മനുഷ്യന്‍റെ ജീവിതത്തില്‍ ജനനവും മരണവും കടന്നുവരുന്നു. മരണമെന്ന വലിയ സത്യത്തിനുമുന്നില്‍ നിസ്സഹായരായി മനുഷ്യര്‍ നില്‍ക്കുന്നു. ജീവിതാന്ത്യത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ യാഥാര്‍ത്ഥ്യമാണ് മരണം. ഒരു മനുഷ്യന്‍റെ ജീവിതത്തെ വിലയിരുത്തുന്നത് എങ്ങനെ മരിച്ചുവെന്നതിലല്ല മറിച്ച് എങ്ങനെ ജീവിച്ചുവെന്നതിലാണ്. നവംബര്‍ മാസം പൊതുവേ മരിച്ചവരെ ഓര്‍മ്മിക്കുന്ന മാസമാണ്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നമുക്കു ധ്യാനിക്കാനുള്ള സമയമാണിത്. മരണത്തെ വിവിധങ്ങളായ രീതിയില്‍ നോക്കിക്കാണുന്നവരുണ്ട്. ശാരീരികമായ അസ്തിത്വത്തിന്‍റെ അന്ത്യമായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശനകവാടമായി കാണുന്നവര്‍ ധാരാളമുണ്ട്. ഉത്തരമറിയാത്ത വലിയൊരു ചോദ്യമായി മരണത്തെ നോക്കുന്നവരുമുണ്ട്. ഈ ലോകം കൊണ്ട് ജീവിതം തീരുമെന്നു കരുതുന്നവര്‍ മരണത്തെ ഭയത്തോടെ വീക്ഷിക്കുന്നു. തുടര്‍ജീവിതമുണ്ടെന്നു വിശ്വസിക്കുന്നവര്‍ വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ 'സോദരി മരണമേ,' എന്നു വിളിച്ചു കടന്നുപോകുന്നു.

ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍ മരണത്തെ എങ്ങനെ നോക്കിക്കാണണമെന്നു പഠിപ്പിക്കുന്നുണ്ട്. യോഹന്നാന്‍ പതിനൊന്നാം അധ്യായത്തില്‍ ലാസര്‍ മരിച്ചപ്പോള്‍ ആ മരണത്തെ 'ഉറക്കം' എന്നാണ് കര്‍ത്താവ് വിളിച്ചത്. ഉറങ്ങുന്നത് ഉണരാനായിട്ടാണ്. കല്ലറയില്‍ നിന്നും ഉണര്‍ന്നു വരുമെന്ന പ്രത്യാശ മനുഷ്യഹൃദയങ്ങളില്‍ അതോടെ ജന്മമെടുത്തു. മാതാവിന്‍റെ സ്വര്‍ഗരോപണ സ്ഥലത്തെ മാതാവ് ഉറങ്ങിയ സ്ഥലമെന്നാണ് ജറുസലേമില്‍ വിളിക്കുന്നത്. ശതാധിപന്‍റെ പുത്രിയെയും നയിമിലെ വിധവയുടെ കുഞ്ഞിനെയുമെല്ലാം ഒരുറക്കത്തില്‍ നിന്നെന്നതുപോലെയാണ് യേശു എഴുന്നേല്പിച്ചത്. മരണം അന്ത്യമല്ല. ഒരു താല്‍ക്കാലിക ഉറക്കം മാത്രം. ഈ ചിന്ത മരണത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ നമ്മെ സഹായിക്കും. മരണമെന്ന മയക്കത്തില്‍ നിന്ന് നാം ഉണരുമെന്ന പ്രതീക്ഷ നമ്മെ സഹായിക്കട്ടെ.

മരണം വരുന്ന സമയം നമുക്കറിയില്ല. യജമാനന്‍ വരുമ്പോള്‍ ഒരുക്കത്തോടെ കാത്തുനില്ക്കുന്ന ഭൃത്യരെപ്പോലെ നാമായിരിക്കണമെന്ന് ക്രിസ്തു ഓര്‍മ്മിപ്പിച്ചു. രണ്ടുപേര്‍ വീതമുള്ള സ്ഥലങ്ങളില്‍ ഒരാള്‍ എടുക്കപ്പെടുമെന്നും മറ്റേയാള്‍ തിരസ്കരിക്കപ്പെടുമെന്നും കര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്നു. ദൈവം നമുക്ക് ഒരുപോലെ അവസരങ്ങള്‍ തരുമ്പോള്‍ നാമെങ്ങനെയാണ് അത് വിനിയോഗിക്കുന്നത്? ഓരോ ദിവസവും അതിവേഗം കടന്നുപോകുമ്പോള്‍ ജാഗരൂകരായി ജീവിക്കാനുള്ള ക്ഷണമാണ് ദൈവം നമുക്കു നല്കുന്നത്. ഇരുണ്ടും വെളുത്തും ദിനരാത്രങ്ങള്‍ കടന്നുപോകുമ്പോള്‍ ഇന്നലെകളിലേക്കു നോക്കി സംതൃപ്തിയോടെ മുന്നേറുവാന്‍ നമുക്കു സാധിക്കണം. വിളക്കില്‍ എണ്ണ കരുതിയ ബുദ്ധിമതികളായ കന്യകമാരെപ്പറ്റി ക്രിസ്തു പറയുന്നുണ്ട്. ജീവിതം ഒരു വിളക്കാണ്. ഒരുക്കത്തിന്‍റെയും വിശുദ്ധിയുടെയും എണ്ണ നമ്മിലുണ്ടോ? ഒന്നും കരുതാത്ത ബുദ്ധിശൂന്യരായി നാം മാറരുത്. സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും എണ്ണ ശ്രദ്ധാപൂര്‍വ്വം നാം കരുതിവയ്ക്കണം.

ഏതൊരു മരണത്തിലും ഒരു ജനനം മറഞ്ഞിരിപ്പുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഭൂമിയിലേക്കു ജനിക്കുമ്പോള്‍ ഗര്‍ഭപാത്രത്തിനുള്ളിലെ ജീവിതം അവസാനിക്കുന്നു. അതേ സമയം ലോകത്തിലേക്കു നാം ജനിക്കുന്നു. ഈ ലോകമെന്ന ഗര്‍ഭപാത്രത്തില്‍നിന്നും നമ്മള്‍ മരിക്കുമ്പോള്‍ നിത്യതയെന്ന പുതിയലോകത്തിലേക്ക് നാം ജനിക്കുന്നു. വെടിയുണ്ടയേറ്റ് മഹാത്മാഗാന്ധി മരിക്കുമ്പോഴും വിഷം ഉള്ളില്‍ ചെന്ന് സോക്രട്ടീസ് മരിക്കുമ്പോഴും ആ മരണത്തെ ദുര്‍മരണമായി നാം വിധിക്കാറില്ല. നന്നായി ജീവിച്ചവര്‍ ഏതു വിധത്തില്‍ മരിച്ചാലും അതു നല്ല മരണമായി ലോകം വിലയിരുത്തുന്നു. മനുഷ്യര്‍ക്കു നന്മ ചെയ്തു കടന്നുപോകുന്ന ജീവിതമെല്ലാം നല്ലതാണ്. ഒരാള്‍ ജീവിക്കുന്ന കാലത്തെ വിലയിരുത്തിയാണ് മരണത്തിനെയും വിലയിരുത്തുന്നത്?

1 കൊറിന്ത്യര്‍ 15/55 മുതല്‍ പൗലോസ് അപ്പസ്തോലന്‍ മരണത്തെ നോക്കുന്നത് എത്ര മനോഹരമായിട്ടാണ്. മരണത്തിന്‍റെ ആധിപത്യം എന്നന്നേക്കുമായി ക്രിസ്തുവിന്‍റെ മരണോത്ഥാനം വഴി കടന്നുപോയി എന്നാണ് അദ്ദേഹം പറയുന്നത്. കര്‍ത്താവില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവനോടുകൂടി മരിച്ച് ഉയിര്‍ക്കുന്ന അഹത്തിന്‍റെ അംശങ്ങള്‍ മരിച്ചുതീരുമ്പോള്‍ എന്നില്‍ ഒരു ഉയിര്‍പ്പ് സംഭവിക്കുന്നു. എത്രകാലം നാം ജീവിക്കുന്നു എന്നതിലല്ല ജീവിച്ചകാലം എപ്രകാരമായിരുന്നു എന്നതാണ് പരമപ്രധാനം. ഓരോ നിമിഷവും ശരിക്കും ജീവിക്കുക. ആ ജീവിതം കാണുന്ന ദൈവവും മനുഷ്യരും നമുക്കൊരു വില തരും. ആ വിലയാണ് നമുക്ക് ആവശ്യം. ഈ ലോകം വിട്ട് ദൈവത്തിന്‍റെ സന്നിധിയിലേക്കു യാത്രയാകാനുള്ള ഒരുക്കമായി ജീവിതത്തെ ക്രമീകരിക്കണം. വിശുദ്ധരെന്നു തിരുസഭയില്‍ പരസ്യമായി പേരുവിളിച്ചില്ലെങ്കിലും നമ്മോടൊത്തു ജീവിച്ചവര്‍ നമ്മെപ്പറ്റി നന്മ മാത്രം പറഞ്ഞാല്‍ അതാണ് ഏറ്റവും പ്രധാനം. മരണമടഞ്ഞ പ്രിയപ്പെട്ടവരെ സ്നേഹപൂര്‍വ്വം സ്മരിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ ജീവിതങ്ങളെ വിശുദ്ധിയോടെ ജീവിച്ചുതീര്‍ക്കാന്‍ ശ്രദ്ധിക്കാം.

You can share this post!

ഫ്രാന്‍സിസും ശിഷ്യത്വവും

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts