news-details
എഡിറ്റോറിയൽ

When a man is denied the right to live the life he believes in,

he has no choice but to become an outlaw -

Nelson Mundela  

സ്വാതന്ത്ര്യത്തിന്‍റെ എഴുപതാണ്ടുകള്‍ ആഘോഷിക്കുമ്പോഴും, അധിനിവേശത്തിന്‍റെ ജീര്‍ണതകള്‍ മെല്ലെ സംസ്കാരത്തിലും കാലത്തിലും ദേശത്തിലും അരിച്ചുകയറിക്കൊണ്ടേയിരിക്കുന്നു. മുന്‍പ് അധിനിവേശങ്ങള്‍ ചരിത്രത്താളുകളില്‍ വ്യക്തതയോടെ കുറിച്ചിടാവുന്ന നാള്‍വഴികളുടെ പടയോട്ടങ്ങളും പിടിച്ചടക്കലുകളുമായിരുന്നുവെങ്കില്‍ ഇന്ന് അവ്യക്തമായ അദൃശ്യമായ, നാള്‍വഴി പുസ്തകങ്ങളില്‍ രേഖപ്പെടുത്താന്‍പോലുമാവാത്തത്ര സൂക്ഷ്മമായി നിങ്ങളുടെ മുകളില്‍ അധികാരം സ്ഥാപിച്ചെടുക്കുന്നുണ്ട്.

 
അതെ, ലളിതമായി പറഞ്ഞാല്‍ ഞാനും നിങ്ങളും ഇഷ്ടപ്പെടുന്ന എന്‍റെ രുചിക്കിണങ്ങുന്നതൊക്കെയും വിപണിയുടെയും വിപണനത്തിന്‍റെയും പിന്‍ബലത്താല്‍ എന്നിലേക്കെത്തിക്കുന്നു. ഇവിടെ എന്‍റെ ആവശ്യങ്ങള്‍ക്കല്ല മുന്‍തൂക്കം, വിപണിയുടെ ആവശ്യങ്ങള്‍ക്കാണ്. പെരുകുന്ന കര്‍ഷക ആത്മഹത്യകളും തകരുന്ന പരസ്പരവിശ്വാസങ്ങളും ആക്കംകൂട്ടുന്നത് സ്വപ്നങ്ങള്‍ക്ക് ചിറകുനഷ്ടപ്പെട്ട ഒരു ജനതയുടെ വംശനാശത്തിനാണ്. 


2004 ഡിസംബര്‍ 26ന് ആഞ്ഞടിച്ച സുനാമിത്തിരകള്‍ കവര്‍ന്നെടുത്തത് ആയിരക്കണക്കിന് ജീവിതങ്ങളാണ്. തീരദേശവാസികള്‍ ആയിരക്കണക്കിനു ചത്തൊടുങ്ങിയപ്പോഴും സ്വതന്ത്ര ഇന്ത്യയുടെ വിപണിമൂല്യങ്ങളില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ല. എന്നാല്‍ 2005 ജൂണ്‍ 20ന് അംബാനി സഹോദരന്മാരുടെ വഴക്കുകള്‍ ഒത്തുതീര്‍പ്പിലെത്തിയപ്പോള്‍ മുംബൈ സ്റ്റോക്ക് എക്സേഞ്ചിലെ പോയിന്‍റുകള്‍ ചരിത്രത്തിലാദ്യമായി 7000 കടന്നു. അതായത് സ്വതന്ത്ര ഇന്ത്യയില്‍ 90% ജനങ്ങളും ഇല്ലാതായാലും വിപണിയും അതിന്‍റെ മൂല്യങ്ങളും അണുവിടപോലും വ്യതിചലിക്കാന്‍ പോകുന്നില്ല. എന്തു തിന്നണം, തിന്നരുത് എന്നു തുടങ്ങി എന്ത് വിശ്വസിക്കണം, എങ്ങനെ വിശ്വസിക്കണം എന്നുവരെ ഭരണകൂടങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തിരിച്ചറിയണം അസ്വാതന്ത്ര്യത്തിന്‍റെ വിത്തുകള്‍ വളരെ കൃത്യമായി നിക്ഷേപിച്ചിരിക്കുന്നു എന്ന്. എന്‍റെ രുചികളെയും രുചിഭേദങ്ങളെയും നിയന്ത്രിക്കുക ഇനി ഞാനല്ല, എന്‍റെ അടുക്കളയിലെ സ്വാതന്ത്ര്യം പോലും അധിനിവേശത്തിനു വഴിമാറുന്നു എന്നു പറയുന്നതാവും ശരി. ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വതന്ത്ര ആവിഷ്കാരത്തിന്‍റെ സാധ്യതകളും അതിജീവനത്തിന്‍റെ ജീവനാഡികളും നിഷേധിക്കപ്പെടുമ്പോള്‍, വിചാരങ്ങളൊക്കെയും നിയന്ത്രണവിധേയമാക്കപ്പെടുമ്പോള്‍ തിരിച്ചറിയണം ഇനി ഞാന്‍ തിരഞ്ഞെടുക്കേണ്ട വഴികള്‍. വികാരപ്രകടനങ്ങളും വൈകാരിക വംശ-ജാതി ചിന്തകളും ഇനിയെങ്കിലും വിചാരത്തിനും വീണ്ടുവിചാരത്തിനും നിരന്തരം പുനരാഖ്യാനം നടത്തുവാന്‍ സാധിച്ചാല്‍ ഈ സ്വാതന്ത്ര്യത്തെ തിരികെപ്പിടിക്കാനാവും.


അപ്പന്‍റെ ആജ്ഞകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് പടവെട്ടി യുദ്ധവീരനാകാന്‍ തീരുമാനിച്ചവന് എപ്പോള്‍ ബോധോദയം സംഭവിച്ചോ അപ്പോള്‍ അവന്‍ സ്വാതന്ത്ര്യത്തിന്‍റെ വഴി തിരഞ്ഞെടുക്കുന്നു. അതായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസ്. സ്വന്തം ജീവിതത്തെ അത്രമേല്‍ സ്വാതന്ത്ര്യത്തിന്‍റെ ഉത്സവമാക്കി മാറ്റിയ മറ്റൊരു വിശുദ്ധന്‍ ഇനി വിശുദ്ധന്മാരുടെ ലോകത്തുണ്ടാവുമോ എന്നു സംശയിക്കത്തക്കവിധം സ്വാതന്ത്ര്യത്തെ പുണര്‍ന്നവനായിരുന്നു അവന്‍.


ഭക്ഷണത്തിന്‍റെ തിരഞ്ഞെടുപ്പില്‍പോലും ദേശിയത ആരോപിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തു ഒരു മാതൃകയാണ്. വൈകാരികമായ എല്ലാ അസത്യങ്ങളെയും തൊലിപ്പുറത്തെ വാതമെന്നപോലെ തമസ്കരിക്കുന്ന ക്രിസ്തു സ്വാതന്ത്ര്യത്തിനും മനുഷ്യനും കൃത്യമായ പൊരുളുകള്‍ കണ്ടെത്തിയവനാണ്. 'ഉള്ളിലേക്ക് പ്രവേശിക്കുന്നതല്ല ഉള്ളില്‍ നിന്ന് വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്'. (മത്താ: 15:11). നിയമത്തിന്‍റെയും അനുഷ്ഠാനങ്ങളുടെയും ചുവരുകള്‍ക്കുള്ളില്‍ മോക്ഷത്തിന്‍റെ സ്വര്‍ഗ്ഗം തിരഞ്ഞ ഒരു ജനതയ്ക്ക് സത്യത്തിന്‍റെ ദൈവരാജ്യം കാട്ടിക്കൊടുത്തവനാണ് ക്രിസ്തു.


സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ 8: 32) എന്ന ക്രിസ്തുവചനം ഇവിടെ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. എന്ന് ഒരാള്‍ തന്‍റെ ജീവിതത്തിന്‍റെ ഭാഗധേയം യാഥാര്‍ത്ഥ്യബോധത്തോടെ സത്യത്തിന്‍റെ പിന്‍ബലത്തോടെ തിരഞ്ഞെടുക്കുമോ അന്ന് അവന്‍ അനുഭവിക്കുന്ന അവസ്ഥയ്ക്ക് പേരിടാം 'സ്വാതന്ത്ര്യം' എന്ന്. അതൊരു വികാരം മാത്രമല്ല, ജീവിതത്തിന്‍റെ നേര്‍പരിച്ഛേദം കൂടിയാണ്. പക്ഷേ ഇതിന്‍റെ വില വളരെ വലുതായിരിക്കുമെന്നു മാത്രം. ചരിത്രത്തിലിന്നോളം നടന്ന സ്വാതന്ത്ര്യസമരങ്ങളൊക്കെയും ആറ്റിക്കുറുക്കിയെടുത്താല്‍ സത്യത്തിന്‍റെ മുഖം തെളിഞ്ഞുവരികതന്നെ ചെയ്യും. 


അസത്യങ്ങളെ സത്യമാക്കാന്‍, നിരന്തരം നടക്കുന്ന പോരാട്ടങ്ങളൊക്കെയും അറുതിയാക്കാന്‍,  എന്‍റെ ദേശീയതയെ ഞാന്‍ തന്നെ തിരിച്ചറിയണം സത്യത്തിന്‍റെ കരം ഗ്രഹിച്ചുകൊണ്ട്. അല്ലാത്തപക്ഷം അരാജകത്വത്തിന്‍റെയും അസമത്വത്തിന്‍റെയും വൈകാരികതലങ്ങളെ മാത്രം പരിപോഷിപ്പിക്കുന്ന അന്ധരായ ഒരു കൂട്ടം മാത്രമായി ഒരു ജനത അധപ്പതിക്കും.


ഭക്ഷണത്തിന്‍റെ തത്വശാസ്ത്രം അനിതരസാധാരണമായ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്ന കെ. ഇ. എന്‍. ലേഖനവും ഊതിപ്പെരുപ്പിക്കുന്ന ദേശീയതയുടെ പൊള്ളത്തരങ്ങളെപ്പറ്റി സിവിക് ചന്ദ്രനും സത്യത്തിന്‍റെ കയ്യൊപ്പോടുകൂടി നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു.


മതങ്ങളില്‍നിന്നും മാനവികതിയില്‍ നിന്നും ഇനി കാലഘട്ടം ആവശ്യപ്പെടുന്ന നീതി ഇതാണ് സത്യത്തിനു സാക്ഷികളാകുക... അതുമാത്രം നിന്നെ സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസിലേക്കു നയിക്കും.   

You can share this post!

മുഖക്കുറിപ്പ്

ടോം കണ്ണന്താനം കപ്പൂച്ചിൻ
അടുത്ത രചന

മുഖക്കുറിപ്പ്

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts