news-details
മറ്റുലേഖനങ്ങൾ

അവസാനത്തെ അതിര്‍ത്തി

അവസാനത്തെ അതിര്‍ത്തി കഴിഞ്ഞു നാം എങ്ങോട്ടുപോകും? അവസാനത്തെ ആകാശം കഴിഞ്ഞാല്‍ പറവകള്‍ എവിടെ ചിറകുവിരിക്കും? മഹ്മൂദ് ഡാര്‍വിഷിന്‍റെ ഈ വരികള്‍ പാലസ്തീനിയന്‍ ജനതയുടെ മര്‍ദ്ദിതാവസ്ഥയിലേയ്ക്കു മാത്രമല്ല വിരല്‍ചൂണ്ടുന്നത്. തങ്ങള്‍ക്കു മുന്നില്‍ മറ്റു പോംവഴികള്‍  ഇല്ലാത്ത ലോകത്തിലെ ഭൂരിപക്ഷത്തിന്‍റെ ഭീതിദമായ അവസ്ഥയിലേക്കു കൂടി ഇതു വെളിച്ചം വീശുന്നുണ്ട്. അവരുടെ സ്വാതന്ത്ര്യം നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ തലയ്ക്കു മുകളില്‍ നീലക്കുട നിവര്‍ത്താന്‍ സ്വാതന്ത്ര്യത്തിന്‍റെ മഹാകാശങ്ങളില്ല. ലോകജനതയെ അവസാനത്തെ അതിര്‍ത്തിയിലേയ്ക്കു തള്ളിമാറ്റിക്കൊണ്ടിരിക്കുന്ന ആധിപത്യഘടനകളെ തിരിച്ചറിയുകയാണവശ്യം.

ജനങ്ങള്‍ക്കു മുമ്പില്‍ ഒരേയൊരു പോംവഴിയായും വിമോചകരായും പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ആധിപത്യ ഘടനകള്‍ ജനങ്ങളുടെ സമ്മതം വാങ്ങുന്നത്. ആഗോളവല്‍ക്കരണത്തിന്‍റെയും വംശീയതയുടെയും മതപുനരുത്ഥാനവാദത്തിന്‍റെയും ആണ്‍കോയ്മയുടെയും വ്യവസ്ഥകള്‍ സംരക്ഷകരുടെ വേഷത്തിലാണ് തങ്ങളുടെ നരനായാട്ടുകള്‍ നിര്‍ബാധം തുടരുന്നത്. വിമോചകരായി പ്രത്യക്ഷപ്പെടാനുള്ള ആധിപത്യങ്ങളുടെ കഴിവാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ അവ്യക്തമാക്കുന്ന മുഖ്യഘടകങ്ങളിലൊന്ന്.

അധിനിവേശത്തിന്‍റെ നാളുകളില്‍ പാശ്ചാത്യരായ കോളനിവാഴ്ചക്കാര്‍ അവകാശപ്പെട്ടത് അവര്‍ ലോകത്തിലെ 'പ്രാകൃത' ഗോത്രങ്ങള്‍ക്കു സംസ്കാരം എത്തിക്കുകയാണെന്നാണ്. കോളനിവാഴ്ചയ്ക്കു വിധേയരായ ജനതകളുടെ അനുഭവം മേല്പറഞ്ഞ അവകാശവാദത്തെ പൊളിച്ചുകളയുന്നതാണ്. ബ്രസീലിലെ യൂറോപ്യന്‍ കുടിയേറ്റത്തിന്‍റെ അഞ്ഞൂറുവര്‍ഷം തികഞ്ഞ രണ്ടായിരാമാണ്ടില്‍ ആദിവാസി ഗോത്രങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന 'സര്‍വൈവല്‍' എന്ന ആഗോളസംഘടന 'ബ്രസീല്‍: പ്രതിരോധത്തിന്‍റെ അഞ്ഞൂറുവര്‍ഷങ്ങള്‍' എന്ന പേരില്‍ പുറത്തിറക്കിയ പ്രചാരണ ലഘുലേഖ ചൂഷണത്തിന്‍റെയും വംശഹത്യയുടെയും ഒരു ചരിത്രം അനാവരണം ചെയ്യുകയുണ്ടായി. "പോര്‍ച്ചുഗീസുകാര്‍ ബ്രസീലില്‍  കാലുകുത്തുമ്പോള്‍ അവിടെ അന്‍പതുലക്ഷം ആദിവാസികളുണ്ടായിരുന്നു. ആക്രമണകാരികള്‍ അഴിച്ചുവിട്ട രോഗത്തിന്‍റെയും അടിമത്തത്തിന്‍റെയും അക്രമത്തിന്‍റെയും ഫലമായി ഇന്ന് ആദിവാസികളുടെ എണ്ണം വെറും 330,000 മാത്രമാണ്. തടിവെട്ടുകാര്‍, കുടിയേറ്റക്കാര്‍, ഖനിയുടമകള്‍, രാഷ്ട്രീയക്കാര്‍, ബിസിനസ്സുകാര്‍  എന്നിവരില്‍നിന്നു കുടിയിറക്കും അക്രമവും നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്നും ബ്രസീലിലെ ആദിവാസികള്‍. കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ലല്ലോ. ആഘോഷങ്ങള്‍ കെട്ടടങ്ങുമ്പോള്‍ ആഗോളവല്‍ക്കരണത്തിനും ഇതുപോലൊരു കഥയാവും പറയാനുണ്ടാവുക. പാശ്ചാത്യ ധനമൂലധനത്തിന്‍റെ അശ്വമേധത്തിനാണല്ലോ ആഗോളവത്കരണം എന്നു പറയുന്നത്. കൂടുതല്‍ വെളുത്തു സുന്ദരമായ മുഖവും ശരീരവടിവും വെണ്മയായ അലക്കും ഹൃദയഹാരിയായ വിനോദവും വാഗ്ദാനം ചെയ്തുകൊണ്ടാണ് ബഹുരാഷ്ട്രകുത്തകകളുടെ ലാഭക്കൊതി ജനങ്ങള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. വെളുപ്പു പോരാ, സൗന്ദര്യം പോരാ എന്നിങ്ങനെയുള്ള അപകര്‍ഷതയില്‍നിന്നും അരക്ഷിതചിന്തയില്‍നിന്നും ജനലക്ഷങ്ങള്‍ക്കു മോചനം നല്കുന്ന രക്ഷകരായിട്ടാണ് ബഹുരാഷ്ട്രകമ്പനികള്‍ അവതരിക്കുന്നത്. കടത്തില്‍ മുങ്ങിയ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന ഉദാരമതിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ആഗോളമൂലധനം അതിന്‍റെ പലിശക്കാരെ കണ്ടെത്തുന്നത്. പലിശ കൊടുക്കാനുള്ള മാര്‍ഗ്ഗവും അവര്‍ ഉപദേശിക്കുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ സേവനമേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങുക. ഉദ്യോഗസ്ഥന്മാരുടെ എണ്ണം കുറയ്ക്കുക. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി സ്വകാര്യമേഖലയിലേയ്ക്കു കടന്നുചെല്ലാന്‍ കഴിവില്ലാത്ത സമൂഹവിഭാഗങ്ങള്‍ എന്തുചെയ്യും? വിഭവങ്ങളുടെ മേല്‍ യാതൊരുവിധ നിയന്ത്രണവും ഇല്ലാത്ത ഇത്തരം സമൂഹവിഭാഗങ്ങളുടെമേല്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍പോലും ഇല്ലായ്മ ചെയ്യുന്ന വിധത്തിലാണ് നമ്മുടെ സര്‍ക്കാരുകളുടെ വികസനസങ്കല്പം വഴിമാറിപ്പോകുന്നത്.

തുറന്ന വിപണിയുടെയും വിവരസാങ്കേതിക വിദ്യയുടെയും കാലം, കൂടുതല്‍ അടഞ്ഞതും നിര്‍ദ്ദയവുമായ വ്യവസ്ഥകളുടെ ശക്തീകരണം വെളിപ്പെടുത്തുന്നതുമാണ്. പൊതുസ്ഥലങ്ങളില്‍പോലും സ്ത്രീകള്‍ അപമാനിതരാകുന്നു. ദളിതര്‍ മര്‍ദ്ദിക്കപ്പെടുന്നു. ആദിവാസികള്‍ കുടിയിറക്കപ്പെടുന്നു. ബുദ്ധഭിക്ഷുക്കള്‍പ്പോലും ജാതി ചോദിക്കുന്നു. അഡോള്‍ഫോഗിലിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു: "വിപ്ലവത്തിന്‍റെ  സാരം അപ്പത്തിനുവേണ്ടിയുള്ള സമരമല്ല, എന്നതാണ്. അതു മനുഷ്യാന്തസിനുവേണ്ടിയുള്ള പോരാട്ടമാണ്."

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts