news-details
ഇടിയും മിന്നലും

ചെകുത്താന്‍റെ മുട്ട ...

(ഏപ്രില്‍ ലക്കം തുടര്‍ച്ച) 
 
എൻ്റെയടുത്തുനിന്നും അത്ര തിരക്കിട്ടുപോയ അയാളു സിസ്റ്ററിനെയുംകൂട്ടി ഉടനെവരുമെന്നു പ്രതീക്ഷിച്ചു ഞാന്‍ കുറച്ചുനേരം കാത്തിരുന്നു. കാണാഞ്ഞതുകൊണ്ട് അവരു വിട്ടുപോയിക്കാണും എന്നു കണക്കുകൂട്ടി ഞാന്‍ മുറിക്കകത്തേക്കുപോയി. കുറേക്കഴിഞ്ഞ് വികാരിയച്ചന്‍ അവരെയുംകൂട്ടി വന്നുവിളിച്ചപ്പോളാണ് അവര്‍ അച്ചന്‍റെയടുത്തായിരുന്നു എന്നു മനസ്സിലായത്.
 
"ഇവന്‍ അച്ചനോടുപറഞ്ഞതു സിസ്റ്ററുകേള്‍ക്കാതിരിക്കാന്‍ സിസ്റ്ററിനെ അച്ചന്‍ പള്ളിയിലിരുത്തിയതില്‍ പരിഭവമുണ്ടെന്നുപറഞ്ഞ് എന്‍റെയടുത്തുവന്നു."
 
"അതുകൊണ്ടല്ലച്ചാ. ഇവന്‍ അച്ചനെക്കണ്ടിട്ടുവന്ന്, എന്നോടു കൊന്തചൊല്ലിയതുമതി, ഉടനെ പോയേക്കാമെന്നു പറഞ്ഞപ്പോള്‍, എനിക്കും അച്ചനോടല്‍പം സംസാരിക്കണമെന്നുപറഞ്ഞിട്ട് ഇവന്‍ സമ്മതിച്ചില്ല. പറഞ്ഞുഫലിപ്പിക്കാന്‍ ഇവന്‍ അതിസമര്‍ത്ഥനാണച്ചാ. അച്ചനെ ഇവന്‍ പറഞ്ഞുപറ്റിച്ചുകാണുമെന്നെനിക്കുതോന്നി. അതുകൊണ്ടാണ് എനിക്കും ചിലതൊക്കെ അച്ചനോടുപറയാനുണ്ടെന്നു ഞാന്‍ നിര്‍ബ്ബന്ധിച്ചത്."
 
"ചേച്ചി പറഞ്ഞുതുടങ്ങിയാല്‍ ഇന്നെങ്ങുംതീരില്ലച്ചാ, അതുകൊണ്ടാണു ഞാന്‍ തടസ്സംപറഞ്ഞത്."
 
"അതിനുള്ള പ്രാശ്ചിത്തം ഇനിയിപ്പം ഞാന്‍തന്നെ ചെയ്യാം, ഇവനെക്കൊണ്ടും ചെയ്യിക്കാം. തനിക്കു പള്ളീലിരിക്കാനും കൊന്തചൊല്ലാനും മടിയാണെന്നറിയാം. അതുകൊണ്ടു വികാരിയച്ചന്‍റെകൂടെച്ചെന്ന് അച്ചനു ചെറിയ പണികൊടുക്ക്. ഞാനിവിടേം പണിതുടങ്ങാം." അയാള്‍ ചെറുചിരിയോടെ അച്ചന്‍റെകൂടെപോയി.
 
"അവനെന്നാ പറഞ്ഞച്ചാ?"
 
"അതൊരു ശേലില്ലാത്ത ചോദ്യമാണല്ലോ സിസ്റ്ററേ, അവന്‍ പറഞ്ഞതെല്ലാം സിസ്റ്ററിനോടു പറയാനായിരുന്നെങ്കില്‍പിന്നെ അവന്‍ സിസ്റ്ററിനോട് ഒഴിവാകാന്‍ പറയത്തില്ലായിരുന്നല്ലോ."
 
"എല്ലാംഅറിയാനുള്ള കൊതികൊണ്ടല്ലച്ചാ, അവന്‍റെ മനസ്സുമാറിയോ, അവന്‍ നന്നാകുമോന്നറിയാനാ."
 
"അങ്ങനെചോദിച്ചാല്‍ അതിപ്പോള്‍, ആരുടെ മനസ്സാണു മാറേണ്ടതെന്നും, ആരാണു നന്നാകേണ്ടതെന്നും  ആദ്യംതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു." ഞാനല്പം നിര്‍ത്തിനിര്‍ത്തിയാണത്രയും പറഞ്ഞത്.
 
"ആരെയും പറഞ്ഞുവശത്താക്കാന്‍ അവന് അപാരകഴിവാണ്. അച്ചനെയും അവന്‍ പറഞ്ഞുവശത്താക്കി. അതെനിക്കു നേരത്തെ ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെയാണച്ചാ, എനിക്കും അച്ചനെ കാണണമെന്നു നിര്‍ബ്ബന്ധിച്ചത്."
 
"ഒന്നും സംസാരിക്കുന്നതിനുമുമ്പുതന്നെ സിസ്റ്റര്‍ എന്‍റെനേരെ വ്യക്തമായ ആരോപണമുന്നയിച്ചുകഴിഞ്ഞു. ഇനിയിപ്പോള്‍ അതു തെളിയിക്കാനുള്ള ബാദ്ധ്യതകൂടിയുണ്ട്."
 
"മാറേണ്ടത്, അവന്‍റെ മനസ്സല്ല എന്‍റേതാണെന്നാണല്ലോ അച്ചന്‍ മുമ്പേ പറഞ്ഞതിന്‍റെയര്‍ത്ഥം. അച്ചനെയവന്‍ തെറ്റിധരിപ്പിച്ചു എന്നുള്ളതിന് അതുതന്നെ പോരെയച്ചാ തെളിവിന്?"
 
"അതുകൊള്ളാമല്ലോ. അപ്പോള്‍ സിസ്റ്റര്‍ പറയുന്നതുമാത്രം ശരി, അതുമാത്രം ഞാനും വിശ്വസിച്ചാല്‍ മതിയെന്ന്. മുഴുവന്‍ ശരികളുടെയും കുത്തകാവകാശം സിസ്റ്ററിനുമാത്രമായി തന്നതാരാണുപോലും! സിസ്റ്ററു ശരിയെന്നു പറയുന്നതെല്ലാം ശരിയെന്നും, ശരിയല്ലെന്നുപറയുന്നതെല്ലാം ശരിയല്ലെന്നും അപ്പാടെ ഞാനും അവനും സമ്മതിക്കണം, അതല്ലെ സിസ്റ്ററിന്‍റെ ഡിമാന്‍റ്? അതിന് അവന്‍ വെറുമൊരു മണ്ടനോ ഓക്കാണ്ടനോ വല്ലോമായിരിക്കണം. പക്ഷേ, അവന്‍ സാമാന്യം ബോധോം വിവരോം ഉള്ളവനായതുകൊണ്ട് അതിനു തയ്യാറാകുന്നില്ല, സിസ്റ്റര്‍ പറയുന്നത് അവനംഗീകരിക്കുന്നില്ല, അത്രതന്നെ."
 
"ഇങ്ങനെ തര്‍ക്കിക്കാന്‍ ഞാനില്ലച്ചാ. ഞാന്‍ പൊക്കോളാം." ഭയങ്കര പരിഭവത്തോടെ സിസ്റ്റര്‍ പോകാനെഴുന്നേറ്റു.
 
"സിസ്റ്റര്‍ ഇപ്പോള്‍ എന്‍റടുത്തുവന്നതു ഞാന്‍ വിളിച്ചിട്ടല്ലല്ലോ സ്വന്തഇഷ്ടപ്രകാരമല്ലേ, പോകുന്നതും സിസ്റ്ററിന്‍റെ ഇഷ്ടംപോലെയാകാം. പക്ഷേ, എന്‍റെനേരെ വിരലുചൂണ്ടിയിട്ട്, എനിക്കുപറയാനുള്ളതുകൂടി കേള്‍ക്കാന്‍ നില്‍ക്കാതെ, വെറുതെ പൊടീംതട്ടിയങ്ങുപോകുന്നതു മാന്യതയാണോ എന്നുകൂടെ ഒന്നു ചിന്തിക്കുന്നതു നന്നായിരിക്കും." എന്‍റെ സ്വരമല്പം പരുഷമായിരുന്നു.
 
"ഞാനച്ചന്‍റെനേരെ വിരലുചൂണ്ടിയതല്ല, കുറ്റപ്പെടുത്തിയതുമല്ല, എന്‍റെ പ്രയാസംകൊണ്ടു പറഞ്ഞുപോയതായിരുന്നു." തൂവാലകൊണ്ടു മുഖംമറച്ചപ്പോള്‍ മനസ്സിലായി വിങ്ങിപ്പൊട്ടുകയാണെന്ന്. വാക്കുകള്‍ മയപ്പെടുത്താമായിരുന്നു എന്നു മനസ്സുകുറ്റപ്പെടുത്തി.
"വെരി സോറി സിസ്റ്റര്‍, ക്ഷമിക്കണം. ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. ഞാനങ്ങനെ പറഞ്ഞതിന്‍റെപേരില്‍ സമ്മര്‍ദ്ദംതോന്നി സിസ്റ്റര്‍ ഇരിക്കണമെന്നുമില്ല."
 
"സോറി, ഫാദര്‍. ഞാന്‍ വന്നതു വെറുതെയായിപ്പോയല്ലോന്നോര്‍ത്തു പോകാന്‍ തോന്നിപ്പോയി." അതുംപറഞ്ഞ് വീണ്ടും സിസ്റ്ററിരുന്നു. 
 
"ഞാന്‍ യാതൊന്നും സിസ്റ്ററിനോടു പറയാനുദ്ദേശിച്ചിരുന്നില്ല. പക്ഷേ, സിസ്റ്റര്‍ പിന്നെയും ഇരുന്ന സ്ഥിതിക്ക് ചിലതങ്ങോട്ടു പറയാം. സിസ്റ്റര്‍ ധ്യാനിപ്പിക്കുന്ന ആളാണെന്ന് അച്ചന്‍ പറഞ്ഞറിഞ്ഞിരുന്നു. ഞാനുമൊരു ധ്യാനഗുരു. അതുകൊണ്ട് ആ നിലവാരത്തില്‍ത്തന്നെ നമുക്കു സംസാരിക്കാം. സിസ്റ്ററിനും എനിക്കും, എന്നുപറഞ്ഞാല്‍ നമുക്ക് അച്ചന്മാര്‍ക്കും സിസ്റ്റേഴ്സിനും പൊതുവേയും, ധ്യാനിപ്പിക്കുന്നവര്‍ക്കു പ്രത്യേകിച്ചും, ഒരു തോന്നലുണ്ട്, നമുക്കെല്ലാം അറിയാമെന്ന്. മറ്റുള്ളവരൊക്കെ, പ്രത്യേകിച്ചും നമ്മളോട് എതിര്‍ക്കുന്നവരൊക്കെ നമ്മളു പറയുന്നതങ്ങ് അംഗീകരിച്ചാല്‍ മതിയെന്ന്. തീരെ പ്രതിപക്ഷ ബഹുമാനമില്ലാത്തവരാണു നമ്മള്‍. ഇപ്പോളത്തെ ഈ പ്രശ്നംതന്നെയെടുക്കുക. സിസ്റ്റര്‍ എന്നെകാണണമെന്നു പറഞ്ഞതെന്തിനാണെന്നു ഞാനങ്ങോട്ടുപറയാം. അതിനു ദര്‍ശനവരമൊന്നുംവേണ്ട, സാമാന്യബോധംമതി. സിസ്റ്ററിന്‍റെ മനസ്സിലെ പട്ടികയില്‍, മറ്റുള്ളവര്‍ എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ചില മുന്‍ഗണനകളുണ്ട്, വീട്ടുകാരെപ്പറ്റിയുമുണ്ട് സിസ്റ്ററിന് അങ്ങനെ ചില പ്രതീക്ഷകള്‍. അവരെല്ലാം ആണ്ടില്‍ രണ്ടുമൂന്നു ധ്യാനംകൂടണം, ജാഗരണപ്രാര്‍ത്ഥന, ഉപവാസപ്രാര്‍ത്ഥന, ബൈബിള്‍ വായന, എല്ലാദിവസവും പള്ളീല്‍പോക്ക് അങ്ങനെ വേറെയും കുറെകാര്യങ്ങള്‍. അതെല്ലാമുണ്ടായാല്‍ എല്ലാം നല്ലകണ്ടീഷനായി എന്നാണ് സിസ്റ്ററിന്‍റെ വിശ്വാസം. സിസ്റ്ററിന്‍റെ വീട്ടില്‍ ഈ സഹോദരനൊഴികെ ബാക്കിയെല്ലാവരും സിസ്റ്ററാഗ്രഹിക്കുന്നതുപോലെ കൃത്യമായിചെയ്യുന്നുണ്ട്. പക്ഷേ ഇവന്‍മാത്രം അതൊന്നും ചെയ്യുന്നില്ലെന്നുമാത്രമല്ല, അവര്‍ ആ ചെയ്യുന്നതിനോടൊക്കെ ഇവനു തികഞ്ഞ അവജ്ഞയാണുതാനും. ഇതല്ലേ വിഷയം?"
 
"അവരു ചെയ്യുന്നതെല്ലാം വെറും തട്ടിപ്പാണ്, കളിപ്പീരാണ്, കച്ചവടമാണ്, വെള്ളപൂശലാണ് എന്നൊക്കെയാണ് അവന്‍റെ വാദങ്ങള്‍. അവന്‍ താമസിക്കുന്നതു വേറെമാറിയായതുകൊണ്ട് വല്ലപ്പോഴുമേ തറവാട്ടു വീട്ടില്‍ വരാറുള്ളു. ഞാനവിടെ ചെല്ലുന്നതുതന്നെ അവനിഷ്ടവുമില്ല. ആണ്ടുതോറും ധ്യാനംകൂടിയിട്ട് എന്നാമാറ്റമാ വന്നത്? ധ്യാനമന്ദിരത്തില്‍ ഭജനയിരുന്നിട്ടെന്തുകിട്ടാനാ? എല്ലാദിവസോം പള്ളീപ്പോയാലേ പുണ്യംകിട്ടത്തുള്ളോ? വീട്ടിലെക്കാര്യം നോക്കിയിട്ടുപോരെ പ്രാര്‍ത്ഥിക്കാന്‍ പോക്ക്? ഇതൊക്കെയാണവന്‍റെ ചോദ്യങ്ങള്‍. ഇവനെപ്പോലെ നന്നാകാന്‍ മനസ്സില്ലാത്തവരൊക്കെ തടിതപ്പാനെടുക്കുന്ന അടവല്ലെയച്ചാ, ഇതൊക്കെ? ചേട്ടത്തി കല്യാണംകഴിച്ചുവന്ന നാളുമുതല്‍ അമ്മയുമായിട്ട് എന്നും പൊരിഞ്ഞയുദ്ധമായിരുന്നു. പക്ഷേ ധ്യാനംകൂടിക്കഴിഞ്ഞ്, അമ്മയെന്തൊക്കെപ്പറഞ്ഞാലും ചേടത്തിയമ്മ ഉറക്കെ കൊന്തചൊല്ലത്തേയുള്ളു. രണ്ടുമൂന്നുദിവസം ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ ചേട്ടത്തി ധ്യാനമന്ദിരത്തിലും വരുന്നുണ്ട്. അമ്മയിപ്പോ തീരെകിടപ്പായി. അവിടെക്കിടന്നോണ്ടു എത്ര ചീത്തവിളിച്ചാലും ചേട്ടത്തി അതിനെക്കാളും സ്വരത്തില്‍ കരുണക്കൊന്ത ചൊല്ലത്തേയുള്ളു. സന്ധ്യാപ്രാര്‍ത്ഥന തീരെകുറവായിരുന്ന എന്‍റെവീട്ടില്‍ ഇപ്പോള്‍ സന്ധ്യാപ്രാര്‍ത്ഥനേം രാവിലെ ബൈബിള്‍ വായനേം മുടങ്ങാതെ നയിക്കുന്നത് അപ്പനാണ്. അമ്മയൊഴികെ എല്ലാവരും എന്നും പള്ളീലും പോകുന്നുണ്ട്. ഇതെല്ലാം വെറുംകളിപ്പീരാണെന്ന് അവന്‍ പറയുമ്പോള്‍ പിശാചല്ലെയച്ചാ അവനെക്കൊണ്ടിതെല്ലാം പറയിപ്പിക്കുന്നത്?" 
 
"അവന്‍ പറയുന്നതെല്ലാം പിശാചു പറയിക്കുന്നതാണെന്ന സിസ്റ്ററിന്‍റെ കണ്ടുപിടുത്തത്തില്‍ കടിച്ചുതൂങ്ങാതെ, അവനാ പറയുന്നതിന്‍റെ കാരണം എന്താണെന്നു സിസ്റ്ററു ചിന്തിച്ചുനോക്കിയിട്ടുണ്ടോ?"
 
"ഇത്രയൊക്കെ നല്ലകാര്യം അവരുചെയ്തിട്ടും അതെല്ലാം നാടകമാണ്, അഭിനയമാണെന്നൊക്കെ പറയുന്ന അവനോടു കാരണം ചോദിക്കണോ? അതു പിശാചിന്‍റെ ബന്ധനമല്ലാതെ വേറെന്താണച്ചാ? അവനു തന്നിഷ്ടപ്രകാരം നടക്കണം നന്നാകാന്‍ മനസ്സില്ല, അത്രേയുള്ളു."
 
"മുമ്പത്തേപ്പോലെ തര്‍ക്കിക്കാനില്ലെന്നുംപറഞ്ഞ് ചാടിയെഴുന്നേറ്റ് ഓടത്തില്ലെന്നുറപ്പുണ്ടെങ്കില്‍ ഞാന്‍ ആ പിശാചുക്കളെ ഓരോന്നോരോന്നായി പിടിച്ച് സിസ്റ്ററിന്‍റെ മുമ്പിലേക്കിട്ടുതരാം. അതിനെയൊക്കെ തല്ലിഓടിക്കണോ, പിടിച്ചുകെട്ടണോ എന്നൊക്കെ തന്നെത്താനെ തീരുമാനിച്ചാല്‍മതി." അവരു മിണ്ടാതെ കുനിഞ്ഞിരുന്നതെയുള്ളു.
"അമ്മ കിടപ്പായിട്ട് എത്രനാളായി?"
 
"കുറേനാളായി. വീണ് ഇടുപ്പെല്ലൊടിഞ്ഞു, നട്ടെല്ലിനു പൊട്ടലുംപറ്റി. നില്ക്കാനും നടക്കാനും പറ്റത്തില്ല. ചേട്ടത്തിയമ്മക്കു തീരെനേരമില്ലാത്തതുകൊണ്ട് അമ്മേ നോക്കാനൊരു ജോലിക്കാരത്തിയെ ആക്കിയിട്ടുണ്ട്."
 
"മുട്ടയിടുന്ന ചെകുത്താനെപ്പറ്റി സിസ്റ്ററു കേട്ടിട്ടുണ്ടോ?" സീരിയസായിട്ടുതന്നെ പെട്ടെന്നുള്ള എന്‍റെ ചോദ്യംകേട്ട് സിസ്റ്റര്‍ അന്തംവിട്ട് എന്നെ നോക്കി. 
 
"സിസ്റ്ററു കേട്ടിട്ടില്ലെന്നെനിക്കറിയാം, കാരണം ബൈബിളിലെങ്ങും അങ്ങനെപറഞ്ഞിട്ടില്ല. പക്ഷേ സംഗതി സത്യമാണ്. രാജവെമ്പാല മുട്ടയിടുന്നതുപോലെ നൂറുകണക്കിനു മുട്ടയിടുന്നവനാണ് പിശാച്. പക്ഷേ അവന്‍ അടയിരിക്കില്ല. അതിന് ആളെ കിട്ടുന്നിടംനോക്കിയാണ് അവന്‍ മുട്ടയിടുന്നത്. ഇന്നു ചെകുത്താനു മുട്ടയിടാനേറ്റവും പറ്റിയസ്ഥലമായി അവന്‍ കണ്ടെത്തിയിരിക്കുന്നത് ധ്യാനമന്ദിരങ്ങളാണ്. കാരണം, അടയിരിക്കാന്‍ ഏറ്റവും പറ്റിയവര്‍ അവിടെയുള്ള ആള്‍ദൈവങ്ങളും ധ്യാനഗുരുക്കന്മാരും ഗുരുക്കികളും ആണെന്നവനറിയാം. അവിടെ വിരിയുന്ന കുട്ടിപ്പിശാചുക്കളെ മുഴുവന്‍ അവരു വളര്‍ത്താന്‍ ഏല്പിച്ചുവിടുന്നത് ഈ ദിവ്യന്മാരെത്തേടി അവിടെയെത്തുന്ന പാവം വിശ്വാസികളെത്തന്നെയാണുതാനും!! ഒരുപാടു മെത്രാസനങ്ങളും, ധ്യാനമന്ദിരങ്ങളും, ആശ്രമങ്ങളും, സെമിനാരികളുമൊക്കെ ഇന്നു ചെകുത്താന്‍റെ മുട്ടയിടീല്‍സങ്കേതങ്ങളും അടയിരിപ്പുകേന്ദ്രങ്ങളുമായി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലീസിനുകൊടുത്തിരിക്കുകയല്ലേ! 
ഞാന്‍ പറഞ്ഞതു സിസ്റ്ററിനു മനസ്സിലായില്ലെന്നെനിക്കറിയാം, വിശദീകരിക്കാം. വമ്പന്‍ കണ്‍വന്‍ഷനുകളുംമറ്റും നടത്തിക്കഴിഞ്ഞ് അവസാനം പിരിവും സംഭാവനേം എല്ലാം എണ്ണിക്കഴിയുമ്പോള്‍ ചെലവുംകഴിഞ്ഞു വലിയതുക ബാക്കികാണുമ്പോള്‍ മെത്രാനച്ചനും വികാരിയച്ചനും ധ്യാനഗുരുക്കന്മാരും എല്ലാവരുംചേര്‍ന്നു നടത്തുന്ന നീരീക്ഷണമെന്താണ്? ഹോ, നമ്മുടെ ആള്‍ക്കാരിത്രേം കൊടുക്കാന്‍ പഠിച്ചില്ലേ, ഒത്തിരിപ്പേര് ഇതോടെ പള്ളീല്‍ വരാന്‍തുടങ്ങിയില്ലേ, ബൈബിള്‍ വായിക്കാന്‍ തുടങ്ങിയില്ലേ, പ്രാര്‍ത്ഥനായോഗത്തിനു പോകുന്നില്ലേ, മദ്ധ്യസ്ഥപ്രാര്‍ത്ഥനക്കും ഉപവാസപ്രാര്‍ത്ഥനക്കും തപസ്സുപ്രാര്‍ത്ഥനക്കുമൊക്കെ ഉത്സാഹത്തോടെ പോകുന്നതു കാണുന്നില്ലേ, ഇതൊന്നുമില്ലാതെ കൊഴപറിഞ്ഞുനടന്ന ഇവരൊക്കെ ഇത്രയുമെങ്കിലും ആയതു വലിയകാര്യമല്ലേ? 'ഒന്നുമില്ലാത്തതിനേക്കാളും ഭേദമല്ലേ, ഇത്രയുമെങ്കിലും ഇവരു ചെയ്യുന്നത്' എന്നൊക്കെയല്ലേ? ഇതാണു ശരിക്കും പിശാചിനും വേണ്ടത്. ഇത്രയൊക്കെമതി, അതിനപ്പുറത്തേക്കു പോകരുത്, ആഴത്തില്‍ മാറ്റംവരരുത്; അവന്‍ അവിടെ ജയിച്ചു. അവന്‍ ഇട്ട മുട്ട അവിടെ വിരിഞ്ഞു! കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നും വിളിച്ചുകൊണ്ടിരിക്കണം, അതിനപ്പുറത്തേയ്ക്കു നന്നാകരുത്. അതിലും നന്നായാല്‍ അവന്‍റെ പണിപോകും. അവിടെയാണു കെണി. കാരണം, കര്‍ത്താവു വ്യക്തമാക്കിയത് കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നെ വിളിച്ചപേക്ഷിക്കുന്നവനല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഹിതം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നല്ലേ (മത്താ. 7:21-)? അതിന് അവന്‍ സമ്മതിക്കത്തില്ല.
 
ചേടത്തിയാരു ധ്യാനമന്ദിരത്തില്‍പോയി മൂന്നുദിവസം 'കര്‍ത്താവേ, കര്‍ത്താവേന്നു വിളിച്ച്' ഉപവാസപ്രാര്‍ത്ഥന നടത്തുന്നത്, വീട്ടിലിരുന്ന് കിടപ്പിലായ അമ്മയെ പരിചരിക്കാനുള്ള 'പിതാവിന്‍റെ ഹിതം നിറവേറ്റാന്‍' മനസ്സില്ലാഞ്ഞിട്ടുതന്നെയാണ്. അങ്ങനെ ധ്യാനമന്ദിരത്തില്‍ സാത്താനിട്ട കപടഭക്തിയുടെ മുട്ടവിരിഞ്ഞ കുട്ടിപ്പിശാചിനെ പോറ്റാനാണ് ചേടത്തിയാരുടെ ആ ഉപവാസപ്രാര്‍ത്ഥന. കിടപ്പിലായ അമ്മയുടെ കരച്ചിലുകേള്‍ക്കാതെ ചെവിടടച്ചുപിടിക്കുന്ന വേറൊരു കുട്ടിപ്പിശാചാണ് ചേടത്തിയാരുടെ കരുണക്കൊന്ത. മറ്റൊരു സമുദായത്തില്‍നിന്നു കല്ല്യാണംകഴിച്ചെന്നതിന്‍റെപേരില്‍ മകനോടുകാണിച്ചുകൊണ്ടിരിക്കുന്ന കടുത്ത അനീതിക്കു മറയിടാനും, നാട്ടുകാരുടെമുമ്പില്‍ മാന്യതയുടെ മുഖംമൂടി അണിയാനുമുള്ള, എല്ലാദിവസോമുള്ള പള്ളീപ്പോക്കുണ്ടല്ലോ, അതു ചെകുത്താന്‍റെ വേറൊരു കുഞ്ഞാണ്. ആ മകനേം കുടുംബത്തേയും വീട്ടില്‍കയറ്റാത്തതിലുള്ള കുറ്റബോധത്തിന്‍റെ മനസ്സാക്ഷിക്കുത്തു തണുപ്പിക്കാന്‍ ദിവസവുംരാവിലെ നടത്തുന്ന ബൈബിള്‍വായനയുണ്ടല്ലോ, അതുമൊരു കുഞ്ഞുചെകുത്താന്‍ തന്നെയാണ്. സിസ്റ്ററെ, എപ്പോഴെങ്കിലുമൊക്കെ സിസ്റ്ററു തമ്പുരാന്‍റെമുമ്പില്‍ ഒറ്റക്കിരുന്നു പ്രാര്‍ത്ഥിക്കുമ്പോളെങ്കിലും, ഒരുസിസ്റ്ററെന്ന നിലയ്ക്ക് നീതിയുടെയും നേരിന്‍റെയുംകൂടെ നില്ക്കേണ്ടതായിരുന്നു എന്നുള്ള കുറ്റബോധം സിസ്റ്ററിനെ വല്ലാതെ ശ്വാസംമുട്ടിക്കുമ്പോള്‍, ഒന്നു ശ്വാസംവിടാന്‍വേണ്ടി, സിസ്റ്ററൊരുക്കുന്ന തന്ത്രം മാത്രമല്ലേ, ഞാനീപറഞ്ഞ കുട്ടിച്ചെകുത്താന്മാരെയൊക്കെ വിശുദ്ധിയുടെ പരിവേഷമിടീച്ച് എഴുന്നള്ളിക്കാന്‍ സിസ്റ്ററു കാണിക്കുന്ന ഈ ഉത്സാഹം? 
 
ചാത്തന്‍സേവക്കാരെ സിസ്റ്ററു കണ്ടിട്ടുണ്ടോ? ഇല്ലെങ്കിലിപ്പോ കാണിച്ചുതരാം. കര്‍ത്താവു ഫരിസേയരോടു തുറന്നുപറഞ്ഞു പിശാചു നുണയനാണ്, അവനില്‍ സത്യമില്ലെന്ന് (യോഹ. 8: 44). സിസ്റ്റര്‍ ആ പിശാചിന്‍റെ ബന്ധനത്തിലാണ്, അതുകൊണ്ടു സിസ്റ്ററും നേരില്‍നിന്നു മുഖംതിരിച്ചുപിടിച്ചിരിക്കുന്നു. നിങ്ങളുടെ സഹോദരനെ നിങ്ങളു ഭയങ്കര കുറ്റവാളിയായിട്ടു കുത്തിപ്പറഞ്ഞപ്പോളല്ലാതെ അവന്‍ എന്തെങ്കിലും അലമ്പു വീട്ടിലുണ്ടാക്കിയിട്ടുണ്ടോ? ഇത്രയും ഭൂസ്വത്തുണ്ടായിട്ടും എച്ചിലുപോലെ ഏഴുസെന്‍റുമാത്രം കൊടുത്തിട്ടും അവനിന്നുവരെ അവകാശംചോദിച്ചു ചെന്നിട്ടുണ്ടോ അപ്പന്‍റെയടുത്ത്? ഇത്രനാളും വാടകവീട്ടില്‍ താമസിച്ചിട്ടും ഇന്നുവരെ വീട്ടിലേക്കു നിങ്ങളവനെ വിളിച്ചിട്ടുണ്ടോ? മാന്യമായി ജോലിചെയ്തുകിട്ടുന്നതുംകൊണ്ട് സമാധാനമായി ജീവിക്കുന്ന അവരുടെ വീട്ടില്‍, ഒരു സിസ്റ്ററായിട്ടുപോലും ഒറ്റപ്രാവശ്യമെങ്കിലും സിസ്റ്ററു കയറിച്ചെന്നിട്ടുണ്ടോ? എന്നിട്ടും, ഉള്ളിലെ ആര്‍ത്തിക്കും ചതിക്കുമെല്ലാം, ബൈബിളു വായനേം കരുണക്കൊന്തേം ഉപവാസപ്രാര്‍ത്ഥനേംകൊണ്ട് വിശുദ്ധിയുടെ ആവരണമിടുന്ന കൂടപ്പിറപ്പുകളെ സിസ്റ്ററു മഹത്വീകരിക്കുമ്പോള്‍, സത്യത്തില്‍ സിസ്റ്റര്‍ ആ ചെയ്യുന്നതല്ലേ ശരിക്കും ചാത്തന്‍സേവ?" 
 
സിസ്റ്ററു പെട്ടെന്നു ചെവിപൊത്തുന്നതുകണ്ടപ്പോളാണ് എനിക്കു പരിസരബോധംവന്നത്. ഒരു ചെറിയ ബ്രേക്കുപോലും കൊടുക്കാതെ ഒറ്റനടയ്ക്ക് ഞാനത്രയും പറഞ്ഞപ്പോള്‍ സിസ്റ്ററിന്‍റെ മുഖം വല്ലാതെ ഇരുണ്ടുമൂടുന്നുണ്ടായിരുന്നു. അരിശമോ, അമര്‍ഷമോ, ദുഃഖമോ, കുറ്റബോധമോ, ഭയമോ, നിരാശയോ എന്താണവിടെ ജ്വലിച്ചുനിന്നതെന്നു വായിച്ചെടുക്കാന്‍ പറ്റാത്തതുപോലെ അതുവിവര്‍ണ്ണമായിരുന്നു. പറഞ്ഞുപറഞ്ഞുവന്നപ്പോള്‍ എന്‍റെയും തൊണ്ടയിടറിയിരുന്നതുകൊണ്ട് ഒരു ബ്രേക്ക് എനിക്കും അത്യാവശ്യമാണെന്നുതോന്നി.
 
"സിസ്റ്ററിവിടെയിരിക്ക്, ഞാനിപ്പോവരാം." മുറ്റത്തേക്കിറങ്ങി. അച്ചന്‍റെ വണ്ടിഷെഢില്‍ ഒരു വാട്ടര്‍ടാപ്പുണ്ടായിരുന്നതുകൊണ്ട് മുഖമൊന്നു കഴുകി. പള്ളിക്കുചുറ്റുമൊന്നുനടന്നിട്ടു തിരിച്ചുവരുമ്പോള്‍ സിസ്റ്റര്‍ വാഷ്ബേസിനടുത്ത് മുഖംകഴുകുന്നുണ്ടായിരുന്നു. തിരിച്ചുവന്ന് വീണ്ടും ഇരുന്നപ്പോള്‍ പ്രതിഷേധമില്ലെന്നുറപ്പായി. ഞാന്‍ തുടര്‍ന്നു.
 
"കര്‍ത്താവു ഭൂമിയില്‍വന്നത് സാത്താന്‍റെ വാഴ്ചയുടെ സുവര്‍ണ്ണകാലത്തായിരുന്നു. ദൈവജനത്തെ, അവന്‍ അടിമുടി വിദ്വേഷത്തിന്‍റെ വിഷത്തില്‍ മുക്കിക്കഴിഞ്ഞിരുന്ന കാലം. അതിന് അവനുപകരണമാക്കിയത് പുരോഹിതരും നിയമജ്ഞരുമടങ്ങുന്ന സമുദായനേതാക്കളെയായിരുന്നു. അവര്‍, ആധികാരിമായി നിയമഗ്രന്ഥവും പ്രവാചകവചനങ്ങളും വളച്ചൊടിച്ചു നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നതെന്തായിരുന്നെന്നോ? ദൈവം ശുദ്ധരുടെ പക്ഷത്തുമാത്രമാണ്, നീതിമാന്മാരെ മാത്രമേ സംരക്ഷിക്കൂ, നല്ലവര്‍ക്കുമാത്രമേ നീതിനടത്തിക്കൊടുക്കൂ, ദുഷ്ടരെ തലമുറകളായി ശിക്ഷിച്ചുകൊണ്ടിരിക്കും, മാരകരോഗംകൊണ്ടവരോടു പ്രതികാരംചെയ്യും, ദാരിദ്ര്യംകൊണ്ടവരെ വീര്‍പ്പുമുട്ടിക്കും, അവരു വിളിച്ചാല്‍ ഉത്തരംകൊടുക്കില്ല, പൂര്‍വ്വീകരുടെ തെറ്റിന്‍റെ ശിക്ഷയും അവരുടെ തലയില്‍ത്തന്നെ കെട്ടിവയ്ക്കും, അവനു നിത്യനരകംമാത്രം അന്ത്യസമ്മാനം!! നാലഞ്ചുനൂറ്റാണ്ടുകളായി ഇതുതന്നെ കേട്ടുകേട്ട് പ്രത്യാശ നശിച്ച ആ ജനം സ്വര്‍ഗ്ഗംകിട്ടില്ലെന്നുറപ്പായിരുന്നതുകൊണ്ട് ഇവിടെ കിട്ടുന്നതെങ്കിലും ആവോളം ആസ്വദിക്കാനുള്ള ആര്‍ത്തിയില്‍ തിന്നുംകുടിച്ചും, കട്ടും മോഷ്ടിച്ചും, വഞ്ചിച്ചും കൈയ്യേറിയും, ചായകുടിക്കുന്നതുപോലെ വ്യഭിചരിച്ചും, പൂര്‍വ്വീകരെ ശപിച്ചും, ദൈവത്തെ പഴിച്ചും മൃഗതുല്യം ജീവിക്കാന്‍ തുടങ്ങി. പിശാചിന്‍റെ സാമ്രാജ്യവിജയം!
 
ഇവരുടെ മദ്ധ്യത്തിലേക്കായിരുന്നു പരസ്യജീവിതത്തില്‍ യേശു ഇറങ്ങിച്ചെന്നത്. അപകടം മണത്ത പിശാച് വഴിമുടക്കാന്‍ ശ്രമിച്ചെങ്കിലും അവനെ പിന്നാമ്പുറത്തേക്കുതള്ളി, അവരുടെ മുന്നില്‍നിന്നുകൊണ്ടു യേശുപറഞ്ഞു, താന്‍ ദൈവപുത്രനാണെന്ന്. മാത്രമല്ല, പ്രകൃതിശക്തികളെ ചൊല്‍പടിയില്‍ നിര്‍ത്തിക്കൊണ്ടും രോഗശാന്തിപോലെയുള്ള നിരവധി അടയാളങ്ങളിലൂടെയും അവിടുന്നുപറഞ്ഞതു സ്ഥിരീകരിച്ചുറപ്പിച്ചു. അപ്പോഴും പിശാചിനൊരു പ്രതീക്ഷയുണ്ടായിരുന്നു. യേശു അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് ജനത്തെ തല്‍ക്കാലം കൈയ്യിലെടുക്കും, പക്ഷേ, ദൈവങ്ങളുതന്നെയാകണമെന്നാഗ്രഹിക്കുന്ന മനുഷ്യന്‍റെ മോഹങ്ങള്‍ക്ക് ഒരിക്കലും അവസാനമില്ലല്ലോ, അവന്‍ പിന്നെയുംപിന്നെയും മോഹിച്ചുകൊണ്ടിരിക്കും, മോഹിപ്പിക്കുകയാണല്ലോ ചെകുത്താന്‍റെ പണിയും, അങ്ങനെ മനുഷ്യന്‍ പിന്നെയും അവന്‍റെ വലയില്‍ത്തന്നെ കുടുങ്ങും. അതായിരുന്നു സാത്താന്‍റെ കണക്കുകൂട്ടല്‍. പക്ഷേ, അവിടെ അവനു പിഴച്ചു. 
 
യേശു പഠിപ്പിച്ചത് അതല്ലായിരുന്നു. യേശു പഠിപ്പിച്ചു തുടങ്ങിയപ്പോള്‍തന്നെ അലംഘ്യമായ ഒരു വ്യവസ്ഥവച്ചു: 'എന്‍റെ പിന്നാലെ വരാനാഗ്രഹിക്കുന്നവന്‍ കുരിശുമെടുത്തുകൊണ്ടുമാത്രം വന്നാല്‍മതി' (മത്താ. 16:24). എന്‍റെ പിന്നാലെ വരുന്നവരുടെയെല്ലാം കുരിശു മാറ്റിത്തരാം, രോഗം ഇല്ലാതാക്കാം, ദുഃഖം ഒഴിവാക്കിത്തരാം, ഭാരം എടുത്തുമാറ്റാം എന്നൊക്കെപ്പറഞ്ഞ് ജനത്തെ മുഴുവന്‍ മോഹവലയത്തിലാക്കുമെന്ന് പിശാചു പ്രതീക്ഷിച്ചു!  പക്ഷേ, ഇതൊന്നും യേശു ഒരിക്കലുംപറഞ്ഞില്ല. ഞാന്‍ വെറുംമനുഷ്യനാണ് ദൈവമല്ല, എന്നംഗീകരിച്ചുകൊണ്ട്, സ്വന്തംജീവിതത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും, കടപ്പാടുകളുടെ ഭാരം വഹിച്ചുകൊണ്ടുംമാത്രം തന്‍റെ പിന്നാലെചെന്നാല്‍ മതിയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവിടുന്നു വ്യക്തമാക്കി (മത്ത.11:28-30). അതായത്, ദൈവംതരുമെന്നുംപറഞ്ഞ് നിഷ്ക്രിയരായിരിക്കേണ്ടെന്ന്; പൂര്‍വ്വീകരെ ശപിക്കുന്നതിലര്‍ത്ഥമില്ലെന്ന്; ദുരദുഃഖങ്ങള്‍ സ്വയംകൃതമാണ,് ദൈവത്തിന്‍റെ ശിക്ഷയല്ലെന്ന്; ഇതിനെല്ലാമുള്ള പ്രതിവിധി പശ്ചാത്താപവും അനുരഞ്ജനവും മാത്രമാണെന്ന്. പിശാചു തോറ്റമ്പി. പക്ഷേ അവന്‍ ആയുധംവച്ചല്ല കീഴടങ്ങിയത്. അവന്‍ ആയുധം തുരുമ്പിക്കാതെ തേച്ചുമിനുക്കി അവസരംപാര്‍ത്തിരുന്നു. നൂറ്റാണ്ടുകളിലൂടെ സഭയ്ക്കെതിരെ അവന്‍ കാലത്തിനുചേരുന്ന പടക്കോപ്പുകളിറക്കി പൊരുതിക്കൊണ്ടിരുന്നു. 
 
അവസാനം നമ്മുടെ ഈ വര്‍ത്തമാനകാലത്ത് മൂപ്പര്‍ക്കു ശരിക്കും ഒരു വമ്പന്‍വിപണി തുറന്നുകിട്ടി. അത്ഭുതകരമായ രോഗശാന്തികളിലൂടെ അടയാളങ്ങള്‍ പ്രവര്‍ത്തിച്ചശേഷം, അത്ഭുതംകാണാന്‍ ആളെകൂട്ടുന്നതിനുപകരം, വിളിച്ചുകൂവരുത് പറഞ്ഞുനടക്കരുത്, വീട്ടിലെത്തി ദൈവത്തിനു നന്ദിപറയുകമാത്രംചെയ്യുക എന്നുപറഞ്ഞ് പിതാവിന്‍റെ സ്നേഹത്തെയും പരിപാലനയെയുംപറ്റി പഠിപ്പിച്ച കര്‍ത്താവിന്‍റെ മുമ്പില്‍ സാത്താന്‍ അന്നു മുട്ടുമടക്കി. എന്നാല്‍ ഇന്നു ചുറ്റുംകാതോര്‍ക്കുക, കണ്ണോടിക്കുക. കാണുന്നതും കേള്‍ക്കുന്നതും എന്താണ്? ഓടിയോടിവാ, എല്ലാവരുംവാ, ഇവിടെയുണ്ട് അത്ഭുതരോഗശാന്തി, ഇവിടെവന്നാല്‍ നിങ്ങളുടെ ദുഃഖംമാറും, ദുരിതംമാറും, പ്രശ്നംമാറും, ബന്ധനമഴിയും, ബാധകള്‍ മറയും, കടങ്ങള്‍ ഒഴിയും! ജനം കേള്‍ക്കാന്‍ കൊതിച്ചുകാത്തിരുന്ന വാഗ്ദാനം!! കര്‍ത്താവിനോടുതോറ്റപ്പോള്‍ പെട്ടീല്‍വച്ചിരുന്ന അതേആയുധംതന്നെ തേച്ചുമൂര്‍ച്ചകൂട്ടി, നല്ല കൈപിടിയുമിട്ട് അവന്‍ വച്ചുനീട്ടിയപ്പോള്‍ ചാടിവീഴാന്‍ ആള്‍ദൈവങ്ങള്‍ മത്സരിച്ചെത്തി. അവരിന്ന് അത്ഭുതപ്രവര്‍ത്തകരായും അഭിഷേകംവിളമ്പുകാരായും, ഫ്ളെക്സുകളും ബാനറുകളും നിരത്തി, ജനത്തെ മോഹവലയത്തിലാക്കിക്കൊണ്ടിരിക്കുന്നു. അവരുടെ പ്രഘോഷണമെന്താണ്? കുരിശുമെടുത്തുകൊണ്ടു വരാന്‍ പഠിപ്പിക്കുന്നതിനുപകരം കുരിശുമുഴുവന്‍ തൂത്തുമാറ്റിക്കൊടുക്കുമെന്ന്!! ജനത്തിന് അതുമതി. വീണ്ടും സാത്താന്‍ ജയിക്കുന്നു.
 
ഇവിടെയൊക്കെ ഓടിക്കൂടുന്ന ജനം ഭക്തിലഹരിയില്‍മുങ്ങി, വാദ്യമേളങ്ങളില്‍ലയിച്ച് ആര്‍ത്തുവിളിക്കുമ്പോള്‍ കിട്ടുന്നത് ഒരു വല്ലാത്ത ഹരം, ഉന്മാദം; ദൈവം സംപ്രീതനായെന്നൊരു തോന്നല്‍. നിലവിളിച്ചു പ്രാര്‍ത്ഥിക്കുക, ദൈവംകേള്‍ക്കും, എല്ലാം ദൈവംതരും, പിന്നാലെവരുന്ന അടുത്ത ആഹ്വാനമതാണ്. തെളിവിനായി ദൈവവചനങ്ങളും അനുഭവസാക്ഷ്യങ്ങളും!! ദൈവപുത്രന്‍പോലും പാനപാത്രം മാറ്റിത്തരണമേയെന്നു രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ചിട്ടും പിതാവു മാറ്റിക്കൊടുത്തില്ല എന്നതു മൂടിവയ്ക്കുന്നു. എന്‍റെ ഹിതമല്ല നിന്‍റെ ഹിതം നിറവേറട്ടെ എന്നതാണു പ്രാര്‍ത്ഥനയുടെ കാതലെന്നു പറഞ്ഞുകൊടുക്കാതെ, ആഗ്രഹിക്കുന്നതു കിട്ടിയേ തീരൂ എന്നു മോഹിപ്പിച്ചു പ്രാര്‍ത്ഥിപ്പിക്കുമ്പോള്‍ വീണ്ടും പിശാചു ചിരിക്കുന്നു. കാരണം ജീവിതത്തിന്‍റെ ഗുണനിലവാരമല്ല വിഷയം, പ്രാര്‍ത്ഥനയിലെ ആരവമാണ്. അവിടെയും സാത്താന്‍ ജയിക്കുന്നു. 
 
ഇതെല്ലാമായിട്ടും കാര്യങ്ങള്‍ക്കു തീരുമാനമാകുന്നില്ലേ? ഇതാ വരുന്നു ഗണികന്‍റെ അവസാനത്തെ കണ്ടെത്തല്‍; ഇതൊന്നും തങ്ങളുടെ കുറ്റമല്ല, എല്ലാം പൂര്‍വ്വീകരുടെ പാപത്തിനുള്ള ദൈവശിക്ഷയാണ്, അതിനു പ്രതിവിധിയായി കരുണക്കൊന്തയും ഗ്രിഗോറിയന്‍കുര്‍ബ്ബാനയുംപോലെ ചില കര്‍മ്മങ്ങള്‍ ചെയ്താല്‍മതി! ഇവിടെയും പിശാചു ചിരിക്കുന്നു, കാരണം അവന്‍റെ ഒരുമുട്ട കൂടെ വിരിഞ്ഞിരിക്കുന്നു! ആരും സ്വന്തം മാറിലേക്കല്ലല്ലോ വിരല്‍ചൂണ്ടിയിരിക്കുന്നത്, പൂര്‍വ്വീകരുടെ നെഞ്ചിനുനേരേയല്ലേ. അവരുടെ തെറ്റുകൊണ്ടാണിതെല്ലാംപോലും! സ്വയംനീതീകരണം. സ്വന്തം ജീവിതം മാറ്റണ്ടാ, കുര്‍ബ്ബാനചൊല്ലിച്ചാല്‍മതി, ആരാധന നടത്തിയാല്‍മതി. സാത്താന്‍ വീണ്ടും വിജയിക്കുന്നു. ഈ കുട്ടിപ്പിശാചുക്കളുടെയെല്ലാം ആഘോഷമാണല്ലോ കുറേക്കാലമായി കൊട്ടിയൂരുമുതല്‍ ജലന്തറുംകടന്ന് എറണാകുളത്തുമൊക്കെ സഭയെ കുളിപ്പിച്ചു കിടത്തിയിരിക്കുന്നത്."
 
"ഇനി ഒരിടവേള കഴിഞ്ഞുപോരേ? മടുത്തില്ലേ, ഞങ്ങളു രണ്ടുംകൂടെ അല്പം കാപ്പിയുണ്ടാക്കിയിട്ടുണ്ട്. അതു കുടിച്ചിട്ടാകാം ബാക്കി." കതകില്‍മുട്ടി കയറിവന്ന അച്ചന്‍റെ ഓഫര്‍. ഞങ്ങള്‍ അച്ചന്‍റെ ഡൈനിങ്റൂമിലേയ്ക്കുപോയി.
 
(തുടരും)

You can share this post!

എഫ്.ഐ.ആര്‍

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

പറയാതെ വയ്യാ, പറയാനും വയ്യ!!!

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts