"ഭൂമിക്കു കണ്ണുകളില്ല. ഒരു പൂവിന്‍റെ കണ്ണിലൂടെ, ഒരു പുഴുവിന്‍റെ കണ്ണിലൂടെ ഭൂമി ലോകത്തെ നോക്കുകയാണ്. ഭൂമി അതിന്‍റെ ആയിരം ഒച്ചകളിലൂടെ ഈശ്വരനെ വാഴ്ത്തുന്നു..." സാമുവല്‍ ടെയിലര്‍ കോളറിഡ്ജ്.
റാബിബുനാം ഒരു പുലരിയില്‍ തന്‍റെ ശിഷ്യന്മാരുടെ കൂടെ ശാന്തമായൊരു ഗ്രാമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഏറെ നടന്നപ്പോള്‍ അദ്ദേഹം കുനിഞ്ഞ് ഒരു പിടി നനഞ്ഞ മണ്ണുവാരി അതിന്‍റെ നേരെ പ്രേമപൂര്‍വ്വം ഒന്നുനോക്കി. അനന്തരം അത് എടുത്ത അതേസ്ഥാനത്തുതന്നെ വയ്ക്കുകയും ചെയ്തു. ഗൂഢമായ ഒരു മഹാരഹസ്യം തിരിച്ചറിഞ്ഞതിന്‍റെ നിര്‍വൃതി ആ കണ്ണുകളില്‍ ഓളം വെട്ടി. ശിഷ്യന്മാര്‍ക്ക് ഒന്നും മനസ്സിലായില്ല.
റാബി ബുനാം സൗമ്യമധുരമായി ആകാശത്തേക്ക് തലയുയര്‍ത്തി. പ്രാര്‍ത്ഥിക്കുന്ന സ്വരത്തില്‍ അദ്ദേഹം ഇപ്രകാരം മന്ത്രിച്ചു: "ഈ ഒരു പിടി മണ്ണ് ഈ പ്രത്യേകമായ സ്ഥലത്ത് തന്നെ ഇരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് നാം ഒരിക്കലും അറിയുന്നില്ല."
ഇതു മറന്നുപോയ ഒരു മനുഷ്യരാശിയാണ് ഭൂമിയെ, ഒരിക്കല്‍ സ്വര്‍ഗ്ഗമായിരുന്ന ഭൂമിയെ ഇന്നിക്കാണുന്ന രൂപത്തില്‍ നരകമാക്കിയത്; ഭൂമിയിലെ മുഴുവന്‍ പുഴകളെയും മലിനമാക്കിയത്.
ഇത് ഹൃദയംകൊണ്ടറിഞ്ഞ ഏകാകിയായ ഒരു മനുഷ്യന്‍, ജെ. കൃഷ്ണമൂര്‍ത്തി എഴുതുന്നു: "നിങ്ങളിലാരെങ്കിലും വെളുപ്പിന് സൂര്യവെളിച്ചം ജലതരംഗങ്ങളില്‍ പ്രതിഫലിക്കുന്നത് നിരീക്ഷിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പ്രകാശം എത്ര അസാധാരണമാം വിധം മൃദുലമാകുന്നുവെന്നും ഇരുണ്ട ജലപ്രവാഹം എത്ര അതുല്യമായി നൃത്തം ചെയ്യുന്നുവെന്നും ആകാശത്തുള്ള ഒരേയൊരു പ്രഭാതതാരകം എങ്ങനെ തിളങ്ങിക്കൊണ്ടിരിക്കുന്നുവെന്നും നിങ്ങള്‍ എന്നെങ്കിലും ശ്രദ്ധിക്കുകയുണ്ടായോ? അഥവാ, ദൈനംദിന കാര്യങ്ങളില്‍ നിങ്ങളത്രയ്ക്കു തിരക്കിലായതുകൊണ്ട്, നിങ്ങള്‍ ഇതു മറക്കുകയാണോ? അതല്ല, ഈ പൃഥ്വിയുടെ -നാമൊക്കെയും പുലര്‍ന്നു പോരുന്നതീ പൃഥ്വിയിലല്ലേ- സമ്പന്നമായ സൗന്ദര്യത്തെ നിങ്ങളൊരിക്കലും അറിഞ്ഞിട്ടില്ലെന്നോ? നാം നമ്മെ കമ്യുണിസ്റ്റോ, ഹിന്ദുവോ, ബൗദ്ധനോ, ക്രൈസ്തവനോ, ഇസ്ലാമോ എന്ന് ഏതു പേരില്‍ സ്വയം വിളിച്ചാലും നാം അന്ധരോ, മുടന്തരോ, നല്ല നിലയ്ക്കുള്ളവരോ, സന്തുഷ്ടരോ ആരുതന്നെ ആയാലും ഈ ഭൂമി നമ്മുടേതാകുന്നു. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ? ഇതു നമ്മുടെ ഭൂമിയാകുന്നു, മറ്റാരുടേതുമല്ല! ഇത് ധനികനായ മനുഷ്യന്‍റെ മാത്രം ഭൂമിയല്ല... ഇത് നമ്മുടെയൊക്കെ ഭൂമിയാകുന്നു. നിങ്ങളുടെയും എന്‍റെയും." (പെന്‍ഗ്വിന്‍സ് കൃഷ്ണമൂര്‍ത്തി റീഡര്‍).
മനുഷ്യന്‍ ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ട പരമപ്രധാനമായ സംഗതിയെന്തെന്ന ചോദ്യത്തിന് കൃഷ്ണമൂര്‍ത്തി, "ഓരോ മാനവനും പരമപ്രധാനമായി അറിയേണ്ടത് തീര്‍ച്ചയായും തന്‍റെ ചുറ്റുമുള്ളവയുമായി -മഹാനഗരങ്ങളിലെ കഠോരമായ ശബ്ദലോകവുമായും വൃത്തികെട്ടതും തീര്‍ത്തും മോശമായവയും ആയിപോലും- സ്വരൈക്യത്തോടെ, തന്‍റെ ജീവിതത്തിന്‍റെ സ്വച്ഛതയെ ബാധിക്കാത്ത തരത്തില്‍ ജീവിക്കാന്‍ കഴിയുക എന്നതാണ്. ജീവിതത്തിന്‍റെ ഗതിക്രമം ഏറ്റവും പ്രധാനപ്പെട്ടതാണ്. പരമപ്രധാനമായവയില്‍ ഒന്നാണ്. എന്നാല്‍ മനുഷ്യന്‍ അനുഭവിച്ചുപോരുന്ന സംഘര്‍ഷമാണ് ഈ ഗതിക്രമത്തെ ഇല്ലാതാക്കുന്നത്." ഇതിനെ മറികടക്കാന്‍ ഭൂമിയുമായി ഒരാത്മീയ ബന്ധം വളര്‍ത്തിയെടുക്കാനാകുമോ?
ആകാശം, ഭൂമി, നൃത്തംവയ്ക്കുന്ന മരങ്ങള്‍, ഒഴുകുന്ന പുഴകള്‍, നിശ്ശബ്ദമായ ഭൂഭാഗങ്ങള്‍ ഇവയുടെ വിമൂകവും സചേതനവുമായ ഭാഷ അറിയാന്‍ കഴിയുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ ജീവിതത്തെ, പ്രപഞ്ചത്തെ വായിക്കുന്നത്.
നാം ശരീരവും ആത്മാവുമാണ്. ശരീരം കൊണ്ടു നോക്കുമ്പോള്‍ ലോകം ലൗകികവും ഭൗതികവുമാണ്. ആത്മാവുകൊണ്ടു നോക്കുമ്പോള്‍ ലോകത്തെ ആത്മീയമായി കാണാം. അവിടെയാണ് ജീവിതത്തിന്‍റെ സൗന്ദര്യം, സമ്പന്നത. ഇത്തരത്തില്‍ നോക്കുമ്പോള്‍ ലോകം ആര്‍ത്തിയില്‍, രോഗത്തില്‍, ഭോഗത്തില്‍ ഭ്രാന്തനെപ്പോലെ പെരുമാറുന്നത്, ലോകം എത്ര ബാലിശമായാണ്, വൃത്തികേടായിട്ടാണ് പെരുമാറുന്നത് എന്ന് നാമറിയുന്നു.
ലോകത്തെ നൂറുശതമാനവും ഭൗതികമായി അറിയുന്നവരാണ് മനുഷ്യരാശി. ആധുനികലോകത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ്! സയന്‍സിന്‍റെ സഹായത്തോടെ ജീവിതത്തെ നൂറ്റൊന്നു ശതമാനവും ഭൗതികസുഖപൂര്‍ണമാക്കാന്‍ ഉതകുന്ന തരത്തില്‍, എല്ലാ ഇന്ദ്രിയങ്ങള്‍ക്കും സുഖം പകരുന്ന തരത്തില്‍ ഉണ്ടാക്കിയ ഉപകരണങ്ങളും, അത്തരം ഉപകരണങ്ങളുപയോഗിച്ചതിന്‍റെ ഫലമായി ഉണ്ടായിത്തീര്‍ന്ന പുതിയൊരു പരിഷ്കൃതിയും ചേര്‍ന്നാണ് ഇന്നു നാം കാണുന്ന ഈ ലോകത്തെ നിര്‍മ്മിച്ചിരിക്കുന്നത്. റേഡിയോ, ടി.വി., ഫാന്‍, വൈദ്യുതി വാഹനങ്ങള്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍, ആന്‍റിബയോട്ടിക്കുകള്‍, കുത്തിവെപ്പുകള്‍, ഭക്ഷ്യപാനീയങ്ങള്‍ ഇവയൊക്കെയും ചേര്‍ന്ന് ഇന്ന് ജീവിക്കുന്ന മനുഷ്യന്‍റെ ശരീരത്തെ, മനസ്സിനെ മൂല്യരഹിതമായ ഒരു ക്ഷുദ്രഭൗതിക പിണ്ഡമാക്കിയിരിക്കുന്നു.
ഇവയൊക്കെയും നിഷേധിച്ചുകൊണ്ട് ഒരു കൃഷ്ണമൂര്‍ത്തി മാസങ്ങളോളം ഒരു മരക്കുടിലില്‍ താമസിച്ചിരുന്നു. അപ്പോള്‍ ശരീരത്തിനും മനസ്സിനും ഉണ്ടായിരുന്ന ഉണര്‍വ്, സംവേദനക്ഷമത അപാരമായിരുന്നുവത്രെ.
ശബ്ദം, വാക്ക് ഉപയോഗിച്ച് സൃഷ്ടിയെപ്പറ്റി, സ്രഷ്ടാവിനെപ്പറ്റി പറയാം, വിവരിക്കാം. എന്നാല്‍ ദൈവത്തെ അനുഭവിക്കാന്‍ ഇതൊന്നും വേണ്ട. മൗനത്തില്‍, അഗാധമായ നിശ്ശബ്ദതയില്‍ ലയിച്ചിരിക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ദൈവത്തെയറിയാനാവുക.
രണ്ട്
ഒരാളുടെ ബന്ധത്തിന്‍റെ ആദ്യത്തെ തലം കണ്ണിചേര്‍ക്കപ്പെടുന്നത് സമൂഹവുമായാണ്. രണ്ടാമത്തേത് പ്രകൃതിയുമായും മൂന്നാമത്തേത് ശുദ്ധമായ അസ്തിത്വവുമായും. ഇതില്‍ ആദ്യത്തെ രണ്ടു ചരടുകളും അറ്റുപോകുമ്പോള്‍ ശുദ്ധമായ അസ്തിത്വവുമായി ഒരാള്‍ കണ്ണിചേര്‍ക്കപ്പെടുമ്പോള്‍, അപ്പോള്‍ മാത്രമാണ് അയാള്‍ ഏകനാകുന്നത്, അപ്പോള്‍ മാത്രമാണ് അയാള്‍ സത്യത്തിന്‍റെ കൂടെയാകുന്നത്, യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്.
പ്രപഞ്ചവുമായി, ഭൂമിയുമായി, പഞ്ചഭൂതങ്ങളിലോരോന്നുമായി ഒരാള്‍ക്ക് സ്വരൈക്യം ഉണ്ടാകണമെങ്കില്‍ അയാള്‍ പൂര്‍ണമായും ഏകാകിയാകണം. ഒരാള്‍ ഏകാകിയാകുമ്പോള്‍, മറ്റൊരാളെപ്പറ്റിയും ചിന്തിക്കാതാവുമ്പോള്‍ ചുറ്റുമുള്ള പ്രകൃതി ആദ്യമായി അയാള്‍ക്കനുഭവപ്പെടുന്നു. മണ്ണ്, വെള്ളം, വെളിച്ചം, വായു, ആകാശം ഇവയൊക്കെയുമായി ജീവനുള്ള ഒരു ബന്ധം അയാള്‍ക്കുണ്ടാകുന്നു. മഴ, നിലാവ്, ഉദയപ്രകാശം, സന്ധ്യാവെളിച്ചം സ്വര്‍ഗീയമായ ഒരനുഭവമായി അയാള്‍ക്കനുഭവപ്പെടുന്നു. സത്യജിത് റോയിയുടെ 'പഥേര്‍ പാഞ്ചാലി' യിലെ ഗ്രാമീണയായ പെണ്‍കുട്ടി എത്ര അഗാധമായ ഒരനുരാഗത്തോടെയാണ് മഴയെ ഒരുത്സവമാക്കുന്നത്. നഗരത്തില്‍, പുതിയ ലോകത്തില്‍ പാര്‍ക്കുന്ന പെണ്‍കുട്ടിക്കും ഇത്തരം ഒരേകാന്തത ഉള്ളിലില്ലാത്തതുകൊണ്ട് പ്രകൃതിയുമായി, മരങ്ങളുമായി, മഴയുമായി ഇതുപോലെ സംവദിക്കാനാവില്ല.
സെന്‍റ് ഫ്രാന്‍സിസ് ലോകവുമായി, സമൂഹവുമായി, മനുഷ്യരൊക്കെയുമായി തനിക്കുള്ള ബന്ധം പൂര്‍ണമായി അറുത്തു മാറ്റുന്നു. തന്നെ സ്നേഹിച്ച പെണ്‍കുട്ടിയുടെ നേരെ പോലും ഒരു കടുകുമണിയോളം പോലും ബന്ധം അയാളില്‍ ബാക്കി നിന്നില്ല. ദൈവമൊരാളുമായല്ലാതെ ഒന്നുമായും ബന്ധമില്ലാത്തവനായപ്പോള്‍, അപ്പോഴാണ് സെയിന്‍റ് ഫ്രാന്‍സിസിന്‍റെ കാഴ്ചയെ മൂടിവെച്ചിരുന്ന തിരശ്ശീല മുഴുവനായി നിങ്ങിയത്. ഭൂമി, അതിലധിവസിക്കുന്ന മരങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, നിലാവ് എല്ലാം ദിവ്യത കളിയാടുന്ന സ്ഥലമായി അദ്ദേഹത്തിന് തോന്നിയത്.
മനുഷ്യന്‍ പുലര്‍ന്നുപോരുന്ന അതിമോഹനമായ ഈ ഗ്രഹത്തെ നിരവധി തവണ ചുട്ടുചാമ്പലാക്കാനുള്ള ആണവായുധങ്ങള്‍ ഉണ്ടാക്കി, അതില്‍ അഹങ്കരിച്ച് ജീവിക്കുന്ന മന്ദബുദ്ധികളായ ഭരണാധികാരിക്കു മുന്നില്‍ ചെന്നുനിന്ന്, അവരെ ഉറക്കത്തില്‍ നിന്നുണര്‍ത്തി, ഭൂമിയെ ചൂണ്ടി, അതിന്‍റെ മഹാസൗന്ദര്യത്തെ ചൂണ്ടി, കുരുന്ന് നിഷ്കളങ്കമായി ആടിപ്പാടി കളിക്കുന്നതു കാട്ടി, സ്ത്രീകള്‍ പ്രേമത്തോടെ, ഭക്തിയോടെ, താഴ്മയോടെ പുഞ്ചിരിക്കുന്നതു കാട്ടി. പ്രാര്‍ത്ഥിക്കുന്നതു കാട്ടി, വെള്ളില്‍പ്പറവകള്‍ വിശുദ്ധമായ ആകാശത്തിന്‍റെ വെണ്മയില്‍ ദിവ്യസംഗീതംപോലെ ഒഴുകിയൊഴുകിപ്പോകുന്നതു കാട്ടി, 'ഹേ, ഭരണാധിപാ, നീയിതു കാണിന്നില്ലെ? ഇതാരുണ്ടാക്കി? ഇതില്ലാതാക്കാന്‍ നീയാര്?" എന്ന് ഇടിമുഴക്കത്തിന്‍റെ ശബ്ദത്തില്‍ ചോദിക്കുന്ന സെന്‍റ് ഫ്രാന്‍സിസുകള്‍ ഇന്നുണ്ടാവുന്നില്ല. എന്തെന്നാല്‍, ഇന്ന് ഒരു മതാത്മവ്യക്തിക്ക് പൂര്‍ണമായും ഏകാകിയാവാന്‍ ആകുന്നില്ല. തന്നെ പെറ്റുവളര്‍ത്തിയ ലോകവുമായി, സമൂഹവുമായി, കുടുംബവുമായി പൂര്‍ണമായ ബന്ധമറ്റവനാകുമ്പോള്‍ അപ്പോള്‍ മാത്രമാണൊരാള്‍ പൂര്‍ണവിശുദ്ധിയുമായി ബന്ധത്തിലാകുന്നത്. ഉള്ളില്‍ പൂര്‍ണസ്വച്ഛത, വെടിപ്പ്, ഒരു പൊടിപോലുമില്ലാത്ത ശുചിത്വം ഉണ്ടാകുമ്പോള്‍ അത്തരം ഒരു തെളിവിലേക്കാണ് ദിവ്യത വന്നണയുക. അത് വന്നെത്തുമ്പോള്‍ സോക്രട്ടീസ്, ഡയോജനീസ്, ലാവോത്ത, സെന്‍റ് ഫ്രാന്‍സിസ്, യേശുക്രിസ്തു, ബുദ്ധന്‍, മുഹമ്മദ് നബി, മെഹര്‍ ബാബ, രമണമഹര്‍ഷി, ദാദാലേഖറാങ് ഉണ്ടാകുന്നു. ജീവിതത്തിന്‍റെ അനന്തത അതിന്‍റെ പരമമായ അര്‍ത്ഥത്തിലറിയാനും അതിനെ അതിന്‍റെ ഉറവിടത്തില്‍ വെച്ച് പാനം ചെയ്യാനും ഇവര്‍ക്കു കഴിഞ്ഞു. അതാണവരെ സത്യകാമുകരാക്കിയത്, സൗന്ദര്യകാമുകരാക്കിയത്, ദൈവകാമുകരാക്കിയത്.
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ സജീവ രാഷ്ട്രീയത്തില്‍നിന്നും പിരിഞ്ഞപ്പോള്‍ സുഹൃത്തുക്കളില്‍ ഒരാള്‍ അദ്ദേഹത്തെ വീട്ടില്‍ കാണാന്‍ ചെന്നു. തന്‍റെ വാര്‍ദ്ധക്യത്തില്‍ തോട്ടത്തില്‍ ചര്‍ച്ചില്‍ കൊത്തുകയും ചിലതു നട്ടുപിടിപ്പിക്കുകയും ആയിരുന്നു. ആഗതന്‍ അദ്ദേഹത്തോട് ചില രാഷ്ട്രീയകാര്യങ്ങള്‍ ചോദിച്ചു. ചര്‍ച്ചില്‍ മൊഴിഞ്ഞു: "അതു കളയൂ, ഇപ്പോഴതു കഴിഞ്ഞു. ഇപ്പോളെന്തെങ്കിലും നിങ്ങള്‍ക്ക് ചോദിക്കണമെന്നുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചോദിക്കാം. നിങ്ങള്‍ക്കു ബൈബിളിനെപറ്റി എന്നോടു ചോദിക്കാം, കാരണം ഞാന്‍ പതിവായി അതു വായിക്കുന്നു. നിങ്ങള്‍ക്കു തോട്ടപ്പണിയെപറ്റിയും ചോദിക്കാം. കാരണം, ഞാനത് ഈ തോട്ടത്തില്‍ ചെയ്യുകയാണ്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ എനിക്കൊരു താല്‍പര്യവുമില്ല. ഇപ്പോള്‍ ഞാന്‍ കേവലം മണ്ണില്‍ പണിയെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.