ദൈവം സ്നേഹമാണ്. ആ സ്നേഹത്തിന്‍റെ വിവിധ മുഖങ്ങള്‍ നാം കാണുന്നുണ്ട്. മഴവില്ലിന്‍റെ ഏഴു വര്‍ണങ്ങള്‍പോലെ ദൈവസ്നേഹത്തിന്‍റെ വിവിധ വര്‍ണങ്ങള്‍ നമ്മെ പൊതിഞ്ഞുനില്ക്കുന്നു. മലകള്‍ അകന്നാലും കുന്നുകള്‍ മാറ്റപ്പെട്ടാലും എന്‍റെ അചഞ്ചലമായ സ്നേഹം നിന്നോടുകൂടിയുണ്ടായിരിക്കുമെന്ന്(ഏശയ്യാ 54/10) ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. ദൈവസ്നേഹത്തിന്‍റെ പ്രത്യേകതയാണ് സ്ഥിരത. ദമ്പതികള്‍ തമ്മില്‍ത്തമ്മിലും, മക്കള്‍ മാതാപിതാക്കള്‍ ബന്ധങ്ങളിലുമൊക്കെ ഈ സ്ഥിരത നാം കാണുന്നു. നമ്മള്‍ ദൈവത്തെ പരിഹസിക്കുമ്പോഴും പരിഹാസവാക്കുകള്‍ പറയുമ്പോഴും ദൈവം മനസ്സു മാറ്റുന്നില്ല. ഒരു കുഞ്ഞ് അമ്മയുടെ കവിളില്‍ അടിക്കുമ്പോള്‍ അമ്മ കാണിക്കുന്ന ഉറപ്പുള്ള സ്നേഹം പോലെയാണ് ദൈവത്തിന്‍റെ സ്നേഹം. പഴയനിയമ കാലഘട്ടത്തില്‍ രാജാക്കന്മാരും നേതാക്കന്മാരും ദൈവനിഷേധികളായി മാറിയപ്പോഴും അവരെ നിരന്തരം സ്നേഹിച്ചുകൊണ്ടിരുന്ന ദൈവത്തെയാണ് നാം ബൈബിളില്‍ കാണുന്നത്.
കണക്കുകൂട്ടലുകളില്ലാത്ത സ്നേഹമാണ് ദൈവം നമുക്കു തരുന്നത്. യാതൊരു വ്യവസ്ഥകളുമില്ലാതെ ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ദൈവത്തെ പാറയെന്നു വിളിക്കുന്നത്. കാറ്റത്തും മഴയത്തും ഒരേ നിലയില്‍ തുടരുന്ന ഒന്നാണ് പാറ. വെയിലും കുളിരുമെല്ലാം ഒരേ ഭാവത്തോടെ പാറ സ്വീകരിക്കുന്നു. ആണി അടിച്ചവനെയും ചാട്ട ചുഴറ്റിയവനെയും ഒരേ മനസ്സോടെ കാണുന്ന ദൈവപുത്രന്‍. ഓശാനയുടെ ജയ് വിളിയും ദുഃഖവെള്ളിയുടെ കൊലവിളിയും ഒരേ സമചിത്തതയോടെ നേരിട്ട ക്രിസ്തു. സ്ഥാനമാനങ്ങളോ, പ്രൗഢി പാരമ്പര്യങ്ങളോ നോക്കാതെ മറ്റുള്ളവരെ സ്നേഹിക്കാന്‍ ദൈവം നമ്മെ പഠിപ്പിക്കുന്നു. വ്യവസ്ഥകള്‍ വച്ചു സ്നേഹിക്കുന്നവരാണ് നാം. ഞാന്‍ പറഞ്ഞതുപോലെ ചെയ്താല്‍ ഞാനും ഇങ്ങനെ ചെയ്യാം. നല്ല മാര്‍ക്ക് മേടിച്ചാല്‍ സമ്മാനം തരാം. എന്നെ പ്രീതിപ്പെടുത്തിയാല്‍ ഞാനും പ്രീതിപ്പെടുത്താം. ഇത്തരം വ്യവസ്ഥകളൊന്നും കര്‍ത്താവിനില്ല. ഞാന്‍ ദുഷ്ടനായിരുന്നാലും അവനെന്നെ അനുഗ്രഹിക്കും.
ഒരു ദൈവികപദ്ധതിയുടെ കീഴിലാണ് നാം ജീവിക്കുന്നത്. ദൈവത്തിന് എന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കണം. ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതില്‍ മറഞ്ഞിരിക്കുന്ന പദ്ധതി നമുക്കു മനസ്സിലാവില്ല. കാലക്രമത്തിലാണ് ദൈവത്തിന്‍റെ പദ്ധതികള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുക. വിടര്‍ന്നുവരുന്ന ഒരു ചുരുളുപോലെയാണ് ജീവിതം. നാളെയെന്തെന്ന് നമുക്കറിയില്ല. ഇന്നത്തെ മുറിവുകള്‍ നാളത്തെ തിരുമുറിവുകളായി മാറാം. ഇന്നത്തെ ക്ഷതങ്ങള്‍ നാളത്തെ പഞ്ചക്ഷതങ്ങളായിത്തീരാം. ഇന്നു നമ്മള്‍ കുത്തിമുറിവേല്പിച്ചവരെ നാളെ നമ്മുടെ രക്ഷക്കായി സമീപിക്കേണ്ടിവരാം. ഒന്നും ആകസ്മികമായി കരുതരുത്. എല്ലാറ്റിന്‍റെയും പിന്നില്‍ ഒരു പദ്ധതിയുണ്ട്. കെടാവിളക്കിലെ എണ്ണ കൃത്യമായി ഒഴിക്കുവാന്‍ സാമുവലിനെ പ്രേരിപ്പിച്ച ദൈവത്തിന് അവനെക്കുറിച്ചു ഒരു പദ്ധതിയുണ്ടായിരുന്നു. ഒരു പുരോഹിതന്‍റെ ശുശ്രൂഷ ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ അള്‍ത്താരബാലനായി ദൈവം അവനെ പരിശീലിപ്പിച്ചു.
തള്ള മുയല്‍ അതിന്‍റെ അടിവയറ്റിലെ രോമം പറിച്ചു കുഞ്ഞിമെത്ത മെനയുന്നതുപോലെ ദൈവം നമ്മെ പരിപാലിക്കുന്നു. കൊച്ചുകുഞ്ഞിനെ അമ്മ പരിപാലിക്കുന്നതുപോലെയാണ് ദൈവത്തിന്‍റെ പരിപാലന. ഒരു നിമിഷം മാറിയിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന അപകടങ്ങളെക്കുറിച്ചു നാം ധ്യാനിക്കണം. തകര്‍ന്നുപോകാതെ ദൈവം താങ്ങി നടത്തിയ വഴികളെക്കുറിച്ച് നാം ഓര്‍മ്മിപ്പിക്കണം. എത്ര അത്ഭുതകരമായ വഴി നടത്തലാണ് ദൈവം നമുക്കു നല്കിയിരിക്കുന്നത്.
അടയാളമിട്ടു വ്യക്തിപരമായി നമ്മെ സ്നേഹിക്കുന്ന ഒരു ദൈവത്തെ ബൈബിളില്‍ നാം കാണുന്നു. കായേന്‍റെ മേല്‍ അടയാളമിട്ടവന്‍, പ്രവാചകന്മാരുടെ മേല്‍ അടയാളമിട്ടവന്‍. എന്‍റെ രൂപത്തിലും ഭാവത്തിലും ദൈവം ഒരടയാളമിട്ടിട്ടുണ്ട്. ഞാന്‍ ചെയ്യേണ്ടത് എനിക്കുമാത്രമേ ചെയ്യാനാവൂ. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള ഞാന്‍ വോട്ട് ചെയ്തില്ലെങ്കില്‍ അതവിടെ തന്നെ കിടക്കും. എനിക്കു പകരക്കാരനായി മറ്റൊരാളില്ല. എന്‍റെ നന്മപ്രവൃത്തികള്‍ക്കും തിന്മപ്രവൃത്തികള്‍ക്കും ഞാന്‍ മാത്രമായിരിക്കും കണക്കുകൊടുക്കേണ്ടി വരിക.