കുറുനരികള്‍ക്കും മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്ക് കൂടുകളുമുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല" (ലൂക്കാ 9, 58).
സാമൂഹ്യനീതിയെ സംബന്ധിച്ച ബൈബിള്‍ പഠനം അതിന്‍റെ കേന്ദ്രത്തില്‍ എത്തുന്നത് മനുഷ്യനായി അവതരിച്ച ദൈവവചനത്തിന്‍റെ ജീവിതത്തിലും പ്രബോധനങ്ങളിലുമാണ്. പറഞ്ഞു പഠിപ്പിക്കുന്നതിനു മുമ്പേ ജീവിച്ചുകാണിക്കുകയാണ് മനുഷ്യപുത്രനായ യേശു ചെയ്തത്. അതിനാല്‍ സാമൂഹ്യനീതിയെ സംബന്ധിച്ച അവന്‍റെ അന്വേഷണം അവന്‍റെ ജീവിതത്തില്‍തന്നെ തുടങ്ങണം.
യേശുവിന്‍റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും ആകസ്മികമായിരുന്നില്ല, എല്ലാം ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതും പ്രവാചകന്മാര്‍ വഴി അറിയിച്ചിരുന്നതുമായിരുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ, മററു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലോ യേശു ഒന്നും ചെയ്തിട്ടില്ല, പറഞ്ഞിട്ടുമില്ല. ഈ നിരീക്ഷണം തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഒരു നിര്‍ണായക ഘടകമായി എടുക്കണം. പിതാവിന്‍റെ ഹിതം ഒന്നുമാത്രമാണ് യേശുവിന്‍റെ ജീവിതത്തെ നയിച്ചത് (യോഹ 4, 34; ലൂക്കാ 22, 34; മത്താ 26, 53-54). വിട്ടുവീഴ്ചയില്ലാത്ത അനുസരണമായിരുന്നു ആ ജീവിതത്തിന്‍റെ മുഖമുദ്ര. കാലിക്കൂടുമുതല്‍ കാല്‍വരി വരെ ദീര്‍ഘിച്ച ജീവിതം പൂര്‍ണമായും ഒരു വെളിപ്പെടുത്തലായിരുന്നു. പിതാവായ ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും രക്ഷാകരപദ്ധതിയുടെയും അതിനോടുള്ള പുത്രന്‍റെ സമ്പൂര്‍ണ സമര്‍പ്പണത്തിന്‍റെയും വെളിപ്പെടുത്തല്‍. അതില്‍ സാമൂഹ്യനീതിയുടെ സമഗ്രമായ ഒരു ചിത്രം കാണാം.
നസ്രത്തിലെ തച്ചനു വിവാഹനിശ്ചയം ചെയ്തിരുന്ന മറിയം എന്ന ഗ്രാമീണ കന്യകയുടെ മകനായി പിറക്കുക എന്ന തീരുമാനത്തില്‍ തുടങ്ങുന്നു ഈ വെളിപ്പെടുത്തല്‍. പിതാക്കന്മാരോടും പ്രവാചകന്മാര്‍ വഴിയും മുന്‍കൂട്ടി അറിയിച്ചിരുന്ന രക്ഷകന്‍ ദാവീദിന്‍റെ പുത്രനായി ജനിക്കുന്ന രാജാവായിരിക്കും എന്ന് ഇസ്രായേല്‍ ജനം ന്യായമായും പ്രതീക്ഷിച്ചു. ദാവീദിന്‍റെ വംശത്തില്‍ ജനിക്കുന്നത് ഈ പ്രതീക്ഷയുടെ ഭാഗികമായ പൂര്‍ത്തീകരണമായിരുന്നു. എന്നാല്‍ തികച്ചും അജ്ഞാതമായ, ബൈബിളില്‍ ഒരിക്കല്‍പ്പോലും എടുത്തു പറഞ്ഞിട്ടില്ലാത്ത നസ്രത്ത് എന്ന കുഗ്രാമത്തിലെ ഒരു മരയാശാരിയുടെ മകനായിരിക്കും രക്ഷകന്‍ എന്ന് അവര്‍ക്ക് സ്വപ്നത്തില്‍പോലും വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.
യൗസേപ്പിനു നല്കിയിരിക്കുന്ന 'തച്ചന്‍' എന്ന വിവര്‍ത്തനം ശരിയല്ല എന്ന് വാദിക്കുന്നവരുണ്ട്. മൂലഭാഷയായ ഗ്രീക്കില്‍ തെട്ടെതോണ്‍ (teckton) എന്ന പദത്തിന് ഒരു സാധാരണ മരപ്പണിക്കാരന്‍ എന്നല്ല, രാജകൊട്ടാരങ്ങളും ദേവാലയങ്ങളും പ്രഭുമന്ദിരങ്ങളും പോലെ അമൂല്യഭവനങ്ങളും വസ്തുക്കളും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന 'രാജശില്പി' എന്നാണ് വിവര്‍ത്തനം ചെയ്യേണ്ടത് എന്നു കരുതുന്നവരുണ്ട്. യൗസേപ്പ് ഒരു ഗ്രാമീണ മരപ്പണിക്കാരനായിരുന്നില്ല. ഹേറോദോസ് അന്തിപ്പാസ് സെഫോറിസില്‍ നിന്ന് മാറ്റി ഗലീലിയുടെ തലസ്ഥാനം പുതുതായി നിര്‍മ്മിച്ച തിബേരിയാസ് എന്നു പേരു കൊടുത്ത പട്ടണത്തിന്‍റെ മുഖ്യശില്പിയായിരുന്നു എന്ന വാദം ഒരു നോവലില്‍ സ്വീകാര്യമാകാമെങ്കിലും ചരിത്രത്തിന്‍റെ വെളിച്ചത്തില്‍ തെളിയിക്കാനാവില്ല. അതിനാല്‍ത്തന്നെ, പിതാവിന്‍റെ തൊഴില്‍ ഏറ്റെടുത്ത് തുടര്‍ന്നുപോയ യേശുവിനെയും ഒരു സാധാരണ മരപ്പണിക്കാരനായിത്തന്നെയാണ് സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
ഈ തുടക്കംതന്നെ വ്യക്തമായൊരു തിരഞ്ഞെടുപ്പിന്‍റെ അടയാളമായിരുന്നു. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച്, അന്യരുടെ അദ്ധ്വാനഫലത്താല്‍ ജീവനം കഴിക്കുന്ന പരാന്നഭോജിയല്ല, സ്വയം അധ്വാനിച്ച് ജീവിക്കുന്ന ഒരു തൊഴിലാളിയായിരുന്നു യേശുവിന്‍റെ പിതാവും യേശുവും. നീതിയുടെ ഒരു മാനദണ്ഡം ഇവിടെ അനാവൃതമാകുന്നു. "നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കും" (ഉല്‍പ. 3, 19) എന്ന സകലമനുഷ്യരുടെയും അവസ്ഥയും ഉത്തരവാദിത്വവും വെളിപ്പെടുത്തുകയും ചെയ്തു. ഈ മാതൃകയുടെ വെളിച്ചത്തിലാണ് 'അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ' (2 തെസ 3, 10) എന്ന് പൗലോസ് കല്പിക്കുന്നത്. അധ്വാനം വഴി ഉപജീവനമാര്‍ഗം കണ്ടെത്താന്‍ എല്ലാവര്‍ക്കും കടമയുണ്ട്, അവകാശവും. അതിനാവശ്യമായ സാഹചര്യങ്ങള്‍ ലഭ്യമാക്കുകയും സാമൂഹ്യനീതിയുടെ ഭാഗം തന്നെ.
പട്ടണത്തിനു വെളിയില്‍, മൃഗങ്ങള്‍ക്ക് വാസസ്ഥലമായിരുന്ന ഗുഹയില്‍ പിറക്കുന്നതും ഈ തിരഞ്ഞെടുപ്പിന്‍റെ ഭാഗം തന്നെയാണ്. "അവനെ പിള്ളക്കച്ചകള്‍ കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല." (ലൂക്കാ 2, 7) ദാവീദിന്‍റെ ജനനസ്ഥലമാണ് ബെത്ലഹെം. മിശിഹാ രാജാവ് ഈ പട്ടണത്തില്‍ ജനിക്കും എന്ന പ്രവചനമുണ്ടായിരുന്നു (മിക്കാ 5,2). എന്നാല്‍ അത് ഒരു തൊഴുത്തിലായിരിക്കും എന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. മനുഷ്യര്‍ കാണുന്നതുപോലെയല്ല, ദൈവം കാണുന്നതും വിലയിരുത്തുന്നതും എന്ന് തുടക്കം മുതലേ അനുസ്മരിപ്പിക്കുന്നു. യഹൂദരുടെ രാജാവിനെ തേടിവന്ന ജ്ഞാനികള്‍ക്കു വഴിതെറ്റി. കാരണം അവര്‍ രാജകൊട്ടാരത്തിലാണവനെ അന്വേഷിച്ചത്. മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ ഉന്നതവും അമൂല്യവുമായി കാണുന്നത് ദൈവദൃഷ്ടിയില്‍ വിലകെട്ടതായി അവതരിപ്പിക്കുന്ന ഒരു നിഷേധത്തിന്‍റെ കാഴ്ചപ്പാടും നിലപാടും തുടക്കത്തിലേ തെളിയുന്നു.
"എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക... ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും" (മത്താ. 2, 13). ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അര്‍ദ്ധരാത്രിയില്‍ നാടുവിട്ടോടേണ്ടി വരുന്ന അഭയാര്‍ത്ഥിയുടെ ജീവിതം അവന്‍ സ്വമനസ്സാ സ്വീകരിച്ചു. രാഷ്ട്രീയാധികാരികള്‍ക്ക് ഭീഷണിയും തജ്ജന്യമായ അവരുടെ ഭയത്തില്‍ നിന്നുയരുന്ന ക്രൂരതയ്ക്ക് ഇരയാകുക എന്നതും രക്ഷകന്‍ സ്വീകരിച്ച, ദൈവം ഏല്പിച്ച ജീവിതത്തിന്‍റെ ഭാഗമായിരുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളും ദുഃഖങ്ങളും അരക്ഷിതാവസ്ഥകളും സ്വതന്ത്രമായി ഏറ്റെടുത്തുകൊണ്ട് വീണ്ടും നീതിയുടെ പാഠം പഠിപ്പിക്കുന്നു. "ഈജിപ്തില്‍ നിന്ന് ഞാന്‍ എന്‍റെ മകനെ വിളിച്ചു" (ഹോസി 11,1) എന്ന പ്രവചനം ഇവിടെ പൂര്‍ത്തിയായി; അതോടൊപ്പം സകല പീഡിതരോടും മര്‍ദ്ദിതരോടുമുള്ള താദാത്മീകരണവും.
നസ്രത്തിലേക്കു മടങ്ങിവന്നവന്‍ മാതാപിതാക്കന്മാര്‍ക്കു വിധേയനായി ജീവിച്ചു.(ലൂക്കാ 2, 51); പിതാവിന്‍റെ കൂടെ തൊഴില്‍ അഭ്യസിച്ചു. ഈ തൊഴില്‍ കൊണ്ടുതന്നെ ഉപജീവനം കഴിച്ചു. അങ്ങനെ തച്ചന്‍, മരപ്പണിക്കാരന്‍ എന്ന തൊഴില്‍പ്പേരും കിട്ടി. (മര്‍ക്കോ 6,3). പരസ്യജീവിതത്തിനുള്ള വിളി ലഭിക്കുന്നതു വരെ അജ്ഞാതനായ ഒരു തൊഴിലാളിയായി ജീവിച്ചുകൊണ്ട് തൊഴിലിന്‍റെ മഹത്വവും സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അധ്വാനത്തിനുള്ള സ്ഥാനവും സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ചു.
ജോര്‍ദ്ദാനില്‍ വച്ച് സ്നാനം സ്വീകരിച്ച യേശുവിനു മുകളില്‍ സ്വര്‍ഗം തുറന്നു; പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ ഇറങ്ങിവന്ന് അവനില്‍ ആവസിച്ചു. തടുര്‍ന്ന് സ്വര്‍ഗത്തില്‍ നിന്ന് പിതാവിന്‍റെ ശബ്ദം മുഴങ്ങി: "നീ എന്‍റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു" (മാര്‍ക്കോ 1, 11). സംശയമില്ല, ഇതു തുടക്കമായിരുന്നു. പരസ്യജീവിതത്തിന്‍റെ തുടക്കം. പിതാവില്‍ നിന്ന് അംഗീകാരവും ആത്മാഭിഷേകവും സ്വീകരിച്ച് ദൗത്യം ആരംഭിക്കുന്ന ദൈവപുത്രന്‍ ആദ്യം എടുക്കുന്ന തീരുമാനവും ചെയ്യുന്ന പ്രവൃത്തിയും സാമൂഹ്യനീതിയെ സംബന്ധിച്ച് സുപ്രധാനമായൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു.
നാല്പതു ദിനരാത്രങ്ങളിലെ ഉപവാസം, ദൈവികസാന്നിദ്ധ്യത്തില്‍ ഭാവി പദ്ധതികള്‍ക്കു രൂപം നല്കുന്നതിനോടൊപ്പം നീതിനിഷേധിക്കപ്പെട്ട്, വിശപ്പിനും ദാഹത്തിനും ഇരയായിത്തീരുന്നവരുടെ അനുഭവങ്ങളും അവര്‍ നേരിടുന്ന പ്രലോഭനങ്ങളും സ്വന്തം ജീവിതത്തില്‍ അനുഭവിക്കുകകൂടിയായിരുന്നു. എളുപ്പമാര്‍ഗത്തില്‍ അപ്പം സമ്പാദിക്കാനും അപ്പത്തെ അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും ആയുധമാക്കിമാറ്റാനുമുള്ള പ്രലേഭനമാണ് ഈ ഉപവാസദിനങ്ങളില്‍ മുന്നിട്ടു നിന്നത്.
അപ്പം ആവശ്യമെങ്കിലും ആത്മാവിനുള്ള ആഹാരം കൂടുതല്‍ പ്രധാനമാണെന്ന തിരിച്ചറിവ് പ്രലോഭനത്തിനു മറുപടിയാകുന്നു; ഒപ്പം ആരും അപ്പത്തിന് അടിമയാകരുതെന്നും ആരെയും അടിമയാക്കരുതെന്നുമുള്ള പ്രബോധനവും. മനുഷ്യന്‍റെ ഏറ്റവും പ്രാഥമികവും അടിസ്ഥാനപരവുമായ ആവശ്യവും അവകാശവുമാണ് അപ്പം. അതിനായി എല്ലാവരും അധ്വാനിച്ചേ മതിയാകൂ. അതിനാല്‍ അധ്വാനിക്കാതെ അപ്പം സമ്പാദിക്കാനും അധ്വാനിച്ചാലും അപ്പം ലഭ്യമാകാതിരിക്കാനും വഴിയൊരുക്കുന്ന സകല സാമൂഹ്യസംവിധാനങ്ങളുടെയും നേരെയുള്ള നിഷേധാത്മകമായ മറുപടിയാണ് പ്രലോഭകനു നല്കുന്നത്. "മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്" (മത്തായി 4,4).
വിസ്മയങ്ങളിലൂടെ അത്ഭുതപ്പെടുത്തി ജനശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി ജനാധിപത്യം ഉറപ്പിക്കാനുമുള്ള പ്രലോഭനവും യേശു തിരിച്ചറിഞ്ഞു, തള്ളിപ്പറഞ്ഞു. അത്ഭുതങ്ങള്‍ക്കുവേണ്ടിയുള്ള ദാഹവും അതില്‍ പതിയിരിക്കുന്ന ചതിക്കുഴികളും തിരിച്ചറിഞ്ഞുകൊണ്ടാണ് ദൈവത്തെ പരീക്ഷിക്കരുത് എന്ന മറുപടി നല്കുന്നത് (മത്തായി 4, 7). സഹജീവികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഭൗതികാധികാരം പൈശാചികമാണെന്ന വെളിപ്പെടുത്തലില്‍ എന്നും നിലനില്ക്കുന്ന അനീതിയുടെ അടിത്തറ വെളിവാകുന്നു (മത്തായി 4, 10). ഇനി അവശേഷിക്കുന്നത് സ്നേഹത്തിന്‍റെ, ത്യാഗത്തിന്‍റെ കുരിശിന്‍റെ മാര്‍ഗമാണ്. അതാണ് നീതിയിലേക്കുള്ള വഴിയായി യേശു തിരഞ്ഞെടുത്തതും, നടന്നു തീര്‍ത്തതും.
താന്‍ ഉദ്ഘാടനം ചെയ്യുന്ന ദൈവരാജ്യത്തിന്‍റെ ആദ്യത്തെ അംഗങ്ങളും ശുശ്രൂഷകരും പ്രഘോഷകരും ആയി തെരഞ്ഞെടുത്തവരില്‍ നിന്നും ഇപ്രകാരം ഒരു തീരുമാനവും തദനുസൃതമായ ജീവിതശൈലിയും യേശു ആവശ്യപ്പെട്ടു. ഒന്നുമില്ലാത്ത പരമദരിദ്രരായിരുന്നില്ല യേശു തിരഞ്ഞെടുത്ത ആദ്യശിഷ്യന്മാര്‍. വള്ളവും വലയും കൂലിക്കാരും സ്വന്തമായുണ്ടായിരുന്നു അവര്‍ക്ക്. പുരാവസ്തു ഗവേഷകര്‍ കഫര്‍ണാമില്‍ അനാവരണം ചെയ്തു പ്രദര്‍ശിപ്പിക്കുന്നതു വിശ്വസിക്കാമെങ്കില്‍, ഏകദേശം എട്ടു മുറികളുള്ള സാമാന്യം വലിയ ഒരു വീടിനു ഉടമയായിരുന്നു ശിഷ്യപ്രമുഖനായ ശിമയോന്‍. പിന്നീട് മെഴുകുപോലെ ഉരുകിയെങ്കിലും പാറ എന്നാണ് ഗുരു അവനെ വിളിച്ചത്. വിളികേട്ടവരെല്ലാം തങ്ങള്‍ ക്കുണ്ടായിരുന്നതെല്ലാം ത്യജിച്ച്, വെറും കയ്യോടെ ഗുരുവിനു പിന്നാലെ പോയി. (മര്‍ക്കോ 1, 16-20; 10, 28). ഇത് യേശു തിരഞ്ഞെടുത്ത ജീവിതശൈലിയുടെ ഭാഗമായിരുന്നു.
തന്നെ അനുഗമിക്കാനാഗ്രഹിക്കുന്നവര്‍ തുടക്കത്തിലേ വ്യക്തമായി ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നു യേശുവിനു നിര്‍ബന്ധമുണ്ടായിരുന്നു. പണിശാല ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവന് നാളെയേ സംബന്ധിച്ച് ഭൗതികമായ യാതൊരു സുരക്ഷിതത്വവും ഇല്ലായിരുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള കൂടും മാനവും തരുന്ന സുരക്ഷിതത്വം പോലും അവനും അനുയായികള്‍ക്കും ഉണ്ടായിരിക്കുകയില്ല. പിന്നെ എങ്ങനെ ജീവിക്കും? എന്താണൊരുറപ്പ്?
തലചായ്ക്കാന്‍ ഇടമില്ലാത്തവന്‍ ഭൂസ്വര്‍ഗങ്ങളുടെ ഉടമയാണെന്ന ബോധ്യമാണ് യേശുവിനുണ്ടായിരുന്നതും കൈമാറാന്‍ ശ്രമിച്ചതും. ദൈവത്തെ പിതാവേ എന്നു വിളിക്കുകയും വിളിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ സത്യം യേശു വെളിപ്പെടുത്തുന്നു. സകലതിന്‍റെയും സ്രഷ്ടാവ് തന്‍റെ പിതാവാണെന്നും പിതാവിനുള്ളതെല്ലാം തന്‍റേതുമാണെന്നും യേശു അറിഞ്ഞു. അതു വിശ്വസിക്കാന്‍ ശിഷ്യരെ പഠിപ്പിച്ചു; പ്രാപ്തരാക്കി. സാമൂഹ്യനീതിയുടെ ആണിക്കല്ലാണ് ഈ വിശ്വാസം. ഇതില്‍ നിന്നായിരിക്കണം സാമൂഹികക്രമങ്ങളെ സംബന്ധിച്ച പദ്ധതികളും നിയമങ്ങളും രൂപപ്പെടേണ്ടത്.
സ്വന്തമായി ഒന്നുമില്ല എന്നറിയുമ്പോഴും ഒന്നിനും കുറവു വരാന്‍ പിതാവും പരിപാലകനുമായ ദൈവം അനുവദിക്കുകയില്ല എന്ന് യേശു അനുഭവത്തിലൂടെ കാട്ടിത്തന്നു; വാക്കുകളിലൂടെ പഠിപ്പിച്ചു. യേശുവും ശിഷ്യരും പങ്കെടുക്കുന്ന നിരവധി വിരുന്നുകള്‍ ഈ ദൈവികപരിപാലനയുടെ അടയാളങ്ങളായിരുന്നു. തന്നെ ക്ഷണിച്ച ആരുടെയും വിരുന്നില്‍ നിന്ന് യേശു ഒഴിഞ്ഞുമാറിയില്ല. തന്നെയുമല്ല, വിരുന്നുകള്‍ സാമൂഹ്യനീതിയും സമാധാനവും ഐക്യവും സന്തോഷവും സ്ഥാപിക്കാനുള്ള അവസരങ്ങളും ഉപകരണങ്ങളുമായി പരിഗണിക്കുകയും ചെയ്തു. ചുങ്കക്കാരന്‍ മത്തായിയുടെയും ഫരിസേയന്‍ ശിമയോന്‍റെയും വിരുന്നുകളില്‍ പങ്കെടുത്ത യേശു, വിരുന്നു മേശയ്ക്കു ചുറ്റും നീതിനിഷ്ഠമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുകയായിരുന്നു. ആ വിരുന്നു മേശകള്‍ തന്നെ സമൂലപരിവര്‍ത്തനങ്ങളിലൂടെ സംജാതമാകേണ്ട സാമൂഹ്യനീതിയെക്കുറിച്ചുള്ള പ്രബോധന വേദിയാക്കി മാറ്റിയിരുന്നു( ലൂക്കാ 7, 36-50; 11, 37-54).
ധനികരുടെ പ്രൗഢിയിലോ അധികാരികളുടെ ധാര്‍ഷ്ട്യത്തിലോ അവന്‍ ആകൃഷ്ടനായില്ല; ഭയന്നു പിന്മാറിയതുമില്ല. പങ്കുവയ്ക്കാനുള്ള നിര്‍ദേശത്തെ പുച്ഛിച്ച ഫരിസേയര്‍ക്കെതിരെ അവനു പറയാനുണ്ടായിരുന്നത് ഇന്നുമായിരിക്കുന്ന ദൈവത്തിന്‍റെ ക്രോധാഗ്നിയെക്കുറിച്ചായിരുന്നു. (ലൂക്കാ 16, 13-16. 19-31). സ്വരുക്കൂട്ടിവയ്ക്കുന്ന സമ്പത്തിനെ ദൈവാനുഗ്രഹത്തിന്‍റെയല്ല, അനീതിയുടെയും അതു വിളിച്ചു വരുത്തുന്ന ശാപത്തിന്‍റെയും അടയാളമായിട്ടാണ് അവന്‍ കണ്ടത്: "മനുഷ്യര്‍ക്ക് ഉല്‍കൃഷ്ടമായത്, ദൈവദൃഷ്ടിയില്‍ നികൃഷ്ടമാണ്" (ലൂക്കാ 16, 15).
തന്‍റെ പ്രവര്‍ത്തനങ്ങളാല്‍ അസ്വസ്ഥനായ നാടുവാഴി വധിക്കാന്‍ ഒരുങ്ങുന്നു എന്നറിയിച്ച ഫരിസേയനോട് യേശുവിനു പറയാനുണ്ടായിരുന്നത് ഭയന്നടിയറ വയ്ക്കുന്ന വിധേയത്വത്തിന്‍റെ മറുപടിയായിരുന്നില്ല; "നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍..." (ലൂക്കാ 13, 31-33). നാടുവാഴിയുടെ മാത്രമല്ല ലോകം മുഴുവന്‍റെയും മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്നു കരുതിയ റോമിന്‍റെ ഭരണാധികാരിയോടും യേശുവിന്‍റെ സമീപനം ഇതുതന്നെയായിരുന്നു. (യോഹ 19, 11). നികുതിയെക്കുറിച്ചുള്ള ചോദ്യത്തിലൂടെ തന്നെ കുടുക്കിലാക്കാന്‍ വന്നവര്‍ക്കു നല്കിയ മറുപടിയില്‍ ഈ നിലപാടു വ്യക്തമാക്കുന്നു. "സീസറിന്‍റേത് സീസറിനും ദൈവത്തിന്‍റേതു ദൈവത്തിനും" (മര്‍ക്കോ 12, 17). ദൈവത്തിന്‍റേതല്ലാതെ എന്താണ് സീസറിനുള്ളത്? ഒന്നുമില്ലെങ്കില്‍ അതു സീസറിന്‍റെ അധികാരത്തെയും ആധിപത്യത്തെയും തള്ളിപറയുന്നതിനു തുല്യമാവില്ലേ?
ഇതായിരുന്നു കേള്‍വിക്കാര്‍ കണ്ടെത്തിയ നിഗമനം എന്ന് പിന്നീട് അവര്‍ ഉയര്‍ത്തുന്ന ആരോപണം സൂചിപ്പിക്കുന്നുണ്ട്. "ഈ മനുഷ്യന്‍ തങ്ങളുടെ ഭരണാധികാരികളെ വഴിതെറ്റിക്കുകയും സീസറിനു നികുതി കൊടുക്കുന്നതു നിഷേധിക്കുകയും താന്‍ രാജാവായ ക്രിസ്തുവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു" (ലൂക്കാ 23, 2). സകല അധികാരങ്ങളും ദൈവത്തില്‍ നിന്നാണെന്നും ദൈവത്തിന്‍റെ അധികാരത്തെ അംഗീകരിച്ചുകൊണ്ടു മാത്രമേ ഭൗതിക അധികാരങ്ങള്‍ക്കും അധികാരികള്‍ക്കും നിലനില്‍ക്കാന്‍ അവകാശമുള്ളു എന്നുമായിരുന്നു യേശുവിന്‍റെ പ്രബോധനം. അവിടെ ത്തന്നെയാണ് സാമൂഹ്യനീതിയുടെയും ഉറവിടം.
ഇപ്രകാരമുള്ള ജീവിതവും പ്രബോധനവും സ്വഭാവികമായും എതിര്‍പ്പുകളെ നേരിട്ടു. ഒറ്റപ്പെടുത്തലുകളും കുറ്റാരോപണങ്ങളും തിരസ്കരണങ്ങളും വധശ്രമങ്ങളും ഉണ്ടായി. വായ്പ വാങ്ങിയ കഴുതപ്പുറത്ത് രാജാവായി ജറൂസലേമില്‍ പ്രവേശിച്ചവന്‍ നാലു നാള്‍ കഴിഞ്ഞപ്പോള്‍ കുരിശും ചുമന്ന് നഗരത്തിനു പുറത്തേക്കു വന്നു. മറ്റൊരു ഘോഷയാത്ര - അതോ വിലാപയാത്രയോ? യേശുവിന്‍റെ അവസ്ഥയില്‍ ദുഃഖാര്‍ത്തരായ സ്ത്രീകള്‍ക്ക് അതൊരു വിലാപയാത്രയായിരുന്നു. യേശുവിന്‍റെ വിരോധികള്‍ക്ക് ആഘോഷയാത്രയും. യാത്രയ്ക്കു മുന്‍പേ കൊണ്ടുപോയ ഫലകം യാത്രയുടെ യഥാര്‍ത്ഥ സ്വഭാവം വിളിച്ചറിയിച്ചു; 'നസ്രത്തിലെ യേശു, യഹൂദരുടെ രാജാവ്' അല്പം ആഴത്തില്‍ കാണാന്‍ കഴിഞ്ഞവര്‍ക്ക് ഇത് യഥാര്‍ത്ഥത്തില്‍ ഘോഷയാത്ര തന്നെയായിരുന്നു. പാപത്തിനുമേല്‍ ദൈവത്തിന്‍റെ സ്നേഹം, മരണത്തിനുമേല്‍ ജീവന്‍, അനീതിക്കുമേല്‍ ദൈവികനീതി വിജയം വരിക്കുന്നതിന്‍റെ ആഘോഷം വിളിച്ചറിയിക്കുന്ന ഘോഷയാത്ര!
അതുവരെ മനുഷ്യന്‍ കരുതിവച്ചിരുന്ന മൂല്യശ്രേണികളെ തലകുത്തി നിര്‍ത്തുന്നതായിരുന്നു യേശുവിന്‍റെ ജീവിതം നല്കുന്ന പ്രബോധനം. എല്ലാവര്‍ക്കുമായി ദൈവം നല്കിയതാണ് ഈ ഭൂമിയും അതിലെ വിഭവങ്ങളും. സമ്പത്ത് സ്വരുക്കൂട്ടി വയ്ക്കാനുള്ളതല്ല, എല്ലാവര്‍ക്കുമായി പങ്കുവയ്ക്കാനുള്ളതാണ്. അധികാരമെന്നാല്‍, ആധിപത്യമല്ല സേവനത്തിനുള്ള അവകാശവും കടമയുമാണ്. ഏറ്റം താഴെയുള്ളവരാണ് ഏറ്റം വലിയവര്‍. ഉണ്ണുന്നവനല്ല, വിളമ്പുന്നവനാണ് കൂടുതല്‍ ശ്രേഷ്ഠന്‍. ജീവന്‍ മരണത്തേക്കാള്‍ ശക്തമാണ്. ദാരിദ്ര്യം ശാപമല്ല, ദൈവാനുഗ്രഹത്തിന്‍റെ അടയാളമാണ് എന്ന് നമുക്ക് നിരവധി തിരുത്തലുകള്‍ നല്കുന്നതായിരുന്നു യേശുവിന്‍റെ ജീവിതം. അതിന്‍റെ പിന്‍ബലത്തോടെയാണ് സാമൂഹ്യനീതിയെ സംബന്ധിച്ച പുതിയ പ്രബോധനങ്ങള്‍ യേശു നല്കിയത്. അതിലേക്ക് അടുത്ത ലക്കത്തില്‍ ശ്രദ്ധ തിരിക്കാം.