വിദേശത്തുള്ള പരിചയക്കാര്‍ പലരും അവധിക്കു നാട്ടിലെത്തുമ്പോള്‍ ധ്യാനംകൂടിയിട്ടു പോകാന്‍വേണ്ടി എവിടെയെങ്കിലും അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുവാന്‍ ആവശ്യപ്പെടാറുണ്ട്. അങ്ങനെയൊരാള്‍ക്കുവേണ്ടി ധ്യാനത്തിന് ഒരു സീറ്റു കിട്ടുമോ എന്നറിയാന്‍ ഞാനൊരു ധ്യാനമന്ദിരത്തില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവധിക്കാലമായതുകൊണ്ട് മുഴുവന്‍ നിറഞ്ഞുപോയി എന്നറിയിച്ചു. എനിക്കത്രയും വേണ്ടപ്പെട്ട ആളായിരുന്നതുകൊണ്ട്, നേരിട്ടുചെന്ന് ആവശ്യംപറഞ്ഞാല്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഞാനാ ധ്യാനമന്ദിരത്തിലെത്തി. ധ്യാനം ഇല്ലാത്ത ആഴ്ചയായിരുന്നതുകൊണ്ട് ആളനക്കമില്ലാത്ത പ്രശാന്തമായ അന്തരീക്ഷം. ഗേറ്റുകടന്നുചെല്ലുമ്പോള്‍തന്നെയുള്ള പള്ളിയുടെ വശത്തെവാതില്‍ തുറന്നുകിടന്നിരുന്നതുകൊണ്ട് പള്ളിയില്‍കയറി ഒരു ചാരുബഞ്ചിലിരുന്നു. അല്പം മുമ്പിലായി ആരോ ചമ്രം പടിഞ്ഞിരുന്നു പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ളോഹയല്ലെങ്കിലും ധരിച്ചിരുന്ന വസ്ത്രംകൊണ്ട് അവിടുത്തെ ഏതെങ്കിലും ഒരച്ചനായിരിക്കും എന്നു മനസ്സിലോര്‍ത്തു. അല്പംകഴിഞ്ഞു പോരാന്‍ എഴുന്നേറ്റപ്പോള്‍ പാന്‍റ്സിന്‍റെ പോക്കറ്റില്‍നിന്നും വഴുതി വണ്ടിയുടെ താക്കോല്‍ നിലത്തുവീണു. അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ പോക്കറ്റില്‍ കിടന്ന മൊബൈല്‍ഫോണും നിലത്തുചാടി. ഈ അപശമ്പ്ദമെല്ലാംകേട്ട് ശാന്തമായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നയാളു തിരിഞ്ഞുനോക്കി.
"വെരി സോറി"
ആളെ ശല്യപ്പെടുത്തിയതില്‍ ഞാന്‍ ക്ഷമചോദിച്ചതും, ആളു ഞെട്ടിയതുപോലെ പെട്ടെന്നു മുഖംതിരിച്ചതും ഒന്നിച്ചായിരുന്നു. മുഖം ഞാന്‍ ശരിക്കും കണ്ടു. കണ്ടുമറന്ന മുഖം. പുറത്തിറങ്ങി ധ്യാനമന്ദിരത്തിന്‍റെ ഓഫീസിലേക്കു നടക്കുന്നതിനിടയില്‍ ആളാരാണെന്നു ഞാന്‍ മറവിയില്‍നിന്നും പൊടിതട്ടിയെടുത്തു. ഇത്രയുംകാലം കഴിഞ്ഞിട്ടും തട്ടിപ്പുമായി ഇയാള്‍ ഇവിടെയുമെത്തിയോ എന്നോര്‍ക്കുകയും ചെയ്തു. സീറ്റെല്ലാം നേരത്തെ ബുക്കുചെയ്തുപോയെങ്കിലും എന്‍റെ സാഹചര്യം പറഞ്ഞപ്പോള്‍ ഡയറക്ടറച്ചനെ നേരിട്ടുകണ്ടാല്‍ എന്തെങ്കിലും പ്രതിവിധിയുണ്ടാക്കും എന്ന് ഓഫീസില്‍നിന്നു പറഞ്ഞതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ചെന്നു. വാതിലില്‍ മുട്ടിയപ്പോള്‍ത്തന്നെ പ്രസരിപ്പോടെ സ്തുതിപറഞ്ഞു. പരസ്പരം അറിയില്ലാതിരുന്നതുകൊണ്ട് പരിചയപ്പെടുത്തുവാന്‍വേണ്ടി ഞാനെന്‍റെ പേരുപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തെ പ്രസരിപ്പു പെട്ടെന്നു മങ്ങി.
"അച്ചനെ കണ്ടിട്ടില്ലെങ്കിലും അച്ചനെപ്പറ്റി കേട്ടിട്ടുണ്ട്."
കേട്ടിട്ടുള്ളത് ഏതായാലും അത്ര നല്ലതൊന്നുമല്ലെന്നു, പറഞ്ഞരീതിയില്‍നിന്നും മുഖഭാവത്തില്‍നിന്നും മനസ്സിലായെങ്കിലും അതു കേള്‍ക്കാത്തമട്ടില്‍ ഞാനെന്‍റെ ആവശ്യം വിശദമായി അവതരിപ്പിച്ചു.
"ധ്യാനമന്ദിരത്തിലൊന്നും പോയിട്ടു കാര്യമില്ലെന്നു പറ്റുന്നിടത്തൊക്കെ പ്രസംഗിക്കുന്ന അച്ചന്‍തന്നെവന്നു ധ്യാനത്തിനു സീറ്റുചോദിച്ചതു വിചിത്രമാണെങ്കിലും അച്ചന്മാരുചോദിച്ചാല്‍ ഒഴിവാക്കുന്നതു മര്യാദയല്ലാത്തതുകൊണ്ട് ആളോടു പോരാന്‍പറയച്ചാ, സൗകര്യം കൊടുക്കാം."
"സന്മനസ്സുകാണിച്ചതിനു നന്ദിയച്ചാ, അത്യാവശ്യക്കാരനായതുകൊണ്ടാണ്, അല്ലെങ്കില്‍ ബുദ്ധിമുട്ടിപ്പിക്കില്ലായിരുന്നു." ഞാന്‍ പോകാന്‍ എഴുന്നേറ്റു.
"ഞാന്‍ ഓഫീസിലേയ്ക്കിപ്പോള്‍തന്നെ വിളിച്ചു പറഞ്ഞേക്കാം, അച്ചന്‍ ചെന്നു രജിസ്റ്റര്‍ ചെയ്താല്‍ മതി."
ഞാന്‍ വീണ്ടും ഓഫീസിലെത്തുമ്പോള്‍ പള്ളിയിലിരുന്നു പ്രാര്‍ത്ഥിച്ചിരുന്ന പാര്‍ട്ടി അതിനുള്ളില്‍. എന്നെ കണ്ടപാടെ ആള് മാറിക്കളഞ്ഞു. ഓഫീസിലെ നടപടികളൊക്കെക്കഴിഞ്ഞ് വണ്ടിയുടെ അടുത്തേയ്ക്കു നടക്കുമ്പോള്‍ ഒരു ദുര്‍ബ്ബുദ്ധി തോന്നി; ഞാന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് മുഖത്തുനോക്കി ആരോപിച്ച ഡയറക്ടറച്ചനോട് ഒരുകവിളു വര്‍ത്തമാനം പറഞ്ഞിട്ടുപോയാലോന്ന്. മടിച്ചു മടിച്ചാണെങ്കിലും തിരിച്ചുനടന്നു. മുറിക്കു പുറത്തുകണ്ടപ്പോള്‍തന്നെ കയറിച്ചെല്ലാന്‍ അദ്ദേഹം പറഞ്ഞു. കാര്‍ന്നോന്മാരു പറഞ്ഞുകേട്ടിട്ടുള്ളതുപോലെ സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന സ്വഭാവം പണ്ടേ എനിക്കുള്ളതുകൊണ്ട്, മുഖാമുഖം ഇരുന്നു കഴിഞ്ഞപ്പോള്‍ പറയാനുദ്ദേശിച്ച വിഷയം മാറ്റി. പള്ളിയില്‍കണ്ട ആളിനെപ്പറ്റി ചോദിക്കാനാണു ചെന്നതെന്നുപറഞ്ഞു. എന്താണ് അന്വേഷിച്ചതിന്‍റെ കാര്യമെന്ന് അച്ചന്‍ ചോദിച്ചപ്പോള്‍ എനിക്കു പണ്ടു പരിചയമുണ്ടായിരുന്ന ഒരാളാണെന്നു തോന്നിയതുകൊണ്ട് സംശയം തീര്‍ക്കാന്‍ ചോദിച്ചതാണെന്നുമാത്രം പറഞ്ഞു. അഞ്ചാറുമാസമായി ആളിവിടെത്തന്നെയുണ്ടെന്നും, വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു മതത്തില്‍നിന്നുംമാറി ക്രിസ്ത്യാനിയായതാണെന്നും അച്ചന്‍ പറഞ്ഞപ്പോള്‍തന്നെ, ആള് അതുതന്നെയാണ് എന്നെനിക്കുറപ്പായെങ്കിലും അയാളെപ്പറ്റി അദ്ദേഹം ഏറെ പുകഴ്ത്തിപ്പറയുന്നതു കേട്ടപ്പോള്‍, ഞാനുദ്ദേശിച്ച ആളതായിരിക്കില്ല എന്നുമാത്രം പറഞ്ഞ് ഞാന്‍ വിഷയമവസാനിപ്പിച്ചു സ്ഥലംവിട്ടു.
അന്നുതന്നെ വൈകുന്നേരം അദ്ദേഹം എന്നെകാണാനെത്തി, കൂട്ടത്തില്‍ അയാളുമുണ്ടായിരന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വരവിന്‍റെ ഉദ്ദേശ്യം എന്തായിരുന്നാലും അയാളെപ്പറ്റി അന്വേഷിച്ചവിവരം അച്ചന്‍ അയാളോടു പറഞ്ഞുകാണും എന്നു ഞാനൂഹിച്ചു.
"അച്ചന്‍ രാവിലെ സംശയം പറഞ്ഞകാര്യം ഞാനിദ്ദേഹത്തോടു പറഞ്ഞപ്പോള്‍ അച്ചനെ അറിയാമെന്നും പിന്നെ കുറെക്കാര്യങ്ങളും ഇദ്ദേഹം എന്നോടു പറഞ്ഞു. അതുകഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് അച്ചനെ കാണണമെന്നു വലിയ ആഗ്രഹം പറഞ്ഞപ്പോള്‍ എനിക്കു പോകാനുള്ളിടത്തേക്കു വേറെ റൂട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ഇവിടെ എത്തിക്കാന്‍ ഈവഴി പോന്നതാണ്."
അകത്തുകയറ്റിയിരുത്തുമ്പോഴും പറയാനുള്ളത് കേട്ടിട്ട് തിരിച്ചൊന്നും പറയാതെ എപ്പിസോഡ് അവിടംകൊണ്ട് അവസാനിപ്പിക്കണമെന്നു മനസ്സിലുറപ്പിച്ചു. അയാളുടെ അവസ്ഥ അറിയാതെയാണ് പണ്ടു ഞാനയാളെ വഴക്കുപറഞ്ഞതെന്ന ആമുഖത്തോടെ, മതംമാറ്റം നടത്തിയതുവരെയുള്ള കുറെ കാര്യങ്ങള്‍ അയാളു പറഞ്ഞുകഴിഞ്ഞപ്പോള്‍ അതിനുശേഷമുണ്ടായ കുറെകാര്യങ്ങള്‍ അയാളച്ചനോടു പറഞ്ഞിരുന്നത് അച്ചനും അവതരിപ്പിച്ചു. മതംമാറിയതിന്‍റെ പേരില്‍ വീട്ടുകാരിയാളെ വീട്ടില്‍ കയറ്റാതെയായി. പിന്നീടു പല ബൈബിള്‍ കണ്‍വന്‍ഷനുകളിലും വചനപ്രഘോഷണം നടത്തിയതിന്‍റെ പേരില്‍ ഇയാളായിരുന്ന സമുദായത്തിലുള്ളവര്‍ ആ നാട്ടിലെങ്ങാനും ഇയാള്‍ചെന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും അലഞ്ഞുതിരിഞ്ഞ് ഇവിടെയെത്തിയിട്ട് അഞ്ചാറു മാസങ്ങളായി. വചനപ്രഘോഷണം നടത്തുന്നില്ലെങ്കിലും സാക്ഷ്യംപറയുകയും മറ്റുകാര്യങ്ങളിലൊക്കെ സഹായിക്കുകയും ചെയ്ത് ധ്യാനമന്ദിരത്തില്‍ കഴിയുകയാണ്. ഇത്രയുമെല്ലാം പറഞ്ഞുകഴിഞ്ഞിട്ടും എന്‍റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ലാതിരുന്നതുകൊണ്ടാകാം അവസാനം അച്ചന്‍ പറഞ്ഞു:
"പണ്ട് അച്ചനിയാളെ പാതിരാത്രിയില്‍ ആശ്രമത്തില്‍നിന്നും ഇറക്കിവിട്ടകാര്യം ഇന്നാണിയാളെന്നോടു പറഞ്ഞത്. അതുകേട്ടപ്പോള്‍ എനിക്കും വിഷമംതോന്നി."
എന്നെക്കൊണ്ടെന്തെങ്കിലും പറയിക്കാന്‍വേണ്ടിത്തന്നെയാണ് അച്ചനതുപറഞ്ഞതെന്നു മനസ്സിലായതുകൊണ്ട് പിടികൊടുക്കരുതെന്നു മനസ്സുപറഞ്ഞെങ്കിലും, എനിക്കന്നുരാവിലെ അച്ചനോടു പറയാന്‍തോന്നിയതു പറഞ്ഞുതീര്‍ക്കാന്‍ ഒരു പിടിവള്ളി കിട്ടിയതുകൊണ്ട് ഞാനതില്‍ കയറിപ്പിടിച്ചു.
"രാത്രിയില്‍ ആശ്രമത്തില്‍നിന്നും ഇറക്കിവിട്ടതില്‍ അച്ചനും വിഷമം തോന്നിയെന്നു പറഞ്ഞല്ലോ, ആ പറഞ്ഞതിലെ പൊരുത്തക്കേട് അച്ചന്‍ ശ്രദ്ധിച്ചുകാണില്ല. ആശ്രമത്തിലുള്ളവരെ മാത്രമല്ലെ അച്ചാ, ആശ്രമത്തില്‍നിന്ന് ഇറക്കിവിടാന്‍ പറ്റൂ? പരിചയമില്ലാത്ത ഒരാളു പാതിരാത്രിക്കു കയറിവന്ന് ആശ്രമത്തില്‍ കിടക്കാനിടം ചോദിച്ചാല്‍ സാമാന്യബോധമുള്ള ആരും ചോദിക്കുന്ന ചോദ്യം ഞാനും അന്നു ചോദിച്ചു, വീടെവിടെയാണെന്ന്. സ്ഥലം പറഞ്ഞപ്പോള്‍ അവിടെയെത്താന്‍ രാത്രി മുഴുവന്‍ മണിക്കൂറിടവിട്ടു വണ്ടിയുള്ളതുകൊണ്ട്, വീട്ടിലെത്താനുള്ള വണ്ടിക്കൂലി ഓഫര്‍ ചെയ്യാനുള്ള മര്യാദയും കാണിച്ചു. അക്കാര്യമൊന്നും ഇയാള്‍ പറഞ്ഞുകാണില്ലായിരിക്കും. സ്വന്തംവീട്ടില്‍ പോയിക്കിടക്കാന്‍വേണ്ടി വണ്ടിക്കൂലീം വച്ചുനീട്ടി പറഞ്ഞുവിട്ടതെങ്ങനെ ആശ്രമത്തില്‍നിന്നും ഇറക്കിവിടലാകും?"
"സ്വന്തംവീട്ടില്‍ കയറാന്‍ വീട്ടുകാരു സമ്മതിക്കാത്തതുകൊണ്ടാണു കിടക്കാനിടം ചോദിച്ചതെന്നിയാളു പറഞ്ഞിരുന്നല്ലോ."
"എന്നാലിനി സത്യമങ്ങു പറയാം. ഇയാളെ എനിക്കല്പം മുന്‍പരിചയമുണ്ടായിരുന്നു, ഇയാളോടെനിക്കു തികഞ്ഞ അമര്‍ഷവുമുണ്ടായിരുന്നു. അതുകൊണ്ടാണു കിടക്കാനിടംകൊടുക്കാതെ വീട്ടില്‍പോകാന്‍ പറഞ്ഞത്. വീട്ടില്‍കയറാന്‍ വീട്ടുകാരു സമ്മതിക്കാത്തത് ഇയാളുടെ കൈയ്യിലിരിപ്പുകൊണ്ടുതന്നെയാണെന്നെനിക്കു മനസ്സിലായി. ഇയാളൊരു കണ്‍വന്‍ഷനു പറഞ്ഞ സാക്ഷ്യം ഞാന്‍ നേരിട്ടുകേട്ടതാണതു പറയാന്‍ കാരണം. അച്ചാ നമ്മുടെ ആരുടെയെങ്കിലും വീട്ടില്‍നിന്ന് ആരെങ്കിലും ഹിന്ദുവോ മുസ്ലീമോ ആയിട്ട്, സദാനേരവും വീട്ടിലിരുന്ന് രാമായണമോ ഖുറാനോ വായിക്കുകേം ബാക്കിയുള്ളവരും അങ്ങനെതന്നെചെയ്യണമെന്നു മസിലുപിടിക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? ഇയാളന്നു സാക്ഷ്യത്തില്‍ പറഞ്ഞകാര്യമാണു ഞാനീ പറഞ്ഞത്. അതിനുള്ള ശിക്ഷ വീട്ടുകാരുകൊടുത്തു, അത്രതന്നെ. അതുപോട്ടെ, അതയാളുടെ കാര്യം. പക്ഷേ, ഇയാളുടെ ചീഞ്ഞനാക്ക്, പത്തുപന്ത്രണ്ടുകാര്യങ്ങള്‍ അക്കമിട്ടുനിരത്തി ഇയാളായിരുന്ന മതത്തെ അത്രമാത്രം താഴ്ത്തിക്കെട്ടി പറയുന്നത് അന്നു ഞാന്‍കേട്ടതാണ്. അതുകൊണ്ടായിരിക്കണം ആ സമുദായത്തില്‍ പെട്ടവര്‍ ആ നാട്ടിലെങ്ങും കണ്ടുപോകരുതെന്നു പറഞ്ഞ് ഇയാളെ ഓടിച്ചത്."
"ഇതൊക്കെപ്പറഞ്ഞ് അച്ചന്‍ അന്നുമിയാളെ വഴക്കുപറഞ്ഞ കാര്യവും ഇയാളിന്നെന്നോടു പറഞ്ഞു. പക്ഷേ ഇയാളു യേശുവിനെകണ്ടെത്തിയ അനുഭവമൊക്കെപ്പറയുമ്പോള്‍ നേരത്തെ ആയിരുന്ന മതത്തെപ്പറ്റിപ്പറയുന്നതിലെന്താ അത്ര തെറ്റുപറയാന്‍?"
"ആ തെറ്റ് അച്ചനു ഞാന്‍ പറഞ്ഞുതരണോ? സത്യത്തില്‍ ഇതൊരു നിമിത്തമായച്ചാ. രാവിലെ നമ്മളു കണ്ടുമുട്ടിയപ്പോള്‍ അച്ചന്‍ എന്‍റെനേരെ ഒരു ആരോപണം വച്ചിരുന്നു, ധ്യാനമന്ദിരത്തിലൊന്നും പോയിട്ടു കാര്യമില്ലെന്നു പ്രസംഗിക്കുന്നെന്ന്. യാദൃച്ഛികമായിട്ടാണെങ്കിലും അതിനൊരു വിശദീകരണം തരാന്‍ തമ്പുരാനെനിക്കിപ്പോള്‍ അവസരംതന്നു. ധ്യാനംകൂടി യേശുവിനെ കണ്ടെത്തി, രോഗശാന്തികിട്ടി യേശുവിനെ അനുഭവിച്ചു എന്നൊക്കെപ്പറഞ്ഞ് ഇയാളെപ്പോലെ മതം മാറിയവരെയും, മാമ്മോദീസമുങ്ങിയവരെയുമൊക്കെ എഴുന്നള്ളിച്ചുകൊണ്ടുനടന്ന് അവരെക്കൊണ്ടു സാക്ഷ്യം പറയിപ്പിച്ച്, അവരുടെ അനുഭവം പറയുമ്പോള്‍ മറ്റുമതങ്ങളെ എത്ര തരംതാഴ്ത്തുന്നതും ന്യായമായിക്കാണുന്ന ധ്യാനമന്ദിരങ്ങളില്‍ പോകരുതെന്നു ഞാന്‍ പറയാറുണ്ട്. ഇനിയും പറയും. കാരണം അതൊന്നും സഭയെ വളര്‍ത്താനല്ല തകര്‍ക്കാനെ ഉപകരിക്കൂ. കത്തോലിക്കാസഭയെ താറടിക്കാന്‍വേണ്ടി എന്തും പറയാന്‍ മടിക്കാത്ത ചാനല്‍ ചര്‍ച്ചകളെക്കാള്‍ കൂടുതല്‍ സഭയ്ക്കു ദ്രോഹം ചെയ്യുന്നത്, സഭയെ വളര്‍ത്താനെന്ന ധാരണയില്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നവരാണ്.
അതിലെന്താ ഇത്ര തെറ്റുപറയാന്‍ എന്നു ചോദിച്ചില്ലേ? അതില്‍ തെറ്റേ ഉള്ളു. മതം മാറാനല്ല മാമ്മോദീസാ മുങ്ങേണ്ടത്, വിശ്വാസം മാറുമ്പോള്‍ മാത്രമാണ്. മതം വെറും രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെതന്നെയാണെന്ന് ക്രിസ്തീയസഭകള്‍തന്നെ മത്സരിച്ചു ലോകത്തോടു പെരുമ്പറമുഴക്കി വിളിച്ചുപറയുന്ന സംഭവങ്ങളല്ലേ കുറെനാളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണല്ലോ എന്‍റെ യേശു, കത്തോലിക്കനല്ലെന്ന് ഉറക്കെപ്പറയാന്‍ ഫ്രാന്‍സീസ്പാപ്പാ ധൈര്യം കാണിച്ചത്. മാമ്മോദീസമുങ്ങി മതത്തില്‍ ചേരുന്നവര്‍, ആ വെള്ളം തൂത്തുകളഞ്ഞ് എപ്പോള്‍ വേണമെങ്കിലും വടക്കെഇന്ത്യയിലെ 'ഘര്‍ വാപസി' പോലെ തിരികെപ്പോവുകയോ, മെച്ചമെന്നുകണ്ടാല്‍ വേറൊന്നിലേക്കു മാറുകയോ ചെയ്യാം. ഇയാള്‍ മാമ്മോദീസ മുങ്ങിയതു മതം മാറാനോ അതോ യേശുവില്‍ വിശ്വസിച്ചിട്ടോ എന്നു ഞാനന്നുചോദിച്ചതാണ്. യേശുവില്‍ വിശ്വസിച്ചിട്ടാണെങ്കില്‍ ബൈബിള്‍ വായിച്ചാല്‍ പോരാ, അതു ജീവിച്ചു കാണിച്ചാല്‍ വീട്ടുകാരുംകൂടെ ഇയാളുടെകൂടെ കൂടി ഇയാളെ പൂമുഖത്തുതന്നെ ഇരുത്തുമെന്നു ഞാനന്നു പറഞ്ഞപ്പോള്‍ ഇയാള്‍ക്കതു വെറും തമാശയായിത്തോന്നി.
മതം മാറിയതുകൊണ്ടെന്തു കാര്യം? മാറേണ്ടതു മതമല്ല, വിശ്വാസമാണ്. മതം മാറാന്‍ കാരണങ്ങള്‍ പലതു കാണും. പക്ഷേ വിശ്വാസം മാറാന്‍ കാരണങ്ങളില്ല, അതിനു വിശ്വാസം മാത്രമാണു മൂലം. ആ വിശ്വാസം യേശുവിലാണെങ്കില്‍ അങ്ങനെ വിശ്വാസമാറ്റം അനുഭവിച്ച ആളു മാമ്മോദീസ മുങ്ങിയാലും ഇല്ലെങ്കിലും അയാളുടെ ജീവിതമായിരിക്കും ഏറ്റവും വലിയ സാക്ഷ്യം. അങ്ങനെയൊരാള്‍ എപ്പോളെങ്കിലും അനുഭവസാക്ഷ്യം പറയുന്നെങ്കില്‍ത്തന്നെ അതില്‍ താറടിയോ താഴ്ത്തിക്കെട്ടലോ ഉണ്ടാകില്ല. എന്താണത്ര തെറ്റുപറയാന്‍ എന്നു ചോദിച്ചതിനുത്തരം അതേയുള്ളു. മതം മാറുന്നതിലല്ല, വിശ്വാസമാറ്റത്തിലാണു കാര്യം. അതു വെറുതെ ധ്യാനംകൂടുമ്പോള്‍ കിട്ടുന്ന ഹരമോ, രോഗംമാറുമ്പോളോ അനുഗ്രഹം കിട്ടുമ്പോളോ ഉണ്ടാകുന്ന ആവേശമോ അല്ല.
മതം ഒരു വികാരമാണ്. അത് അന്ധമായ കടുംപിടുത്തവും, വര്‍ഗ്ഗീയതയും, തീവ്രവാദവും സൃഷ്ടിക്കും. സ്നേഹത്തിന്‍റെ മതമെന്ന് അവകാശപ്പെടുന്ന ക്രൈസ്തവസഭകള്‍ തമ്മില്‍തന്നെ സഹിഷ്ണുതയില്ലാതെ തെരുവിലിറങ്ങുന്നതിന്‍റെയും വെല്ലുവിളിക്കുന്നതിന്‍റെയും കാരണം അതു വിശ്വാസമൂഹമല്ല വെറും മതമായി തരംതാണതുകൊണ്ടല്ലേ? മൂല്യങ്ങള്‍ പോലുംമറന്ന് പൊരുതി ജയിക്കാനും, സംഖ്യാബലം കൂട്ടാനുമാകും മതാനുയായികളുടെയും മതനേതാക്കന്മാരുടെയും വ്യഗ്രത. അവര്‍ ആളെണ്ണം കുറയുന്നു എന്നുപറഞ്ഞ് ആശങ്കപ്പെടുകയും അതു വര്‍ദ്ധിപ്പിക്കാനുള്ള ഉപായങ്ങള്‍ മെനയുകയും ചെയ്യും. ഒരു തൊഴുത്തിനും ഒരിടയനും വേണ്ടി പ്രസംഗിക്കുമ്പോഴും തൊഴുത്തില്‍ക്കുത്താന്‍ അവര്‍ക്കു ജാള്യതയില്ലാതാകുകയും ചെയ്യും.
എന്നാല്‍ വിശ്വാസം അനുഭവമാണ്. അത് യേശുവിലുള്ള വിശ്വാസമാണെങ്കില്‍ വിശ്വസിക്കുന്നവരില്‍ അതു തുറവിയും വിശാലതയും സൃഷ്ടിക്കും. അങ്ങനെയുള്ളവരുടെ സമൂഹത്തെയാണ് സഭ എന്നുപറയുക. കത്തോലിക്കാ മതം എന്നു പറയാതെ കത്തോലിക്കാസഭ എന്നു പറയുന്നത് അതുകൊണ്ടാണ്. അന്തരങ്ങള്‍ ഇല്ലാതാക്കുന്നതിനാകും സഭാസമൂഹത്തിന്‍റെ അതായത് വിശ്വാസികളുടെ മുന്‍ഗണന, അതിനു ചുക്കാന്‍പിടിക്കുന്ന കറതീര്‍ന്ന വിശ്വാസികളായിരിക്കണം സഭാനേതാക്കന്മാര്‍. സഭയ്ക്കോ സഭാനേതൃത്വത്തിനോ ഈ മുന്‍ഗണനയ്ക്കു മാറ്റംവരുമ്പോള്‍ സഭ മതമായി അധഃപതിക്കും. ചരിത്രം അതിനു സാക്ഷി; സമകാല സംഭവങ്ങള്‍ ഇതിനു തെളിവുകളും."
"അച്ചനീ പറഞ്ഞതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷെ നമ്മുടെ സാധാരണവിശ്വാസികള്‍ക്ക് ഇതു വല്ലതും പറഞ്ഞാല്‍ മനസ്സിലാകത്തില്ലല്ലോ. അവര്‍ക്കു പിടിച്ചുനില്ക്കാനും, അവരെ പിടിച്ചുനിര്‍ത്താനും എന്തെങ്കിലുമൊക്കെ കൊടുക്കാതിരിക്കാനും പറ്റില്ലല്ലോ."
"ഇന്നു നിലവിലുള്ള ഭരണതന്ത്രമാണച്ചന്‍ പറഞ്ഞത്. വിവരമില്ലാത്ത ജനത്തെ വിവരമില്ലാത്തവരായി നിലനിര്‍ത്തിയാല്‍ എന്തുപറഞ്ഞാലും അവരതംഗീകരിച്ചുകൊള്ളും, അവരെ അടക്കി ഭരിക്കാനുമാകും."
"വന്നവഴിക്ക് അച്ചന്‍ വല്യ ശുണ്ഠിക്കാരനാണെന്ന് ഇയാളു പറഞ്ഞതില്‍ കുറച്ചുകാര്യമുണ്ടെന്നു തോന്നുന്നു." എന്തായാലും ആ കൂടിക്കാഴ്ചയില്‍ അതിനും ഒരു തീരുമാനമായി, ഞാന്‍ ശുണ്ഠിക്കാരനാണെന്ന്!!