news-details
സഞ്ചാരിയുടെ നാൾ വഴി

ദൈവം നമ്മോടു കൂടെ

സ്നേഹത്തിന്‍റെ വിപരീതപദമായി നമ്മള്‍ സങ്കല്പിക്കുന്നത് വെറുപ്പ് എന്ന വാക്കാണ്. എന്നാല്‍ അതല്ല നിസ്സംഗതയാണ് കൃത്യമായ എതിര്‍വാക്ക്. കാരണം നിങ്ങള്‍ ഒരാളെ സ്നേഹിക്കുമ്പോഴും പിന്നീട് എന്തോ കാരണങ്ങളാല്‍ അയാളെ വെറുത്തു തുടങ്ങുമ്പോഴും നിങ്ങളുടെ ഉള്ളില്‍ അയാള്‍ അയാളായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ഒരു പക്ഷേ സ്നേഹിക്കുന്നൊരാളെ  ഓര്‍മ്മിക്കുന്നതിനേക്കാള്‍ വെറുക്കുന്നൊരാളെ നിങ്ങള്‍ ഓര്‍മ്മിക്കാറുണ്ട്. തെല്ല് പുഞ്ചിരിയോടെ സച്ചിദാനന്ദന്‍ എഴുതുന്ന കവിത കണക്ക്  എന്‍റെ ശത്രുക്കളോടാണ് ഞാന്‍ നന്ദി പറയേണ്ടത്. കാരണം അവരെന്നെ സദാ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഏതൊരു നിമിഷമാണോ നാമിങ്ങനെ നിസ്സംഗതയിലേക്ക് തെന്നി മാറുന്നത,് ആ നിമിഷംതൊട്ട് ആ വ്യക്തിയില്ല. പിന്നെ അയാള്‍ പശ്ചാത്തലത്തില്‍ കാണുന്ന കസേരകണക്കോ, വഴിയോരത്തു കാണുന്ന ഉരുളന്‍ കല്ലുകണക്കോ ഒക്കെ ഒരു വസ്തുവായി ചുരുങ്ങുന്നു. നമ്മുടെ കാലത്തിന്‍റെ ഏറ്റവും വലിയ അപരാധമായിട്ടാണ് വയോധികനായ മാര്‍പ്പാപ്പ അത് ചൂണ്ടിക്കാട്ടിയത്. മ്യാന്‍മറില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ സംബോധന ചെയ്തുകൊണ്ടായിരുന്നു അത്. ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ അവരുടെ മുന്‍പില്‍ പേരുപറഞ്ഞ് അദ്ദേഹം ലോകത്തിന്‍റെ നിസ്സംഗതയ്ക്കുവേണ്ടി മാപ്പു ചോദിച്ചത് എങ്ങനെ പഴങ്കഥയാകും? ലോകം എന്‍റെ പിഴ, എന്‍റെ പിഴ എന്നു പശ്ചാത്തപിക്കേണ്ടത് അനിവാര്യഘട്ടങ്ങളില്‍ നാം പുലര്‍ത്തുന്ന നിസ്സംഗതയെ ഓര്‍ത്തിട്ടായിരിക്കണം. വളരെ പ്രബലനായ ഒരു അയല്‍ക്കാരന്‍റെ ഇഷ്ടം പോലും വകവയ്ക്കാതെ ടിബറ്റന്‍ അഭയാര്‍ത്ഥികളെ ദേശത്തേയ്ക്കു ക്ഷണിച്ച പാരമ്പര്യമാണ് നമ്മുടേത്. 
 
ലോകമെമ്പാടും മനുഷ്യര്‍ അഭയം തേടി അലയുന്നുണ്ട്. ആരാണവര്‍? ശ്രദ്ധിക്കുക, ആരിലാണ് അവര്‍ കരുണയുടെ ഈര്‍പ്പം സൃഷ്ടിച്ചെടുക്കുക? ഓരോരോ കാരണങ്ങള്‍ കൊണ്ട് പാര്‍ക്കുന്ന ഇടങ്ങളില്‍ നിന്ന് മനുഷ്യര്‍ കുടിയിറക്കപ്പെടുന്ന കാലമാണിന്ന്. ഒരു ചുരയ്ക്കാത്തണ്ട് തനിക്കു തണല്‍ നല്‍കിയതിനെക്കുറിച്ച് യോനായുടെ പുസ്തകത്തില്‍ വായിക്കുന്നുണ്ട്. അതിങ്ങനെ കരിഞ്ഞുപോകുമ്പോള്‍ ആ പ്രവാചകന്‍ ദൈവത്തോട് കലഹിക്കുന്നുണ്ട്. നീയെന്തിനാണെന്‍റെ തണലു നശിപ്പിച്ചത്? അങ്ങനെ ഓരോ ദിവസവും തങ്ങള്‍ക്കു മീതേയുള്ള തണലു നഷ്ടപ്പെട്ട മനുഷ്യര്‍. അവരോടുള്ള നമ്മുടെ ആഭിമുഖ്യങ്ങളെന്താണ്? ക്രിസ്തുമസ്! ഈ നിസ്സംഗതക്കെതിരായി നമ്മുടെ തന്നെ ആത്മാവിനെ പ്രതിരോധിക്കേണ്ട ഒരു കാലമാണ്. കരുണയുടെ ഋതു. ക്രിസ്തുമസിന്‍റെ പകിട്ടില്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടുന്നത് സാന്താക്ലോസ് എന്ന സങ്കല്പമാണല്ലോ? എന്താണ് സാന്താക്ലോസ്? എവിടെയോ തന്‍റെ ഇടപെടല്‍ ആവശ്യമുള്ള ആരോ ഉണ്ടെന്നറിഞ്ഞ് പാതിരാവില്‍ ഇങ്ങനെ അലയുകയാണ്. ഒരു സാങ്കല്പിക കഥാപാത്രമാണ് സാന്താക്ലോസ് എന്നറിയാഞ്ഞിട്ടല്ല. എന്നിട്ടും ആവശ്യക്കാരന്‍റെ പടിവാതില്‍ക്കല്‍ എന്തോ വച്ചിട്ട് മറഞ്ഞുപോകുന്നു. താന്‍ ചെയ്ത സുകൃതത്തിനു മീതേ ഒരു നന്ദിവാചകം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ മറഞ്ഞുപോകുന്നു: ഒത്തിരി കരോള്‍ സംഘങ്ങള്‍ ഈ ദിവസങ്ങളില്‍ വീടിന്‍റെ ഉമ്മറങ്ങളില്‍ എത്തും. സാന്താക്ലോസ് ആയിരിക്കും കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കാരക്ടര്‍. എന്തുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങളെ സാന്താക്ലോസാകാന്‍ ക്ഷണിച്ചുകൂടാ? അതും ക്രിസ്മസ് കാലത്ത് ചിന്തിക്കേണ്ട കാര്യമല്ലേ? 
 
വിശേഷിച്ചും പ്രളയദുരന്തങ്ങളാല്‍ ദേശത്തെ നക്ഷത്രവിളക്കുകളും മെഴുകുതിരിനാളങ്ങളും ഒക്കെ കെട്ടുപോയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഉള്ളിലുള്ള നന്മയുടെ ഈര്‍പ്പത്തെ വീണ്ടെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ക്രിസ്തുമസ്? മാലാഖമാര്‍ പാടുന്ന പാട്ടുണ്ടല്ലോ, 'സന്മനസ്സുള്ളവര്‍ക്കു സമാധാനം.' വാസ്തവത്തില്‍ ശാന്തി അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ക്രിസ്തുകേന്ദ്രിതമായ ജീവിതശൈലിയോടുള്ള മമതകള്‍ കുറഞ്ഞുവരുന്നു എന്നു ധരിക്കുമ്പോഴും ക്രിസ്മസ് നല്ല രീതിയില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. വ്യാപാരത്തിനും വിനിമയങ്ങള്‍ക്കുമുള്ള നല്ല ഒരു കാലമായി മാറുന്നു. ആ ഉത്സവകാലത്തിനുള്ളില്‍ ആര്‍ക്കോവേണ്ടി ത്രസിക്കുന്ന, തുടിക്കുന്ന നിങ്ങളുടെ ഹൃദയമുണ്ട്. അത്രയും ഒരു ഹൃദയസ്പന്ദനമില്ലെങ്കില്‍ ഈ ക്രിസ്മസ് നിങ്ങളെ സഹായിക്കില്ല. നമ്മുടെ പരിസരങ്ങളില്‍ തന്നെ ഇടപെടാന്‍ ആവശ്യപ്പെടുന്ന ആരോ ഉണ്ട്. അവരിലേക്ക് എങ്ങനെയാണ് ശ്രദ്ധ പോകുന്നത്? ഉപേക്ഷ എന്നൊരു പാപമാണ് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന മേഖല. എല്ലായിടത്തും നമ്മളാരെയൊക്കെയോ കാണാതെ, കേള്‍ക്കാതെ, ചേര്‍ത്തു പിടിക്കാതെ പോകുന്നുണ്ട്. വല്ലപ്പോഴുമൊക്കെ ഭംഗിയുള്ള കാര്യങ്ങള്‍ സംഭവിക്കുന്നില്ലെന്നല്ല. ചെറിയ ചെറിയ സുകൃതങ്ങളുടെ പച്ച ഇനിയും പൊടിക്കുന്നുണ്ട്. നിസ്സംഗതയെന്ന പാപത്തെ കൃത്യമായി അഭിമുഖീകരിച്ച ആളാണ് യേശു. പിറവി തൊട്ടേയുള്ള വായനക്കകത്ത് ആ പദം എങ്ങനെയൊക്കെയോ കടന്നുകൂടുന്നുണ്ട്. യേശുവിന്‍റെ പിറവിയില്‍ ആനന്ദിച്ച മനുഷ്യരുണ്ട്. പാവപ്പെട്ടവരും ഇടയന്മാരും ജ്ഞാനികളും ഉള്‍പ്പെടെയുള്ള വലിയ സമൂഹം.
 
യേശു പറയുന്ന സമരിയാക്കാരന്‍റെ കഥയൊക്കെ നിസ്സംഗതയുമായി ബന്ധപ്പെട്ട അപരാധത്തിലേക്കുള്ള കൃത്യമായ സൂചന തന്നെയാണ്. ഒരു രാത്രിയില്‍ വഴിയോരത്തു പെട്ടുപോകുന്ന മനുഷ്യന്‍. വീട് വിട്ടുപോരുന്ന എല്ലാ മനുഷ്യര്‍ക്കും വഴിയില്‍ വച്ച് പരിക്കേല്‍ക്കേണ്ടതായി വരുന്നു. എന്തായിരുന്നു ഈ കഥയിലെ പുരോഹിതന്‍ ചെയ്ത അപരാധം? അത് നിസ്സംഗതയായിരുന്നു. മനുഷ്യന്‍റെ മൂന്നു തരത്തിലുള്ള മനോഭവങ്ങളെക്കുറിച്ചുള്ള ഈ കഥയില്‍ നിന്ന് വീണ്ടുവിചാരമോ കുറ്റബോധമോ ഒന്നും അനുഭവിക്കാതെ നമ്മള്‍ വളരെ വേഗത്തില്‍ പാതിരാക്കുര്‍ബാനക്കുവേണ്ടി ഓടിപ്പോവുകയാണ്.
 
യേശുവിന്‍റെ പിറവിയെ ഭയപ്പെട്ട മനുഷ്യരുണ്ട്. രക്ഷകന്‍ പിറന്നു എന്നു കേള്‍ക്കുന്ന നിമിഷം തൊട്ടേ അയാള്‍ ഇങ്ങനെ ഭയപ്പെടുന്നുവെന്നാണ് പറയുന്നത്. അതിനേക്കാള്‍ കഠിനമായത് അവന്‍റെ പിറവിയോട് നിസ്സംഗത പുലര്‍ത്തിയ മനുഷ്യരാണ്. എവിടെയാണ് ഉണ്ണി പിറക്കുന്നതെന്നു വേദപുസ്തകത്തിന്‍റെ പശ്ചാത്തലത്തില്‍ വായിച്ച് കൃത്യമായി വഴികാട്ടുന്ന മനുഷ്യര്‍. അവര്‍ ഈ രക്ഷകനെ ഏതെങ്കിലും തരത്തില്‍ ഭയന്നതായി വേദപുസ്തകം അടയാളപ്പെടുത്തുന്നില്ല. എന്നാല്‍ അവര്‍ ആ രാത്രിയില്‍ രക്ഷകനെ ആരാധിച്ചതിന്‍റെ അടയാളവുമില്ല. ഇതു തന്നെയാണ് നിസ്സംഗത. ആ നിസ്സംഗതയുടെ അനുഭവം ജീവിതത്തിലുടനീളം യേശു അഭിമുഖീകരിക്കുന്നുണ്ട്. മരണംപോലും വാസ്തവത്തില്‍ മനുഷ്യന്‍റെ ഇത്തരം നിസ്സംഗതകളില്‍ നിന്നുണ്ടായതാണെന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ. ആരൊക്കെയോ ക്രമപ്പെടുത്തിയ കണക്ക് അവര്‍ ഇങ്ങനെ നിലവിളിക്കുകയാണ്. ഞങ്ങള്‍ക്ക് അവന്‍റെ രക്തം വേണം. അവനെ വിട്ടുതരിക. അവന്‍റെ രക്തം ഞങ്ങള്‍ക്കു മീതേ പതിക്കട്ടെ എന്നൊക്കെ പറയുമ്പോള്‍ എവിടെപ്പോയിരുന്നു അവന്‍റെ സുകൃതങ്ങള്‍ ലഭിച്ചവര്‍? അവന്‍റെ വാക്കിന്‍റെ അമൃതു നുകര്‍ന്നവര്‍? പീലാത്തോസ് ഉപയോഗിക്കുന്ന മാനദണ്ഡംപോലും നിസ്സംഗതയുടേതാണ്. തന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഈ മനുഷ്യനെ വിധിക്കുവാന്‍ താന്‍ ആളല്ല എന്നയാള്‍ക്കു വ്യക്തമായറിയാം. എന്നിട്ടും ഈ കളിയിലുടനീളം അയാള്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ് യേശുവിനെ കഴുമരത്തിലേക്ക് എത്തിച്ചത്. പിറവിതൊട്ടു കഴുമരംവരെ യേശുപോലും അഭിമുഖീകരിച്ച കഠിനമായ അപരാധം. പതുക്കെപ്പതുക്കെ മനുഷ്യന്‍റെ ഹൃദയമിങ്ങനെ മഞ്ഞുമലയായി ഉറഞ്ഞുപോകുന്നു. ഹൃദയത്തിലിങ്ങനെ ഹിമശൈലങ്ങള്‍ രൂപപ്പെടുന്ന ഒരു കാലത്തിനകത്ത് നമ്മള്‍ തെളിയിച്ചു വയ്ക്കുന്ന ഒരു നക്ഷത്രവിളക്കിന്‍റെ ചൂടുപോലും ഈ ഒരു മഞ്ഞിനെ ഉരുക്കാന്‍ പര്യാപ്തമല്ല. 
 
കുറേക്കൂടി നമ്മുടെ കരങ്ങള്‍ പ്രപഞ്ചത്തിനു മീതേ വിരിച്ചു പിടിക്കാം. യേശു പറയുന്ന സമരിയാക്കാരന്‍റെ കഥയൊക്കെ നിസ്സംഗതയുമായി ബന്ധപ്പെട്ട അപരാധത്തിലേക്കുള്ള കൃത്യമായ സൂചന തന്നെയാണ്. ഒരു രാത്രിയില്‍ വഴിയോരത്തു പെട്ടുപോകുന്ന മനുഷ്യന്‍. വീട് വിട്ടുപോരുന്ന എല്ലാ മനുഷ്യര്‍ക്കും വഴിയില്‍ വച്ച് പരിക്കേല്‍ക്കേണ്ടതായി വരുന്നു. എന്തായിരുന്നു ഈ കഥയിലെ പുരോഹിതന്‍ ചെയ്ത അപരാധം? അത് നിസ്സംഗതയായിരുന്നു. മനുഷ്യന്‍റെ മൂന്നു തരത്തിലുള്ള മനോഭവങ്ങളെക്കുറിച്ചുള്ള ഈ കഥയില്‍ നിന്ന് വീണ്ടുവിചാരമോ കുറ്റബോധമോ ഒന്നും അനുഭവിക്കാതെ നമ്മള്‍ വളരെ വേഗത്തില്‍ പാതിരാക്കുര്‍ബാനക്കുവേണ്ടി ഓടിപ്പോവുകയാണ്. ഇത്തവണ ക്രിസ്മസിനുവേണ്ടി അപ്പത്തരങ്ങള്‍ ഉണ്ടാക്കുമ്പോള്‍, ഒരുപാടുപേരെ വിരുന്നിനു വിളിക്കുമ്പോള്‍ ഒരു നിമിഷം കണ്ണുപൂട്ടി ആലോചിച്ചാല്‍ നല്ലതാണ്.... ഇതാര്‍ക്കായിരിക്കും കൂടുതല്‍ ഉതകുക? ആര്‍ക്കുവേണ്ടിയായിരിക്കണം ഞാനെന്‍റെ വിരുന്നുകള്‍ ഒരുക്കേണ്ടത്? യേശു പറയുന്നുണ്ടല്ലോ, 'അത്താഴമോ, മുത്താഴമോ തിരികെത്തരാന്‍ കെല്പില്ലാത്തവരെ വിരുന്നിനു വിളിക്കുക'. നമ്മുടെ ഒരു വിരുന്നിനകത്തും അത്തരം മനുഷ്യര്‍ക്ക് ഇടമില്ല. അവരെ നമുക്കു പേടിയാണ്. നമ്മുടെ വിരുന്നുമേശകളില്‍ നിന്നൊക്കെ അര്‍ഹതയുള്ളവരെ മൗനംകൊണ്ടുപോലും പുറന്തള്ളുമ്പോള്‍ അതിലൊക്കെ നസ്രത്തിലെ യേശുവിന്‍റെ പ്രതിബിംബം തെളിയുന്നുണ്ട്.
 
ചുറ്റും കഠിനമായ ദാരിദ്ര്യം നിലവിളിച്ചു നടക്കുമ്പോള്‍ വെറും ആരവങ്ങളും മുഴക്കങ്ങളുമായി മറയാതെ അര്‍ത്ഥപൂര്‍ണമായ ഒരു നിമിഷത്തിലേക്ക് പ്രചോദിതരാകുക. ആരോ കാത്തുനില്‍ക്കുന്നു എന്നോര്‍ക്കാതെ അടച്ചിട്ട ഭവനങ്ങളില്‍ നടക്കുന്ന വിരുന്നുകളോട് യേശുവിന് അനിഷ്ടം. കണ്ണുനിറയാന്‍ കാരണങ്ങളുള്ളപ്പോള്‍ നീതീകരിക്കപ്പെടാത്ത ചിരികളോട് അനിഷ്ടം. അപരനുവേണ്ടിയല്ലാതെ കുമിഞ്ഞുകൂടുന്ന ധനത്തോട് അനിഷ്ടം. ദുഃഖഗാനങ്ങള്‍ക്കു കാതോര്‍ക്കാതെ നാം ഒരുക്കുന്ന വിരുന്നുകളെല്ലാം ആര്‍ക്കുവേണ്ടി?

You can share this post!

നവ്യം

ബോബി ജോസ് കപ്പൂച്ചിന്‍
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts