മനുഷ്യന്‍റെ അതിജീവനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഒന്നാണ് കഥകള്‍. വേട്ടയാടല്‍ വിദ്യകള്‍, ഋതുഭേദങ്ങള്‍ തുടങ്ങി അതിജീവനത്തെ കുറിച്ചുള്ള അറിവ് പങ്കിടാന്‍ ആദ്യകാല മനുഷ്യര്‍ കഥകള്‍ ഉപയോഗിച്ചു. ഈ ശീലം മനുഷ്യനൊപ്പം പരിണമിച്ച് ഇന്ന് സിനിമയില്‍ എത്തിനില്‍ക്കുന്നു. ഇന്ന് കഥകള്‍ പറയാന്‍ മാത്രമല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഒരു നിമിഷത്തില്‍ മാറിമറിയുന്ന ഇരുപത്തിനാല് ഫ്രെയിമില്‍ തുടങ്ങുന്ന എന്തിനെയും നമുക്ക് സിനിമ എന്നു വിളിക്കാം.
സിനിമകളെ പല തരത്തില്‍ ഇനം തിരിക്കാമെങ്കിലും സ്തോഭജനകമായ (ത്രില്ലര്‍) സിനിമകള്‍ക്ക് കാഴ്ചക്കാര്‍ കൂടുതല്‍ ഉണ്ട്. സ്തോഭം ജനിപ്പിക്കുന്നത് ഒരു നിഗൂഢതയാണെങ്കില്‍ ആ സിനിമയിലേക്ക് കാണികള്‍ വീണ്ടും വീണ്ടും വീണുകൊണ്ടേ ഇരിക്കും. അത്തരത്തില്‍ ഓരോ കാഴ്ചയും നവ്യാനുഭവമായി മാറിയ സിനിമകളിലൊരെണ്ണമാണ് 2010 ല്‍ റിലീസ് ചെയ്ത 'സൈക്കോളജിക്കല്‍ ത്രില്ലര്‍' ആയ 'ബ്ലാക്ക് സ്വാന്‍'.
ഒരു രാജകുമാരി ഒരു മന്ത്രവാദിയാല്‍ ശപിക്കപ്പെട്ട് വെളുത്ത ഹംസമായി മാറുന്നു. രാത്രികാലങ്ങളില്‍ അവള്‍ക്ക് മനുഷ്യരൂപം തിരിച്ചുകിട്ടും. പ്രാണനുതുല്യമായ ഒരു പ്രണയം വാഗ്ദാനം ചെയ്യുന്നവനു മാത്രമേ രാജകുമാരിയെ ശാപത്തില്‍നിന്നു മോചിപ്പിക്കാന്‍ പറ്റൂ. ഒരിക്കല്‍ ഒരു രാജകുമാരന്‍ അവളെ കണ്ടുമുട്ടുകയും മരണം വരേക്കുമുള്ള പ്രണയം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. വിവരമറിഞ്ഞ മന്ത്രവാദി സ്വന്തം മകളെ രാജകുമാരനെ വശീകരിക്കുവാന്‍ നിയോഗിച്ചു. അവളുമായി രാജകുമാരന്‍ പ്രണയത്തിലാകുന്നു. ഹൃദയം തകര്‍ന്ന രാജകുമാരി സ്വയം ജീവിതം അവസാനിപ്പി ക്കുന്നു.
പറഞ്ഞുപഴകിയ ഒരു റഷ്യന്‍ ബാലേക്കഥയാണിത്. ഈ കഥയാണ് ഈ സിനിമയ്ക്കുള്ളിലെ ബാലെയുടെ കഥ. ബാലെയോടൊപ്പം അതിലെ നര്‍ത്തകിയുടെ ജീവിതവും കൂടെ കൂടുന്നതാണ് ഈ സിനിമ. സംവിധായകന്‍ ഡാറന്‍ അര്‍നോസ്ഫ്കി ബാലെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബാലെയില്‍നിന്നും വിഭിന്നമായി സിനിമയില്‍ രണ്ട് അഭിനേതാക്കള്‍ക്ക് പകരം രണ്ടുവേഷവും ഒരാള്‍ അവതരിപ്പിച്ചു. ഒപ്പം രാജകുമാരിയായി അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന കഥാപാത്രത്തെ ഒരു ചിത്തഭ്രമരോഗികൂടിയാക്കി. 'ഡയറക്ടര്‍ ബ്രില്യന്‍സ്' എന്നൊക്കെ വിളിക്കപ്പെടുന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഈ മാറ്റങ്ങള്‍. ഒരേ സമയം രണ്ട് ധ്രുവങ്ങളില്‍ നില്ക്കുന്ന വേഷങ്ങളും കാഴ്ചവെക്കണം അതോടൊപ്പം മാനസിക വിഭ്രാന്തിയുടെ വിക്ഷോഭങ്ങളും പ്രദര്‍ശിപ്പിക്കണം. നീന സയേഴ്സ് (നതാലി പോര്‍ട്ട്മാന്‍) എന്ന നര്‍ത്ത കിയെ ഇരട്ടവേഷത്തില്‍ അഭിനയിക്കാന്‍ തോമസ് ലിറോയ് (വിന്‍സെന്‍റ് കാസ്സെല്‍) എന്ന നൃത്താദ്ധ്യാപകന്‍ തിരഞ്ഞെടുക്കുന്നത് മുതലാണ് സിനിമ വികസിക്കുന്നത്.
അമ്മയുടെ തണലില്‍ അനുസരണയുള്ള മകളായി കഴിയുന്ന ശാന്തസ്വഭാവക്കാരിയായ നീനക്ക് നിഷ്കളങ്കതയും നന്മയും നിറഞ്ഞ വെളുത്ത ഹംസത്തെ അവതരിപ്പിക്കാന്‍ അനായാസമായിക്കഴിഞ്ഞു. എന്നാല്‍ വശീകരണം, ചതി തുടങ്ങിയ സ്വഭാവങ്ങളുള്ള കറുത്ത ഹംസത്തെ അവതരിപ്പിക്കുന്നതില്‍ അവളുടെ കഴിവിനെ അദ്ധ്യാപകന്‍ തോമസ് ലിറോയ് സംശയിക്കുന്നു. താന്‍ ഈ വേഷത്തിന് യോഗ്യയാണെന്ന് തെളിയിക്കാനുള്ള പോരാട്ടവും അതിന്‍റെ സമ്മര്‍ദ്ദവും അവളില്‍ ഉറങ്ങിക്കിടന്നിരുന്ന ചിത്തഭ്രമരോഗിയെ കൂടുതല്‍ ശക്തയാക്കി. അപൂര്‍ണ്ണമായ ഭാവങ്ങളുടെ പേരില്‍ അദ്ധ്യാപകന്‍ അവളെ നിരന്തരം ശകാരിച്ചുകൊണ്ടിരുന്നു. പൂര്‍ണ്ണതയിലേക്കെത്താന്‍ അവള്‍ കഠിനപ്രയത്നംചെയ്തു. ഈ കഠിനാദ്ധ്വാനവും അതിന്‍റെ ശാരീരിക മാനസിക സമ്മര്‍ദ്ദവും അവളെ കൂടുതല്‍ പ്രക്ഷുബ്ധയാക്കിക്കൊണ്ടിരുന്നു.
അവളുടെ സഹനര്‍ത്തകിയായ ലില്ലി (മിലാ കുനിസ്)യുടെ നൃത്തത്തിന് കറുത്ത ഹംസത്തിനാവശ്യമായ വശ്യതയും ചതിയും അനായാസമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ നീന കൂടുതല്‍ അരക്ഷിതാവസ്ഥയിലായി. മതിഭ്രമത്താല്‍ അവളുടെ യാഥാര്‍ത്ഥ്യബോധം കൂടുതല്‍ വേഗത്തിലും ആഴത്തിലും നശിക്കാന്‍ തുടങ്ങി. കഠിനാദ്ധ്വാനം ശാരീരികമായി ബാധിച്ചപ്പോള്‍ മാനസിക സമ്മര്‍ദ്ദം അവളിലെ ചിത്തഭ്രമരോഗിയെ കൂടുതല്‍ ശക്തയാക്കി. അവളുടെ അദ്ധ്യാപകന്‍ ആവശ്യപ്പെട്ടതുപോലെ ആത്മനിയന്ത്രണത്തില്‍ നിന്നും വെളിയില്‍വന്ന് എല്ലാം മറന്നൊരു നൃത്തം അപ്പോളും കൈയെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തായിരുന്നു അവള്‍ക്ക്. സ്വയംബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവളുടെ ആത്മനിയന്ത്രണം ഒരു വൈരുദ്ധ്യമായി തോന്നാമെങ്കിലും സിനിമയില്‍ അത് യാതൊരു കല്ലുകടിയും തോന്നാത്ത വിധത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
അവളിലെ ചിത്തഭ്രമരോഗിയോ, കഠിനാദ്ധ്വാനമോ ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകള്‍ മറയ്ക്കാന്‍ സ്വകാര്യജീവിതത്തിലേക്കുള്ള അമ്മ എറിക്കാ സെയേഴ്സിന്‍റെ (ബാര്‍ബറാ ഹെര്‍ഷേ) കടന്നുകയറ്റം സാവധാനത്തില്‍ അവള്‍ നിരസിച്ചു തുടങ്ങുന്നു. തന്‍റെ മകള്‍ ഒരു മാനസിക വിഭ്രാന്തി അനുഭവിക്കുന്ന കുട്ടിയാണെന്ന് മനസ്സിലാക്കാതെ വീണ്ടും വീണ്ടും എറിക്കാ നീനയിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഒടുവില്‍ ഒരു രാത്രി അവള്‍ അമ്മയോട് വഴക്കിട്ട് ലില്ലിയുമൊത്ത് വീടുവിട്ടിറങ്ങി. അന്നോളം നുകരാത്ത അനുഭൂതികള്‍ ലില്ലി അവള്‍ക്ക് കാണിച്ചുകൊടുത്തു. മദ്യവും, മയക്കു മരുന്നും, രതിയും അവളെ ഉന്മത്തയാക്കി.
പിറ്റേന്ന് നേരം പുലര്‍ന്നു. തലേരാത്രിയിലെ ക്ഷീണത്താല്‍ എഴുന്നേല്ക്കാന്‍ വൈകി. കൂടാതെ തലേന്ന് എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണ്ണമായി മനസ്സിലാകാതെ അവള്‍ കുഴഞ്ഞു. ഓടിക്കിതച്ച് തിയേറ്ററിലെത്തിയ അവള്‍ കാണുന്നത് തന്‍റെ വേഷത്തില്‍ പരിശീലനം ചെയ്യുന്ന ലില്ലിയെയാണ്. മനസ്സ് തകര്‍ന്നുപോയ നീനയെ അദ്ധ്യാപകന്‍ സമാധാനിപ്പിച്ചു. അവളുടെ വേഷം തിരികെ കൊടുത്തു. പക്ഷേ നീനയെ സംബന്ധിച്ച് അവള്‍ പുതിയൊരു ശത്രുവിനെ കണ്ടെത്തുകയായിരുന്നു.
ഒടുവില്‍ ആ ദിവസം വന്നു. ബാലേയുടെ ആദ്യ ഷോ. സിനിമയുടെ അവസാനഭാഗം. സമ്മര്‍ദ്ദവും വിഭ്രാന്തികളും അവളെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അഹംബോധത്തെ വരുതിക്കു നിറുത്താന്‍ അവള്‍ നന്നേ ക്ലേശിച്ചു. ബാലേ ആരംഭിച്ചു. വെള്ള ഹംസമായി നീന വേദിയില്‍ പ്രത്യക്ഷപ്പെട്ടു. അതുവരെ സ്വരുക്കൂട്ടിയ ശക്തി ക്ഷിയിച്ചുവരുന്നത് അവള്‍ തിരിച്ചറിഞ്ഞു. കൂടാതെ അവതരണത്തില്‍ ഉടനീളം ലില്ലി, നീനയെപ്രകോപിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് ഇനി ലില്ലി ഇല്ലാതാകണം. അവളിലെ ചിത്തഭ്രമരോഗി തീരുമാനമെടുത്തു. അതിഭീകരമാംവണ്ണം വിഭ്രാന്തി അവളെ വരിഞ്ഞുമുറുക്കി. ബാലേയുടെ ഇടവേളയില്‍ മേക്കപ്പ് മുറിയില്‍ വച്ച് പൊട്ടിയ ചില്ലുകഷണം ലില്ലിയുടെ വയറ്റിലേക്കവള്‍ കുത്തിയിറക്കി.
പിന്നീട് വേദിയില്‍ എത്തിയ നീനയില്‍ നമ്മള്‍ കാണുന്നത് അവള്‍ ആഗ്രഹിച്ച ആ പൂര്‍ണ്ണതയിലേക്കുള്ള അവളുടെ കുതിച്ചു ചാട്ടത്തെയാണ്. അവളിലെ ഭ്രമാത്മകതകള്‍തന്നെ ഉപയോഗിച്ചുകൊണ്ട് മരണച്ചുഴിയിലില്‍നിന്നെന്ന പോലെ നീന ഉയിര്‍ത്തു. കറുത്ത ഹംസമായി അവള്‍ വേദിയിലെത്തി അവിടെ ആര്‍ത്തലച്ച് പെയ്തിറങ്ങി. സന്തോഷവതിയായി ഇടവേളയിലേക്ക് പോയ അവള്‍ ആ സത്യം തിരിച്ചറിഞ്ഞു. താന്‍ ചില്ലു കഷ്ണം കുത്തിയിറക്കിയത് തന്‍റെ തന്നെ ശരീര ത്തിലേയ്ക്കാണെന്ന്. ചിത്തഭ്രമത്തിന്റെ മൂർധന്യതയിൽ ചെയ്തുപോയ ഈ തെറ്റ് ഇനി അവസാനിക്കുക മരണത്തിൽ ആയിരിക്കും. എല്ലാം കൈവിട്ടുപോകുന്നത് നോക്കിനില്ക്കാനേ അന്നേരം അവള്‍ക്കാവുമായിരുന്നുള്ളു.
ബാലെ അവസാന നിമിഷത്തിലേക്കടുത്തു. ഇനി ആ വെള്ള ഹംസത്തിന് ഒന്നേ ചെയ്യാന്‍ ആകുമായിരുന്നുള്ളു. സ്വയം ഇല്ലാതാകണം. അതാണ് കഥ. അത് തന്നെ ആണ് യാഥാര്‍ഥ്യവും. തനിക്ക് നഷ്ടപ്പെട്ടുപോയ ആ സ്വയംബോധത്തില്‍ നിന്നും ഒരു നിമിഷത്തിലേക്കവള്‍ തിരികെ വന്നു. എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു അഭിനയ മുഹൂര്‍ത്തം കാഴ്ചവെച്ച് തോമസിനെയും കാണികളേയും അവര്‍ക്കൊപ്പം സിനിമ കാണുന്ന കാഴ്ചക്കാരേയും അമ്പരപ്പിച്ചുകൊണ്ട് ഏവരുടെയും മനസ്സില്‍ ആഴത്തില്‍ മുറിവേല്പ്പിച്ച് നീന വേദിയില്‍നിന്നും എന്നന്നേക്കുമായി വിടവാങ്ങി.
ഏതൊരു സിനിമപോലെയും തിരക്കഥയും, സംവിധാനവും തന്നെയാണ് ഈ സിനിമയുടെയും അടിത്തറ. ആന്ദ്രെസ് ഹയ്ന്സിന്‍റെ കഥയെ അടിസ്ഥാനമാക്കി മാര്‍ക്ക് ഹെയ്മാന്, ആന്ദ്രെസ് ഹയ്ന്സ്, ജോണ്‍ മക്ലാഫ്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഭയമുണ്ടാക്കുന്ന 'സൈക്കോളജിക്കല്‍ ത്രില്ലര്‍' സിനിമകള്‍ കണ്ടുശീലിച്ചവര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും ഈ അരയന്നത്തിന്‍റെ കഥ. മെറ്റഫറുകള്‍കൊണ്ട് നാല്‍വര്‍സംഘം ആറാടിയെന്നുതന്നെ പറയാം. ഇടുങ്ങിയ മുറികള്‍, ഇരുണ്ട ഇടങ്ങള്‍, ശരീരത്തിലെ മുറിവുകള്‍, അരയന്നത്തിന്‍റെതുപോലെ ആകപ്പെട്ടകാല്‍ വിരലുകള്‍ എല്ലാത്തിലും ഉപരിദര്‍പ്പണത്തിലെ പ്രതിബംബങ്ങള്‍ തുടങ്ങിയവകൊണ്ട് നീനയുടെ മാനസികവ്യാപാരങ്ങള്‍ സംവിധായകന്‍ കാണികള്‍ക്ക് വ്യക്തമായി കാണിച്ചുകൊടുത്തു. ഒരു നേര്‍ത്ത താളത്തില്‍ പറഞ്ഞു തുടങ്ങിയ നീനയുടെ കഥ ക്രമേണ പിരിമുറുക്കം കൂടിക്കൂടി അവസാന ഭാഗത്ത് അങ്ങേയറ്റം പ്രക്ഷുബ്ധമാകുന്നു.
ഇതിലെ നൃത്തം കേവലം ബാലെ ഡാന്‍സിനപ്പുറം സിനിമയുടെ ആത്മാവാണ്. വേദിയില്‍ ക്ലിന്‍റ് മാന്‍സെലിന്‍റെ സംഗീത പശ്ചാത്തലത്തില്‍ അരയന്നങ്ങള്‍ നൃത്തംവെച്ചത് ബെഞ്ചമിന്‍ മില്ലെപ്പിഡിന്‍റെ സംവിധാനത്തിലായിരുന്നു. യഥാര്‍ത്ഥ ബാലേയ്ക്ക് വേണ്ടി ചൈക്കോവ്സ്കി ചെയ്ത സംഗീതം, സിനിമയക്ക് ചേരുംവിധം പുനഃസൃഷ്ടിക്കുകയാണ് ക്ലിന്‍റ് ചെയ്തത്. വെളുത്ത അരയന്നത്തില്‍ നിന്ന് കറുത്ത അരയന്നത്തിലേക്കുള്ള മാറ്റം നൃത്തസംവിധായകന്‍റെയും സംഗീത സംവിധായകന്‍റെയും പ്രധാന വെല്ലുവിളികളില്‍ ഒന്നായിരുന്നു. നീനയോടൊപ്പം കാഴ്ചക്കാരനിലെ പിരിമുറുക്കവും സന്ദേഹവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരുവരും വിജയിച്ചു.
സിനിമയിലെ അവസാനത്തെ നൃത്തം ബെഞ്ചമിന്‍റെ മികച്ച കലാസൃഷ്ടികളില്‍ ഒന്നാണെന്ന് നിസ്സംശയം പറയാം. ഇതെല്ലാം ഒളിഞ്ഞിരുന്നു ഒപ്പിയെടുത്തപോലെ ഛായാഗ്രാഹകന്‍ മാത്യു ലിബാറ്റി. ഛായാഗ്രഹണം സിനിമയെ തെല്ലും അലോസരപ്പെടുത്താതെ പ്രമേയത്തിലൂടെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്നു. ക്ലോസ് ഷോട്ടുകള്‍ മുഴച്ചുനിന്നതിനാല്‍ കാഴ്ചക്കാരന് നീനയുടെ ആഘാതങ്ങള്‍ അതേപടി അനുഭവിക്കേണ്ടിവന്നു. നമ്മള്‍പാലും അറിയാതെ നമ്മളെ ഭ്രമാത്മകലോക ത്തെത്തിക്കുന്ന ലിബാറ്റിമാജിക്. അവസാന ഭാഗത്ത് പൂര്‍ണ്ണതയിലേക്കവള്‍ നടന്നുകയറുമ്പോള്‍ ഛായാഗ്രഹണവും, സംഗീതവും, നൃത്തവും ചേര്‍ന്നുള്ള ദൃശ്യ, ശ്രവ്യ സംഗമം കഴ്ചക്കാരന് കാട്ടിത്തരുന്നത് ഒന്നുമാത്രം 'കലയും ഭ്രാന്തും ഇഴചേര്‍ന്നുന്മാദിയായൊരുവളെ'.
മേല്പ്പറഞ്ഞവരെക്കൂടാതെ മറ്റൊരാളുടെകൂടെ കഠിനാദ്ധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റേയും വിലയാണ് 'ബ്ലാക്ക് സ്വാന്‍'. നീനാ സയേഴ്സിനു ജീവനേകിയ നതാലി പോര്‍ട്ട്മാന്‍ (natalie portman). സിനിമക്കുള്ളിലാണ് ഈ ബാലെ നടക്കുന്നത്. ഒരേ സമയം ബാലേ നര്‍ത്തകിയും സിനിമ അഭിനേത്രിയും ആകണം. ബാലെ നര്‍ത്തകിയാകാന്‍ ഒരു വര്‍ഷക്കാലം നതാലി ചെലവഴിച്ചു. ദിവസവും അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീളുന്ന പരിശീലനം. ശരീരഭാരം നന്നേകുറച്ചു. കൂടാതെ പഠനത്തിനിടക്ക് വാരിയെല്ലിനേറ്റ പരിക്ക് മറ്റൊരു വെല്ലുവിളിയായിരുന്നു. പൂര്‍ണ്ണമായും മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാനാകില്ല എങ്കിലും പോര്‍ട്ട്മാന്‍, റോളില്‍ ഏറെക്കുറേ മുഴുകി തന്നെ ജിവിക്കാന്‍ ശ്രമിച്ചു. എല്ലാ ത്യാഗങ്ങളുടേയും അംഗീകാരം സിനിമ റിലീസ് ചെയ്ത് എണ്‍പത്തിയാറാം ദിനം അവരെത്തേടി എത്തുക തന്നെ ചെയ്തു. ആന്‍റ് ദി ഓസ്കര്‍ ഗോസ് ടു എന്നുള്ള ആ പ്രശസ്ത വാക്യം നതാലി പോര്‍ട്ട്മാന്‍ എന്ന പേരില്‍ അവസാനിച്ചു. കൂടാതെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് അവാര്‍ഡ് (SAG), ബാഫ്റ്റ അവാര്‍ഡ്, ക്രിട്ടിക്സ് ചോയ്സ് മൂവി അവാര്‍ഡ് ഉള്‍പ്പെടെ വലുതും ചെറുതുമായ ഇരുപ ത്തേഴോളം അവാര്‍ഡുകള്‍ അവള്‍ വാരിക്കൂട്ടി.
ഒരുമണിക്കൂര്‍ നാല്പ്പത്തിയെട്ട് മിനിട്ടില്‍ അത്യന്തം ഉദ്വേഗഭരിതമായ ഒരു 'സൈക്കോള ജിക്കല്‍ ത്രില്ലര്‍'. ഇതുവരെ കാണാത്തവര്‍ക്ക് ഇത്രയും വിവരങ്ങളറിഞ്ഞാലും കണ്ടിരിക്കാന്‍ തോന്നിപ്പിക്കുന്ന സിനിമ. വാനോളം ആഘോഷിക്കപ്പെടുമ്പോഴും വെളുപ്പും കറുപ്പും യഥാക്രമം നന്മയുടേയും തിന്മയുടേയും പ്രതീകമായത് പരക്കെ വിമര്‍ശനം വിളിച്ചുവരുത്തി. അത് മാറ്റിവച്ചാല്‍ 'ബ്ലാക്ക് സ്വാന്‍' എക്കാലത്തേയും ഒരു മികച്ച ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും.