ചിത്രകലയില്‍ സറിയലിസം എന്നൊരു ശൈലിയുണ്ട്. ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള അനുഭവങ്ങളെയും അനുഭൂതികളെയുമൊക്കെ വര്‍ണ്ണം ചാലിച്ചെഴുതുന്ന സവിശേഷമായ ചിത്രശൈലിയാണത്. ലളിതമായിപ്പറഞ്ഞാല്‍ സ്വപ്നങ്ങളുടെ ചിത്രീകരണം. വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയുടെ തനതു സംസ്കാരത്തെ സറിയലിസ്റ്റ് ശൈലിയില്‍ ചിത്രീകരിച്ച വലിയ കലാകാരിയായിരുന്നു ഫ്രിഡ കാലോ. ആത്മഛായകളായിരുന്നു അവള്‍ വരച്ചതിലധികവും. സ്വന്തം നോവുകളെത്തന്നെയാണ് അവയിലൂടെ അവള്‍ ചിത്രീകരിച്ചത്. ബിംബാത്മകതയും സറിയലിസവും സമന്വയിപ്പിച്ച ആ ചിത്രങ്ങള്‍ ഫ്രിഡയ്ക്ക് മെക്സിക്കന്‍ കലാചരിത്രത്തില്‍ത്തന്നെ അനശ്വരപ്രതിഷ്ഠ നേടിക്കൊടുത്തു.
ഇന്നത്തെ മെക്സിക്കോ നഗരത്തിലെ കൊയോകാന്‍ പ്രവിശ്യയില്‍ 1907 ജൂലൈ 6 നാണ് മഗ്ദലന കാര്‍മെന്‍ ഫ്രിഡ കാലോ ജനിച്ചത്. അന്നതൊരു ഗ്രാമപ്രദേശമായിരുന്നു. ഫോട്ടോഗ്രാഫറായിരുന്ന ഗില്ലെമോ കാലോയുടെയും മെറ്റില്‍ഡയുടെയും മൂന്നുമക്കളില്‍ ഒടുവിലത്തേതായിരുന്നു ഫ്രിഡ. രണ്ട് ദശാബ്ദം മുമ്പ് ജര്‍മ്മനിയില്‍ നിന്ന് മെക്സിക്കോയിലേക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു അവര്‍. പ്രണയമില്ലാത്ത ദമ്പതികളായിരുന്നു ഗില്ലെമോയും മെറ്റില്‍ഡയും. രോഗപീഡകള്‍ എപ്പോഴും അവരെ വേട്ടയാടി. മെക്സിക്കന്‍ വിപ്ലവത്തെത്തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലുണ്ടായ സാമ്പത്തികമാന്ദ്യം ഗില്ലെമോയുടെ ഫോട്ടോഗ്രഫി ബിസിനസ്സിനെ ഉലയ്ക്കുകയും ചെയ്തതോടെ നിത്യവൃത്തിക്കുപോലും ഗതിയില്ലാത്ത അവസ്ഥയിലായി ആ കുടുംബം. തന്‍റെ ബാല്യകാലത്തെ അതിദയനീയമെന്നാണ് പിന്നീടൊരിക്കല്‍ ഫ്രിഡ വിശേഷിപ്പിച്ചത്.ആറാം വയസ്സില്‍ ഫ്രിഡയ്ക്ക് പോളിയോബാധയുണ്ടായി. നീണ്ട ഒന്‍പത് മാസങ്ങള്‍ അതവളെ കിടക്കയില്‍ തളച്ചു. രോഗം മാറിയെങ്കിലും ശാരീരിക വൈകല്യം ബാക്കിയായി. അവളുടെ വലതുകാല്‍ ഇടതിനെക്കാള്‍ ചെറുതും ശോഷിച്ചതുമായിത്തീര്‍ന്നു. കൂട്ടുകാരുടെ കളിയാക്കലും ഒറ്റപ്പെടലും അവളെ അന്തര്‍മുഖയാക്കിമാറ്റി. എന്നാല്‍ തന്‍റെ മകളുടെ ദുരിതബാല്യത്തെ സവിശേഷമായ ഇടപെടല്‍കൊണ്ട് മനോഹരമാക്കിയെടുക്കാന്‍ ആ പിതാവിനു കഴിഞ്ഞു. സാഹിത്യത്തെയും പ്രകൃതിയെയും തത്വശാസ്ത്രത്തെയുമൊക്കെ അയാളവള്‍ക്ക് പരിചയപ്പെടുത്തി. അക്കാലത്ത് ആണ്‍കുട്ടികളുടെ മാത്രം കളികളായിരുന്ന സൈക്ലിംഗും സ്കേറ്റിംഗും നീന്തലും എന്തിന്, ബോക്സിംഗും ഗുസ്തിയും പോലും അയാള്‍ അവളെ പരിശീലിപ്പിച്ചു. ഫോട്ടോഗ്രാഫിയിലും അവള്‍ പ്രാവീണ്യം നേടി. ചിത്രങ്ങള്‍ റീടച്ച് ചെയ്യുന്നതിലും ഡെവലപ് ചെയ്യുന്നതിലുമൊക്കെ അവള്‍ അപ്പനെ സഹായിച്ചുതുടങ്ങി. അന്തര്‍മുഖത്വത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ വഴിയായിരുന്നു ഫ്രിഡയ്ക്കത്.
പതിനഞ്ചാം വയസ്സില്‍ ഫ്രിഡ അന്നാട്ടിലെ പ്രമുഖവിദ്യാലയമായ നാഷണല്‍ പ്രിപ്പറേറ്ററി സ്കൂളില്‍ അഡ്മിഷന്‍ നേടി. വളരെക്കുറച്ച് പെണ്‍കുട്ടികള്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്. വര്‍ണ്ണശബളമായ ഉടുപ്പണിഞ്ഞെത്താറുള്ള ആ ഉത്സാഹക്കാരി വൈകാതെ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറി. അക്കാലത്ത് ഒരു കലാസൃഷ്ടിക്കായി അവിടെയെത്തിയ വിഖ്യാത ശില്‍പ്പി ഡീഗോ റിവെറയുമായി അവള്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്‍റെ ശില്‍പ്പശൈലി അവള്‍ക്ക് പ്രചോദനമായി.
സ്കൂളില്‍ ഫ്രിഡയ്ക്ക് സമാനഹൃദയരായ കുറച്ച് കൂട്ടുകാരെക്കിട്ടി. ചിന്താശീലരും രാഷ്ട്രീയ തല്‍പ്പരരുമായ ആ വിദ്യാര്‍ഥികളുടെ കൂടെ ഫ്രിഡയും ചേര്‍ന്നു. അക്കൂട്ടത്തിലുള്ള അലെക്സാന്‍ഡ്രോ എന്ന യുവാവില്‍ അവള്‍ ആകൃഷ്ടയാവുകയും ചെയ്തു. അവര്‍ പ്രണയബദ്ധരായി. ആ പ്രണയയാത്ര ഒരു വലിയദുരന്തത്തിലാണ് കലാശിച്ചത്. 1925 സെപ്റ്റംബര്‍ 17ന് അവളും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബസ് ഒരു സ്ട്രീറ്റ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തിന്‍റെ ആഘാതത്തില്‍ ഒരു സ്റ്റീല്‍ കൈവരി അവളുടെ അരയിലൂടെ കുത്തിക്കയറി മറുവശത്തുകൂടി പുറത്തുവന്നു. നട്ടെല്ലിനും തുടയെല്ലിലും ഗുരുതര പരിക്കുകളൊടെ അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ അവള്‍ക്ക് വീട്ടിലേക്ക് മടങ്ങാനായെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ ദീര്‍ഘകാലവിശ്രമമാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ശാരീരികമായി വല്ലാതെ തളര്‍ത്തിക്കളഞ്ഞെങ്കിലും അവളുടെ ഇച്ഛാശക്തിക്ക് വലിയ പോറലേല്‍പ്പിക്കുവാന്‍ ആ ദുരന്തത്തിനായില്ല. കിടക്കയിലിരുന്നുകൊണ്ടുതന്നെ പെയിന്‍റിംഗുകള്‍ ചെയ്യാന്‍ അവളാരംഭിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ തന്‍റെ ആദ്യത്തെ സെല്‍ഫ് പോര്‍ട്രെയ്റ്റ് അവള്‍ പൂര്‍ത്തിയാക്കി. അതവള്‍ തന്‍റെ മാനസഗുരുവായ ഡീഗോ റിവെറയ്ക്ക് സമ്മാനിക്കുകയും ചെയ്തു. അക്കാലത്തുതന്നെ മെക്സിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും യംഗ് കമ്മ്യൂണിസ്റ്റ് ലീഗിലും അംഗമായിക്കൊണ്ട് സാമൂഹിക പ്രവര്‍ത്തനത്തിലും അവള്‍ സജീവമായി.
അങ്ങനെയിരിക്കെ തന്‍റെ 21 ാം വയസ്സില്‍ അവള്‍ വീണ്ടും ഡീഗൊ റിവെറയെ കണ്ടുമുട്ടി. അവളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പ്രോത്സാഹനം നല്‍കി. അവര്‍ തമ്മിലടുക്കുകയും വിവാഹിതരാവുകയും ചെയ്തു. ആദ്യകാലത്തൊക്കെ റിവെറയുടെ കലാപ്രദര്‍ശനയാത്രകളില്‍ ഫ്രിഡയും അനുഗമിച്ചു. അദ്ദേഹത്തിനൊപ്പം സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുമ്പോള്‍ തന്‍റെ 'ഫ്രിഡ & ഡീഗോ റിവെറ' എന്ന ചിത്രം ഒരു പ്രമുഖ ചിത്രപ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതോടെ ചിത്രകലാസ്വാദകരുടെ ശ്രദ്ധ അവളില്‍പ്പതിഞ്ഞു. രണ്ടാം തവണയും ഗര്‍ഭച്ഛിദ്രമുണ്ടായതിന്‍റെ വേദനയില്‍ സറിയലിസ്റ്റ് ഗ്രാഫിക് ശൈലികള്‍ കോര്‍ത്തിണക്കി അവള്‍ 1932 ല്‍ വരച്ച 'ഹെന്‍റി ഫോര്‍ഡ് ഹോസ്പിറ്റല്‍' എന്ന ചിത്രം വളരെ ശ്രദ്ധ നേടി. അതില്‍ ആശുപത്രിയിലെ നഗ്നയായ രോഗിണിയായി അവള്‍ തന്നെത്തന്നെ ചിത്രീകരിക്കുകയായിരുന്നു.
അത്ര സന്തുഷ്ടമായ ദാമ്പത്യമായിരുന്നില്ല അവരുടേത്. അടുത്തടുത്ത രണ്ട് അപ്പാര്‍ട്മെന്‍റുകളിലായിരുന്നു ഫ്രിഡയും റിവെറയും താമസിച്ചത്. ഫ്രിഡയുടെ സഹോദരി ക്രിസ്റ്റിനയുമായി റിവെറോയ്ക്കുണ്ടായ അടുപ്പവും ദാമ്പത്യത്തില്‍ അലോസരങ്ങളുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തില്‍ കുടുംബത്തിലെ സമാധാനം നഷ്ടപ്പെടുന്നതില്‍ മനം നൊന്ത് തന്‍റെ ഇരുണ്ട് നീണ്ട് മനോഹരമായ തലമുടി മുറിക്കുകയും ചെയ്തു, അവള്‍. ഒരു കുട്ടിക്കായി തീവ്രമായി ആഗ്രഹിച്ച് രണ്ടാമതും ഗര്‍ഭിണിയായെങ്കിലും വീണ്ടും ഗര്‍ഭഛിദ്രമുണ്ടായത് അക്ഷരാര്‍ഥത്തില്‍ അവളെ തകര്‍ത്തുകളഞ്ഞു.
തന്‍റെ ആത്മസംഘര്‍ഷത്തെ അതിജീവിക്കാന്‍ ചിത്രരചനയില്‍ അവള്‍ ശ്രദ്ധയൂന്നി. നിരവധി ചിത്രങ്ങള്‍ അവളുടേതായി പുറത്തുവന്നു. 1938ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു വലിയ ചിത്രപ്രദര്‍ശനത്തില്‍ അവതരിപ്പിച്ച 25 ചിത്രങ്ങളില്‍ പകുതിയും വന്‍ വിലയ്ക്ക് വിറ്റുപോയതോടെ നിരവധി ചിത്രരചനാ ജോലികള്‍ അവളെ തേടിയെത്തി. അങ്ങനെ ഒരു സുഹൃത്തിന്‍റെ ആവശ്യപ്രകാരം വരച്ച 'ദി സൂയിസൈഡ് ഓഫ് ഡോറോത്തി ഹെയ്ല്‍' എന്ന ചിത്രത്തിന് വന്‍ പ്രശംസയാണ് നിരൂപകരില്‍നിന്ന് ലഭിച്ചത്.
തുടര്‍ന്ന് കുറച്ചുകാലത്തെ താമസത്തിനായി പാരിസിലെത്തിയ ഫ്രിഡ, പാബ്ലോ പിക്കാസോ ഉള്‍പ്പെടെയുള്ള വിഖ്യാത ചിത്രകാരന്മാരുടെ സൗഹൃദം സമ്പാദിച്ചു. വിവാഹമോചിതയായതിനെത്തുടര്‍ന്ന് അവള്‍ വരച്ച 'ദി ടൂ ഫ്രിഡാസ്' എന്ന ചിത്രത്തിനും ആസ്വാദകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്. അതില്‍ കൈകോര്‍ത്ത് അടുത്തടുത്തിരിക്കുന്ന രണ്ട് വ്യക്തികളായിട്ടാണ് അവള്‍ സ്വയം ചിത്രീകരിച്ചത്. വെള്ളവേഷമിട്ട ഒരാള്‍ തകര്‍ന്ന ഹൃദയത്തോടെ രക്തം ചിന്തിയ നിലയിലും മറ്റെയാള്‍ നിറമുള്ള വേഷത്തില്‍ ആരോഗ്യവതിയായും ചിത്രീകരിച്ച ആ ആത്മഛായാചിത്രം അവളുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ആസ്വാദകരും നിരൂപകരും നെഞ്ചേറ്റി.
ഫ്രിഡയും റിവെറോയും 1940ല്‍ വീണ്ടും വിവാഹിതരായെങ്കിലും ഒരുമിച്ചുള്ള താമസമൊക്കെ വിരളമായിരുന്നു. അടുത്ത കൊല്ലം മെക്സിക്കോ ഗവണ്മെന്‍റിന്‍റെ പ്രത്യേക ക്ഷണം അവളെത്തേടിയെത്തി. രാജ്യചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയരായ അഞ്ച് വനിതകളുടെ ഛായാചിത്രങ്ങള്‍ വരയ്ക്കാന്‍ ലഭിച്ച ആ വലിയദൗത്യം പൂര്‍ത്തിയാക്കാന്‍ ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് കഴിഞ്ഞില്ല. പിതാവിന്‍റെ മരണവും കഠിനമായ ആരോഗ്യപ്രശ്നങ്ങളും അവളെ തീരെ നിസ്സഹായയാക്കിത്തീര്‍ത്തു. എങ്കിലും ബ്രഷ് താഴെവയ്ക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. തീവ്രമായ വേദനയ്ക്കിടയിലും 'ദി ബ്രോക്കണ്‍ കോളം' എന്ന ചിത്രം അവള്‍ പൂര്‍ത്തിയാക്കി. താനനുഭവിക്കുന്ന ശാരീരിക പീഡയെത്തന്നെയാണ് ആ ചിത്രത്തിലും അവള്‍ വരച്ചുകാട്ടിയത്.
വേദന നിയന്ത്രിക്കാനായി നിരവധി ചികിത്സാരീതികള്‍ പരീക്ഷിച്ചെങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല. 1950ഓടെ ശാരീരികപ്രശ്നങ്ങള്‍ നിയന്ത്രണാതീതമായി. രക്തയോട്ടം കുറഞ്ഞതിനെത്തുടര്‍ന്ന് വലത്തേക്കാല്‍ നിര്‍ജ്ജീവമായി. ഒന്‍പത് മാസക്കാലം ആശുപത്രിയില്‍ക്കിടന്നിട്ടും ഒടുവില്‍ കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടിവന്നത് അവളെയാകെ തളര്‍ത്തിക്കളഞ്ഞു. നടക്കാനാവാതെ കിടക്കയില്‍ അമര്‍ന്നുപോയിട്ടും തന്‍റെ ചിത്രസപര്യയും സാമൂഹിക ഇടപെടലുകളും അവള്‍ മുടക്കിയില്ല. 1953 ല്‍ ആദ്യമായി മെക്സിക്കോ നഗരത്തില്‍ അവളൊരു സൊളോ എക്സിബിഷന്‍ നടത്തി. അതുദ്ഘാടനം ചെയ്യാന്‍ ആംബുലന്‍സിലാണ് അവളെത്തിയത്. ആ മഹാകലാകാരിയുടെ ആരോഗ്യം അനുദിനം മോശമായി വന്നു. അടുത്തവര്‍ഷം ജൂലൈ 13 ന് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ഫ്രിഡ കാലോ അന്തരിച്ചു.
മരണശേഷം ചിത്രകാരിയെന്ന നിലയിലുള്ള ഫ്രിഡയുടെ പ്രശസ്തി വാനോളമെത്തി. അവളുടെ പ്രിയڅഭവനമായിരുന്ന ബ്ലൂ ഹൗസ് ഒരു ചിത്രകലാ മ്യൂസിയമായി മാറി. ഒടുവില്‍ അവളുടെ ജീവിതം ചിത്രീകരിച്ച് 2002 ല്‍ പുറത്തുവന്ന ഫ്രിഡ എന്ന ചിത്രം അന്താരാഷ്ട്ര പ്രശംസ നേടുകയും ചെയ്തു. ലോക ചിത്രകലാചരിത്രത്തിലെ തന്നെ തിളങ്ങുന്ന ഏടാണ് ഫ്രിഡ കാലോ എന്ന മെക്സിക്കന്‍ കലാകാരിയുടേത്.