news-details
സഞ്ചാരിയുടെ നാൾ വഴി

മൗനത്തിന്‍റെ മലമുകളില്‍ മഞ്ഞ്

പണ്ട് ജപ്പാനില്‍ ധനികരും സ്വാര്‍ത്ഥരുമായ ചില വൃദ്ധര്‍ തങ്ങളുടെ യൗവനം നിലനിര്‍ത്താന്‍ ചില ഗൂഢവഴികള്‍ അനുഷ്ഠിച്ചിരുന്നു. കൈക്കുഞ്ഞുങ്ങളെ വിലയ്ക്കെടുത്ത് കിടക്കയില്‍ അവര്‍ക്കു മദ്ധ്യേ അന്തിയുറങ്ങുക. പതുക്കെ പതുക്കെ കുഞ്ഞുങ്ങളുടെ നന്മകളും ഊര്‍ജ്ജവും എല്ലാം വലിച്ചെടുത്ത് അവര്‍ യൗവനത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു വിശ്വാസം. കുഞ്ഞുങ്ങളാകട്ടെ വളരെ വേഗത്തില്‍ വാര്‍ദ്ധക്യത്തിലേക്കു വഴുതിപ്പോകുകയും. ആള്‍ക്കൂട്ടം  സ്വാര്‍ത്ഥരായ ഈ വൃദ്ധരെപ്പോലെയാണ്. അതു നിങ്ങളില്‍നിന്ന് നൈര്‍മ്മല്യവും വിശുദ്ധിയും ഓജസ്സുമെല്ലാം കവര്‍ന്നെടുക്കുക മാത്രമേയുള്ളൂ. നിങ്ങള്‍ക്ക് പകരം അതൊന്നും സമ്മാനിക്കുന്നില്ല. അതുകൊണ്ടാണ് ഒരു വിരുന്നിനുപോയ ശേഷം മടങ്ങിയെത്തിയ നിങ്ങള്‍ ക്ഷീണിതരാവുന്നത്, എല്ലാത്തിനോടും മടുപ്പ് അനുഭവപ്പെടുന്നത്.

ആള്‍ക്കൂട്ടത്തെ നിശ്ചയിക്കുന്നത് എണ്ണമല്ല. ഒരു നിലപാടിന്‍റെ പേരാണത്. അവബോധമില്ലാതെ പോകുന്നവരുടെ കൂട്ടങ്ങളാണ്. അത്താഴം, രതി. നിദ്രയ്ക്കപ്പുറത്ത് ഒന്നും കാണാനിഷ്ടപ്പെടാത്തവരുടെ കളിയരങ്ങുകള്‍. അതില്‍നിന്ന് ഒരു കല്ലേറുദൂരം കാത്തുസൂക്ഷിക്കുകയാണ് പ്രധാനം. അഹന്തയായത് വ്യാഖ്യാനിക്കപ്പെട്ടേക്കാം. യഥാര്‍ത്ഥത്തില്‍ അതൊരു ജാഗ്രതയാണ്. ഒന്നു കുതറി നില്ക്കാനുള്ള ശ്രമം. അത്രയെങ്കിലും കഴിഞ്ഞില്ലെങ്കില്‍ കുറെ കഴിയുമ്പോള്‍ നമുക്കു നമ്മോടുതന്നെ അനിഷ്ടങ്ങള്‍ അനുഭവപ്പെട്ടേക്കും. സൗന്ദര്യമില്ലാതെയും ലഹരിയില്ലാതെയും ജീവിക്കേണ്ടിവരിക. എന്തൊരു ഭാരമാണ്.

ആള്‍ക്കൂട്ടത്തെ ഒരിക്കലും നമുക്ക് ഒഴിവാക്കാനാവില്ല. വാഴ്വില്‍ അതിന്‍റെ ഇടപെടലുകളെ പൂര്‍ണ്ണമായി പ്രതിരോധിക്കാനുമാവില്ല. അതുകൊണ്ടാണ് ചില നേരമെങ്കിലും കുതറിനില്ക്കാനുള്ള ഒരാത്മീയ ഊര്‍ജ്ജം കണ്ടെത്താന്‍ ഒരാള്‍ ശ്രമിക്കേണ്ടത്. പകല്‍ മുഴുവന്‍ ആള്‍ക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച ക്രിസ്തു മലമുകളിലേക്ക് അന്തികളില്‍ മടങ്ങിപ്പോയത് അതുകൊണ്ടാണ്. ഓരോരുത്തരും തങ്ങളുടെ ഗിരിശൃംഗങ്ങളെ കണ്ടെത്തിയേ തീരു. മൗനമായിരിക്കാം അത്തരമൊരു മലമുകള്‍. വിശുദ്ധമായ അനുഭൂതികളുടെ മഞ്ഞ് വീഴുന്ന ഒരു ഗിരികുടീരം.

മൗനത്തെ ഭയക്കുന്ന മനുഷ്യരാണ് നമുക്കു ചുറ്റും. എട്ടുമണിക്കൂര്‍  നീണ്ട ഒരു തീവണ്ടിയാത്രയില്‍ അന്നത്തെ പത്രം ഒരു പതിനാറാവര്‍ത്തി വായിക്കുന്ന കൂട്ടുയാത്രക്കാരന്‍ വെളിപ്പെടുത്തുന്ന സത്യവും മറ്റൊന്നല്ല. സ്വയം അഭിമുഖീകരിക്കാനുള്ള ഭയമാണ് ഇതിനു പിന്നില്‍. കല്ലുവീണ് നിരന്തരം ചുറ്റോളങ്ങള്‍ രൂപപ്പെടുന്ന  തടാകമാണ് പലപ്പോഴും എന്‍റെ മനസ്സ്. അതൊന്നിനെയും സത്യസന്ധമായി പ്രതിബിംബിപ്പിക്കുന്നില്ല. മനസ്സ് ഒരു നിശ്ചലതടാകമായി രൂപപ്പെടുകയാണ് സാന്ദ്രമൗനങ്ങളില്‍. ഞാന്‍ എന്നെത്തന്നെ ഒരു കണ്ണാടിയിലെന്നപോലെ കാണുകയാണ്. ജീവിതകാലം മുഴുവന്‍ ഒത്തിരി പ്രതിഷ്ഠകള്‍ നടത്തിയ ചെമ്പഴന്തിയിലെ ഗുരുവിന്‍റെ അവസാനത്തെ പ്രതിഷ്ഠ ഒരു കണ്ണാടിയായിരുന്നു. നല്ലൊരു ചിന്തയാണ് മൗനം. ഒരു ദര്‍പ്പണ പ്രതിഷ്ഠയുടെ ഭാഗമാണത്.

ഒത്തിരി കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്ന മാര്‍ത്തകളായി  നമ്മള്‍. ഒന്നേ ആവശ്യമുള്ളൂ. ശാന്തമായി ഇരിക്കാനാവൂക എന്ന മറിയത്തിന്‍റെ നിലപാടിലേക്കുള്ള സഞ്ചാരമാണിത്.

സംവേദനത്തിന് വാക്കു കൂടിയേ കഴിയൂ എന്നതാണ് ഏറ്റവും വലിയ അബദ്ധധാരണകളില്‍ ഒന്ന്. പ്രണയമഴകളില്‍ സ്നാനം ചെയ്തു നില്ക്കുന്ന രണ്ടുപേര്‍ക്കിടയിലെ മൗനം വാക്കിനേക്കാള്‍ സുന്ദരവും വാചാലവുമാണെന്ന് ഒരിക്കലെങ്കിലും അറിഞ്ഞ ഒരാള്‍ക്കറിയാം ദൈവത്തിനും എനിക്കുമിടയിലും മൗനമാണ് ഏറ്റവും നല്ല പാലമെന്ന്. അതുകൊണ്ടാവണം ദൈവത്തിനുവേണ്ടി കാത്തുനിന്ന ഒരു പ്രവാചകന്‍ വീശിയടിച്ച കൊടുങ്കാറ്റിലും സര്‍വ്വതും ഉലച്ച ഭൂകമ്പങ്ങളിലും പെയ്തിറങ്ങിയ അഗ്നിജ്വാലകളിലും ദൈവത്തെ കാണാനാവാതെ കാത്തുനില്ക്കുമ്പോള്‍ ഒരു സൗമ്യവാതമായി ദൈവം അവന്‍റെ ഹൃദയത്തെ തൊട്ടത്.

ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായി നില്ക്കുന്ന ഒരാള്‍ക്ക് അധികമൊന്നും അതിനു സമ്മാനിക്കാനില്ല. എന്നാല്‍, ഒരു ചുവട് പിന്നോട്ട് മാറിനിന്നതിന്‍റെ അര്‍ത്ഥം കുറെക്കൂടി സൃഷ്ടിപരമായ ഒരിടപെടലിലൂടെ കാണാന്‍ കഴിയുക. സക്കേവൂസിന്‍റെ കഥ ഓര്‍മ്മിപ്പിക്കുന്നതും അതുതന്നെ. ആള്‍ക്കൂട്ടത്തില്‍നിന്നു മാറി തന്‍റെ ധ്യാനവൃക്ഷച്ചില്ല കണ്ടെത്തിയ ഒരാള്‍ ദൈവവുമായി അത്താഴം പങ്കുവയ്ക്കുന്നു. പിന്നീട് അയാള്‍ പറയുകയാണ് ഞാന്‍ അധാര്‍മ്മികതയില്‍ സമ്പാദിച്ചവയൊക്കെ ഏറെ മടങ്ങുകളായി തിരികെ കൊടുക്കുകയാണെന്ന്. അയാള്‍ അങ്ങനെ വീണ്ടും ആള്‍ക്കൂട്ടത്തിലേക്കു മടങ്ങിയെത്തി. സൃഷ്ടിപരമായി ഇടപെട്ടുകൊണ്ട് മുമ്പോട്ടു ചാടാന്‍ ആയുന്ന ഒരാള്‍ രണ്ടു ചുവട് പുറകോട്ടു നീങ്ങി കുതിക്കുന്നതുപോലെ ലളിതമായ പ്രക്രിയയാണത്.

മൗനത്തിന്‍റെ മലമുകളില്‍ മഞ്ഞുവീഴുന്നുണ്ട് - കൂട്ടുയാത്രക്കാരാ നിനക്കു സ്വാഗതം. 

You can share this post!

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
അടുത്ത രചന

ഉദാരം

ബോബി ജോസ് കട്ടികാട്
Related Posts