news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

കഠോപനിഷത്തില്‍ നചികേതസും യമനും തമ്മില്‍ സംവാദത്തില്‍ ഏര്‍പ്പെടുന്ന ഒരു രംഗവമുണ്ട്. മരണത്തിന്‍റെ രഹസ്യമൊഴിച്ച് ഭൂമിയിലെ സര്‍വ്വ സമ്പത്തും സൗഭാഗ്യങ്ങളും ആഹ്ലാദങ്ങളും യമന്‍ നചികേതസിനു വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ നചികേതസ് തിരിച്ചൊരു ചോദ്യത്തിലൂടെ യമന്‍റെ വാഗ്ദാനങ്ങളെ നിരസിക്കുകയാണ്. മരണത്തിന്‍റെ മുഖം ഇത്രയേറെ അടുത്തു വന്നു നില്‍ക്കുമ്പോള്‍ മര്‍ത്യനായ മനുഷ്യനെങ്ങനെ ഈ സമ്പത്തും സൗഭാഗ്യങ്ങളും ആസ്വദിക്കാന്‍ സാധിക്കും? അതെ, മരണമെന്ന ചിന്ത നിന്നെ ബുദ്ധനോ, ക്രിസ്തുവോ, നചികതസോ ഒക്കെയാക്കി മാറ്റും എന്നു കുറിച്ചത് ബോബിയച്ചനാണ്. 
 
മരണത്തിന്‍റെ തണുത്തു വിറങ്ങലിച്ച നിമിഷങ്ങളില്‍ നിന്ന് നിന്നെ അമര്‍ത്യതയുടെ ചൂടിലേക്കും ചൂരിലേക്കും ഉയര്‍ത്താന്‍ കെല്‍പ്പുനല്കുന്നത് "എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവന്‍ മരിച്ചാലും ജീവിക്കുമെന്ന" ക്രിസ്തു വചനത്തിന്‍റെ ആത്മാവാണ്. വി. കുര്‍ബാനയുടെ ജീവിതാനുഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ നിത്യജീവിതത്തിലെ ഈ ആത്മഭോജനം എത്രത്തോളം എന്‍റെ ജീവിതത്തെ അമര്‍ത്യതയുടെ തലങ്ങളിലേക്ക് ഉയര്‍ത്തുന്നുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്.
 
ഇതെന്‍റെ ശരീരമാണ്, ഇതെന്‍റെ രക്തമാണ് എന്നു പറഞ്ഞ് ക്രിസ്തു വി. കുര്‍ബാന എന്ന കൂദാശ സ്ഥാപിക്കുന്ന ഇടം ഒരു മനുഷ്യായുസ്സൊടുങ്ങാന്‍ പോകുന്നതിന്‍റെ മുന്നോടിയായി സംഭവിച്ചതാണ്. ഇനി മുതല്‍ താന്‍ സ്നേഹിച്ചവരോടൊപ്പം അപ്പം പങ്കിടാന്‍ ഞാനുണ്ടാകില്ല എന്ന വ്യഥയും ഒടുങ്ങാത്ത സ്നേഹവും മുറിച്ചുനല്‍കാന്‍, ഇല്ലാതാകാന്‍ അവനെ പ്രാപ്തനാക്കുകയായിരുന്നു. അവന്‍റെ ജീവിതം മുഴുവന്‍ ഈ സ്നേഹത്തിന്‍റെ പ്രതിഫലനങ്ങളായിരുന്നു. അങ്ങനെയാണ് അവന്‍റെ ഒടുക്കത്തെ അത്താഴം അനന്തസ്നേഹത്തിന്‍റെ മൂര്‍ത്തരൂപമായ വിശുദ്ധ കുര്‍ബാനയായി മാറുന്നത്.
 
കാലത്തിന്‍റെ ഗതിവേഗങ്ങള്‍ക്കിടയില്‍ ഇന്നും അതേ വി. കുര്‍ബാന കൂടുതല്‍ ആദരവോടെയും ബഹുമാനത്തോടെയും ആരാധനസ്തോത്രങ്ങളോടെയും അര്‍പ്പിക്കപ്പെടുമ്പോള്‍, വര്‍ഷത്തില്‍ 365 ദിവസവും പങ്കുവെയ്ക്കപ്പെടുമ്പോള്‍, ആരാധനയുടെയും ഭക്തിയുടെയും തലങ്ങള്‍ ഉച്ചസ്ഥായിയില്‍ ഘോഷിക്കപ്പെടുന്നു. അവിടെ സംഭവിക്കുന്ന മുറിക്കപ്പെടലും പങ്കുവെയ്ക്കപ്പെടലും എന്തേ എന്‍റെ നിത്യജീവിതത്തില്‍ ഇന്ന് നടക്കാതെ പോകുന്നത്? എവിടെയോ ഈ കൂദാശയെ അതിന്‍റെ ആഴത്തിലും അര്‍ത്ഥത്തിലും മനസിലാക്കാന്‍ ഞാന്‍ മറന്നുപോയോ? കുര്‍ബാനയെന്നത് ഒരാചാരവും അനുഷ്ഠാനവുമായി തരംതാഴുമ്പോള്‍ നിത്യജീവിതത്തിന്‍റെ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ക്ക് ഒരിക്കലും ശമനമുണ്ടാവില്ല. ഇന്ന് പലപ്പോഴും കുര്‍ബാനയെ അമിതവൈകാരികതയുടെ പിന്‍ബലത്തില്‍ നിറംപിടിപ്പിച്ച കഥകളുടെയും സാക്ഷ്യപ്പെടുത്തലുകളുടെയും അകമ്പടിയോടെ അവതരിപ്പിക്കുന്നത് മുറിക്കപ്പെടലിന്‍റെയും പങ്കുവയ്ക്കലിന്‍റെയും തലങ്ങളെ തമസ്കരിക്കുന്നതിന് കാരണമാകുന്നു. സ്ഥലം വിറ്റുപോകാത്തതിനും കടബാധ്യതകള്‍ക്കും രോഗശാന്തികള്‍ക്കും ഉത്തരമായി ഒരു ഗ്രിഗോറിയന്‍ (മുപ്പതുദിവസം തുടര്‍ച്ചയായി 30 കുര്‍ബാന) കുര്‍ബാന ചൊല്ലിച്ചാല്‍ മതിയെന്നും അതിനായി 27500രൂപ ഫീസുണ്ടെന്നും പറഞ്ഞ് പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാന്‍ ഇന്നും ആളുകളുണ്ടിവിടെ. ദൈവമെന്നത് ഇവരു കരുതുന്നതുപോലെ, ശാപമോക്ഷങ്ങള്‍ക്ക് വിലയിട്ട് എണ്ണത്തിന്‍റെ പെരുക്കങ്ങളില്‍ മുകളിലേക്ക് കയറ്റിവിടുന്ന മൂന്നാംകിട രാഷ്ട്രീയക്കാരനല്ലെന്ന് ഇനി എന്നു മനസ്സിലാക്കാനാണ്.
 
വി. കുര്‍ബാനയില്‍ ക്രിസ്തു വിഭജിച്ചും മുറിച്ചും കൊടുക്കുന്നത് നെഞ്ചിലെ ഒടുങ്ങാത്ത സ്നേഹത്തിന്‍റെ അഗ്നികൊണ്ടാണ്. എവിടെയൊക്കെ ഇനിയും നിനക്ക് വിഭജിച്ചുകൊടുക്കാനാകുമോ നിത്യജീവിതത്തിന്‍റെ നരച്ച യാതനകള്‍ക്കിടയിലും അപരന്‍റെ നെഞ്ചിലെ വിങ്ങുന്ന ഹൃദയത്തെ നിന്‍റെ നെഞ്ചോടു ചേര്‍ക്കാനാകുമോ അവിടെ മാത്രം കുര്‍ബാന നിന്‍റെ ജീവിതത്തില്‍ ഇടം നേടും. തിരികെ ഒന്നും പ്രതീക്ഷിക്കാതെ ഒറ്റിക്കൊടുക്കപ്പെടുമ്പോഴും പരാതികളില്ലാതെ സ്നേഹം മാത്രം പങ്കുവയ്ക്കാനായാല്‍ അത് കുര്‍ബാനയുടെ നേര്‍സാക്ഷ്യമാണ്. വര്‍ഷത്തില്‍ 365 ദിവസവും നാവുനീട്ടി കുര്‍ബാന സ്വീകരിക്കന്നതുകൊണ്ടോ, അര്‍പ്പിക്കുന്നതുകൊണ്ടോ ഒരാളും വിശുദ്ധീകരിക്കപ്പെടാനോ അമര്‍ത്യതയിലേക്ക് ഉയര്‍ത്തപ്പെടാനോ പോകുന്നില്ല, എന്ന് ഇത്(കുര്‍ബാന) എന്‍റെ നിത്യജീവിതത്തിലെ സംഭവവികാസങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നോ അന്നു മാത്രം ഞാന്‍ അമര്‍ത്യസ്നേഹത്തിലേക്ക് എടുത്തെറിയപ്പെട്ടേക്കാം. അല്ലാത്ത പക്ഷം പഴയ Wrigley’s Chewing gum പരസ്യത്തിലേതുപോലെ 'മുഖവ്യായാമത്തിന് നിങ്ങളെന്തു ചെയ്യുന്നു? കഴിക്കൂ   Wrigley’s Chewing Gum' എന്ന അവസ്ഥയിലേക്ക് മാറും. 
 
പേരില്‍പോലും ക്രിസ്തീയത പങ്കുപറ്റിയിട്ടില്ലാത്ത അനേകരുടെ ജീവിതം കുര്‍ബാനയുടെ നേര്‍സാക്ഷ്യമാകുന്നതിവിടെയാണ്, ചില നന്മകള്‍ക്കുവേണ്ടി, മറ്റുള്ളവര്‍ക്കായി തിരികെ ഒന്നും പ്രതീക്ഷിക്കാതെ മുറിച്ചു നല്കുമ്പോള്‍ അവരുടെ ജീവിതവും കുര്‍ബാനയായി മാറുന്നുണ്ട്, അമര്‍ത്യമാകുന്നുണ്ട്. ഇതു കുറിക്കുമ്പോള്‍ കഴിഞ്ഞ ദിനങ്ങളൊന്നില്‍ മരണമടഞ്ഞ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ കണ്ണന്‍ ചേട്ടനെയാണ് ഓര്‍മ്മവരുന്നത്. തിരികെ ഒന്നും പ്രതീക്ഷിക്കാതെ കണ്ടുമുട്ടിവര്‍ക്കെല്ലാം എല്ലാമായിരുന്ന മനുഷ്യന്‍. കാടിന്‍റെ ആത്മാവിറഞ്ഞവന്‍. ഇന്നും ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ അദൃശമുദ്ര പേറുന്നവര്‍ ജീവിതം കുര്‍ബാനയാക്കി മാറ്റുന്നവരാണ്. 
 
അസ്സീസിയിലെ വി. ഫ്രാന്‍സിസിന് തന്‍റെ കാലഘട്ടത്തില്‍ വളരെ കുറച്ച് വിശുദ്ധ കുര്‍ബാനകളില്‍ മാത്രമേ പങ്കെടുക്കുവാന്‍ സാധിച്ചുള്ളുവെങ്കില്‍ പോലും തന്‍റെ ജീവിതത്തെ മുറിച്ചും വിഭജിച്ചും കൊടുക്കുന്നതില്‍ തെല്ലും പിശുക്കുകാട്ടിയിരുന്നില്ല. പൂവിനും പുല്‍ക്കൊടിക്കും പുഴുവിനും പൂമ്പാറ്റയ്ക്കും മനുഷ്യനും ചെന്നായ്ക്കും കാറ്റിനും മരങ്ങള്‍ക്കും വേണ്ടതു കൊടുക്കാന്‍, താനുണ്ടില്ലെങ്കിലും സഹോദരനെ ഊട്ടാന്‍ അവന് ആകുമായിരുന്നു. 
 
അതെ, കുര്‍ബാനയെന്നത് ഒരു മണിക്കൂര്‍ ദേവാലയത്തില്‍ മാത്രം സംഭവിക്കുന്ന ഒരു അനുഷ്ഠാനമല്ല. അതൊരു തുടര്‍ച്ചയാണ്. ദേവാലയത്തില്‍ നിന്നിറങ്ങി എന്‍റെ നിത്യജീവിതത്തിന്‍റെ കയറ്റിറക്കങ്ങളിലും ഊടുവഴികളിലും സംഭവിക്കേണ്ട സ്നേഹത്തിന്‍റെയും വിഭജിക്കപ്പെടലിന്‍റെയും പിന്‍തുടര്‍ച്ച. അതെ, ഇതൊരു വിരുന്നു കൂടിയാണ്, എനിക്കു നല്‍കാനുള്ള അവസാനത്തെതുള്ളി കൂടി നല്‍കി വിട വാങ്ങുന്ന വിരുന്ന്.
 
ഈ ലക്കത്തില്‍ വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രപരവും ആത്മീയവുമായ തലങ്ങളിലേക്ക് ബഹു. ഇല്ലിക്കമുറി അച്ചന്‍റെ ലേഖനവും മുഖാമുഖവും കൂടുതല്‍ വ്യക്തതകള്‍ നല്കുന്നുണ്ട്. കുര്‍ബാനയെന്ന കൂദാശയുടെ ചരിത്രപശ്ചാത്തലങ്ങളിലൂടെയും കാലഘട്ടങ്ങളിലൂടെ സംഭവിച്ച പൗരോഹിത്യശുശ്രൂഷകളുടെ രൂപമാറ്റങ്ങളിലൂടെയും ജിജോ കുര്യന്‍ ഈ കൂദാശയുടെ ആത്മാവിലേക്ക് വെളിച്ചം വീശുന്നു.

You can share this post!

വിവാഹാലോചന

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts