news-details
സാമൂഹിക നീതി ബൈബിളിൽ

വിശുദ്ധഗിരിയില്‍ വസിക്കാന്‍

"കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആര്‍ വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര്‍ വാസമുറപ്പിക്കും?" (സങ്കീ. 15,1).

ജ്ഞാനഗ്രന്ഥങ്ങളില്‍, പ്രത്യേകിച്ചും സങ്കീര്‍ത്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമൂഹ്യ നീതിയെ സംബന്ധിച്ചുള്ള പ്രബോധനമാണ് അടുത്തതായി കാണാന്‍ ശ്രമിക്കുന്നത്. പ്രവാചകവീക്ഷണത്തില്‍ കണ്ടതില്‍ നിന്നും ഏറെ വിഭിന്നമല്ല ഈ ഗ്രന്ഥങ്ങളില്‍ അവതരിപ്പിക്കുന്ന നീതിയുടെ ആശയങ്ങള്‍. ദൈവത്തിന്‍റെ പ്രത്യേക സ്നേഹത്തിനു വിഷയമായ, ദൈവജനമെന്നു വിളിച്ചു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട  ഒരു ജനത്തില്‍ നിലനില്‍ക്കേണ്ട മനോഭാവങ്ങളും ജീവിത - പ്രവര്‍ത്തന ശൈലികളുമാണ് ഇവിടെയും ശ്രദ്ധാകേന്ദ്രം. ദൈവത്തോടുള്ള ബന്ധത്തിന് ഇവിടെ കൂടുതല്‍ ഊന്നല്‍ നല്കുന്നതായി കാണാം; ആ ബന്ധത്തില്‍ നിന്നാണ് സമൂഹത്തില്‍, നിലനില്ക്കേണ്ട ജീവിത ക്രമം രൂപപ്പെടേണ്ടത്.

എല്ലാവരും ഏറ്റം കൂടുതല്‍ ആഗ്രഹിക്കുന്നത് ജീവനാണ്; ഒരിക്കലും അസ്തമിക്കാത്ത ജീവന്‍. വെറും അമര്‍ത്യത മാത്രമല്ല ഇവിടെ വിവക്ഷിക്കുന്നത്; മറിച്ച് സന്തോഷപ്രദമായ ഒരു ജീവിതമാണ്, ശാശ്വതമായ സമാധാനവും ശാന്തിയുമാണ്. ഇപ്രകാരം അളവില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത സ്നേഹവും ഒരിക്കലും അസ്തമിക്കാത്ത ജീവനും ദൈവത്തിനു മാത്രമേ നല്കാന്‍ കഴിയൂ; ദൈവത്തോടൊന്നിച്ചായിരുന്നാല്‍ മാത്രമേ അതു ലഭിക്കൂ. അതിനാല്‍ മനുഷ്യന്‍റെ ഏറ്റം അടിസ്ഥാനപരവും തീവ്രവും മൗലികവുമായ ആഗ്രഹവും ദാഹവും ദൈവത്തോടൊന്നിച്ചായിരിക്കാന്‍ വേണ്ടിയാണ്, ഓരോ വ്യക്തിയും അത് വ്യക്തമായി അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും പറുദീസായുടെയും പറുദീസാ നഷ്ടത്തിന്‍റെയും വിവരണങ്ങളിലൂടെ ബൈബിളിന്‍റെ ആദ്യ താളുകളില്‍ത്തന്നെ അവതരിപ്പിച്ച ഒരു പ്രമേയമാണിത്.

"നിത്യനൂതന സൗന്ദര്യമേ, നിരുപമാനന്ദമേ, എത്ര വൈകി ഞാന്‍, എന്‍റെ ദൈവമേ, നിന്‍റെ സ്നേഹം അറിയാന്‍, നിന്നെ സ്നേഹിക്കുവാന്‍!.... നിന്നില്‍ വിലയം പ്രാപിക്കും വരെ ആത്മമസ്വസ്ഥം ഹൃദയമശാന്തം, തീരം തേടും തിരയായ് അടിയന്‍, തീരാദാഹവുമായ് വരുന്നു". വി. അഗസ്റ്റിന്‍റെ ഈ ആത്മഗതം ഓരോ മനുഷ്യന്‍റെയും ഏറ്റം അടിസ്ഥാനപരമായ, ഏറ്റം ആഴം ഏറിയ ആഗ്രഹവും ദാഹവുമാണ് മനോഹരമായി അവതരിപ്പിക്കുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ മതങ്ങളും ഈ ഒരു അനുഭവമാണ് തേടുന്നതും വാഗ്ദാനം ചെയ്യുന്നതും. നീതിയുടെ അടിസ്ഥാനവും ഇവിടെത്തന്നെ കാണണം.

ദൈവിക സാന്നിദ്ധ്യത്തില്‍ ആശ്വാസവും സന്തോഷവും തേടുന്ന മനുഷ്യന്‍ എന്നേക്കും ദൈവത്തോടൊന്നിച്ചായിരിക്കാന്‍ ആഗ്രഹിക്കുന്നു; അത് ഈ ശരീരത്തില്‍ ജീവിക്കുമ്പോള്‍ത്തന്നെ ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. അതിനാല്‍ അദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യമായ എന്തെങ്കിലും പ്രതീകം ആവശ്യമായി വരുന്നു. അതിനായി ചില പ്രത്യേക ഇടങ്ങള്‍, വസ്തുക്കള്‍, സ്ഥാപനങ്ങള്‍, സംവിധാനങ്ങള്‍, മുതലായവ മനുഷ്യന്‍ തന്നെ രൂപപ്പെടുത്തുന്നു. ഇപ്രകാരം ഒരു സംവിധാനമോ സ്ഥാപനമോ ആണ് ദൈവാലയം. ഭൂമിയില്‍, മനുഷ്യരുടെ ഇടയില്‍ ദൈവം വസിക്കുന്ന ഇടമാണ് ദൈവാലയം എന്ന കാഴ്ചപ്പാടും വിശ്വാസവും ശക്തിപ്പെട്ടു. ഇപ്രകാരം ഒരു വീക്ഷണം ബൈബിളിലും കാണും.
സീനായ് മലയില്‍ വച്ച് നല്‍കപ്പെട്ട ഉടമ്പടിയുടെ പ്രമാണങ്ങള്‍ ആലേഖനം ചെയ്ത കല്പലകകള്‍ സൂക്ഷിക്കാനായി, ദൈവത്തിന്‍റെ കല്പന പ്രകാരം മോശ ഒരു പെട്ടിയുണ്ടാക്കി. അതിനെ "ഉടമ്പടിയുടെ പേടകം" എന്നു വിളിച്ചു. പേടകത്തില്‍ നിക്ഷിപ്തമായിരിക്കുന്ന പ്രമാണങ്ങള്‍ വഴി ദൈവം തന്‍റെ തിരുഹിതം ജനത്തെ അറിയിച്ചുകൊണ്ട് അവരുടെ മധ്യേ വസിക്കുന്നു. ആ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് അവിടുത്തെ സ്നേഹസാന്നിദ്ധ്യം അനുഭവവേദ്യമാകും. അങ്ങനെ ഉടമ്പടിയുടെ പേടകം ദൈവത്തിന്‍റെ വാസസ്ഥലമായി. പേടകത്തിനു മുകളില്‍ ഒരുക്കിയ പീഠം ദൈവത്തിന്‍റെ സിംഹാസനം അഥവാ കൃപാസനമായി. പേടകത്തിന്‍റെ മുകളില്‍, ഇരുവശത്തുമായി ചിറകു വിരിച്ചു നിന്ന കെരൂബുകള്‍ ദൈവത്തിന്‍റെ സേവകദൂതരും അവരുടെ ചിറകുകള്‍ സംരക്ഷണം നല്കുന്ന ദൈവത്തിന്‍റെ ചിറകുകളുമായി പരിഗണിക്കപ്പെട്ടു.

പേടകം സൂക്ഷിക്കാന്‍ നിര്‍മ്മിച്ച കൂടാരം "സമാഗമകൂടാരം" എന്ന പേരില്‍ അറിയപ്പെട്ടു. ദൈവവും മനുഷ്യനും കണ്ടുമുട്ടുന്ന ഇടം എന്നാണ് ധ്വനി. ആ കൂടാരം ദൈവത്തിന്‍റെ ഭവനമായി പരിഗണിക്കപ്പെട്ടു. മരുഭൂമിയിലൂടെയുള്ള യാത്രാവേളയില്‍ പേടകവും കൂടാരവും ജനത്തിനു മുമ്പേ പോയി വഴി  കാട്ടി; പാളയം അടിക്കാന്‍ ഇടങ്ങള്‍ കാണിച്ചു കൊടുത്തു. വാഗ്ദത്ത ഭൂമിയില്‍ പ്രവേശിച്ചതിനു ശേഷം കൂടാരവും പേടകവും പല സ്ഥലങ്ങളില്‍ മാറി മാറി സൂക്ഷിച്ചു. അവസാനം ദാവീദ് ജറുസലേം പട്ടണവും സീയോന്‍ കോട്ടയും ജബൂസ്യരില്‍ നിന്നും പിടിച്ചെടുത്തതിനു ശേഷം പേടകം ജറുസലേമിലേക്കു കൊണ്ടുവന്നു. കൂടാരം സീയോന്‍ മലയില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു വന്ന സോളമന്‍ കൂടാരത്തിന്‍റെ സ്ഥാനത്ത് ദേവാലയം നിര്‍മ്മിച്ച് പ്രതിഷ്ഠിച്ചു. അതോടെ ജറുസലേം വിശുദ്ധഗിരിയായി; ദേവാലയം ദൈവത്തിന്‍റെ ഭവനം അഥവാ കൂടാരവും.

ഇനി അങ്ങോട്ട് ദൈവിക സാന്നിദ്ധ്യം തേടുന്ന ഭക്തര്‍ ജറുസലേമിലേക്കു തീര്‍ത്ഥാടകരായി വരും. അവിടെ ദേവാലയാങ്കണത്തില്‍ വസിക്കുന്നത് ജീവിത സാഫല്യമായി കരുതപ്പെട്ടു. അവിടെ ഏന്നേക്കും വസിക്കാന്‍ ഭക്തര്‍ തീവ്രമായി ആഗ്രഹിച്ചു. സെഹിയോന്‍ സങ്കീര്‍ത്തനങ്ങള്‍ (Canticle of Zion)എന്ന പേരില്‍ അറിയപ്പെടുന്ന ആറു സങ്കീര്‍ത്തനങ്ങള്‍ (46, 48, 76, 84, 87, 122) ദൈവത്തിന്‍റെ നഗരത്തിന്‍റെയും ദൈവഭവനത്തിന്‍റെയും അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചു. എന്നേക്കും അവിടെ വസിക്കാനുള്ള ആഗ്രഹം ആവര്‍ത്തിച്ചു പാടി.

"കര്‍ത്താവിന്‍റെ ഭവനത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു" (സങ്കീ. 22:1). "സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം! എന്‍റെ ആത്മാവ്  കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു....  അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്" (സങ്കീ. 122: 1-2.10) സംശയമില്ല, ദേവാലയത്തിലായിരിക്കുന്നത് ദൈവത്തോടൊന്നിച്ചായിരിക്കുക തന്നെയാണ്; ദേവാലയം സ്ഥിതിചെയ്യുന്ന സീയോന്‍ മല ദൈവത്തിന്‍റെ വിശുദ്ധഗിരിയും വാസസ്ഥലവും. അതാണ് ഓരോ ഭക്തന്‍റെയും ജീവിതാഭിലാഷം; ജീവിതലക്ഷ്യം.

ദൈവത്തോടൊന്നിച്ചായിരിക്കാന്‍ വേണ്ടി, വലിയ ക്ലേശങ്ങള്‍ സഹിച്ചും ദീര്‍ഘദൂരം യാത്ര ചെയ്തും അവര്‍ വരും. വരുമ്പോള്‍ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ കാഴ്ചകളും കൊണ്ടുവരും. എന്നാല്‍ തോന്നിയതുപോലെ ഓടിക്കയറാവുന്ന ഒരു മലയല്ല ദൈവത്തിന്‍റെ മല; ആര്‍ക്കും നിര്‍ബ്ബാധം കടന്നു വരാവുന്ന ചന്തയല്ല ദൈവത്തിന്‍റെ ആലയം. ദേവാലയഗിരിയുടെ താഴെ ഒരു പ്രവേശന കവാടമുണ്ട്; അവിടെ കാവല്‍ നില്‍ക്കുന്ന പുരോഹിതരും ലേവായരുമുണ്ട്. തീര്‍ത്ഥാടകരായി വരുന്ന ഭക്തരോട് അവരാണ് ദൈവികസാന്നിധ്യം അനുഭവിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ പറഞ്ഞു കൊടുക്കുന്നത്. ഈ നിബന്ധനകളുടെ ഒരു പട്ടികയില്‍ നിന്നാണ് ആരംഭത്തില്‍ ഉദ്ധരിച്ചത്.

ആരാധനക്രമ ബന്ധിയെന്നും പ്രബോധക സങ്കീര്‍ത്തനമെന്നും അറിയപ്പെടുന്നതാണ് 15-ാം സങ്കീര്‍ത്തനം. ദേവാലയം സ്ഥിതി ചെയ്യുന്ന മലയിലേക്കു കയറാന്‍ ആര്‍ക്കാണ് അര്‍ഹതയുള്ളത് എന്ന് വിശദീകരിക്കുമ്പോള്‍ സാമൂഹ്യനീതിയെ സംബന്ധിച്ച ചില വ്യക്തമായ പ്രബോധനങ്ങള്‍ നമുക്കു ലഭിക്കുന്നു. ഉടമ്പടിയുടെ മലയായ സീനായ് മലയില്‍ ദൈവം പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനത്തിന് വ്യക്തമായൊരു നിര്‍ദ്ദേശം നല്കിയിരുന്നു. മലയെ സമീപിക്കുന്നവര്‍ മരിക്കും എന്ന മുന്നറിയിപ്പ് ദൈവിക സാന്നിധ്യത്തിലേക്കു വരാന്‍ ആവശ്യമായ ജീവിതവിശുദ്ധിയെ സൂചിപ്പിച്ചിരുന്നു (പുറ. 19: 9-15. 20-23). ഈ സങ്കീര്‍ത്തനത്തില്‍ ആ നിബന്ധനകള്‍ വ്യക്തമായി അവതരിപ്പിക്കുന്നു.

തീര്‍ത്ഥാടകരുടെ ചോദ്യത്തിന് പുരോഹിതന്‍ നല്കുന്ന മറുപടി എന്ന പോലെയാണ് ഈ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നത്. ദേവാലയ ശുശ്രൂഷകള്‍ക്കു മുമ്പ് ആലപിച്ചിരുന്ന ഒരു പ്രാര്‍ത്ഥനാഗാനമായിരുന്നു ഇത്. ഇന്നും കത്തോലിക്കാ ദേവാലയങ്ങളില്‍, പ്രത്യേകിച്ചും സീറോ മലബാര്‍ സഭയില്‍, വിശുദ്ധ കുര്‍ബാനയുടെ ആമുഖമായി ഈ സങ്കീര്‍ത്തനം പാടുന്ന പതിവുണ്ട്. കുറെക്കാലം മുമ്പ് എല്ലാ കുര്‍ബ്ബാനയിലും പാടിയിരുന്ന ഈ സങ്കീര്‍ത്തനം കാലക്രമത്തില്‍ അവഗണിക്കപ്പെട്ടതു പോലെ തോന്നും; ആരാധനാ വര്‍ഷത്തിലെ പ്രത്യേക കാലങ്ങള്‍ക്കനുസൃതമായി, ആ കാലങ്ങളുടെ ചൈതന്യം പ്രകടമാക്കുന്ന മറ്റു സങ്കീര്‍ത്തനങ്ങള്‍ക്കാണ് ഇന്നു മുന്‍ഗണന. എന്നാലും 15-ാം സങ്കീര്‍ത്തനം തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടിട്ടില്ല. ഈ സങ്കീര്‍ത്തനം അടുത്തു പരിശോധിക്കുന്നത് സാമൂഹ്യനീതിയെ സംബന്ധിച്ച സങ്കീര്‍ത്തനങ്ങളിലെ കാഴ്ചപ്പാട് മനസിലാക്കാന്‍ സഹായകമാകും, കാരണം നീതിയെന്ന ഒരേ ഒരാശയമാണ് സങ്കീര്‍ത്തകന്‍ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നത്.

ഒരാശയം വ്യക്തമാക്കാനും ഊന്നിപ്പറയാനും വേണ്ടി വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിച്ചു പറയുക ഹെബ്രായ ഭാഷയിലെ, പ്രത്യേകിച്ചും പദ്യത്തിലെ ഒരു സവിശേഷതയാണ്.  ഏകാര്‍ത്ഥ സമാന്തരവാക്യം (Synonymous parallelism)  എന്നാണ് ഈ രചനാസങ്കേതം അറിയപ്പെടുക. അതുപോലെ തന്നെ, ഒരാശയം കൂടുതല്‍ വ്യക്തമാക്കാന്‍ വേണ്ടി ആ ആശയത്തിന്‍റെ പല വശങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കുന്ന രീതിയുണ്ട്. ഇതിനെ സമന്വയ സമാന്തരവാക്യം (Synthetic parallelism)  എന്നു വിളിക്കുന്നു. ഈ രണ്ടു രചനാ സങ്കേതങ്ങളും പഠനവിഷയമായ സങ്കീര്‍ത്തനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ചോദ്യം

കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആര്‍ വസിക്കും?

അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര്‍ വാസമുറപ്പിക്കും?

ജറുസലെം ദേവാലയത്തെയാണ് പ്രത്യക്ഷത്തില്‍ ഇവിടെ കര്‍ത്താവിന്‍റെ കൂടാരം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ജറുസലെം പട്ടണത്തെ, പ്രത്യേകിച്ച് സീയോന്‍ മലയെ, കര്‍ത്താവിന്‍റെ വിശുദ്ധഗിരിയെന്നും വിളിക്കുന്നു. ആര്‍ക്കാണ് പള്ളിയ്ക്കകത്ത് വരാന്‍ അനുവാദമുള്ളത്; പള്ളിപ്പറമ്പില്‍, അഥവാ കുരിശിന്‍തൊട്ടിയില്‍ കാലുകുത്താന്‍ ആരാണ് യോഗ്യന്‍ എന്ന് സാധാരണ സംസാര ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാവുന്നതാണ് ഈ ചോദ്യം. തിരുനാളാഘോഷങ്ങള്‍ക്കായി വരുന്ന ഭക്തജനങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് പുരോഹിതന്‍റെ മറുപടിയായി തുടര്‍ന്ന് അവതരിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍.

ഉത്തരം

2-5 വാക്യങ്ങളില്‍ അവതരിപ്പിക്കുന്ന നിബന്ധനകള്‍ എപ്രകാരം വിഭജിക്കണം എന്ന കാര്യത്തില്‍ വ്യാഖ്യാതക്കളുടെ ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇസ്രായേലിന്‍റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്‍പ്പനകള്‍ക്കു സമാന്തരമായി പത്തു കാര്യങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത് എന്നു കരുതുന്നവരുണ്ട്. എന്നാല്‍ മൂല ഭാഷയായ ഹീബ്രുവില്‍ നല്‍കിയിരിക്കുന്ന ക്രമം അടുത്തു പരിശോധിച്ചാല്‍ ഒരു പ്രത്യേക ഘടന ദൃശ്യമാകും. ദൈവിക സാന്നിധ്യത്തിലേക്കു കടന്നു വരാന്‍ അനുവര്‍ത്തിക്കേണ്ടതും വര്‍ജ്ജിക്കേണ്ടതുമായ കാര്യങ്ങള്‍ ഇടകലര്‍ത്തി പന്ത്രണ്ട് ഘടകങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഇതു തന്നെ മൂന്നു കാര്യങ്ങള്‍ വീതം അടങ്ങുന്ന നാലു ഭാഗങ്ങളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോന്നും  വിശദമായി അപഗ്രഥിക്കുന്നതിനു പകരം സമാനതയുള്ള കാര്യങ്ങള്‍ ഒരുമിച്ചു കാണാനാണ് അടുത്തതായി ശ്രമിക്കുന്നത്.


A  ചെയ്യേണ്ട കാര്യങ്ങള്‍

1 നിഷ്കളങ്കനായി ജീവിക്കുക
2 നീതി മാത്രം പ്രവര്‍ത്തിക്കുക
3 സത്യം പറയുക

B വര്‍ജിക്കേണ്ടവ

1 പരദൂഷണം
2 ദ്രോഹം
3 അപവാദ പ്രചരണം

C ചെയ്യേണ്ടവ

1 ദുഷ്ട സംസര്‍ഗ്ഗം വെടിയുക
2 ദൈവഭക്തരെ ആദരിക്കുക
3 പ്രതിജ്ഞ നിറവേറ്റുക

D വര്‍ജിക്കേണ്ടത്

1 പ്രതിജ്ഞയില്‍ നിന്നു പിന്മാറല്‍
2 കടത്തിനു പലിശ
3 കൈക്കൂലി

C - 3 ഉം D - 1 ഉം ഒറ്റ പ്രമാണമായാണ് വിവര്‍ത്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്: "നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുന്നവന്‍". എന്നാല്‍ മൂലഭാഷയില്‍ ഇത് ഭാവാത്മകവും നിഷേധാത്മകവുമായി രണ്ടു വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

C.3. അവന്‍ നഷ്ടമുണ്ടായാലും പ്രതിജ്ഞ നിറവേറ്റും

 

D.1. അവന്‍ (പ്രതിജ്ഞയില്‍ നിന്ന്) പിന്മാറുന്നില്ല.

~ഒരേ ആശയം രണ്ടു വിധത്തില്‍ അവതരിപ്പിക്കുന്നതിലൂടെ പ്രമേയത്തിന് ഊന്നല്‍ നല്‍കുന്നു.

You can share this post!

ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍മാര്‍

അജി ജോര്‍ജ്
അടുത്ത രചന

മനോനില ചിത്രണം

ടോം മാത്യു
Related Posts