"നിങ്ങള്‍ അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളതെല്ലാം നിങ്ങള്‍ക്കു ലഭിക്കും" (മത്താ 6, 38).
എന്താണ് യേശു പ്രഘോഷിച്ച സുവിശേഷം എന്ന് ഒറ്റവാക്കില്‍ ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം. ദൈവരാജ്യം. യേശു വന്നതിന്‍റെ ലക്ഷ്യം ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുക എന്നതായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ യേശുവിന്‍റെ പ്രബോധനത്തില്‍ നിറഞ്ഞുനിന്നതാണ് ദൈവരാജ്യം. സാമൂഹ്യനീതിയെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഈ അവബോധം അനിവാര്യമാണ്. ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കാനുള്ള ആഹ്വാനം ഈ രണ്ടു കാര്യങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധം എടുത്തുകാട്ടുന്നു. ദൈവരാജ്യത്തിന്‍റെ ഒരു സവിശേഷതയാണ് നീതി; അതിന്‍റെ തന്നെ സുപ്രധാനമായ ഒരു വശമാണ് സാമൂഹ്യനീതി.
ആത്മാഭിഷേകം സ്വീകരിച്ച്, മരുഭൂമിയില്‍ വച്ച് പ്രലോഭകനെ പരാജയപ്പെടുത്തി, ദൈവഹിതം അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റാനുള്ള തീരുമാനത്തോടെ ഗലീലിയിലേക്കു മടങ്ങിവന്ന യേശുവിന്‍റെ ആദ്യപ്രഘോഷണം ചുരുക്കം വാക്കുകളില്‍ മര്‍ക്കോസ് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്; "അവന്‍ പറഞ്ഞു, സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1, 15).
യേശുവിന്‍റെ പ്രബോധനങ്ങളുടെ സംഗ്രഹം എന്നു വിശേഷിപ്പിക്കാവുന്ന ഈ വാക്യം രണ്ടു പ്രഖ്യാപനങ്ങളും രണ്ട് ആഹ്വാനങ്ങളും ഉള്‍ക്കൊള്ളുന്നു. നൂറ്റാണ്ടുകളായി ഇസ്രായേല്‍ ജനം മാത്രമല്ല, ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന രക്ഷയുടെ സമയം പൂര്‍ത്തിയായി. അതിന്‍റെ വിശദീകരണമാണ് അടുത്ത പ്രസ്താവന. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. എഗ്ഗിക്കെന്‍ (eggiken)എന്ന ഗ്രീക്കുമൂലത്തില്‍ ദൈവരാജ്യത്തിന്‍റെ സാമീപ്യം എന്നതിനേക്കാള്‍ സാന്നിദ്ധ്യത്തിനാണ് ഊന്നല്‍ നല്കുന്നത്. ഇതാ പടിവാതിക്കല്‍ എത്തിക്കഴിഞ്ഞു. ഇനിയും രാത്രികഴിഞ്ഞിട്ടില്ല എന്നു കരുതി കിടന്നുറങ്ങുന്നവനോട്, "എണീറ്റ് വാതിലും ജനലുകളും തുറക്കൂ, സൂര്യന്‍ ഉദിച്ചുകിഞ്ഞു" എന്നു പറയുന്നതുപോലെയാണിത്.
ഇതുവരെ പ്രതീക്ഷയിലായിരുന്ന ഒന്ന് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. തന്‍റെ വാക്കിലും പ്രവൃത്തിയിലും ദൈവരാജ്യത്തിന്‍റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ യേശു അനേകം തവണ ആഹ്വാനം ചെയ്തതിന്‍റെ (ലൂക്കാ 11,20; 17, 21; 6, 20) തുടക്കമാണിത്. എന്താണ് ഈ ദൈവരാജ്യം? ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്നത് ദാവിദിന്‍റെയും സോളമന്‍റെയും കാലത്തെന്നതുപോലെ ഭൗതികമായ ഒരു രാജ്യത്തെയാണ്; രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ സ്വയം നിര്‍ണയാധികാരമുള്ള ഒരു രാജ്യം. ആരുടെയും അടിമയാകാതെ, സമ്പൂര്‍ണസ്വാതന്ത്ര്യത്തില്‍ കഴിയുന്ന ഒരവസ്ഥ. ഇതിനെ ദൈവരാജ്യം എന്നു വിളിച്ചിരുന്നു. ഇതാണ് ഇവര്‍ പ്രതീക്ഷിച്ചിരുന്ന സുവിശേഷം. എന്നാല്‍ ഇത് മാത്രമല്ല യേശു പ്രഘോഷിക്കുന്നത്.
'ദൈവരാജ്യം' എന്ന ആശയം ഏതെങ്കിലും ഒരു പ്രദേശത്തെയോ ജനസഞ്ചയത്തെയോ അല്ല സൂചിപ്പിക്കുന്നത്. നിശ്ചലമായ ഒരു ആശയമല്ല. ചലനാത്മകമായ ഒരു യാഥാര്‍ത്ഥ്യമാണ് ദൈവരാജ്യം. ഏശ 52,7 ഈ ആശയം വ്യക്തമാക്കാന്‍ സഹായിക്കും. "സദ്വാര്‍ത്ത അറിയിക്കുകയും വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് നിന്‍റെ ദൈവം ഭരിക്കുന്നു എന്നു പറയുകയും ചെയ്യുന്നവന്‍റെ പാദം മലമുകളില്‍ എത്ര മനോഹരം."
യുദ്ധത്തില്‍ തോറ്റ് മക്കളെല്ലാം അടിമകളായി നാടുകടത്തപ്പെട്ടതിന്‍റെ ദുഃഖത്താല്‍ വിലപിച്ച് കണ്ണീരൊഴുക്കുന്ന അമ്മയാണ് പ്രവാചക വീക്ഷണത്തിലെ ജെറുസലെം. വിദൂരസ്ഥമായ ബാബിലോണില്‍ നിന്ന് തന്‍റെ മക്കള്‍ എന്നു മടങ്ങിവരും എന്ന് ആകുലതയോടെ നോക്കിയിരിക്കുന്ന അമ്മയോട് പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയുന്ന വാക്കുകള്‍ ദൈവരാജ്യത്തെയും സുവിശേഷത്തെയും സംബന്ധിച്ച വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കുന്നുണ്ട്.
എല്ലാം നഷ്ടപ്പെട്ടു എന്നു കരുതി കരയുന്നവര്‍ക്ക് പ്രവാചകന്‍ നല്കുന്ന സന്ദേശമാണ് സുവിശേഷം. യുദ്ധഭൂമിയില്‍നിന്ന് പാഞ്ഞുവരുന്ന ദൂതനാണ് ഇവിടെ പ്രവാചകന്‍. അവന്‍ വിളിച്ചു പറയുന്നത് ഒരേയൊരു കാര്യം. 'മല് ആക് യാഹ്വേ: യാഹ്വേ രാജാവാണ് (രാജാവായിരിക്കുന്നു) - അഥവാ ദൈവം രാജാവായി വാഴുന്നു." ദൈവത്തിന്‍റെ നഗരമായ ജെറുസലേം കീഴടക്കുകയും ദൈവാലയം അഗ്നിക്കിരയാക്കുകയും ദൈവജനത്തെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോകുകയും ചെയ്ത ബാബിലോണിനെ ദൈവം യുദ്ധത്തില്‍ തോല്‍പ്പിച്ചിരിക്കുന്നു. അങ്ങനെ ദൈവം രാജാവായിരിക്കുന്നു. ഇതാണ് പ്രസ്താവനയുടെ അര്‍ത്ഥം. ഇനി ജനത്തെയും രാജ്യത്തെയും നയിക്കുന്നത് ബാബിലോണിന്‍റെ നിയമങ്ങളല്ല, ദൈവത്തിന്‍റെ തിരുഹിതമാണ്. ഈ പശ്ചാത്തലത്തില്‍ "ദൈവരാജ്യം" എന്ന ആശയം കൂടുതല്‍ വ്യക്തമായി ഗ്രഹിക്കാന്‍ കഴിയും. ഒരു പക്ഷേ, ദൈവരാജ്യം എന്നതിനു പകരം ദൈവഭരണം എന്നു വിവര്‍ത്തനം ചെയ്യുന്നതാവും അര്‍ത്ഥം ഗ്രഹിക്കാന്‍ കൂടുതല്‍ സഹായകം.
ദൈവം ഭരിക്കുന്നു; ദൈവം തന്‍റെ ഹിതം ഈ ഭൂമിയില്‍ നടപ്പിലാക്കുന്നു. ഇതാണ് സുവിശേഷം, അഥവാ സദ്വാര്‍ത്ത. മര്‍ക്കോസ് തന്‍റെ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നതുതന്നെ ഈ വാക്കുകൊണ്ടാണ്. "ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷം (മര്‍ക്കോ. 1:1). യേശുവിലൂടെ ഈ ഭൂമിയിലേക്ക് കടന്നു വന്ന യാഥാര്‍ത്ഥ്യമാണ് ദൈവരാജ്യം; ദൈവം തന്‍റെ ഭരണം ഈ ഭൂമിയില്‍ നടപ്പിലാക്കുന്നു എന്നതാണ് സുവിശേഷം. അത് ഇപ്പോള്‍ ഇവിടെ യേശുവിന്‍റെ പ്രവര്‍ത്തനങ്ങളിലും പ്രഘോഷണങ്ങളിലും യാഥാര്‍ത്ഥ്യമാകുന്നു; ദൃശ്യമാകുന്നു- ഇതാണ് പ്രസ്താവനകളുടെ അര്‍ത്ഥം. ഇതിന്‍റെ വെളിച്ചത്തില്‍ പ്രതികരിക്കാന്‍ യേശു ശ്രോതാക്കളെ ആഹ്വാനം ചെയ്യുന്നു. രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. അനുതപിക്കുക, വിശ്വസിക്കുക. പരസ്പരം അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കാര്യങ്ങളാണിവ. ആകയാല്‍ രണ്ടും അടുത്തു പരിശോധിക്കേണ്ടതുണ്ട്.
"അനുതപിക്കുവിന്‍" എന്ന വിവര്‍ത്തനം പൂര്‍ണ്ണമല്ല. "മെതാനൊയേത്തെ" (metenoite) എന്നാണ് ഗ്രീക്കു മൂലം. മനസു മാറുക, പുതിയൊരു മനോഭാവം സ്വീകരിക്കുക എന്നാണ് വാച്യാര്‍ത്ഥം. ഹൃദയ പരിവര്‍ത്തനമാണ് ഇവിടെ ആവശ്യപ്പെടുന്നത്. മാനസാന്തരപ്പെടുവിന്‍ എന്ന വിവര്‍ത്തനം കൂടുതല്‍ അര്‍ത്ഥവത്താണ്, പൂര്‍ണ്ണമല്ലെങ്കിലും. അനുതപിക്കുക എന്നാല്‍ തെറ്റു ചെയ്തു പോയി എന്ന് അംഗീകരിക്കുക, തെറ്റ് ഏറ്റുപറയുക, ചെയ്ത തെറ്റിനെ ഓര്‍ത്ത് ദുഃഖിക്കുക എന്നൊക്കെയാണല്ലോ അര്‍ത്ഥമാക്കുക. എന്നാല്‍ ഇതു മാത്രം പോരാ. ഇത് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. തെറ്റായ വഴിയേ സഞ്ചരിക്കുന്നു എന്നു മനസ്സിലാക്കുന്നയാള്‍ അത് ദുഃഖത്തോടെ ഏറ്റു പറഞ്ഞതുകൊണ്ടു മാത്രം ലക്ഷ്യസ്ഥാനത്തെത്തുകയില്ല; വഴി മാറണം. ശരിയായ വഴിയെ യാത്ര തുടങ്ങണം. ഇത് സമൂലമായ ഒരു ജീവിത പരിവര്‍ത്തനം ആയിരിക്കണം. ഹൃദയതലത്തില്‍ തുടങ്ങണം ഈ പരിവര്‍ത്തനം. അതു പ്രവൃത്തിയില്‍ പ്രകടമാകണം.
ഹൃദയപരിവര്‍ത്തനം എന്നാല്‍ പുതിയ കാഴ്ചപ്പാടു സ്വീകരിക്കുക, പുതിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക, പുതിയ മൂല്യങ്ങള്‍ തിരഞ്ഞെടുക്കുക, അവയ്ക്ക് അനുസൃതമായി ജീവിതം കരുപ്പിടിപ്പിക്കുക എന്നൊക്കെ അര്‍ത്ഥമുണ്ട്. ദൈവഭരണം യാഥാര്‍ത്ഥ്യമായിരിക്കുന്ന സാഹചര്യത്തില്‍ അതിന് അനുയോജ്യമായ ഒരു വീക്ഷണവും ജീവിതശൈലിയും രൂപപ്പെടുത്തണം. അതു സാധ്യമാകണമെങ്കില്‍ ദൃഢമായ വിശ്വാസം ആവശ്യമാണ്. അതാണ് രണ്ടാമത്തെ ആഹ്വാനത്തിന്‍റെ ലക്ഷ്യം. സുവിശേഷത്തില്‍ വിശ്വസിക്കുക. യേശുക്രിസ്തുവിലൂടെ ദൈവം ഈ ഭൂമിയിലേക്ക് നിര്‍ണ്ണായകമാം വിധം, വ്യക്തിപരമായി, കടന്നു വന്നിരിക്കുന്നു എന്നു വിശ്വസിക്കണം. ഈ സുവിശേഷം വ്യക്തി ജീവിതങ്ങളിലും അതിലൂടെ സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തും. അപ്രകാരമുള്ള മാറ്റമാണ് ദൈവരാജ്യത്തിന്‍റെ നീതി കൊണ്ട് അര്‍ത്ഥമാക്കുന്നത്. യേശു ആഹ്വാനം ചെയ്യുന്നതും അതു തന്നെ. യേശുവിന്‍റെ വാക്കും പ്രവൃത്തിയും എല്ലാം ദൈവരാജ്യത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുന്നതും ഈ ഭൂമിയില്‍ ദൈവഭരണം യാഥാര്‍ത്ഥ്യമക്കുന്നതും ആയിരുന്നു. അതിനാല്‍ തന്നെ യേശുവിന്‍റെ ആഹ്വാനം മലയിലെ പ്രസംഗമധ്യേ ഒറ്റ വാക്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നു: നിങ്ങള്‍ ആദ്യം ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിന്‍ (മത്താ. 6: 33). ദൈവരാജ്യത്തിന്‍റെ നീതിയുടെ വിവിധ വശങ്ങള്‍ സുവിശേഷ ഭാഗ്യങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. ദൈവരാജ്യത്തില്‍ പ്രവേശം ലഭിക്കാന്‍, അഥവാ, ദൈവരാജ്യം സ്വന്തമാക്കാന്‍ വ്യക്തികളിലും സമൂഹങ്ങളിലും നിലനില്‍ക്കേണ്ട മനോഭാവങ്ങളാണ് ഒമ്പതു തവണ, പല പ്രതീകങ്ങളിലൂടെ ആവര്‍ത്തിക്കുന്നത് (മത്താ. 5: 3-12).
എല്ലാം ദൈവത്തിന്‍റേതാണെന്നും തനിക്കുള്ളതെല്ലാം ദൈവദാനം ആണെന്നും ഉള്ള വിശ്വാസമാണ് ആത്മനാ ദരിദ്രര്‍ എന്ന വിശേഷണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഒന്നും തന്‍റെ സ്വന്തമല്ല; എല്ലാം ദൈവത്തില്‍ നിന്നു സ്വീകരിക്കുന്നു എന്ന മനോഭാവം തനിക്കുള്ളത് ഇല്ലാത്തവരുമായി പങ്കു വയ്ക്കാന്‍ പ്രേരിപ്പിക്കണം. താന്‍ ഒന്നിന്‍റെയും ഉടമയല്ല, കാര്യസ്ഥന്‍ മാത്രമാണ്. അതിനാല്‍ തന്നെ ആവശ്യത്തിലധികം സൂക്ഷിച്ചുവയ്ക്കാന്‍ പാടില്ല. എല്ലാവര്‍ക്കുമായി ദൈവം നല്‍കുന്ന ദാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന അടിസ്ഥാന മനോഭാവം ആണ് ഇത്.
ചുറ്റുപാടും തന്‍റെയുള്ളിലും നിലനില്‍ക്കുന്ന അനീതിയെക്കുറിച്ചു മനംനൊന്തു വിലപിക്കുക, എല്ലാവരോടും ശാന്തതയോടെ പെരുമാറുക, നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, എല്ലാവരോടും കരുണ ഉണ്ടായിരിക്കുക, സ്വാര്‍ത്ഥമോഹങ്ങളാല്‍ കലുഷിതമാകാതെ ഹൃദയം ശുദ്ധമായി കാത്തുസൂക്ഷിക്കുക, നീതി നടപ്പിലാക്കിക്കൊണ്ട് സമാധാനം സ്ഥാപിക്കുക, നീതിക്കു വേണ്ടി പീഡനങ്ങള്‍ ഏല്‍ക്കാനും സന്നദ്ധരായിരിക്കുക എന്നിങ്ങനെ ദൈവരാജ്യം സ്വീകരിക്കാന്‍ ആവശ്യമായ മനോഭാവം വ്യക്തമാക്കുന്നു.
പഴയ നിയമത്തെ പൂര്‍ത്തീകരിക്കുകയും മറികടക്കുകയും ചെയ്യുന്നതാണ് നീതിയെ സംബന്ധിച്ച യേശുവിന്‍റെ പ്രബോധനം. "നിങ്ങളുടെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക ഇല്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു" (മത്താ. 5: 20). എപ്രകാരമാണ് യേശു പ്രഘോഷിക്കുന്ന നീതിയുടെ നിയമങ്ങള്‍ പഴയ നിയമ കാഴ്ചപ്പാടിനെ മറികടക്കുന്നതെന്ന് ആ ആറ് ഉദാഹരണങ്ങളിലൂടെ തുടര്‍ന്ന് വ്യക്തമാക്കുന്നു.
കൊല്ലരുത് എന്ന കല്പനയുടെ വ്യാഖ്യാനവും പൂര്‍ത്തീകരണവും വ്യക്തിബന്ധങ്ങളുടെ ആഴങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ശാരീരികമായ കൊലപാതകം മാത്രമല്ല, ശത്രുതയും വിരോധവും വിദ്വേഷവും അപവാദപ്രചരണവും തേജോവധവുമെല്ലാം അഞ്ചാം പ്രമാണത്തിന്‍റെ പരിധിയില്‍ വരുന്നു. സഹോദരനുമായി പൂര്‍ണരമ്യതയില്‍ എത്തിയാലേ ഒരുവന്‍ ദൈവത്തിനു സ്വീകാര്യനാകൂ. അതിനുതയ്യാറല്ലെങ്കില്‍ നിത്യനാശമായിരിക്കും ഫലം(മത്താ 5, 21-30).
സമൂഹത്തില്‍ ഏറ്റം ചെറുതും ഏറ്റം അടിസ്ഥാനപരവുമായ ഘടകമാണ് കുടുംബം. കുടുംബത്തിന്‍റെ നിലനില്പിനും പരിശുദ്ധിക്കും കേടുവരുത്തുന്ന എല്ലാ പ്രവൃത്തികളും ചിന്തകളും മുടക്കിക്കൊണ്ട് ആറാം പ്രമാണത്തെ അതിന്‍റെ പൂര്‍ണതയിലെത്തിക്കുന്നു(മത്താ 5, 27-32). "ആസക്തിയോടെ സ്ത്രീയെ നോക്കുന്ന പുരുഷനും (പുരുഷനെ നോക്കുന്ന സ്ത്രീയും) ഹൃദയത്തില്‍ വ്യഭിചാരം ചെയ്തു കഴിഞ്ഞു" (മത്താ 5, 28) എന്ന പ്രബോധനം വീണ്ടും ഹൃദയഭാവങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു.
നീതിനിഷ്ഠമായ സമൂഹനിര്‍മ്മിതിക്കു അവശ്യഘടകമാണ് സത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത. അതിനാല്‍ സത്യം മറച്ചുവയ്ക്കുകയോ, വളച്ചൊടിക്കുകയോ, അസത്യത്തെ സത്യമായി അവതരിപ്പിക്കുകയോ ചെയ്യുന്ന സകല പ്രവൃത്തിയും സംസാരവും വിലക്കുന്നതോടൊപ്പം ആണയിടല്‍ തന്നെ മുടക്കിക്കൊണ്ട് എട്ടാം പ്രമാണത്തിന്‍റെ ആഴങ്ങളിലേക്ക് നയിക്കുന്നു. "നിങ്ങളുടെ വാക്ക് അതെ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍ നിന്നു വരുന്നു" (മത്താ. 5: 37).
സ്വത്തിനും ജീവനും ഉറപ്പു വരുത്തുന്ന നിയമം ആയിരുന്നു പ്രതികാര നിയമം (പുറ. 21: 24). എന്നാല്‍ ദൈവരാജ്യത്തിന്‍റെ നിയമം ഇതിനെ ബഹുദൂരം മറികടക്കുന്നു. പ്രതികാരം അരുത് എന്നു മാത്രമല്ല, തിന്മയെ നന്മ കൊണ്ടു ജയിക്കണം; ശത്രുവിനെ സ്നേഹിക്കണം, സഹായിക്കണം. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ വായ്പ കൊടുക്കണം - ഇതെല്ലാം ദൈവരാജ്യത്തിന്‍റെ അംഗങ്ങളാകാന്‍ ആവശ്യകമായ മനോഭാവവും ജീവിത ശൈലിയും ആണ്. ഇതാണ്, ഇതു മാത്രമാണ് യഥാര്‍ത്ഥ നീതിയിലേക്കു നയിക്കുന്ന മാര്‍ഗ്ഗം (മത്താ. 5: 38-48). ഇതിനു ലഭിക്കുന്ന പ്രതിഫലമോ? നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിരിക്കും (മത്താ. 5: 45). പിതാവിന്‍റെ സ്വഭാവം നിങ്ങള്‍ക്കും ഉണ്ടാകണം. അതാണ് ആറു തവണ ആവര്‍ത്തിച്ച പുതിയ ധാര്‍മ്മികതയുടെ ഉപസംഹാരം: "സ്വര്‍ഗ്ഗസ്ഥനായ പിതാവു പരിപൂര്‍ണ്ണനായിരിക്കുന്നതു പോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍" (മത്താ. 5: 48).
കേവലം സൃഷ്ടിയായ മനുഷ്യന് തന്‍റെ സൃഷ്ടാവായ ദൈവത്തെപ്പോലെ പരിപൂര്‍ണ്ണനാകാന്‍ കഴിയുമോ? അസാധ്യം എന്നു തോന്നാവുന്ന ഈ കല്പനയുടെ അര്‍ത്ഥം വ്യക്തമാക്കുന്നതാണ് ലൂക്കാ സുവിശേഷകന്‍ നല്കുന്ന ഭാഷ്യം. "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍" (ലൂക്കാ 6: 36). ദൈവത്തിന്‍റെ സര്‍വ്വ ശക്തിയോ സര്‍വ്വ ജ്ഞാനമോ ഒന്നുമല്ല അനുകരിക്കാനായി യേശു ആവശ്യപ്പെടുന്നത്. ഒന്നു മാത്രം - ഏവര്‍ക്കും സാധ്യവും നീതിനിഷ്ഠവും ആയ സമൂഹനിര്‍മ്മിതിക്ക് അനിവാര്യവും ആയ ഒരു കാര്യം മാത്രം - കരുണ.
യുദ്ധം ചെയ്തും അപരനെ ദ്രോഹിച്ചും നേടിയെടുക്കേണ്ട ഒന്നല്ല, കര കവിഞ്ഞൊഴുകുന്ന കരുണയുടെ പ്രകടനമാകണം സാമൂഹ്യ നീതി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും കരുണയുണ്ടാകണം. ഇപ്രകാരം ജീവിക്കുന്ന വ്യക്തികളുടെ സമൂഹത്തില്‍ തീര്‍ച്ചയായും നീതിയുണ്ടാകും. അതിലൂടെ ദൈവരാജ്യം ഇവിടെ യാഥാര്‍ത്ഥ്യമാകും; നാം ദൈവമക്കളായി മാറുകയും ചെയ്യും.
അനീതിയുടെ മൂലകാരണങ്ങളില്‍ ഒന്നാണ് ദ്രവ്യാഗ്രഹം. ദ്രവ്യാഗ്രഹത്തിനു കാരണമായി നില്‍ക്കുന്ന സുപ്രധാനമായ രണ്ടു കാര്യങ്ങളുണ്ട്. ധനം നല്കുന്നു എന്നു കരുതപ്പെടുന്ന സുരക്ഷിതത്വബോധവും അധികാരവും. നാളെയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് സ്വത്തു സംഭരിച്ചു വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മുഖ്യകാരണം. എന്നാല്‍ ധനത്തിനു നല്കാന്‍ കഴിയുന്ന സുരക്ഷിതത്വം മിഥ്യയാണ് എന്ന് അനേകം ഉദാഹരണങ്ങളിലൂടെ യേശു പഠിപ്പിച്ചു. ധാരാളം വിളവു ലഭിച്ച ധനികനായ കര്‍ഷകന്‍ അറപ്പുരകള്‍ പൊളിച്ചു വലുതാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്‍റെ ജീവന്‍ നഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കാത്ത ഭോഷനാണ് (ലൂക്കാ 12: 16-21). ജീവിതം ദൈവത്തിന്‍റെ ദാനമാണ് എന്നും എപ്പോഴാണ് ദൈവം തിരിച്ചു വിളിക്കുക എന്നറിയില്ല എന്നും ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍ത്തിരിക്കണം. സ്വരുക്കൂട്ടുന്ന സമ്പത്തു കൊണ്ടല്ല, ജീവിതം ധന്യമാകുന്നത് (ലൂക്കാ 12: 15). സുരക്ഷിതത്വം നല്‍കാന്‍ കഴിയാത്ത ധനത്തില്‍ ആശ്രയിക്കാതെ, ദൈവിക പരിപാലനയില്‍ പൂര്‍ണ്ണമായി ആശ്രയിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. തനിക്കുള്ളത് ആവശ്യമനുഭവിക്കുന്നവരുമായി പങ്കു വയ്ക്കാന്‍ സാധിക്കും. അങ്ങനെ സമൂഹത്തില്‍ നീതിയുണ്ടാകും.
ധനം വാഗ്ദാനം ചെയ്യുന്ന അധികാരവും സമൂഹത്തിലെ ഉന്നത സ്ഥാനവും ആണ് ദ്രവ്യാഗ്രഹത്തിന്‍റെ മറ്റൊരു കാരണം. ഈ കാഴ്ചപ്പാടിനെ പാടേ മാറ്റി മറിക്കുന്നതാണ് അധികാരത്തെപ്പറ്റിയുള്ള യേശുവിന്‍റെ പ്രബോധനം. വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകനാകണം; ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം (മര്‍ക്കോ 10: 43-44). അന്ത്യ അത്താഴ വേളയില്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് അധികാരത്തെ സംബന്ധിച്ച പുതിയ കാഴ്പ്പാട് അവതരിപ്പിച്ചു. "ഞാന്‍ നിങ്ങള്‍ക്കു ചെയ്തതു പോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്കിയിരിക്കുന്നു" (യോഹ. 13: 15).
ഭൗതിക സമ്പത്ത് വരുത്തി വയ്ക്കുന്ന രണ്ടു വലിയ വിപത്തിലേക്കും യേശു ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ധനം ദൈവത്തിന്‍റെ സ്ഥാനത്തു കയറിയിരിക്കുന്നു എന്നതാണ് ഒരു വലിയ വിപത്ത്. സമ്പാദിക്കുന്ന സ്വത്ത് ദൈവത്തെ മറക്കാന്‍ പ്രേരിപ്പിക്കുന്നു; അഥവാ സമ്പത്തു തന്നെ ദൈവമായി കരുതപ്പെടുന്നു. അതിനാലാണ് ദ്രവ്യാസക്തിയെ വിഗ്രഹാരാധനയെന്നു പൗലോസ് വിശേഷിപ്പിക്കുന്നത്: "വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി" (കൊളോ. 3: 5) മനുഷ്യന്‍റെ സര്‍വ്വ ശ്രദ്ധയും വിധേയത്വവും ആരാധനയും ആവശ്യപ്പെടുന്ന യജമാനനാണ്, യേശുവിന്‍റെ പ്രബോധനത്തില്‍, മാമ്മോന്‍ എന്ന പേരില്‍ വിളിക്കുന്ന ധനം. ''ദൈവത്തെയും മാമ്മോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല" (മത്താ. 6: 24). മാമ്മോന്‍ എന്നതു ലൂക്കായുടെ ഭാഷ്യത്തില്‍ "ധനം" എന്നാകുന്നു: "ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല" (ലൂക്കാ 16: 13). ചുരുക്കത്തില്‍ ധനം മനുഷ്യനെ നിരീശ്വരനാക്കുന്നു; ഒപ്പം വിഗ്രഹാരാധകനും. എന്നാല്‍ അതു മാത്രമല്ല.
ദൈവത്തെ നിഷേധിക്കുന്നവന്‍ സഹോദരനെയും നിഷേധിക്കും. എല്ലാവരുടെയും പിതാവായി ഒരു ദൈവത്തെ അംഗീകരിക്കാത്തവര്‍ എങ്ങനെ പരസ്പരം സഹോദരങ്ങളായി കരുതും? ഇതാണ് ദ്രവ്യാസക്തി വരുത്തിവയ്ക്കുന്ന രണ്ടാമത്തെ വിന. സഹോദരനിഷേധം. എല്ലാം തനിക്കു മാത്രമായി വാരിക്കൂട്ടാന്‍ ശ്രമിക്കുന്നവര്‍ സാവധാനം സഹോദര നിഷേധത്തില്‍ നിന്ന് സഹോദര വധത്തിലേക്കും നീങ്ങാം. പടിവാതില്‍ക്കല്‍ പട്ടിണി കിടന്നു മരിക്കുന്നവനെ കാണാതെ അനുദിനം വിരുന്നാഘോഷിക്കാന്‍ ധനം മനുഷ്യനെ പ്രാപ്തനാക്കുന്നു! അല്ല, ധനം മനുഷ്യനെ അന്ധനാക്കുന്നു. അയല്ക്കാരനു കൂടി അവകാശപ്പെട്ടതാണ് ഞാന്‍ സ്വന്തമായി സൂക്ഷിക്കുന്നതും അനുഭവിക്കുന്നതും എന്നു മറക്കുന്ന ധനികന്‍, ആത്യന്തികമായി തന്‍റെ തന്നെ അറപ്പുരയില്‍ ശ്വാസംമുട്ടി മരിക്കുന്നു. അവന് ദൈവവുമില്ല, സഹോദരനുമില്ല. ഈ വലിയ വിപത്ത് അനേകം ഉദാഹരണങ്ങളിലൂടെ പഠിപ്പിച്ചു കൊണ്ടാണ് യേശു സ്വതന്ത്രമനസ്സോടെ പങ്കു വയ്ക്കുന്ന സ്നേഹത്തിലൂടെ നീതിനിഷ്ഠമായ സമൂഹ നിര്‍മ്മിതിക്ക് ആഹ്വാനം ചെയ്യുന്നത്.
ഇപ്രകാരം ഒരു ജീവിതശൈലി കരുപ്പിടിപ്പിക്കണമെങ്കില്‍ വിശ്വസിക്കണം. ദൈവം പിതാവാണെന്നും ജീവന്‍ നല്‍കിയ പിതാവ് ആ ജീവനെ നില നിര്‍ത്താനും വളര്‍ത്താനും ആവശ്യമായവ നല്കുമെന്നും വിശ്വസിക്കണം. ഈ വിശ്വാസം ഉല്‍ക്കണ്ഠ അകറ്റും. സന്തോഷവും സമാധാനവും നല്കും. പങ്കു വയ്ക്കാന്‍ ശക്തി തരും. അങ്ങനെ നീതി നിഷ്ഠമായ ഒരു സമൂഹം സംജാതമാകും. അതിനാല്‍ ഭാവിയെക്കുറിച്ച് ഉല്‍ക്കണ്ഠ വേണ്ട (മത്താ. 6: 25-34).