news-details
ധ്യാനം

യോഹന്നാന്‍റെ സുവിശേഷം ഒന്നാമധ്യായത്തില്‍ യേശുവിന്‍റെ വാസസ്ഥലം അന്വേഷിക്കുന്ന രണ്ടു വ്യക്തികളെ കാണുന്നു. ഗുരുവിന്‍റെ വാസസ്ഥലം അന്വേഷിച്ചവരാണവര്‍. വന്നു കാണുവിന്‍ കര്‍ത്താവ് ക്ഷണിച്ചു. അവര്‍ ചെന്നു കണ്ടു. അതു ജീവിതത്തിന്‍റെ പ്രധാന മണിക്കൂറായി സുവിശേഷകന്‍ വരച്ചുകാണിക്കുന്നു. കര്‍ത്താവിനെ കണ്ടുമുട്ടുന്ന നിമിഷം അവിസ്മരണീയമായ മണിക്കൂറാണ്. ശിമയോന്‍ എന്ന മനുഷ്യന്‍ പത്രോസായി മാറിയത്  അപ്പോഴാണ്. ജീവിതയാത്രയില്‍ ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യന്‍ അവനെ കണ്ടെത്തും. നമ്മള്‍ നിരന്തരം അന്വേഷകരായിരിക്കണം. പ്രഭാഷകന്‍ 18/7ല്‍ പറയുന്നു: "മനുഷ്യന്‍റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ തന്നെ നില്‍ക്കുകയാണ്." അന്വേഷണം അവസാനിക്കുമ്പോള്‍ കണ്ടെത്തലുകളും അവസാനിക്കും. ദൈവാന്വേഷിയായ മനുഷ്യന് ചില ദര്‍ശനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. ആ ദര്‍ശനങ്ങള്‍ അവന് വഴിവിളക്കുകളാവും. 

ദൈവദര്‍ശനമാണ് ഒന്നാമത്തെ സമ്മാനം. ദൈവത്തെ പിതാവായി കാണുവാനുള്ള ഒരു കൃപ ലഭിക്കുന്നു. ദൈവം എന്‍റെ പിതാവാണെന്നും ദൈവമറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നുമുള്ള തിരിച്ചറിവാണത്. ഞാനുറങ്ങുന്നതും ഉണരുന്നതും അവന്‍റെ കൈകളിലാണെന്നുള്ള തിരിച്ചറിവ്. ദൈവത്തോടുള്ള ശിശുസഹജമായ ഒരു മനോഭാവത്തിലേക്ക് ഈ തിരിച്ചറിവ് എന്നെ നയിക്കുന്നു. നിരാശയും നൊമ്പരങ്ങളും മാഞ്ഞുപോകുന്ന ഒരവസ്ഥയാണിത്. ദൈവം കാണുന്നതുപോലെ എല്ലാം കാണുവാനുള്ള ഒരവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നു. എന്നെ അനുഗ്രഹിക്കുവാന്‍ ചുറ്റിലും എന്നെ നയിക്കുവാന്‍ മുമ്പിലും നടക്കുന്ന ഒരു ദൈവത്തെക്കുറിച്ചു ഞാന്‍ അവബോധമുള്ളവനായിത്തീരുന്നു. 

ദൈവത്തെ പിതാവായിക്കാണുന്ന ഞാന്‍ മനുഷ്യരെയെല്ലാം എന്‍റെ സഹോദരീസഹോദരന്മാരായിക്കാണും. ആരോടും വെറുപ്പും വിദ്വേഷവുമില്ലാത്ത ഒരു ജീവിതം. അപരന്‍റെ കാവല്‍ക്കാരനാണ് ഞാനെന്ന തിരിച്ചറിവിലേക്ക് ഞാന്‍ വളരുന്ന അവസ്ഥയാണിത്. ഈ ഭൂമിയിലെ എല്ലാ ചെറിയവരെയും എന്‍റെ മേല്‍നോട്ടത്തിനായി ഏല്പിച്ചതാണെന്ന തിരിച്ചറിവ് എന്നില്‍ വളര്‍ന്നു തുടങ്ങും. നിസ്സാരപ്പെട്ടവരിലും നിസ്സഹായരിലും ദൈവത്തിന്‍റെ മുഖം കാണുമ്പോള്‍ സ്നേഹത്തിന്‍റെ പ്രകാശത്തിലേക്കു ഞാന്‍ വളരും. അപരന്‍റെ കുറവുകളെ എന്‍റെ കുറവുകളായും അപരന്‍റെ തകര്‍ച്ചകളെ എന്‍റെ തകര്‍ച്ചയായും ഞാന്‍ കണ്ടു തുടങ്ങും. സ്വാര്‍ത്ഥതയില്‍ നിന്നു പരാര്‍ത്ഥതയിലേക്കുള്ള പ്രയാണം എന്‍റെ മനസ്സില്‍ ജന്മമെടുക്കുന്നു.

ആത്മദര്‍ശനമാണ് മറ്റൊന്ന്. ഏദന്‍തോട്ടത്തില്‍ വച്ച് ഞങ്ങള്‍ നഗ്നരാണെന്ന തിരിച്ചറിവ് ആദിമാതാപിതാക്കള്‍ക്കു ലഭിച്ചു. തനിക്കു പൊക്കക്കുറവാണെന്നുള്ള തിരിച്ചറിവ് സക്കേവൂസിനു ലഭിച്ചു. എന്‍റെ വഴി ശരിയല്ലെന്ന ബോധ്യം സമരിയാക്കാരിക്കു ലഭിച്ചു. ഇനിയും പങ്കുവയ്ക്കല്‍ നടത്തേണ്ടതാണെന്ന ദൗത്യം ഒരു ധനികനും ലഭിച്ചു. കര്‍ത്താവിന്‍റെയടുത്തു വന്നവര്‍ക്കെല്ലാം ഒരു നല്ല ആത്മദര്‍ശനം ലഭിച്ചു. ഇങ്ങനെയുള്ള ഒരു തിരിച്ചറിവ് നമുക്കു ലഭിക്കാത്തതിന്‍റെ കാരണം നമ്മള്‍ ദൈവത്തില്‍ നിന്നകന്നു നടക്കുന്നതുകൊണ്ടാണ്. ഞാനും എന്‍റെ വഴികളും മാത്രം ശരിയാണെന്നു ചിന്തിക്കുന്നവരുണ്ട്. അഹംബോധത്തിന്‍റെ നിറവില്‍ യാത്രചെയ്യുമ്പോള്‍ ഞാന്‍ എന്നെത്തന്നെ കാണുവാന്‍ പരാജയപ്പെടുന്നു. ദൈവമെന്ന വലിയ പ്രകാശത്തിന്‍റെ മുമ്പില്‍ ഞാന്‍ ഇരുന്നു കൊടുത്താല്‍ എന്‍റെയുള്ളിലെ ചെറിയ പൊടിപോലും ഞാന്‍ വ്യക്തമായിക്കാണും.

അവസാനമായി തെളിഞ്ഞുവരുന്നത് പ്രപഞ്ചദര്‍ശനമാണ്. ഈ കാണുന്ന ദൃശ്യപ്രപഞ്ചത്തെ ദൈവത്തിന്‍റെ വെളിപാടുപുസ്തകമായി ഞാന്‍ കാണും. ആകാശത്തിലെ പറവകളും വയലിലെ പൂക്കളുമെല്ലാം എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിത്തീരും. പക്ഷികളെ നോക്കുമ്പോള്‍ ദൈവം നല്കുന്ന സ്വാതന്ത്ര്യത്തെ ഓര്‍ക്കും. വയല്‍പ്പൂക്കളെ കാണുമ്പോള്‍ ദൈവമേകുന്ന പരിപാലനയെ ഓര്‍ക്കും. ഈ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമായി എന്നെത്തന്നെ കാണും. പ്രകൃതിയെ മലിനപ്പെടുത്താതെ ശ്രദ്ധയോടെ അതിനെ പരിപാലിക്കുന്ന ഒരു മാനസിക അവസ്ഥയിലേക്കു ഞാന്‍ സാവധാനം വളര്‍ന്നു തുടങ്ങും.  

You can share this post!

സ്വര്‍ണ്ണത്തെപ്പോലെ ശുദ്ധീകരിക്കപ്പെടും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts