ഹൈന്ദവ പുരാണത്തിലെ ഒരു കഥാപാത്രമാണ് അനന്തന്‍. ഭൂഗോളത്തെ താങ്ങിനിറുത്തുന്ന കഥാപാത്രമാണ് അനന്തന്‍. അനന്തന്‍ കൈവിട്ടാല്‍ ഭൂഗോളം താഴെവീഴുമെന്നാണ് ഐതിഹ്യം. ഇന്നു നമ്മുടെയൊക്കെ സമൂഹത്തില്‍ ഈ ആശങ്ക വളരെ വ്യക്തമായി കാണാവുന്നതാണ്. ഞാനാണ് കേന്ദ്രം, ഞാനില്ലെങ്കില്‍ കാണാം എന്ന ചിന്തയാണിത്. എല്ലാം എന്‍റെ സാമര്‍ത്ഥ്യമാണ്. മറ്റുളളവര്‍ക്കൊന്നും പ്രസക്തിയില്ല എന്ന ഈ ചിന്ത മനുഷ്യനെ അഹങ്കാരത്തിലേയ്ക്കും സ്വാര്‍ത്ഥതയിലേക്കും നയിക്കും. ഞാനില്ലെങ്കില്‍ ഈ കുടുംബം നിലനില്ക്കില്ല എന്നു കരുതുന്ന കുടുംബനാഥന്മാരും നാഥകളും ഇത്തരത്തില്‍പ്പെട്ടവരാണ്. ഭാര്യയും മക്കളും എന്‍റെ അടിമകള്‍ എന്ന മനോഭാവമാണിവിടെ കാണുന്നത്. ഭര്‍ത്താവും മക്കളും താന്‍ വരച്ച വരയില്‍ നില്ക്കണമെന്നാഗ്രഹിക്കുന്ന കുടുംബനാഥകളും ഈ ഗണത്തില്‍പ്പെട്ടവര്‍ തന്നെ. എല്ലാവരുടെയും സഹകരണം തേടണമെന്ന ബോദ്ധ്യം ഇവിടെയാര്‍ക്കുമില്ല.
ഓഫീസര്‍ മാത്രമാണ് കേന്ദ്രം. കീഴുദ്യോഗസ്ഥരെല്ലാം അദ്ദേഹത്തിന്‍റെ പണിയാളുകളായി കണക്കാക്കപ്പെടുമ്പോള്‍ അനന്തന്‍സിന്‍ഡ്രത്തിന്‍റെ ആവര്‍ത്തനമാണിത്. രാഷ്ട്രീയത്തിലും സമൂഹത്തിലുമെല്ലാം ഈ പ്രവണത വളര്‍ന്നുവരുന്നു. ഈ മനോഭാവം സാവധാനം അഹങ്കാരത്തിലേക്കു നയിക്കും. വിനയത്തിന്‍റെ അരൂപി നഷ്ടമാക്കുന്ന ഈ അവസ്ഥ അപകടകരമാണ്. ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ദൈവം ചിതറിക്കുമെന്ന മറിയത്തിന്‍റെ വാക്കുകള്‍ ഇവിടെ ഓര്‍മ്മിക്കേണ്ടതായുണ്ട്. ലോകത്തിലുണ്ടാകുന്ന ഒരുപിടി തകര്‍ച്ചകളുടെ കാരണം ഇതു തന്നെയാണ്. നമ്മള്‍ എത്രത്തോളം ഉന്നതരാകുന്നോ അത്രത്തോളം നമ്മെത്തന്നെ താഴ്ത്തണം. മനുഷ്യന്‍ ദൈവമാകുവാനാഗ്രഹിച്ചപ്പോള്‍ 'മനുഷ്യാ നീ പൊടിയാകുന്നു' എന്നു പറഞ്ഞ് ദൈവം മനുഷ്യനെ തിരുത്തി. നമ്മുടെ അഹന്തയുടെ അശ്വമേധങ്ങള്‍ അവസാനിക്കുമ്പോള്‍ ദൈവത്തിന്‍റെ കൃപ നമ്മിലേക്കൊഴുകിയിറങ്ങും.
ദൈവാനുഭവം ലഭിച്ചവരെല്ലാം സ്വയം വിനീതരായി മാറി. താനാണെല്ലാമെന്നു കരുതിയ സാവൂള്‍ കര്‍ത്താവിനെ കണ്ടുമുട്ടിയപ്പോള്‍ സ്വയം താഴ്ന്നു. കുനിയുവാനും കുമ്പിടുവാനും മനസ്സുള്ളവരെ ദൈവം ഉയര്‍ത്തും. മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നതും ഇങ്ങനെയുള്ള വ്യക്തിത്വങ്ങളിലേക്കാണ്. ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല എന്നു പറയുവാന്‍ നമുക്കു കഴിയുന്നുണ്ടോ? ഇതാ കര്‍ത്താവിന്‍റെ ദാസിയെന്നു പറഞ്ഞ് സ്വയം താഴ്ന്ന മറിയത്തിലേക്കാണ് ദൈവാനുഗ്രഹം പറന്നിറങ്ങിയത്. ചരിത്രത്തിന്‍റെ ഗതിവിഗതിയില്‍ അഹങ്കരിച്ചവരെല്ലാം വിസ്മരിക്കപ്പെട്ടു. ലോകം വെറുപ്പോടെയാണ് അവരെ നോക്കിക്കണ്ടത്. ഹിറ്റ്ലറും മുസ്സോളിനിയും, നെപ്പോളിയനുമെല്ലാം തകര്‍ന്നില്ലേ? സ്വയം താഴ്ന്ന മഹാത്മാഗാന്ധിയും, മദര്‍ തെരേസയുമെല്ലാം ജനങ്ങളാല്‍ ആദരിക്കപ്പെട്ടില്ലേ? എനിക്കുശേഷം പ്രളയമെന്ന മനോഭാവത്തെ നാം ഉപേക്ഷിക്കണം. അപ്പോള്‍ നമ്മളും ജനതകളാല്‍ സ്മരിക്കപ്പെടും, ആദരിക്കപ്പെടും.
"താഴ്ന്ന നിലത്തേ നീരോടൂ" എന്ന പഴഞ്ചൊല്ല് ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്. ദൈവത്തെകൂടാതെ ബാബേല്‍ ഗോപുരം പണിതവരുടെ തകര്‍ച്ചയെപ്പറ്റി നാം കേട്ടിട്ടുണ്ട്. അവരുടെ ഭാഷ ദൈവം ചിതറിച്ചു കളഞ്ഞുവെന്ന് നാം വായിക്കണം. ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാതിരിക്കുമ്പോള്‍ മനുഷ്യന്‍ ഒന്നാം സ്ഥാനത്താകും. വിഗ്രഹാരാധനയുടെ അടിമയായി അവന്‍ മാറും. ദ്രവ്യാസക്തിയും, ജഡികാസക്തിയുമെല്ലാം അവനില്‍ നിറയും. ഞാനാണ് ദൈവമെന്ന് അവന്‍ വിശ്വസിച്ചു തുടങ്ങും. വി. എഫ്രേം പറയുന്നു: "മുകളില്‍ വെട്ടിക്കളയുന്ന മുടിയും, താഴെ ചവുട്ടിക്കളയുന്ന പൊടിയുമാണ് മനുഷ്യന്‍". അതിനപ്പുറം അവനൊന്നുമല്ല. മനുഷ്യന്‍ വെറുമൊരു ശ്വാസം മാത്രമാണ്. പുറത്തേക്ക് വിട്ട ശ്വാസത്തെ അകത്തേക്ക് എടുക്കാനായില്ലെങ്കില്‍ നമ്മുടെ ജീവിതം തീര്‍ന്നു. എല്ലാവരുടെയും ഭാരം നമ്മുടെ ഭാരമായി മനസ്സില്‍ സൂക്ഷിക്കാതെ സ്വതന്ത്രരായി നമുക്കു ജീവിക്കാം.