"സ്നേഹവാനായ ഒരു ദൈവത്തിന് നിഷ്കളങ്കരെ ക്രൂശിക്കാന്‍ കഴിയുന്നതെങ്ങനെ?" എന്ന ചോദ്യം ദസ്തയവ്സ്കിയെ അലട്ടിയിട്ടുണ്ട്. വോള്‍ട്ടയറും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് "ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ത്തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നു' എന്ന് വോള്‍ട്ടയര്‍ നിര്‍ദ്ദേശിക്കുന്നത്. ദസ്തയവ്സ്കിയുടെ ചിന്തയുടെ വേരുകളിലേക്കാണ് നോവലിസ്റ്റിന്‍റെ അന്വേഷണം നീളുന്നത്. നോവലിലെ കഥാപാത്രങ്ങളിലൂടെ ദസ്തയവ്സ്കി നടത്തുന്ന അന്വേഷണങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ ആഴപ്പൊരുളുകളിലേക്കുള്ള ഊളിയിടലാകുന്നത് നാം കാണുന്നു. മനുഷ്യനെന്ന മഹാരഹസ്യത്തിലേക്കാണ് അദ്ദേഹം സഞ്ചരിച്ചത്.
"പീഡാനുഭവം എന്തിനേയും വിമലീകരിക്കുന്നു. ഭാവിയിലെ സന്തോഷത്തിനുള്ള അവകാശം നാം നേടേണ്ടത് തിക്താനുഭവങ്ങളിലൂടെയാണ്. ഇതിനെ പരാജയബോധമായി വ്യാഖ്യാനിക്കരുതേ" എന്നാണ് റസ്ക്കാള്‍ നിക്കാഫ് പറയുന്നത്. 'ജീവിതനൗക തകര്‍ന്നവരെ' മാത്രമേ ദസ്തയവ്സ്കി കാണുന്നുള്ളൂ. അതാണ് അങ്ങേരുടെ ആനന്ദം എന്ന ചിന്തയും ഇതിനോടു ചേര്‍ത്തുവായിക്കാം.
സഹനത്തിന്‍റെ സമുദ്രങ്ങള്‍ താണ്ടിയ ദസ്തയവ്സ്കിയെന്ന വ്യക്തിയെയും എഴുത്തുകാരനെയും 'റഷ്യന്‍ ക്രിസ്തു'വില്‍ നാം കണ്ടുമുട്ടുന്നു. 'ദസ്തയവ്സ്കി മനുഷ്യജീവിതാനുബന്ധിയായ മഹാസമസ്യകള്‍ പിളര്‍ത്തിക്കാട്ടുന്നു. ഓരോ വായനയും പുതിയ അന്വേഷണങ്ങളിലേക്ക് വാതില്‍ തുറക്കുന്നു. ചിലപ്പോള്‍ ശാന്തിയിലേക്കും ചിലപ്പോള്‍ നരകത്തിലേക്കും കൈപിടിച്ചുനടത്തുന്നു. വായനക്കാരന്‍റെ സത്തയെ ആഴത്തില്‍ പിടിച്ചുകുലുക്കുന്ന, ആത്മാവിന്‍റെ മഹത്തായ ആഴങ്ങള്‍ കാണിച്ചുതരുന്ന ദസ്തയവ്സ്കിയെ
എന്‍. എ. നസീര്‍ പ്രധാനമായും എഴുതുന്നത് നമുക്ക് പരിചയമില്ലാത്തവരെക്കുറിച്ചാണ്. ദയാബായിയെപ്പോലുള്ള ചിലര്‍ കടന്നുവരുന്നുണ്ടെങ്കിലും തികച്ചും സാധാരണക്കാരായ മനുഷ്യരാണ് കടന്നുവരുന്നത്. കാടിന്‍റെ ഭാഗമായി ജീവിച്ച സാധാരണക്കാരെ നസീര്‍ വാക്കുകളില്‍ അനശ്വരരാക്കുന്നു. മനുഷ്യസ്നേഹത്തിന്‍റെ, പ്രകൃതിസ്നേഹത്തിന്‍റെ മഹാമാതൃകകള്‍ നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നു. "കാട് ഓരോ അണുവിലും അതിന്‍റെ സ്പന്ദനങ്ങള്‍ നല്കിയ ചില മനുഷ്യരുണ്ട്. അവരോടൊപ്പം കാട്ടുപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍ നാമറിയാതെ നമ്മിലേക്കു പ്രവഹിക്കുന്ന കാടിന്‍റെ ചൈതന്യമെന്തെന്ന് ഏറെ വൈകിയായിരിക്കും തിരിച്ചറിയുക. അപ്പോഴേക്കും ചിലപ്പോള്‍ ആ ആത്മസുഹൃത്തിനെ കാട് തിരിച്ചുപിടിച്ചിട്ടുണ്ടാകും" എന്ന് നസീര്‍ തിരിച്ചറിയുന്നു. ''വേര്‍പിരിഞ്ഞുപോകുമ്പോള്‍ ചിലതൊക്കെ ഇടയ്ക്കിടെ നമ്മുടെ ഇടനെഞ്ചിനകത്തുവന്ന് മുട്ടിവിളിക്കും... എന്നിട്ട് നമ്മെയുംകൂട്ടി ഓര്‍മ്മകളുടെ ഊടുവഴികളിലൂടെ തിരികെ നടക്കും." നഷ്ടബോധത്തിന്‍റെ നിമിഷങ്ങളിലും ഇതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. "മഴക്കാട്ടില്‍ പൊഴിഞ്ഞുവീഴുന്ന ഇലകള്‍ക്കു മഞ്ഞനിറമില്ല. അവ തറയില്‍വീണ് വളമായി വീണ്ടും വൃക്ഷങ്ങളിലൂടെ പുനര്‍ജനിച്ചുകൊണ്ടേയിരിക്കുന്നു" എന്ന കാടിന്‍റെ സത്യമാണ് നസീറിനെ മുന്നോട്ടു നയിക്കുന്നത്.
നസീര്‍ പരിചയപ്പെടുത്തുന്നവരിലധികവും ആദിവാസിവിഭാഗത്തില്‍പെട്ടവരാണ്. കാടും പ്രകൃതിയുമാണ് അവരെ നിലനിര്‍ത്തുന്നത്. "നമ്മള്‍ക്കേറെയൊന്നും അറിയില്ലാത്ത നിഗൂഢമായ ചില സംവേദനകഴിവുകളൊക്കെ കാടുമായി ഓരോ ആദിവാസിയിലും അന്തര്‍ലീനമാണ്. അത്തരം തിരിച്ചറിവുകളിലേക്കെത്തിയവര്‍ കാടിനെയും അതിലെ ജീവജാലങ്ങളെയും എല്ലായ്പ്പോഴും സ്നേഹത്തോടെയും ഭയമില്ലായ്മയിലൂടെയും നോക്കിക്കാണും" എന്ന് നസീര്‍ നിരീക്ഷിക്കുന്നത് വാസ്തവമാണ്. "നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍ നമുക്കെന്താ ഉള്ളത്?" എന്ന ദയാബായിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. "അറിയാതെ വന്നണയുന്ന ചിലരുണ്ട്. നമ്മുടെ ജീവിതത്തിന്‍റെ ഓരത്തിലെവിടെയൊക്കെയോ അറിയാതെ നമ്മോടൊപ്പം സഞ്ചരിക്കുന്നവര്‍. പൊടുന്നനേ കടന്നുവന്ന് ജീവിതത്തെ തരളിതമാക്കുകയും എങ്ങോട്ടോ പോയിമറയുകയും ചെയ്യുന്ന ജന്മങ്ങള്‍" അവരെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ എന്‍. എ. നസീര്‍ എഴുതുന്നത്. മനുഷ്യപ്പറ്റുള്ള വാക്കുകള്‍ എന്നീ പുസ്തകത്തെ വിശേഷിപ്പിക്കാം.
ശാസ്ത്രവും സാഹിത്യവും സാമൂഹികചിന്തയുമെല്ലാം ഗൗരവത്തോടെ നടത്തുന്ന എഴുത്തുകാരനാണ് ജീവന്‍ ജോബ് തോമസ്. അദ്ദേഹത്തിന്‍റെ പുതിയ ഗ്രന്ഥമാണ് 'മരണത്തിന്‍റെ ആയിരം മുഖങ്ങള്‍.' 'മനുഷ്യന്‍റെ അവസാനിക്കാത്ത മരണഭയങ്ങളുടെ പുസ്തകം' എന്നാണ് ഗ്രന്ഥകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. മരണത്തിന് പല മുഖങ്ങളുണ്ട്. ഭയവും ആത്മഹത്യയും ദാരിദ്ര്യവും രോഗവും മതമൗലികവാദവും ഫാസിസവും സമഗ്രാധിപത്യരാഷ്ട്രീയവും യുദ്ധവും ആഗോളതാപനവും എല്ലാം മരണത്തിന്‍റെ ഭിന്നരൂപങ്ങളാണ്. രാഷ്ട്രീയം, മതം, ശാസ്ത്രം, തത്ത്വചിന്ത, മനശ്ശാസ്ത്രം, ജനിതകശാസ്ത്രം, ലൈംഗികത എന്നിങ്ങനെ വിവിധങ്ങളായ മേഖലകളില്‍ നിന്ന് ശേഖരിച്ച വിജ്ഞാനസമ്പത്ത് ഈ ഗ്രന്ഥത്തെ ദര്‍ശനങ്ങളുടെ മഹാസാഗരമാക്കുന്നു. മരണത്തില്‍ നിന്ന് ജീവിതത്തിലേക്കു നടന്നുയറാനുള്ള വഴികളും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. ധിഷണാശാലിയായ ലേകഖന്‍ പുതിയ സംവാദത്തിനുള്ള വീഥികള്‍ തുറന്നിടുന്നു. മതത്തിന്‍റെ വൈവിധ്യസമ്പന്നമായ ലോകം നിവര്‍ത്തിയിടുന്ന ഈ ഗ്രന്ഥം നവീനചിന്തയുടെ പ്രപഞ്ചം തുറന്നിടുന്നു. അമരത്വത്തിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന മനുഷ്യനെ അടയാളപ്പെടുത്താനും ജീവന്‍ മറക്കുന്നില്ല.
'മരണം തത്ത്വചിന്തയുടെ ആദ്യത്തെയും അവസാനത്തെയും തുരുത്താണ്' എന്നാണ് ഗ്രന്ഥകാരന്‍ എഴുതുന്നത്. ശാരീരികമായ വളര്‍ച്ചയും വികാസവും മരണത്തിലേക്കുള്ള യാത്രയില്‍ നിശ്ചലമാകുന്നു. "മറ്റുള്ള മനുഷ്യരുടെ മനസ്സില്‍ തന്നെക്കുറിച്ചു കൂടുതല്‍ കരുത്തും തെളിമയും ഉള്ള രൂപങ്ങള്‍ സൃഷ്ടിക്കാനും അതു കൂടുതല്‍ മനുഷ്യരുടെ മനസ്സിലേക്ക് പകര്‍ത്തി നിലനിര്‍ത്താനും വേണ്ടിയാണ് മനുഷ്യര്‍ വ്യത്യസ്തമായ സര്‍ഗ്ഗവ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നത്. മരണബോധം മനുഷ്യപരിണാമത്തിന്‍റെയും മാനവസംസ്കാരങ്ങളുടെയും വളരെ സൂക്ഷ്മമായ അടിത്തറയാകുന്നത് ഇതുകൊണ്ടാണ്" എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.
മനുഷ്യന്‍റെ ഉപബോധത്തില്‍ ഭയം നിറയ്ക്കുന്ന മിത്തുകള്‍ എല്ലാ സംസ്കാരങ്ങളിലുമുണ്ട്. 'ലോകാവസാനം ഒരു ഒഴിയാബാധയായി മനുഷ്യസംസ്കാരങ്ങളുടെ ഉപബോധത്തില്‍ നിലനില്‍ക്കുന്നുണ്ട്' എന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു. "മനുഷ്യര്‍ കെട്ടിപ്പടുത്ത മിത്തുകളിലെല്ലാം അവന്‍റെ പരിമിതിയുടെ ആത്യന്തികമായ പരിണതി അവന്‍റെ അസ്തിത്വത്തിന്‍റെ ഇല്ലായ്മയാണ്. അതാണ് മരണം. അതുകൊണ്ടുതന്നെ മരണത്തിനേക്കാള്‍ വലിയൊരു തത്ത്വചിന്താസാധ്യത മനുഷ്യനുമുന്നില്‍ ഇല്ല' എന്നതാണ് ഗ്രന്ഥകാരന്‍റെ അഭിപ്രായം.
മരണത്തേക്കാള്‍ രൂക്ഷമാണ് ഏകാന്തതയെന്ന ലേഖകന്‍റെ അഭിപ്രായം ശ്രദ്ധേയമാണ്. പരസ്പരം പാലം പണിയാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത് ഏകാന്തത മറികടക്കാനാണ്. തുരുത്തുകളാകുന്ന ആധുനികമനുഷ്യന്‍ ഏകാകിയാകുന്നു. അത് മരണത്തിന്‍റെ മറ്റൊരു പതിപ്പാണ്. "സ്വന്തം വംശത്തിന്‍റെ ഭാവിയെക്കുറിച്ച് ചിന്താപരീക്ഷണങ്ങള്‍ നടത്താം എന്നല്ലാതെ അതിനെ നിയന്ത്രിക്കുന്ന മാന്ത്രികദണ്ഡ് കരസ്ഥമാക്കാന്‍ മനുഷ്യന് ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവിലേക്ക് നമ്മള്‍ എത്തേണ്ടതുണ്ട്. ആത്യന്തികപൂര്‍ണതയെത്തിയ മാനവന്‍ എന്ന മിഥ്യയുടെ അര്‍ത്ഥരാഹിത്യം തിരിച്ചറിയുമ്പോഴേ ആ സത്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളൂ" എന്ന് ഗ്രന്ഥകാരന്‍ തിരിച്ചറിയുന്നു.
കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ മരണത്തിന്‍റെ പുതിയ അധ്യായങ്ങള്‍ തുറക്കുന്നു. ആഗോളതാപനത്തിനു പിന്നിലെ ശാസ്ത്രവും രാഷ്ട്രീയവും ഇവിടെ വിധേയമാക്കേണ്ടതുണ്ട്. "ഓരോ ജീവിയുടെ അപ്രത്യക്ഷമാകലും ഓരോ പുതിയ പരിസ്ഥിതിയെ നിര്‍മ്മിച്ചുകൊണ്ടിരിക്കും. പുതിയ പരിസ്ഥിതിയോട് സമരസപ്പെടാന്‍ ബാക്കിയാകുന്ന ഓരോ ജീവിയും പുതിയ അതിജീവനതന്ത്രങ്ങള്‍ കണ്ടെത്തേണ്ടിവരും" എന്ന് ഗ്രന്ഥകാരന്‍ എടുത്തുപറയുന്നു. മനുഷ്യന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ആത്മഹത്യാമുനമ്പാണിത്
ഇക്കോളജി ഒരു പിടിവള്ളിയാണെന്ന് ജീവന്‍ പ്രസ്താവിക്കുന്നു. അതില്‍ ഏല്പിക്കുന്ന ആഘാതങ്ങള്‍ ഭൂമിക്ക് താങ്ങാന്‍ കഴിയാതായിരിക്കുന്നു. "കേവലം മനുഷ്യനെ മാത്രമോ, മനുഷ്യന്‍റെ മാത്രമായിട്ടുള്ള അതിജീവനമോ അല്ല ഇക്കോളജി കാണുന്നത്, മറിച്ച് പ്രകൃതിയുടെ ഏറ്റവും സൂക്ഷ്മമായ ഭാഗം എന്ന നിലയില്‍ തനിക്ക് ചുറ്റും പുറവും ഉള്ള ഓരോ ജീവജാലവുമായി പ്രതിപ്രവര്‍ത്തനങ്ങളിലൂടെ ഒഴുകിച്ചേര്‍ന്നിരിക്കുന്ന മനുഷ്യനെയാണ്. അത് പ്രകൃതിയെ നിലനിര്‍ത്താനുള്ള ശാസ്ത്രമല്ല, മറിച്ച് ഭൂമിയെ മനുഷ്യന് വാസയോഗ്യമാക്കി നിലനിര്‍ത്താനുള്ള ആശയത്തിന്‍റെ വിപുലീകരണമാണ്."
"മരണത്തിന്‍റെ ആയിരം മുഖങ്ങള്‍' എന്ന പുസ്തകം തുറന്നിടുന്നത് ആശയങ്ങളുടെ, സംവാദങ്ങളുടെ, അന്വേഷണങ്ങളുടെ അതിവിപുലമായ ലോകമാണ്. ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന, ചെയ്യേണ്ട പലതും ഗ്രന്ഥകാരന്‍ സൂക്ഷ്മതയോടെ വിശകലനം ചെയ്യുന്നു. ഭാവിചിന്തയിലേക്കുള്ള വഴികാട്ടികളാണ് ഈ പുസ്തകത്തിലെ പല ആശയങ്ങളും. നമ്മുടെ ചിന്താചക്രവാളത്തെ വിശാലമാക്കുന്ന ഗ്രന്ഥമാണിതെന്ന് നിസ്സംശയം പറയാം.
(മരണത്തിന്‍റെ ആയിരം മുഖങ്ങള്‍ - ജീവന്‍ ജോസ് തോമസ്- ഡി. സി. ബുക്സ്).