news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

ഊര്‍ജ്ജപ്രവാഹിനി!

ഈ ശസ്ത്രക്രിയയോടെ നിങ്ങളിലെ ജീവന്‍റെ നാളം കെട്ടുപോയേക്കാം. രക്ഷപ്പെട്ടാല്‍ത്തന്നെ ഇനിയുള്ളകാലം കിടക്കയില്‍ത്തന്നെ കഴിച്ചുകൂട്ടേണ്ടി വരും. നെഞ്ചിനു കീഴ്പ്പോട്ട് ചലനശേഷിയുണ്ടാകില്ല. ആര്‍മി റെഫറല്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജനായ ഡോ. വി കെ ബതിഷിന്‍റെ വാക്കുകള്‍ കേട്ട ആ ഇരുപത്താറുകാരിയുടെ മനസ്സില്‍ എന്തൊക്കെ ചിന്തകളാവും ഉയര്‍ന്നു വന്നിരിക്കുക! പറക്ക മുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങള്‍, സ്നേഹ നിധിയായ ഭര്‍ത്താവ്. ഒരുമിച്ച് നെയ്തുകൂട്ടിയ ഒരു നൂറുസ്വപ്നങ്ങള്‍...എന്നാല്‍ ദുരിതത്തിന്‍റെ ഒരു കൊടുങ്കാറ്റിനും അവളുടെ ഇച്ഛാശക്തിയുടെ അഗ്നിനാളങ്ങളെ കെടുത്താനുള്ള കെല്‍പ്പുണ്ടായില്ല. വിധി സമ്മാനിച്ച ആ വീല്‍ച്ചെയറിലിരുന്നുകൊണ്ട് അവള്‍ സ്വപ്നശൈലങ്ങള്‍ക്കുമേല്‍ പറന്നുകയറി. ഒടുവില്‍ തന്‍റെ നാല്പത്താറാം വയസ്സില്‍, ഇക്കഴിഞ്ഞ റിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടുന്ന ആദ്യത്തെ വനിതയായി മാറി. നൈരാശ്യക്കടലില്‍ നീന്തുന്ന അംഗപരിമിതര്‍ക്ക് പ്രചോദനത്തിന്‍റെ പൊല്‍ ത്തിങ്കള്‍ക്കലയായി...

1970 സെപ്റ്റംബര്‍ 30ന് ഹരിയാനയിലെ ജയ്സ്വാളിലായിരുന്നു ദീപ മാലികിന്‍റെ ജനനം. പട്ടാളത്തില്‍ കേണലായിരുന്ന അച്ഛന്‍ ബി കെ നാഗ്പാലിനൊപ്പം വിവിധ പട്ടാളകേന്ദ്രങ്ങളിലായിരുന്നു അവളുടെ ബാല്യകൗമാരങ്ങള്‍. ജന്മനാതന്നെ ചില ആരോഗ്യപ്രശ്നങ്ങള്‍ അവളെ അലട്ടിയിരുന്നു. ആറാം വയസ്സില്‍ സുഷുമ്നയില്‍ ഒരു ചെറിയ മുഴ കണ്ടെത്തുകയും അത് നീക്കംചെയ്യുകയും ചെയ്തു. അതിന്‍റെ അനന്തരഫലമാവാം എട്ടാം വയസ്സുമുതല്‍തന്നെ ഇടയ്ക്കിടെ സ്പൈനല്‍ ഷോക്ക് ഉണ്ടായിത്തുടങ്ങി. എന്നാല്‍ അതൊന്നും ആ ബാലികയെ തളര്‍ത്തിയില്ല. ബൈക്കും കാറുമൊക്കെ അവള്‍ക്ക് ഹരമായിരുന്നു. ഒരുനിമിഷം അടങ്ങിയിരിക്കില്ല. തരം കിട്ടിയാലുടന്‍ പുറത്തേക്ക് കളിക്കാനോടും. ക്രിക്കറ്റും  അത്ലറ്റിക്സുമൊക്കെയായിരുന്നു താല്‍പ്പര്യം. വൈകാതെ അവള്‍ രാജസ്ഥാനിലെ ശ്രദ്ധേയയായ കായികതാരവും ക്രിക്കറ്ററുമൊക്കെയായിമാറി. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടന്‍ ദീപ വിവാഹിതയായി. കരസേനയില്‍ ഉന്നതോദ്യോഗസ്ഥനായ ബിക്രം സിംഗ് മാലിക്  ആയിരുന്നു വരന്‍. അവര്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ദേവികയും അംബികയും.

26ാം വയസ്സില്‍ സുഷുമ്നാനാഡിയില്‍ വീണ്ടും മുഴ കണ്ടെത്തിയതോടെ ജീവിതത്തിന്‍റെ താളം മുറിഞ്ഞു. അന്ന് ദീപയുടെ ഭര്‍ത്താവ് ബിക്രം സിംഗ് കാര്‍ഗിലിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ആരും തുണയില്ലാത്ത അവസ്ഥ. ദില്ലിയിലെ ആര്‍മി റെഫറല്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അവളെ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങള്‍... ഒന്നും രണ്ടുമല്ല 31 ശസ്ത്ര ക്രിയകളാണ് അവളുടെ ശരീരത്തില്‍ ചെയ്യേണ്ടി വന്നത്. തോളെല്ലുകള്‍ക്കിടയില്‍ മാത്രം 163 തുന്നിക്കെട്ടുകള്‍. ആകെ 183 തുന്നലുകള്‍. അവളെ തോല്‍പ്പിക്കാന്‍ മരണത്തിനായില്ല. ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നതുപോലെ നെഞ്ചിനു താഴെ ചലനശേഷി പൂര്‍ണ്ണമായി നഷ്ടപ്പെട്ട അവസ്ഥയില്‍ ദീപ ആശുപത്രിയില്‍ നിന്ന് തിരികെയെത്തി. തുടക്കത്തിലത് എന്നെ വല്ലാതെ തളര്‍ത്തിയെങ്കിലും എന്‍റെ കുടുംബത്തിന്‍റെ സ്നേഹവും പിന്തുണയും എന്‍റെ അതിജീവനത്തിന് ഊര്‍ജ്ജമായി. നമ്മുടെ വൈകല്യത്തെ അംഗീകരിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്തുമാത്രം ഗുണം ചെയ്യുമെന്ന് അറിയാമോ..? എന്‍റെ ആത്മവിശ്വാസം വളര്‍ത്തിയത് അവരാണ്. ഞാന്‍ എന്‍റെ ജീവിതത്തെ പുതിയൊരു ജാലകത്തിലൂടെ നോക്കിക്കാണാന്‍ തുടങ്ങി. എനിക്കെല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടിയിരുന്നു. കിടക്കയില്‍നിന്ന് എണീറ്റിരിക്കാന്‍, കുളിക്കാന്‍, വസ്ത്രം മാറാന്‍ ഒക്കെ... വളരെക്കാലമെടുത്തു, എന്‍റെ ശരീരമൊന്നു വരുതിയിലാക്കിയെടുക്കാന്‍. കിടക്കയില്‍നിന്ന് എഴുന്നേറ്റിരിക്കാനും സഞ്ചരിക്കാനും പഠിക്കാന്‍ രണ്ടു കൊല്ലമെടുത്തു. ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടായത് വെള്ളം കുടിക്കുന്നതിന്‍റെയും മൂത്രമൊഴിക്കുന്നതിന്‍റെയും സമയക്രമം മനസ്സിലാക്കിയെടുക്കാനാണ്.. ദീപ ഒരു അഭിമുഖത്തില്‍ പറഞ്ഞു. "സഹതാപം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ശാരീരിക വൈകല്യമുള്ള ഒരു നിസ്സഹായയാണ് ഇവളെന്ന് മറ്റുള്ളവര്‍ കരുതുന്നതും എനിക്കിഷ്ടമല്ല".

അവളുടെ ഉള്ളില്‍ നുരയുന്ന ആ ഊര്‍ജ്ജ പ്രവാഹിനിക്ക് കേവലമൊരു വീല്‍ച്ചെയറില്‍ അടങ്ങിയിരിക്കാന്‍ ആകുമായിരുന്നില്ല. പുതിയ സ്വപ്നങ്ങളിലും അവയെ യാഥാര്‍ഥ്യമാക്കാനുള്ള അശ്രാന്തപ്രയത്നങ്ങളിലും അവള്‍ മുഴുകി. തന്‍റെ കായികസപര്യയെ വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു ആദ്യം. അംഗപരിമിതര്‍ക്കായുള്ള അന്താരാഷ്ട്ര കായികമേളകള്‍ ലക്ഷ്യമിട്ട് ദീപ തന്‍റെ പരിശീലനമാരംഭിച്ചു. നീന്തല്‍, ജാവലിന്‍ ത്രോ, ഷോട്പുട് തുടങ്ങിയ ഇനങ്ങളില്‍ നിരവധി ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ അവള്‍ വിജയിയായി. നട്ടെല്ലിലെ ഏഴു കശേരുക്കള്‍ പൊട്ടിയ അവസ്ഥയില്‍പ്പോലും 2006 ലെ പാരലിമ്പിക്സില്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ മാറ്റുരച്ചു. 2010ല്‍ നടന്ന പാര ഏഷ്യന്‍ ഗെയിംസില്‍ മികച്ച വിജയങ്ങള്‍ കൊയ്തെങ്കിലും 2012 ലെ ലണ്ടന്‍ പാരലിമ്പിക്സില്‍ വിജയം നേടാനായില്ല. അന്നേ മനസ്സില്‍ കുറിച്ചിട്ട സ്വപ്നമാണ് 2016 സെപ്റ്റംബര്‍ 2ന് റിയോ ഡി ജനിറോയില്‍ പൂവണിഞ്ഞത്. ഏകാഗ്രപരിശീലനത്തിന്‍റെ ഭാഗമായി, അഹമ്മദ് നഗറില്‍ നല്ലരീതിയില്‍ നടന്നിരുന്ന തന്‍റെ റെസ്റ്റോറന്‍റ് അടച്ചുപൂട്ടുകപോലും ചെയ്തു, അവള്‍. ഷോട് പുട്ട് മത്സരത്തില്‍ 4.61 മീറ്റര്‍ താണ്ടി ദീപ മാലിക് വെള്ളിമെഡല്‍ നേടുമ്പോള്‍ ഇന്ത്യയ്ക്കത് ചരിത്ര നിമിഷമായിരുന്നു. ഒരു ഇന്ത്യന്‍ വനിത പാരലിമ്പിക്സ് മെഡല്‍ നേടുന്നത് ഇതാദ്യം. 46 കാരിയായ ദീപ അങ്ങനെ പാരലിമ്പിക്സ് മെഡല്‍ നേടുന്ന പ്രായമേറിയ കായികതാരവുമായി. തനിക്ക് ലഭിച്ച മെഡല്‍ ഈ രാജ്യത്തെ അംഗപരിമിതരായ സ്ത്രീകളുടെ അതിജീവനപ്പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതായി പാരലിംപിക്സ് വേദിയില്‍ അവള്‍ പ്രഖ്യാപിച്ചു. 4 കോടി രൂപയാണ് ഹരിയാന ഗവണ്മെന്‍റ് ദീപയ്ക്ക് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ അവള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 13 അന്താരാഷ്ട്രമെഡലുകള്‍, 47 ദേശീയ സ്വര്‍ണ്ണ മെഡലുകള്‍, രാഷ്ട്രപതിയുടെ റോള്‍ മോഡല്‍ അവാര്‍ഡുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദ്ദേശീയ ബഹുമതികള്‍... ദീപയുടെ കായികനേട്ടങ്ങള്‍ക്ക് അംഗീകാരമെന്ന നിലയില്‍ 2012 ല്‍ത്തന്നെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ഈ അതുല്യപ്രതിഭയെ ആദരിച്ചിരുന്നു.

ഇതിനൊക്കെ അപ്പുറത്തുള്ള പല നേട്ടങ്ങളും ദീപയുടെ അക്കൗണ്ടിലുണ്ട്. അതിലേറ്റവും സാഹസികമായത് ആ ഹിമാലയന്‍ യാത്ര തന്നെയായിരുന്നു. പൂര്‍ണ്ണമായും കൈകള്‍ കൊണ്ട് നിയന്ത്രിക്കുന്ന കാറോടിച്ച് അവള്‍ ദില്ലിയില്‍ നിന്ന് ജമ്മുവിലെ ലെയിലേക്ക് പോയി. നെഞ്ചിനുകീഴ്പ്പോട്ട് യാതൊരു ചലനശേഷി യുമില്ലാത്ത, സ്വന്തം വിസര്‍ജ്ജനാവയവങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാത്ത, നാല്‍പ്പതുവയസ്സിലേറെ പ്രായമുള്ള ആ വനിത, റൊഹ്താങ് പാസ് വഴി ലോകത്തെ വാഹന മോടിച്ചെത്താവുന്ന ഏറ്റവും ഉയര്‍ന്ന, സമുദ്രനിരപ്പില്‍ നിന്ന് 5359 മീറ്റര്‍ ഉയര ത്തിലുള്ള ഘര്‍ദുങ് ലയിലേക്ക്  3000 കിലോമീറ്ററാണ് കാറോടിച്ചത്. ഇതിനായി 19 മാസം കഠിനപ്രയത്നം ചെയ്ത് മഹാരാഷ്ട്രയില്‍ നിന്ന് ദീപ റാലി ഡ്രൈവര്‍ ലൈസന്‍സ് നേടിയതെന്നതും ശ്രദ്ധേയം. ചരിത്രത്തില്‍ ആദ്യമായായിരുന്നു ഒരു അംഗപരിമിത, മോട്ടോര്‍ റാലി ലൈസന്‍സ് നേടുന്നത്.

ഇതു കൂടാതെ രണ്ടുതവണ ലിംക ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ദീപ മാലിക് ഇടം നേടിയിട്ടുണ്ട്. ആദ്യം 2008 ല്‍ ശക്തിയായി ഒഴുക്കുള്ളപ്പോള്‍ യമുനാനദിക്കു കുറുകെ ഒരു കിലോമീറ്റര്‍ ദൂരം നീന്തിക്കടന്നതിനായിരുന്നു. മറ്റൊന്ന് 2013 ല്‍ ഒരു സ്പെഷ്യല്‍ ബൈക് ഓടിച്ച് 58 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തതിനും...

കേള്‍വിക്കാരുടെ സിരകളില്‍ ഊര്‍ജ്ജം നിറയ്ക്കുന്ന പ്രചോദനാത്മക പ്രഭാഷക എന്ന നിലയിലും ദീപ മാലിക് ഇന്ന് ഏറെ ശ്രദ്ധേയയാണ്. Ability Beyond Disability  ഇതാണ് ദീപ മാലിക് സ്വന്തം ജീവിതത്തെ മുന്‍നിര്‍ത്തി ലോകത്തോട് വിളിച്ചുപറയുന്ന മുദ്രാവാചകം. 

You can share this post!

വിശ്വാസിയും സോഷ്യല്‍മീഡിയ ഫോബിയയും

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts