In religions which have lost their creative spark, the gods eventually become no more than poetic motifs or ornaments for decorating human solitude and walls.
- Nikos Kazantzakis
ഒക്ടോബര്‍ വിപ്ലവത്തിന്‍റെ വീര്യം നിറഞ്ഞ മാസമാണിത്. റഷ്യയുടെ ഇതിഹാസ വിപ്ലവങ്ങള്‍ തുടങ്ങി ഗാന്ധിയും ഫ്രാന്‍സിസുമെല്ലാം സംഭവിക്കുന്നത് ഈ ദിനങ്ങളിലാണ്. ജന്മാന്തരബന്ധങ്ങളുടെ ചരടറുത്തുമാറ്റി നഗ്നനായി തുടരാന്‍ കാപട്യത്തിന്‍റെ കനകകുപ്പായങ്ങളിറക്കി തവിട്ടിന്‍റെ ആഴങ്ങളിലേക്ക് നടക്കാന്‍ അവനെ പ്രചോദിപ്പിച്ചതെന്താവാം? വീണ്ടും വീണ്ടും ഫ്രാന്‍സിസിനെ ധ്യാനിക്കുമ്പോള്‍ ഉരുക്കഴിയുന്നത് എന്നും ഒരേ ഉത്തരം മാത്രം. ജീവന്‍റെ സമസ്ത തുടിപ്പും ഫ്രാന്‍സിസില്‍ നിലനിന്നു പോയതും അവന്‍ കണ്ടെത്തി കയ്യെത്തിപ്പിടിച്ച ഈ ഉത്തരത്തിലാവാം. 'സ്നേഹസ്വാതന്ത്ര്യത്തിന്‍റെ' ഒടുങ്ങാത്ത ഉത്സവമായി അയാളുടെ ജീവിതം മുന്നേറുന്നതിവിടെയാണ്. ബിഷപ്പിന്‍റെ അങ്കണത്തില്‍ വച്ച് തവിട്ട് കുപ്പായത്തിന്‍റെ സ്വാതന്ത്ര്യം സ്വന്തമാക്കിയവന്‍ അത് കുപ്പായത്തിന്‍റെ പിഞ്ഞിതുടങ്ങിയ തുണിയില്‍ അടക്കിവച്ച ഒന്നായിരുന്നില്ല. അവന്‍റെ മനസ്സിന്‍റെ അന്തരാളങ്ങളില്‍ പൊരുന്നയിരുന്നു വിരിഞ്ഞ ഒന്നായിരുന്നു അത്. അതാണവനെ മഞ്ഞുനിറഞ്ഞ കുഴിയിലും, നഗ്നതയിലും തണുപ്പിലും ഗാനമായി മാറാന്‍ സഹായിച്ചത്.
അന്നുവരെ അവന്‍ കണ്ടുശീലിച്ച ആലങ്കാരിക ദൈവസ്വരൂപങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും അവന്‍റെയുള്ളിലെ സ്വാതന്ത്ര്യത്തിനു ഉത്ഭവം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പടയൊരുക്കവും പടയോട്ടവും ജയിച്ചു കേറാന്‍ പണിപ്പതു ശ്രമിച്ചിട്ടും പരാജയത്തിന്‍റെ കയ്പുനീരാല്‍ ശുദ്ധികലശം ചെയ്ത് കാരാഗൃഹത്തിന്‍റെ ഇരുണ്ട മൂലയ്ക്കുള്ളില്‍ വീഴുമ്പോള്‍ അവന്‍റെ ഉള്ളം ഒരു പിറവിക്ക് സാക്ഷ്യം വഹിച്ചിരിക്കണം. ഫ്രാന്‍സിസില്‍ അഗാധമായി പിറവികൊണ്ട ദൈവഅവബോധം ഒരു സുപ്രഭാതത്തില്‍ പൊട്ടിവിരിഞ്ഞതല്ല. കാലങ്ങളുടെ പഴക്കവും പരാജയത്തിന്‍റെ കയ്പും കൂട്ടിക്കുഴച്ച് പരുവപ്പെട്ടതാണത്.
ഈ കാലഘട്ടത്തിന്‍റെ പരിപ്രവാജകരായി മാറാന്‍ ശേഷിയുള്ള സകലമനുഷ്യര്‍ക്കും സുവിശേഷമാകുന്ന ഫ്രാന്‍സിസ്, കാലത്തിനു മുമ്പേ നടന്നവനായിരുന്നു. സന്യാസത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റേയും വഴി ഫ്രാന്‍സിസില്‍ സംഗമിക്കുന്നതിന്‍റെ മനോഹാരിത വാക്കുകള്‍ക്കതീതമാണ്. നേര്‍ത്ത ചുള്ളിക്കമ്പുകള്‍കൊണ്ട് മനോഹരമായ കൂടൊരുക്കാന്‍ കുരുവികള്‍ക്കാവുന്നതുപോലെ സ്വതസിദ്ധമായ വഴികളില്‍ ഫ്രാന്‍സിസ് തന്‍റെ അനുയായികള്‍ക്ക് അഭയമായിമാറുന്നു. ക്രിസ്റ്റഫര്‍ കൊയ്ലോയുടെ A new kind of fool എന്ന ഗ്രന്ഥത്തിന്‍റെ ആമുഖം കൊയ്ലോ കുറിക്കുന്നത് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ശവകുടീരത്തിന്‍റെ മുന്‍പില്‍ ഇരുന്നാണ്. അദ്ദേഹം അവിടെ പറയുന്നതിതാണ്. "ഈ ശവകുടീരത്തില്‍ മുനിഞ്ഞു കത്തുന്ന മെഴുതിരിവെട്ടങ്ങള്‍ പ്രകാശത്തിനൊപ്പം മച്ചില്‍ പുകയുടെ കരി പിടുപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഞാന്‍ കുറിക്കുന്ന വരികള്‍ ഫ്രാന്‍സിസിനെ കരിപിടിപ്പിക്കുന്നുവെങ്കില്‍ മാപ്പു തരിക". കാലവും പഴക്കവുംമേറുമ്പോള്‍ ഫ്രാന്‍സിസും ക്രിസ്തുവുമെല്ലാം എടുത്തണിയാനുള്ള ആഭരണവും അലങ്കാരങ്ങളുമായി മാറുന്ന കെട്ടുകാഴ്ച ദിനംപ്രതി വര്‍ദ്ധിച്ചു വരുമ്പോഴും, നന്മവറ്റാത്ത മണ്‍ചിരാതുകള്‍ ഇനിയും മുനിഞ്ഞു കത്തട്ടെ എന്നാംശംസിക്കുന്നു. ഫ്രാന്‍സിസിന്‍റെ സന്യാസവഴികളിലെ വ്യത്യസ്തകളെ തങ്ങളുടെ അന്വേഷണാത്മകതകൊണ്ടും ഉള്‍കാഴ്ചകൊണ്ടും അനാവരണം ചെയ്യുകയാണ് കപ്പൂച്ചിന്‍ സഹോദരര്‍ ഈ ലക്കത്തില്‍. ഒപ്പം സ്വാതന്ത്ര്യത്തിന്‍റെ വിഹായസ്സിലേക്ക് സ്നേഹപ്രലോഭനമായി ജ്വോഷ്വാ ന്യൂട്ടെനും.
The only way to deal with an unfree world is to become so absolutely free that your very existence is an act of rebellion.
-Albert Camus