news-details
മറ്റുലേഖനങ്ങൾ

കുറച്ചുകൂടി ക്ഷമിക്കുക

ഒരു പാലം പണിയിലാണ് ഞാന്‍. തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും മുഴുവനായിട്ടില്ല. പക്ഷേ, ഏതാണ്ടൊക്കെ ഒക്കുമെന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒത്താലായി, ഇല്ലെങ്കില്‍ മറ്റുള്ളവര്‍ തുടരുക.

സയന്‍സില്‍നിന്നു മതങ്ങളുടെ കാതലിലേക്കുള്ള പാലമാണ് പണിയാന്‍ തുനിയുന്നത്. എന്തിനിതു ചെയ്യുന്നു എന്ന് എനിക്കറിയില്ല. ഒരു നിയോഗമെന്നേ പറയാവൂ.

ആദ്യമായി ചെയ്തത് നിലവിലുണ്ടെന്നു പറയപ്പെടുന്ന തൂക്കുപാലങ്ങള്‍ പരിശോധിക്കുകയാണ്. രണ്ടിടങ്ങളിലാണ് ഈ നൂല്‍പ്പാലങ്ങള്‍ ഉള്ളത്. ഒന്ന് ബയോളജിയുടെ ഭൂമികയില്‍ നിന്ന്, ഡാര്‍വിന്‍ മുതല്‍ സെല്‍ ബയോളജിസ്റ്റുകള്‍വരെ ഇതിനു പിന്നിലുണ്ട്. അവസാനമായി ജെറോം പദ്ധതിയുടെ ആള്‍ക്കാരുമുണ്ട്. ജീവന്‍റെ രഹസ്യം കണ്ടുപിടിച്ചു കഴിഞ്ഞു എന്ന അവകാശവാദത്തിലാണ് ഈ നൂല്‍പ്പാലം വലിച്ചുകെട്ടിയിരിക്കുന്നത്. രണ്ടാമതൊന്നു നോക്കിയാല്‍ പക്ഷേ പാലം യഥാര്‍ത്ഥത്തില്‍ ഇല്ല. അതിന്‍റെ കടലാസു ചിത്രമേ ഉള്ളൂ. ഒരു കൊതുകിന്‍റെ എല്ലാ ജീനുകളും ക്രമം തെറ്റാതെ കൊടുത്താലും ഒരു സയന്‍റിസ്റ്റിനാവില്ല, മൂളിപ്പറക്കുന്ന, മൂളതെയെങ്കിലും പറക്കുന്ന ഒരു കൊതുകിനെ ഉണ്ടാക്കാന്‍.

ഫീനിക്സിന്‍റെ ഭൂമികയില്‍നിന്നാണ് രണ്ടാമത്തെ നൂല്‍പ്പാലം ചിത്രീകരിക്കപ്പെടുന്നത്. റിലേറ്റിവിറ്റി തിയറി, പാര്‍ട്ടിക്കല്‍ ഫിസിക്സ്, ക്വാന്‍റം തിയറി അവസാനം സ്റ്റിംങ് തിയറി എന്നിവയാണ് പാലത്തിലെ നൂലിഴകള്‍. തമ്മില്‍ പൊരുത്തപ്പെടാത്ത ഇഴകളാണ് ഇവയൊക്കെ. ഒരു കളത്തില്‍ നില്‍ക്കില്ല. സ്റ്റിംങ് തിയറിയില്‍ ഒരു 'ചരട്' ഉണ്ടെങ്കിലും അത് ഏതുമുതല്‍ ഏതുവരെ എന്നുപോലും ആര്‍ക്കും തിട്ടവുമില്ല.

നൂല്‍പ്പാലത്തിന്‍റെ ഉറപ്പുകുറവിനു പരിഹാരമായി കാപ്രയേപ്പോലുള്ളവര്‍ നിര്‍ദ്ദേശിക്കുന്നത്, അപ്പൂപ്പന്‍ താടി മാത്രം അതിലൂടെ കടത്തിയാല്‍ മതി എന്നാണ്. എതാവോ ബുദ്ധിസം, ശിവതാണ്ഡവം എന്നിത്യാദി (ഗുളികപ്രായത്തിലുള്ള) സംഗതികള്‍ മാത്രം പാലമൊന്നും ഇല്ലെങ്കിലും കാറ്റില്‍ പറന്നു പോന്നുകൊള്ളാവുന്ന ഉരുപ്പടികളാണല്ലോ ഇവ.

ഇത്തരം അഭ്യാസങ്ങള്‍ കൊണ്ടുണ്ടാകുന്ന രണ്ടു  അപകടങ്ങള്‍ ആദ്യമേ എന്‍റെ ശ്രദ്ധയില്‍പെട്ടു. ഇതില്‍ പ്രധാനമായത് ഇതുകൊണ്ട് സയന്‍സിന് വന്നുചേരുന്ന മുനയൊടിവാണ്. അറിയാനുള്ളതെല്ലാം അറിഞ്ഞുകഴിഞ്ഞു. മനുഷ്യന്‍റെ അറിവ് പൂര്‍ണമായി, പ്രവാചകരുടെ കാഴ്ചപ്പാടില്‍ നമ്മളൊക്കെ എത്തി എന്നിങ്ങനെയുള്ള മിഥ്യാധാരണകള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുന്നു. ആലോചനാവിഷയം ബാക്കിയില്ല എന്ന ഉദാസീനതയും നേട്ടങ്ങളെപ്പറ്റി അളവില്‍ കവിഞ്ഞ അഭിമാനലഹരിയും ഫലം. രണ്ടിനും ഗുരുതരമായ ഹാങ്ങോവറുമുണ്ട്.

രണ്ടാമത്തെ അപകടം പ്രതികൂലമായി ബാധിക്കുന്നത് മതങ്ങളെയാണ്. ഈ ബാധ രണ്ടുതരത്തിലുണ്ട്. ഇനിയും ശരിയായി വെന്തിട്ടില്ലാത്ത ഉരുപ്പടികള്‍ ഭക്ഷിക്കാന്‍ മതങ്ങള്‍ മുതിരുന്നതോടെ പല്ലു പോകുന്നു. മതങ്ങളുടെ അടിസ്ഥാനവെളിപാടുകളെ നിലവിലുള്ള അപക്വാശയങ്ങളുമായി ബന്ധിപ്പിക്കാന്‍വേണ്ടി വളച്ചൊടിക്കുന്നത് കുറച്ചെങ്കിലും പതിവായിരിക്കുന്നു. ഒടിഞ്ഞുപോകാതിരുന്നാല്‍ വളയ്ക്കുന്നവര്‍ക്കു നല്ലത്. ബോധയുടെ രണ്ടാം മുഖം മതവികാരങ്ങള്‍ ഉണര്‍ത്തി സംഘടനകളുണ്ടാക്കി കാര്യം കാണാന്‍ തുനിയുന്ന തിരമാലകളുടെ കളികളാണ്. 'ഇതൊക്കെ പണ്ടേയറിയാവുന്ന കാര്യങ്ങളാണ്' എന്ന പൊള്ളച്ചിരിയിലേക്ക് നയിക്കുന്ന അതിലഘൂകരണങ്ങള്‍ ഇവരുടെ സ്വാര്‍ത്ഥലാഭത്തിന്  കുറച്ചൊന്നുമല്ല സഹായിക്കുന്നത്.

പാലം ഇനിയും തയ്യാറാക്കാന്‍ പറ്റുന്നില്ല എന്നു തുറന്നുപറയുന്നതാവും ശരിയും ഭംഗിയും. സയന്‍സിന്‍റെയും മതങ്ങളുടെയും രീതിശാസ്ത്രങ്ങള്‍ തമ്മിലുള്ള ഭിന്നത കണക്കിലെടുക്കാതെ എങ്ങനെ താരതമ്യം ചെയ്യാന്‍? സയന്‍സ് പ്രകൃതിയുടെ കാര്യകാണങ്ങള്‍ ആരായുന്നു. കണ്ടുകിട്ടുന്നവ പരീക്ഷിച്ചുനോക്കി അടുക്കിവെക്കുന്നു. മതങ്ങളാകട്ടെ വെളിപാടുകളില്‍ നില്‍ക്കുന്നു. അറിവു മാത്രമേ ഈ വെളിപാടുകള്‍ക്കുള്ളൂ. തെളിവില്ല. പിന്നില്‍ സൂര്യന്‍ ഉദിക്കുന്നതുപോലെ. ഉദിച്ചതിനു തെളിവില്ല. കാണാന്‍ കണ്ണും അനുഭവിക്കാന്‍ മറ്റിന്ദ്രിയങ്ങളും ഇല്ലെങ്കില്‍ ഇതില്ലാത്തവര്‍ക്കു സൂര്യന്‍ ഉദിച്ചിട്ടില്ല. പക്ഷേ അവര്‍ സൂര്യന്‍റെ ഉദയം തെളിയിച്ചതായി അവകാശപ്പെടുന്നു.

അല്പംകൂടി ക്ഷമിക്കുകയാണ് വിവേകം എന്നു തോന്നുന്നു. സയന്‍സിന് ഒരു കൂമ്പുകൂടി വിരിയട്ടെ. അതുവരെ മതങ്ങളിലെ വെളിപാടുകളെ വളച്ചൊടിക്കാതെയും അതിലഘൂകരണത്തിനു വിധേയമാക്കി ചീത്തയാക്കാതെയും കാത്തുസൂക്ഷിക്കാം. മനുഷ്യന്‍റെ അറിവ് സമഗ്രമായിത്തീരുന്ന ഒരു കാലം തീര്‍ച്ചയായും വരും. അറിവ് ആയുധമായി മാറാന്‍ ഇടയില്ലാത്ത ഒരു  കാലത്തേ വെളിപാടുകളുടെ സാരം നമുക്കു മനസ്സിലാക്കാനാവൂ എന്നതില്‍ എന്തുണ്ട് സംശയത്തിനവകാശം?

You can share this post!

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സിഎംഐ
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts