ജീവിതത്തെ ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന -മനസ്സില്‍ 'നിയോഗങ്ങളുടെ അഗ്നി'യേന്തുന്നു എന്നു വിശ്വസിക്കുന്ന- പെണ്‍കുട്ടി, രണ്ടാം ചിന്തകളുടെ വേളകളിലൊന്നില്‍ ഇങ്ങനെ കുറിച്ചു: "...ഒത്തിരി ഭീതി തോന്നുന്നു. സംശയവും ക്രൂരതയും സ്ഫുരിക്കുന്ന സമൂഹത്തിന്‍റെ ആയിരം കണ്ണുകള്‍ക്കു മുമ്പില്‍ വിവസ്ത്രയെന്നപോലെ അപമാനിതയാകുന്ന അനുഭവം. മടുത്തു...! ചിന്തയുടെയും കര്‍മ്മത്തിന്‍റെയും ജാലകങ്ങള്‍ ഇനി ഞാനടച്ചിടുകയാണ്. സ്വകാര്യതയുടെ ഗൃഹത്തിലേക്കൊതുങ്ങുവാന്‍..."
അറിയപ്പെടുന്ന 'വിമന്‍ ലിബ്ബു' കളുടെ നഗരത്തിലാണ് പെണ്‍കുട്ടിയുടെ വീട്. സ്ത്രീയുടെ തുല്യത പ്രഖ്യാപിക്കുന്ന പ്രകടനങ്ങളും പ്രഭാഷണങ്ങളും നഗരത്തിലെ സന്ധ്യകളില്‍ മുഴങ്ങാറുണ്ട്. കേരളത്തിലെ സ്ത്രീകളുടെ അഭിരുചികള്‍ നിര്‍ണ്ണയിക്കുന്നു എന്ന് അവകാശപ്പെടുന്ന രണ്ട് 'സ്ത്രീ പ്രസിദ്ധീകരണങ്ങള്‍' ഇവിടെ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഏറെ പേരുകേട്ട വനിതാകോളേജുകള്‍, കൈനറ്റിക് ഹോണ്ടാകളില്‍ തലങ്ങനെയും വിലങ്ങനെയും പായുന്ന വിദ്യാര്‍ത്ഥിനികളും ഉദ്യോഗസ്ഥകളും...
എന്നിട്ടും,
ആത്മാവിന്‍റെ ആഴങ്ങളില്‍ ഓരോ സ്ത്രീയിലും ഏല്പിക്കപ്പെടുന്ന ഭീതിയുടെയും അബലബോധത്തിന്‍റെയും പ്രാഗ്ഭാവങ്ങള്‍ പെണ്‍കുട്ടിയുടെ വരികള്‍ക്കിടയില്‍ അനാവൃതമാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനി ഞാനവളോട് അസ്സീസിയിലെ ക്ലാരയെക്കുറിച്ച് പറയും.
ആരായിരുന്നു ക്ലാര...?
ആദിമവിശുദ്ധിയോടെ നിയോഗങ്ങള്‍ക്കു കാതോര്‍ത്തവള്‍.
തപസ്വിനിയുടെ ആര്‍ദ്രതയില്‍ സമസ്തലോകത്തിനും ഹൃദയത്തില്‍ ഇടം നല്കിയവള്‍. പ്രവാചികയുടെ ഗാംഭീര്യത്തോടെ മാറ്റത്തിന്‍റെ ചക്രവാളങ്ങളിലേക്ക് ചൂണ്ടുവിരല്‍ നീട്ടിയവള്‍.
പിന്നെ അതിനപ്പുറം എന്തൊക്കെയോ... വാക്കുകളുടെ ചിപ്പിക്കുള്ളില്‍ വ്യക്തികളുടെ ആകാശങ്ങളെ നമുക്കെങ്ങനെ ഒതുക്കാനാകും..?
ചരിത്രത്തിന്‍റെ വഴികളില്‍ ഇരുള്‍ വീണ കാലത്താണവള്‍ പിറന്നത്. കുടിപ്പകകളും പടയോട്ടങ്ങളും മുഖമുദ്രയാക്കിയ സമൂഹം. ഫ്യൂഡല്‍വ്യവസ്ഥിതിയുടെ നുകത്തിനു കീഴില്‍ പണിയെടുക്കാനും പടയ്ക്കുപോകാനും മരിച്ചുവീഴാനും മാത്രം കടപ്പെട്ട കുറെയേറെ മനുഷ്യര്‍. വിശുദ്ധ നാടുകള്‍ക്കുവേണ്ടി നടത്തിയ, സഭയുടെ അവിശുദ്ധ യുദ്ധപരമ്പരകള്‍. സ്വര്‍ണവും വെള്ളിയും ഞങ്ങള്‍ക്കില്ല എന്നു പ്രഖ്യാപിച്ച പത്രോസിന്‍റെ ആത്മാവ് സഭയ്ക്ക് അന്യമായത്തുടങ്ങിയ 'വൈരുദ്ധ്യകാലം.'
ക്ലാരയെന്നാല്‍ വെളിച്ചമെന്നര്‍ത്ഥം. ഇരുളില്‍ തെളിയുന്ന പ്രത്യാശയുടെ അഗ്നിനാളം. ക്ലാരയെ ഉദരത്തില്‍ വഹിച്ചിരുന്ന നാളില്‍ അവളുടെ അമ്മ ഒരുള്‍വിളി കേട്ടു. ഭൂമിയുടെ ഇരുളില്‍ ജ്വലിക്കുന്ന ഒരു ദീപത്തിന് നീ ജന്മം നല്കുമെന്ന്... ഈ പ്രവചനത്തിന്‍റെ ശിലയില്‍ നിന്നുകൊണ്ടാണ് അമ്മ ഓത്തേലാന പ്രഭ്വി തന്‍റെ കുഞ്ഞിന് ക്ലാരയെന്ന പുണ്യനാമം നല്കുക.
അവളുടെ ബാല്യത്തെക്കുറിച്ച് നമുക്കേറെയൊന്നുമറിയില്ല. എന്നിട്ടും അവ്യക്തതയുടെ മൂടല്‍മഞ്ഞിനപ്പുറത്തുനിന്ന് ചില ചിതറിയ ചിത്രങ്ങള്‍ നമുക്കു ലഭിക്കുന്നു. കത്തീഡ്രലുകളും ഗോപുരങ്ങളും കാവല്‍നില്ക്കുന്ന, മഞ്ഞുവീണ വീഥികളിലൂടെ അമ്മയുടെ വിരല്‍ത്തുമ്പുകളില്‍ പിച്ചനടക്കുന്ന ദിനങ്ങള്‍. പിന്നെ ദേവാലയപടവുകളില്‍ ഭിക്ഷയ്ക്കായി കാത്തിരുന്ന ദരിദ്രരുടെ കൈവെള്ളകളില്‍ നാണയത്തുട്ടുകള്‍ വച്ചുകൊടുക്കുന്ന അലിവിന്‍റെ മിന്നല്‍വെളിച്ചം. ആളൊഴിഞ്ഞ ദേവാലയങ്ങളുടെ സാന്ദ്രനിശ്ശബ്ദതയില്‍ ഹൃദയത്തിന്‍റെ സങ്കീര്‍ത്തനങ്ങളുടെ താളവുമായി നമ്രശീര്‍ഷയായി പ്രാര്‍ത്ഥനയില്‍ നില്ക്കുന്ന ശാന്തയായൊരു പെണ്‍കുട്ടി. പൂക്കട്ടയില്‍ നിറയെ പൂക്കളുമായി താഴ്വരകളിലൂടെ സഖികളുമൊത്ത് ചിരിച്ചുല്ലസിച്ചുവരുന്ന, കൗതുകമുണര്‍ത്തുന്ന മറ്റൊരു ചിത്രം. കാല്പനികതയുടെ നിറം പുരണ്ട കുറെ സ്കെച്ചുകള്‍... ബാല്യത്തിന്‍റെ ഈ വഴികളിലെവിടെയോ അവളുടെ നെഞ്ചില്‍ അന്വേഷണത്തിന്‍റെ ഒരു വിത്ത് വീണു. അതു മുളപൊട്ടി പിന്നെ ദിനരാത്രങ്ങളിലൂടെ ഇലയിട്ട് അവളുടെ ഓരോ ജൈവകോശങ്ങളിലും പൂത്തുലഞ്ഞുനിന്നുവെന്ന് നാമറിയുന്നു.
എവിടെയോ വായിച്ചു. അന്വേഷണത്തിന്‍റെ വിത്തുകള്‍ അപ്പൂപ്പന്‍ താടിപോലെ അന്തരീക്ഷത്തില്‍ പാറിനടക്കുന്നു. ഈശ്വരനാണതിനു ചിറകുകള്‍ നല്കുന്നത്. കോട്ടകൊത്തളങ്ങള്‍ക്ക് ഇവയെ തടുക്കാനാവില്ല. അത് എവിടെയെല്ലാം ചെന്നു വീഴുന്നുവോ അവിടെയെല്ലാം അതിന് മുളപൊട്ടുകയും ചെയ്യുന്നു. വളരെ വളരെ വ്യത്യസ്തനായൊരു ചെറുപ്പക്കാരനെക്കുറിച്ച് അക്കാലത്ത് അസ്സീസിയിലെ ജനങ്ങള്‍ സംസാരിച്ചിരുന്നു. ജീവിതം ഒരു കാര്‍ണിവല്‍പോലെ ആഘോഷിച്ചിരുന്ന അഹന്തയുടെ അശ്വത്തില്‍ യാത്രചെയ്തിരുന്ന, ഫ്രാന്‍സിസ് ബര്‍ണദോന്‍ എന്ന ഒരു ചെറുപ്പക്കാരന്‍. പാതിരാവുകളില്‍ ഇടുങ്ങിയ വീഥികളിലൂടെ നൃത്തം ചവുട്ടി ഉറക്കെ ഗാനങ്ങള്‍ പാടി ഉല്ലസിച്ചിരുന്ന അയാള്‍ ജ്വരബാധിതനെപ്പോലെ ഉള്‍വലിഞ്ഞു തുടങ്ങിയത് പെട്ടെന്നായിരുന്നു.
പടയോട്ടങ്ങളിലൊന്നില്‍ പങ്കുചേരാനും പേരുനേടാനും ഒരു ദിവസം അയാള്‍ അസ്സീസിയില്‍നിന്നു പുറപ്പെട്ടു. യാത്രയുടെ ഇടവേളകളിലെപ്പോഴോ അയാളുടെ ജീവിതത്തെ ആകമാനം ഉലച്ച എന്തോ ഒന്ന് സംഭവിച്ചു. രണഭൂമിയിലെത്താതെ അയാള്‍ മടങ്ങി. അയാള്‍ തന്‍റെ പടക്കുതിരയെ ആര്‍ക്കോ നല്കിയിരുന്നു. ഒപ്പം പടക്കുതിരയുടെ ആ തലയെടുപ്പും അയാള്‍ക്കന്യമായി.
ദേവാലയങ്ങളിലും പിന്നെ താഴ്വരകളിലെ ഗുഹകളിലും അയാള്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നതായി ആളുകള്‍ പറഞ്ഞു. ആട്ടിടയന്‍ ധരിക്കുന്ന പരുക്കന്‍ വസ്ത്രങ്ങളണിഞ്ഞ് അയാള്‍ നഗ്നപാദനായി തെരുവുകളിലൂടെ അലഞ്ഞിരുന്നു. ചെറിയ ചെറിയ സംഘങ്ങളോട് അയാള്‍ ദൈവത്തെക്കുറിച്ച് ഒപ്പം മനുഷ്യനെയും ഭൂമിയെയും കുറിച്ച് സംസാരിച്ചു. അയാള്‍ ആഹ്ലാദത്തിന്‍റെ വീഞ്ഞു കുടിച്ചവനായിരുന്നു. ക്ലാര ജാലകങ്ങള്‍ തുറന്നിട്ടിരുന്നു. വീടിന്‍റെ മാത്രമല്ല മനസ്സിന്‍റെയും.
തുറന്നിട്ട ജാലകത്തിലൂടെ അവള്‍ എല്ലാത്തിനും സാക്ഷിയായി.
അക്കാലത്ത് അവള്‍ വെളിപാടുകള്‍ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. നിശയുടെ നിശ്ശബ്ദതയില്‍ സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു വേണ്ടിയല്ല മറിച്ച് വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും സ്വയം അനാവൃതമാകുന്ന ദൈവത്തെ...
ഫ്രാന്‍സിസ് എന്ന മനുഷ്യന്‍ അവള്‍ക്ക് വലിയ വെളിപാടായി. 'ബോദ' എന്ന പരിചാരികയുമൊത്ത് അവള്‍ ഫ്രാന്‍സിസിനെ സമീപിച്ചു. ആ മനുഷ്യന്‍റെയുള്ളില്‍ അഗ്നിയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവന്‍റെ അഗ്നി അവളുടെ ഹൃദയത്തെ കൂടുതല്‍ ജ്വലിപ്പിച്ചു. വീടിന്‍റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുവാനുള്ളതല്ല താനെന്നും വലിയ നിയോഗങ്ങള്‍ തനിക്കുവേണ്ടി കാത്തിരിക്കുന്നുവെന്നും അവള്‍ മനസ്സിലാക്കി. അദൃശ്യമായി എല്ലാ കരുക്കളും നീക്കുന്ന ആ ശക്തിയാണ് തന്‍റെ നിയോഗങ്ങള്‍ തീര്‍ക്കുന്നതെന്നവള്‍ വിശ്വസിച്ചു. പട്ടം പറപ്പിക്കുന്ന കുട്ടിക്കറിയില്ല അവനല്ല പട്ടത്തെ നിയന്ത്രിക്കുന്നതെന്ന്. അത് കാറ്റല്ലേ... എവിടെനിന്നും വരുന്നുലെന്നറിയാത്ത, എവിടേക്കോ വീശുന്ന കാറ്റ്.. ആ കാറ്റിനവള്‍ തന്‍റെ ജീവിതത്തിന്‍റെ ഗതി ഭവ്യതയോടെ വിട്ടുകൊടുത്തു.
1221 മാര്‍ച്ച് 18, ഓശാന ഞായര്‍
കുടുംബാംഗങ്ങളോടൊത്ത് ക്ലാര ദേവാലയത്തിലെ കര്‍മ്മങ്ങളില്‍ പങ്കെടുത്തു. കുന്തിരിക്കത്തിന്‍റെ ഗന്ധം അസ്സീസിയില്‍ മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു. വിശ്വാസികളും ഗായകസംഘവും ഒരേ താളത്തില്‍ ഒലിവിലക്കൊമ്പുകള്‍ പാടുന്ന ഓശാനഗീതങ്ങള്‍ ആലപിച്ചിരുന്നു. കര്‍മ്മങ്ങള്‍ അവസാനിച്ചു. ആളൊഴിഞ്ഞ ദേവാലയത്തില്‍ ക്ലാര മാത്രം.
'സീയോന്‍ പുത്രി ഭയപ്പെടേണ്ട' എന്ന സങ്കീര്‍ത്തനം അവളുടെ ഉള്ളില്‍ പ്രതിധ്വനിച്ചിരുന്നു.
അന്നു രാത്രിയായിരുന്നു അവളുടെ 'പുറപ്പാട്.' ഓരോ പുറപ്പാടും ഓരോ തീവ്രമായ നൊമ്പരമാണ്. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിച്ച് അറിയപ്പെടാത്ത തീരങ്ങളിലേക്കുള്ള യാത്ര. വീടിന്‍റെ സുരക്ഷിതത്വം ഉപേക്ഷിച്ച് അരക്ഷിതാനുഭവത്തിലേക്കുള്ള പുറപ്പാട്.
ഇത്തരം പുറപ്പാടുകളിലാണ് മനുഷ്യന്‍റെ ചരിത്രം മുന്നോട്ട് നീങ്ങുന്നത്. ചരിത്രം പുറപ്പാടുകളുടെ ആകെത്തുകയാണെന്ന് പറഞ്ഞതാരാണ്? സ്നേഹം പോലും ഒരു പുറപ്പാടണല്ലോ. അഹത്തിന്‍റെ കൂട്ടില്‍നിന്ന് അപരനിലേക്കുള്ള യാത്ര.
ക്ലാര ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു. ശബ്ദമുണ്ടാക്കാതെ അവള്‍ അകത്തളങ്ങളിലെ ഇടനാഴികളിലൂടെ നടന്ന് തെരുവിലെത്തി.
അവളെക്കാത്ത് ആത്മാര്‍ത്ഥ സുഹൃത്തായ പസിഫിക്കാ എന്നൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പോര്‍സ്യുങ്കുളായിലെ ചെറിയ ദേവാലയത്തില്‍ ചിരാതുകള്‍ അണയ്ക്കാതെ ഫ്രാന്‍സിസും ദരിദ്രസഹോദരന്മാരും അവളെ കാത്തിരുന്നു. രാപ്പാടികളുടെതുപോലെ മധുരമായ ഒരു സങ്കീര്‍ത്തനം അവള്‍ പാടിയിരുന്നു. ഇടറാത്ത പാദങ്ങളോടെ അവള്‍ ദേവാലയത്തിന്‍റെ പടവുകള്‍ ചവിട്ടിക്കയറി ആഭരണങ്ങള്‍ എല്ലാം ഊരി അവള്‍ അള്‍ത്താരയുടെ മുന്നില്‍ സമര്‍പ്പിച്ചു. പിന്നെ ഫ്രാന്‍സിസിന്‍റെ കൈയില്‍നിന്ന് ഒരു പരുക്കന്‍ വസ്ത്രം ഏറ്റുവാങ്ങി. ദീപങ്ങളുടെ വെളിച്ചത്തില്‍ അവളുടെ സുവര്‍ണമുടിയിഴകള്‍ മുറിച്ചെടുക്കപ്പെട്ടു. ആ നിമിഷത്തില്‍ അവള്‍ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും ദരിദ്രസഹോദരിയായി.
ആ നിമിഷത്തില്‍ത്തന്നെയവള്‍ ദാരിദ്ര്യത്തിന്‍റെ പ്രവാചികയുമായി. മഠാധിപകളും ആശ്രമാധിപന്മാരും ഏറ്റവും വലിയ ഭൂവുടമകളായിരുന്ന ഒരു കാലത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ പുതിയ നീക്കം വിപ്ലവാത്മകമായിരുന്നു. മൊണാസ്റ്റിക് പാരമ്പര്യത്തെ നശിപ്പിച്ച ധനസമ്പാദനം എന്ന തിന്മയ്ക്കെതിരെയവള്‍ കര്‍മ്മം കൊണ്ട് ആഞ്ഞടിച്ചു. കോണ്‍സ്റ്റൈന്‍ കിരീടങ്ങളില്‍നിന്ന് പത്രോസിന്‍റെ ആത്മാവിലേക്കു തിരിച്ചുപോകാന്‍ അവള്‍ സഭയെ നിരന്തരം പ്രേരിപ്പിച്ചു. സുവിശേഷാധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അവളുടെ സ്വപ്നം.
സമൂഹതലത്തില്‍ ദരിദ്രരായ മനുഷ്യര്‍, പ്രഭുക്കന്മാരുടെ കണ്ണുകളില്‍ മൃഗതുല്യരായ അടിമകളായിരുന്നു. അതിനീചമായ രീതിയില്‍ (എല്ലാക്കാലത്തിലുമെന്നപോലെ) ദരിദ്രര്‍ നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
നേടാനുള്ള പടയോട്ടങ്ങള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന ദൈവശാസ്ത്രം കര്‍മ്മം കൊണ്ടു പ്രഘോഷിക്കുകവഴി ക്ലാര ഫ്രാന്‍സിസിനെപ്പോലെ ദരിദ്രരുടെ പക്ഷത്തില്‍ ചേരുകയായിരുന്നു. ആദ്യകാലത്ത് ക്ലാരയെ പിന്തുടര്‍ന്നവര്‍ അവളെപ്പോലെതന്നെയുള്ള പ്രഭുകുമാരികള്‍ ആയിരുന്നു. സുഖഭോഗങ്ങളുടെ പടവുകള്‍ സമൂഹത്തിന്‍റെ മനസ്സാക്ഷിയെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. യേശുവിന്‍റെ ആദര്‍ശങ്ങളിലേക്കുള്ള ഒരു മടക്കയാത്രയായിരുന്നു അത്. പ്രാഗിലെ ആഗ്നസിനയച്ച കത്തുകളിലൊന്നില്‍ അവളിങ്ങനെ കുറിച്ചു: "ദരിദ്രര്‍ക്കുമാത്രമാണ് കര്‍ത്താവ് ദൈവരാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നതും നല്കിയിരിക്കുന്നതുമെന്ന് നീ അറിഞ്ഞിട്ടുണ്ടെന്നാണ് എന്‍റെ ബോധ്യം... ലോകത്തിന്‍റെ ബഹുമതിയെക്കാള്‍ അതിന്‍റെ നിന്ദനങ്ങള്‍ നീ ഇഷ്ടപ്പെട്ടു. ഭൗമികധനത്തെക്കാള്‍ ദാരിദ്ര്യം നീ തെരഞ്ഞെടുത്തു.അതുകൊണ്ടു തന്നെ തുരുമ്പിനും കീടങ്ങള്‍ക്കും കള്ളന്മാര്‍ക്കും നിന്നെ നശിപ്പിക്കാനാവില്ല."
ധനവാനായിരിക്കുകയെന്നാല്‍ ഭൂമിയെയും സഹജീവികളെയും ചൂഷണം ചെയ്യുക എന്നാണര്‍ത്ഥമെന്ന് തിരിച്ചറിയുന്ന നമുക്ക് ക്ലാര വലിയൊരു പ്രകാശസ്രോതസ്സാകുന്നു. തലമുറകള്‍ക്കുവേണ്ടി നൊമ്പരപ്പെടുന്നവന്‍ ലളിതജീവിതത്തിലേക്ക് മടങ്ങണമെന്ന് മനസ്സിലാക്കുന്ന വേളയില്‍ ദാരിദ്ര്യത്തിന്‍റെ ഈ പ്രവാചിക നമുക്ക് വഴികാട്ടുന്നു. ദാരിദ്ര്യത്തിന്‍റെ ആനുകൂല്യത്തിനു വേണ്ടി മാത്രമാണ് ക്ലാര പേപ്പസിയോടപേക്ഷിക്കുക. 1228 സെപ്റ്റംബര്‍ 7നു ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പ ക്ലാരയുടെ സമൂഹത്തിന് ദാരിദ്ര്യത്തിന്‍റെ ആനുകൂല്യം അനുവദിച്ചുകൊടുത്തു. പേപ്പല്‍ രേഖയില്‍ മാര്‍പാപ്പ ഇങ്ങനെ കുറിച്ചിരിക്കുന്നു:
'ഭൗതികവസ്തുക്കായുള്ള അഭിലാഷങ്ങള്‍ പരിത്യജിച്ചുകൊണ്ട് നിന്നെ പൂര്‍ണമായി കര്‍ത്താവിന് സമര്‍പ്പിക്കാനുള്ള ആഗ്രഹം നീ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ നീ എല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുകയും സമ്പാദ്യങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ തീരിമാനിക്കുകയും ചെയ്തു. അതുവഴിയത്രേ എല്ലാറ്റിലും നമുക്കുവേണ്ടി വഴിയും സത്യവും ജീവനുമായിത്തീര്‍ന്നവന്‍റെ ചുവടുകള്‍ നിനക്ക് മുറുകെ പിടിക്കാന്‍ കഴിയുക. സമ്പാദ്യത്തിന്‍റെ അഭാവം നിന്‍റെ തീരുമാനത്തില്‍നിന്ന് നിന്നെ പിന്തിരിപ്പിക്കുന്നില്ല...'(Bullarion Franciscanum, 178)
എന്നാല്‍ 1247 ആഗസ്റ്റ് 6നു ഇന്നസെന്‍റ് നാലാമന്‍ മാര്‍പാപ്പ ദരിദ്ര സഹോദരിമാരുടെ സംഘങ്ങള്‍ക്കുവേണ്ടി ഒരു പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. അതനുസരിച്ച് സഹോദരി സംഘത്തിന് പൊതുസ്വത്ത് ഉണ്ടായിരിക്കണമെന്നാണ്. ഇതു ക്ലാരയ്ക്കു സ്വീകാര്യമല്ലെന്ന് കണ്ട മാര്‍പാപ്പ 1250 ജൂലൈ 6നു Iter Personar എന്ന ബൂള വഴി നിയമാവലിയുടെ കടപ്പാട് എടുത്തുകളഞ്ഞു. ഈ കാലഘട്ടത്തില്‍ ദാരിദ്ര്യത്തിന് പ്രാധാന്യം നല്കിക്കൊണ്ടുള്ള ഒരു നിയമാവലി അവള്‍ തയ്യാറാക്കിക്കൊണ്ടിരുന്നു. ഇന്നസെന്‍റ് നാലാമന്‍ മാര്‍പാപ്പായുടെ അംഗീകാരം ഇതിനുവേണ്ടി ക്ലാര നിരന്തരം തേടിക്കൊണ്ടിരുന്നു. ഒടുവില്‍ 1253 ഓഗസ്റ്റ് 9നു സോളെത്ത് അന്നവാര എന്ന പേപ്പല്‍ ബൂള ക്ലാരയ്ക്ക് സാന്ത്വനമായി. രണ്ടു ദിവസങ്ങള്‍ക്കുശേഷം അവള്‍ മരണം പ്രാപിക്കുകയും ചെയ്തു.
'ദാരിദ്ര്യമെന്ന ഈ സിദ്ധി'തനിക്കുശേഷം വരുന്ന തലമുറകള്‍ക്കും സ്വന്തമാക്കുവാനാണ് ക്ലാര പേപ്പസിയോട് ജീവിതത്തിന്‍റെ നല്ലൊരു കാലം സ്നേഹപൂര്‍വ്വം കലഹിച്ചത്.
ക്ലാരയുടെ ആവൃതിയുടെ വാതിലുകള്‍ ഒരിക്കലും അടഞ്ഞുകിടന്നിരുന്നില്ല. അവളുടെ ഹൃദയത്തിന്‍റെ സ്വാഗതം പോലെ അത് നിന്ദിതര്‍ക്കും ദരിദ്രര്‍ക്കും രോഗികള്‍ക്കുമായി ഉപേക്ഷിക്കപ്പെട്ടിരുന്ന കുഷ്ഠരോഗികളെ ചുമലിലേറ്റി ദരിദ്രസഹോദരന്മാര്‍ ആവൃതിയുടെ കവാടത്തിലെത്തിക്കുന്നു. പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് സ്നേഹത്തിന്‍റെ സമ്മാനങ്ങളുമായി. സ്ത്രീകള്‍ക്കുമാത്രം നൈസര്‍ഗികമായ ആര്‍ദ്രതയോടെയവര്‍ രോഗികളെ പരിചരിച്ചു. അവരുടെ മുറിവുകളില്‍ കനിവിന്‍റെ കണ്ണീരും ഒലിവെണ്ണയും പുരട്ടി. ജീവിതത്തിന്‍റെ ധാരയില്‍നിന്ന് പുറന്തള്ളപ്പെട്ട്, ഏകാന്തതയുടെ തുരുത്തുകളില്‍ ദൈവത്തിന്‍റെ പൊള്ളുന്ന സ്പര്‍ശനമറിഞ്ഞു. ആ ചൂടില്‍ അവരുടെയുള്ളില്‍ സംവത്സരംകൊണ്ട് രൂപപ്പെട്ട അവഗണനയുടെയും അപമാനത്തിന്‍റെയും മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു.
രാത്രിയില്‍ ദരിദ്രസഹോദരിമാരുടെ അധരങ്ങളില്‍നിന്ന് പ്രാര്‍ത്ഥനാ സങ്കീര്‍ത്തനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് ഗോപുരങ്ങളില്‍ തട്ടി പ്രതിധ്വനിച്ചപ്പോള്‍ അമ്മമാര്‍ കുഞ്ഞുങ്ങളോട് പറഞ്ഞു: "കുഞ്ഞുങ്ങളെ നമുക്കുവേണ്ടിയാണവര്‍ പ്രാര്‍ത്ഥിക്കുന്നത്..."
1253 ആഗസ്റ്റു 11 നു മരണം അമ്മയുടെ അലിവോടെ ക്ലാരയെ പുണര്‍ന്നു. നീണ്ട ഇരുപത്തിയെട്ടു സംവത്സരങ്ങള്‍ അവള്‍ രോഗിയായിരുന്നു. ഇരുളില്‍ ജ്വലിച്ചുകൊണ്ടിരുന്ന ഒരു നക്ഷത്രം ഭൂമിക്ക് നഷ്ടമായി. എന്നിട്ടും ഒത്തിരിപ്പേരുടെ ഉള്ളില്‍ അവള്‍ ജ്വലിച്ചുനില്ക്കുന്നു. എന്‍റെ സ്മൃതിയിലെന്നപോലെ.
ഒടുവില്‍ പ്രിയപ്പെട്ട പെണ്‍കുട്ടി, ക്ലാരയുടെ വികലമായ ഒരു സ്കെച്ചാണിതെന്ന് എനിക്ക് നന്നായറിയാം. ക്ലാരയെ നീ അനുകരിക്കണമെന്ന് പറയുകയല്ല ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം. ക്ലാരയ്ക്കു മാത്രമേ ക്ലാരയാകാന്‍ കഴിയൂ.
എന്നിട്ടും ആലങ്കാരികതയുടെ ഒരു തലത്തില്‍നിന്നുകൊണ്ട് എല്ലാവര്‍ക്കും ക്ലാരയാകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്ലാരയെന്നാല്‍ വെളിച്ചമെന്നാണല്ലോ അര്‍ത്ഥം. നമ്മുടെ ഇത്തിരി വട്ടങ്ങളില്‍ വെളിച്ചത്തിന്‍റെ ഒരു ബിന്ദുവാകാന്‍ കഴിയുന്ന വേളയില്‍ എല്ലാ ജന്മങ്ങളും സഫലമാകുന്നു. നിയോഗങ്ങള്‍ക്കു കാതോര്‍ക്കുക. ആ നിയോഗങ്ങള്‍ക്കു ജീവിതം എഴുതി നല്കുക. ഞാന്‍ വിരമിക്കുന്നു സ്നേഹപൂര്‍വ്വം.