news-details
മറ്റുലേഖനങ്ങൾ

വിശുദ്ധ കുര്‍ബാന - ജീവിതബലിയും ജീവിതക്രമവും (ഭാഗം 2)

ഒരു പുതിയ ജീവിതക്രമം

യേശു ചെയ്തതുപോലെ സ്വയം മറന്ന് മറ്റുള്ളവരുടെ മോചനത്തിനും സൗഭാഗ്യത്തിനുമായി ജീവിക്കുക, പ്രവര്‍ത്തിക്കുക, സ്വയം ചെലവഴിക്കുക എന്നൊക്കെ പറയുന്നത് പ്രകൃത്യാ അത്ര എളുപ്പമുള്ള കാര്യമല്ല. പാപത്തിന്‍റെ കരിനിഴല്‍ വീണ മനുഷ്യഹൃദയത്തിനാകട്ടെ ദൈവത്തിന്‍റെ പ്രത്യേകമായ സഹായംകൊണ്ടു മാത്രമേ അതു സാധ്യമാകൂ. കാരണം, പാപം സ്വാര്‍ത്ഥതയിലേക്കും സ്നേഹരാഹിത്യത്തിലേക്കുമാണ് മനുഷ്യനെ സദാ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദുരവസ്ഥയില്‍ നിന്നു മനുഷ്യനെ മോചിപ്പിക്കാനാണ് യേശു വന്നതും 'സദ്വാര്‍ത്ത' അഥവാ സുവിശേഷം പ്രഘോഷിച്ചതും, ഒരു പുതിയ ജീവിതക്രമം ലോകത്തിനു നല്‍കിയതും. യേശുവിന്‍റെ ഈ സദ്വാര്‍ത്തയില്‍ വിശ്വസിക്കുകയും ഈ ജീവിതക്രമം പാലിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ യേശുവിനെപ്പോലെ പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹം സ്വീകരിക്കാനും അവിടുത്തേയ്ക്കു സ്വയം സമ്പൂര്‍ണമായി സമര്‍പ്പിക്കാനും അവിടുത്തെ ഇഷ്ടമനുസരിച്ച് മറ്റുള്ളവരുടെ മോചനത്തിനും  സൗഭാഗ്യത്തിനും വേണ്ടി ജീവിക്കാനും സ്വയം ചെലവഴിക്കാനും സാധിക്കുകയുള്ളൂ.

എന്തായിരുന്നു യേശു കൊണ്ടുവന്ന ഈ സദ്വാര്‍ത്തയും ഈ ജീവിതക്രമവും? ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കുകുയം നിരുപാധികം ക്ഷമിക്കുകയും ചെയ്യുന്ന പിതാവാണെന്നും ഈ പിതാവിനെ സ്വയം സമ്പൂര്‍ണമായി ഭരമേല്പിക്കുന്നതാണ് മനുഷ്യന്‍റെ യഥാര്‍ത്ഥമായ സൗഭാഗ്യമെന്നും യേശു പഠിപ്പിച്ചു. ദൈവം എല്ലാവരുടെയും പിതാവാണ്. എല്ലാവരെയും അവിടുന്ന് സ്നേഹിക്കുന്നു. മനുഷ്യരുടെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും - സമഗ്രമായ വിമോചനവും സൗഭാഗ്യവും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിനു സ്വയം സമ്പൂര്‍ണമായി സമര്‍പ്പിച്ച മനുഷ്യന്‍ അവിടുത്തെ ഇഷ്ടമനുസരിച്ച് ഓരോ മനുഷ്യന്‍റെയും സമഗ്രമായ മോചനത്തിനും സൗഭാഗ്യത്തിനുംവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അവിടെയാണ് യേശു പ്രഘോഷിച്ച ദൈവരാജ്യം സ്ഥാപിതമാകുക. ഇതാണ് യേശു കൊണ്ടുവന്ന സുവിശേഷത്തിന്‍റെ രത്നച്ചുരുക്കം. ഈ സുവിശേഷത്തിലൂടെ ഒരു പുതിയ ജീവിതക്രമം യേശു അവതരിപ്പിച്ചു. ശിഷ്യന്മാരോടൊത്ത് അവിടുന്ന് ചെലവഴിച്ച മൂന്നു കൊല്ലവും ഈ ജീവിതക്രമം അവിടുന്ന് അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയായിരുന്നു.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം

ഈ ജീവിതക്രമത്തില്‍ ഒന്നാമതായി വരുന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണെങ്കില്‍, അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന് യേശു അസന്ദിഗ്ദ്ധമായി പഠിപ്പിക്കുന്നു. ഏറ്റവും വലിയ പ്രമാണമേതെന്ന ഫരിസേയന്‍റെ ചോദ്യത്തിന് യേശു നല്‍കുന്ന ഉത്തരം ഇതു വ്യക്തമാക്കുന്നു.(മത്തായി 22:34-40). സഹോദരങ്ങളെ സ്നേഹിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥത്തില്‍ നാം ദൈവത്തെ സ്നേഹിക്കുന്നത്. സഹോദരസ്നേഹമാണ് ദൈവസ്നേഹത്തിന്‍റെ അളവും മാനദണ്ഡവും. സഹോദരങ്ങളെ സ്നേഹിക്കുമ്പോഴാണ് നാം യഥാര്‍ത്ഥത്തില്‍ അവിടുത്തെ അനുയായികളാകുന്നതെന്നും ലോകം അതു തിരിച്ചറിയുന്നതെന്നും യേശു പഠിപ്പിച്ചു. (യോഹ. 13:35). ഏറ്റവും നിസ്സാരരായ സഹോദരങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതെന്തും ദൈവത്തിനുവേണ്ടിയാണ് ചെയ്യുന്നതെന്നും അന്ത്യവിധിയുടെ മാനദണ്ഡം സ്വസഹോദരങ്ങള്‍ക്കുവേണ്ടി ചെയ്തതും ചെയ്യാത്തതുമായിരിക്കുമെന്നും അന്ത്യവിധിയെപ്പറ്റിയുള്ള വാക്കുകളില്‍ അവിടുന്ന് വ്യക്തമാക്കുന്നു. ആവശ്യമനുഭവിക്കുന്ന ഏതൊരുവനും ജാതിമതഭേദമന്യേ നമ്മുടെ അയല്‍ക്കാരനാണെന്നും സ്വന്തം അസൗകര്യങ്ങള്‍ മറന്ന് അവന്‍റെ സഹായത്തിനെത്തുന്നവനാണ് യഥാര്‍ത്ഥത്തില്‍ ദൈവത്തെ സ്നേഹിക്കുന്നതെന്നും നല്ല സമരയാക്കാരന്‍റെ ഉപമയിലൂടെ (ലൂക്കാ 10: 25-37) അവിടുന്നു വ്യക്തമാക്കി. ശത്രുക്കളെ സ്നേഹിക്കുകയും തന്നെ പീഡിപ്പിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴാണ് ഒരുവന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മകനും മകളുമാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തു(മത്താ, 5: 43-45). തിന്മയെ നന്മകൊണ്ടു ജയിക്കാന്‍ അനുയായികളെ യേശു പഠിപ്പിച്ചു. "വലതുകരണത്തടിക്കുന്നവന് മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈല്‍ ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്." (മത്താ. 5: 39-42). യേശുവിന്‍റെ ഈ ജീവിതക്രമത്തില്‍ വിദ്വേഷത്തിനോ വെറുപ്പിനോ വ്യവഹാരത്തിനോ ഒന്നും സ്ഥാനമില്ല. "നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനുമുന്നില്‍ വച്ചിട്ടുപോയി സഹോദരനോടു രമ്യപ്പെടുക. പിന്നെവന്ന് കാഴ്ചയര്‍പ്പിക്കുക" (മത്താ. 5: 23-24). ദൈവത്തിനു കാത്തിരിക്കാന്‍ സമയമുണ്ട്. സഹോദരനോട് രമ്യതപ്പെടുകയാണ് ബലിയര്‍പ്പണത്തേക്കാള്‍ പ്രധാനമായ കാര്യം. തന്നോടു തെററു ചെയ്യുന്നവനോട്, ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം" എന്നുവെച്ചാല്‍ പരിധിയില്ലാതെ ക്ഷമിക്കുകയെന്നതാണ് യേശുവിന്‍റെ ജീവിതക്രമം. ഇങ്ങനെ പരധിയില്ലാതെ ക്ഷമിക്കാന്‍ പിതാവായ ദൈവംതന്നെ നമുക്കു പ്രചോദനവും കഴിവും തന്നിട്ട്, അതു നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് നിര്‍ദ്ദയനായ ഭൃത്യന്‍റെ ഉപമയിലൂടെ (മത്താ. 18: 21-35) യേശു സ്പഷ്ടമാക്കുന്നു. "നിന്നെപ്പോലെതന്നെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണം" എന്ന കല്പനയെ യേശുവിന്‍റെ ജീവിതക്രമം ഒന്നുകൂടെ തീവ്രമാക്കുന്നു. "ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍, ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" (യോഹ. 13:34). യേശു നമ്മെ സ്നേഹിച്ചത് സ്വന്തം ജീവന്‍തന്നെ നമുക്കു നല്കിക്കൊണ്ടാണല്ലോ. സഹോദരങ്ങളുടെ സുരക്ഷിതത്വത്തിനും സൗഭാഗ്യത്തിനും വേണ്ടി ജീവന്‍പോലും വെടിയാന്‍ നാം തയ്യാറാകണമെന്നാണ് യേശു അര്‍ത്ഥമാക്കുന്നത്. സഹോദരങ്ങളോടുള്ള സ്നേഹം ഏറ്റം വിനീതമായ സേവനത്തിനുപോലും തയ്യാറാകുന്നതാണെന്ന് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് യേശു തന്നെ മാതൃക നല്‍കുന്നു. യേശുവിന്‍റെ ജീവിതക്രമത്തില്‍ വലിയവനും ചെറിയവനുമെന്ന വ്യത്യാസമില്ല. എല്ലാവരും സമന്മാരാണ്, സഹോദരീസഹോദരന്മാരാണ്. സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും പരസ്പരം മാനിക്കുന്നവരാണ്, ആരും ആരുടെയും മേല്‍ അധികാരവും ആധിപത്യവും അടിച്ചേല്പിക്കുന്നില്ല. ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയുമാണ് (ലൂക്കാ 22: 26).

തന്നോടുതന്നെയുള്ള ബന്ധം

ഓരോ വ്യക്തിക്കും തന്നോടുതന്നെയുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നും യേശുവിന്‍റെ ജീവിതക്രമം വ്യക്തമാക്കുന്നുണ്ട്. പാപത്താല്‍ മുറിവേറ്റ മനുഷ്യഹൃദയത്തില്‍ കുടികൊള്ളുന്ന സ്വാര്‍ത്ഥത അഥവാ ഞാന്‍ - എന്‍റെ - എനിക്ക് എന്ന മനോഭാവത്തെ തീര്‍ത്തും നിരാകരിക്കുന്നതാണ് യേശുവിന്‍റെ ജീവിതക്രമം. ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹവും  നിരുപാധികമായ മാപ്പും സ്വസഹോദരങ്ങള്‍ക്കു കൊടുക്കാനും ഏറ്റവും വലിയ തടസ്സമായിരിക്കുന്നത് ഈ സ്വാര്‍ത്ഥ അഥവാ ഞാന്‍ ഭാവമാണെന്നറിഞ്ഞ യേശു തന്‍റെ ജീവിതക്രമത്തില്‍നിന്ന് അതിനെ പൂര്‍ണമായി പുറത്താക്കുന്നു. യേശുവിന്‍റെ ജീവിതം തന്നെയാണ് അതിനുള്ള ഏറ്റവും ഉദാത്തമായ ഉദാഹരണവും മാതൃകയും. അവിടുന്നു ഭൂമിയിലേക്ക് അവതരിച്ചതുതന്നെ സ്വയം ശൂന്യവത്കരിച്ചുകൊണ്ടാണല്ലോ(ഫിലി. 2:7). പുല്‍ക്കൂടുമുതല്‍ കാല്‍വരി വരെയുള്ള അവിടുത്തെ ദാരിദ്ര്യവും ബലഹീനതയും നിസ്സാരതയുമെല്ലാം ഈ ശൂന്യവത്കരണത്തിന്‍റെ ഭാഗമായിരുന്നു. അങ്ങനെ സ്വയം ശൂന്യവത്കരിച്ച യേശു പിതാവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹം പൂര്‍ണമായി സ്വീകരിച്ചുകൊണ്ട് സ്നേഹമായി മാറി. ആ സ്നേഹമാണ് മനുഷ്യരിലേക്കു നിര്‍വിഘ്നമായി നിര്‍ഗളിച്ചത്. സ്വാര്‍ത്ഥതയുടെ തടവറയില്‍നിന്നു വിമുക്തരാകുമ്പോള്‍ മാത്രമാണ് നമുക്കും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാന്‍ സാധിക്കൂഎന്നറിഞ്ഞ യേശു സ്വാര്‍ത്ഥതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു വിമുക്തരാകാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമയിലൂടെ ഇതാണ് അവിടുന്നു പഠിപ്പിക്കുന്നത്. "തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും" (ലൂക്കാ 18:14). ശിഷ്യത്വത്തിന്‍റെ വില സര്‍വ്വോപരി സ്വയം പരിത്യാഗമാണെന്ന് അവിടുന്നു വ്യക്തമാക്കുന്നു. "സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും എന്നല്ല, സ്വജീവനെത്തന്നെ വെറുക്കാതെ എന്‍റെ അടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കില്ല. സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലെ വരുന്നവന് എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ല" (ലൂക്കാ 14: 26-27). വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം വായിക്കുന്നു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്‍റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും" (യോഹ. 12: 24-25). യേശുവിന്‍റെ ഈ വചനങ്ങളിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാനതത്വം ഇതാണ്: സ്വാര്‍ത്ഥതയില്‍ നിന്ന് വിമുക്തനായ വ്യക്തിക്കു മാത്രമേ ദൈവത്തിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹവും മാപ്പും സ്വീകരിച്ചുകൊണ്ട് മറ്റുളളവരെയും വ്യവസ്ഥയില്ലാതെ സ്നേഹിക്കാനും അവരുടെ മോചനത്തിനും സൗഭാഗ്യത്തിനുമായി സ്വയം ചെലവഴിക്കാനും സാധിക്കുകയുള്ളൂ.

ജീവിതബലിയും ജീവിതക്രമവും

അങ്ങനെ തന്‍റെ സുവിശേഷത്തിലൂടെ യേശു ആവിഷ്കരിച്ച ജീവിതക്രമം ദൈവത്തോടും സഹോദരങ്ങളോടും തന്നോടുതന്നെയുമുള്ള ബന്ധത്തിനും പുതിയ മാനങ്ങള്‍ നല്‍കുന്നതാണ്. ഈ ജീവിതക്രമം പിന്‍തുടരുമ്പോഴാണ് യേശുവിന്‍റെ ജീവിതബലി മനസ്സിലാക്കാനും അതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കുന്നത്. യേശുവിന്‍റെ കല്പനയനുസരിച്ച് അവിടുത്തെ പുതിയ പെസഹാവിരുന്ന് - അഥവാ വി. കുര്‍ബാന - ആചരിക്കുകയെന്നുവച്ചാല്‍, പ്രഥമവും പ്രധാനവുമായി അവിടുത്തെ ജീവിതക്രമം പിന്‍തുടരുക. അവിടുത്തെ ജീവിതബലിപോലെ നമ്മുടെ ജീവിതവും പിതാവിനുള്ള ബലിയായി ജീവിക്കുക എന്നത്രേ. യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് ഒരു അനുഷ്ഠാനക്രമമായിട്ടല്ല, ഒരു ആരാധനക്രമമായിട്ടുമല്ല, പ്രത്യുത ഒരു ജീവിതക്രമമായിട്ടാണ്. യേശുവിന്‍റെ ജീവിതക്രമം പിന്‍തുടരുകയും അവിടുത്തെ മാതൃകയനുസരിച്ച് നമ്മുടെ ജീവിതവും ഒരു ബലിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് യേശുവിന്‍റെ പെസഹാവിരുന്ന് ആചരിക്കുന്നത് അര്‍ത്ഥവത്തായിത്തീരുന്നത്. അങ്ങനെ ജീവിക്കുന്നവര്‍ ഈ വിരുന്ന് ആചരിക്കുമ്പോഴാണ് യേശുവിന്‍റെ അരൂപി അഥവാ ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍ തന്നെ അവിടെ തന്‍റെ ജീവിതബലിയോടുകൂടി സന്നിഹിതനാകുന്നതും ഈ വിരുന്നാചരണം അവിടുത്തെ ജീവിതബലിയുടെ ആചരണമാകുന്നതും. വിരുന്നിലെ അപ്പവും വീഞ്ഞും അവിടുത്തെ ശരീരരക്തങ്ങള്‍ അഥവാ അവിടുത്തെ വ്യക്തിപരമായ സാന്നിധ്യം ആകുന്നതും. ഈ വിരുന്നാചരണത്തില്‍ പങ്കുചേരുമ്പോള്‍, യേശുവിന്‍റെ ജീവിതക്രമം പിന്തുടരാനും അവിടുന്നു ചെയ്തതുപോലെ നമ്മുടെ ജീവിതവും ബലിയായി ജീവിക്കാനുമുള്ള പ്രചോദനവും ശക്തിയും തന്‍റെ സാന്നിധ്യത്തിലൂടെ യേശു നല്‍കുന്നു.  

ഈ അര്‍ത്ഥത്തില്‍ യേശുവിന്‍റെ ബലിയെയും വിശുദ്ധ കുര്‍ബാനയാചരണത്തെയും മനസ്സിലാക്കുമ്പോള്‍ മാത്രമാണ് അത് ആരാധനയും ആരാധനക്രമത്തിന്‍റെ കേന്ദ്രബിന്ദുവുമാകുന്നത്. അപ്പോള്‍ മാത്രമാണ് വി. കുര്‍ബാന ക്രൈസ്തവജീവിതത്തിന്‍റെയും ക്രൈസ്തവാദ്ധ്യാത്മികതയുടെയും പ്രചോദനമാകുന്നത്. സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉറവിടവും ലക്ഷ്യവും വി. കുര്‍ബാനയാണെന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞത്(ആരാധനക്രമം 10) ഈ അര്‍ത്ഥത്തിലാണ്.

വി. കുര്‍ബാനയുടെ ആരാധന

വിശുദ്ധ കുര്‍ബാനയുടെ ആരാധനയും ശരിയായി നാം മനസ്സിലാക്കണം. യേശുവിന്‍റെ ജീവിതബലിയാചരണത്തിന്‍റെ തുടര്‍ച്ചയും ഫലവുമായിരിക്കണം ഈ ആരാധന. വിശ്വാസത്തിലും സ്നേഹത്തിലുമുള്ള ക്രൈസ്തവജീവിതത്തില്‍ അധിഷ്ഠിതവും അതിലേക്കു നയിക്കുന്നതുമാകണം അത്. യേശുവിന്‍റെ ജീവിതബലിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബലിജീവിതം നയിക്കുവാന്‍ നമുക്കതു പ്രചോദനമാകണം. തിരുവോസ്തി എഴുന്നെള്ളിച്ചുവച്ചുകൊണ്ടുള്ള ഒരു ഭക്താഭ്യാസവും പ്രാര്‍ത്ഥനയും മാത്രമായി അതിനെ പരിഗണിക്കരുത്. എഴുന്നള്ളിച്ചുവെച്ച് ആരാധിക്കാന്‍ വേണ്ടിയല്ല യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. പ്രത്യുത ക്രൈസ്തവജീവിതത്തിനു നമ്മെ പ്രാപ്തരാക്കാന്‍വേണ്ടിയാണ.് വി. കുര്‍ബാനയുടെ മുമ്പിലുള്ള ആരാധന അതിന് ഉതകുന്ന രീതിയിലായിരിക്കണം.

വി. കുര്‍ബാനയാചരണവും ഇന്നത്തെ മൂല്യത്തകര്‍ച്ചയും

ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമായിക്കാണുമെന്നു കരുതുന്നു. "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" എന്നു പറഞ്ഞപ്പോള്‍ യേശു ഉദ്ദേശിച്ചത് കുറച്ച് അപ്പവും കുറച്ച് വീഞ്ഞുമെടുത്ത്, അതുകൊണ്ട് ചില അനുഷ്ഠാനങ്ങള്‍ നടത്തണം. ചില വാക്കുകള്‍ ഉച്ചരിക്കണം. ചില പ്രാര്‍ത്ഥനകള്‍ ചൊല്ലണം. അപ്പോള്‍ അവ തന്‍റെ ശരീരരക്തങ്ങളായി മാറും. അവ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത് പ്രസാദവരം പ്രാപിക്കണം എന്നായിരുന്നില്ല. പക്ഷേ അല്പം സാമാന്യവത്കരണം ചെയ്തു പറഞ്ഞാല്‍, ഏതാണ്ട് ഇപ്രകാരമാണ് വി. കുര്‍ബാനയാചരണത്തെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയെപ്പറ്റി ഇങ്ങനെയുള്ള അപൂര്‍ണവും അര്‍ദ്ധസത്യവുമായ ധാരണകള്‍ കാരണം ഇപ്പോഴത്തെ നമ്മുടെ കുര്‍ബാനയാചരണം റീത്തുഭേദമെന്യേ ക്രൈസ്തവജീവിതനവീകരണത്തിനും ക്രിസ്തീയാദ്ധ്യാത്മികതയുടെ ആഴപ്പെടലിനും വേണ്ടവിധം ഉതകുന്നില്ല. ദിവ്യകാരുണ്യവര്‍ഷാചരണം പ്രമാണിച്ച് വിശുദ്ധ കുര്‍ബാന കേന്ദ്രമാക്കിയുള്ള ആരാധനകളും ഭക്താഭ്യാസങ്ങളും സെമിനാറുകളും കണ്‍വന്‍ഷനുകളുമൊക്കെ നടക്കുകയുണ്ടായി. അവയെക്കുറിച്ച് 'കാരുണികന്‍' മാസിക നടത്തിയ സര്‍വ്വേ അനുസരിച്ച് ദിവ്യകാരുണ്യവര്‍ഷാചരണപരിപാടികളില്‍ 60% പ്രചാരണപ്രവര്‍ത്തനങ്ങളിലും 50% ഭക്താഭ്യാസങ്ങളിലും 35% കാരുണ്യപ്രവര്‍ത്തനങ്ങളിലും 27.5% പ്രബോധനപരമായ കാര്യങ്ങളിലും ശ്രദ്ധയൂന്നിയപ്പോള്‍ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരും ശ്രദ്ധ കൊടുത്തതേയില്ല. നമ്മുടെ ജനങ്ങളുടെയും സഭയുടെയും സന്ന്യാസസമൂഹങ്ങളുടെയും ആധ്യാത്മികമായ വളര്‍ച്ചയെ കാണിക്കുന്ന ഒരു ചൂണ്ടുപലകയല്ലേ ഇത് എന്നു നാം ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യത്തകര്‍ച്ചയെപ്പറ്റി ഇന്നു നാം ധാരാളം കേള്‍ക്കുന്നുണ്ട്. വിദ്യാഭ്യാസവും ആതുരശുശ്രൂഷയുമൊക്കെ വ്യവസായവത്കരിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ സ്ഥാപനങ്ങളും  പ്രലോഭനത്തിന് അതീതമാമെന്നു പറഞ്ഞുകൂടാ. 'നിര്‍ബന്ധിത സംഭാവനകള്‍', 'കൃത്രിമ ബില്ലുകള്‍' തുടങ്ങിയ അധാര്‍മ്മികമായ പ്രാക്ടീസുകള്‍ ചിലയിടത്തൊക്കെ നടക്കുന്നുവെന്ന് പരാതികള്‍ ഉയരാറുണ്ട്. അതെല്ലാം മനുഷ്യര്‍ വെറുതെ പറയുന്നതാണെന്ന് പറയാനാവില്ല. നമ്മുടെ ആദ്ധ്യാത്മികത എവിടെ നില്‍ക്കുന്നുവെന്നതിന്‍റെ ചൂണ്ടുപലകയല്ലേ അതും? അനുദിനം ഭക്തിയോടും ശ്രദ്ധയോടും കൂടെ 'വിശുദ്ധ കുര്‍ബാനയാചരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതാണല്ലോ ഇങ്ങനെയുള്ള പ്രാക്ടീസുകള്‍ക്ക് പിന്നിലുള്ളത്. വി. കുര്‍ബാനയുടെ അര്‍ത്ഥവും അന്തസ്സത്തയുമെന്തെന്ന് ഇനിയും അവര്‍ ഗ്രഹിച്ചിട്ടില്ലെന്നതല്ലേ ഇതിനു കാരണം? ഗൗരവമേറിയ ചിന്തയും ചര്‍ച്ചയും ആവശ്യപ്പെടുന്ന കാര്യമാണിത്. 

You can share this post!

വിദ്യാര്‍ത്ഥികളിലെ സമ്മര്‍ദ്ദം നേരിടാന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts