ട്രെയിന്‍ വരുന്നതുകണ്ട് അവരു യാത്രചെയ്തിരുന്ന B3 കമ്പാര്‍ട്ടുമെന്‍റ് വന്നുനില്ക്കേണ്ട സ്ഥലത്തു ഞങ്ങളു കാത്തുനിന്നു. പക്ഷേ, അത് ഒരുബോഗിദൂരംകൂടി മുന്നോട്ടുമാറ്റിയാണു നിര്‍ത്തിയത്. അങ്ങോട്ടുനടക്കുമ്പോളേയ്ക്കും അതില്‍നിന്നും ആദ്യമിറങ്ങിയവരെ ചൂണ്ടിക്കാട്ടി കൂടെയുണ്ടായിരുന്ന ആളു പറഞ്ഞു:
"അതേ അവരിറങ്ങി. ആപുള്ളിക്കാരന്‍ എപ്പോളുമങ്ങനെയാ, ആദ്യംചാടിയിറങ്ങും." ഞങ്ങളു കൈ ഉയര്‍ത്തിക്കാണിച്ചത് അവരുകണ്ടു. രണ്ടുപേര്‍ക്കും ആവറേജ് പൊക്കവും വണ്ണവും. നല്ല ചുറുചുറുക്കുള്ള നടത്തം. രണ്ടുപേരുടെയും മുതുകത്ത് സാമാന്യം വലിയ ഓരോ ബായ്ക്ക്പായ്ക്കല്ലാതെ വേറെ ലഗ്ഗേജൊന്നുമില്ല. ഗോവാക്കാരികളു ഭയങ്കര പരിഷ്ക്കാരികളാണെന്നാണ് പൊതുവേയുള്ള പറച്ചില്‍. പക്ഷേ ഇവരു പച്ചമര്യാദക്കാരി. പാവാടപോലത്തെ പൈജാമയും മുട്ടിനുതാഴെയെത്തുന്ന ടോപ്പും. അത്രയുമൊക്കെ കണക്കെടുപ്പു നടത്തിയപ്പോളേയ്ക്കും തൊട്ടടുത്തായി. ആദ്യം കാണുന്നതായിരുന്നതുകൊണ്ടുള്ള ഉപചാരങ്ങളൊക്കെ കഴിഞ്ഞയുടനെ ക്ഷമാപണത്തോടെ അദ്ദേഹം പറഞ്ഞു:
"അച്ചന്‍ സ്റ്റേഷനിലെത്താമെന്നു പറഞ്ഞപ്പോള്‍ ഇയാളു ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുവാന്‍ വരുമെന്ന് അറിയാമായിരുന്നെങ്കിലും അച്ചനോടു വരേണ്ടെന്നു പറയാതിരുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടായിരുന്നച്ചാ. ആകെ ആറുദിവസമെ നാട്ടിലുള്ളു, പലയിടത്തും പോകാനുമുണ്ട്. അതുകൊണ്ട് അച്ചനെ അങ്ങോട്ടുവന്നുകാണാന്‍ പറ്റുമെന്നുറപ്പില്ലായിരുന്നു."
"എനിക്കും കാണണമെന്നുണ്ടായിരുന്നു. അതങ്ങു സാധിച്ചു. ഇദ്ദേഹത്തിന്‍റെവണ്ടി കുറേദൂരെയാണു പാര്‍ക്കുചെയ്തിരിക്കുന്നത്. എന്‍റെവണ്ടി റെയില്‍വേയുടെ പാര്‍ക്കിങ്ങില്‍ത്തന്നെയുണ്ട്. നിങ്ങളുപുറത്തെത്തുമ്പോളേയ്ക്കും ഞാന്‍ വണ്ടിയെടുത്തുവരാം. ഒരുമിച്ച് ഇദ്ദേഹത്തിന്‍റെ കാറിനടുത്തേയ്ക്കുപോകാം." ഞാന്‍ വേഗംപുറത്തേയ്ക്കു നടന്നു.
കാറ് സ്റ്റേഷന്‍വിട്ടു റോഡിലേയ്ക്കിറങ്ങിയപ്പോളാണ്, ആരും ഊണു കഴിച്ചിട്ടില്ലാത്തതുകൊണ്ട് എവിടെയെങ്കിലും ഹോട്ടലില്‍ കയറാന്‍ തീരുമാനിച്ചത്. അധികം ദൂരെയല്ലാതെ നല്ലയൊരു ഹോട്ടലില്‍ കയറി.
"രണ്ടുദിവസത്തെ യാത്രയുംചെയ്ത് രണ്ടുവര്‍ഷംകൂടി അവധിക്കുവന്നിട്ട് ആറുദിവസംകൊണ്ടു തിരിച്ചുപോകുന്നത് ശരിക്കും പോക്കണംകേടാ." ഉണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
"ഈ പുള്ളി എന്നുമങ്ങനെയാ അച്ചാ. ആറുദിവസമാണു പതിവ്. എന്‍റെ വീട്ടില്‍ എത്രദിവസം വേണേലും താമസിക്കാമെന്നു ഞാന്‍ പറഞ്ഞിട്ടുള്ളതാ, ഇയാളു കേള്‍ക്കത്തില്ല."
"സത്യത്തില്‍ രണ്ടാഴ്ച്ചത്തേയ്ക്കാണു ഞങ്ങളു വരുന്നത്. ഞങ്ങളുടെ കുടുംബം അച്ചനറിയാമല്ലോ, അവളു ഗോവാക്കാരത്തിയല്ലേ. അതുകൊണ്ട് പകുതിപ്പകുതിയാണ് ഞങ്ങളുടെ അവധിക്കാലം. ഇവിടുന്നു ഞങ്ങളു ഗോവായ്ക്കുപോകും അവിടെയും അഞ്ചാറുദിവസം. അതാണു ഞങ്ങളുടെ അഡ്ജസ്റ്റ്മെന്‍റ്. സെമിനാരീല്‍ പഠിച്ചിരുന്ന കാലത്തെ അടുപ്പംകൊണ്ടാണ് നാട്ടിലെത്തുമ്പോള്‍ ഇയാളെകൂട്ടുപിടിക്കുന്നത്."
"സെമിനാരീന്നു ഒന്നിച്ചു ചാടിപ്പോരാന്‍ നിങ്ങളുരണ്ടുംകൂടെ വല്ല കുംഭകോണോം കാണിച്ചാരുന്നോ?" ഒരു രസത്തിനുവേണ്ടി ഞാന്‍ ചോദിച്ചു.
"സത്യംപറഞ്ഞാലച്ചാ നീ ഇതുമുഴുപ്പിക്കാന്‍ പോകുന്നതല്ല എന്നുംപറഞ്ഞു പ്രാകിയാ അപ്പന്‍ എന്നെ സെമിനാരീലോട്ടു യാത്രയാക്കിയത്. രണ്ടുചേട്ടന്മാരും ഒരുപെങ്ങളുമായിരുന്നു മൂത്തത്. ഞാനേറ്റവും ഇളയത്. ചേട്ടന്മാര് നല്ല പോത്തുപോലെ അപ്പന്‍റെകൂടെ പണിയുമായിരുന്നു. ഞാന്‍ പത്താംക്ലാസ്സു കഴിഞ്ഞപ്പോള്‍ കോളേജില്‍പോയി നല്ല ഡീസന്‍റായിട്ടങ്ങുഴപ്പി, തോറ്റുംപോയി. അപ്പനന്നേരംപറഞ്ഞു പഠിത്തമൊക്കെമതി ഇനീം റബറു വെട്ടിക്കോളാന്‍. കുരുത്തത്തിന് ആ സമയത്തായിരുന്നു ഒരു മിഷനറി അച്ചന്‍ റിക്രൂട്ടിങ്ങിനുവന്നത്. പത്താംക്ലാസ്സു പാസ്സായാല്‍മതിയെന്ന് അങ്ങേരു പറഞ്ഞപ്പോളേ ഞാന്‍ ചാടിക്കേറി പേരുകൊടുത്തുകഴിഞ്ഞാണ് അപ്പനറിഞ്ഞത്. പണിയാന്‍ കുഴിമടിയനായ എന്‍റെ മനസ്സിലിരിപ്പ് അപ്പനു മനസ്സിലായി. എന്നാലും എന്നെ തടഞ്ഞില്ല. പക്ഷേ പോകാന്‍നേരത്തു പറഞ്ഞു, 'നീ മുഴുപ്പിക്കാനൊന്നും പോകുന്നതല്ലെന്നെനിക്കറിയാ'മെന്ന്."
ഞങ്ങളുമൂന്നുംകൂടെ ഉറക്കെ ചിരിച്ചപ്പോള്‍ കാര്യംമനസ്സിലാകാത്തമട്ടില്‍ ഗോവാക്കാരത്തി ഞങ്ങളെ നോക്കി ചുമ്മാതെ ചിരിക്കുന്നതുകണ്ടപ്പോള്‍ മനസ്സിലായി പുള്ളിക്കാരത്തിക്ക് മലയാളം തിരിയില്ലെന്ന്.
"സോറി, മോശമായിപ്പോയല്ലോ സാറേ, പുള്ളിക്കാരത്തിക്ക് മലയാളം മനസ്സിലാകുമെന്നോര്‍ത്തായിരുന്നു ഞാനിത്രയും നേരവും മലയാളംമാത്രം പറഞ്ഞത്."
"അതു പ്രശ്നമില്ലച്ചാ, ഞങ്ങളുതമ്മിലങ്ങനെയൊരു അണ്ടര്‍സ്റ്റാന്‍റിങ്ങുണ്ട്. ഇവിടെവരുമ്പം ഞാന്‍ കംപ്ലീറ്റ് മലയാളം പറയും, ഗോവായില്‍ ചെല്ലുമ്പോള്‍ ഇവളു കൊങ്കണിതന്നെ കാച്ചും. അന്നേരം ഞാനുമിതുപോലെ മിഴിച്ചിരുന്നു ചുമ്മാതങ്ങു ചിരിക്കും. ഇത്രയും വര്‍ഷങ്ങളായിട്ടും ഇവള്‍ക്ക് ഒറ്റവാക്കും മലയാളോം അറിയത്തില്ല, എനിക്കു കൊങ്കണിം ഒരു കുന്തോം അറിയത്തില്ല. മനപ്പൂര്‍വ്വമല്ലച്ചാ, ആവശ്യമില്ലാഞ്ഞിട്ടാ. പഠിപ്പിച്ചിരുന്ന സ്കൂളില്‍ ഇംഗ്ലീഷ്. ജീവിച്ചതുമുഴുവന്‍ ഹിന്ദി ഹാര്‍ട്ലാന്‍റില്‍. അതുരണ്ടും നല്ല വെള്ളംപോലെ അറിയാവുന്നതുകൊണ്ട് മലയാളോം കൊങ്കണീം ഞങ്ങള്‍ക്കു പ്രശ്നാമായില്ല. പിന്നെയച്ചാ മക്കളുണ്ടെങ്കിലല്ലേ സ്വന്തം ഭാഷേടെ ആവശ്യംവരുന്നത്. അതിനുള്ള ഭാഗ്യം ഞങ്ങള്‍ക്കു കിട്ടിയുമില്ല. പിന്നെ മുമ്പേ അച്ചന്‍പറഞ്ഞില്ലേ അഞ്ചാറുദിവസം അവധി പോരെന്ന്. എനിക്കതു കൂടുതലാണച്ചാ. ചെറുപ്പത്തിലേ നാടുവിട്ടതുകൊണ്ട് എനിക്ക് ബന്ധുക്കളാരുമായും യാതൊരു ബന്ധവുമില്ല. അപ്പനുമമ്മയും മരിക്കുന്നതുവരെയൊക്കെ എല്ലാവര്‍ഷവും നാട്ടില്‍ വന്നുപോകുമായിരുന്നു. അവരു പോയിക്കഴിഞ്ഞതില്‍പിന്നെ രണ്ടുംമൂന്നും കൊല്ലംകൂടുമ്പോളൊന്നുവരും. ചേട്ടന്മാരുടെയും ചേച്ചിയുടെയും അടുത്തു ജസ്റ്റൊന്നുപോകും. സത്യംപറഞ്ഞാല്‍ അവരുടെ മക്കള്‍ക്കൊന്നും ഞങ്ങളെ കാര്യമായ പരിചയംപോലുമില്ല. മക്കളുണ്ടായാലല്ലേ അച്ചാ ബന്ധവും കൂടപ്പിറപ്പുമൊക്കെ. അല്ലെങ്കിലെന്താ, ജീവിക്കാന്‍ പണിയെടുക്കണം. കിട്ടുന്നതുകൊണ്ടു ജീവിക്കണം, അത്രതന്നെ." ആളുടെ ഉള്ളിലെ വിങ്ങല്‍ ആ വാക്കുകളിലുണ്ടായിരുന്നു.
"ഇത്തവണ ഇവിടുത്തെ ടൂര്‍പ്രോഗ്രാം എങ്ങോട്ടൊക്കെയാ?" വിഷയംമാറ്റാന്‍വേണ്ടി ഞാന്‍ ചോദിച്ചു.
"രണ്ടുമൂന്നു കാര്യങ്ങളു സാധിക്കാനുണ്ടച്ചാ. അതിനുള്ള റൂട്ടും വേറെചില കാര്യങ്ങളുമൊക്കെ ഇയാളോടുകൂടെ ആലോചിച്ചിട്ടുവേണം തീരുമാനിക്കാന്‍."
അപ്പോളേയ്ക്കും ഊണു കഴിഞ്ഞു. ഉടനെഞങ്ങള്‍ മറ്റേയാളു കാറു പാര്‍ക്കുചെയ്തിരുന്നിടത്തേയ്ക്കുപോയി. അവരുടെ വടക്കേഇന്‍ഡ്യയിലെ ഇപ്പോളത്തെ ജോലിയെപ്പറ്റിയും, എന്‍റെ വിശുദ്ധരുടെ പുസ്തകങ്ങളെപ്പറ്റിയും, ഇടവകയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമൊക്കെ സംസാരിച്ചുകഴിഞ്ഞു ഞാന്‍ യാത്രപറഞ്ഞു.
"കഴിഞ്ഞദിവസം താനെന്നോടു ഫോണില്‍ ചോദിച്ച പ്രശ്നം ഈ അച്ചനോടുകൂടെ വേണമെങ്കില്‍ താനൊന്നു ചോദിച്ചുനോക്ക്."
"ഞാനതു നേരത്തെ ആലോചിച്ചതായിരുന്നു. പക്ഷേ, ഹോട്ടലിലും വഴീലുംവച്ചു പറയാനുള്ള കാര്യമല്ലല്ലോന്ന് ഓര്‍ത്തതുകൊണ്ടു പിന്നങ്ങു വേണ്ടെന്നുവച്ചതാണ്."
"അതു സാരമില്ല, അവസരം കിട്ടിയതല്ലേ, ചോദിച്ചുനോക്ക്. ഏതായാലും വഴീല്‍നില്‍ക്കണ്ട, വണ്ടിയകത്തോട്ടിരിക്ക്. ഞാന്‍ എസി ഓണായിക്കിയിട്ടിരിക്കുവാ."
"എസി എനിക്ക് അലര്‍ജിയായതുകൊണ്ട് ഒത്തിരിനേരമിരിക്കാന്‍ പറ്റത്തില്ല. അതുകൊണ്ടു വല്യ ദൈവശാസ്ത്രപ്രശ്നങ്ങളൊന്നും ചോദിച്ചേക്കരുത്." ഞാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.
"ദൈവശാസ്ത്രമൊന്നുമല്ലച്ചാ, ഒന്നുരണ്ടു സംശയങ്ങളാ." ഞങ്ങളു കാറിനകത്തുകയറി.
"ഞാനൊരു ഭക്തനൊന്നുമല്ലച്ചാ, പക്ഷേ ഇവളു ഭയങ്കര ഭക്തയാ. ദാനധര്‍മ്മം കഴിഞ്ഞിട്ടേയുള്ളു ബാക്കിയെല്ലാം. ഞങ്ങളു രണ്ടുപേര്‍ക്കു ജീവിക്കാന്‍ എന്‍റെ സാലറിതന്നെ മിച്ചമായിരുന്നതുകൊണ്ട് ഇവള്‍ക്കുകിട്ടിയിരുന്ന ശമ്പളമെത്രയാണെന്നുപോലും ഞാന്‍ ചോദിച്ചിട്ടില്ല. റ്റീച്ചിങ്ങില്‍ എന്നെക്കാളും നാലഞ്ചുകൊല്ലം സീനിയറായിരുന്നതുകൊണ്ട് നല്ല തുകയുണ്ടെന്നെനിക്കറിയാം. ഇവളതുമുഴുവന്‍ പള്ളിക്കും അനാഥാലയത്തിനും, വൃദ്ധമന്ദിരങ്ങള്‍ക്കുമൊക്കെയാണു കൊടുത്തിട്ടുള്ളത്. കുട്ടികളുണ്ടാകാനുള്ള ചികിത്സയുമായി നടന്നകാലത്ത് ഇവളും, ഇവളുടെ സമ്മര്‍ദ്ദംകാരണം ഞാനും കുറേ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടായിരുന്നു. അതെല്ലാംതന്നെ അന്നേ ചെയ്തുതീര്‍ത്തതുമാണ്. പക്ഷേ, അതില്‍ ഒരെണ്ണം ബാക്കിയുണ്ട്. കുട്ടിയുണ്ടായാല്‍ കുട്ടിയുമായിട്ടുപോയി വേളാങ്കണ്ണിയിലെ ഉണ്ണിയീശോയുടെ കൈയ്യില്‍ സ്വര്‍ണ്ണമോതിരം ഇടാമെന്നായിരുന്നു ആ നേര്‍ച്ച. കുട്ടികളുണ്ടാകാഞ്ഞതുകാരണം ഞാനതുപിന്നെ അത്ര കൂട്ടാക്കിയില്ല. കുറച്ചുനാളുമുമ്പ് ഇവളൊരു ധ്യാനംകൂടിയപ്പോള്‍ അത് ഓര്‍മ്മിച്ചെടുത്തു. അന്നുമുതലുള്ള നിര്‍ബ്ബന്ധമാണ് നാട്ടില്‍വരുമ്പോള്‍ അതു തീര്‍ക്കണമെന്നുംപറഞ്ഞ്. എന്‍റെ സംശയം പലതാണ്, കുട്ടിയില്ലാത്ത സ്ഥിതിക്ക് കുട്ടിയേയുംകൊണ്ട് എങ്ങനെ പോകാനാണ്? കുട്ടികളുണ്ടാഞ്ഞതുകൊണ്ടു നേര്‍ച്ച നിറവേറ്റണോ? അവിടെ പോകുന്ന മറ്റാരുടെയെങ്കിലും കൈവശം അതു കൊടുത്തുവിട്ടാലും പോരെ? മോതിരത്തിനുപകരം അതിന്‍റെ തുക കണക്കാക്കി അവിടെ നേര്‍ച്ചയിടാന്‍ ഏല്പിച്ചാല്‍ മതിയോ? അതല്ലെങ്കില്‍ ഇവിടെത്തന്നെ ഏതെങ്കിലും വേളാങ്കണ്ണിമാതാവിന്‍റെ പള്ളിയില്‍ നേര്‍ച്ച കഴിച്ചാല്‍ കടംവീടുമോ? ഇതൊക്കെയാ എന്‍റെ സംശയങ്ങള്‍. ഇയാളോടു കഴിഞ്ഞദിവസം ഫോണില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, കുട്ടിയേയുംകൊണ്ടു പോകാമെന്നല്ലേ അന്നു നേര്‍ന്നത്, കുട്ടിയില്ലാത്തസ്ഥിതിക്ക് ആ നേര്‍ച്ച ക്യാന്‍സല്‍ഡ് ആണെന്നാണ്. എന്‍റെയും മനസ്സിലതുതന്നെയായിരുന്നു, പക്ഷേ ഇവളതു സമ്മതിക്കത്തില്ല. കാശുമുടക്കാനോ പള്ളിക്കുകൊടുക്കാനോ മടിയായിട്ടല്ലച്ചാ, അവിടെവരെയുള്ള യാത്ര, അതിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ്. എന്തുവന്നാലും ഇത്തവണ ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ബാക്കി യാത്രയൊക്കെ പ്ലാന്‍ചെയ്യാവൂ എന്നു നിര്‍ബ്ബന്ധം പറഞ്ഞിരിക്കുകയാണ്. ആ യാത്ര ഒഴിവായിക്കിട്ടിയാല്‍ അച്ചന്‍റെയടുത്തും വരാന്‍ സമയംകിട്ടും."
മിണ്ടാതെ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്ന ഗോവാക്കാരത്തിക്ക് ഞങ്ങളു പറഞ്ഞതൊന്നും തിരിഞ്ഞില്ലെങ്കിലും വിഷയമെന്താണെന്നു മനസ്സിലായി എന്നുറപ്പായിരുന്നു. ഞാനതുകൊണ്ട് അവരോടുചോദിച്ചു:
"വാട് ഡു യു സെ എബൗട്ട് ഇറ്റ് ?"
"ഐ സെ ഇറ്റ്സ് ആന്‍ ഓബ്ലിഗേഷന്‍ ആന്‍ഡ് ഇറ്റ് ഹാസ് റ്റുബി ഡിസ്ചാര്‍ജ്ഡ്. ദേഴ്സ് നോ അദര്‍ ഓള്‍ട്ടര്‍നേറ്റീവ്."
ശക്തമായ നിലപാട്, വ്യക്തമായ ഉത്തരം. അതൊരു കടപ്പാടാണ്, അതു നിറവേറ്റിയേ തീരൂ, എന്ന്.
"ഞാനും പൂര്‍ണ്ണമായി ഇവരുടെ മറുപടിയോടു യോജിക്കുന്നു." ഞാന്‍ വിധി പറഞ്ഞു.
"അപ്പോള്‍ വേളാങ്കണ്ണിക്കു പോയേ പറ്റൂ, പോയേക്കാം, എന്നാലെങ്കിലും ആ ഭാരമങ്ങു തീര്‍ന്നുകിട്ടുമല്ലോ."
"ഞാന്‍ പറഞ്ഞതു താങ്കളു തെറ്റിധരിച്ചു; അതൊരു കടപ്പാടാണ്, അതു നിറവേറ്റിയേ തീരൂ എന്ന് അവരു പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു എന്നല്ലാതെ, നിങ്ങളു വേളാങ്കണ്ണിക്കു പോകണമെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. വാക്കുപറഞ്ഞാല്‍ പാലിക്കണം അതു കടപ്പാടാണ്. ഭൂമിയിലുള്ള മനുഷ്യരോടാണു വാക്കുപറഞ്ഞതെങ്കില്‍ പറഞ്ഞതുപോലെതന്നെ പാലിക്കണം. അത് ന്യായവും യുക്തവുമാണ്; യോഗയതയും, മാന്യതയുമാണ്; അങ്ങനെയേ ആ കടപ്പാടുതീരൂ. കൊടുത്തവാക്കു പാലിക്കാതിരുന്നാല്‍ ശിക്ഷയോ, പാലിക്കാന്‍ പറ്റാതെവന്നാല്‍ ഇളവോ ലഭിക്കുമ്പോഴും ആ കടപ്പാട് തീരും.
പക്ഷേ, ദൈവംതമ്പുരാനോടും, മാതാവിനോടും, വിശുദ്ധരോടുമൊക്കെ വാക്കുപറയുന്നതിനും പാലിക്കുന്നതിനും വേറൊരു മാനമാണുള്ളത്. നമ്മുടേതു യാതൊന്നും ആവശ്യമില്ലാത്തവരാണ് സ്വര്‍ഗ്ഗവാസികള്‍. ആവശ്യമുള്ളവരോടുമാത്രമല്ലേ ഇന്നതു ചെയ്യാം പകരം ഇന്നതുതരണമെന്നു വ്യവസ്ഥ വയ്ക്കാന്‍ പറ്റൂ? അതുകൊണ്ടു നേര്‍ച്ചനേരുന്നതുതന്നെ തെറ്റും, വിശ്വാസത്തിനു വിരുദ്ധവുമാണ്. ഞാന്‍ ഇന്നിടത്തുവരാം, ഉണ്ണിക്കുമോതിരമിടാം എന്നൊക്കെ നേര്‍ന്നാല്‍ മാതാവു കണക്കുപുസ്തകവുമായി മോതിരംകിട്ടാന്‍ വേണ്ടി അവിടെത്തന്നെയിരിക്കുമോ? അല്ലെങ്കില്‍ത്തന്നെ ഉണ്ണിക്കെന്തിനാ മോതിരം? മാതാവിനെന്തിനാ കാശ്? പുണ്യവാന്മാര്‍ക്കെന്തിനാ പെരുനാളും എഴുന്നള്ളത്തും പ്രദക്ഷിണവും? ഇതൊക്കെ സഭയില്‍ കാലാകാലങ്ങളില്‍ കടന്നുകൂടിയ ആചാരങ്ങളും അനാചാരങ്ങളും മാത്രമാണ്. ഇതിന്‍റെയെല്ലാം മുഖ്യഉദ്ദേശ്യം ഭക്തിയുടെ മറയില്‍ സാമ്പത്തികനേട്ടമാണെന്ന് ആര്‍ക്കാണറിയാത്തത്. അതിനുവേണ്ടിയാണല്ലോ ചിലടത്തു കുര്‍ബ്ബാന ചൊല്ലിച്ചാല്‍ കൂടുതല്‍ അനുഗ്രഹം കിട്ടുമെന്നും ചിലടത്തു കോഴിയെകൊടുത്താല്‍ ഉദ്ദിഷ്ട ഫലസിദ്ധിയെന്നും, വേറെചിലടത്തു നേര്‍ച്ചയിട്ടാല്‍ പാമ്പിനെ പേടിക്കെണ്ടെന്നും, അവിടെയൊക്കെ നേര്‍ന്നിട്ടു കൊടുത്തില്ലെങ്കില്‍ ഈ പുണ്യവാന്മാരൊക്കെ നോക്കിയിരുന്നു പകരംവീട്ടുമെന്നും മറ്റുമുള്ള, മനുഷ്യനെ ഭ്രമിപ്പിക്കുന്ന കഥകള്‍ പ്രചരിപ്പിക്കപ്പെടുക. നേര്‍ച്ചനേരുന്നത് അവിശ്വാസികളും അന്ധവിശ്വാസികളും ആണെന്നുപറയുമ്പോള്‍ അതംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുതോന്നാം, പക്ഷേ അതാണു സത്യം.
തമ്പുരാന്‍കര്‍ത്താവും മാതാവും വിശുദ്ധരുമൊക്കെ അര്‍ഹിക്കുന്നതും പ്രതീക്ഷിക്കുന്നതും നേര്‍ച്ചയല്ല, കാഴ്ചയാണ്. നേര്‍ച്ചയും കാഴ്ചയും രണ്ടാണ്. പൂജരാജാക്കന്മാരു ഉണ്ണിയേശുവിനു കാഴ്ച സമര്‍പ്പിച്ചു, മാതാവ് ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച സമര്‍പ്പിച്ചു. കാഴ്ചയര്‍പ്പണം, ഒന്നും ഇങ്ങോട്ടുകിട്ടാന്‍വേണ്ടിയല്ല, അങ്ങോട്ടുള്ള കടപ്പാടിന്‍റെ ഏറ്റുപറച്ചിലാണ്. ആരാധനയും പുകഴ്ചയും തമ്പുരാന് അര്‍പ്പിക്കുന്നതു നേര്‍ച്ചയല്ലല്ലോ, കാഴ്ചയല്ലേ? അതു തമ്പുരാനെന്തെങ്കിലും കിട്ടാനല്ല, അവിടുത്തോടുള്ള നമ്മുടെ കടപ്പാടിന്‍റെ ഏറ്റുപറച്ചിലാണ്. ഞായറാഴ്ച പള്ളിയില്‍ ഇടുന്നതിനു പറയുന്നത് നേര്‍ച്ച എന്നാണെങ്കിലും അതു നേര്‍ച്ചയല്ലല്ലോ, തമ്പുരാന്‍തന്ന അനുഗ്രഹങ്ങള്‍ക്കുള്ള കൃതജ്ഞതയാണ് ആ സംഭാവന. അങ്ങനെയൊരു തിരിച്ചറിവു നമുക്കുണ്ടാകുമ്പോള്‍ ഏതെങ്കിലും ഒരുസ്ഥലത്തു കുടിയിരിക്കുന്ന മാതാവിനെയോ വിശുദ്ധനെയോ വണങ്ങുന്ന അല്പവിശ്വാസം അല്ലെങ്കില്‍ അന്ധവിശ്വാസം മാറും. അങ്ങനെ എവിടെയുമുള്ള തമ്പുരാനെ ആരാധിക്കുവാനും, സ്വര്‍ഗ്ഗസ്ഥരായ വിശുദ്ധരെ വണങ്ങുവാനുമായി കാഴ്ച സമര്‍പ്പിക്കുന്നവരാകും നമ്മള്‍. അങ്ങനെ സമര്‍പ്പിക്കാമെന്നു വാക്കുപറഞ്ഞതു മറന്നുപോയാലും, വകമാറ്റിയാലും, അവരാരുമൊട്ടു കോപിക്കത്തുമില്ല, പകരംവീട്ടത്തുമില്ല. ഞാനീപറഞ്ഞതിന്‍റെയോക്കെ വെളിച്ചത്തില്‍ കാര്യങ്ങള്‍ബോദ്ധ്യപ്പെട്ടെങ്കില്‍ ചോദിച്ച സംശയങ്ങള്‍ക്കുള്ള ഉത്തരമെല്ലാം അതിലുണ്ട്. അതനുസരിച്ചു സ്വന്തമായ തീരുമാനമെടുക്കുക."
"പറഞ്ഞതൊക്കെ മനസ്സിലായെങ്കിലും ഞാനിപ്പോള്‍ ഒന്നുകൂടെ കണ്‍ഫ്യൂഷനിലായെന്നുള്ളതാണു സത്യം. അച്ചന്‍ പറഞ്ഞതുവച്ച്, അറിവില്ലായ്മകൊണ്ട് അന്നുഞാന്‍ നേര്‍ന്നതു നേര്‍ച്ചയായിരുന്നെങ്കിലും, ഇപ്പോള്‍ എനിക്കൊന്നും കിട്ടാനായിട്ടല്ലല്ലോ കാഴ്ചയായിട്ടാണല്ലോ കൊടുക്കാമെന്നു ഞാന്‍ തീരുമാനിച്ചത്. അതോ അറിവില്ലാതെ നേര്‍ന്നതായിരുന്നതുകൊണ്ട് രൊക്കം എല്ലാം ക്യാന്‍സലായിപ്പോയോ?"
"അവിടെയാണ്, നിങ്ങളുടെ ഭാര്യ പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു എന്നു നേരത്തെപറഞ്ഞത്. അതൊരു കടപ്പാടാണ് നിറവേറ്റിയേ തീരൂ. നേര്‍ച്ചയാണെങ്കില്‍ വേളാങ്കണ്ണിക്കു പോകണം, അല്ലെങ്കില്‍ നിങ്ങളുടെ മനസ്സാക്ഷിക്കുത്തു തീരുകേല. കാഴ്ചയാണെങ്കില്‍ അതു നിറവേറ്റാന്‍ വേറെയും വഴികളുണ്ട്. എങ്ങും പോകണ്ടാ, ഒരു പള്ളിക്കും കൊടുക്കണ്ട, മോതിരോം പണിയിപ്പിക്കേണ്ട. മുമ്പേ ചോദിച്ചില്ലെ, മോതിരത്തിന്‍റെ തുക കണക്കാക്കി നേര്‍ച്ചയിട്ടാല്‍ മതിയോന്ന്. തുക കണക്കാക്കിയാല്‍മതി, നേര്‍ച്ചയിടണ്ടാ. നിങ്ങളെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്നെങ്കിലും ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട ഏതെങ്കിലും ദമ്പതികളെ ആ തുകകൊണ്ടു നിങ്ങളു സഹായിക്ക്, സന്മനസ്സുണ്ടെങ്കില്‍ അല്പംകൂടെ കൂടുതലും കൊടുക്ക്. അതോടെ നിങ്ങളുടെ നേര്‍ച്ച ക്യാന്‍സല്ഡ്."
"നൂറുവട്ടം സമ്മതം അച്ചാ. പക്ഷേ ഇവളോടതു പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ പറ്റുമോന്നു നോക്കണം."
"ആളു സ്മാര്‍ട്ടാണ് എന്നാണ് എന്‍റെ റീഡിംങ്, ഞാന്‍ പറഞ്ഞതുപോലെ കാര്യകാരണസഹിതം പറഞ്ഞുനോക്ക്, സമ്മതിച്ചില്ലെങ്കില്‍ എന്നെ വിളിച്ചാല്‍ സഹായിക്കാം."
"താങ്ക് യൂ ഫാദര്‍."
ഞാന്‍ യാത്രപറഞ്ഞു പിരിഞ്ഞു. അന്നു രാത്രിതന്നെ ആളിന്‍റെ ഫോണ്‍വന്നു. ഭാര്യ സമ്മതിച്ചു എന്നുമാത്രമല്ല, മക്കളുണ്ടാകാന്‍വേണ്ടി ചികിത്സിക്കുന്ന ഒരു പാവപ്പെട്ട കപ്പിള്‍സിന്‍റെ മുഴുവന്‍ ചികിത്സാചെലവും കൊടുത്തേക്കാമെന്നാണ് അവളുടെ താത്പര്യമെന്ന്. അങ്ങനെ ആ നേര്‍ച്ച ക്യാന്സല്ഡ്!!