news-details
പുസ്തകപരിചയം

ജീവിതത്തിന്‍റെ ഭിന്നമുഖങ്ങള്‍

The Hidden Life of Trees
വൃക്ഷങ്ങളുടെ രഹസ്യജീവിതം 
ജീവിതത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നാം മരങ്ങളുടെ ജീവിതത്തെപ്പറ്റി പറയാറില്ല. എന്നാല്‍ മരങ്ങള്‍ക്കും ഒരു രഹസ്യജീവിതമുണ്ടെന്ന് പീറ്റര്‍ വോലെബെന്‍ കണ്ടെത്തുന്നു. 'വൃക്ഷങ്ങളുടെ രഹസ്യജീവിതം' എന്ന ശ്രദ്ധേയഗ്രന്ഥം ദീര്‍ഘകാലം അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളുടെ ഫലമാണ്. പാരിസ്ഥിതികവിചാരത്തില്‍ ഈ പുസ്തകം സവിശേഷസ്ഥാനം നേടിയെടുത്തിരിക്കുന്നു. "സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന മനുഷ്യമുഖമുള്ള വൃക്ഷങ്ങളെപ്പറ്റി നാം കഥകളില്‍ വായിക്കുന്നു. തീര്‍ച്ചയായും അത്തരമൊരു മാന്ത്രികവനത്തിലാകും പീറ്റര്‍ വോലെബെന്‍ വസിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ദശകങ്ങള്‍ നീണ്ട നിരീക്ഷണങ്ങളിലും പഠനങ്ങളിലും കൂടി വൃക്ഷജീവിതങ്ങളെക്കുറിച്ച് അദ്ദേഹമാര്‍ജിച്ച അഗാധജ്ഞാനം വിസ്മയകരമായ ഒരു ലോകത്തെയാണ് വെളിപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം വായിച്ചുകഴിയുമ്പോള്‍, വനങ്ങള്‍ നിങ്ങള്‍ക്കൊരു മായാഭൂമികയായി മാറുമെന്നാണ് എന്‍റെ വിശ്വാസം" എന്ന് ടിം ഫ്ലാനരി പ്രസ്താവിക്കുന്നത് വസ്തുതയാണെന്ന് നാം തിരിച്ചറിയുന്നു. 
 
"ജീവിക്കുന്ന ചുറ്റുപാടുകള്‍ നോക്കിക്കാണുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു' എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. വനത്തില്‍ അരങ്ങേറുന്ന നാടകങ്ങള്‍ ഓരോന്നായി അദ്ദേഹം എടുത്തുകാണിക്കുന്നു. "വൃക്ഷങ്ങള്‍ നമുക്കു പകര്‍ന്നുതരുന്ന ആനന്ദം പങ്കിടാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. ഒരുപക്ഷേ വനത്തിലൂടെയുള്ള അടുത്ത നടത്തത്തില്‍ ചെറുതും വലുതുമായ അത്ഭുതങ്ങള്‍ നിങ്ങള്‍ സ്വയം കണ്ടെത്തിയേക്കാം' എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. നമ്മുടെ ചുറ്റുപാടുകളെ, പ്രകൃതിയെ മനസ്സിലാക്കാനുള്ള കണ്ണാണ് വോലെബെന്‍ നമുക്കു നല്കുന്നത്.
 
'സൗഹൃദങ്ങള്‍' മുതല്‍ 'ഒരു ചരക്കെന്നതിലുപരിയായി' വരെ മുപ്പത്തിയാറ് അധ്യായങ്ങളിലൂടെ മരങ്ങളുടെ ജീവിതത്തെ സമഗ്രമായി നോക്കിക്കാണുകയാണ് വോലെബെന്‍. മനുഷ്യരെപ്പോലെ മരങ്ങളും സൗഹൃദം പങ്കിടുന്നു. അങ്ങനെ സമൂഹജീവിതം അവര്‍ കണ്ടെത്തുന്നു. ഉദാഹരണസഹിതം വൃക്ഷങ്ങളുടെ സ്നേഹബന്ധത്തിന്‍റെ ചിത്രം ഗ്രന്ഥകാരന്‍ വരച്ചിടുന്നു. വേരുകളിലൂടെ മരങ്ങള്‍ സൃഷ്ടിക്കുന്ന സ്നേഹസാമ്രാജ്യം അതിപ്രധാനമാണ്. 
 
'വൃക്ഷങ്ങളുടെ ഭാഷയെക്കുറിച്ചുള്ള ഗ്രന്ഥകാരന്‍റെ നിരീക്ഷണങ്ങള്‍ സുപ്രധാനമാണ്. മരങ്ങളുടെ ഭാഷ തിരിച്ചറിയാന്‍ നമുക്കു കഴിയാറില്ല. അവയ്ക്ക് തികച്ചും വ്യത്യസ്തമായ ആശയവിനിമയമാര്‍ഗമുണ്ട്. അങ്ങനെ മരങ്ങള്‍ സാമൂഹികജീവിതം രൂപപ്പെടുത്തുന്നു. അതോടൊപ്പം മറ്റു ജീവജാലങ്ങളെയും മരങ്ങള്‍ സ്നേഹിക്കുന്നു. എത്രയോ ജീവജാലങ്ങളാണ് ഒരു വൃക്ഷത്തില്‍ കഴിയുന്നത്. മരങ്ങള്‍ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന അറിവുകള്‍ നിരവധിയാണ്. 
 
"വൃക്ഷങ്ങളെക്കുറിച്ച് നാം ആശങ്കപ്പെടുന്നത് തികച്ചും ഭൗതികകാരണങ്ങളാല്‍ മാത്രമാകരുത്. അവ നമുക്കു സമ്മാനിക്കുന്ന ചെറിയ കടങ്കഥകളും അത്ഭുതങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ട്. മരത്തണലില്‍ നാടകങ്ങളും പ്രേമകഥകളും അരങ്ങേറുന്നു. പ്രകൃതിയുടെ ഒടുവില്‍ അവശേഷിക്കുന്ന ശകലം. ഇതാ നിങ്ങളുടെ പടിവാതില്‍ക്കല്‍, സാഹസികതകള്‍ അനുഭവിക്കാനും കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താനുമുണ്ട്" എന്ന് പീറ്റര്‍ വോലെബെന്‍ പറയുന്നു. മരങ്ങളുടെ ലോകത്തേക്കുള്ള ക്ഷണമാണ് ഈ പുസ്തകം. വൃക്ഷജീവിതങ്ങളുടെ വിസ്മയകരമായ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥമാണ് 'വൃക്ഷങ്ങളുടെ രഹസ്യജീവിതം.' പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ സഹായകമാകുന്ന ശ്രദ്ധേയ പഠനം (വൃക്ഷങ്ങളുടെ രഹസ്യജീവിതം, പീറ്റര്‍ വോലെബെന്‍, വിവ. സ്മിത മീനാക്ഷി, മാതൃഭൂമി ബുക്സ്).
 
ടെഹ്റാനിലെ തടവുകാരി
തികച്ചും അസാധാരണമായ പുസ്തകമാണ് മറീന നെമാതിന്‍റെ 'ടെഹ്റാനിലെ തടവുകാരി'. ഖൊമേനി വാഴ്ചയുടെ ദുരന്തകഥകളാണീഗ്രന്ഥം. പതിനാറ് വയസ്സു മാത്രമുള്ള മറീന എന്ന വിദ്യാര്‍ത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ തടവറയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിര്‍ബന്ധിത മതംമാറ്റം, യുവതികളുടെ ദാരുണജീവിതങ്ങള്‍, ഭീകരമായ വധശിക്ഷകള്‍ - ഖൊമേനി വാഴ്ചയുടെ പൈശാചികത ഈ ഗ്രന്ഥം ആഴത്തില്‍ വെളിപ്പെടുത്തുന്നു.
 
ഒരിക്കല്‍ അനുഭവിച്ചത് തുറന്നുപറയുമ്പോള്‍ ഒരിക്കല്‍കൂടി അതെല്ലാം അനുഭവിക്കുകയാണ്. മൂടിവെയ്ക്കാതെ എല്ലാം വെളിപ്പെടുത്തുമ്പോള്‍ അത് നാളെ ചരിത്രമാകും. പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ പഴയതിനെ ഒഴിവാക്കേണ്ടതുണ്ട്. അതിജീവനത്തിനുള്ള തന്ത്രം കൂടിയായി എഴുത്ത് മാറുന്നു. "ജനങ്ങള്‍ എവിനിലെ ജയിലിനെക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ല. ഭീതിജനകമായ മൗനത്താല്‍ ആവരണം ചെയ്യപ്പെട്ടതായിരുന്നു എന്ന് മറീന കുറിക്കുന്നു. തണുത്തുറഞ്ഞ ശൂന്യത അനുഭവിച്ചത് ഈ ജയിലില്‍ നിന്നാണ് എന്ന് അവര്‍ പറയുന്നു. ഈ സ്ത്രീ കടന്നുപോകാനിടയായ തീക്ഷ്ണാനുഭവങ്ങള്‍ നമ്മെ പൊള്ളിക്കും.
 
ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ മറീന സഞ്ചരിക്കുന്നു. ജീവനുള്ള, ശ്വസിക്കുന്ന, വികാരങ്ങളുള്ള, വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിറഞ്ഞ പുസ്തകമാണിത്. ശരീരത്തിനേറ്റ ക്ഷതങ്ങളേക്കാള്‍ മാരകമായിരുന്നു മനസ്സിനേറ്റത്. ക്രൂരതകളുടെ ഉച്ചസ്ഥായികള്‍ അവള്‍ കാണുന്നു. എന്തുകൊണ്ടിതെല്ലാം സംഭവിക്കുന്നു എന്ന ചോദ്യം അവളെ അലട്ടുന്നു. മേല്‍ക്കൂരയില്ലാത്ത രണ്ടുനിലകെട്ടിടംപോലെ തന്‍റെ ലോകം മാറിമറിയുന്നത് മറീന നിസ്സഹായതയോടെ അറിയുന്നു. മുറിവുകള്‍ക്ക് ആഴംവയ്ക്കുന്നതവള്‍ കാണുന്നു. പ്രതീക്ഷയുടെ തുരുത്തുകള്‍ ഒന്നൊന്നായി കടലെടുത്തുപോകുന്നതും തിരിച്ചറിയുന്നു. എങ്കിലും മറീന പിടിച്ചുനില്‍ക്കുന്നു. പരാജയം സമ്മതിക്കാതെ മുന്നോട്ടുപോകുന്നു. സ്ത്രീയുടെ അതിജീവനത്തിന്‍റെ ചരിത്രംകൂടിയായി മറീനയുടെ കഥ മാറുന്നു. "സഹിക്കാന്‍ വയ്യാത്ത അവസ്ഥയിലാകുമ്പോള്‍ എനിക്ക് ചിന്തകളെ എന്നില്‍നിന്നും ആട്ടിപ്പായിക്കുവാന്‍, അകറ്റിനിര്‍ത്തുവാനാകും." അതിജീവനത്തിനുള്ള ശക്തി അങ്ങനെയാണ് മറീന കൈവരിച്ചത്. 
 
ക്രൂരതകള്‍ നിറഞ്ഞ പാപസാഹചര്യത്തിലും നന്മയുടെ ചില പൂക്കള്‍ വിടര്‍ന്നുവരും. അതാണ് മനുഷ്യന്‍റെ മറ്റൊരു മുഖം. ഏതു ദുരന്തത്തിലും മലര്‍ത്തുപിടിക്കുന്ന കൈത്തലം ഒരു സാന്ത്വനമാണ്. "എനിക്കു ചുറ്റും നന്മകളൊന്നുമില്ലെങ്കില്‍, എന്തെങ്കിലും നല്ലത് ചെയ്യേണ്ടത് ഒരു പക്ഷേ എന്‍റെ ജോലിയാകാം. ഒന്നും പ്രതീക്ഷിക്കാതെ നല്ലതുമാത്രം ചെയ്യുക എന്ന നിശ്ചയത്തില്‍ അവള്‍ എത്തിച്ചേരുന്നു. ഇരുട്ടില്‍ പ്രകാശിക്കുന്ന നന്മയാണിത്. ഈ വെളിച്ചത്തിലാണ് പ്രത്യാശയുടെ പൂക്കള്‍ വിടരുന്നത്. 
 
'എവിനിലെത്തിയ ആദ്യദിനങ്ങളില്‍ ഞാന്‍ അനുഭവിച്ച വേദന ഇപ്പോഴും ഓര്‍മ്മയില്‍ തികട്ടിവരുന്നു. അതെന്‍റെയുള്ളില്‍ ഇപ്പോഴും ജീവിക്കുന്നു' എന്ന് പറയുന്ന മറീനയുടെ വാക്കുകള്‍ ആ വേദന ആവാഹിക്കുന്നവയാണ്. അതോടൊപ്പം ഒരു കാലത്തിന്‍റെ ചരിത്രവും അവര്‍ വരച്ചിടുന്നു. വേദനയുടെ, ദുഃഖത്തിന്‍റെ, ക്രൂരതയുടെ, അതിജീവനത്തിന്‍റെ ചരിത്രം. ചുറ്റിലും ദുഃഖവും വേദനയും മാത്രം കാണുമ്പോള്‍ സന്തോഷിക്കാന്‍ മറക്കുന്നുവെന്ന് നാമറിയുന്നു. കണ്ണീരിനും ചരിത്രമുണ്ട് എന്നാണ് നാം മനസ്സിലാക്കുന്നത്. "ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള തീരുമാനമെടുക്കുന്നതിന് ഈ ലോകത്തെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് വേണം. അത് നമുക്കില്ല. അതിനാല്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ദൈവം മാത്രമാണ്. എല്ലാം അറിയുന്നത് അവന്‍ മാത്രമാണല്ലോ" എന്നാണ് മറീന കുറിക്കുന്നത്. 
 
എവിന്‍ ഭീകരമായ തടവറയാണ്. ഇരുട്ടിന്‍റെ കേദാരം. "നിശ്ശബ്ദതയും ഇരുട്ടും സമാനമാണ്. ഇരുട്ട് എന്നാല്‍ വെളിച്ചമില്ലായ്മയാണെങ്കില്‍ നിശ്ശബ്ദത ശബ്ദമില്ലായ്മയാണ്. അങ്ങനെയൊരു വഞ്ചനയിലൂടെ, വിസ്മൃതിയിലൂടെ എങ്ങനെ മുന്നേറാനാവും?" എന്നാണ് മറീന ചോദിക്കുന്നത്. ഇത് അനേകരുടെ ചോദ്യമാണ്. ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെടുന്നവര്‍ സന്ദേഹികളാകുന്നു. വഴികളെക്കുറിച്ച് അവര്‍ക്ക് ഉറപ്പുകളൊന്നുമില്ല.
 
കഠിനമായ യാതനകളിലൂടെ കടന്നുപോയ അനേകരുടെ വേദനകള്‍ക്ക് വാക്കുകള്‍ നല്‍കുകയാണ് മറീന. സ്വന്തം വേദനയോടൊപ്പം അനേകരുടെ വേദനകള്‍ അവര്‍ പകര്‍ത്തുന്നു. മതവും അധികാരവും എങ്ങനെ പീഡനത്തിനു കാരണമാകുന്നുവെന്ന് മറീന കാണിച്ചുതരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ഘോരപീഡനങ്ങള്‍ അവര്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. 'ടെഹ്റാനിലെ തടവുകാരി' എന്ന പുസ്തകം ഞെട്ടിക്കുന്ന അനുഭവങ്ങള്‍കൊണ്ട് നമ്മെ വേട്ടയാടും. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോകുന്ന മനുഷ്യയാതനകളിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നറിയും. ആത്മകഥ അനേകായിരങ്ങളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്നു. (ടെഹ്റാനിലെ തടവുകാരി- മറീന- വിവ.സുരേഷ് എം. ജി. - ഗ്രീന്‍ ബുക്സ്)  
 
കവിതയില്‍ വെന്തുതീര്‍ന്നവന്‍
villal
വിതയില്‍ വെന്തുതീര്‍ന്ന ജിനേഷ് മടപ്പള്ളിയുടെ 'വിള്ളല്‍' എന്ന കവിതാസമാഹാരം എടുത്തുപറയേണ്ട സവിശേഷതകള്‍ നിറഞ്ഞതാണ്. 'ഈ  കവിതകള്‍ ആദ്യം നമ്മെ ആകര്‍ഷിക്കുക അവയുടെ ആര്‍ജവം കൊണ്ടാണ്'  എന്ന് സച്ചിദാനന്ദന്‍ എഴുതുന്നത് ശ്രദ്ധേയമാണ്. സ്വന്തം അനുഭവം, പരിസരം, വിഷാദം, ഏകാന്തത, വിചാരം, ഭാവന എന്നിവയില്‍നിന്ന് രൂപംകൊള്ളുന്ന കവിതകളാണ് ജിനേഷിന്‍റേത്. മരണത്തിലേക്കു നടന്നുപോയ ഈ കവിയില്‍ ജീവിതവും മരണവും തമ്മിലുള്ള സംഘട്ടനം ശക്തമാണെന്ന് കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാള്‍' എന്ന കവിതയില്‍ ജിനേഷ് എഴുതുന്നു: 
 
"ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന ഒരാള്‍
തന്നിലേക്കും മരണത്തിലേക്കും 
നിരന്തരം സഞ്ചരിക്കുന്ന 
ഒരു വഴിയുണ്ട്
അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
പക്ഷേ, ആരും അയാളെ കാണില്ല
അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
പക്ഷേ, അയാള്‍ അതു കാണില്ല."
ഇങ്ങനെ ജീവിതത്തില്‍ പലതും കാണാതെ അയാള്‍ മരണത്തോടടുക്കുന്നു. ജിനേഷിന്‍റെ കവിതകളില്‍ മരണവും ജീവിതവും ഇടകലരുന്നു. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ കവി മരങ്ങളില്‍നിന്ന്, കിളികളില്‍ നിന്ന്, മനുഷ്യരില്‍ നിന്ന് പലതും പഠിക്കുന്നു. എന്നാല്‍ അതിജീവനത്തിന്‍റെ ഓട്ടത്തില്‍ തളരുന്നവരെയും ഈ കവി കൂട്ടത്തില്‍ കൂട്ടുന്നു. മാഞ്ഞുപോകുന്ന കുന്നുകളും പൂക്കളും മരങ്ങളും കവിയുടെ വേദനയായി മാറുന്നു. ഇതെല്ലാം മരണത്തിന്‍റെ മുഖങ്ങളാണെന്ന് നാം അറിയുന്നു. 
 
"നേരു പറഞ്ഞതിന് കൊലചെയ്യപ്പെട്ട 
ഓരോ മനുഷ്യനും 
പാതിപൂര്‍ത്തിയായ കവിതയാണ്" എന്നു പറയുന്ന കവി സത്യത്തിന്‍റെ പക്ഷത്താണ്. സത്യം നിങ്ങളെ മരണത്തിലെത്തിക്കാം. എന്നാലും കവിത സത്യത്തോടാണ് ചേര്‍ന്നു നില്‍ക്കേണ്ടതെന്ന് ഈ കവി വിശ്വസിക്കുന്നു. വര്‍ത്തമാനകാലം സത്യാന്തരകാലമാണ്. സത്യം ഇവിടെ നിസ്സഹായമാണ്. സത്യത്തിന്‍റെ പക്ഷത്തുനില്‍ക്കുന്നവന്‍ വേട്ടയാടപ്പെടുന്നു. വേട്ടക്കാരനും ഇരയും നിത്യസാന്നിധ്യമാണ്. കാലത്തിന്‍റെ മുന്‍പില്‍ ഇരയായിത്തീര്‍ന്നവന്‍റെ നിലവിളിയായി കവിത മാറുന്നു. 'തീവളയങ്ങളിലൂടെ ചാടാന്‍ പരിശീലിക്കുന്നവനേ' ഇവിടെ നിലനില്‍ക്കാനാകൂ. 
 
"എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മനുഷ്യനെ
അവസാനമായ് ഉപേക്ഷിക്കാന്‍ എന്തെളുപ്പമാണെന്നോ
സ്നേഹത്തിന്‍റെ ഒരുതരി ഭാരംപോലുമില്ലാതെ 
തുടരാനുള്ള കൊതിയുടെ നേരിയ മുറുക്കംപോലും ഇല്ലാതെ
മിനുസമായ ഒരു പ്രതലത്തിലെന്നപോലെ
അയാള്‍ ഒഴുകി മായുന്നു."
 
ഒഴുകിമാഞ്ഞ ഈ കവി നമ്മെ മുറിപ്പെടുത്തുന്നു. ജീവിതത്തെ സ്നേഹിക്കാനൊന്നും അയാള്‍ക്കു കഴിഞ്ഞില്ല. ലോകത്തോടിണങ്ങാത്തവനായി അവന്‍ വീര്‍പ്പുമുട്ടി. ഈ വീര്‍പ്പുമുട്ടല്‍ ജിനേഷിന്‍റെ കവിതകളില്‍ കാണാം. പ്രത്യാശയുടെ ദ്വീപുകള്‍ ഈ കവി അന്വേഷിക്കുന്നു. 
 
'വിള്ളല്‍' എന്ന കവിതാസമാഹാരം നമ്മില്‍ ചില അസ്വസ്ഥതകള്‍ അവശേഷിപ്പിക്കും. നിസ്സഹായന്‍റെ നിലവിളി ഈ കവിതകളില്‍നിന്ന് നമുക്കു കേള്‍ക്കാം. ഈ കവിയെ മരണത്തിലേക്കടുപ്പിച്ചതെന്താണെന്ന സന്ദേഹം നമ്മെ ചൂഴ്ന്നുനില്ക്കും. ഈ കാലഘട്ടത്തോടിണങ്ങാന്‍ നന്മയുള്ള ഹൃദയത്തിനു കഴിയാത്തതാണോ എന്ന് നാം സംശയിക്കും. 
(വിള്ളല്‍-ജിനേഷ് മടപ്പള്ളി-ഡി. സി. ബുക്സ്

You can share this post!

അടുത്ത രചന

കറ

ഡോ. കുഞ്ഞമ്മ ജോർജ്ജ്
Related Posts