കരുതിവെയ്ക്കാനും കുരുതി കൊടുക്കാനും മലയാളിക്ക് പൊതുവേയുള്ള ഒന്നാണിന്ന് പെണ്‍കുട്ടി. കൗമാരത്തിന്‍റെ ആരംഭത്തില്‍ത്തന്നെ കരുതലിന്‍റെ തത്വശാസ്ത്രങ്ങള്‍ തലങ്ങും വിലങ്ങും നമ്മള്‍ പായിക്കും. ചാടരുത്, ഓടരുത്, ചിരിക്കരുത്, നോക്കരുത് തുടങ്ങി അവളുടെ പ്രിയപ്പെട്ട പലതിനേയും കരുതലുകളെന്ന കള്ളനാണയത്തില്‍ കുരുക്കി നമ്മുടെ സ്വന്തം സ്വാര്‍ത്ഥതകളെ, ഊതിവീര്‍പ്പിച്ച പൊള്ളത്തരങ്ങളെ, പള്ളിമുതല്‍ പള്ളിക്കൂടം വരെയും വീട്ടകം മുതല്‍ നാട്ടകം വരെയും നിറയ്ക്കും. ഇങ്ങനെ 'അരുതുകളില്‍' തളച്ചിടപ്പെട്ടവളെ ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങള്‍ മുതല്‍ വീട്ടകത്തെ നിശ്ശബ്ദതയില്‍ വരെ പീഡിപ്പിക്കാന്‍ നമുക്ക് യതൊരു മടിയുമില്ല. നിവൃത്തികേടുകൊണ്ടു മാത്രം പുറത്താവുന്ന പീഡനകഥകളും അതിനെ നിറം പുരട്ടി മലീമസമാക്കുന്ന അഭിനവ മാധ്യമസംസ്കാരവും വില്പനചരക്കാക്കുന്നത് ആകാശത്തെയും നക്ഷത്രങ്ങളെയും ചന്ദ്രനെയും സ്വപ്നം കാണുന്ന, നാളെ ഈ ഭൂമിയെ സ്നേഹത്താല്‍ ഉര്‍വ്വരമാക്കാന്‍ കെല്‍പ്പുള്ള, മനുഷ്യമനസ്സിന്‍റെ ഊഷരതകള്‍ക്ക് ലേപനമാവാന്‍ പ്രാപ്തിയുള്ള ഒരു പെണ്‍കുട്ടിയെയാണ്.
കണക്കുകള്‍ പലപ്പോഴും കെട്ടുകഥകളേക്കാള്‍ ഭയാനകമാണ്. ഇവിടെയെല്ലാം കൗമാരക്കാരെ / പെണ്‍കുട്ടികളെ കുറ്റംപറയാന്‍, അവര്‍ നേരെയല്ല എന്നു സ്ഥാപിക്കാന്‍ നൂറുനാവുകളാണിവിടെ. "എന്‍റെ അച്ചാ, അവള്‍ ചാറ്റിങ്ങിലും പിന്നെ ചീറ്റിങ്ങിലും പെട്ടുപോയി" എന്നത് സ്ഥിരം പല്ലവിയാണ്. ഇവിടെ എവിടെയാണ് പ്രശ്നം എന്ന് തിരിച്ചറിയണം. പ്രശ്നം കൗമാരക്കാരിക്കോ അതോ നമുക്കോ? പ്രശ്നത്തിന്‍റെ ഉറവിടം പലപ്പോഴും വീട്ടകങ്ങള്‍ തന്നെയാണ് എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഉള്ളുതുറന്ന് ഉള്ളിലേക്ക് നോക്കേണ്ട സമയം അതിക്രമിച്ചു. ചൂണ്ടുവിരല്‍ സ്വന്തം മക്കളിലേക്ക് ആനുകാലിക സംവിധാനങ്ങളിലേക്ക് നീട്ടുമ്പോള്‍ പ്രിയ മാതാപിതാക്കളെ നിങ്ങളറിയുക, മറ്റു മൂന്നു വിരലുകളും നിങ്ങളുടെ ചങ്കിനുനേരെയാണ്.
ഇത് നോമ്പുകാലമാണ്. പതിവു വര്‍ജ്ജനങ്ങളെ സ്വീകരിക്കുന്നതിനൊപ്പം ആത്മശോധനയുടെ ആഴങ്ങള്‍ തേടേണ്ടത് അനിവാര്യമാണ്. ഞാന്‍ എന്‍റെ കുടുംബ-കര്‍മ്മബന്ധങ്ങളില്‍ എത്രമാത്രം ശ്രദ്ധാലുവാണെന്നത് എന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടെങ്കില്‍ കുറഞ്ഞപക്ഷം അവളുടെ സ്വപ്നങ്ങളെ കേള്‍ക്കാന്‍ 'മനസ്സില്‍ - ആക്കാന്‍" കൂടുതല്‍ സമയം ചെലവഴിച്ചു നോക്കൂ. തിരിച്ചറിവിന്‍റെ പാഠഭേദങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട അന്തരീക്ഷം നമ്മുടെ ഭവനത്തിലുണ്ടാക്കും.
പന്ത്രണ്ടാം വയസ്സില്‍ കാണാതാകുന്ന ക്രിസ്തുവും മൂന്നുദിവസം അലഞ്ഞ് അവനെ കണ്ടെത്തുന്ന യൗസേപ്പും മറിയവും നഷ്ടപ്പെട്ടുപോകുന്ന കൗമാരക്കാരുടെയും അവരെ തിരയുന്ന മാതാപിതാക്കളുടെയും പ്രതീകമാണെന്ന ഒരു നിരീക്ഷണം ബോബിയച്ചന്‍റേതാണ്. അതെ, കൗമാരം പ്രക്ഷുബ്ധമായ കാലഘട്ടമാണെന്നതിനുമപ്പുറം വേറിട്ട വഴികളിലൂടെയും സാഹചര്യങ്ങളിലൂടെയും യാത്ര ചെയ്യാനുള്ളതാണ്. കൗമാരക്കാരുടെ ചോദ്യങ്ങള്‍ക്കൊന്നും മുതിര്‍ന്നവര്‍ക്കുത്തരങ്ങളില്ല എന്നത് നിസ്തര്‍ക്കമാണ്. എങ്കിലും നാം അവര്‍ക്കായി കരുതിവയ്ക്കാറുണ്ട് ഒരു പിടി ശാഠ്യങ്ങള്‍. ഉത്തരങ്ങളുടെ ശാഠ്യങ്ങളെ ഒഴിവാക്കി ഒരു കൗമാരക്കാരിയെ നിങ്ങളഭിമുഖീകരിക്കുക. അവളുടെ ജീവിതം നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും. അസ്സീസിയിലെ തെരുവില്‍ ദൈവസ്നേഹത്തെ പ്രഘോഷിക്കുക മാത്രമല്ല ഫ്രാന്‍സിസ് ചെയ്തത് ക്ലാരയെന്ന ഫവറിനോ പ്രഭുവിന്‍റെ കൗമാരക്കാരിയായ മകള്‍ക്ക് അവളുടെ വെളിച്ചം വ്യക്തമാക്കികൊടുക്കുക കൂടി അവന്‍റെ ധര്‍മ്മമായിരുന്നു. ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ വെട്ടത്തെ വ്യക്തമാക്കാനായില്ലെങ്കില്‍ നമ്മുടെ പള്ളിക്കൂടങ്ങളും പള്ളികളും എന്തിന് വീട്ടകങ്ങള്‍ പോലും കൂടുതല്‍ ഇരുട്ടിലേക്ക് വഴുതിവീഴുമെന്ന് ഉറപ്പാണ്.
ജിയോ ബേബിയുടെ 'രണ്ടു പെണ്‍കുട്ടികള്‍' എന്ന ചലച്ചിത്രം പ്രമേയത്തിന്‍റെ വ്യത്യസ്ത കൊണ്ട് വളരെ ശക്തമാണ്. സദാചാരത്തിന്‍റെയും പാരമ്പര്യങ്ങളുടെയും പടവാള്‍ ലൈംഗികതയെപ്പറ്റി, സൗഹൃദങ്ങളെപ്പറ്റി പ്രയോഗിക്കുന്നതിനു മുന്‍പ് സ്വന്തം വീട്ടകങ്ങളിലെങ്കിലും നമുക്ക് തുറന്നു സംസാരിക്കാം, ഇടപഴകാം, ഇവിടെ പ്രായോഗിക പ്രശ്നപരിഹാരങ്ങള്‍ നടന്നില്ലെങ്കില്‍ പിന്നെ സമൂഹം കൂടുതല്‍ രോഗാതുരമാകും. പുരോഗമിച്ചെന്നഹങ്കരിക്കുന്ന കേരളത്തില്‍ അനേകം പെണ്‍കുട്ടികള്‍ നിരവധി ചോദ്യങ്ങള്‍ നിശ്ശബ്ദം ചോദിക്കുന്നുണ്ടിന്ന്, സമൂഹത്തോട്, സഭയോട്, മാതാപിതാക്കളോട്... കേള്‍ക്കാന്‍ മനസ്സുണ്ടെങ്കില്‍ നിശ്ശബ്ദതയെ ഭേദിക്കാന്‍ അവരെ അനുവദിക്കുക.
അസ്സീസിയുടെ ഈ ലക്കം കുറച്ചു പെണ്‍അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വിവരിക്കുന്നുണ്ട്. പതിനെട്ടുകാരി സൂര്യ മുതല്‍ മാതാപിതാക്കളും അധ്യാപകരും വരെ. ഈ അനുഭവങ്ങള്‍ നിങ്ങളോടു സംവദിക്കട്ടെ, മെച്ചപ്പെട്ട നാളുകള്‍ക്കായി.