ഞായറാഴ്ചയിലെ ലൈബ്രറി
പുസ്തകത്തെക്കുറിച്ചും ലൈബ്രറിയെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മനുഷ്യലൈബ്രറി എന്നൊരു സങ്കല്പമുണ്ട്. വിവിധങ്ങളായ അനുഭവപരമ്പരകളിലൂടെ കടന്നുപോകുന്ന ഓരോ സാധാരണമനുഷ്യനും ഒരു വലിയ ഗ്രന്ഥമാണ്. 'ഓരോ മനുഷ്യനിലും ഒരു ഇതിഹാസം മയങ്ങിക്കിടക്കുന്നു' എന്നു പറയാം. 'എന്നും ഞായറാഴ്ചയായിരുന്നെങ്കില്‍' എന്ന സി. വി. ബാലകൃഷ്ണന്‍റെ നോവല്‍ 'ഹ്യൂമന്‍ ലൈബ്രറി' എന്ന ചിന്തയാണ് അവതരിപ്പിക്കുന്നത്. ഞായറാഴ്ച ഒരിടത്ത് കൂടിയിരുന്ന് അനുഭവങ്ങള്‍ കേള്‍ക്കുകയാണ് രീതി. വൈവിധ്യവും വൈചിത്ര്യവുമുള്ള അനുഭവമുള്ള മനുഷ്യര്‍ ഒരു ലൈബ്രറിയായി മാറുന്നു. പുസ്തകം എന്നതിനുപകരം അനുഭവസമ്പന്നരായ മനുഷ്യര്‍ കടന്നുവരുന്നു. 'മനുഷ്യഗ്രന്ഥാലയം' എന്നതാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്ന പുതിയ ഗ്രന്ഥാലയം. 'മനുഷ്യര്‍ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രക്രിയയാണ് ഹ്യൂമന്‍ ലൈബ്രറിയില്‍ സംഭവിക്കുന്നത്' എന്നാണ് സി. വി. ബാലകൃഷ്ണന്‍ കുറിക്കുന്നത്. "മനുഷ്യര്‍ പരസ്പരം അറിയേണ്ടതുണ്ട്. മനുഷ്യര്‍ പരസ്പരം അറിയാന്‍ ആഗ്രഹിക്കുമ്പോള്‍ ഒരു ഹ്യുമന്‍ ലൈബ്രറിയുടെ വാതില്‍ തുറക്കപ്പെടുന്നു" എന്ന് നോവലിസ്റ്റ്.
ഞായറാഴ്ചകളില്‍ ഒരിടത്ത് ഒത്തുകൂടി പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുക എന്നത് വായനയുടെ പുതിയ രൂപമായി മാറുന്നു. ഞായറാഴ്ച വരാന്‍ കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍ 'എന്നും ഞായറാഴ്ചയായിരുന്നെങ്കില്‍' എന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങുന്നു. 'യാതൊരു പരിചയവുമില്ലാത്തവര്‍ക്കും നമ്മളോട് പലതും പറയാനുണ്ടാകും. നമ്മളത് കേള്‍ക്കാന്‍ തയ്യാറാകണമെന്നുമാത്രം' എന്നാണ് നോവലിസ്റ്റ് പറയുന്നത്. മനുഷ്യന്‍റെ ദുഃഖവും സന്തോഷവും എല്ലാം നാമങ്ങനെയാണ് തിരിച്ചറിയുക. "ദൈവം ചിരിക്കുക മനുഷ്യരിലൂടെയാണ്. മനുഷ്യരുടെ മുഖത്തു തെളിയുന്ന സന്തോഷത്തോടെയും നിഷ്കളങ്കതയോടെയുമുള്ള ഓരോ ചിരിയും ദൈവത്തിന്‍റേതാണ്" എന്ന് നാം അറിയുന്നു.
"ഒരു മനുഷ്യനെന്നാല്‍ ഒരു ഗ്രന്ഥമാണ്. മനുഷ്യരൊക്കെയും ഗ്രന്ഥങ്ങളാണ്. കുറേ മനുഷ്യര്‍ ചേരുമ്പോള്‍ അതൊരു ആള്‍ക്കൂട്ടമല്ല, ഒരു ഗ്രന്ഥാലയമാണ്' എന്നാണ് ഒരു കഥാപാത്രം പറയുന്നത്. ഹ്യൂമന്‍ ലൈബ്രറിയിലെ ഓരോ ഗ്രന്ഥത്തിലൂടെയും ജീവിതം വിശദീകരിക്കപ്പെടുകയാണ്. ഓരോ മനുഷ്യനും അനുഭവങ്ങളുടെ സാധ്യതകളാണ്. മൗലികവും അന്യൂനവുമായ ഈ സാധ്യതകളിലൂടെ സഞ്ചരിക്കണമെങ്കില്‍ മനുഷ്യനിലേക്കു കടന്നുചെല്ലണം. മനുഷ്യഗ്രന്ഥാലയം അങ്ങനെയൊരവസരം ഒരുക്കുകയാണ്.
സ്മരണകളുടെ ഒരു സഞ്ചയമാണ് മനുഷ്യന്‍. "മനുഷ്യജീവിതത്തിന്‍റെ ശേഷിപ്പ് ഓര്‍മ്മകളാണ്. ഓരോ അനുഭവവും ഓര്‍മ്മയായി മാറുന്നു. മനുഷ്യര്‍ ജീവിക്കുന്നതുതന്നെ ഓര്‍മ്മകള്‍ക്കുവേണ്ടിയാണ് ഒരു കണക്കിന്. മരിക്കുന്നതോടെ ദേഹത്തോടൊപ്പം ഓര്‍മ്മകളും ഒടുങ്ങുന്നു." മനുഷ്യഗ്രന്ഥാലയം ഓര്‍മ്മകളുടെ പ്രവാഹമാണ് സാധ്യമാക്കുന്നത്. കുറെയാളുകള്‍ ഒത്തുകൂടി മറ്റുചിലരുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്നു. പെയ്തിറങ്ങുന്ന സ്മരണകളുടെ മഴയില്‍ കേള്‍വിക്കാര്‍ നനയുന്നു. ജീവിതത്തിന്‍റെ വഴിത്തിരിവുകള്‍ കണ്ടെത്തുന്ന യാത്രയായി ഇതു മാറുന്നു. അനിശ്ചിതത്വത്തിന്‍റെ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ജീവിതമെന്ന കപ്പല്‍ നമ്മെ എങ്ങോ കൂട്ടിക്കൊണ്ടുപോകുന്നു.
മനുഷ്യന്‍റെ ഒത്തുചേരലുകള്‍ കുറഞ്ഞു വരുന്ന കാലത്ത് 'മനുഷ്യഗ്രന്ഥാലയം' ഒരു മറുമരുന്നാണ്. "ഈയിടെയായി മനുഷ്യര്‍ പരസ്പരം സംസാരിക്കുന്നതു കുറവാണ്. നമ്മളിവിടെ ആളുകളെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെ, പാരസ്പര്യത്തെ, പുനരുജ്ജീവിപ്പിക്കാനുള്ള ഒരു വഴിയാണ് കഥപറച്ചില്‍. ഓരോ കഥയും നമ്മെ ചുറ്റിലുമുള്ള ജീവിതവുമായി, യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കുന്നു. പറയുന്ന ഓരോ കഥയും കേള്‍ക്കാനിരിക്കുന്നവര്‍ ബോധ്യപ്പെടുത്തുന്നവര്‍ പറയുന്നയാള്‍ തനിച്ചല്ലെന്നതാണ്." ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് നിലനില്‍ക്കണമെങ്കില്‍ എന്താണു വേണ്ടതെന്നാണ് എഴുത്തുകാരന്‍ സൂചിപ്പിക്കുന്നത്.
'മനുഷ്യരില്‍ നല്ലൊരു വിഭാഗത്തിന് മാനുഷികഗുണങ്ങള്‍ നഷ്ടമായിരിക്കുന്നു'വെന്നതാണ് സത്യം. ഇവിടെയാണ് 'മനുഷ്യഗ്രന്ഥാലയ'ത്തിന്‍റെ പ്രസക്തി. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമ്മില്‍ പരിവര്‍ത്തനത്തിന്‍റെ സാധ്യത തെളിയുന്നു. ഓരോ കഥയിലും ജീവിതത്തിന്‍റെ അനേകായിരം മുഖങ്ങള്‍ നാം കാണും. മനുഷ്യത്വത്തിലേക്കുള്ള യാത്രയായി കഥ കേള്‍ക്കല്‍ മാറുന്നു. 'കേള്‍വിയുടെ സംസ്കാരം' വളര്‍ന്നുവരേണ്ട കാലമാണിത്. തിരക്കുപിടിച്ചോടുന്ന നമുക്ക് ഒന്നും ശരിയായ രീതിയില്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരെ കേള്‍ക്കുന്നതിനുള്ള അവസരമാണ് 'മനുഷ്യഗ്രന്ഥാലയം' ഒരുക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനം കേരളത്തില്‍ പ്രസരിപ്പിച്ച തെളിച്ചം നാമറിഞ്ഞതാണ്. ഗ്രന്ഥശാലകള്‍ നിര്‍ജ്ജീവമായതാണ് ഇന്നത്തെ അവസ്ഥയിലെത്താന്‍ ഒരു കാരണം.
മനുഷ്യഗ്രന്ഥാലയം എന്ന സങ്കല്പനത്തിലൂടെ സി. വി. ബാലകൃഷ്ണന്‍ പുതിയൊരു ചിന്ത നമ്മില്‍ ജനിപ്പിക്കുന്നു. പരസ്പരം കേള്‍ക്കുന്നതും ഒരു വായനയാണ്. ഗ്രന്ഥപാരായണം പോലെതന്നെയാണ് മനുഷ്യനെ കേള്‍ക്കലും. കൂടുതല്‍ പറയുന്നതിനുപകരം കൂടുതല്‍ കേള്‍ക്കുമ്പോള്‍ നാം മനുഷ്യത്വത്തിലേക്കടുക്കുകയാണ്. മനുഷ്യരെ പരസ്പരമിണക്കുന്ന ഞായറാഴ്ചകളായി ജീവിതം മാറുന്നതാണ് എഴുത്തുകാരന്‍റെ സ്വപ്നം.
(എന്നും ഞായറാഴ്ചയായിരുന്നെങ്കില്‍ - സി. വി. ബാലകൃഷ്ണന്‍ - മാതൃഭൂമി).
അലയടിക്കുന്ന വാക്ക്
കേരളത്തിലങ്ങോളമിങ്ങോളം അലയടിക്കുന്ന വാക്കാണ് സുനില്‍ പി. ഇളയിടം എന്നു പറയാം. നമ്മുടെ സമൂഹത്തെ ഉണര്‍ത്തിനിര്‍ത്തുന്നതില്‍ അദ്ദേഹം ചെലുത്തുന്ന സ്വാധീനം നിസ്തുലമാണ്. പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും മാനവികത പുലരുന്ന ഒരു സമൂഹത്തിനും കാലത്തിനും വേണ്ടിയാണ് സുനില്‍ ആഗ്രഹിക്കുന്നത്. 'അലയടിക്കുന്ന വാക്ക്' എന്ന പുതിയ പുസ്തകത്തിലും അദ്ദേഹം രാഷ്ട്രീയം, സംസ്കാരം, മതം, ചരിത്രം എല്ലാം ചര്‍ച്ചാവിഷയമാക്കുന്നു. മാര്‍ക്സും ഗാന്ധിയും അംബേദ്കറും എല്ലാം കടന്നുവരുന്ന ലേഖനങ്ങളിലൂടെ മാറിവരുന്ന കാലത്തെ ചൈതന്യഭരിതമാക്കാന്‍ അദ്ദേഹം യത്നിക്കുന്നു. മാര്‍ക്സിന്‍റെ രചനാജീവിതത്തില്‍ തുടങ്ങി ടെറി ഈഗില്‍ട്ടന്‍റെ ചിന്തകളില്‍ അവസാനിക്കുന്ന പുസ്തകം പുതിയ കാലത്തെ പല തലങ്ങളില്‍ വായിച്ചെടുക്കാനാണ് ഒരുങ്ങുന്നത്. 'മൂലധന'ത്തിന്‍റെ ഇരുനൂറു വര്‍ഷത്തെ യാത്രയില്‍ തുടങ്ങുന്ന അന്വേഷണങ്ങള്‍ നിലനില്‍ക്കുന്ന ലോകവ്യവസ്ഥയെ അപഗ്രഥിക്കുന്നു. 'ഒരിക്കലും കെട്ടടങ്ങാത്ത വാക്കിന്‍റെ വിധ്വംസകശേഷിക്കുള്ള തെളിവായി' മാര്‍ക്സിന്‍റെ കൃതികള്‍ മാറുന്നത് സുനില്‍ അടയാളപ്പെടുത്തുന്നു.
'മാര്‍ക്സ്/അംബേദ്കര്‍: സംവാദങ്ങള്‍, വിനിമയങ്ങള്‍' എന്ന അധ്യായം ശ്രദ്ധേയമാണ്. ഇന്നത്തെ ലോകസാഹചര്യത്തില്‍ മാര്‍ക്സിന്‍റെ ചിന്തകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. അതുപോലെ വര്‍ത്തമാനകാല ഭാരതീയ സന്ദര്‍ഭത്തില്‍ അംബേദ്കര്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഇവര്‍ തമ്മിലുള്ള സംവാദത്തിലൂടെ പുതിയ ചില സാധ്യതകള്‍ തുറന്നുവരുന്നത് സുനില്‍ കാണിച്ചുതരുന്നു. 'മാര്‍ക്സും അംബേദ്ക്കറും തമ്മിലുള്ള വിനിമയങ്ങള്‍ ഇന്ത്യന്‍ സാമൂഹികയാഥാര്‍ത്ഥ്യം അനിവാര്യമാക്കിത്തീര്‍ക്കുന്നുണ്ട്' എന്ന് ലേഖകന്‍ എടുത്തു പറയുന്നു. ഇന്ത്യന്‍ ജനാധിപത്യം അംബേദ്കര്‍ സ്വപ്നം കണ്ടതില്‍ നിന്ന് വ്യത്യസ്തമായാണ് ഇന്ന് സഞ്ചരിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നു. ശ്രേണീകൃതമായ അസമത്വം നിലനിര്‍ത്തുന്ന ജാതിവ്യവസ്ഥയെക്കുറിച്ച് അംബേദ്കര്‍ അവതരിപ്പിച്ച ചിന്തകള്‍ ഇന്ന് ഏറെ പ്രധാനമാണ്. വരേണ്യവത്ക്കരണത്തിന്‍റെ തേരോട്ടം നമുക്കു ചുറ്റും നടക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പേരു പറഞ്ഞ് സമൂഹത്തെ റിവേഴ്സ് ഗിയറില്‍ ഓടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ അംബേദ്കര്‍ ചിന്തകള്‍ നല്ലൊരായുധമാണ്. വിമര്‍ശനാത്മകമായ പ്രതിബോധത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചാണ് സുനില്‍ ചിന്തിക്കുന്നത്. വിമര്‍ശനാത്മകചിന്ത നഷ്ടപ്പെടുമ്പോള്‍ നമ്മുടെ യാത്ര വഴിമുട്ടുന്നു. മനുഷ്യസമൂഹത്തിന്‍റെ വളര്‍ച്ച നിരന്തരമായ ചോദ്യം ചെയ്യലും അന്വേഷണവുമാണ്. ചോദ്യങ്ങള്‍ അവസാനിച്ചാല്‍ ജീവിതം ജഡാവസ്ഥയിലെത്തും.
ജനാധിപത്യത്തെക്കുറിച്ചുളള ചിന്തകള്‍ ഈ പുസ്തകത്തിലെ പ്രധാന ഭാഗമാണ്. ആരാണിന്ന് ആധിപത്യം നേടുന്നതെന്ന് നമുക്കറിയാം. നിസ്സ്വരായ കോടാനുകോടി മനുഷ്യര്‍ക്ക് എന്തുസ്ഥാനമാണ് ജനാധിപത്യത്തിലെന്ന് നാം എപ്പോഴും ചിന്തിക്കേണ്ടതാണ്. ജാതിവ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല എന്നതാണ് സുനിലിന്‍റെ അഭിപ്രായം. അതിരുകളില്ലാത്ത സാഹോദര്യത്തില്‍ നിന്നാണ് ജനാധിപത്യസംസ്കാരം രൂപംകൊള്ളേണ്ടത്. വീട്ടില്‍, സമൂഹത്തില്‍, ലോകത്തില്‍ നിലനില്‍ക്കേണ്ട സംസ്കാരമായാണ് ജനാധിപത്യത്തെ നാം മനസ്സിലാക്കേണ്ടത്. സമത്വവും സാഹോദര്യവും ഇല്ലെങ്കില്‍ ജനാധിപത്യമില്ല. ഒരു വിഭാഗം വളരുകയും മറ്റൊരു വിഭാഗം തളരുകയും ചെയ്യുമ്പോള്‍ ജനാധിപത്യം ക്ഷയിക്കും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പലതും സാധാരണക്കാരന് പ്രാപ്യമല്ല എന്നതാണ് വസ്തുത.
സാമൂഹിക നീതി നിലനില്‍ക്കണമെങ്കില്‍ സാമ്പത്തികനീതിയും ആവശ്യമാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയജനാധിപത്യങ്ങള്‍ ഒത്തുചേരുന്ന ഒരു സംയോജിതസ്ഥാനത്തു മാത്രമേ ജനാധിപത്യത്തിന് അര്‍ത്ഥപൂര്‍ണമായ ജീവിതമുള്ളു എന്നതാണ് ഗ്രന്ഥകാരന്‍റെ അഭിപ്രായം. വന്‍ സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന ഭരണസംവിധാനങ്ങള്‍ക്കു കീഴില്‍ ജനാധിപത്യസംവിധാനങ്ങള്‍ ക്ഷീണിക്കുന്നത് നാം കാണുന്നു. ഭരണഘടനയെ ക്ഷീണിപ്പിക്കുന്നതെന്തും നമ്മുടെ ജനാധിപത്യത്തെയും ക്ഷീണിപ്പിക്കും. ഇതിനെ പ്രതിരോധിക്കുന്നതാണ് സുനിലിന്‍റെ എഴുത്തും പ്രഭാഷണങ്ങളും.
'അലയടിക്കുന്ന വാക്ക്' നമ്മെ രാഷ്ട്രീയം, സംസ്കാരം, ഭാഷ, ചരിത്രം എന്നിങ്ങനെ ഭിന്നവൈജ്ഞാനിക മേഖലകളിലേക്ക് കൊണ്ടുപോകുന്നു. മതവും ജാതിയുമെല്ലാം വീണ്ടും കൂടുതല്‍ ചര്‍ച്ചാവിഷയമാകുമ്പോള്‍ മതേതരത്വവും സ്വതന്ത്രചിന്തയുമെല്ലാം അപകടത്തിലാകുന്നു. നാം വേഗത്തില്‍ പിന്നോട്ടു സഞ്ചരിക്കുകയാണോ എന്ന ഭീതി അലട്ടിക്കൊണ്ടിരിക്കുന്നു. വിപണിയുടെ ശക്തമായ പ്രലോഭനത്തില്‍പ്പെട്ട് ഒന്നിലും താല്പര്യം പുലര്‍ത്താതെ ദ്വീപുകളായി കഴിയുന്നവരില്‍ നിന്ന് മനുഷ്യത്വം ബാഷ്പീകരിച്ചുപോകുന്നു. ഈ സന്ദര്‍ഭത്തില്‍ സുനിലിന്‍റെ വാക്കുകള്‍ നമ്മെ മാനവികതയിലേക്കു ക്ഷമിക്കുന്നു. മനുഷ്യനെ സ്പര്‍ശിക്കുന്ന എന്തും ഈ ഗ്രന്ഥകാരന് ചിന്താവിഷയമാണ്.
(അലയടിക്കുന്ന വാക്ക് - സുനില്‍ പി. ഇളയിടം - ഡി.സി. ബുക്സ്)
കാലം തെറ്റിയ കാലം
ആദിവാസി മേഖലയില്‍ വളരെക്കാലം പ്രവര്‍ത്തിച്ച എഴുത്തുകാരനാണ് വി.എച്ച്. ദിരാര്‍. അദ്ദേഹത്തിന്‍റെ പുതിയ കവിതാ സമാഹാരമാണ് 'കാലം തെറ്റിയ കാലം'. വര്‍ത്തമാനകാലത്തെ ശരിയായ രീതിയില്‍ അടയാളപ്പെടുത്തുന്ന കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. കാതലായതു പലതും നഷ്ടമാകുന്ന കാലത്തെ നോക്കിയുള്ള നെടുവീര്‍പ്പുകളായി കവിതകള്‍ മാറുന്നു. നന്മയുടെ ഉറവുകള്‍ ഇനിയും കിനിയുമെന്ന സ്വപ്നവും കവി പങ്കുവയ്ക്കുന്നു. "ജീവിതം കുറച്ചുകൂടി സ്വതന്ത്രവും സുന്ദരവുമാക്കാനുള്ള വഴികള്‍ തേടുകയാണ് കവി" എന്ന് അവതാരികയില്‍ വിജി തമ്പി കുറിക്കുന്നു.