അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ ഉത്തമ ശിഷ്യനായിരുന്നു. ഗുരുവിനെ അക്ഷരാര്‍ത്ഥത്തില്‍ അനുകരിച്ച അദ്ദേഹത്തിനു ജീവിതം ഒരു ഉത്സവമായിരുന്നു. പക്ഷികളുടെ ഗാനങ്ങളും പുഴയുടെ സംഗീതവുമെല്ലാം നെഞ്ചിലേറ്റിയ ഫ്രാന്‍സിസ് പുതിയൊരു ലോകത്തിന് ജന്മം നല്‍കി. ക്രിസ്തുശിഷ്യത്വത്തിന്‍റെ പാതയില്‍ മുന്നേറുവാനാഗ്രഹിച്ച ഫ്രാന്‍സിസ്
തെറ്റായ സുഹൃത്ബന്ധങ്ങളെ ഉപേക്ഷിച്ചു. ദൈവത്തില്‍ നിന്നും തന്നെയകറ്റുവാനാഗ്രഹിച്ച എല്ലാ ബന്ധങ്ങളെയും അദ്ദേഹം കൈവെടിഞ്ഞു. ദൈവത്തിലേയ്ക്കടുപ്പിക്കുന്ന സ്നേഹിതരിലേക്ക് അദ്ദേഹം തിരിഞ്ഞു. ലോകസുഖങ്ങളിലേക്ക് നയിക്കുന്ന സുഹൃത്തുക്കള്‍ക്കാര്‍ക്കും നിത്യരക്ഷയിലേക്കുള്ള വഴിയില്‍ തന്നെ സഹായിക്കാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നൈമിഷികമായ സുഖം തേടലിന്‍റെ വഴി ഫ്രാന്‍സിസ് ഉപേക്ഷിച്ചു. ലോകം തരുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ നൈമിഷികമാണെന്ന തിരിച്ചറിയല്‍ ഫ്രാന്‍സിസിനെ തിരിച്ചു നടത്തി. ചെറിയ ചെറിയ സുഖങ്ങള്‍ ഉപേക്ഷിച്ചാല്‍ നിത്യനന്മയായ ദൈവത്തെ അനുഭവിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഈ ലോകത്തിലെ ചെറിയ ചെറിയ സുഖങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ നിത്യ ജീവനവകാശപ്പെടുത്തുമെന്ന് ഫ്രാന്‍സിസ് മനസ്സിലാക്കി തുടങ്ങി. രുചിയില്ലാത്ത ഭക്ഷണം കഴിച്ചും പരുക്കനായ വസ്ത്രം ധരിച്ചും ഈ ബോധ്യത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു.
എടുത്തുചാട്ടക്കാരനായിരുന്ന ഫ്രാന്‍സിസ് ആത്മസംയമനത്തിലേക്ക് മടങ്ങി. സ്വന്തം വികാരങ്ങളെ നിയന്ത്രിക്കുവാനും, സംസാരത്തിനു തന്നെ കടിഞ്ഞാണിടാനും ഫ്രാന്‍സിസ് ശ്രദ്ധിച്ചു. എല്ലാം പെട്ടെന്നു വേണമെന്നുള്ള വികാരം സാത്താന്‍റേതാണെന്നും ദൈവം ശാന്തതയോടെ കാത്തിരിക്കുന്നവനാണെന്നുമുള്ള ബോധ്യം സാവധാനം തെളിഞ്ഞുവന്നു. ക്ഷമാപൂര്‍വ്വമുള്ള കാത്തിരിപ്പാണ് ദൈവം മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. നമ്മള്‍ ആഗ്രഹിക്കുന്ന സമയത്തല്ല ദൈവം പ്രവര്‍ത്തിക്കുന്നത്. ദൈവത്തിന് ഒരു സമയമുണ്ട്. ആ സമയത്തിനായി ശാന്തതയോടെ കാത്തിരിക്കുന്നതാണ് ശിഷ്യത്വം. ഇപ്രകാരമുള്ള യാത്രയില്‍ കണ്ടുമുട്ടുന്ന വ്യക്തികളും, കടന്നുവരുന്ന ജീവിതാനുഭവങ്ങളും ശിഷ്യത്വത്തെ ബലപ്പെടുത്തുന്നു.
അനുദിനജീവിതത്തിലെ ഓരോ അനുഭവത്തെയും ദൈവം തരുന്ന മുന്നറിയിപ്പായി ഫ്രാന്‍സിസ് കണ്ടു. മാരകമായ രോഗവും, സുഹൃത്തുക്കളുടെ പിന്‍വാങ്ങലുമെല്ലാം ദൈവം പഠിപ്പിക്കുന്ന പാഠങ്ങളായിരുന്നു. മുന്നറിയിപ്പുകളെ സ്വീകരിച്ചുകൊണ്ടു ജീവിതത്തെ ചിട്ടപ്പെടുത്തുന്നത് ശിഷ്യത്വത്തിന്‍റെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കണം. അതേ ജീവിത സാഹചര്യത്തിലൂടെ കടന്നുപോയാല്‍ എനിക്കും അതുതന്നെ സംഭവിക്കുമെന്നുള്ള തിരിച്ചറിവ് നമ്മെ മാറ്റിമറിക്കും. അമിതമായ ആത്മവിശ്വാസം ഫ്രാന്‍സിസിനുണ്ടായിരുന്നു. തന്നെക്കൊണ്ടു എല്ലാം സാധ്യമാണെന്നും തനിക്കുമുകളിലാരുമില്ലെന്നും ഒരു കാലത്ത് അദ്ദേഹം ധരിച്ചു വച്ചു. ക്രിസ്തുവിന്‍റെ ശക്തമായ ഇടപെടലുണ്ടായപ്പോള്‍ താന്‍ നിസ്സാരനാണെന്നു തിരിച്ചറിഞ്ഞു. എല്ലാം നയിക്കുന്ന ഉന്നതത്തിലെ ശക്തി ജീവിതത്തിലിടപെട്ടപ്പോള്‍ ഫ്രാന്‍സിസിന്‍റെ ഉള്‍ക്കണ്ണുകള്‍ തുറന്നു. പിന്നീട് ജീവിതത്തില്‍ ശക്തമായ പരിവര്‍ത്തനം കടന്നുവന്നു.
മാനസാന്തര ജീവിതത്തിലൂടെ ഫ്രാന്‍സിസ് അസ്സീസി കടന്നുപോയപ്പോള്‍ സ്ഥാനമോഹങ്ങള്‍ അന്യമായിത്തീര്‍ന്നു. താനൊന്നുമല്ലെന്നും തനിക്കൊന്നുമില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ലോകത്തിലെ സകല അംഗീകാരങ്ങളും വെറും നീര്‍ക്കുമിളകളാണെന്ന തിരിച്ചറിവ് ജീവിതത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചു വിടുന്നു. പ്രതിഫലമോഹം അദ്ദേഹത്തിന് ഇല്ലാതായി. എല്ലാറ്റിനും പ്രതിഫലം നല്‍കുന്ന ഒരു ദൈവമുണ്ടെന്നും മനുഷ്യന്‍റെ പ്രതിഫലങ്ങള്‍ വ്യര്‍ത്ഥമാണെന്നും ബോധ്യപ്പെട്ടു. താന്‍ ചെയ്യുന്ന ഓരോ കാര്യവും ദൈവം കാണുന്നുണ്ടെന്ന ബോധ്യം ഫ്രാന്‍സിസില്‍ ജനിച്ചു. വിശുദ്ധ ഫ്രാന്‍സിസും ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത കാണിച്ച വ്യക്തിയായിരുന്നു. ദൈവാനുഭവം ഉണ്ടാകുന്നതുവരെ വലിയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ച ഫ്രാന്‍സിസ് ഏറ്റവും ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ദേവാലയത്തിലെ വിളക്കില്‍ കൃത്യമായി എണ്ണയൊഴിച്ച സാമുവേലിനെ പുരോഹിതനാക്കിയ ദൈവത്തെ ഫ്രാന്‍സിസ് കണ്ടു. പിതാവിന്‍റെ ആട്ടിന്‍പറ്റത്തെ കൃത്യമായി നയിച്ച ദാവീദിനെ രാജാവാക്കിയ ദൈവത്തെ ഫ്രാന്‍സിസ് ധ്യാനിച്ചു. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പാലിക്കുന്നവനെ ദൈവം വലിയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്‍റെ ജീവിത മാതൃക നമ്മെ നയിക്കട്ടെ. വെളിച്ചത്തിന്‍റെ പ്രവാചകനായ ഫ്രാന്‍സിസ് നമ്മെയും നിത്യവെളിച്ചത്തിലേക്ക് ആനയിക്കട്ടെ.