലനിര്‍ത്തിപ്പോരുന്നത്. അധികാര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ രീതി ഭരണകര്‍ത്താക്കള്‍ക്ക് ഒരു എളുപ്പവഴിയാണ്. പ്രത്യയശാസ്ത്രപരമായി ഈ രീതി നിലനിര്‍ത്താനും ശാക്തീകരിക്കാനും ഹൈന്ദവ വലതുപക്ഷ തീവ്രവാദശക്തികള്‍ക്കും സാധിക്കുന്നു എന്നു പറയുന്നതാണ് കൂടുതല്‍ യുക്തം.
യുദ്ധത്തില്‍ നമ്മുടെ അരക്ഷിതബോധത്തെക്കാളുപരി ഭരണകൂടത്തിന്‍റെ താല്‍പര്യങ്ങളാണ് മുഴച്ചുനില്‍ക്കുക. ഭരണത്തില്‍ ഇരിക്കുന്നവര്‍ പലപ്പോഴും തീരുമാനിക്കുന്നതാണ് ദേശതാല്‍പര്യങ്ങളും വിദേശനയങ്ങളും. തീവ്രദേശീയവാദ ഗവണ്‍മെന്‍റ് എപ്പോഴും തങ്ങളുടെ താല്‍പര്യത്തിലും ബോധത്തിലും ഉള്ള ഒരു രാഷ്ട്രീയ പ്രക്രിയ നിലനിര്‍ത്താനാണ് ശ്രമിക്കുക. തങ്ങളുടെ താല്‍പര്യമാണ് ദേശതാല്‍പര്യമെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കും. സാധാരണ മനുഷ്യരുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന നയങ്ങളാണ് പലപ്പോഴും ദേശീയ നയങ്ങളായി രൂപപ്പെടുന്നത്. അരക്ഷിതരാകുന്നവരുടെയും പ്രാന്തവത്കരിക്കപ്പെടുന്നവരുടെയും കൂടി നയമാണ് ഇതെന്നു വരുത്തിത്തീര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുക. ഇപ്രകാരം ഭരണകൂടത്തിന്‍റെ സാധുത സ്ഥാപിച്ചെടുക്കുക എന്നുള്ളത് തന്ത്രപരമായ നയമാണ്. പൊതുജനത്തിന്‍റെ താല്‍പര്യമല്ലെങ്കില്‍കൂടി ഇത് അവരുടെ കൂടെ താല്‍പര്യമെന്നു വരുത്തിത്തീര്‍ക്കാനുള്ള ഭരണകൂടങ്ങളുടെ ഈ ശ്രമത്തെ, അധികാരമുള്ളവരുടെ അടിച്ചമര്‍ത്തല്‍ നയം എന്നോ ചൂഷണനയം എന്നോ വിളിക്കാം. ഗുജറാത്തിലെ ലഹളകളും മറ്റ് ക്രൂരകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. അകത്തുള്ള ഉദാരവല്‍ക്കരണത്തിലൂടെയും മറ്റും ലോകത്തിന്‍റെ മുന്‍പില്‍ അവര്‍ക്ക് തങ്ങളുടെ സൈനിക മുഖം മറച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും അതു പൂര്‍ണമായി സാധിക്കില്ല എന്ന സ്ഥിതി ഗുജറാത്തു സംഭവങ്ങളിലൂടെ വ്യക്തമാകുകയായിരുന്നു. ആണവവിസ്ഫോടനങ്ങളിലൂടെയും മിസൈല്‍ പരീക്ഷണങ്ങളിലൂടെയും ഒരു തരം സുഖക്ഷേമാനുഭൂതി സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ യഥാര്‍ത്ഥ മുഖം അവര്‍ വ്യക്തമാക്കിയിട്ടുണ്ട് എങ്കിലും സാമ്പത്തികപരിഷ്കരണനയങ്ങളിലൂടെ പൊതുവില്‍ പാശ്ചാത്യ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുകൂലമായ ഒരു പ്രീണനനയമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഈ കള്ളക്കളികള്‍ വ്യക്തമാക്കുന്ന തരത്തിലാണ് ഗുജറാത്തിനുമേല്‍ പൊതുജനാഭിപ്രായവും ലോകജനാഭിപ്രായവും വന്നിരിക്കുന്നത്.
ഇന്ത്യയിലെ ലിബറല്‍ വിഭാഗങ്ങള്‍ ഈ പ്രശ്നത്തില്‍ സര്‍ക്കാരിന്‍റെ മുഖം ശരിക്കും തുറന്നു കാണിക്കുന്നുണ്ട്. ലോകമനസ്സാക്ഷിയും മനുഷ്യാവകാശസംഘടനകളും ഇതിനെ ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ നയമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് ഹൈന്ദവതീവ്രവാദികള്‍ക്കു ലഭിച്ച വലിയൊരു അടിയാണ്.
പെട്ടെന്ന് ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളത് ഗുജറാത്ത് സംഭവത്തെ മറച്ചുപിടിക്കുന്നതിന് ആവശ്യമായിരുന്നു. യുദ്ധാന്തരീക്ഷം സൃഷ്ടിക്കല്‍ ഒരു മാര്‍ഗ്ഗമായതില്‍ പാക്കിസ്ഥാനും അവിടത്തെ പല സംഘടനകള്‍ക്കും പങ്കുണ്ട് എന്നുള്ളതും നാം മറക്കരുത്. പാക്കിസ്ഥാന്‍റെ കാശ്മീര്‍ താല്‍പര്യവും ആഭ്യന്തരനയങ്ങളും ഇന്ത്യയെ ശത്രുപക്ഷത്താക്കി പ്രതിഷ്ഠിക്കുന്നതില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. പലപ്പോഴും ഇതു യുദ്ധത്തിന്‍റെയും തീവ്രവാദത്തിന്‍റെയും മുഖങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. രണ്ടു ഭരണകൂടങ്ങള്‍ക്കും ഇത്തരം തീവ്രവാദയുദ്ധ നയങ്ങള്‍ ഒരു വലിയ രാഷ്ട്രീയ തന്ത്രവും ആണ്.
അമേരിക്കയുടെ തീവ്രവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഗുജറാത്തുസംഭവങ്ങളെ മറച്ചുപിടിക്കാന്‍ ഗവണ്‍മെന്‍റിനു കഴിഞ്ഞിട്ടുണ്ട്. ഇത്തരം മറച്ചുപിടിക്കല്‍ നയങ്ങളില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നുള്ളതാണ് ലജ്ജാകരമായ കാര്യം. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ തകര്‍ച്ചയാണ്.
പാക്കിസ്ഥാനോട് ഇന്ത്യന്‍ ഭരണകൂടങ്ങള്‍ ശത്രുതാപരമായ നിലപാട് പുലര്‍ത്തുന്നുണ്ട്. ഇതിനെ രാജ്യത്തിനകത്തെ ന്യൂനപക്ഷങ്ങളോട് ബന്ധപ്പെടുത്താറുമുണ്ട്. എന്നും ദേശീയതയും പൗരത്വവും തെളിയിക്കേണ്ട ജനതയായി, പ്രത്യേകിച്ച് മുസ്ലീങ്ങളെ മാറ്റിത്തീര്‍ക്കുന്നതില്‍ നമ്മുടെ ഭരണകൂടങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മുസ്ലീങ്ങളെ പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തുന്ന ഒരു ആശയവുമായി ഒരു ബന്ധവും ഇല്ലെങ്കില്‍ക്കൂടി തുടര്‍ന്നു പോരുന്നുമുണ്ട്. ഇന്നത്തെ ഭരണകൂടം ഈ നയത്തില്‍ ഒരു പടികൂടി മുമ്പോട്ടു കടന്നിട്ടുണ്ട്. ഈ നയവും ഗുജറാത്തുസംഭവവും ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ മാത്രമാണ്.
സോവ്യറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം അമേരിക്കയുടെ സാമ്രാജ്യത്വരീതികള്‍ക്ക് എതിരില്ലാത്ത സ്ഥിതി വന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു യുദ്ധം വേണമോ, വേണ്ടയോ എന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് അമേരിക്കയാണ്. രണ്ടു രാജ്യങ്ങളും തങ്ങളോട് നല്ല ബന്ധത്തില്‍ നിലനില്‍ക്കുക എന്നുള്ളത് അമേരിക്കയുടെ പ്രത്യേക താല്‍പര്യമാണ്. വലിയ യുദ്ധമേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. ഇതിനു കാരണമായി പറയാവുന്നത് ഇന്ത്യയിലും പാക്കിസ്ഥാനിലും ചൈനയിലും ഒക്കെയുള്ള അമേരിക്കയുടെ സൈനിക താല്‍പര്യങ്ങള്‍, വിപണിയിലുള്ള താല്‍പര്യങ്ങള്‍ എന്നിവയാണ്. മധ്യേഷ്യയിലെ അമേരിക്കയുടെ എണ്ണ താല്‍പര്യവും തെക്കനേഷ്യയിലെ വ്യാപാരതാല്‍പര്യവും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഒരു യുദ്ധം അവരുടെ വ്യക്തമായ സാമ്പത്തിക, സൈനിക താല്‍പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ലാഭക്കണ്ണുകള്‍ മാത്രമുള്ള അമേരിക്കന്‍ മുതലാളിത്ത ഭരണകൂടം ഒരിക്കലും ദരിദ്രനാരായണന്മാര്‍ വസിക്കുന്ന ഇന്ത്യയുടെയോ പാക്കിസ്ഥാന്‍റെയോ അഭ്യൂദയകാംക്ഷിയോ സുഹൃത്തോ അല്ല. സമാധാനത്തിന്‍റെ ഭാഷ അവരുടെ നിഘണ്ടുവിലൊട്ടില്ലതാനും. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങളെ പാശ്ചാത്യരാജ്യങ്ങളടക്കം പല രാജ്യങ്ങളും എതിര്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ അമേരിക്കയോട് ശക്തമായ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ അതു വ്യക്തമായി പ്രകടിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ഇന്ത്യയില്‍ ഇത്രയും ശക്തമായ യുദ്ധാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ സമാധാനത്തെക്കുറിച്ചോ, മറിച്ചൊരു നിലപാടിനെക്കുറിച്ചോ ചിന്തിക്കാന്‍ വ്യക്തികളും സമൂഹങ്ങളും മുന്‍പോട്ട് വരുന്നില്ല എന്നുള്ളത് ഒരു ദുഃഖസത്യമാണ്. ചാക്രികമായ അമേരിക്കയുടെ മേധാവിത്വത്തെ തടയാന്‍ ഒരു ജനനേതൃത്വത്തിനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ വില്ലന്മാരായി അവതരിച്ചിരിക്കുന്ന ഭീകരപ്രസ്ഥാനങ്ങള്‍ അമേരിക്കയ്ക്ക് വലിയ ഒരു ഭീഷണിയായി മാറിയിട്ടുണ്ട്.
യുദ്ധം ആഗോളതലത്തിലും നമ്മുടെ നാട്ടിലും ഒരു വലിയ ഭീഷണിയായിരിക്കുന്ന ഈ സാഹചര്യത്തില്‍ വേറിട്ടൊരു ചിന്തയും പ്രവര്‍ത്തനവും അത്യാവശ്യമാണ്. അതെ, മനുഷ്യസമൂഹങ്ങള്‍ പുരോഗമന ആശയങ്ങള്‍ മുറുകെപ്പിടിക്കണം. അത് പൗരന്മാര്‍ നിലനിര്‍ത്തുകയും ചെയ്യണം. എവിടെ പുരോഗമന ആശയങ്ങള്‍ തകരുന്നോ അവിടെ ഭീകരതയുടെയും തീവ്രവാദത്തിന്‍റെയും വേരുകള്‍ പടര്‍ന്നുപിടിക്കുന്നു. മതേതരആശയങ്ങള്‍ തകരുന്നു. അന്യോന്യബന്ധങ്ങളും കൊണ്ടുകൊടുക്കലുകളും ലോകത്തില്‍ സാധ്യമാവണം. ഈ കൊണ്ടുകൊടുക്കല്‍ പ്രത്യേക താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതുമാവാം. അതാണ് ചരിത്രം. പക്ഷേ നാം സുതാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഉള്ളുകൊണ്ട് ഉള്ളറിയുന്ന സുതാര്യത.
ഫാസിസ്റ്റ് ചിന്താഗതി മതേതരആശയങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ഇതു നാം തിരിച്ചറിയണം. നമ്മുടെ ചരിത്രത്തിന്‍റെ തിരസ്കാരമാണ് ഹൈന്ദവതീവ്രവാദവും അതുപോലെ മറ്റു പല മതങ്ങളിലുമുള്ള തീവ്രവാദപ്രവണതകളും. ഭരണകൂടവും തീവ്രവാദപരമാകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രശ്നം. മതേതരമായി ചിന്തിക്കുന്ന ഭരണകര്‍ത്താക്കള്‍ ഇന്നിന്‍റെയാവശ്യമായി വന്നിരിക്കുന്നു. മതത്തിന്‍റെ കണ്ണുകളില്‍ക്കൂടി മാത്രം രാഷ്ട്രീയപ്രശ്നങ്ങള്‍ കണ്ടാല്‍ പ്രശ്നത്തിനു പരിഹാരമുണ്ടാവില്ല. ശക്തമായ രാഷ്ട്രീയ സമരങ്ങളാണ് ഇനി വേണ്ടത്. പ്രത്യയശാസ്ത്രപരമായും തന്ത്രപരമായും നാം തീവ്രദേശീയവാദശക്തികളെ നേരിടേണ്ടതുണ്ട്. സായുധമായ ഒരു തിരിച്ചടിയല്ല നാം ഉദ്ദേശിക്കുന്നത്. മറിച്ച് ബൗദ്ധികതയില്‍ ഉന്നതി പ്രാപിച്ച വിശാലമനസ്കതയും ക്രാന്തദര്‍ശിത്വവുമുള്ള ജനായത്ത സംഘടനകളുടെ ഒരു കൂട്ടായപ്രയത്നമാണ് അനിവാര്യം.